March 04, 2020

രക്താംഗിതൻ (Horror Novel) #4

 അദ്ധ്യായം - 4



       ആരോ ബലമായി ജയരാമന്‍റെ  മുഖം പൊത്തിയിരുന്ന കൈകൾ വലിച്ചു മാറ്റി. ജയരാമൻ അപ്പോൾ കണ്ടത് രക്താംഗിതമായ ആകാശവും ഉദ്യാനവും ആയിരുന്നില്ല, ഡെറ്റോൾ മണക്കുന്ന ആശുപത്രി മുറിയായിരുന്നു. ഒരു മരവിപ്പുകാരണം നെറ്റിയിൽ തൊട്ടു നോക്കിയപ്പോൾ അവിടെ വലിയൊരു ബാൻഡേജ് കെട്ടിയിരിക്കുന്നു, മറു കൈയ്യിലെ സൂചിയിലൂടെ ഗ്ലൂക്കോസ് ശരീരത്തിലേക്ക് കയറുന്നുണ്ട്.


ഈ കഴിഞതൊക്കെ എന്താണ്

വെറും സ്വപ്നമോ


അങ്ങനെ വിശ്വസിക്കാൻ ജയരാമൻ ഒരുക്കമല്ലായിരുന്നു. നെഞ്ചിൽ ഇപ്പോഴുമുണ്ട് കൂടം കൊണ്ടടിച്ച പോലെ വേദന. ജയരാമന്‍റെ കണ്ണുകൾ ചുറ്റിനും പരതി, അവിടെ മേശമേലിരിക്കുന്ന ഒരു വസ്തുവിൽ അയാളുടെ കണ്ണുകൾ ഉടക്കി.


അതേ തടിപ്പെട്ടി..... അപ്പോ എന്തൊക്കെയാണ് സ്വപ്നം ? എന്തൊക്കെയാണ് യഥാർത്ഥ്യം? ജയരാമന്‍റെ മനസ് വല്ലാതെ അസ്വസ്ഥമായി.



വാതിൽ തള്ളിത്തുറന്ന് അച്ചായനും പിള്ളേച്ചനും ഉമ്മറും കയറി വന്നു. മൂവരും ജയരാമന്‍റെ ഏറ്റവുമടുത്ത ചങ്ങാതിമാരാണ്. ആൽബിൻ തോമസെന്ന കൂട്ടുകാരുടെ പ്രിയപ്പെട്ട അച്ചായനും, രവികുമാർ എന്ന പിള്ളേച്ചനും, ഉമേഷ് കൃഷണൻ എന്ന ഉമ്മറും നഴ്സറി കാലഘട്ടം മുതലുള്ള കൂട്ടുകാരാണ്. സുന്ദരികളായ പെൺകുട്ടികളെ കാണുമ്പോഴുള്ള ചില ഭാവപ്രകടനങ്ങൾ കാരണമാണ് ഉമേഷിന് പ്രീഡിഗ്രി കാലഘട്ടത്തിൽ ഉമ്മറെന്ന ഇരട്ടപ്പേര് വീണത്. എന്തിനും ഏതിനും ഈ നാൽവർ സംഘം ഒന്നിച്ചുണ്ടാകും. വർഷത്തിൽ നാലഞ്ച് തവണ ഒന്നിച്ച് യാത്ര പോവുന്നതാണ് അവരുടെ ഏറ്റവും വലിയ സന്തോഷം. ഈ ഹിമാലയൻ യാത്ര പലതവണ, പല കാരണങ്ങളാൽ മാറ്റി വച്ചതാണ്. ഇത്തവണ രണ്ടും കൽപ്പിച്ചങ്ങിറങ്ങി. ഒന്നുകിൽ ഹിമാലയം കണ്ട് മടങ്ങും, അല്ലെങ്കിൽ ഹിമാലയൻ യാത്രയെന്ന മോഹമുപേക്ഷിക്കും. എന്തായാലും യാത്ര യാഥാർത്ഥ്യമായി.


"എന്താടോ എഴുത്തുകാരാ, ഒരു ചെറിയ അപകടം പറ്റിയപ്പോഴേക്കും നീയങ്ങ് വല്ലാണ്ടായിപ്പോയല്ലോ, തലയിലെ കെട്ട് കണ്ട് നീ പേടിക്കേണ്ട ചെറിയൊരു മുറിവേയുള്ളു, നാല് സ്റ്റിച്ച്, ഇന്ന് വൈകിട്ട് പോകാമെന്നാ ഡോക്ടർ പറഞ്ഞത്. " അരികിൽ ബെഡിലിരുന്നാണ് അച്ചായൻ അത് പറഞ്ഞത് .


"എനിക്കെന്താ സംഭവിച്ചത്?" ജയരാമൻ ചില ഉത്തരങ്ങൾ തേടുകയായിരുന്നു.

മറുപടി പറഞ്ഞതും അച്ചായനായിരുന്നു. ഉമ്മർ ആ സമയം മേശപ്പുറത്തിരുന്ന ആ പഴഞ്ചൻ തടിപ്പെട്ടി കൗതുകപൂർവ്വം പരിശോധിക്കുകയായിരുന്നു.


" അപ്രതീക്ഷിതമായാണ് മഞ്ഞിടിത്തത്, നമ്മൾ പല വഴി ചിതറിപ്പോയി, ഒരു വലിയ അപകടം തന്നെയായിരുന്നു, നാലു പേരാണ് അപകടത്തിൽ മരിച്ചത്. നിന്നെ കാണാതായപ്പോൾ ഞങ്ങൾ വല്ലാണ്ട് ഭയന്ന് പോയി, ഒടുവിൽ രക്ഷാപ്രവർത്തനത്തിന് വന്ന പട്ടാളക്കാരാണ് നിന്നെ കണ്ടെത്തിയത്. അതും ഏറെ അകലത്ത് നിന്ന്, അത്ര ദൂരേക്ക് നീയെങ്ങനെ തെറിച്ചു പോയെന്നതാ അതിശയം, എന്തായാലും വലിയ കുഴപ്പമില്ലാതെ നിന്നെ തിരിച്ച് കിട്ടിയല്ലോ ഭാഗ്യം" അച്ചായൻ ദീർഘനിശ്വാസമെടുത്തു.


ഒന്നും വെറും സ്വപ്നമാണെന്ന് വിശ്വസിക്കാൻ ജയദേവനൊരുക്കമല്ലായിരുന്നു. അയാളുടെ മനസ് അഘോരിയിലും, അമ്പേറ്റ് മരിച്ചിട്ടും ജീവൻ വച്ച് വന്ന ചെന്നായയിലും, മരണത്തിനപ്പുറം താൻ കണ്ട അദ്ഭുതലോകത്തിലും, പിന്നെ തന്നെ വിസ്മയിപ്പിച്ച്, പിന്നെ ഭയപ്പെടുത്തിയ രക്താംഗിതനിലും തപ്പിത്തടഞ്ഞു. ഒന്നും വെറും സ്വപ്നമല്ല.


എന്താടാ ഇങ്ങനെ ഒന്നും മിണ്ടാതെ ആലോചിച്ച് കൂട്ടുന്നത്? പിള്ളേച്ചന്‍റെ ചോദ്യം ജയരാമനെ ചിന്തകളിൽ നിന്നുമുണർത്തി.


തന്റെ മനസിനെ മഥിക്കുന്ന ആ സംഭവങ്ങളെല്ലാം വിവരിച്ച് കൊടുത്തപ്പോൾ അതൊക്കെ വെറും പൊട്ട സ്വപ്നങ്ങൾ മാത്രമാണെന്ന് അവർ ഒന്നിച്ചു പറഞ്ഞു. പതിയെ ജയരാമനും മനസിനെ പറഞ്ഞ് വിശ്വസിപ്പിച്ചു, ഒക്കെ വെറും സ്വപനമാണെന്ന്. ജയരാമൻ പതിയെ എണീറ്റ് ചാരിയിരുന്നു.


" ടാ ഈ പെട്ടിക്കുള്ളിൽ പഴകിപ്പൊടിഞ്ഞ കുറേ കടലാസുകൾ മാത്രമേയുള്ളല്ലോ, " തുറന്ന് പിടിച്ച തടിപ്പെട്ടിയുമായി ബെഡിനരികിലേക്ക് വന്നാണ് ഉമ്മർ അത് പറഞ്ഞത്. പൊടിഞ്ഞ് നശിച്ച കുറച്ചേറേ കടലാസുകൾ മാത്രം, അതും മനുഷ്യന് മനസിലാകാത്ത ഹിന്ദിയിലെഴുതിയത്.


" എല്ലാം സ്വപ്നമാണെങ്കിൽ ഈ പെട്ടിയോ?" ജയരാമന്‍റെ ആത്മഗതം അൽപം ഉച്ചത്തിലായിരുന്നു. അച്ചായനും പിള്ളേച്ചനും മുഖാമുഖം നോക്കി, ജയരാമൻ ആ പെട്ടി വാങ്ങി പരിശോധിച്ചു. പുറം ചട്ടയിൽ എന്തോ മൂർച്ചയുളള വസ്തു തറഞ്ഞ് കയറിയ അടയാളം, എന്താണിത്? ജയരാമന്റെ ചിന്തകളിലൂടെ ഒരു മിന്നൽപിണർ കണക്കെ അഘോരിയുടെ അസ്ത്രം പാഞ്ഞു പോയി. അറിയാതെ കൈകൾ നെഞ്ച് തടവി. അവിടെ ജയരാമന് ഒരു നീറ്റൽ അനുഭവപ്പെട്ടു, ഷർട്ടിന്‍റെ ബട്ടൺ മാറ്റി നോക്കിയ ജയരാമൻ നടുങ്ങി, കൂർത്ത നഖങ്ങളുരഞ്ഞ് ചോര പൊടിഞ്ഞ  അടയാളങ്ങൾ.


ഉമ്മർ വേഗം പോയി ഡോക്ടറെ വിളിച്ചു കൊണ്ടു വന്നു, നായയോ മറ്റോ നഖമുപയോഗിച്ച് മാന്തിയ പാടാണെന്ന് ഡോക്ടർ വിലയിരുത്തി. പക്ഷേ ഇവിടെ നായയില്ല, ഉള്ളത് അപകടകാരികളായ ഹിമക്കരടിയും പുലിയും ചെന്നായക്കൂട്ടങ്ങളുമാണ് , അവയുടെയൊന്നും കയ്യിലകപ്പെട്ടാൽ പിന്നെ മിച്ചം കിട്ടില്ല, പക്ഷേ ഇയാൾക്ക് വേറെ മുറിവുകളില്ല , പിന്നെയിത് എന്താണ്? എന്തായാലും റാബിസ് വാക്സിനെടുക്കണം.


ഡോക്ടർ പറഞ്ഞതൊക്കെ വല്ലാത്തൊരു അവിശ്വസനീയതയോടെയാണ് അവർ കേട്ടിരുന്നത്. ജയരാമനെപ്പോലെ തന്നെ കൂട്ടുകാരുടെ മനസിലും കുറേയേറെ ചോദ്യങ്ങൾ ഉത്തരങ്ങൾക്കായി ദാഹിച്ചു.


എന്തായാലും ഞങ്ങൾ ആ സ്ഥലത്തൊന്നു പോയിത്തിരക്കട്ടെ, നിന്‍റെ നോവലുകളുടെ തുടക്കത്തിൽ സാധാരണ പറയാറുള്ള പോലെ നീയിപ്പറഞ്ഞ കഥയിലെ കഥാപാത്രങ്ങളും സംഭവങ്ങളും സാങ്കല്പികമാണോയെന്ന്. എല്ലാരുടെയും മനസിൽ ഉരുണ്ട് കൂടിയ സമ്മർദ്ദമകറ്റാൻ തമാശ രൂപേണയാണ് അച്ചായൻ അത് പറഞ്ഞത്.  പക്ഷേ അവർ മുഖാമുഖം നോക്കിയിരുന്നതല്ലാതെ ആരുമൊന്നും പറഞ്ഞില്ല.


ആ മുറിയിലെ നിശബ്ദതയെ ഭേദിച്ചു കൊണ്ടാണ് ജെസി കടന്ന് വന്നത്. അതിസുന്ദരിയായ തിരുവല്ലാക്കാരി നഴ്സ്. ജയരാമന് ഇൻജക്ഷൻ നൽകാനുള്ള മരുന്നും സിറിഞ്ചും ട്രേയിലാക്കിയാണ് ജെസി വന്നത്. കുറച്ച് മലയാളികളെ കണ്ട സന്തോഷത്തിലായിരുന്നു ജെസി. അതു കൊണ്ടു തന്നെ ആ നാൽവർ സംഘത്തെ പരിചയപ്പെട്ട അവൾ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ഉമ്മർ കിട്ടിയ അവസരം പരമാവധി മുതലെടുത്തു, നിമിഷ നേരം കൊണ്ട് ജെസിയുടെ ബയോഡാറ്റാ ഹൃദിസ്ഥമാക്കി , മൊബൈൽ നമ്പർ സഹിതം. പക്ഷേ ഒരു പിടി ചോദ്യങ്ങളുടെ കാർമേഘം മൂടിയ മനസുമായിരുന്ന ജയരാമൻ മറ്റൊന്നും ശ്രദ്ധിച്ചില്ല.


"ജയാ ഞങ്ങളൊന്ന് പുറത്ത് പോയി വരാം, നിനക്ക് ദേ ഈ സിസ്റ്റർ കമ്പനി തരും", പോകാൻ ഒട്ടും മനസില്ലാതിരുന്ന ഉമ്മറിന്‍റെ കയ്യിൽ പിടിച്ച് വലിച്ച് പിള്ളേച്ചനും അച്ചായനും പുറത്തേക്കിറങ്ങി. ഒരു കാര്യം മനസിൽ കയറിയാൽ അതിന്റെ അവസാനം കാണാതെ പിൻവാങ്ങാത്ത ജയരാമന്റെ ശീലങ്ങളെ അറിയാമായിരുന്നതു കൊണ്ട്  അവർക്ക് ചില ഉത്തരങ്ങൾ കണ്ടെത്തേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. അവർ പോയിക്കഴിഞ്ഞപ്പോൾ ജെസി ജയരാമനടുത്തേക്ക് വന്നു.


 " മാഷ് വലിയ ഗൗരവക്കാരനാണല്ലോ? ഒന്ന് ചിരിക്കുന്നതിന് വലിയ ചിലവൊന്നുമില്ലല്ലോ?" അവളുടെ കൊഞ്ചിയുള്ള ചോദ്യത്തെ ജയരാമൻ അവഗണിച്ചു. അവളത് പ്രതീക്ഷിച്ചതല്ല. അപ്പോഴാണ് മേശപ്പുറത്തിരിക്കുന്ന ആ കൊച്ച് തടിപ്പെട്ടി ജെസി കണ്ടത്, അവൾ അതിനടുത്തേക്ക് ചെന്നു.


"Don't touch it" അല്പം ഉച്ചത്തിൽ ജയരാമൻ അങ്ങനെ പറഞ്ഞത് ജെസിക്ക് ഇഷ്ടപ്പെട്ടില്ല, അവൾ ദേഷ്യത്തിൽ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് തന്റെ ട്രേ ടേബിളിൽ വച്ചു. ഗ്ളൂക്കോസ് കുത്തിയിരുന്ന സൂചി പതിയെ ജയരാമന്റെ കയ്യിൽ നിന്ന് ഊരിയെടുക്കുമ്പോഴും അവൾ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. അത് ജയരാമനെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു. "എന്തേലും പറയാനുണ്ടേൽ ഉച്ചത്തിൽ പറയണം, അല്ലാതെ ഈ പിറുപിറുക്കുന്നത് ചീത്ത ശീലമാണ് " ഒച്ചയുയർത്തി തന്നെയാണ് ജയരാമൻ സംസാരിച്ചത്. ജെസി ഞെട്ടിപ്പോയി, ആ വെപ്രാളത്തിൽ സൂചി വിരലിൽ ഉരഞ്ഞ് നന്നായി മുറിഞ്ഞു, രക്തം ജയരാമന്‍റെ ബെഡിലേക്കും തെറിച്ചു. ഒന്ന് പതറിപ്പോയ അവൾ ട്രേയിലെ കോട്ടൺ വച്ച് മുറിവ് അമർത്തിപ്പിടിച്ച് പുറത്തേക്ക് പോയി.


വല്ലാത്തൊരു മാനസികാവസ്ഥയിൽ അനാവശ്യമായി ജെസിയോട് കയർത്തതിൽ ജയരാമന് വിഷമം തോന്നി, ജെസിക്ക് പകരം ഇൻജക്ഷൻ എടുക്കാൻ വന്ന ഹിന്ദിക്കാരി നഴ്സിനോട് ജയരാമൻ ആ വിഷമവും ജെസിയോടുള്ള ക്ഷമാപണവും പറഞ്ഞയച്ചു.


മരുന്നിന്‍റെ പവറിൽ മയങ്ങിപ്പോയ ജയരാമൻ ഞെട്ടിയുണർന്നത് ഭീകരമായ സ്വപ്നം കണ്ടാണ്, തറയിൽ രക്തത്തിൽ കുളിച്ച് പിടയുന്ന തലയറ്റ മാലാഖ.


വല്ലാത്തൊരു പരവേശത്തോടെ കണ്ണുതുറന്ന ജയരാമൻ കണ്ടത് ആ തടിപ്പെട്ടിയിലെ കടലാസുതുണ്ടുകൾ ആകാംക്ഷയോടെ വായിക്കുന്ന ജെസിയെയാണ്, അവളുടെ കയ്യിലെ മുറിവിൽ ബാൻഡേജ് ചുറ്റിയിരുന്നു. ജയരാമൻ അത്ര വേഗം ഉണരുമെന്ന് പ്രതീക്ഷിക്കാതിരുന്ന ജെസി ഭയന്നു. ജയരാമന് നല്ല ദേഷ്യം വന്നെങ്കിലും അത് കടിച്ചൊതുക്കി ഇത്രമാത്രം പറഞ്ഞു,
"please getout". ഒന്നും മിണ്ടാതെ ജെസി പുറത്തേക്ക് പോയി. ജയരാമൻ പതിയെ എണീറ്റ് മേശക്കരികിൽ ചെന്നു.  അവൾ വായിച്ച പേജിലെ അവസാന വാചകം അയാളുടെ കണ്ണിലുടക്കി,


" അവളുടെ ശിരസ് അവന്‍റെ വായ്ക്കുള്ളിലായിക്കഴിഞ്ഞിരുന്നു, അവനൊന്ന് കടിച്ചു കുടഞ്ഞു, അവന്‍റെ ദംഷ്ട്രകളിൽ തലയോട്ടി പൊട്ടിച്ചിതറുന്ന ശബ്ദം, തലയറ്റ ഉടലിൽ നിന്നും ചീറ്റിയ രക്തം അവൻ വലിച്ചു കുടിച്ചു " .


ജയരാമൻ ആ പെട്ടി അടച്ചു വച്ചു.


വൈകിട്ട് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്ത ജയരാമനെ കൂട്ടി കൂട്ടുകാർ അവരുടെ താമസസ്ഥലത്തേക്ക് പോയി. മൂവരും നടത്തിയ അന്വേഷണത്തെക്കുറിച്ചായിരുന്നു ജയരാമന് അറിയേണ്ടിയിരുന്നത്.


ജയാ നീ പറഞ്ഞ സ്ഥലത്ത് ഞങ്ങൾ പോയിരുന്നു, പക്ഷേ .....അച്ചായൻ മുഴുമിപ്പിച്ചില്ല.


എന്താ പക്ഷേയിൽ നിർത്തിയത്? ജയരാമന് ആംകാംഷയേറി,


അവിടെ ഒരു ചെന്നായയുടെ ശവം ഉണ്ടായിരുന്നു, മൂർച്ചയുള്ള എന്തോ തറഞ്ഞുകയറി ചത്തതാ, പക്ഷേ.... നീ പറഞ്ഞത് പോലെയൊരു അഘോരിയും ഈ മലനിരകളിലെങ്ങുമില്ല, അവരിവിടെയെങ്ങും വരാറുപോലുമില്ല. പിള്ളേച്ചനാണ് പറഞ്ഞവസാനിപ്പിച്ചത്.


ഒരു കുരുക്കഴിയുമ്പോൾ മറുകുരുക്ക് മുറുകുന്ന വല്ലാത്തൊരു ഊരാക്കുടുക്കിലാണ് താൻ പെട്ടിരിക്കുന്നതെന്ന് ജയരാമന് തോന്നി.


ഒത്തിരി ചോദ്യങ്ങളും ചർച്ചകളുമൊക്കെയായി ആ രാത്രി കടന്ന് പോയി, പല വിഷയങ്ങൾ സംസാരിച്ചുവെങ്കിലും എല്ലാം ഒടുവിലെത്തിയത് രക്താംഗിദനെന്ന സമസ്യയിലായിരുന്നു.


പിറ്റേ പ്രഭാതത്തിൽ അവരെ കാത്തിരുന്നത് നടുക്കുന്ന ഒരു വാർത്തയായിരുന്നു. സിസ്റ്റർ ജെസ്സി കൊല്ലപ്പെട്ടിരിക്കുന്നു.


ഏതോ അജ്ഞാത ജീവിയുടെ ആക്രമണമായിരുന്നത്രേ,


നാൽവർ സംഘം അങ്ങോട്ടേക്ക് പാഞ്ഞെത്തി, അവിടെ അവർ കണ്ട കാഴ്ച്ച...


 വീടിനു പുറത്തെ പൂന്തോട്ടത്തിലെ മഞ്ഞിൽ പുതഞ്ഞ് കിടക്കുകയാണ് മൃതദേഹം. പക്ഷേ ശവശരീരത്തിൽ തല അപ്രത്യക്ഷമായിരിക്കുന്നു. ഒരു തുള്ളി ചോര പോലും അവിടെയെങ്ങും വീണിട്ടില്ല എന്നു മാത്രമല്ല, ശവശരീരം രക്തം മുഴുവൻ നഷ്ടപ്പെട്ട് വിളറി വെളുത്തിരുന്നു.


 അതിനടുത്തായി മഞ്ഞിൽ പുതഞ്ഞ വലിയ കാൽപാടുകൾക്ക്  മനുഷ്യന്‍റെ പാദത്തോട് സാമ്യമുണ്ടായിരുന്നു. പക്ഷേ അതിന്‍റെ അസാധാരണമായ നീളവും, മഞ്ഞിൽ തറഞ്ഞിറങ്ങിയ കൂർത്ത നഖങ്ങളുമാണ് അതൊരു അജ്ഞാത ജീവി എന്ന നിഗമനത്തിച്ചത്.


തടിപ്പെട്ടിയിലെ കടലാസു കഷ്ണത്തിൽ ജെസി അവസാനം വായിച്ച വാചകം ജയരാമന്‍റെ സ്മൃതിപഥത്തിൽ ചോരച്ചുവപ്പിൽ തെളിഞ്ഞു വന്നു.


ജയരാമന്‍റെ നട്ടെല്ലിലൂടെ ഒരു വൈദ്യുത പ്രവാഹം കടന്നു പോയി...


തുടരും...

No comments:

Post a Comment

Type your valuable comments here