ഞാൻ രഞ്ജിത് ആർ, കൊല്ലം ജില്ലയിലെ കുണ്ടറ നിയോജക മണ്ഡലത്തിലുൾപ്പെടുന്ന പെരിനാട് ഗ്രാമപഞ്ചായത്തിലെ അഷ്ടമുടിക്കായലിനാൽ ചുറ്റപ്പെട്ട സുന്ദരമായ വെള്ളിമൺ എന്ന കൊച്ചു ഗ്രാമത്തിൽ ഭാര്യയും രണ്ട് പെൺമക്കളുമായി സുഖമായി കഴിയുന്നു.
പഞ്ചായത്ത് വകുപ്പിൽ സീനിയർ ക്ലർക്കായി ഔദ്യോഗിക ജീവിതം കൊല്ലം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ തുടരുന്നു.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ ആനിവേഴ്സറിക്ക് സഭാകമ്പം മൂലം നാടകം കളിക്കാതെ മുങ്ങിയതാണ് ആദ്യ കല അനുഭവം
അന്ന് നാടകത്തിനായി എന്നെ വിളിച്ച് തട്ടിൽ കയറ്റിയ പ്രിയ സ്നേഹിതൻ ശ്യാംരാജ്. ഒരു വലിയ ഞെട്ടൽ സമ്മാനിച്ച് പെട്ടെന്നൊരു ദിവസം മരണത്തിലേക്ക് വഴുതി വീണുപോയ പ്രിയപ്പെട്ടവൻ.
അവൻറെ കൈ പിടിച്ചായിരുന്നു കലാലോകത്തേക്ക് കയറിയത്.
യുവജനോൽസവത്തിന് രചനാ മത്സരങ്ങളിൽ പങ്കെടുക്കാൻ ആളില്ലാത്തതിനാലോ, ഞാൻ മറുത്തൊന്നും പറയില്ലെന്ന് ഉറപ്പുള്ളതിനാലോ കഥാ രചനയ്ക്കും കവിതാ രചനയ്ക്കും ഉപന്യാസത്തിനുമൊക്കെ എൻറെ പേര് സ്ഥിരമായി രജിസ്റ്റർ ചെയ്ത് ഹൈസ്കൂൾ കാലഘട്ടത്തിൽ വെള്ളിമൺ ഹൈസ്കൂളിലെ ഡ്രോയിംഗ് ടീച്ചറായിരുന്ന മറിയാമ്മ ടീച്ചർ എൻറെയുള്ളിലെ കലാകാരനെ കുത്തിയുണർത്തി.
ആവശ്യത്തിലേറെ പ്രോത്സാഹനം തന്ന് എട്ടാം ക്ലാസിൽ പുതുതായെത്തിയ ക്ലാസ് ടീച്ചറായ മിനി ടീച്ചർ എന്നിലെ നാടക കൃത്തിനെ യുവജനോൽസവ വേദിയിലെത്തിച്ചു.
സ്കൂൾ കാലഘട്ടത്തിന് ശേഷം എന്നിലെ കലാകരന് അഭയം നൽകിയത് യുവചേതനയാണ്. അവിടെ വളരെ സീരിയസ്സായ അമച്വർ നാടകത്തിലേക്ക് കൈ പിടിച്ച് കയറ്റിയ രതീഷ് അണ്ണൻ. എൻറെയുള്ളിലെ അഭിനേതാവിനെ വലിച്ചു പുറത്തിടാൻ വല്ലാതെ ശ്രമിച്ചു. പക്ഷേ എന്തുകൊണ്ടോ ഞങ്ങളുടെ വലിയ ശ്രമങ്ങൾ വേദിയിലെത്താതെ പോയി.
പിന്നെ എപ്പോഴോ സ്വയം തോന്നി, അഭിനയം എനിക്ക് അത്ര നന്നായി വഴങ്ങുന്ന പണിയല്ലെന്ന്. എഴുത്താണ് കുറച്ചു കൂടി അനുയോജ്യമെന്ന്. യുവചേതനയ്ക്കായി കുറച്ച് നാടകങ്ങൾ എഴുതാൻ അവസരം കിട്ടി. അതിൻറെ കലാമൂല്യം വച്ച് അളന്നാൽ ഞാനൊന്നുമല്ല. ഞങ്ങൾ ശ്രമിച്ചത് കുറച്ച് നേരം ആൾക്കാരെ എൻറർടെയ്ൻ ചെയ്യിക്കൽ മാത്രമായിരുന്നു. പരിപൂർണ്ണ പിന്തുണയും ഊർജ്ജവുമായി ഒപ്പം നിൽക്കുകയും കഥകളുടെ ത്രെഡ് മനസിൽ മുളപ്പിക്കാൻ വെള്ളവും വളവുമേകിയതും പ്രിയ സുഹൃത്ത് ശ്രീകുമാർ എസ് എന്ന കുമാറണ്ണൻ ആണ്. യുവചേതനയിലെ സൗഹൃദക്കൂട്ടായ്മയിൽ അങ്ങനെ കുറച്ച് നാടകങ്ങൾ പിറന്നു.
ചങ്കരൻ പിന്നെയും തെങ്ങേത്തന്നെ
കുറുപ്പിൻറെ കൊട്ടാരം
രാമൻ പോലീസ്
ഉത്തമചരിതം
കുമ്പസാരം
ശത്രു
യുവചേതനയുടെ വേദിയിൽ ഞാനെഴുതി അവതരിപ്പിക്കപ്പെട്ട നാടകങ്ങൾ, ഇവയിലൊക്കെ സംവിധായകൻറെ പാകമല്ലാത്ത കുപ്പായവും ഞാനണിഞ്ഞു.
പക്ഷേ നടക്കാതെ പോയ നാടകങ്ങളായിരുന്നു സൂപ്പർഹിറ്റുകൾ എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്
മഞ്ചാടിമണികൾ
ഊപ്പൻസ് തീയറ്റേഴ്സ്
ധനുഷ്കോടി
അധോലോകം
അവതരിപ്പിക്കാതെ പോയ ഈ അഞ്ച് നാടകങ്ങളും എനിക്കേറെ പ്രിയപ്പെട്ടവയാണ്.
2015 ലെ ഒരു പകൽ, ഏതോ ഒരു മൂഡിൽ ഭഗവദ്ഗീത വായിക്കാൻ കയ്യിലെടുത്തപ്പോൾ പഞ്ചായത്ത് വകുപ്പിലെ ജോലിയിലെ ചില നീറുന്ന പ്രശ്നങ്ങളും അനുഭവങ്ങളും അകാരണമായി മനസിലേക്ക് ഇടിച്ചുകയിറി വന്നു. കുറേക്കാലമായി വട്ടം ചുറ്റിക്കുന്ന സഞ്ചയ എന്നു പേരുള്ള സോഫ്റ്റ് വെയറും സാക്ഷാൽ സഞ്ജയനും കൂട്ടി മുട്ടി. അതൊരു കുഞ്ഞു കഥയായി പരിണമിച്ചു. അങ്ങനെ ഞാനൊരു കഥാകൃത്തായി. ആ ചെറുകഥ WHATSAPP ഗ്രൂപ്പുകൾ വഴി വൈറലാക്കി പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ ജയപാൽ എനിക്ക് ചില്ലറ പ്രശസ്തിയൊക്കെ സമ്പാദിച്ചു തന്നു.
പിന്നെയങ്ങോട്ട് പഞ്ചായത്തിലെ അനുഭവങ്ങൾ വാരിവലിച്ചിട്ട് പത്തോളം കഥകളെഴുതി. പോരാത്തതിനൊരു പഞ്ചായത്ത് കാവ്യവും. അവയ്ക്കൊക്കെ നല്ല സ്വീകാര്യത കിട്ടി. അപ്പോഴാണ് പഞ്ചായത്ത് ജീവിയും ജ്യേഷ്ഠനുമായ പ്രേമേട്ടൻ പറഞ്ഞത്. " ടാ ചെക്കാ നീയിങ്ങനെ പഞ്ചായത്ത് കഥയെഴുതി ടിപ്പിക്കലാകാതെ മറ്റ് കഥകളെഴുതാൻ ശ്രമിക്കു, ട്രാക്ക് മാറ്റു " എന്ന്. അത് കേട്ടപ്പോൾ എന്നാൽ പിന്നൊന്ന് ട്രാക്ക് മാറി നോക്കാമെന്ന് കരുതി. അന്ന് ട്രാക്ക് മാറിയോടി ഇന്നിലെത്തുമ്പോൾ പഞ്ചായത്ത് കഥകളല്ലാത്ത മുപ്പതിലധികം ചെറുകഥകളും ഒരു നോവലും എൻറെ സമ്പാദ്യത്തിലുണ്ട്.
അങ്ങനെ കഥകൾ വായിച്ചും വല്ലപ്പോഴുമൊക്കെ എഴുതിയും കാലം കഴിഞ്ഞു പോകുന്ന അവസരത്തിൽ ആത്മമിത്രം സാബു ആണ് ഒരു ഫെയ്സ് ബുക്ക് ഗ്രൂപ്പിലേക്ക് എന്നെ ക്ഷണിച്ചത്. " അപസർപ്പകം ". ത്രില്ലറുകളുടെയും, ഡിറ്റക്ടീവ് കഥകളുടെയും ഹൊറർ, ഫാൻറസി നോവലുകളുടെയും ഒരു പറുദീസ. കുറേയൊക്കെ വായിച്ചിങ്ങനെ പോയപ്പോൾ ഒരു ആഗ്രഹം മനസിലുദിച്ചു. പല തവണ തോന്നിയിട്ടും നടക്കാതെ പോയ ആഗ്രഹം, ഒരു നോവൽ. രണ്ടും കൽപിച്ചങ്ങെഴുതി, രക്താംഗിതൻ എന്ന ഹൊറർ നോവൽ. പലരും പാതിവഴിയിൽ വായന ഉപേക്ഷിച്ചു പോയി, അത്രമാത്രം ഭയപ്പെടുത്താൻ എൻറെ എഴുത്തിന് കഴിഞ്ഞതിൽ അഭിമാനം തോന്നിയെങ്കിലും വായനക്കാരുടെ എണ്ണവും ലൈക്കുകളും കുറഞ്ഞതിൽ വിഷമം തോന്നിയിരുന്നു. 22 അദ്ധ്യായങ്ങളിൽ ആ നോവൽ അവസാനിച്ചു. പക്ഷേ അതിനുശേഷം അതിന് കിട്ടിയ കമൻറുകൾ എന്നെ ശരിക്കും അതിശയിപ്പിച്ചു കളഞ്ഞു. മികച്ച അഭിപ്രായം നേടിയ ആ നോവലിനെ അന്ന് വരെ ആ ഗ്രൂപ്പിൽ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച ഹൊറർ നോവലിനൊപ്പമാണ് ചേർത്ത് വച്ചത്.
2019 ലെ പഞ്ചായത്ത് ദിനാഘോഷത്തിൻറെ ഭാഗമായി ജീവനക്കാർക്കും ജനപ്രതിനിധികൾക്കുമായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച കഥാരചന മത്സരത്തിൻറെ വിഷയം പ്രളയകാലത്തെ പ്രണയമായിരുന്നു. ഞാനും വിഷയം തന്നെ ടൈറ്റിലാക്കി ഒരു കഥ എഴുതിയയച്ചു. ആ കഥയ്ക്ക് മൂന്നാം സ്ഥാനം കിട്ടിയത് വലിയൊരു നേട്ടമായി ഞാനിന്നും മനസിൽ സൂക്ഷിക്കുന്നു.
പഞ്ചായത്ത് ദിനാഘോഷത്തെ തുടർന്ന് പുറത്തിറക്കിയ ഗ്രാമധ്വനി എന്ന സ്മരണികയിൽ ഞാനെഴുതിയ ഞാനും അവളും ഞങ്ങളും എന്ന ചെറുകഥ അച്ചടിച്ചു വന്നു. എൻറെ സന്തോഷം ഇരട്ടിപ്പിച്ച മറ്റൊന്ന് കൂടിയുണ്ടായിരുന്നു ഗ്രാമധ്വനിയിൽ. ഞങ്ങൾ കുറച്ച് പഞ്ചായത്ത് ജീവനക്കാരുടെ സൗഹൃദക്കൂട്ടായ്മയിൽ രശ്മിപ്രിയ ചേച്ചി എഴുതിയ ഒരു കഥയ്കക് തുടർച്ചയെന്ന പോലെ വി കെ ശ്രീകുമാർ സാറും രഘു സാറും രണ്ട് അദ്ധ്യായങ്ങൾ കൂടിയെഴുതിയപ്പോൾ അവസാന അദ്ധ്യായം ഞാനുമെഴുതി. അങ്ങനെ നാല് ജില്ലകളിലിരുന്ന ഞങ്ങളെഴുതിയ ആ ചതുർകഥയും ഗ്രാമധ്വനിയിൽ ഇടംപിടിച്ചിരുന്നു.
എന്നിലെ പാട്ടെഴുത്തുകാരനെക്കുറിച്ച് എനിക്ക് വല്യ മതിപ്പില്ല. അങ്ങനെയിരിക്കുമ്പോഴാണ് വെറുതെ പറഞ്ഞ് പറ്റിച്ചൊരു കോവിഡ് പാട്ടെഴുതിച്ച് അത് കൊണ്ട് പോയി റിക്കോർഡ് ചെയ്ത് പഞ്ചായത്ത് വകുപ്പിൻറെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ആ കോവിഡ് അതിജീവന ഗാനം റിലീസ് ചെയ്ത് പ്രിയപ്പെട്ട ജയകുമാർ തൊടുപുഴ എന്ന ജെക്കു ഞെട്ടിച്ചത്. അങ്ങനെ പത്രത്തിലും ടിവിയിലും വാർത്തകളിൽ എൻറെ പേരും വന്നു. പത്രത്തിൽ പടവും വന്നു. അതും തികച്ചും അപ്രതീക്ഷിതം.
പിന്നെ തുടർച്ചയായി കുറേയെഴുതി. കൗണ്ട് ഡൗൺ എന്ന ക്രൈം ത്രില്ലർ നോവലും ജടായൂ എന്ന ഫാൻറസി ത്രില്ലറും അപസർപ്പകത്തിൽ ഒരേ സമയത്ത് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ്, കൊറോണയെന്ന വില്ലൻ കടന്നു വന്നത്. കുടുംബത്തിനെ ഒന്നര മാസത്തിലധികം ക്വാറെൻറൈനിലാക്കിയത് എൻറെ എഴുത്തിനെയും ബാധിച്ചു. പിന്നെ ഒന്നുമെഴുതാതെ കടന്ന് പോയ കുറേ മാസങ്ങൾ.
ഇതിനിടയിൽ പഞ്ചായത്ത് വകുപ്പിലെ പ്രിയ സഹപ്രവർത്തകരെ സഹായിക്കാൻ ഒന്നു രണ്ട് എക്സൽ ടൂളുകൾ തയ്യാറാക്കാൻ കഴിഞ്ഞതും ജീവിതത്തിലെ ഒരു ഭാഗ്യമാണ്.
ഇപ്പോൾ വീണ്ടും എഴുത്തിലേക്ക് സജീവമായി തിരികെയെത്താൻ ഉള്ള പരിശ്രമത്തിലാണ്.......രണ്ട് ചെറുകഥകൾ
ശിക്ഷയും, ശരശയ്യയിൽ നിന്നും... എന്ന പഞ്ചായത്ത് കഥയും
രണ്ടും മികച്ച അഭിപ്രായം നേടിത്തന്നപ്പോൾ ഉള്ളിൽ മരവിച്ചു കിടന്ന അക്ഷരങ്ങൾക്ക് ചൂടു പിടിച്ചിരിക്കുന്നു........
എഴുതണം ഒരു പാട്......
ഒടുവിൽ ആ വലിയ സ്വപ്നത്തിലേക്ക് നടന്നു കയറണം........
ഇങ്ങനെയൊന്ന് തീയറ്റർ സ്ക്രീനിൽ എഴുതിക്കാണിക്കുന്ന ആ ദിവസത്തിലേക്കുള്ള യാത്രയിലാണ്........ഒരു ദിവസം
ഉറപ്പായുമെത്തിച്ചേരുമെന്ന
ഉത്തമവിശ്വാസത്തിൽ.....
No comments:
Post a Comment
Type your valuable comments here