August 10, 2021

COUNT DOWN (Novel) #17

അദ്ധ്യായം – 17


 

രാത്രി 11 മണി


 

      രാജ്യസഭ എം പി യും ഐ.എസ്.പി യുടെ ദേശീയ അദ്ധ്യക്ഷനുമായ പി ആർ പുരുഷോത്തമൻറെ വസതി. ഒരു രഹസ്യയോഗത്തിനു ശേഷം രണ്ട് വണ്ടികൾ ഗേറ്റ് കടന്ന് പുറത്തേക്ക് പോയി. പുരുഷോത്തമൻ അവരെ യാത്രയാക്കിയ ശേഷം അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ ഫോൺ ബെല്ലടിച്ചു. അയാൾ അവിടെ നിന്നും കോൾ അറ്റൻഡ് ചെയ്തു. പക്ഷേ മറു തലയ്ക്കൽ ഒരു പൊട്ടിച്ചിരിയാണ് കേട്ടത്. ഏറെ പരിചിതമായ ആ ചിരി അയാൾ വേഗം തിരിച്ചറിഞ്ഞു. “ പുരുഷോത്തമാ ..... നീയിപ്പോൾ ഒരു പാട് വളർന്നു. ആ വളർച്ചയിൽ നീ ചെയ്തുകൂട്ടിയ പാപങ്ങളൊക്കെ മണ്ണിട്ട് മൂടിക്കളയാൻ നിനക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ മണ്ണിൽ നിന്നും മുളച്ച് പൊന്തിയ പകയുടെ മുളകളെ നീ കണ്ടിരുന്നില്ല. അതിപ്പോൾ ഒരു വന്മരമായിരിക്കുന്നു. നിനക്ക് പട്ടടയൊരുക്കാൻ പാകത്തിന്..... “ തുടർന്ന് പറഞ്ഞ കാര്യങ്ങൾ കേട്ട് പുരുഷോത്തമൻറെ തലയിലൂടെ ഒരു തീവണ്ടി ഇരമ്പിയാർത്ത് പോകുന്നത് പോലെ തോന്നി. കോൾ കട്ടായി. പുരുഷോത്തമൻ വെട്ടി വിയർത്തിരുന്നു. അയാൾ ഭയപ്പാടൊടെ ചുറ്റിനും നോക്കി. പൂന്തോട്ടത്തിലെ ചെടികളുടെ മറവിൽ ഒരു നിഴൽ രൂപം. അയാൾ പതിയെ വെളിച്ചത്തിലേക്ക് വന്നു. ആ മുഖം അയാൾ വേഗം തിരിച്ചറിഞ്ഞു. എ.സി.പി ശ്യാം മാധവ്.  അടുത്ത നിമിഷം ശ്യാം തൻറെ കയ്യിലുണ്ടായിരുന്ന വസ്തു അയാൾക്ക് നേരേ വലിച്ചെറിഞ്ഞു.

 

 

 11:10 പി എം


                  ഉമ കല്ല്യാണിയുടെ ഔദ്യോഗിക വാഹനം ഷൺമുഖനെത്തേടി അയാളുടെ താവളങ്ങൾ അരിച്ചുപെറുക്കുകയാണ്. ഒപ്പം സി.ഐ മനോജ് സെബാസ്റ്റ്യനും വന്ദനയും. മുന്നിലെ ജീപ്പിൽ നിഷാദ് ഒരോ സങ്കേതത്തിലേക്കും വഴികാട്ടിയായുണ്ടായിരുന്നു. ആ രാത്രി വളരെ നിർണ്ണായകമായിരുന്നു. പോലീസ് കാലങ്ങളായി ആവശ്യപ്പെട്ടിരുന്ന അധികാരങ്ങൾ മുഴുവൻ സർക്കാർ തന്നിരിക്കുന്നു. ഇനിയും ഡി.വൈ.എസ്.പി രാജൻ രാജൻ ജോണിൻറെ മരണത്തോടെ ആരംഭിച്ച സമസ്യയുടെ കരുക്കഴിക്കാതിരുക്കുന്നതിന് എക്സ്ക്യൂസ് പറയാനാവില്ല. ഇന്ന് തട്ടിക്കൊണ്ട് പോകപ്പെട്ടിരിക്കുന്നത് ആഭ്യന്തര മന്ത്രിയുടെ മകനെയാണ് തൻറെ ബാല്യകാലം മുതലുള്ള സുഹൃത്തും വഴികാട്ടിയുമായ മുറച്ചെറുക്കൻ. നേരം പുലരും മുൻപ് അവനെ കണ്ടെത്തേണ്ടതുണ്ട്, ജീവനോടെ. ഒരു പോലീസുകാരനും പോലും അവധി നൽകാതെ പോലീസിൻറെ എല്ലാ വിങ്ങുകൾക്കും ആ രാത്രി ഉറക്കമില്ലാത്ത രാത്രിയായിരുന്നു. അത്തരത്തിലൊരു ഉത്തരവ് ഡി ജി പി യെ കൊണ്ട് ഒപ്പിടുവിച്ചിരുന്നു ഉമ. അഭിയെക്കുറിച്ചുള്ള ഓർമ്മകൾ അവളുടെ കണ്ണുളിൽ നനവ് പടർത്തി.

 

 ഓർമ്മകളിൽ നിന്നും ഉമയെ ഉണർത്തിയത് ആ ഫോൺകോളായിരുന്നു. എം.പി പുരുഷോത്തമനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയിരിക്കുന്നു.

 

          ആ ഭാഗത്ത് പട്രോളിംഗ് നടത്തുന്ന പോലീസ് സംഘം പുരുഷോത്തമൻറെ വീടിനു സമീപത്ത് നിന്നും അതിവേഗതിയിൽ പോയ ആർ.ഡി.എക്സ് ജോൺസണെന്ന ഗുണ്ടനേതാവിൻറെ വാഹനത്തെ ചെയ്സ് ചെയ്തെങ്കിലും അവർ വാഹനം ഉപേക്ഷിച്ച് രക്ഷപെട്ടു കളഞ്ഞു. അയാൾ ബോംബ് നിർമ്മാണത്തിൽ എക്സ്പെർട്ടാണ്.  പുരുഷോത്തമന് മരണത്തിന് തൊട്ട് മുൻപ് വന്ന കോൾ ഈ ജോൺസണിൻറെ പേരിലുള്ള സിമ്മിൽ നിന്നുമായിരുന്നുവെന്ന് സൈബർസെൽ വേഗത്തിൽ കണ്ടെത്തി വിവരം ഉമയ്ക്ക് കൈമാറിയിരുന്നു.

 

11.30 പി എം


 

             ഹൈവേ സൈഡിൽ വാഹന പരിശോധന നടത്തുന്ന പോലീസ് സംഘം. ഗുണ്ടാ സംഘങ്ങളുമായുള്ള പങ്ക് കച്ചവടെത്തെത്തുടർന്നുണ്ടായ സസ്പെൻഷൻ കഴിഞ്ഞ് ഒരാഴ്ച മുൻപ് തിരികെ കയറിയ സി.ഐ ദിനേശനായിരുന്ന ടീം ലീഡർ. എസ് ഐ യും മൂന്ന് പോലീസുകാരും അവരുടെ വണ്ടി റോഡിലേക്ക് കയറ്റിയിട്ട് സംശയമുള്ള വാഹനങ്ങൾ തടഞ്ഞ് നിർത്തി പരിശോധിക്കുകയാണ്. പക്ഷേ ദിനേശൻ പരിശോധനയ്ക്കിറങ്ങാതെ തൻറെ വണ്ടി അൽപം അകലെ പാർക്ക് ചെയ്ത് വണ്ടിയിൽ തന്നെ ഇരിക്കുകയായിരുന്നു. ദിനേശൻറെ ഫോണിലേക്ക് ഒരു വാട്സാപ്പ് മേസേജ് എത്തി. അയാൾ ശരിക്കും അത് കാത്തിരിക്കുകയായിരുന്നു. മെസേജ്  വായിച്ച ദിനേശൻ ഡോർ തുറന്ന് പുറത്തിറങ്ങി, തിരക്ക് കുറഞ്ഞ ഇടറോഡിലേക്ക് നടന്നു. കുറച്ച് ദൂരം അയാൾ നടന്ന് കഴിഞ്ഞപ്പോൾ ഹൈവേയിൽ നിന്നും ആ റോഡിലേക്ക് ഒരു ഓൺലൈൻ ടാക്സി തിരിഞ്ഞുകയറി. ദിനേശനെ പാസ് ചെയ്ത് പോയ വാഹനത്തിൽ നിന്നും പുറത്തേക്ക് ഒരു കൈ നീണ്ടു. അതിലൊരു ബാഗ് ഉണ്ടായിരുന്നു. വണ്ടി ഒന്ന് ബ്രേക്ക് ചെയ്തപ്പോൾ കൈയ്യിലെ ബാഗ് റോഡിൻറെ വശത്തെ പുല്ലിന്മേൽ വീണു. വണ്ടി വേഗത്തിൽ ഓടിച്ചു പോയി. ദിനേശൻ ഒട്ടും വൈകാതെ ഓടിയെത്തി ബാഗ് കൈയ്യിലെടുത്ത് തിരികെ നടന്നു. വണ്ടിയിൽ കയറി ഡോർ അടച്ചു. കൃത്യമായി പോലീസിൻറെ വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നതിന് അഡ്വാൻസായി 10 ലക്ഷം രൂപയാണ് ഷൺമുഖൻ ഈ രാത്രി തരാമെന്ന് പറഞ്ഞുറപ്പിച്ചത്. ആ പണവുമായി ഒരു ഓൺലൈൻ ടാക്സി വരുന്നുണ്ടെന്ന് അൽപം മുൻപ് മെസേജ് അയച്ചത് ഡോ.മുത്തുവായിരുന്നു. ബാസ്റ്റിൻ ജോണിൻറെ സംഘാംഗം. കൊലപാതകമുൾപ്പെടെ ഇരുപതിലേറെ  കേസുകളിലെ പ്രതി.   ദിനേശൻ ബാഗ് തുറന്നു. അതിനുള്ളിലെ 500 ൻറെ നോട്ട് കെട്ടുകൾ സീറ്റിലേക്കെടുത്തിട്ടു. കൃത്യം 20 കെട്ടുകൾ, ദിനേശൻറെ കണ്ണുകൾ വിടർന്നു. ബാഗിൽ മറ്റൊരു പൊതി കൂടെയിരിക്കുന്നത് കണ്ട് ദിനേശൻ ആശ്ചര്യപ്പെട്ടു. മനോഹരമായ വർണ്ണക്കടലാസിൽ പൊതിഞ്ഞ എന്തോ ഒന്ന്. അയാളത് കയ്യിലെടുത്തു. അതിൻറെ പുറത്തൊരു കടലാസ് ഒട്ടിച്ചിരുന്നു. അതിൽ എഴുതിയിരിക്കുന്നത് ദിനേശൻ വായിച്ചു.

 

         “ഇത് താങ്കൾക്കുള്ള വലിയൊരു സമ്മാനം. എന്തിനാണെന്നല്ലേ?...... ഹിമ എന്നൊരു പെൺകുട്ടിയെ കടിച്ച് കീറി, പിന്നെ  സെക്സ് റാക്കറ്റിന് വിറ്റില്ലേ.... അവളുടെ ദൃശ്യങ്ങൾ ഉള്ള വീഡിയോ ക്ലിപ്പുകൾ ഇൻറർനെറ്റിൽ വൈറലല്ലായിരുന്നോ....... പിന്നെ ഈ ഗുണ്ടാ സംഘങ്ങൾക്ക് വേണ്ടി ചെയ്ത ഉപകാരങ്ങൾ. ആത്മഹത്യയാക്കിയ കൊലപാതകങ്ങൾ..... ഗുണ്ടാ സംഘങ്ങൾക്കെതിരേ തെളിവുമായി വന്നവരെ ലോക്കപ്പിൽ കയറ്റി ഇടിച്ച് ചോര തുപ്പിച്ചതിന് ..... അങ്ങനെ ചെയ്ത് കൂട്ടിയ എല്ലാ കർമ്മങ്ങൾക്കുമുള്ള പാരിതോഷികം.”

 

             ഈ ഷൺമുഖനിങ്ങനെ അദ്ഭുതപ്പെടുത്തിയതോർത്ത്, ആ വലിയ സമ്മാനം കാണാനായി പൊതിയഴിച്ചു. പ്ലാസ്റ്റിക് കവറിനുള്ളലെ വസ്തു തൻറെ മടിയിലേക്ക് വീഴുമ്പോൾ ചോരയുടെ നനവ് തൻറെ കാക്കിയിൽ പടർന്നത് അയാൾ കണ്ടു. ചേർത്ത് കെട്ടിയ രണ്ട് കൈപ്പത്തികൾ അതിനുള്ളിൽ ഒരു ബോംബ്. ആ കൈപ്പത്തിക്ക് പുറത്തെ ടാറ്റു ദിനേശൻ തിരിച്ചറിഞ്ഞു....... മുത്തു.

 

              പിന്നിൽ വലിയ ശബ്ദത്തോടെ സി.ഐ.ദിനേശൻറെ ജീപ്പ് പൊട്ടിച്ചിതറുന്നത് എസ്.ഐ യും പോലീസുകാരും ഒരു നടുക്കത്തോടെ കണ്ടു.

 

11.40 പി എം


 

              ആർ.ഡി.എക്സ് ജോൺസണിൻറെ സങ്കേതം. ഷൺമുഖൻറെ നിർദ്ദേശ പ്രകാരം ബോംബ് നിർമ്മാണത്തിലേർപ്പെട്ടിരിക്കുകയായിരുന്ന ജോൺസണും സംഘാംഗങ്ങളും. ജോൺസണിൻറെ സംഘത്തിലൊരുത്തൻറെ ഫോണിലേക്ക് ഷൺമുഖൻറെ കോൾ എത്തി.

 

        “ ഫോൺ സ്വിച്ചോഫ് ആക്കി വച്ചിട്ട് എവിടെപ്പോയിരിക്കുവാടാ @##$@%#$@#. വീണ്ടും നമ്മൾ ചതിക്കപ്പെട്ടിരിക്കുന്നു. രാജ്യസഭ എം.പി കൊല്ലപ്പെട്ടിരിക്കുന്നു. കൊന്നത് നീയാണെന്ന് പോലീസ് പറയുന്നു, തെളിവുകളും നിനക്കെതിരാണ്. നീയെന്ത് തേങ്ങാക്കാടാ ഈ രാത്രി അയാളെ വിളിച്ചത്. നിൻറെ കോളാണ് അയാളുടെ ഫോണിൽ അവസാനമായി എത്തിയത്. നിന്നെത്തിരഞ്ഞ് ഏത് നിമിഷവും പോലീസ് അവിടെയെത്താം. എത്രയും വേഗം രക്ഷപെടുക.”

 

         ഷൺമുഖൻ കോൾ കട്ട് ചെയ്തു. എന്താണ് സംഭവിച്ചതെന്ന് ജോൺസണിന് മനസിലായില്ല. തൻറെ ഫോൺ ഓഫല്ല. താനാരെയും ഈ രാത്രി വിളിച്ചിട്ടുമില്ല. പിന്നെ എന്താണ് ഷൺമുഖൻ അങ്ങനെ പറഞ്ഞതെന്ന് ഓർക്കുകയായിരുന്നു ജോൺസൺ. ഒരുത്തൻറെ ഫോൺ വാങ്ങി ജോൺസൺ തൻറെ നമ്പർ ഡയൽ ചെയ്തു. ഫോൺ സ്വിച്ചോഫെന്നാണ് കേൾക്കുന്നത്. ജോൺസൺ തൻറെ ഫോണിൽ നിന്നും മറ്റേ ഫോണിലേക്ക് കോൾ ചെയ്തു. അപ്പോൾ കോൾ വന്നു പക്ഷേ ഡിസ്പ്ലേയിൽ തെളിഞ്ഞത് മറ്റൊരു നമ്പരായിരുന്നു. രാവണൻ എന്നാണ് ആ ഫോണിൽ കോൺടാക്ട് നെയിം ഡിസ്പ്ലേയിൽ തെളിഞ്ഞത്. ചതിക്കപ്പെട്ടിരിക്കുന്നുവെന്ന് ജോൺസണിന് മനസിലായി, രക്ഷപെടാനായി പുറത്തേക്ക് ഓടിയെത്തിയപ്പോഴാണ് വണ്ടിയുമായി നാടൻ വാറ്റെടുത്തു വരാൻ പോയ കൂട്ടത്തിലൊരുത്തൻ ഇതുവരെ വന്നില്ല എന്ന സത്യം അയാൾ തിരിച്ചറിഞ്ഞത്. അയാൾ തിരികെ അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ പിന്നിൽ നിന്നും എന്തോ ഒരു ചൂട് തൻറെ ഹൃദയത്തിലേക്ക് തുളഞ്ഞ് കയറിയത് അയാൾക്ക് അനുഭവപ്പെട്ടു. പക്ഷേ അതെന്താണെന്ന് തിരിച്ചറിയും മുൻപേ തലയോട്ടിയിലേക്ക് മറ്റൊരു വെടിയുണ്ട് തുളഞ്ഞ് കയറിയിരുന്നു.

 

     ഇരുളിൽ നിന്നും പുറത്തേക്ക് വന്ന ഡി.വൈ.എസ്.പി ഹരീഷിന് തൻറെ ഉന്നത്തിൽ അദ്ഭുതം തോന്നി. ലീവ് കഴിഞ്ഞ് ഇന്ന് സർവ്വീസിൽ കയറിയതേയുള്ളു. പതിവുപോലെ വേട്ടയാടിപ്പിടിക്കാനായിരുന്നില്ല, കൊല്ലാനായിരുന്നു കൽപന കിട്ടിയത്. പക്ഷേ അത് ഇത്ര കൃത്യമായി ചെയ്യാനാവുമെന്ന് കരുതിയില്ല. ഹരീഷിൻറെ സംഘം ഒട്ടും സമയം കളയാതെ ആ കെട്ടിടത്തിലേക്ക് ഇരമ്പിക്കയറി. ഇതിന് സാക്ഷിയായി ഹരീഷിൻറെ തോക്കിലെ വെടിയുണ്ട ജോൺസൺ വീണുകിടക്കുന്നതിന് സമീപമുള്ള മരത്തിൽ തറച്ചിരിപ്പുണ്ടായിരുന്നു.

 

         ഇതേ സമയം അൽപമകലെയായി മരത്തിൻറെ മറവിൽ നിന്നും ശ്യാം മാധവ് പുറത്തേക്ക് വന്നു. അയാളുടെ കൈയ്യിലെ സൈലൻസർ ഘടിപ്പിച്ച തോക്കിൽ അപ്പോൾ രണ്ട് ബുള്ളറ്റുകൾ കുറവുണ്ടായിരുന്നു. ശ്യാം തൻറെ വാഹനത്തിലരികിലേക്ക് പാഞ്ഞു.

 

രാത്രി 12 മണി


 

    നിഷാദ് നയിച്ച വഴിയിലൂടെ ഷൺമുഖൻറെ ഒളിത്താവളത്തിൽ ഉമാ കല്ല്യാണിയും സംഘവുമെത്തി. സുരക്ഷിതമായ അകലത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം അമാവാസിയുടെ ഇരുളിലൂടെ അവർ ആ കെട്ടിടത്തിൻറെ വിവധ കോണുകളിലെത്തി. ബ്ലൂറ്റൂത്ത് ഹെഡ് ഫോണിലൂടെ ഉമ ഒരോരുത്തർക്കും നിർദ്ദേശങ്ങൾ നൽകുന്നുണ്ടായിരുന്നു. ഒരേ സമയം വിവിധ ഭാഗങ്ങളിലൂടെ ഉമയുടെ സംഘം ആ കെട്ടിടത്തിലേക്ക് ഇരമ്പിക്കയറി. പെട്ടെന്ന് അവിടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇരുളിൽ നിന്നും തോക്കുകൾ തീതുപ്പി. അപ്രതീക്ഷിതമായ ആക്രമണത്തിൽ ഉമ പകച്ചു പോയി. അരികിലെ നിഴലനക്കങ്ങളിലെ അകപടം ഉമ തിരിച്ചറിഞ്ഞു. അവൾ മിന്നൽ വേഗത്തിൽ ഒഴിഞ്ഞ് മാറി. വലിയൊരു കൂടം തറയിലെ കോൺക്രീറ്റിൽ തറയുന്ന ഒച്ച ഭയാനകമായി അവിടെ പ്രതിധ്വനിച്ചു. കയ്യിൽ ശക്തമായ അടികൊണ്ടതോടെ തോക്ക് എവിടേക്കോ തെറിച്ച് പോയി. അക്രമിക്കാനാവാതെ ഉമ പ്രതിരോധത്തിലേക്ക് ചുവട് മാറ്റി.  ഉയുടെ രക്ഷയ്ക്കായി മനോജും നിഷാദും പാഞ്ഞെത്തി. അടുത്ത മുറികളിലും വലിയ ഒച്ചപ്പാടുകൾ കേൾക്കാമായിരുന്നു. അതിനിടയിൽ ഒരു പോലീസുകാരൻ മെയിൻ സ്വിച്ച് കണ്ടെത്തി ഓണാക്കി. തങ്ങൾക്ക് ചുറ്റിലും നിൽക്കുന്ന  അഞ്ചുപേരെ ഉമ കണ്ടു. പരിചിതമായ മുഖങ്ങൾ. പോലീസ് സ്റ്റേഷനുകളിലെ സ്ഥിരം സന്ദർശകർ.

മൊട്ട മണി, രണ്ട് പോക്സോ ഉൾപ്പെടെ പന്ത്രണ്ട് കേസിൽ പ്രതി, കാടൻ സൈമൺ, റേപ്പ്, ആസിഡ് ആക്രമണം ഉൾപ്പെടെ കേസ് പതിനഞ്ച്.
ഇരുൾ മാണിക്യൻ, ക്വട്ടേഷൻ നേതാവ്, കൊലപാതകം ഉൾപ്പെടെ പതിനേഴ് കേസുകൾ.
ഡിസ്കോ ഷാജി, അനധികൃത ഡാൻസ് ബാറും അതിൻറെ മറവിൽ കഞ്ചാവ് കച്ചവടവും പെണവാണിഭവും. റേപ്പ് ഉൾപ്പെടെ കേസ് പതിന്നാല്
ജോക്കർ ഡെവിൻ, പ്രണയം നിരസിച്ചതിനെ ഒരു പെൺകുട്ടിയെ പട്ടാപ്പകൽ കത്തിച്ചുകൊന്ന സൈക്കോ, ഇപ്പോൾ ഡ്രഗ് മാഫിയയുടെ കൂലിപ്പടയാളി ആകെ കേസ് ആറ്.

പലതവണ പിടികൂടി ജയിലിലടച്ചപ്പോഴും നിയമത്തിൻറെ പഴുതുകളിലൂടെ വക്കീലന്മാർ അനായാസം ഇറക്കിക്കൊണ്ട് പോകുന്ന പുന്നാര മക്കളാണ് കൺമുന്നിൽ. ഉമ ദേഷ്യത്താൽ പല്ലിറുമ്മുന്ന ശബ്ദം മനോജും നിഷാദും കേട്ടു.

 

ആലോചിച്ച് നിൽക്കാൻ സമയമില്ലായിരുന്നു. അവർ ഉമയ്ക്കും സംഘത്തിനും നേരേ ചാടി വീണു.  മനോജും നിഷാദുമായി ചേർന്ന് ഉമ ശക്തമായി പോരാടി. പക്ഷേ അത്ര എളുപ്പമായിരുന്നില്ല. അവരെ കീഴ്പ്പെടുത്താൻ മാരകായുധങ്ങളുമായി നിന്നവരെ കയ്യിൽ കിട്ടിയ തടിക്കഷ്ണങ്ങളുമായാണ് അദ്യം എതിരിട്ടത്. പരമാവധി വേഗതയിൽ ഒഴിഞ്ഞ് മാറുമ്പോഴും വാൾത്തലകൾ ഉമയുടെ ശരീരത്തിൻറെ വിവധ ഭാഗങ്ങളിൽ ചോരപ്പാടുകൾ വീഴത്തി.

 

              

ഉമയുടെ നെഞ്ചിന് നേരേ വാളുമായി ജോക്കർ ഡെവിൻ പാഞ്ഞെത്തി. അവൻറെ കണക്കുകൂട്ടൽ തെറ്റിച്ചുകൊണ്ട് മിന്നൽ വേഗത്തിൽ തൻറെ ശരീരം പിന്നിലേക്ക് വളച്ച് കൈകൾ തറയിൽ കുത്തി വീണ ഉമയുടെ വലം കാലിലെ ബൂട്ട് അവൻറെ അടിവയറ്റിൽ തറഞ്ഞ് കയറി. വന്ന ഊക്കിൽ അവൻ ഉമയ്ക്ക് മുകളിലൂടെ പറന്ന് തൊട്ട് പിന്നിലെ ഭിത്തിയിലിടിച്ച് വീണു. ഉമ വെട്ടിത്തിരിഞ്ഞ് അവൻറെ നടുവിലേക്ക് കാൽമുട്ടമർത്തി കുതിച്ച് ചാടി. അവൻറെ നിലവിളി അവിടെ പ്രതിധ്വനിച്ചു. ഇതേ സമയം മനോജിനെ മൊട്ടമണിയും ഡിസ്കോ ഷാജിയും ചേർന്ന് പിടിച്ച് വച്ചിരിക്കുകയായിരുന്നു. നിഷാദിനു ചുറ്റും മറ്റ് രണ്ട് പേരുണ്ടായിരുന്നു. ഉമ വീണുകിടന്നവൻറെ കൈയ്യിൽ നിന്നും തെറിച്ച് പോയ വടിവാൾ കയ്യിലെടുത്തു. മനോജിനെ പിടിച്ചു വച്ചിരുന്ന മൊട്ടമണിയുടെ  പിന്നിൽ പാഞ്ഞ് ചെന്ന് മുകളിലേക്ക് കുതിച്ച് ചാടി വാൾത്തല അവൻറെ ഷോൾഡറിലൂടെ കുത്തിയിറക്കി. ഭയന്ന് പോയ ഷാജിയെ മനോജ് അനായാസം വരുതിയിലാക്കി. അപ്പോഴേക്കും നിഷാദിനെ പിടിച്ചിരുന്ന മാണിക്യൻ വാളുമായി ഉമയ്ക്ക് നേരേ പാഞ്ഞു. ആ തക്കത്തിൽ തറയിലേക്ക് വേഗത്തിൽ അമർന്ന നിഷാദ് ഒരു ഗുസ്തിക്കാരൻറെ മെയ് വഴക്കത്തോടെ തന്നെ പിടിച്ചിരുന്ന കാടൻ സൈമണിനെ ഉയർത്തിയെടുത്ത് വട്ടം കറക്കി അഴികളില്ലാത്ത ജനാലയിലൂടെ പുറത്തേക്കെറിഞ്ഞു. അവൻറെ നീളത്തേക്കാൾ ചെറിയ ജനാലയായത് കാരണം ഭിത്തിയിലിടിച്ച് അവൻറെ തലയിലെ രക്തം ചീറ്റിത്തെറിച്ചു. ഉമയ്ക്ക് നേരേ വാളുമായി ചെന്ന മാണിക്യന് അധികനേരം ഉമയുടെ വാൾപ്പയറ്റ് സാമർത്ഥ്യത്തിന് മുന്നിൽ പിടിച്ച് നിൽക്കാനായില്ല. ഉമയെ വെട്ടാനായി ഉയർന്ന് ചാടിയ അവൻറെ കാലിൻറെ മണിബന്ധത്തിന് പിന്നിലായി വാൾത്തല തറഞ്ഞ് കയറി. പൈപ്പ് പൊട്ടിയ പോലെ ചോര ചീറ്റി. മനോജ് ഈ സമയം കൊണ്ട് ഡിസ്കോ ഷാജിയെ ഇടിച്ച് ഇഞ്ചപ്പരുവമാക്കിയിരുന്നു. ബോക്സിംഗ് റിംഗിലെ പോലെ മനോജിൻറെ മുഷ്ടി തുടർച്ചയായി അവൻറെ മുഖത്താഞ്ഞ് പതിച്ചുകൊണ്ടിരുന്നു. ഒടുവിലവൻ വെട്ടിയിട്ട വാഴത്തടി പോലെ പിന്നിലേക്ക് വീണു.

 

              ഉമ ആ കെട്ടിടം മുഴുവൻ അരിച്ചു പെറുക്കി. പക്ഷേ അഭിറാമിനെയോ ഷൺമുഖനെയോ അവിടെ കണ്ടെത്താനായില്ല. പോലീസ് ഇവിടെ വരുമെന്ന വിവരം കിട്ടി ഷൺമുഖൻ കുറച്ച് മുൻപ് ഇവിടെ നിന്നും മാറിയതായി പിടികൂടിയവർ മൊഴി നൽകി. പക്ഷേ അഭിറാമിനെ ആ സങ്കേതത്തിൽ കൊണ്ടു വന്നതായി അറിയാനും കഴിഞ്ഞില്ല.

 

                ഇനിയെന്ത് ? എന്നറിയാതെ  പകച്ച് നിൽക്കുമ്പോൾ ഉമയുടെ ഫോണിൽ സി.ഐ.ദിനേശൻ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട വാർത്തയെത്തി. അപ്പോൾ ഫോണിലെ വാട്സാപ്പിൽ പരിചിതമല്ലാത്ത ഒരു നമ്പരിൽ നിന്നുള്ള മെസേജ് നോട്ടിഫിക്കേഷൻ കണ്ട് ഉമ അത് ഓപ്പൺ ചെയ്തു.

 

           “മാഡം ഉമ കല്ല്യാണി ഐ.പി.എസ് രണ്ടും കൽപ്പിച്ചൊരു നായാട്ടിനിറങ്ങിയേക്കുവല്ലേ, ഞങ്ങൾക്കൊക്കെ ഒരു കൗണ്ട് ഡൗൺ സെറ്റ് ചെയ്ത് വച്ചിട്ട്, പക്ഷേ നിങ്ങൾക്കിത് പൂർത്തീകരിക്കാനാവില്ല, കാരണം നിങ്ങൾക്ക് എതിർത്ത് തോല്പിക്കേണ്ടത്, ഈ ഷൺമുഖനെയാണ്. നിഖിൽ രാമനെയുപയോഗിച്ച് ഈ ഗെയിം തുടങ്ങിയത് ഞാനാണ്. പ്രതിപക്ഷ നേതാവിൻറെ മകൻറെ അതേ ഗതി തന്നെയാവും നാളെ പകൽ ആഭ്യന്തര മന്ത്രിയുടെ മകനും വരാൻ പോകുന്നത്, പിന്നാലെ സംസ്ഥാന പോലീസിലെ 3 ഐ.പി.എസ് കാരുൾപ്പെടെയുള്ളവരുടെ ശവശരീരം ഉമ കല്ല്യാണിക്ക് ഞാൻ സമ്മാനമായി കൊടുത്തയയ്ക്കും ഒപ്പം ഫോറൻസിക് സർജൻ അൻസിയയേയും........ ഈ യുദ്ധം തുടങ്ങിയത് ഞാനാണ്, അതുകൊണ്ട് അവസാനിപ്പിക്കുന്നതും ഞാനായിരിക്കും, ഒടുക്കം അവശേഷിക്കുന്നതും ഞാൻ മാത്രമായിരിക്കും.......നിങ്ങൾക്കായി ഞാനൊരു കൗണ്ട് ഡൗൺ തുടങ്ങുകയാണ്, നാളെ വൈകുന്നേരം നാല് മണിക്കവസാനിക്കുന്ന കൗണ്ട് ഡൗൺ, ഒരിക്കൽ എൻറെ കൈയ്യിൽ നിന്ന് രക്ഷപെട്ട പോലെ നിനക്കിനിയൊരു അവസരം കൂടി തരില്ല ഞാൻ..... കരുതിയിരുന്നോളു നമ്മുടെ നേർക്കാഴ്ചയ്ക്ക്.....”

          

                                                 തുടരും....................

No comments:

Post a Comment

Type your valuable comments here