രക്താംഗിതൻ (Horror Novel) #3

അദ്ധ്യായം - 3



അഘോരിയുടെ അസ്ത്രം ജയരാമന്‍റെ നെഞ്ചിൽ പതിച്ചു, വലിയൊരു കരിങ്കല്ല് വന്ന് നെഞ്ചിലിടിച്ച പോലെയാണ് ജയദേവന് തോന്നിയത് . അയാൾ പത്തടിയോളം പിന്നിലേക്ക് തെറിച്ചു വീണു. തനിക്ക് ചുറ്റും ഭൂമി കീഴ്മേൽ മറിയുന്നത് പോലെ തോന്നി. മഞ്ഞിൽ മലർന്നു വീണുപോയ ജയരാമന് തന്റെ ശരീരം തളർന്ന് പോയതായി അനുഭവപ്പെട്ടു. എഴുന്നേൽക്കാനാകാതെ വെപ്രാളപ്പെട്ട ജയരാമന്‍റെ നെഞ്ചിലേക്ക് ആ ചെന്നായ കുതിച്ച് ചാടി. അതിന്‍റെ കൂർത്ത നഖങ്ങൾ നെഞ്ചിലമർന്നു. മരണം അതിന്‍റെ  വന്യതയോടെ തന്നെ ആലിംഗനം ചെയുന്നത് ജയരാമനറിഞ്ഞു. നട്ടെല്ലിലൂടെ തണുപ്പ് ശരീരം മുഴുവൻ വ്യാപിച്ചു.

                             ****

ശരീരത്തിൽ നിന്നും വേർപെട്ട ആത്മാവിന് ഭാരമില്ലായിരുന്നു. മഞ്ഞിന്‍റെ തൂവെള്ളയുടുപ്പിട്ട മാലാഖമാർ വഴികാട്ടി, സ്വർണമാനുകൾ രഥം വലിച്ചു , രത്നാലങ്കിതമായ ഇരിപ്പിടത്തിൽ ജയരാമൻ. തന്‍റെ യാത്ര സ്വർഗകവാടത്തിലേക്കാണെന്ന് അയാൾക്ക് മനസിലായി. നയനാനന്ദകരമായ കാഴ്ചകൾ കണ്ട്ഒട്ടും മടുപ്പില്ലാതെ ആ യാത്ര അവസാനിച്ചത് വലിയൊരു കൊട്ടാരവാതിൽക്കലാണ്. ആ വാതിൽ ജയദേവന് മുന്നിൽ തുറക്കപ്പെട്ടു. പട്ടു പരവതാനി വിരിച്ച പാതയിലൂടെ ജയരാമൻ കൊട്ടാരത്തിനുള്ളിലേക്കാനയിക്കപ്പെട്ടുപാതയിലേക്ക് പൊഴിഞ്ഞു വീണ നനുത്ത റോസാദലങ്ങളുടെ മാർദ്ദവം കാലുകളെ കുളിരണിയിച്ചു. മുന്നിൽ ആകാശത്ത് പൂർണ ചന്ദ്രന് അസാമാന്യ വലിപ്പമുണ്ടായിരുന്നു. പൂമരങ്ങൾക്കിടയിലൂടെ കാണുമ്പോൾ അത് മനോഹരമായ കാഴ്ചയായിരുന്നു. മാലാഖമാർ ജയരാമനെ കൊട്ടാരമദ്ധ്യത്തിലെ ഉദ്യാനം വരെ അനുഗമിച്ചു. വശ്യമായ സുഗന്ധം നാസാരന്ധ്രങ്ങളെ ത്രസിപ്പിച്ചു. 


 അവിടെ വിവിധ വർണങ്ങളിലുള്ള, മായിക ഗന്ധമുള്ള അസംഖ്യം പൂക്കൾക്കിടയിൽ വജ്ര നിർമിതമായ സിംഹാസനം, അതിൽ അതിസുന്ദരനായ കിരീടധാരിയായ യുവാവ് .

ജയരാമനെ കണ്ടതും ആ യുവാവ് വിനയാന്വിതനായി സിംഹാസനത്തിൽ നിന്നുമിറങ്ങി അരികിലെത്തി. ജയരാമന് മുന്നിൽ ശിരസ് നമിച്ച് തറയിൽ മുട്ടുകുത്തി. മാലാഖമാർ കൊണ്ടു വന്ന പനിനീരുകൊണ്ട് യുവാവ് ജയരാമന്‍റെ പാദം കഴുകി. ശേഷം ജയരാമനെ അയാൾ സിംഹാസനത്തിലേക്കാനയിച്ചു. ജയരാമനെ സിംഹാസനത്തിലുപവിഷ്ടനാക്കി യുവാവ് തന്‍റെ കിരീടവും അംഗ വസ്ത്രവും ചെങ്കോലും ജയരാമന് നൽകി, പാദം നമസ്കരിച്ചു.

"ആരാണ് താങ്കൾ?, എന്തിനാണ് എനിക്കിത്ര വലിയ സ്വീകരണം?" ജയരാമൻ അതിശയം ഉള്ളിലൊതുക്കാതെ ചോദിച്ചു.

ശാന്തമായ പുഞ്ചിരിയോടെ ആ യുവാവ് മറുപടി പറഞ്ഞു, മനോഹരമായ ശബ്ദത്തിൽ,

 " നിന്‍റെ മുൻഗാമികൾ എന്നെ പല പേരുകളും വിളിച്ചു, അതൊക്കെ നീ വഴിയേ അറിയും, നിനക്ക് വിളിക്കാൻ ഞാനൊരു പേര് പറഞ്ഞു തരാം . ഇന്ന് മുതൽ നീയെന്നെ ആ പേരിൽ വിളിച്ചോളൂ, ഞാനിന്നു മുതൽ ആ പേരിലാണ് അറിയപ്പെടാൻ ആഗ്രഹിക്കുന്നത്....... രക്താംഗിതൻ... "


ആ പേര് കേട്ടപ്പോൾ ജയരാമന് ആശ്ചര്യം തോന്നി. കുറച്ച് മുൻപ് മഞ്ഞിൽ രക്ത ലിഖിതമായി കണ്ട പേര്! ഇതാ ആ പേര് ഒരു രൂപം കൈവരിച്ച് തന്‍റെ മുന്നിൽ നിൽക്കുന്നു, തന്നെ രാജാവായി വാഴിക്കുന്നു .

ആ സമയത്ത് ഒരു മാലാഖ കയ്യിലൊരു തട്ടവുമായി വന്നു. ആ തട്ടത്തിൽ മനോഹരമായ മഷിപ്പേനയും ഒരു ഒഴിഞ്ഞ മഷിക്കുപ്പിയും ഒരു കത്തിയും ഉണ്ടായിരുന്നു. രക്താംഗിതൻ ആ പേനയും മഷിക്കുപ്പിയും എടുത്ത് ജയരാമന് നേർക്ക് നീട്ടി. ജയരാമൻ പേന വാങ്ങി പരിശോധിച്ചു. വളരെ മനോഹരം ,

അപ്പോഴും അയാൾ ഒഴിഞ്ഞ മഷിക്കുപ്പി നീട്ടിപ്പിടിച്ചിട്ടുണ്ടായിരുന്നു.

"അതിൽ മഷിയില്ലല്ലോ, പിന്നെങ്ങനെ ഈ പേന കൊണ്ട് എഴുതാൻ കഴിയും? " ജയരാമൻ തന്‍റെ ന്യായമായ സംശയം അയാളോട് ചോദിച്ചു.

അയാൾ പുഞ്ചിരിയോടെ തട്ടത്തിൽ നിന്നും കത്തി കൈയ്യിലെടുത്ത് സ്വന്തം വിരലറുത്തു. ആ കാഴ്ച കണ്ട് ജയരാമൻ നടുങ്ങി. മുറിവിൽ നിന്നും ചീറ്റിയ ചോര അയാൾ മഷിക്കുപ്പിയിൽ നിറച്ച് ജയരാമന്‍റെ കൈയ്യിൽ വച്ചു കൊടുത്തു. ജയരാമന്‍റെ കൈകൾ ഭയം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു.

" നീ ഇനി എഴുതേണ്ടത് എന്‍റെ രക്തം കൊണ്ടാണ് "

അത് പറയുമ്പോൾ അയാളുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കമനുഭവപ്പെട്ടു, കനലെരിയുന്ന പോലെ... പെട്ടെന്ന് ആകാശം ചോരച്ചുവപ്പണിഞ്ഞു, ആ ഉദ്യാനത്തിലെ പൂക്കളെല്ലാം രക്തവർണമായി, മരങ്ങളിലെ ഇലകളെല്ലാം കരിഞ്ഞുണങ്ങി വീണു, പിന്നാലെ പൂക്കളും, പൂക്കളിൽ നിന്നും തറയിൽ രക്തം പരന്നൊഴുകി. മാംസം അഴുകിയ ഗന്ധം മൂക്കിലൂടെ തുളച്ച് കയറി.

ചോരച്ചുവപ്പണിഞ്ഞ ചന്ദ്രന് കീഴെ അയാളുടെ ചുണ്ടിലെ പുഞ്ചിരി ഭയാനകമായ പൊട്ടിച്ചിരിയായി മാറി. വജ്ര നിർമ്മിതമായ സിംഹാസനം ചുട്ടുപഴുക്കാൻ തുടങ്ങി. ജയരാമൻ സിംഹാസനത്തിൽ നിന്നും ചാടിയെണീറ്റു.

എന്ത് വേണമെന്നറിയാതെ നിന്ന ജയരാമന് തന്‍റെ നെഞ്ച് ഉള്ളിലിരുന്നാരോ വലിച്ച് തുറക്കുന്നത് പോലെ തോന്നി, തന്റെ നെഞ്ചിലെ അസ്ഥികൾ പൊട്ടി ഹൃദയം പുറത്തേക്ക് വരുന്നതായി ജയരാമൻ അറിഞ്ഞു. അടുത്ത നിമിഷത്തിൽ ജയരാമന്‍റെ നെഞ്ച് പിളർന്ന് ആ ചെന്നായ പുറത്ത് ചാടി, അഘോരിയുടെ അമ്പേറ്റു വീണ് , പിന്നീട് പിടഞ്ഞെണീറ്റ് തന്‍റെ നെഞ്ചിലേക്ക് ചാടിക്കയറിയ അതേ ചെന്നായയാണതെന്ന് ജയരാമൻ തിരിച്ചറിഞ്ഞു.

ആ ചെന്നായ തട്ടവുമായി നിന്ന മാലാഖയുടെ തല നിമിഷ നേരം കൊണ്ട് കടിച്ചു മുറിച്ചു. മാലാഖയുടെ കബന്ധത്തിൽ നിന്നും ചുടു ചോര ജയരാമന്‍റെ മുഖത്തേക്ക് ചിതറിത്തെറിച്ചു. ജയരാമൻ രണ്ട് കൈ കൊണ്ടും മുഖം പൊത്തിപ്പിടിച്ച് ഉച്ചത്തിൽ അലറി......    നോ..........

 

തുടരും...

Renjith Vellimon

Post a Comment

Type your valuable comments here

Previous Post Next Post