August 10, 2021

COUNT DOWN (Novel) #18

അദ്ധ്യായം – 18


                                                 

12.15 എ എം


 

               ഷൺമുഖൻറെ സ്കോർപ്പിയോ ഹൈവേയിലൂടെ കുതിച്ച് പാഞ്ഞു. അതിനുള്ളിൽ ഡ്രൈവറും ഷൺമുഖനും ഒരു സഹായിയും മാത്രമാണുണ്ടായിരുന്നത്. ഷൺമുഖൻ ആകെ അസ്വസ്ഥനായിരുന്നു. കൂട്ടത്തിൽ ആരെയും വിശ്വസിക്കാനാവുന്നില്ല. എവിടെയൊക്കെയോ ചതി മണക്കുന്നു. പോലീസിൽ നിന്നും പോലീസുകാരെ ഉപയോഗിച്ച്  തങ്ങൾ എങ്ങനെ വിവരം ചോർത്തിയിരുന്നുവോ അതുപോലെ തങ്ങൾക്കിടയിൽ നിന്നും വിവരങ്ങൾ ചോർത്തപ്പെടുന്നു. പുരുഷോത്തമൻറെ മരണം, ദിനേശൻറെ മരണം അതൊക്കെ അനായാസം തങ്ങളുടെ അക്കൗണ്ടിൽ എഴുതിച്ചേർക്കപ്പെട്ടു. കൃത്യമായ തെളിവുകൾ സഹിതം. ഫോണുകളിലെ സിമ്മുകൾ വരെ ശത്രു സമർത്ഥമായി കൈക്കലാക്കിയിരിക്കുന്നു. തൻറെ ഫോണിലെ രണ്ട് സിമ്മുകളിൽ ഒന്ന് മാറ്റപ്പെട്ടുവെന്ന വിവരം കുറച്ച് മുൻപ് മാത്രമാണ് ഷൺമുഖൻ തിരിച്ചറിഞ്ഞത്. ഇവിടെ ശരിക്കും ശത്രു പോലീസല്ല, എവിടെയൊ മറഞ്ഞിരുന്ന് ആക്രമിക്കുന്ന രാവണസംഘമാണ്. ഇതിനിടയിൽ അഭിറാമിനെ തട്ടിക്കൊണ്ട് വന്നത് വിഢിത്തമായിപ്പോയെന്ന് ഷൺമുഖന് തോന്നി. പോലീസിന് സർവ്വാധികാരം നൽകിയ നിയമം പിൻവലിപ്പിക്കാൻ സർക്കാറിന് മേൽ സമ്മർദ്ദം ചെലുത്താൻ വേണ്ടിയാണ് അങ്ങനെയൊന്ന് പ്ലാൻ ചെയ്തത്. പക്ഷേ അത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി. ഈ രാത്രിയിൽ നടന്ന രണ്ട് മരണങ്ങൾ കൂടിയായതോടെ എല്ലാം താറുമാറായി. എല്ലാമവസാനിക്കാറായി എന്ന തോന്നൽ ഷൺമുഖൻറെ മനസിനെ വേട്ടയാടി. എത്രയും വേഗം ഹൈറേഞ്ചിലെ താവളത്തിലെത്തണം. കൂട്ടത്തിൽ ആർക്കും അറിയാത്ത സങ്കേതം. നശിച്ചുപോയൊരു ഏലത്തോട്ടത്തിനുള്ളിലെ തർക്കത്തിൽ കിടക്കുന്നൊരു പഴയ കെട്ടിടം. അവിടെ രഹസ്യമായി താൻ എത്തിച്ച തമിഴൻമാരുണ്ട്. കാരിരുമ്പിൻറെ കരുത്തുള്ള പത്തു പേർ. ബാസ്റ്റിൻ ജോണിൻറെ സംഘത്തിലെ ഏറ്റവും അപകടകാരികളിലൊരുവനായ മുത്തു അത്ര അനായാസം അഭിറാമിനെ കടത്തിക്കൊണ്ടുവരുമെന്ന് ഷൺമുഖൻ കരുതിയിരുന്നില്ല. പക്ഷേ ആ മുത്തുവിന് പോലും അറിയില്ല അഭിറാമിനെ എവിടേക്കാണ് കൊണ്ട് പോയതെന്ന്. തൻറെ നിർദ്ദേശ പ്രകാരം മുത്തു അഭിയെ ബന്ധിച്ച് ബോധരഹിതനാക്കി ഒരു പാഴ്സൽ വാനിൽ വിട്ടിട്ട് പോവുകയായിരുന്നു. എന്തായാലും ഇനി അഭിറാമിനെ വച്ചൊരു അവസാന അങ്കം നടത്താനുള്ള കൂട്ടലും കിഴിക്കലും ഷൺമുഖൻറെ മനസ്സിൽ നടക്കുകയായിരുന്നു.

 

12.30 എ എം


 

               ഷൺമുഖൻറെ ഒളിത്താവളത്തിൽ നിന്നും എ.കെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളും മാരക പ്രഹരശേഷിയുള്ള ബോംബുകളും കണ്ടെടുത്തിരുന്നു. വിവരങ്ങൾ ഉമ ഡിജിപി ക്ക് കൈമാറി. അതോടെ ആ രാത്രിയിലെ തുടർ പരിപാടികൾക്ക് മാവോയിസ്റ്റുകളെ നേരിടാൻ പ്രത്യേക പരിശീലനം നൽകിയ പോലീസിലെ കമാൻഡോ വിംങ്ങിനെക്കൂടി രംഗത്തിറക്കി. പോലീസ് ആസ്ഥാനത്ത് സ്ഥിതിഗതികൾ വീക്ഷിച്ചുകൊണ്ട്  ഡി ജി പി ഉണ്ടായിരുന്നു. പിടി കൂടിയവർ നൽകിയ മൊഴി അനുസരിച്ച് അഭിറാം ഏതോ ലോക്കൽ ഗുണ്ടാസംഘത്തിൻറെ കസ്റ്റഡിയിലാണെന്ന അനുമാനത്തിലാണ് ഉമയെത്തിയത്. അതുകൊണ്ട് തന്നെ സർവ്വ ഗുണ്ടാ താവളങ്ങളും അരിച്ചുപെറുക്കാൻ എല്ലാ ജില്ലകളിലും മെസേജ് കൊടുത്തു. ആക്രമിച്ചാൽ വെടി വയ്ക്കാനുള്ള അനുമതി ഉള്ളതിനാൽ തന്നെ പോലീസ് ജീപ്പുകൾ ഗുണ്ടാ താവളങ്ങൾ ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞു.

 

       തൻറെ ഫോണിലേക്കു വന്ന നമ്പർ മാംഗലാപുരത്ത് ഷൺമുഖൻ ഉപയോഗിച്ചിരുന്ന നമ്പർ തന്നെയാണെന്ന് സൈബർ സെൽ കണ്ടെത്തി. അത് മാത്രമല്ല ഉമ ഷൺമുഖൻറെ ക്യാംപ് ആക്രമിക്കാനെത്തുമ്പോൾ അവിടെത്തന്നെ ഷൺമുഖനുമുണ്ടായിരുന്നുവെന്നാണ് ഫോൺ ഡേറ്റായിൽ നിന്നും അറിയുന്നതെന്ന് സൈബർ സെൽ ഉമയെ അറിയിച്ചു.  പക്ഷേ നിലവിൽ ആ ഫോൺ സ്വിച്ചോഫാണ്.

 

ഫോണിലെ വാട്സാപ്പ് മെസേജ് ഉമ പല തവണ വായിച്ചു നോക്കി. ആ മെസേജ് അയച്ചിരിക്കുന്നത് ഷൺമുഖനാവില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഉമ. ഒളിച്ചിരിക്കാൻ ഒരു മാളവും അവശേഷിക്കാത്തവണ്ണം സർവ്വ ഗുണ്ടാത്താവളങ്ങളും പോലീസ് പുകച്ചുകൊണ്ടിരിക്കുകയാണ്. സർവ്വ ഗുണ്ടകളുടെയും നമ്പറുകളും പോലീസ് ട്രാക്ക് ചെയ്യുമെന്നറിഞ്ഞ് കൊണ്ട് ഷൺമുഖനെപ്പോലൊരാൾ ഇങ്ങനെയൊരു വങ്കത്തരം കാണിക്കില്ലെന്ന് ഉമ കണക്കുകൂട്ടി. ഇതിൻറെ പിന്നിൽ ഒരു പക്ഷേ രാവണനായിരിക്കാം. ഷൺമുഖൻറെ പിന്നാലെ തന്നെ പായിച്ച് മറ്റെന്തോ വലിയ കളികൾ കളിക്കാനുള്ള തന്ത്രമാകാം. അത് കൊണ്ട് സ്വിച്ചോഫായ ഒരു ഫോണിന് പിന്നാലെ പോകേണ്ട എന്ന് ഉമ തീരുമാനിച്ചു.

 

12.45 എ എം


 

               ഷൺമുഖൻറെ നിർദ്ദേശ പ്രകാരം തെക്കൻ കേരളത്തിലെ ഗുണ്ടാ സംഘങ്ങൾ ഒത്തുകൂടിയ കൊച്ചിയിലെ താവളം. അവിടെയാണ് അഭിറാമിനെ ഒളിപ്പിച്ചിരിക്കുന്നതെന്ന സാദ്ധ്യത രഹസ്യാന്വേഷണ വിഭാഗം കൈമാറി. നിഷാദിന് പരിചിതമായ സ്ഥലമായതിനാൽ ആ സ്ഥലത്തിൻറെ കിടപ്പും കെട്ടിടത്തിൻറെ സ്ട്രക്ചറും പോലീസിന് അനായാസം മനസിലാക്കാൻ സാധിച്ചു. തുടർന്ന് ആ സ്ഥലത്തിന് ഏറ്റവും അടുത്തുണ്ടായിരുന്ന കൊച്ചി എ സി പി ശരത് സോമസുന്ദരത്തിനും സംഘത്തിനും ലൊക്കേഷനിലേക്ക് പോകാൻ നിർദ്ദേശം നൽകി.

         

                തെക്കൻ കേരളത്തിലേയും മദ്ധ്യകേരളത്തിലെയും പ്രധാനപ്പെട്ട ഗുണ്ടാനേതാക്കൻമാരെല്ലാം  ആ താവളത്തിൽ ഒത്തു കൂടിയിരുന്നു. നാളെ പകൽ എന്തൊക്കെയോ വലിയ ദൗത്യങ്ങൾ പൂർത്തിയാക്കാനുണ്ടെന്ന് ഷൺമുഖൻ പറഞ്ഞതനുസരിച്ചാണ് എല്ലാവരും അവിടെയെത്തിയത്, ബോബും തോക്കും മുതൽ പേനാക്കത്തി വരെയുള്ള ആയുധങ്ങളുടെ വലിയൊരു ശേഖരവുമൊരുക്കിയിരുന്നു. അന്യ സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ആ പ്രദേശത്തേക്ക് അത്രയെളുപ്പം പോലീസെത്തില്ലെന്ന് അവർ വിശ്വസിച്ചു. ആ വിശ്വാസത്തിൽ അത്യാവശ്യം നല്ല രീതിയിലുള്ള മദ്യസേവ കഴിഞ്ഞ് മയക്കത്തിലായിരുന്നു ഭൂരിഭാഗം പേരും. കാലിക്കുപ്പികൾ അവിടെ അലക്ഷ്യമായി വലിച്ചെറിഞ്ഞിരുന്നു. എന്നാൽ അൽപം മുൻപ് വന്ന ഷൺമുഖൻറെ ഫോൺ കോളാണ് എല്ലാവരേയും ഉണർത്തിയത്.  പോലീസ് ഈ സങ്കേതത്തെക്കുറിച്ച് മനസിലാക്കിയിരിക്കുന്നു ഏത് നിമിഷവും അവിടെ പോലിസെത്തും എത്രയും വേഗം ആയുധങ്ങളും ബോംബുകളും ഇവിടെ നിന്ന് മാറ്റണം.

 

        സംഘാംഗങ്ങൾ വേഗത്തിൽ പണി തുടങ്ങി. പക്ഷേ അപ്പോഴാണ് അവർ ആ സത്യം മനസിലാക്കിയത് എല്ലാ വണ്ടികളുടെയും ടയറിലെ കാറ്റഴിച്ച് വിട്ടിരിക്കുന്നു. അവർക്ക് അപകടം മണത്തു. അതേ സമയം തന്നെ പോലീസ് വാഹനങ്ങളുടെ സൈറൺ അവരുടെ കാതിൽ മുഴങ്ങി . മുന്നിൽ നിന്നും പിന്നിൽ നിന്നും പോലീസ് വാഹനങ്ങളെത്തുന്നത് അവർ കണ്ടു.  രണ്ട് വശത്തും ആഴമേറിയ ചതുപ്പ് നിലങ്ങളാണ്. രക്ഷപെടാൻ മറ്റ് മാർഗ്ഗങ്ങളില്ല. പ്രത്യാക്രമണമാണ് ഏറ്റവും നല്ല, അതല്ലെങ്കിൽ അവശേഷിക്കുന്ന ഒരേയൊരു മാർഗ്ഗം എന്നവർക്ക് ബോദ്ധ്യമായി. പോലീസ് ജീപ്പുകൾ ബ്രേക്കിട്ടു നിന്ന നിമിഷത്തിൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ആ കെട്ടിടത്തിനും പോലീസ് വാഹനങ്ങൾക്കും മദ്ധ്യത്തിലായി ബോംബ് പൊട്ടിത്തെറിച്ചു. തൊട്ടടുത്ത നിമിഷം പോലീസ് വാഹനങ്ങളുടെ നേർക്ക് വെടിയുണ്ടകൾ ചീറിപ്പാഞ്ഞെത്തി. മുന്നിൽ നിന്ന ശരത് സോമസുന്ദരത്തിൻറെ നെഞ്ചിലൂടെ ബുള്ളറ്റ് കയറിയിറങ്ങി. പോലീസിന് നേരെ വെടിവയ്പ്പുണ്ടായതോടെ, പോലീസ് തിരിച്ച് ഗുണ്ടകളെ വെടിവയ്ക്കാൻ തുടങ്ങി. പോലീസ് ആ കെട്ടിടത്തിനുള്ളിലേക്കിരമ്പിക്കയറി. എന്താണ് തങ്ങൾക്ക് ചുറ്റും നടക്കുന്നതെന്നറിയാതെ, ആരാണ് പോലീസിന് നേരെ വെടിവച്ചതെന്ന് പോലുമറിയാതെ ഗുണ്ടാ സംഘം പതറിപ്പോയിരുന്നു.

 

         അരകിലോമീറ്റർ അകലെയായുള്ള പാതി വഴിയിൽ പണി തടസ്സപ്പെട്ടു കിടക്കുന്ന ഒരു കെട്ടിടത്തിൻറെ നാലാം നിലയിൽ നിന്നും തൻറെ സ്നിപ്പർ റൈഫിളുമായി കിരൺ മാത്യു സ്റ്റെപ്പുകൾ ചാടിയിറങ്ങി, താഴെ കാത്ത് കിടന്ന ഇന്നോവയിൽ കയറി. മുകുന്ദൻ വണ്ടി സ്റ്റാർട്ട് ചെയ്തു. അവർ അടുത്ത ലക്ഷ്യത്തിലേക്ക് കുതിച്ച് പാഞ്ഞു.

 

1.30 എ എം


 

                 കൊച്ചിയിൽ ഗുണ്ടാത്തവളം റെയ്ഡ് ചെയ്ത് വൻ ആയുധശേഖരവും അമ്പതിലേറെ ക്രിമിനലുകളേയും അറസ്റ്റ് ചെയ്തവാർത്തയും ആക്രമണത്തിൽ 6 കുപ്രസിദ്ധ ഗൂണ്ടാ നേതാക്കന്മാരും എ സി പി ശരത് സോമസുന്ദരവും കൊല്ലപ്പെട്ട വാർത്തയും പോലീസ് ഹെഡ് ക്വാർട്ടേഴ്സിലെത്തി. പക്ഷേ അവർ കാത്തിരുന്ന വാർത്ത കിട്ടിയില്ല. അഭിറാം അവിടെയുമില്ലായിരുന്നു.  ഒട്ടുമിക്ക ഗുണ്ടാ സങ്കേതങ്ങളും റെയ്ഡ് ചെയ്യപ്പെട്ട് കഴിഞ്ഞിരിക്കുന്നു, പത്തിലേറെപ്പേർ കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം അറസ്റ്റ് നടന്നു പക്ഷേ ഷൺമുഖനേയും അയാൾ തട്ടിക്കൊണ്ട് പോയ അഭിറാമിനെയും പറ്റി യാതൊരു വിവരങ്ങളുമില്ലായിരുന്നു. പലയിടത്തും ഗുണ്ടാ സംഘവും പോലീസും തമ്മിൽ വെടിവയ്പ്പുണ്ടായതോടെ യുദ്ധസമാനമായ സാഹചര്യമാണുണ്ടായിരിക്കുന്നത്. നാളെ പകൽ മീഡിയയോടും പൊതുജനത്തിനോടും കോടതിയോടുമൊക്കെ ഒരുപാട് സമാധാനം പറയേണ്ടി വരുമെന്ന് ഡി ജി പി ക്ക് അറിയാമായിരുന്നു. സംസ്ഥാനത്ത് അരങ്ങേറുന്ന മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് നാളെ ദേശീയ മാധ്യമങ്ങളിൽ വരെ ചൂടേറിയ ചർച്ച നടക്കും. വരട്ടെ നേരിടാൻ തയ്യാറാണ്. പക്ഷേ ഈ രാത്രി കൊണ്ട് ഈ ക്രിമിനൽ മാഫിയയുടെ അടിവേരിളക്കിയിട്ട് മാത്രമേ നാളെ പത്രസമ്മേളനത്തിന് പോവുകയുള്ളുവെന്ന് ഡി ജി പി അലക്സ് എബ്രഹാം തീർച്ചപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ ആ രാത്രി ഉറക്കമൊഴിച്ചിരുന്നു ഒരോ ജില്ലയിലെയും ചുമതലക്കാർക്ക് കൃത്യമായ നിർദ്ദേശങ്ങൾ അദ്ദേഹം നേരിട്ട് നൽകുകയായിരുന്നു.

 

ഇതേ സമയം ഉമ കല്ല്യാണിയുടെ ഫോണിലേക്ക് ഒരു വാട്സാപ്പ് സന്ദേശമെത്തി.

ഹൈറേഞ്ചിലെ ഒരു പ്രദേശത്തിൻറെ ലൊക്കെഷൻ മാപ്പായിരുന്നു അത്, ഒപ്പം ഒരു സന്ദേശവും.

 

     “ഞാൻ അഞ്ജന, ഭീഷണികളും സമ്മർദ്ദങ്ങളും കാരണം ഷൺമുഖനെപ്പോലെയുള്ള ഗുണ്ടാ നേതാക്കന്മാരുടെ അടിമയായി ജീവിക്കേണ്ടി വന്നൊരു നിരാലംബയാണ്. ശ്യാം സാറിനും സതീഷ് സാറിനുമൊക്കെ ഞാൻ ഇൻഫർമേഷൻസ് നൽകാറുണ്ടായിരുന്നു. പക്ഷേ ഈ കേസിൽ അവർക്ക് ഒന്നും ചെയ്യാനായില്ല, അവരും ഷൺമുഖൻറെയും ബാസ്റ്റിൻ ജോണിൻറെയും തടവിൽ പെട്ടുപോയി, ഒപ്പം വേറെ കുറേ പോലീസുകാരും ഡോ അൻസിയയും ജെറാൾഡും. ശിവലാൽ ഷെട്ടിയെ തന്ത്രത്തിൽ ഇല്ലാതാക്കി അയാളുടെ സാമ്രാജ്യത്തിൻറെ തലപ്പത്തെത്താൻ വേണ്ടി ഷൺമുഖനുണ്ടാക്കിയ നാടകമാണ് രാവണസംഘം. അത് തിരിച്ചറിഞ്ഞ ബാസ്റ്റിനെയും അയാൾ കൊലപ്പെടുത്തി. കാരണം അന്ന് ആ സ്കോർപ്പിയോ ഡ്രൈവ് ചെയ്തിരുന്നത് ഷൺമുഖനായിരുന്നു, ഒപ്പം ഞാനും ഉണ്ടായിരുന്നു. ഷൺമുഖൻ, അയാൾ അപകടകാരിയും തന്ത്രശാലിയുമാണ്, മാഡത്തിൻറെ കുടുംബത്തിന് പണ്ട് സംഭവിച്ചത് ഒരു അപകടമല്ലായിരുന്നു, ഷൺമുഖൻറെയും ശിവലാൽ ഷെട്ടിയുടെയും നേതൃത്വത്തിൽ ആർക്കോ വേണ്ടി നടത്തിയ കുരുതിയായിരുന്നു. മാഡത്തിൻറെ അനിയത്തിയും അമ്മയും അച്ഛനും കൊല്ലപ്പെട്ടത് ഷൺമുഖൻറെ കൈ കൊണ്ടാണ്. ഈ കഥകളൊക്കെ മാഡത്തിൻറെ ടീമിലെ പലർക്കും അറിയാം. സംശയമുണ്ടെങ്കിൽ ചോദിച്ചു നോക്കു. പക്ഷേ ഈ രാത്രി പുലരുവോളം മാത്രമേ മാഡത്തിന് സമയമുള്ളു, എന്ത് ചെയ്യാനും. ഈ രാത്രിയിൽ ബോധരഹിതനായ അഭിറാമിനെയും ഇവിടെ കൊണ്ട് വന്നിട്ടുണ്ട്. ഇപ്പോൾ ഒരാളൊഴികെ ബാക്കിയെല്ലാവരും സെയ്ഫാണ് മാഡം, പക്ഷേ നാളെ പകൽ എന്തൊക്കെയോ അരുതായ്കകൾ നടക്കുമെന്ന് തോന്നുന്നു. ഷൺമുഖനിവിടേക്ക് ഇന്ന് രാത്രി എത്തുമെന്ന് കേട്ടു. ഇവിടെ മുഴുവൻ ബോംബ് സെറ്റ് ചെയ്ത് വച്ചേക്കുകയാണ്.അപകടം മണത്താൽ ഇവർ ഇത് പൊട്ടിച്ചിതറിക്കും. തടവിലുള്ളവരെ ഒരോരുത്തരെയായി കൊന്നുകളയാനാണ് ഷൺമുഖൻറെ പ്ലാനെന്ന് എനിക്കറിയാം. ഇന്നലെവരെ ഷൺമുഖനെന്നെ സംശയമില്ലായിരുന്നു. പക്ഷേ ഇന്ന് വിളിച്ചപ്പോൾ കൂട്ടത്തിലെ ചതിക്കുന്നവരെയൊക്കെ തിരിച്ചറിയാനാവുന്നുണ്ടെന്ന് താക്കീത് പോലെ ഷൺമുഖൻ പറഞ്ഞു. ഒരു പക്ഷേ അയാളെന്തെങ്കിലും അറിഞ്ഞിട്ടുണ്ടെങ്കിൽ ഇനി മാഡത്തിന് എന്നെ ജീവനോടെ കാണാൻ കഴിഞ്ഞേക്കില്ല. എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ നാളെ പുലരും മുൻപ് മാഡം ചെയ്യണം. മാഡത്തിൻറെ കൂട്ടത്തിൽ നിന്നും കൃത്യമായി വിവരങ്ങൾ ഷൺമുഖന് കിട്ടുന്നുണ്ട്. വലിയൊരു പോലീസ് ആക്ഷന് തുനിഞ്ഞിറങ്ങിയാൽ തിരിച്ചറിയാൻ പോലും കഴിയാതെ ചിതറിത്തെറിച്ച ശവശരീരങ്ങൾ മാത്രമേ മാഡത്തിന് കിട്ടുകയുള്ളു. ഈ അപകടം മണത്തറിഞ്ഞ എ സി പി ശ്യാം സാർ എങ്ങനെയോ ഈ രാത്രി തടവറയിൽ നിന്നും രക്ഷപെട്ട് പോയിട്ടുണ്ട്. അയാളെത്തിരഞ്ഞ് ഞാനുൾപ്പെടെ ഷൺമുഖൻറെ സംഘം ഈ മലഞ്ചെരിവ് അരിച്ചുപെറുക്കുകയാണ്, പിടികൂടാനല്ല, കൊന്നുകളയാനാണ് ഷൺമുഖൻറെ ഉത്തരവ്, മാഡം എന്തെങ്കിലും ചെയ്യു... പ്ലീസ്......”

 

          

1.45 എ എം


 

            ജെറാൾഡിൻറെ ടെമ്പോട്രാവലർ ഹൈറേഞ്ചിലെ കനത്ത മഞ്ഞിനെ കീറിമുറിച്ച് കയറ്റം കയറിപ്പോവുകയാണ്. പിന്നിൽ ഡോ.അൻസിയ ഭയം കാരണം ഉറങ്ങാതിരിപ്പുണ്ടായിരുന്നു. ജെറാൾഡിൻറെ ഫോണിൽ നാല് കിലോമീറ്റർ അകലത്തിൽ  പോകേണ്ട ലൊക്കേഷനിലെ ജി പി എസ് ഡോട്ട് തിളങ്ങുന്നുണ്ടായിരുന്നു. അതേ ലൊക്കേഷൻ എസ്.പി സതീഷ് ബോസിൻറെയും , കിരൺ മാത്യുവിൻറെയും എ.സി.പി ശ്യാംമാധവിൻറെയും ഫോണിലുമുണ്ടായിരുന്നു.

 

     മെസേജ് വന്ന ഫോൺ ഹൈറേഞ്ചിൽ ആക്ടീവാണ്. അത് മൂവ് ചെയ്തോണ്ടിരിക്കുകയും ആണ്. ഷൺമുഖൻറെ പേരിൽ തനിക്ക് മെസേജ് വന്ന നമ്പറിൽ നിന്നും ഈ ഫോണിലേക്ക് ഇന്ന് രണ്ട് തവണ കോളുകൾ പോയിട്ടുണ്ട്. അഞ്ജന പറഞ്ഞതിൽ എന്തൊക്കെയോ വാസ്തവമുണ്ടെന്ന് ഉമയ്ക്ക് തോന്നി. അത് കൊണ്ട് തന്നെയാണ് അതിവേഗം ഹൈറേഞ്ചിലേക്ക് പുറപ്പെടാൻ ഉമ കല്ല്യാണി തയ്യാറായതും. മാത്രമല്ല തൻറെ കുടുംബത്തിനുണ്ടായ ദുരന്തവും ഷൺമുഖനുമായുള്ള ബന്ധത്തെക്കുറിച്ച് അഞ്ജനയുടെ മെസേജിൽ വായിച്ചത് ഉമയുടെ മനസിൽ നീറിപ്പുകയാൻ തുടങ്ങിയിരുന്നു. വളരെപ്പെട്ടെന്ന്  വാട്സാപ്പിൽ ഷെയർ ചെയ്ത് കിട്ടിയ ലൊക്കെഷനിലേക്ക് ഉമ കല്ല്യാണിയുടെ വാഹനവും കുതിച്ച് പാഞ്ഞു. ഔദ്യോഗിക വാഹനവും സ്വന്തം വാഹനവും ഒഴിവാക്കി ഒരു സുഹൃത്തിൻറെ വണ്ടിയിലാണ് യാത്ര.  സി.ഐ മനോജ് സെബാസ്റ്റ്യനാണ് ആ വണ്ടി ഓടിച്ചിരുന്നത്. അവരിരുവരും മാത്രമാണ് ആ വണ്ടിയിലുണ്ടായിരുന്നത്. പിന്നാലെ മറ്റൊരു വാഹനത്തിൽ ഡി വൈ എസ് പി ഹരീഷിൻറെ നേതൃത്വത്തിൽ ഏറ്റവും വിശ്വസ്തരും കരുത്തരുമായ കുറച്ച് പോലീസുകാരും മാത്രം, അവരും പോലീസ് വാഹനത്തിന് പകരം ഒരു കൊറിയർ കമ്പനിയുടെ ഡെലിവറി വാനാണ് ഉപയോഗിച്ചിരുന്നത്. ഡി ജി പി യുടെയും ആഭ്യന്തര മന്ത്രിയുടെയും അനുമതിയോടെ ഒരു രഹസ്യ ഒപ്പറേഷൻ, ഒരു ജീവന്മരണ പോരാട്ടം.

 

2.00 എ എം


      

           ഹൈറേഞ്ചിൻറെ കവാടത്തിലുള്ള സൈമൺ ജോഷ്വയുടെ ഗസ്റ്റ് ഹൗസ്. പത്തേക്കർ റബ്ബർ തോട്ടത്തിന് നടുവിലെ വലിയ വീട്.  വീടിൻറെ കോളിംഗ് ബെൽ തുടർച്ചയായി മൂന്നു വട്ടം മുഴങ്ങി. കൂട്ടിൽ അൽസേഷ്യൻ നായ കുരച്ച് ബഹളമുണ്ടാക്കി. ലൈറ്റുകൾ തെളിഞ്ഞു. ജോലിക്കാരൻ വന്ന് വാതിൽ തുറന്നു, പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്.  പുറത്തേക്കിറങ്ങിയതും തലയ്ക്കടിയേറ്റ് അയാൾ ബോധരഹിതനായി വീണു. നിമിഷാർദ്ധത്തിനുള്ളിൽ അയാൾ അവിടുന്നു മാറ്റപ്പെട്ടു. അൽപ നിമിഷത്തിനകം ആൻറണീ എന്ന് വിളിച്ചു കൊണ്ട് സൈമൺ പുറത്തേക്കിറങ്ങി വന്നു. വാതിൽ തുറന്നിട്ട് പോയതിന് ആൻറണിയെ തെറി പറഞ്ഞ് അയാൾ വാതിലടയ്ക്കാൻ ശ്രമിക്കുമ്പോൾ പുറത്തൊരു പാദസരത്തിൻറെ കിലുക്കം കേട്ടു. ആദ്യം ഒന്ന് ഭയന്നെങ്കിലും അയാൾ ഒച്ച കേട്ട ഭാഗത്തേക്ക് ശ്രദ്ധയൂന്നി. മുറ്റത്തെ കാറിനു പിന്നിൽ ഒരു പെൺകുട്ടി. ഒരു കരിമ്പടം കൊണ്ട് അവൾ ശരീരം പുതച്ചിരുന്നു.  അവൾ പതിയെ വെളിച്ചത്തേക്ക് നീങ്ങി നിന്നു. അവളെ അയാൾ വേഗം തിരിച്ചറിഞ്ഞു.


“നീ അഞ്ജനയല്ലേ...... ഈ രാത്രി എന്തിനിവിടെ വന്നു. അന്ന് ഞാൻ പറഞ്ഞതല്ലേ എന്തേലും കാശോ മറ്റോ വേണമെങ്കിൽ തരാമെന്ന് എന്നിട്ട് വല്ല്യ ചാരിത്രപ്രസംഗം നടത്തിയിട്ട് പോയതല്ലേ ഞങ്ങളെയൊക്കെയങ്ങ് ജയിലിലടക്കുമെന്ന് എന്നിട്ടെന്തായി. പോയി കേസ് കൊടുത്തു. കേസന്വേഷിച്ച ഡി.വൈ.എസ്.പി രാജൻ ജോൺ, പിന്നെ അഡ്വക്കേറ്റ് ശ്രീധരമേനോൻ അവർക്കൊക്കെ മുന്നിൽ പിന്നെയും നീ..... ഹഹഹ അയാൾ പൊട്ടിച്ചിരിച്ചു. ഇപ്പോ സഹായം ചോദിച്ച് വന്നതാണോ?”

 

           അവൾ അയാൾക്കരികിലേക്ക് ചെന്നു. “നിങ്ങൾ പറഞ്ഞത് ശരിയാ ഇന്നാട്ടിലെ നിയമത്തിൽ അന്നെനിക്കൊരു വിശ്വാസമുണ്ടായിരുന്നു. പക്ഷേ ആ നീതിയിലേക്കെത്താനുള്ള വഴികളിൽ നിന്നെപ്പോലെയുള്ള കഴുകന്മാർ അനവധിയുണ്ടാകുമെന്ന് ഞാൻ കരുതിയില്ല.  അവിടെ ഞാൻ തോറ്റുപോയി. “

 

“തിരിച്ചറിവുണ്ടാകുന്നത് നല്ലതാ, പോയത് പോട്ടെ സാരമില്ല. ഇനി നീ എൻറെ ഒപ്പം നിൽക്ക് എനിക്ക് ഷെയറൊന്നും തരണ്ടാ. നല്ല മുഴുത്ത സ്രാവുകളെ ഞാൻ മുട്ടിച്ച് തരാം , നിനക്ക് രാജ്ഞിയെപ്പോലെ കഴിയാനുള്ള കാശും കിട്ടും. നിനക്കെൻറെയൊരു സമ്മാനം അങ്ങനെ കരുതിയാൽ മതി. കാരണം നീയാണ് എൻറെ ജീവിതത്തിലെ ആദ്യത്തെ പെണ്ണ്. നല്ല രാശിയായിരുന്നു. അവിടുന്നിങ്ങോട്ട് എത്രയെത്ര.....”  സൈമൺ വല്ലാത്തൊരു മൂഡിലായിരുന്നു.

 

          “ശരിയാ നീയും നിൻറെ സുഹൃത്തുക്കളും ചേർന്ന് അങ്ങനെ ഒത്തിരി അഞ്ജനമാരെ സൃഷ്ടിച്ചുവെന്നറിയാം. പിന്നെ ഇന്നീ കാണുന്ന വളർച്ചയിലേക്ക് നിന്നെ എത്തിച്ച ലഹരിയുടെ വഴികളും. സംസ്ഥാനത്തെ മുഴുവൻ ലഹരിയുടെയും ട്രാഫിക്ക് കൺട്രോളറും മൊത്തക്കച്ചവടക്കാരനുമാക്കി നിന്നെ വളർത്തിയ ബന്ധങ്ങളും. പക്ഷേ നിൻറെയൊപ്പം ഉണ്ടായിരുന്ന പലരും ആയുസ്സെത്താതെ മരിക്കുകയാണല്ലോ. അതെന്താവും കാരണം ദൈവശാപം വല്ലതുമാണോ” അഞ്ജനയുടെ സ്വരത്തിൽ പുഛം കലർന്നിരുന്നു.

 

         “ഡി.വൈ.എസ്.പി രാജൻ ജോണിനെ ആ ജയിൽപുള്ളി കൊന്നതാണോ നീ ഉദ്ദേശിക്കുന്നത് അതോ കഴിഞ്ഞ ദിവസം ഗുണ്ടകൾ തട്ടിക്കൊണ്ട് പോയി കൊന്ന് പ്രതിപക്ഷ നേതാവിൻറെ മകനെയും ചാനൽ സി.ഇ.ഒ സിദ്ധാർത്ഥിൻറെയും  കാര്യമാണോ , അതവരുടെ വിധി.” സൈമണിന് അതൊന്നും ഒരു പ്രശ്നമല്ലെന്ന ഭാവമായിരുന്നു.

 

“ശരിയാ അതവരുടെ വിധി. പക്ഷേ നിൻറെ കന്നഡനാട്ടിലെ ബോസ് ശിവലാൽ ഷെട്ടിയുടെ മകനും നിൻറെ ആത്മമിത്രവുമായിരുന്ന ഇന്ദ്രജിത്ത് ഷെട്ടിയെ മറന്നോ? പിന്നെ ഇപ്പോഴും നിൻറെ ഈ കച്ചവടത്തിലെ  പാർട്ണർ പഴയ വക്കീൽ ശ്രീധരമേനൊനോ. ഇപ്പോഴത്തെ ബോർഡ് ചെയർമാൻ.......വിളിച്ചിരുന്നോ ഇന്ന്. വിളിച്ചുകാണില്ല പക്ഷേ ഒരു സമ്മാനം നിനക്കായി തന്ന് വിട്ടിട്ടുണ്ട് ദേ നിൻറെ വണ്ടിക്കുള്ളിലുണ്ട് നോക്കിയേ“

 

 അഞ്ജന അയാളുടെ കാറിനുള്ളിലേക്ക് കൈ ചുണ്ടി. കാറിനുള്ളിലേക്ക് നോക്കിയ സൈമൺ നടുങ്ങിപ്പോയി. അപ്പോഴും ചോരയൊലിച്ചുകൊണ്ടിരിക്കുന്ന ശ്രീധരമേനോൻറെ ശവശരീരം. അപായ സൂചന കിട്ടി വെട്ടിത്തിരിഞ്ഞ സൈമണിൻറെ കാലുകൾക്കിടയിലെ മർമ്മസ്ഥാനത്തേക്ക് അഞ്ജനയുടെ കാലുകൾ തറഞ്ഞ് കയറി. അയാൾ വേച്ചിരുന്നു പോയി. അവൾ തൻറെ കരിമ്പടം ഊരിയെറിഞ്ഞു. കൈയ്യിലെ വടിവാൾ അയാൾക്ക് നേരേ നീട്ടിപ്പിടിച്ചു. ഇത് അന്ന് നിൻറെ മുന്നിൽ കരഞ്ഞ് കാലുപിടിച്ച അഞ്ജനയല്ല, ശത്രുവിൻറെ രക്തം കണ്ട് പതറാതെ നിന്ന മണികർണ്ണികയാണിത്. അവൾ വാൾ അഞ്ഞ് വിശി. സൈമണിൻറെ വലം കൈ അറ്റ് പോയി. ചോര ചീറ്റിത്തെറിച്ചു. പിന്നീട് തുടരെത്തുടരെ സൈമണിൻരെ ശരീരത്തിലെ പല ഭാഗങ്ങളിലേക്കും അധികം ആഴമില്ലാത്ത മുറിവുകളുണ്ടാക്കി അവളുടെ വാൾത്തല. അവൻറെ വേദനയിലും കരച്ചിലിലും അവൾ ഭ്രാന്തമായ അനന്ദം കണ്ടെത്തുകയായിരുന്നു. സൈമൺ മരണവെപ്രാളത്തി. അവളുടെ മുന്നിൽ നിന്നും നിരങ്ങി നീങ്ങി മുറ്റത്തെ ചെളിയിലേക്ക് വീണുപോയി. മണി കർണ്ണിക ഒരു ഭ്രാന്തിയെപ്പോലെ അയാൾക്കരികിൽ കുതിച്ചെത്തി നെഞ്ചിൽ ഊക്കോടെ ചവിട്ടി. അയാൾ മഴയിലേക്ക് മലർന്ന് വീണു. എന്നിട്ടും ഇഴന്ന് രക്ഷപെടാൻ ശ്രമിച്ചപ്പോൾ അയാളുടെ തലയുടെ പിന്നിൽ അവൾ കാലമർത്തി. സൈമണിൻറെ മുഖം ചെളിയിൽ പുതഞ്ഞു. ആഞ്ഞ് ശ്വാസം വലിച്ചതോടെ വായിലൂടെയും മൂക്കിലൂടെയും ചെളി ഇരച്ച് കയറി. ജീവവായുവിനായി അയാൾ പിടയുന്നത് കണ്ട് അവൾ വല്ലാത്തൊരു ഉന്മാദാവസ്ഥയിലായിരുന്നു. ഒടുവിൽ  പിടച്ചിലവസാനിപ്പിച്ച് നിശ്ചലനായിട്ടും അയാളുടെ മുതുകിലൂടെ ഹൃദയത്തിലേക്ക് അവൾ വടിവാൾ കുത്തിയിറക്കി.

 

       അൽപ നിമിഷം കൂടി അവിടെ നിന്ന മണികർണ്ണിക തിരികെ നടന്നു ഇരുളിൽ നിന്നും സതീഷും അജിത്തും അവൾക്കൊപ്പം ചേർന്നു. സതീഷവളെ ചേർത്ത് പിടിച്ച് അകലെ പാർക്ക് ചെയ്തിരുന്ന വാഹനത്തിനടുത്തേക്ക് നീങ്ങി. അപ്പോഴും അവളുടെ കയ്യിലെ വാളിൽ നിന്നും ചോരയിറ്റ് വീഴുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരുന്നു. അവളെ പിച്ചിക്കീറിയവരുടെ കൂട്ടത്തിൽ ഏറ്റവും അധികം വേദനിപ്പിച്ചത് ഇതേ സൈമണായിരുന്നുവെന്ന് സതീഷിനറിയാമായിരുന്നു. അവസാനത്തേക്ക് അവനെ മാറ്റി വച്ചതിലുള്ള അമർഷവും അവൾ പലപ്പോഴും പറഞ്ഞിരുന്നു. എല്ലാ ദേഷ്യവും പകയുമാണ് അവളിന്ന് തീർത്തത്. അവർ വണ്ടിയിലേക്ക് കയറി.  വഴിയിലെ ചോരപ്പാടുകൾ കഴുകിയെടുത്ത് മഴവെള്ളം ശക്തിയായി കുത്തിയൊലിച്ചു പോയി... അവരുടെ വണ്ടി സ്റ്റാർട്ടായി.......

 

                                                തുടരും....................

 

                രഞ്ജിത് വെള്ളിമൺ
                     Click here for next part >>

No comments:

Post a Comment

Type your valuable comments here