അദ്ധ്യായം - 5
കണ്ണടച്ചാൽ തെളിഞ്ഞ് വരുന്നത് സിസ്റ്റർ ജെസിയുടെ മഞ്ഞിൽ പുതഞ്ഞ ശവശരീരമാണ് , ജയരാമന് ആ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. ചിന്തകൾ ഭ്രാന്തമായി അലയുകയായിരുന്നു . സ്വപ്നവും യാഥാർത്ഥ്യവും തമ്മിൽ വേർതിരിക്കാനാവാത്ത വിധം കൂടിക്കലർന്നിരിക്കുന്നു. ആ തടിപ്പെട്ടിയിലെ കടലാസു കഷ്ണത്തിൽ ജെസി അവസാനം വായിച്ചതും, അവളുടെ മരണവും, അതൊരു വലിയ സമസ്യയായി മാറിയിരിക്കുന്നു. താൻ കണ്ടതു പോലെ ഒരു അഘോരിയും ഈ മഞ്ഞുമലയിലില്ലെന്ന് എല്ലാരും ഒരേ സ്വരത്തിൽ പറയുന്നു. ഇവിടെയുള്ളത് നാഗസന്യാസിമാരാണെന്ന്, അവരിൽ അതീന്ദ്രിയ ജ്ഞാനവും, ടെലിപ്പതിയും, പരകായ പ്രവേശവുമൊക്കെ സാദ്ധ്യമാക്കുന്നവരുമുണ്ടത്രേ. ഈ ഹോട്ടലിനു മറുവശത്തെ ചെങ്കുത്തായ മലയടിവാരത്തിൽ അത്തരം അസാമാന്യ ശക്തികളുള്ളൊരു നാഗസന്യാസിയുണ്ടെന്ന് ഹോട്ടൽ മാനേജർ താഹിർ പറഞ്ഞു. അയാൾക്ക് തന്നെ സഹായിക്കാനാകുമോ? എന്തായാലും ഒന്ന് തിരക്കി വരാൻ കൂട്ടുകാരോട് പറഞ്ഞേൽപിച്ചിട്ടുണ്ട്.
മനസ്സിൽ ഉത്തരം വേണ്ട കുറേയേറെ ചോദ്യങ്ങൾ മാത്രമാണുള്ളത്.
ആരാണ് രക്താംഗിതൻ?
നന്മയോ? അതോ തിന്മയോ? ജെസിക്ക് എന്താണ് സംഭവിച്ചത്? ആ കടലാസു കഷ്ണങ്ങളിലൊളിപ്പിച്ച നിഗൂഢതകളെന്തൊക്കെയാണ്? ....? .....?...
ജയരാമൻ ആ പെട്ടി തുറന്നു, കാലപ്പഴക്കത്താലും,
പ്രാണികളുടെ ആക്രമണത്താലും പാതിയിലധികം നാശമായിക്കഴിഞ്ഞിരുന്ന
പേപ്പർ തൊട്ടാൽ പൊടിയുന്ന അവസ്ഥയിലാരുന്നു. ആരോ തിടുക്കപ്പെട്ടെഴുതിയതാണെന്ന്
കൈയക്ഷരം കണ്ടപ്പോൾ തോന്നി. മുഴുവൻ ഹിന്ദിയിലാണെഴുതിയിരിക്കുന്നത്.
ഒരു സംഭ്രമജനകമായ ജീവചരിത്രമായിരുന്നു അത്. പക്ഷേ ജയരാമനെ
അദ്ഭുതപ്പെടുത്തിയ വസ്തുത, ആ കടലാസ് കഷ്ണങ്ങളിലെ ജീർണതയെ
അതിജീവിച്ച് അവശേഷിച്ച ഭാഗങ്ങളിലൊരിടത്തും ആ കഥയിലെ കേന്ദ്ര കഥാപാത്രത്തിന്‍റെ
പേരില്ലായിരുന്നു എന്നതാണ്. കൃത്യം ആ ഭാഗങ്ങൾ പൊടിഞ്ഞു പോയിട്ടുണ്ടായിരുന്നു.
ആദ്യത്തെ കുറച്ച് കടലാസുകൾക്കടിയിൽ പൂർണമായും പൊടിഞ്ഞ് ഭസ്മമായ
പേപ്പറുകളായിരുന്നു. അപൂർണമായി ജയരാമൻ വായിച്ച ആ കഥ മുഴുവൻ പേടിപ്പെടുത്തുന്ന,
മരണദൂതനായ ഒരു പ്രതിനായകന്‍റെ കഥയായിരുന്നു.
ജയരാമന്‍റെയുള്ളിലെ ഉത്തരമില്ലാത്ത സമസ്യകളെ വലിയൊരു ഭയമായി
മാറ്റിയത്, ആ പെട്ടിയിൽ നിന്നും കിട്ടിയ അവസാനത്തെ
തുണ്ടുകടലാസിലെ വരികളാണ്, ആ കഥാകൃത്തിന്‍റെ കുറിപ്പ്.
" ആ വലിയ അപകടം എന്‍റെ മരണത്തിലേക്കുള്ള യാത്രയുടെ
കവാടമാണെന്ന് ഞാനുറപ്പിച്ചിരുന്നു. പക്ഷേ ചെന്ന് പെട്ട ആ ഇരുട്ടുമൂടിയ ഗുഹയിലെ
ചൂടു നീരുറവ എനിക്ക് പുതിയൊരു ഊർജം തന്നു. അവിടെ ചിതറിയ രുദ്രാക്ഷമണികൾക്കിടയിൽ നിന്നുമെനിക്ക്
കിട്ടിയ തടിപ്പെട്ടിയിൽ നിന്നാണ് ഈ കഥ ജനിക്കുന്നത്. സ്വപ്നവും യാഥാർത്ഥ്യവും
പലപ്പോഴും എന്നെ പരീക്ഷിച്ചു. ആ പരീക്ഷയെയെല്ലാം അതിജീവിച്ച് ഞാൻ നേടിയ വിജയമാണ് ഈ
കഥ, ഇവിടെ തുടങ്ങുകയാണ് .............. ന്‍റെ കഥ."
കൃത്യം അവിടെയും കഥാപാത്രത്തിന്‍റെ പേരെഴുതിയ ഭാഗം പൊടിഞ്ഞു
പോയിരിക്കുന്നു.
ജയരാമന്‍റെ തൊണ്ട വരണ്ടു. തനിക്കടുത്തായി, തന്‍റെ
പിന്നിൽ ആരോ ഉണ്ടെന്ന് അയാൾക്ക് തോന്നി. മുന്നിലിരുന്ന മൊബൈൽ സ്ക്രീനിൽ ഒരു നിഴൽ
പോലെ എന്തോ ഒന്ന് പിന്നിൽ നിൽക്കുന്നത് കണ്ടു. പെട്ടെന്ന് തിരിഞ്ഞ് നോക്കിയപ്പോൾ
ആരുമില്ല. തനിക്ക് ചുറ്റുമായി ആരോ നടക്കുന്നുണ്ട്, നേർത്ത
പാദ പതന ശബ്ദവും , ശ്വാസോഛാസത്തിന്‍റെ ശബ്ദവും കാതോർത്താൽ
കേൾക്കാൻ പറ്റുന്നുണ്ട് . അദൃശ്യനായ മരണം ഇപ്പോഴും തന്റെയൊപ്പമുണ്ടെന്നുറപ്പിച്ച
ജയരാമൻ ഫോണെടുത്ത് അമ്മയുടെ നമ്പർ ഡയൽ ചെയ്തു.
"എന്താടാ പതിവില്ലാത്ത ഒരു വിളി ?" ആ
ഫോൺ വിളി അമ്മയക്ക് അപ്രതീക്ഷിതമായിരുന്നു, "എന്താടാ
വിശേഷിച്ച്?"
നമ്മൾ അവസാനം പോയിക്കണ്ട ജ്യോൽസ്യനില്ലേ. അമ്മ അയാളുടെ ഫോൺ നമ്പർ
കയ്യിലുണ്ടേൽ എനിക്കൊന്നയച്ച് താ, ഒരത്യാവശ്യ കാര്യം
സംസാരിക്കാനാണ് , ജയരാമന്‍റെ സംസാരത്തിൽ അസ്വാഭാവികത തോന്നിയ
അമ്മ പലതും ചോദിച്ചെങ്കിലും ഉത്തരങ്ങൾ നൽകാതെ അയാൾ ഒഴിഞ്ഞുമാറി. നമ്പർ
നോക്കിയെടുത്ത് നൽകാമെന്ന് പറഞ്ഞ് അമ്മ ഫോൺ കട്ട് ചെയ്തു. ആ ജ്യോൽസ്യന് തന്നെ
ഉറപ്പായും സഹായിക്കാൻ കഴിയുമെന്ന് ജയരാമന് തോന്നി. അയാൾ പ്രവചിച്ച മരണം
തൊട്ടടുത്ത് വരെ വന്നിട്ട് പോയതല്ലേ.
ജയരാമന് വല്ലാത്ത പരവേശം തോന്നി. അന്ന് ആ മഞ്ഞിടിഞ്ഞ് താഴേക്ക്
വീണുപോയപ്പോളറിഞ്ഞ കുളിരും, ഗുഹക്കുള്ളിലെ ഉറവയുടെ ചൂടും
ജയരാമന് മാറി മാറി അനുഭവപ്പെട്ടു. അന്ന് അവിടെ വച്ച് അനുഭവപ്പെട്ടതു പോലെ
ചുടുചോരയുടെ ഗന്ധം മൂക്കിലേക്ക് തുളഞ്ഞ് കയറുന്നു, ജയരാമൻ
കസേരയിൽ നിന്നും ചാടിയെണീറ്റു. തന്റെ ഹൃദയമിടിപ്പിന് ഒച്ച കൂടിയതു പോലെ ജയരാമന്
തോന്നി. ജയരാമൻ ജനലരികിലെ ടേബിളിനടുത്തേക്ക് ചെന്നു, പെട്ടി
അവിടെ വച്ചിട്ട്, ഫ്ലാസ്കിൽ നിന്നും അൽപം ചൂടുവെള്ളം
ഗ്ലാസിലൊഴിച്ചു. വെള്ളം കുടിക്കാനായി ചുണ്ടോടടുപ്പിച്ചപ്പോഴാണ്
കണ്ടത് ഗ്ലാസിൽ വെള്ളത്തിനു പകരം രക്തം. ജയരാമൻ ഗ്ലാസ് വലിച്ചെറിഞ്ഞു. പെട്ടെന്ന്
ആ മുറിയിലെ വെളിച്ചം പോയി. എന്തുകൊണ്ടോ ഇരുട്ടിൽ നിൽക്കാൻ അയാൾക്ക് ഭയം തോന്നി.
പുറത്ത് ഭയങ്കരമായ കാറ്റ്. പെട്ടെന്നാണ് അതിശക്തമായൊരു
മിന്നലുണ്ടായത്, ആ വെളിച്ചത്തിൽ ജയരാമൻ തന്‍റെ ജനാലക്ക്
പുറത്ത് ഭീമാകാരനായ ഒരു സത്വത്തെ കണ്ടു. ഭയന്ന് പിന്നോട്ട് മാറിയ ജയരാമൻ
കട്ടിലിലേക്ക് വീണു പോയി. ആ വീഴ്ചയിൽ തല ശക്തിയായി കട്ടിലിലിടിച്ചു, നെറ്റിയിലെ മുറിവിൽ നിന്നും പൊടിഞ്ഞ ചോരയുടെ നനവ്
അയാളറിയുമ്പോഴേക്കും മനസ് അബോധത്തിലേക്ക് മറയുകയായിരുന്നു. ബോധത്തിന്‍റെ അവസാന കണ്ണിയിൽ ജയരാമൻ കണ്ടത് തന്‍റെ കഴുത്തിന് നേരെ വരുന്ന നീണ്ട വിരലുകളിൽ കൂർത്ത നഖങ്ങളുള്ള രണ്ട് കൈകളായിരുന്നു.
രക്താംഗിതന്‍റെ ചുണ്ടുകളിലൂടെ രക്തമൊഴുകുന്നുണ്ടായിരുന്നു. അയാളുടെ
കരുത്തേറിയ പല്ലുകൾക്കിടയിൽ വല്ലാത്ത ശബ്ദത്തോടെ എന്തോ ഞെരിഞ്ഞുടയുന്നത് ജയരാമൻ കേട്ടു.
അയാൾ എന്തോ ആസ്വദിച്ച് ചവച്ചരച്ച് കഴിക്കുകയാണ്. ചുണ്ടിലൂടെ ഒലിച്ചിറങ്ങിയ ചോര
അയാൾ നാവുകൊണ്ട് ഒപ്പിയെടുത്തു. ചോരച്ചുവപ്പണിഞ്ഞ നീളമേറിയ നാവ് രക്തത്തിനായി
ദാഹിക്കുന്നതായി തോന്നി. അയാൾ ജയരാമനരികിലേക്ക് വന്നു, വളരെ
സ്നേഹത്തോടെ അത് ജയരാമന്‍റെ കൈവെള്ളയിലേക്ക് വച്ചു കൊടുത്തു. തണുപ്പുള്ള, തിളങ്ങുന്ന ആ രണ്ട് വലിയ മണികൾ ജയരാമൻ കൗതുകത്തോടെ പരിശോധിച്ചു. അടുത്ത
നിമിഷം ജയരാമൻ നടുങ്ങി വിറച്ചു.
തന്‍റെ കൈകളിലിരിക്കുന്നത് ചൂഴ്ന്നെടുക്കപ്പെട രണ്ട്
കണ്ണുകളായിരുന്നു. ജയരാമൻ അത് വലിച്ചെറിഞ്ഞു. പുഴുങ്ങിയ കോഴിമുട്ടയെന്ന പോലെ അവയും
രക്തംഗിതൻ ഭക്ഷിച്ചു. അയാളുടെ പല്ലുകൾക്കിടയിൽ ഞെരിഞ്ഞുടയും മുൻപ് ആ കണ്ണുകൾ
ജയരാമൻ അവസാനമായി ഒരിക്കൽ കൂടി കണ്ടു, എവിടോ താൻ കണ്ട
തിളക്കമുള്ള കുസൃതിക്കണ്ണുകൾ, പക്ഷേ ഇപ്പോഴതിൽ ഭയവും
ദൈന്യവും നിറഞ്ഞ് നിൽക്കുന്നു.
" സിസ്റ്റർ ജെസി " ആ ബോദ്ധ്യം തലച്ചോറിലേക്ക് വന്ന നിമിഷം
രക്താംഗിതന്‍റെ കൈകളുടെ തണുപ്പ് തന്‍റെ മുടിയിഴകൾക്കിടയിൽ ജയരാമൻ അറിഞ്ഞു. കുളിരണിയിക്കുന്ന
മസാജിന്‍റെ സുഖകരമായ മയക്കത്തിൽ ജയരാമൻ ഇരുന്നു പോയി. അടുത്ത നിമിഷം രക്തംഗിതൻ
ജയരാമന്റെ തലയിലേക്ക് നഖങ്ങളാഴ്ത്തി. ജയരാമന്‍റെ തലയോട്ടി
തകർത്ത് തലച്ചോർ അയാൾ പുറത്തെടുത്തു. ഭയപ്പെടുത്തുന്ന ഒച്ചയിൽ രക്താംഗിതൻ
പൊട്ടിച്ചിരിച്ചു.
അസ്ഥി മരവിക്കുന്ന ഹിമാലയത്തിന്‍റെ തണുപ്പിൽ ജയരാമൻ വെട്ടി വിയർത്ത്
ഞെട്ടിയുണർന്നു. എന്ത് ഭ്രാന്തൻ സ്വപ്നങ്ങളാണ് കഴിഞ്ഞ കുറേ മണിക്കൂറുകളായി തന്നെ
വേട്ടയാടുന്നത് . എന്താണിങ്ങനെയൊക്കെ സംഭവിക്കുന്നത്.?
തലയിലെ മുറിപ്പാടിൽ നിന്നും ഒലിച്ചിറങ്ങിയ രക്തം ജയരാമൻ തുടച്ചു കളഞ്ഞു.
തലക്ക് പിന്നിൽ കട്ടിലിലിടിച്ച ഭാഗം മുഴച്ചു വന്നിരിക്കുന്നുണ്ടായിരുന്നു.
മുറിയിലെ കോളിംഗ് ബെൽ മുഴങ്ങി, ഒപ്പം മുറിയിലെ
വെളിച്ചവും വന്നു. ജയരാമൻ പോയി വാതിൽ തുറന്നു. അച്ചായനും പിള്ളേച്ചനും ഉമ്മറും
അകത്തേക്ക് കയറി വന്നു.
" നീ വരാഞ്ഞത് വല്യ നഷ്ടം തന്നെയായിരുന്നു, ഇന്നത്തെ ട്രെക്കിംഗ് കിടിലനായിരുന്നു." ഉമ്മറാണ് പറഞ്ഞത്
" അവന് നല്ല സുഖമില്ലാഞ്ഞോണ്ടല്ലേ? നാളെ
അവൻ വരും " ജയരാമന് വേണ്ടി അച്ചായൻ മറുപടി പറഞ്ഞു. ഇതേ സമയം പിള്ളേച്ചൻ
ഫ്ലാസ്കിൽ നിന്നും ഗ്ലാസിലേക്ക് വെള്ളമൊഴിച്ചു. അത് കുടിക്കാനായി തുടങ്ങിയപ്പോഴാണ്
ജയരാമൻ കണ്ടത്.
" അത് കുടിക്കരുത്.... അതിൽ രക്തമാണ്"
"നിനക്കെന്താ വട്ടായോ? ഇത്
തിളപ്പിച്ചാറ്റിയ വെള്ളമാണ് " പിള്ളേച്ചൻ ഗ്ലാസിലെ വെള്ളം ജയരാമനെ കാണിച്ച്
ബോധ്യപ്പെടുത്തി. ജയരാമന്‍റെ കണ്ണുകൾ താനെറിഞ്ഞുടച്ച ഗ്ലാസിനായി പരതി, സ്വിച്ച് ബോർഡിന് താഴെ ഗ്ലാസ് പൊട്ടിച്ചിതറിക്കിടക്കുന്നുണ്ടായിരുന്നു,
വെള്ളം അവിടെ പരന്നൊഴുകിയിട്ടുണ്ടായിരുന്നു. കൂട്ടുകാരും അത് കണ്ടു.
" എന്താടാ ജയാ നിനക്ക് എന്താ പറ്റിയത്? വായനയുടെ
വിസ്മയലോകത്ത് വായനക്കാരെ അമ്പരപ്പിക്കുന്ന വലിയ എഴുത്തുകാരൻ അല്ലേ നീ., നിന്‍റെ അപകടവും, ആ പെട്ടിയും, പിന്നൊരു ഭ്രാന്തൻ സ്വപ്നവും, ജെസിയുടെ മരണവുമൊന്നും
നീ ഒന്നായി കാണേണ്ട. അതൊക്കെ യാദൃശ്ചികമാണ്. ജെസിയെ ആരോ തലയറുത്ത് കൊന്നിട്ട്
ശവശരീരം അവിടെ കൊണ്ടു വന്നിട്ടതാകാമെന്നാ പോലീസിന്‍റെയും ഫോറൻസിക്കിന്‍റെയും നിഗമനം,
അല്ലാതെ പ്രേതവും പിശാചുമൊന്നുമല്ല കൊന്നത്, ഞങ്ങളന്വേഷിച്ചതാ."
ജയരാമന്‍റെ തോളിലൂടെ കയ്യിട്ട് തന്നോട് ചേർത്ത് പിടിച്ചാണ് അച്ചായൻ അത് പറഞ്ഞത്.
ഒന്നും വെറും തോന്നലുകളും സ്വപ്നങ്ങളുമല്ല, എന്‍റെ
നിയോഗമാണ്, ആ പെട്ടിയിലെ കടലാസ് കൂനയിലുള്ള കഥ
ലോകത്തിനറിയില്ല, അതെഴുതിയ ആളിനെയും. ഒരു എഴുത്തുകാരനായ
എന്നെ ഈ സമസ്യയിലകപ്പെടുത്തിയത് ദൈവമായാലും ചെകുത്താനായാലും ലക്ഷ്യം ഒന്നാണ്,
രക്താംഗിതന്‍റെ കഥ എന്നിലൂടെ ലോകമറിയണം.
ജയരാമന്‍റെ വാക്കുകൾ അവന്‍റെയുള്ളിലെ ഉറച്ച തീരുമാനത്തെ
പ്രതിധ്വനിപ്പിച്ചു.
"എന്ത് കഥ, ഒക്കെ വെറും സ്വപ്നങ്ങളാണ്.
നാളെ കഴിഞ്ഞ് നമ്മൾ ഈ ഹിമാലയ പർവ്വതത്തോട് യാത്ര പറഞ്ഞ് തിരിക്കും , അനാവശ്യമായ ചിന്തകളും, മണ്ടൻ സ്വപ്നങ്ങളും ഈ ഹോട്ടൽ
മുറിയിൽ ഉപേക്ഷിച്ചിറങ്ങണം നീ... "
പിള്ളേച്ചൻ തന്‍റെ അഭിപ്രായം തുറന്ന് പറഞ്ഞു, പക്ഷേ
ജയരാമൻ അതൊന്നും ചെവിക്കൊള്ളാൻ തയ്യാറായില്ല.
ഞാൻ ഈ പറഞ്ഞത് നിങ്ങൾക്ക് വിശ്വാസമാകണമെങ്കിൽ ആ പൊളിഞ്ഞ പെട്ടിയിലെ
ദ്രവിച്ച കടലാസിൽ അപൂർണമായ വാചകങ്ങളിലൂടെ ഞാൻ വായിച്ച ആ പ്രതിനായകന്‍റെ , അല്ല നായകന്‍റെ കഥ നിങ്ങൾ വായിക്കണം. അത്രയും പറഞ്ഞ് ജയരാമൻ തന്‍റെ
കൂട്ടുകാരെ കാണിക്കാനായി പെട്ടിയെടുത്തു. പക്ഷേ അതിലെ കടലാസു തുണ്ടുകൾ മുഴുവൻ വെള്ളത്തിൽ
കുതിർന്ന് പൊറോട്ടക്ക് കുഴച്ച മാവിന്‍റെ അവസ്ഥയിലായിരുന്നു. പക്ഷേ അതെങ്ങനെ
സംഭവിച്ചു എന്നു മാത്രം അവർക്ക് മനസിലായില്ല. എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു,
ഒരു തെളിവിന് പോലും ഒന്നും അവശേഷിപ്പിക്കാതെ. ജയരാമന് വല്ലാത്ത
നിരാശ തോന്നി. ഭ്രാന്തനെപ്പോലെ അയാൾ പെട്ടിക്കുള്ളിലുള്ളതെല്ലാം വാരി പുറത്തിട്ടു
. ഉന്മാദിയെപ്പോലെയുള്ള ജയരാമന്‍റെ പെരുമാറ്റം കണ്ട് ഒരു നിമിഷം കൂട്ടുകാർ
പകച്ചുപോയി. ഉമ്മർ വന്ന് ജയരാമനെ പിടിച്ചു മാറ്റി. അയാളുടെ കയ്യിൽ നിന്നും പെട്ടി
തറയിൽ തെറിച്ച് വീണു. ആ വീഴ്ചയിൽ പെട്ടിയിൽ നിന്നും ഒരു ലോഹത്തതിട് തെറിച്ചു പോയി.
അച്ചായൻ അതെടുത്തു, അതിലെന്തോ എഴുതിയിട്ടുണ്ടായിരുന്നു,
ഹിന്ദിയിൽ .
ജയരാമൻ കൂട്ടുകാർക്ക് വേണ്ടി ആ വാചകം ഉറക്കെ വായിച്ചു .
"നിനക്ക് ഇവിടെ വരെ വരാം, ഇതിനപ്പുറം
മരണത്തിന്‍റെ പാതയാണ് , ഭീരുവിനെപ്പോലെ
പിന്തിരിഞ്ഞോടിക്കോളൂ.... "
നാശം പിടിക്കാനായിട്ട്, ശാപം പിടിച്ചൊരു
പെട്ടി, ഉമ്മർ ആ പെട്ടി ഗ്ലാസ് ജനാല നീക്കി പുറത്തെ
മഞ്ഞിലേക്ക് വലിച്ചെറിഞ്ഞു.
"ജയാ വേണ്ട, നമുക്കിത് ഇവിടെ വച്ച്
അവസാനിപ്പിക്കാം, സമാധാനത്തോടെ നാട്ടിലേക്ക് പോകാം ".
ഉമ്മർ പറഞ്ഞതിനെ അച്ചായനും പിന്താങ്ങി. " താഹിർ പറഞ്ഞ ആ നാഗസന്യാസി ഞങ്ങളെ
കാണാൻ പോലും കൂട്ടാക്കിയില്ല. നിങ്ങൾ അഞ്ചു പേരും ഒന്നിച്ച് വരാനാ അയാൾ
പറഞ്ഞയച്ചത്, പക്ഷേ നമ്മൾ നാലാളേയുള്ളു എന്ന് പറഞ്ഞപ്പോൾ
അയാളുടെ ശിഷ്യന്‍റെ മുഖത്ത് പോലും ഗൂഢമായ പുഞ്ചിരിയുണ്ടായിരുന്നു. "കൂടെയുള്ള
മരണത്തെ കാണാൻ ആർക്കും കഴിയില്ല, അതു നമ്മളെ ആലിംഗനം
ചെയ്യുന്നത് വരെ ", എന്നും പറഞ്ഞ് അയാളും പോയി.....
അയാൾ പറഞ്ഞത് നമുക്കൊപ്പം മരണമുണ്ടെന്നല്ലേ? അതാടാ പറഞ്ഞത്
നമുക്ക് തിരിച്ച് പോകാം, നമ്മുടെ നാട്ടിലേക്ക്, അത് പറയുമ്പോൾ പിള്ളേച്ചന്‍റെ കണ്ണുകളിൽ മരണഭയമായിരുന്നു.
"അങ്ങനെ നാട്ടിലെത്തിയാൽ എല്ലാം ശരിയാകുമെന്ന് കരുതുന്നുണ്ടോ?
ഒരു ഒളിച്ചോട്ടമല്ല പരിഹാരം. എന്തായാലും നാളെ നമുക്കൊന്നിച്ച് പോയി
ആ നാഗസന്യാസിയെ കാണാം, എന്നിട്ട് മുന്നേ നമ്മൾ തിരുമാനിച്ച
പോലെ മറ്റന്നാൾ മടക്കയാത്ര. അതിന് മുൻപ് എനിക്ക് എന്‍റെ മരണം പ്രവചിച്ച ആ
ജ്യോൽസ്യനോട് ഒന്ന് സംസാരിക്കണം, അയാൾക്കെന്തെങ്കിലും
എന്നോട് പറയാനുണ്ടാകും, അമ്മയുടെ കയ്യിൽ അയാളുടെ നമ്പരുണ്ട്,
ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് " ജയരാമൻ എല്ലാം തീരുമാനിച്ചിരുന്നു.
കൂട്ടുകാർ മുഖാമുഖം നോക്കി , അതേ സമയം ജയരാമന്‍റെ ഫോൺ റിംഗ്
ചെയ്തു.
" ആ ജ്യോൽസ്യന് നൂറായുസാണ് " അമ്മയുടെ കോൾ ആയിരുന്നു,
ജയരാമൻ ഫോൺ നമ്പർ കുറിച്ചെടുക്കാൻ ഒരു പേനയും തറയിൽ കിടന്ന കടലാസ്
തുണ്ടും എടുത്ത് വച്ചിട്ടാണ് കോൾ അറ്റൻഡ് ചെയ്തത്. പക്ഷേ ഫോണിൽ സംസാരിച്ച ജയരാമന്‍റെ
മുഖം വിവർണമായി , ഫോൺ വേഗം കട്ട് ചെയ്തു.
"എന്താടാ ? എന്ത് പറ്റി? നമ്പർ കിട്ടിയില്ലേ? അച്ചായന്‍റെ ചോദ്യം പോലും
ജയരാമനിൽ ഞെട്ടലുളവാക്കി.
"അൽപം മുൻപ് ഒരു വാഹനാപകടത്തിൽ ആ ജ്യോൽസ്യൻ
കൊല്ലപ്പെട്ടു" അത് പറയുമ്പോൾ ജയരാമന്‍റെ തൊണ്ടയിടറി, കൂട്ടുകാരുടെ
മുഖത്ത് ഭയം ഇരച്ച് കയറി, അരികിലെവിടെയോ മരണമുണ്ട്. ജയരാമൻ
അപ്പോഴാണ് നമ്പർ കുറിച്ചെടുക്കാൻ എടുത്ത കടലാസ് ആ പെട്ടിയിലുണ്ടായിരുന്ന തരമാണെന്ന്
തിരിച്ചറിഞ്ഞത്. അതിന്‍റെ മറുവശത്ത് എന്തോ എഴുതിയിട്ടുണ്ട്. അയാൾ അത് വായിച്ചു.
" നിനക്ക് ഒളിച്ചോടാം ഈ ഭൂമിയുടെ അങ്ങേയറ്റം വരെ , പക്ഷേ എന്‍റെ കണ്ണുകളെ കബളിപ്പിക്കാൻ നിനക്ക് കഴിയില്ല."
ഭയം വല്ലാത്തൊരു നിശബ്ദതയായി അവർക്കിടയിൽ തളം കെട്ടി നിന്നു ,
ആ രാത്രി അവർ പിന്നീടൊന്നും സംസാരിച്ചില്ല. ഉറക്കം ഒരാശ്വാസമായി
കണ്ട് കൂട്ടുകാർ ഉറങ്ങി. പക്ഷേ ജയരാമന് ഉറങ്ങാൻ പോലും ഭയമായിരുന്നു, വേട്ടയാടുന്ന ദുസ്വപ്നങ്ങളെ അയാൾ അത്രക്ക് ഭയന്നിരുന്നു. എല്ലാവരും
ഉറങ്ങുമ്പോൾ ജയരാമൻ ഉണർന്നിരുന്നു. ഗ്ലാസ് ജനാലക്കരികിലെ കസേരയിൽ നിലാവിൽ തിളങ്ങുന്ന മഞ്ഞുമലകൾക്ക് വല്ലാത്തൊരു ഭംഗിയാണ്.
ജയരാമന്റെ കൈകൾ മേശപ്പുറത്ത് അലക്ഷ്യമായി പരതുകയായിരുന്നു. കൈയ്യിൽ
ആപ്പിൾ മുറിക്കാനായി വച്ച കത്തി തടഞ്ഞു.
ആ കത്തി വലതു കൈയ്യിൽ മുറുകെ പിടിച്ചു. പതിയെ ഇടതു കൈത്തണ്ടയോട് ചേർത്തു. ഇടതു കൈ മുറുകെപ്പിടിച്ചപ്പോൾ തെളിഞ്ഞു വന്ന ഞരമ്പുകളിൽ കത്തി അമർന്നു.
തുടരും....
No comments:
Post a Comment
Type your valuable comments here