July 05, 2020

COUNT DOWN (Novel) #4 & 5

അദ്ധ്യായം 4


 “ഒരു മരണം അന്വേഷിച്ച് തുടങ്ങിയിപ്പോൾ രണ്ട് ഐ.പി.എസ്സുകാരെ കാണാതായിരിക്കുന്നു. കാണാതായ മറ്റ് മൂന്ന് പോലീസുകാരിൽ ഒരാളുടെ ശവം കിട്ടി. വേറെ തുമ്പും തുരുമ്പും ഒന്നും കിട്ടിയിട്ടില്ല. എന്താണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എനിക്ക് വ്യക്തമായ റിപ്പോർട്ട് കിട്ടണം ഇപ്പോ,............... മിസ്റ്റർ ഡിജിപി ക്ക് എന്താണ് പറയാനുള്ളത് ? എക്സ്ക്യൂസുകളല്ലാതെ…”

 

പത്രക്കാരുടെ മുനവച്ച ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി കയറി വന്ന ആഭ്യന്തര മന്ത്രി ദേഷ്യത്തിലായിരുന്നു. അദ്ദേഹം വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. പി.എ പെട്ടെന്ന് തന്നെ അദ്ദേഹം സ്ഥിരമായി കഴിക്കാറുള്ള ബി പി യുടെ ടാബ്ലെറ്റ് കൊടുത്തു പിന്നാലെ ഒരു ഗ്ലാസ് വെള്ളവും. ഗുളിക വിഴുങ്ങിയ അദ്ദേഹം വെള്ളം മുഴുവൻ ഒറ്റ വലിക്ക് കുടിച്ച് തീർത്ത് ഒരു ദിർഘനിശ്വാസമെടുത്തു. അപ്പോഴും ഒന്നും മിണ്ടാതെ ഈ പ്രവർത്തി വീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഡിജിപി. അത് കണ്ടപ്പോൾ മന്ത്രിയുടെ ദേഷ്യം പിന്നെയും ഇരട്ടിച്ചു.

 

“മിസ്റ്റർ ഡി ജി പി .....” അൽപം ഉച്ചത്തിലാണ് അദ്ദേഹം വിളിച്ചത്. ആ ദേഷ്യം ബി പി കൂട്ടുമെന്ന് മനസിലാക്കിയ പി.എ വേഗം അടുത്തേക്ക് വന്നു. അപേക്ഷാ സ്വരത്തിൽ “സാർ പ്ലീസ്….. ഡോക്ടർ പറഞ്ഞത്.......”

 

പക്ഷേ പറഞ്ഞ് മുഴുമിപ്പിക്കാൻ മന്ത്രി അനുവദിച്ചില്ല.

 

“ഡോക്ടർക്ക് കേരളത്തിലെ ആഭ്യന്തര മന്ത്രിയുടെ ഹോട്ട് സീറ്റിനെപ്പറ്റി ഒരു ചുക്കും അറിയില്ല. അദ്ദേഹം പറയുന്ന പോലെ മൂന്ന് നേരം മരുന്നും കഴിച്ച് റെസ്റ്റ് എടുക്കാനല്ല ജനങ്ങൾ എന്നെ തിരഞ്ഞെടുത്ത് ഈ കസേരയിലിരുത്തിയതും. എന്താ ഇന്നിപ്പോ സംഭവിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് പോലീസുകാർ ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു. അതന്വേഷിച്ച് പോയ രണ്ട് ഐ.പി.എസ്സുകാർ എവിടെ? ഇതിൻറെയൊക്കെ പിന്നിൽ പ്രവൃത്തിച്ചു എന്ന് പോലീസ് പറയുന്ന നിഖിൽ രാമനും കൊല്ലപ്പെട്ടിരിക്കുന്നു. അത് ആരാ ചെയ്തത്? കാണാതായ മറ്റ് രണ്ട് പോലീസുകാർ എവിടെ? എനിക്ക് ഇതിനൊക്കെ ഉത്തരം ഇപ്പോൾ കിട്ടിയേ തീരു. പോലീസിന് പോലീസിനെ പോലും സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ പിന്നെ ഇന്നാട്ടിലെ ജനങ്ങളുടെ അവസ്ഥയെന്താണ്?”

 

മന്ത്രിയുടെ ക്ഷോഭം നിലതെറ്റി പോവുകയാണെന്ന് ഡി.ജി.പി ക്ക് മനസിലായി. ഡിജിപിയുടെ കണ്ണുകളിൽ ഉള്ളിൽ ഇരമ്പുന്ന സമ്മർദ്ദത്തിൻറെയും ഭയത്തിൻറെയും അലയൊലികൾ കാണാമായിരുന്നു.

 

“ സർ.... തീർത്തും ദൌർഭാഗ്യകരമായ കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഡി.വൈ.എസ്.പി രാജൻ ജോണിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത് നിഖിൽ രാമനെന്ന എക്സ് കൺവിക്ട് തന്നെയാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ശേഷം കാണാതായ സബ് ഇൻസ്പെക്ടർ പ്രസാദിൻറെ മൃതദേഹം കൊല്ലം തീരത്ത് നിന്നും കണ്ടെത്തി. ഇതിൻറെ അന്വേഷണം തുടങ്ങി വച്ച എ.സി.പി ശ്യാം മാധവ് മിസ്സിംഗ് ആയതിനെത്തുടർന്നാണ് എസ്.പി കിരൺ മാത്യു അന്വേഷണ സാരഥ്യം ഏറ്റെടുത്തത്. ശ്യാമിനെ മിസ്സ് ആയിടത്ത് നിന്ന് ലഭിച്ച ഭീഷണിക്കത്തിലാണ് കൂടുതൽ പോലീസുകാരെ അവർ കിഡ്നാപ്പ് ചെയ്തിട്ടുണ്ടെന്നും അവരുടെയൊന്നും ശവം പോലും കിട്ടില്ലെന്നും വാണിംഗ്   ലഭിച്ചത്. നിഖിൽ രാമനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം മുന്നോട്ട് കൊണ്ട് പോയത്. പക്ഷേ നമുക്കയാളെ ജീവനോടെ ലഭിച്ചില്ല. ആരോ വെടി വച്ച് കൊന്ന് വഴിയരികിൽ തള്ളി. പക്ഷേ തൊട്ടടുത്ത ദിവസം എസ്.പി.കിരൺ മാത്യുവിനെയും മംഗലാപുരത്തിന് സമീപം കാണാതാവുകയായിരുന്നു. ഡോക്ടർ അൻസിയ റഹാമാൻറെ അടുക്കൽ നിന്നും കിരൺ ബോർഡർ കടന്ന് കർണ്ണാടകയിലേക്ക് പോയത് എന്തിനെന്ന് വ്യക്തമല്ല. ഡോ.അൻസിയ റഹ്മാനും ഇപ്പോൾ മിസ്സിംഗ് ആണ്. ആയുധ ധാരികളായി കുറച്ചാളുകൾ ചേർന്ന് പട്ടാപ്പകൽ അവരെ കടത്തിക്കൊണ്ട് പോവുകയായിരുന്നു. കർണ്ണാടക രജിസ്ട്രേഷൻ വണ്ടിയിൽ വന്നവരാണ് അവരെ തട്ടിക്കൊണ്ട് പോയിരിക്കുന്നത്. സഹായത്തിനായി നമ്മൾ കർണ്ണാടക പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.”

 

ഡി.ജി.പി യെ തടസ്സപ്പെടുത്തിക്കൊണ്ട് മന്ത്രി ഇടയ്ക്ക് കയറി.

 

“മിസ്റ്റർ ഡി.ജി.പി ഒരു ചാനൽ റിപ്പോർട്ടർ പറയുന്ന റിപ്പോർട്ട് പോലെയൊന്ന് കേൾക്കാനല്ല താങ്കളെ വിളിപ്പിച്ചത്. നിങ്ങളെന്ത് ചെയ്തു? അല്ലെങ്കിൽ എന്ത് ചെയ്യാൻ കഴിയും.? നിങ്ങളുടെ കഴിവുകേട് അംഗീകരിച്ചാൽ പിന്നെ ഇതെല്ലാംകൂടി ചുരുട്ടിക്കെട്ടി സി.ബി.ഐക്ക് കൊടുക്കാം.  സോ ഇറ്റ്സ് ക്ലിയർ. ഐ വാണ്ട് ടു നോ യുവർ പ്ലാൻ ഓഫ് ആക്ഷൻ.”

 

മന്ത്രിയുടെ ദേഷ്യത്തിനുമുന്നിൽ ഡി.ജി.പി പതറി.

 

“ സർ മുൻപ് നമുക്ക് ലഭിച്ച ഒരു ഇൻറലിജൻസ് റിപ്പോർട്ട് ഉണ്ട്... കേരളത്തിലെ ഗുണ്ടാ ഗ്യാങ്ങുകളെ ഒരു നെറ്റ് വർക്കാക്കി ഒന്നിപ്പിച്ച് നിർത്തി ഇവിടെ അരാജകത്വം സൃഷ്ടിച്ച് എന്തൊക്കെയോ വലിയ പദ്ധതികൾ നടപ്പിൽ വരുത്താനിറങ്ങിത്തിരിച്ച മിലിറ്റൻറ് ഗ്രൂപ്പിമനെക്കുറിച്ച്.   ഇപ്പോഴത്തെ സ്ഥിതിഗതികൾ വിലയിരുത്തുമ്പോൾ മനസിലാകുന്നത്, ഇത് വെറുമൊരു നിഖിൽ രാമൻറെ പ്രതികാരമോ, സീരിയൽ കില്ലിംഗ് പ്ലാൻ ചെയ്ത ഏതെങ്കിലും സൈക്കോയുടെയോ പ്രവർത്തിയല്ല. ഇത് വലിയൊരു ശക്തിയുടെ നമുക്ക് പരിചിതമല്ലാത്ത പുതിയ ആക്ഷൻ പ്ലാനാണ്. വളരെ സമർത്ഥമായി അവർ എക്സിക്യൂട്ട് ചെയ്യുന്ന പദ്ധതി.”

 

“എടോ ഡി.ജി.പി തനിക്ക് അൽമെങ്കിലും ഉളുപ്പുണ്ടോ? ഈ കാക്കിയിട്ടിട്ട് സംസ്ഥാന പോലീസ് മേധാവി ഒരു ഗുണ്ടാപ്പടയുടെ പ്ലാനിനെ വാഴ്ത്തുന്നു. വെൽ എക്സിക്യൂട്ടട് പ്ലാൻ…. ത്ഫൂ...” മന്ത്രി മുണ്ട് മടക്കി കുത്തി എണീറ്റു. പിന്നാലെ ഡി.ജി.പി യും.

 

“സർ..... ഞാൻ..........”  എന്ത് പറയണമെന്നറിയാതെ ഡി.ജി.പി നിന്ന് പരുങ്ങി.....

 

“തനിക്കറിയാമല്ലോ ഈ ദിനകരനെ നിന്റെയൊപ്പം ഒന്നാം തരം മുതൽ ഒരേ ക്ലാസിൽ  പഠിച്ച ദിനകരനെ ........ പലരും പലതരം ഉമ്മാക്കികളുമായി വന്നിട്ടുണ്ട്..... അവിടെയൊന്നും പതറിയിട്ടില്ല........ തോറ്റിട്ടില്ല....... അങ്ങനെ തോൽക്കാതിരുന്നതുകൊണ്ടാണ് എന്നും ക്ലാസിലെ ഒന്നാം റാങ്കുകാരനായിരുന്ന നിന്നെ,  ഡി.ജി.പി അലക്സ് എബ്രഹാമിനെ ക്ലാസിലെന്നും അവസാന റാങ്കുകാരനായിരുന്ന ആ ദിനകരൻ പാറക്കുന്നേൽ ഇങ്ങനെ ചൂണ്ടുവിരലിൽ നിയന്ത്രിച്ച് നിർത്തുന്നത്. കാലം എന്നെ കൂടുതൽ കരുത്തനാക്കി... പക്ഷേ അലക്സ് എബ്രഹാമിന് തോളിലെ നക്ഷത്രങ്ങളൊക്കെ ഇപ്പോ ഭാരമാണെന്ന് തോന്നുന്നു. റിട്ടയർ ചെയ്യാൻ കേവലം മൂന്ന് മാസം മാത്രമുള്ളതിൻറെ ആധിയാണോ?”

 

മന്ത്രി പഴയകാര്യങ്ങളിലേക്ക് പോയപ്പോൾ ഡി.ജി.പി ക്കും അൽപം ആശ്വാസം തോന്നി. മേശപ്പുറത്തിരുന്ന മൺകൂജയിലെ വെള്ളം കൂജയോടെ തന്നെ പൊക്കി വായിലേക്ക് ഒഴിച്ചു. ആ കുടത്തിലെ ജലം മുഴുവൻ കുടിച്ചാലും തീരാത്ത ദാഹം ഡി.ജി.പി ക്ക് ഉള്ളത് പോലെ തോന്നിച്ചു.

 

“സാറ് പറഞ്ഞത് ശരിയാ..... ഇപ്പോ വല്ലാത്ത ഭയമുണ്ട്.... പക്ഷേ അതൊരിക്കലും സാറ് പറഞ്ഞത് പോലെ വ്യക്തിപരമായ ഒന്നല്ല.... നമ്മുടെ എൻറയർ പോലീസ് ഫോഴ്സിനെ ഓർത്താണ്..... ശത്രു നമ്മുടെ കണക്കുകൂട്ടലുകളിൽ ഒതുങ്ങുന്നവരല്ല. സാർ അറിഞ്ഞതിനുമപ്പുറം പലതും കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ സംഭവിച്ചിട്ടുണ്ട്.”

 

ഡി.ജി.പി യുടെ മുഖത്ത് പ്രകടമായ ആധിയിൽ നിന്നും താൻ മനസിലാക്കി വച്ചിരിക്കുന്നതിനെക്കാൾ ഗൌരവതരമാണ് സാഹചര്യമെന്ന് മന്ത്രിക്ക് മനസിലായി.

 

“എന്താ അലക്സേ താൻ പറഞ്ഞ് വരുന്നത്...... ഇത് നമ്മുടെ കൈയ്യിൽ നിൽക്കില്ലെന്നാണോ?” ഇപ്പോൾ ഡി.ജി.പിയോട് അദ്ദേഹം സംസാരിച്ചത് മന്ത്രിയായിട്ടായിരുന്നില്ല മറിച്ച് ബാല്യകാല സുഹൃത്തായിട്ടായിരുന്നു.

 

“ഗോവയിൽ വച്ച് കാണാതായ രണ്ട് പോലീസുകാർ, ഹെഡ് കോൺസ്റ്റബിൾമാരായ പിറ്ററും സുഭാഷും... ബോത്ത് ആർ ഡെഡ്.”

 

ഡിജിപി പറഞ്ഞത് കേട്ട് മന്ത്രിയൊന്ന് ഇരുത്തി മുളീ... പത്രക്കാർ പറഞ്ഞത് പോലെ കാണാതായ ഒരാളെയും ജീവനോടെ കിട്ടുമെന്ന് അദ്ദേഹവും പ്രതീക്ഷിച്ചിരുന്നില്ല.

 

“എവിടെ നിന്നാണ് അവരുടെ ബോഡി കിട്ടിയത്....? മറ്റ് രണ്ടുപേരുടെയും വിധി തന്നെയായിരുന്നുവോ അവർക്കും....?

 

“ സർ, ബോഡിയെന്ന് പറയാൻ നമുക്കൊന്നും കിട്ടിയിട്ടില്ല. ഒരു പിടി ചാരം മാത്രം.”

 

ഡി.ജി.പി പറഞ്ഞത് കേട്ട് മന്ത്രി നടുങ്ങി. “വാട്ട്………?”

 

“അതേ സാർ..... ഒന്നുമവശേഷിപ്പിക്കാതെ കത്തിച്ച് ചാമ്പലാക്കിക്കളഞ്ഞു. അവരെ കാണാതായ സ്ഥലങ്ങളിലെ വിവിധ സിസിറ്റിവി ദൃശ്യങ്ങളിൽ നിന്നുമാണ് നിഖിലും രണ്ട് കൂട്ടാളികളും ചേർന്ന് അവരെ ബലമായി പിടിച്ച് കൊണ്ടു പോകുന്നതും അവിടെയുള്ള ഒരു ഗ്യാസ് ക്രിമറ്റോറിയത്തിലേക്ക് എത്തിക്കുന്നതും അവിടുത്തെ ജീവനക്കാരെ അക്രമിച്ച് ബോധം കെടുത്തിയ ശേഷം തല്ലിച്ചതച്ച് പാതിജീവനാക്കിയ അവരെ അങ്ങനെത്തന്നെ ദഹിപ്പിച്ചതും നമ്മൾ തിരിച്ചറിഞ്ഞത്.:”

 

“ഹോ... ബ്രൂട്ടൽ ......” തലയ്ക്ക് കൈയ്യും കൊടുത്ത് അദ്ദേഹം ഈസി ചെയറിലേക്ക് ഇരുന്ന് പോയി.... പെട്ടെന്ന് പി.എ ഓടി അരികിലേക്ക് വന്നു, എന്നാൽ വേണ്ട തിരികെ പൊയ്ക്കോ എന്ന് അദ്ദേഹം കൈ കൊണ്ട് ആംഗ്യം കാണിച്ചതിനെത്തുടന്ന് പി.എ വാതിൽക്കലേക്ക് പോയി നിന്നു.

 

“ പിന്നെ കാണാതായ എ.സി.പി ശ്യാമിനെക്കുറിച്ചും എസ്.പി കിരണിനെക്കുറിച്ചും യാതൊരു ഇൻഫർമേഷനും കിട്ടിയിട്ടില്ല. മാത്രമല്ല........” ഡി.ജി.പി പറയാനറച്ചു.

 

“എന്താണ് ഡിജിപി ഇങ്ങനെ അർദ്ധോക്തിയിൽ നിർത്തുന്നത്. പറഞ്ഞ് മുഴുമിപ്പിക്കൂ...”

 

“ അത് പിന്നെ സാർ....... കിരണിനെ മിസ് ആയതോടെ കേസ് അന്വേഷിക്കാനായി അവധിയിലായിരുന്ന എസ്.പി.സതീഷ് ബോസിനെ ഡൽഹിയിൽ നിന്നും തിരിച്ച് വിളിപ്പിച്ചിരുന്നു. ഇന്നെലെ അർദ്ധരാത്രിയിൽ കൊച്ചിയിൽ വിമാനമിറങ്ങി സ്വന്തം കാറിൽ വീട്ടിലേക്ക് പോയ സതീഷിപ്പോൾ മിസ്സിംഗ് ആണ്. അയാൾ വീട്ടിലെത്തിയിട്ടില്ല. കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ അരൂർ പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. മാദ്ധ്യമങ്ങളിലേക്ക് വാർത്ത ഇതുവരെ എത്തിയിട്ടില്ല. അത് രഹസ്യമാക്കി വച്ചാണ് അന്വേഷണം തുടരുന്നത്.”

 

“അപ്പോൾ ശത്രു നമ്മളേക്കാൾ ഒരു പടി മുന്നിലാണല്ലേ..... മിടുക്കന്മാരായ മൂന്ന് ഐ.പി.എസ്സു കാരെ വളരെ അനായാസം അവർ കീഴ്പ്പെടുത്തിയല്ലേ.... ബ്രില്ല്യൻറായ മൂന്ന് ഉദ്യോഗസ്ഥർ.... എൻറെ ഫേവറിറ്റ് ലിസ്റ്റിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉണ്ടായിരുന്നവർ. സോ വ്യക്തിപരമായി ആ മൂന്ന് യുവ ഐ.പിഎസ്സുകാരുടെ മിസ്സിംഗ് എൻറെ വലിയ നഷ്ടങ്ങളാണ്.” മന്ത്രിയുടെ ശ്വാസഗതി ഉയർന്നു വന്നു. അദ്ദേഹം വെള്ളത്തിനായി കൈ നീട്ടിയപ്പോൾ ഡി.ജി.പി വെള്ളമെടുത്ത് ഗ്ലാസിൽ പകർന്ന് അദ്ദേഹത്തിനു കൊടുത്തു. അദ്ദേഹം വളരെ സാവധാനത്തിൽ സിപ്പ് ചെയ്ത് വെള്ളം കുടിച്ചു.

 

“ സർ.... അശുഭ വാർത്തകൾ അവിടം കൊണ്ടും തീരുന്നില്ല..... എ.സി.പി ശ്യാമിനൊപ്പം പല കേസുകളിലും അസിസ്റ്റ് ചെയ്തിരുന്ന സി.ഐ അൻവർ, പിന്നെ സി.പി.ഒ മാരായ അജിത്ത് അരവിന്ദ്, മുകുന്ദൻ എന്നിവരും നിലവിൽ മിസ്സിംഗ് ആണ് സാർ. പക്ഷേ  അജിത്തും മുകുന്ദനും ഡി.വൈ.എസ്.പി കേസുമായി ഒരു തരത്തിലും ബന്ധമില്ലാത്തവരാണ്. പിന്നെ സാർ അറിഞ്ഞതാണല്ലോ ഒരു ജെറാൾഡ് സേവ്യറിൻറെ മിസ്സിംഗിനെ പറ്റി......”

 

“അത് ഞാൻ കണ്ടു. ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റും ഫോട്ടോഗ്രാഫറുമായ ജെറാൾഡിനെ എത്രയും വേഗം കണ്ടെത്തണമെന്ന് പറഞ്ഞ് പത്രപ്രവർത്തക യൂണിയൻ ഇന്ന് എനിക്ക് നേരിട്ട് നിവേദനം തരികയും ചെയ്തിട്ടുണ്ട്.... അതും ഈ പോലീസുകാരുടെ മിസ്സിംഗും ആയി എന്താണ് ബന്ധം?”

 

“സർ... ഈ ജെറാൾഡ് കാണാതായ എ.സി.പി ശ്യാമിൻറെ സുഹൃത്തും ഒരു ഇൻഫോർമറും കൂടിയായിരുന്നു. പല പ്രമാദമായ കേസുകളിലും ശ്യാമിന് വിവരങ്ങൾ ലഭ്യമാക്കിയിരുന്നത് ജെറാൾഡായിരുന്നു. അത്കൊണ്ട് തന്നെ ശ്യാമിന് നേരെ ഉണ്ടായത് പോലെ വധശ്രമവും ഇയാൾക്ക് നേരെയും ഉണ്ടായിട്ടുണ്ട്. ഇപ്പോ ശ്യാമിന് പിന്നാലെ അയാളെയും കാണാതായിരിക്കുന്നു.”

 

“ സോ ദെയർ ഈസ് എ കണക്ഷൻ...അല്ലേ. അപ്പോൾ ഞാൻ കരുതിയതിലും ഗുരുതരമാണ് സ്ഥിതിഗതികൾ.....”

 

 അദ്ദേഹം അൽപനേരം കണ്ണുകളടച്ചിരുന്നു. അദ്ദേഹത്തിൻറെ നെഞ്ച് വല്ലാതെ ഉയർന്ന് താഴുന്നുണ്ടായിരുന്നു. ഡി.ജി.പി സ്വന്തം  നെറ്റിയിൽ നിറഞ്ഞ വിയർപ്പ് തുള്ളികൾ കർച്ചീഫ് കൊണ്ട് തുടച്ച് മാറ്റി. കണ്ണു തുറക്കാതെ തന്നെ ഡി.ജി.പി യോട് ഇരിക്കാൻ അദ്ദേഹം കൈ കൊണ്ട് നിർദ്ദേശം നൽകി. ഡി.ജി.പി മന്ത്രിയുടെ അരികിലെ കസേരയിലിരുന്നു.

 

“എന്താണ് ഇനി നമ്മുടെ പ്ലാൻ ? എവിടെ തുടങ്ങും? ആര് അന്വേഷിക്കും....? അതോ ഞാനാദ്യം പറഞ്ഞത് പോലെ നമ്മൾ തോല്വി സമ്മതിച്ച് ഏതെങ്കിലും കേന്ദ്ര ഏജൻസിയെ വിളിച്ച് വരുത്തണോ?” കണ്ണു തുറക്കാതെ തന്നെയാണ് അദ്ദേഹം ചോദിച്ചത്.

 

“ സാർ.... ഇൻറലിജൻസ് തന്ന ആ റിപ്പോർട്ടിനെ കേന്ദ്രീകരിച്ച് തന്നെ അന്വേഷണം തുടങ്ങാനാണ് തീരുമാനം..... പിന്നെ ഇക്കാര്യങ്ങളൊക്കെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെ അറിയിച്ചിട്ടുണ്ട്. അവർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. പാരലലായി എൻ.ഐ.എ അന്വേഷണം നടത്തും, അതല്ലാതെ ഒരു കേന്ദ്ര ഏജൻസിക്ക് കേസ് കൈമാറുന്നതിനോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. അതൽപം വ്യക്തിപരം കൂടിയാണ്. സാർ ആദ്യം പറഞ്ഞത് പോലെ പെൻഷൻ പറ്റാൻ മൂന്ന് മാസം മാത്രം അവശേഷിക്കുന്ന ഒരു പോലീസുകാരൻറെ വാശിയായി കൂട്ടിക്കോളു. ഈ കേസിലെ എല്ലാ പ്രതികളെയും കീഴടക്കിയ ശേഷം ഈ കസേര വിട്ടൊഴിയാനുള്ള ഒരു മോഹം. സാർ അതിന് സമ്മതിക്കണം.... ഡി.ജി.പിയുടെ റിക്വസ്റ്റല്ല.....പഴയൊരു സഹപാഠിയുടെ അപേക്ഷയാണ്.”

 

ഡി.ജി.പി തൻറെ കൈ ഈസിചെയറിൻറെ കൈപ്പിടിയിൽ മുറുകെപ്പിടിച്ചിരുന്ന മന്ത്രിയുടെ വലം കൈയ്ക്ക് മുകളിൽ വച്ചു. അദ്ദേഹം കണ്ണു തുറന്നു. അപ്പോൾ അദ്ദേഹത്തിൻറെ കണ്ണുകളിൽ സുഹൃത്തിൻറെ വാത്സല്യമായിരുന്നു. അദ്ദേഹം നിവർന്നിരുന്ന് തൻറെ ഇടം കൈ ഡി ജി പി യുടെ കൈയ്ക്ക് മുകളിലേക്ക് വച്ചു.

 

“തന്നെ എനിക്ക് വല്ലാത്ത വിശ്വാസമാണ്. അതുകൊണ്ടാണ് ആഭ്യന്തര മന്ത്രിയുടെ മുൾക്കിരീടം പാർട്ടി എൻറെ തലയിലേക്ക് വച്ച് തന്നപ്പോൾ ചിലരെയൊക്കെ വെട്ടിമാറ്റി തന്നെ ഡിജിപി കസേരയിലിരുത്തിയത്. താൻ ആ ചുമതല ആത്മാർത്ഥമായി നിർവഹിച്ചിട്ടുണ്ട്. ഇവിടെയും തനിക്ക് വിജയിക്കാൻ കഴിയുമെന്നാണ് എൻറെ വിശ്വാസം. താൻ ജയിക്കേണ്ടത് എൻറെ കൂടി ആവശ്യമാണ്. കാരണം താൻ പിരിയുന്നതിൻറെ തൊട്ടുത്ത മാസം തിരഞ്ഞെടുപ്പാണ്. ഈ സർക്കാരിൻറെ  ഭരണതുടർച്ചയ്ക്ക് തൻറെ വിജയം അനിവാര്യമാണ്..... നിയമസഭയിൽ വേണ്ടത് ഞാൻ പറഞ്ഞുകൊള്ളാം. പിന്നെ പത്രക്കാർ..... അതും ഞാൻ ഡീൽ ചെയ്തോളാം....... ഞാനങ്ങനെ എൻറെ ഭാഗം ക്ലിയർ ചെയ്യുമ്പോൾ താൻ തിരിച്ച് ചെയ്യേണ്ട പ്രത്യുപകാരം തൻറെ വിജയമാണ്.... സോ ഗോ എഹെഡ്.... ഇപ്പോ എല്ലാം ക്ലിയർ അല്ലേ....”

 

“സർ..... എല്ലാം അത്ര ക്ലിയർ അല്ല.... ഒരു ചെറിയ പ്രശ്നമുണ്ട്.” അൽപം മടിച്ചു മടിച്ചാണ് ഡിജിപി അത് പറഞ്ഞത്.

 

“എന്താണ് അലക്സ് ഇനിയും തീരാത്ത പ്രശ്നങ്ങൾ”

 

“സർ... അത് ...... നമ്മുടെ ഓഫീസേഴ്സ് ഒക്കെ വല്ലാത്തൊരു ഭയപ്പാടിലാണ്. സതീഷിൻറെ മിസ്സിംഗ് കൂടി ആയപ്പോ...... “ ഡി.ജി.പി പറയാൻ വല്ലാതെ വിമ്മിഷ്ടപ്പെടുന്നുണ്ടായിരുന്നു.

 

“അതുകൊണ്ട്?  താങ്കൾ അനാവശ്യമായ സസ്പെൻസ് ക്രിയേറ്റ് ചെയ്യാതെ കാര്യം പറയൂ” മന്ത്രിയുടെ ബി പി കൂടുതൽ അബ് നോർമ്മൽ ആവുകയായിരുന്നു.

 

“സർ... കേസിൻറെ അന്വേഷണം ഏറ്റെടുക്കാൻ എല്ലാവർക്കും ഒരു ഭയം.... ശ്യാമിൻറെയും കിരണിൻറെയും സതീഷിൻറെയും വിധി വരുമെന്ന് ഭയന്നിട്ട് ആരും തയ്യാറാകുന്നില്ല. ഇതു പോലൊരു കേസ് ആരുടെയെങ്കിലും തലയിൽ ബലമായി കെട്ടി വച്ച് തടിയൂരാനും പറ്റില്ലല്ലോ?”

 

“എന്താണ് താൻ പറഞ്ഞ് വരുന്നത്...... ഇത് പിന്നെ ആര് അന്വേഷിക്കുമെന്നാണ്. ?”

 

“സർ ഒരാളുണ്ട്........ ഈ അന്വേഷണത്തിൻറെ വെല്ലുവിളി ഏറ്റെടുക്കുവാൻ തയ്യാറുമാണ്.. പക്ഷേ അതിന് സാറിൻറെ അനുവാദം വേണം” ഡി.ജി.പി പറഞ്ഞ് മുഴുമിപ്പിച്ചു. പക്ഷേ എന്താണ് ഡി.ജി.പി അത്തരത്തിൽ പറഞ്ഞതെന്ന് മന്ത്രിക്ക് മനസിലായില്ല. സാധാരണ അങ്ങനെയൊരു പതിവില്ലാത്തതാണ്.

 

“അതെന്താണ് അലക്സ് പതിവില്ലാത്ത ഒരു കീഴ് വഴക്കം, നിങ്ങൾക്ക് ആപ്റ്റായ ഒരു ഉദ്യോഗസ്ഥനെ കേസിൻറെ ചുമതല ഏൽപ്പിക്കാം. അത്തരും വിഷയങ്ങളിലൊന്നും അനാവശ്യമായി ഞാൻ ഇടപെട്ടിട്ടുമില്ല. പിന്നെ ഇപ്പോഴെന്താണ്? ആരാണ് ആ ഉദ്യോഗസ്ഥൻ?”

 

ഉത്തരം പറയാൻ ഡിജിപി ഒന്ന് മടിച്ച് നിന്നു. ആ ലാഗ് ഇഷ്ടപ്പെടാത്ത മന്ത്രി അദ്ദേഹത്തെ ഒന്ന് സൂക്ഷിച്ച് നോക്കി... പറയാതിരിക്കാൻ ഡി.ജി.പിക്ക് ആവില്ലായിരുന്നു.

 

“സർ.. എസ്.പി ഉമാ കല്ല്യാണി ഈ കേസ് അന്വേഷണത്തിൻറെ ചുമതല ഏറ്റെടുക്കാൻ തയ്യാറാണ്.” ഒറ്റ ശ്വാസത്തിലാണ് ഡി.ജി.പി പറഞ്ഞത്.

 

ഉമ കല്ല്യാണി എന്ന പേര് കേട്ടതും മന്ത്രിയുടെ മുഖഭാവം ഒന്ന് മാറി..... പല ഭാവങ്ങൾ ആ മുഖത്ത് മിന്നിമാഞ്ഞു. ഒടുവിൽ നിറഞ്ഞ ഭാവം വാത്സല്യമാണെന്ന് ഡിജിപി ക്ക് മനസിലായി.

 

“അപ്പോ അതാണ് കാര്യം എൻറെ അനുവാദം എന്തിനാണെന്ന് ഇപ്പോ മനസിലായി...... താൻ ചാവേറായി ഈ യുദ്ധത്തിനിറക്കി വിടാനൊരുങ്ങുന്നത് ഉമാ കല്ല്യാണിയെയാണ് ....... എൻറെ അനന്തിരവളെ........ കുട്ടിക്കാലത്തെ നഷ്ടപ്പെട്ട അച്ഛൻറെയും അമ്മയുടെയും കുറവറിയിക്കാതെ എൻറെ മകളായി ഞാൻ വളർത്തിയ ഉമയാണ് ഇവിടുത്തെ പുരുഷ കേസരികൾ ഭയന്ന കിരീടം അണിയാൻ പോകുന്നത് അല്ലേ”

 

മന്ത്രിയുടെ ശാന്തമായി സംസാരം അടുത്ത നിമിഷത്തിൽ ശകാരമായി  രൌദ്രഭാവത്തിലേക്ക് മാറുമോയെന്ന് ഡിജിപി ഭയന്നു. പക്ഷേ അതുണ്ടായില്ല.

 

“എടോ അലക്സേ..... ഭയന്ന് പിന്മാറുന്നത് മരണത്തേക്കാൾ മോശമാണെന്നാണ് ഞാൻ അവളെ പറഞ്ഞ് പഠിപ്പിച്ചിട്ടുള്ളത്. അവൾ തോല്ക്കില്ല എന്നത് എൻറെ വിശ്വാസമാണ്. ഇവിടെ എൻറെ അനുവാദം ആവശ്യമില്ല, അവളുടെ സമ്മതം മാത്രം മതി. അവൾ റെഡിയാണെങ്കിൽ ..... ഗോ എഹെഡ് അലക്സ്....”

 

മന്ത്രി അത് പറഞ്ഞപ്പോൾ ആശ്വാസത്തിൻറെ നിറപുഞ്ചിരി ഡി.ജി.പി യുടെ ചുണ്ടുകളിൽ നിറഞ്ഞു. അദ്ദേഹം എഴുന്നേറ്റ് മന്ത്രിയെ സല്യൂട്ട് ചെയ്തു. അദ്ദേഹത്തിൻറെ ബൂട്ടിൻറെ ശബ്ദം ആ മുറിയിൽ പ്രതിധ്വനിച്ചു.

 

****************************

 

മംഗലാപുരത്തെ ഷൺമുഖൻറെ താവളത്തിൽ കൈകൾ പിന്നിൽ ബന്ധിക്കപ്പെട്ട നിലയിൽ കസേരയിൽ ഇരിക്കുകയാണ് ഡോ.അൻസിയ റഹ്മാൻ. അവരുടെ ഇരു കവിളുകളിലും കൈപ്പത്തി പതിഞ്ഞ ചുവന്ന അടയാളം തെളിഞ്ഞ് നിൽപ്പുണ്ട്. മുടിയിഴകൾ മുഖത്തേക്ക് വീണുകിടക്കുന്നു. വായിൽ നിന്നും കീഴ്ത്താടിയിലൂടെ ചോര ഒലിച്ചിറങ്ങിയ പാട്. സാരിയിൽ ഉണങ്ങിപ്പിടിച്ച രക്തക്കറ. തല കുമ്പിട്ടിരിക്കുകയാണ് അൻസിയ. തലയ്ക്ക്  തൊട്ട് മുകളിലായി കെട്ടിത്തൂക്കിയിരിക്കുന്ന 100 വാട്ട് ഫിലമെൻറ് ലാമ്പിൻറെ ചൂടിൽ അവരുടെ കഴുത്തിൽ നിന്നും വിയർപ്പ് തുള്ളികൾ ഒഴുകിയിറങ്ങുന്നുണ്ട്. വെളിച്ചത്തിനരികിലേക്ക് വന്ന ഈയാംപാറ്റകൾ ചെവിയിലും മൂക്കിലും കയറാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവയെ ആട്ടിയകറ്റാനാകാതെ അൻസിയ അസ്വസ്ഥത പൂണ്ടു.

 

മുറിയിൽ കാവലായി രണ്ട് ചെറുപ്പക്കാർ ഉണ്ടായിരുന്നു. ഭിത്തിക്കരികിലായി കിടന്നിരുന്ന വലിയ മേശക്ക് മുകളിലിരുന്ന് അവർ സിരകളിലേക്ക് ലഹരി കുത്തി കയറ്റുകയാണ്. ലഹരിയുടെ ഉന്മാദത്തിൽ അവരെന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. അത് കേട്ട് അൻസിയ തലയുയർത്തി നോക്കി. അൻസിയയെ നോക്കി  കൊതി പൂണ്ടിരിക്കുന്ന അവർ അശ്ലീല ആംഗ്യങ്ങൾ കാണിച്ചു. വെറുപ്പും ദേഷ്യവും തോന്നിയ അൻസിയ അവർക്ക് നേരേ കാർക്കിച്ച് തുപ്പി. അതിലൊരുവൻ വല്ലാത്തൊരു വഷളൻ ചിരിയുമായി എഴുന്നേറ്റ് അവൾക്കരികിലേക്ക് വന്നു. അൻസിയ ഭയപ്പാടോടെ ചുറ്റും നോക്കി, വാതിലും ജനാലകളും അടച്ച് പൂട്ടിയിരിക്കുകയാണ്. കൈകൾ കസേരയോട് ചേർത്ത് കെട്ടിയിരിക്കുന്നതിനാൽ അനങ്ങാനുമാകുന്നില്ല. കാലുകൾ രണ്ടും തറയിൽ ബലമായി കുത്തി എണീക്കുവാൻ ശ്രമിച്ചപ്പോൾ ബാലൻസ് തെറ്റി കസേര പിന്നിലേക്ക് മറിഞ്ഞു. തലയിടിച്ച് അൻസിയ കസേരയോടൊപ്പം പിന്നിലേക്ക് മറിഞ്ഞു. അത് കണ്ട് അവന്മാർ പൊട്ടിച്ചിരിച്ചു. എണീറ്റ് വന്നവൻ അടുത്തെത്തി തറയിൽ ഇരുന്നു. കൊതിയോടെ അവളെ ആപാദചൂഡം നോക്കിയ ശേഷം മുടി കുത്തിപ്പിടിച്ച് തല മുകളിലേക്ക് ഉയർത്തി. അവൾ പിടഞ്ഞു, കുതറിമാറാൻ വിഫലശ്രമം നടത്തി. ഒരു വഷളൻ ചിരിയുമായി കഞ്ചാവിൻറെ മണമുള്ള ചുണ്ടുകൾ അവൻ അൻസിയയുടെ ചുണ്ടുകൾക്കടുത്തേക്ക് കൊണ്ടു വന്നു.

 

************************

 

  ശിവലാൽ ഷെട്ടിയുടെ ഫോർഡ് എൻഡവർ എറണാകുളത്ത് നിന്നും ഹൈവേയിലൂടെ മംഗലാപുരം ലക്ഷ്യമാക്കി പായുകയായിരുന്നു. ഒരു രഹസ്യ സന്ദർശനം കഴിഞ്ഞുള്ള മടക്കത്തിൽ കാറിൽ ഡ്രൈവറല്ലാതെ മറ്റാരുമില്ലായിരുന്നു. കൊടുങ്ങല്ലൂർ പിന്നിട്ട് മുന്നോട്ട് പോയ കാറിൻറെ പിന്നിൽ ഒരു ബ്ലാക്ക് സ്കോർപിയോ പ്രത്യക്ഷപ്പെട്ടു. സ്കോർപിയോ എൻഡവറിന് പിന്നിൽ കൃത്യമായ അകലം സൂക്ഷിച്ച് ഓടിക്കൊണ്ടേയിരുന്നു. കാറിൻറെ പിന്നിൽ ഉള്ളിൽ ചെന്ന ലേശം മദ്യത്തിൻറെ മന്ദതയിൽ ചെറു മയക്കത്തിലായിരുന്നു ശിവലാൽ ഷെട്ടി. പക്ഷേ കുറേ നേരമായി വിടാതെ പിന്തുടരുന്ന സ്കോർപിയോ ശിവലാലിൻറെ ഡ്രൈവർ സായ്റാമിൻറെ ശ്രദ്ധയിൽപ്പെട്ടുകഴിഞ്ഞിരുന്നു. അയാൾ ആക്സിലേറ്ററിൽ കാൽ അമർത്തിച്ചവിട്ടി. രാത്രിയെ കീറിമുറിച്ചുകൊണ്ട് എൻഡവർ കുതിച്ച് പാഞ്ഞു. തൊട്ടുപിന്നാലെ സ്കോർപിയോയും. സായ്റാം മൊബാലിൽ ഒരു നമ്പർ ഡയൽ ചെയ്തു. മറുതലയ്ക്കൽ കോൾ അറ്റൻഡ് ചെയ്തു. സായ്റാം ഇത്രമാത്രം പറഞ്ഞു.

 

“കൊടുങ്ങല്ലൂർ...... സം ബഡി ഫോളോവിംഗ്...... ബ്ലാക്ക് സ്കോർപിയോ...........”

 

കോൾ കട്ട് ചെയ്ത്  സായ്റാം തൻറെ അരയിലെ തോക്ക് പുറത്തേക്കെടുത്ത് ഇടത് കൈയ്യിൽ പാകത്തിന് വച്ചു. മുന്നിലെ റോഡിലും റിയർവ്യൂ മിററിലും ഒരേ പോലെ നോട്ടം പായിച്ച് വണ്ടിയോടിച്ചു. രണ്ട് വണ്ടികളും ചീറിപ്പായുകയായിരുന്നു.

 

 അരികിലൂടെ ഇരമ്പിയാർത്ത് റോഡിലെ ചെളിവെള്ളം കടയ്ക്കുള്ളിലേക്ക് തെറിപ്പിച്ച് പോയ രണ്ട് വണ്ടികളിലെയും ഡ്രൈവർമാരെ തന്തക്ക് വിളിച്ച തട്ടുകടക്കാരൻ തോമസ് പിന്നിൽ പോയ സ്കോർപിയോയുടെ പിൻഗ്ലാസിൽ വലിയ അക്ഷരത്തിലെഴുതിയിരിക്കുന്നത് ഉറക്കെ വായിച്ചു.

 

                                           രാവണൻ

 

അദ്ധ്യായം 5


 

“ശിവലാൽ ഷെട്ടിയുടെ വാഹനം പിന്തുടരുക എന്നാൽ മരണത്തിലേക്ക് നടന്നുകയറുക എന്നാണ്.  ആ മരണം എത്രത്തോളം ഭീകരമാക്കാൻ കഴിയും എന്നതാണ് നിൻറെ മിടുക്ക്. പോ... പോയി അതാരായാലും കണ്ട് പിടിച്ച് ശിക്ഷ നടപ്പാക്കിയിട്ട് എന്നെ വിളിക്ക് ”

 ഫോണിലൂടെ ഷൺമുഖൻ ആജ്ഞാപിക്കുകയായിരുന്നു. മറുതലയ്ക്കൽ ഷൺമുഖൻറെ ഏത് ആജ്ഞയും അതേപടി നടപ്പിലാക്കാനുള്ള കരുത്തും ആൾബലവുമുള്ള ബാസ്റ്റിൻ ജോൺ. പോലീസിന് പോലും ഭയമുള്ള ക്രിമിനൽ, ഷൺമുഖൻറെ സുഹൃത്തായ ബാസ്റ്റിനാണ്  അവശ്യഘട്ടങ്ങളിൽ ശിവലാലിൻറെ മദ്ധ്യകേരളത്തിലെ ബിസിനസ്സുകൾക്ക് വേണ്ട ഒത്താശ ചെയ്യുന്നത്.

 

ബാസ്റ്റിൻറെ സൈന്യം ഹൈവേയിൽ ഇറങ്ങി. കൊടുങ്ങല്ലൂർ നിന്നും വാടാനപ്പള്ളിയിൽ നിന്നും രണ്ട് വണ്ടികൾ ശിവലാൽ ഷെട്ടിയുടെ ഫോർഡ് എൻഡവറിനെയും പിന്നാലെ ചെയ്സ് ചെയ്യുന്ന സ്കോർപ്പിയോയേയും ലക്ഷ്യമാക്കി കുതിച്ചു. വാടാനപ്പള്ളിയിൽ നിന്നും പുറപ്പെട്ട വണ്ടിയിൽ ബാസ്റ്റിൻ ജോൺ നേരിട്ട് യുദ്ധത്തിനിറങ്ങി. എതിരേ ആടിക്കുലുങ്ങി വന്ന കണ്ടെയ്നർ ലോറിയുടെ ഹെഡ്ലൈറ്റിൻറെ പ്രകാശത്തെ വകഞ്ഞ് മാറ്റി ബാസ്റ്റിൻറെ ഇന്നോവ കുതിച്ചു. കൊടുങ്ങല്ലൂർ നിന്ന് പുറപ്പെട്ട ഗുണ്ടാപ്പടയും ബാസ്റ്റിൻറെ സംഘവും കൈപ്പമംഗലത്തിന് സമീപം മുഖാമുഖം വന്നു. പക്ഷേ രണ്ട് കൂട്ടർക്കും വഴിയിലൊരിടത്തും ശിവലാലിൻറെ വണ്ടിയോ സ്കോർപ്പിയോയോ കണ്ടെത്താൻ കഴിഞ്ഞില്ല.

 

 

 അപ്പോൾ ശിവലാലിൻറെ വണ്ടിയെവിടെ ? ഒരു വണ്ടിയിൽ നിന്നും ബാസ്റ്റിൻ ജോൺ പുറത്തിറങ്ങി. സായിയുടെ ഫോൺ സ്വിച്ചോഫായിരുന്നു. ബാസിറ്റിൻറെ മനസിൽ അപകടമണി മുഴങ്ങി. ഷൺമുഖനെ വിളിച്ച് വിവരം പറഞ്ഞു. മറുവശത്ത് ഒരലർച്ചയായിരുന്നു മറുപടി. അടുത്തായിരുന്നേൽ ഷൺമുഖനിപ്പോൾ തൻറെ തല കൊയ്തേനെ എന്ന് ബാസ്റ്റിന് തോന്നി.   ശിവലാലിൻറെ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. ശിവലാലിൻറെ എൻഡവറിനെത്തിരഞ്ഞ് ബാസ്റ്റിൻറെ സൈന്യം നാല് പാടും പരക്കം പാഞ്ഞു.  വണ്ടി തിരിഞ്ഞ് പോയിരിക്കാൻ സാദ്ധ്യതയുള്ള സർവ്വ വഴികളിലും മിന്നൽ പരിശോധന നടത്തി. പക്ഷേ നിരാശയായിരുന്നു ഫലം.

 

ഇതേ സമയം  ബാസ്റ്റിനെ കടന്ന് പോയ കണ്ടെയ്നർ ലോറി ചേറ്റുവാ പാലത്തിലെത്തിയിരുന്നു. അതനുള്ളിൽ ശിവലാലിൻറെ ഫോർഡ് എൻഡവർ ഭദ്രമായിരുന്നു. വണ്ടിക്കുള്ളിലെ വെളിച്ചത്തിൽ കാണാവുന്നത്  ഡ്രൈവിംഗ് സീറ്റിൽ നെഞ്ചിലൊരു തുളയുമായി കണ്ണുതള്ളി മരിച്ച് കിടക്കുന്ന സായിറാമിനെയാണ്. എൻഡവറിൻറെ ഹെഡ്ലൈറ്റിൻറെ വെളിച്ചം കണ്ടെയ്നറിൻറെ ഉള്ളിയിലെ പ്രതലത്തിൽ തട്ടിച്ചിതറിയ അരണ്ട വെളിച്ചം അതിനുള്ളിലാകെ വ്യാപിച്ചിരുന്നു. കണ്ടെയ്നറിലെ ചുമരിൽ  ചാരി നിൽക്കുന്ന ശിവലാലിൻറെ മുഖം ഭയത്താൽ വിളറിവെളുത്തിരുന്നു. നേരെ എതിർ വശത്ത് നിഴൽ പോലെ തോക്കും ചൂണ്ടി നിൽക്കുന്ന രൂപം പതിയെ ശിവലാലിൻറെ തൊട്ട്  മുന്നിലേക്ക് വന്നു. അതൊരു സ്ത്രീയായിരുന്നു, അതി സുന്ദരിയായ സ്ത്രീ. ജീൻസും ടീ ഷർട്ടുമായിരുന്നു അവളുടെ വേഷം. ടി ഷർട്ടിന് പുറത്ത് ജാക്കറ്റ് അണിഞ്ഞിരുന്നത് അഴിച്ച് അരയിൽ ചുററിക്കെട്ടിയിരുന്നു. കൈകളിൽ ഗ്ലൌസ് അണിഞ്ഞിരുന്നു.  ആരും അടുത്ത് വരാൻ പോലും ഭയക്കുന്ന ശിവലാലിൻറെ നെറ്റിയിൽ തോക്കിൻ കുഴൽ മുട്ടിച്ച് പതിഞ്ഞ  ശബ്ദത്തിൽ അവൾ പറഞ്ഞു.

 

“ദക്ഷിണ കന്നഡവും ഉത്തരകേരളവും അടക്കിവാഴുന്ന സ്വർണ്ണരാജാവിൻറെ ജീവന് എൻറെ ഒരു വിരലനക്കത്തിൻറെ ആയുസ്സ് മാത്രമേയുള്ളു. കണ്ടല്ലോ സാരഥിയുടെ ഗതി. ഇനി രാജാവിൻറെ ഊഴമാണ്. അത് വേണ്ടയെങ്കിൽ ഞാൻ പറയുന്നത് അക്ഷരം പ്രതി അനുസരിക്കണം. ജസ്റ്റ് സേ യെസ് ഓർ നോ.”

 

“നീയാരാണ്? അതീവ രഹസ്യമായി ഞാൻ നടത്തിയ ഈ സന്ദർശനവിവരം ചോർത്തിയെടുത്ത് വളരെ അനായാസം എന്നെ നടുറോഡിലൂടെ ബന്ധിയാക്കി കൊണ്ടുപോകാൻ മാത്രം ധൈര്യം ഒരു സ്ത്രീക്ക് എങ്ങനെ വന്നു.”

 

മറുചോദ്യമാണ് ശിവലാൽ ചോദിച്ചത്, മുഷ്ടി ചുരുട്ടി നെഞ്ചിന് താഴെ ഒരിടിയായിരുന്നു അവളുടെ മറുപടി, തൻറെ വാരിയെല്ല് തകർന്ന് പോയത് പോലെയാണ് അയാൾക്ക് തോന്നിയത്. ശ്വാസം നിലച്ചത് പോലെ, അയാൾ ശ്വാസം ഉള്ളിലേക്ക് ആഞ്ഞ് വലിച്ചു. അവളുടെ മുഖത്ത് ക്രൂരമായ ചിരിയായരുന്നു.

 

          “ഒബ്ജക്ടീവ് ടൈപ്പ് ചോദ്യത്തിന് ഡിസ്ക്രിപ്റ്റീവ് ആൻസർ നൽകിയാൽ പരീക്ഷക്ക് മാർക്ക് കിട്ടില്ല, മാർക്ക് കുറഞ്ഞാൽ ടീച്ചർ നല്ല തല്ല് തരില്ലേ, നല്ല മിടുക്കൻ കുട്ടിയായാൽ തല്ലുകൊള്ളാതിരിക്കാം.” അവളയാളുടെ ദൈന്യത കണ്ട് കളിയാക്കി ചിരിച്ചു.

 

“ഞാനാരാണെന്ന് പറയാതിരുന്നാൽ ഈ കളിക്ക് ഒരു ത്രില്ലില്ലല്ലോ അല്ലേ. അത് വലിയ സസ്പെൻസൊന്നുമല്ല. ഉമാ കല്ല്യാണി ഐ.പി.എസ് ”

 

“ഉമാ കല്ല്യാണി” ആ പേര് ശിവലാലിൻറെ ചുണ്ടുകൾ മന്ത്രിച്ചു. ആ അരണ്ട വെളിച്ചവും തലക്ക് പിടിച്ച മദ്യവും അയാളുടെ കാഴ്ചകളെ അവ്യക്തമാക്കിയിരുന്നു. ആർക്കും മുന്നിലും വഴങ്ങാത്ത , ഒന്നിനേയും ഭയമില്ലാത്തവൾ ഉമാ കല്ല്യാണി ഐ.പി.എസ്, അനുചരന്മാരിൽ നിന്നും കുറച്ചധികം കേട്ടിരുന്നു ശിവലാൽ. ആ ചെറിയ വെളിച്ചത്തിൽ അയാൾക്കാ മുഖം ശരിക്ക് തിരിച്ചറിയാൻ സാധിച്ചില്ല.

 

          “എനിക്ക് വേസ്റ്റ് ആക്കി കളയാൻ സമയം തീരെയില്ല. ഫോണെടുത്ത് വിളിക്ക് നിൻറെ എച്ചിൽ തിന്നു വളരുന്ന ആ ക്രുവൽ ഡോഗ് ഷൺമുഖനെ എന്നിട്ട് പറ ഒരു പോറൽ പോലും ഏൽക്കാതെ ഡോ.അൻസിയ റഹ്മാനെ അവളെ പിടിച്ച് കൊണ്ട് പോയ സ്ഥലത്ത് അരമണിക്കൂറിനുള്ളിൽ തിരികെയെത്തിക്കാൻ”

 

അവളൊരു ഫോൺ അയാൾക്ക് നേരേ നീട്ടി. അത് വാങ്ങുകയല്ലാതെ ശിവലാലിന് മറ്റ് മാർഗ്ഗമില്ലായിരുന്നു. ഷൺമുഖൻറെ നമ്പർ മാത്രമാണ് അതിൽ സേവ് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ഉമ വളരെ കൃത്യമായി പ്ലാൻ ചെയ്താണ് തന്നെ കുടുക്കിയതെന്ന് അയാൾക്ക് ബോദ്ധ്യമായി. അയാൾ നമ്പർ ഡയൽ ചെയ്ത് ഫോൺ ചെവിയോട് ചേർത്തു.

 

“മറക്കേണ്ട അരമണിക്കൂറാണ് സമയം. അതിനുള്ളിൽ ഡോ.അൻസിയ തിരികെ അവരുടെ ക്വോർട്ടേഴ്സിലെത്തിയില്ലെങ്കിൽ തൻറെ അന്ത്യകർമ്മത്തിനുള്ള ഒരുക്കങ്ങൾ ചെയ്ത് വച്ചേക്കാൻ പറഞ്ഞേക്കൂ ഷൺമുഖനോട്, പറഞ്ഞത് ഉമാകല്ല്യാണി ഐ.പി.എസ് ആണെന്നും. “

 

ഷൺമുഖൻ കോൾ അറ്റൻഡ് ചെയ്തു.

 

“ഷൺമുഖാ”

 

മറുതലയ്ക്കൽ ഷൺമുഖൻ യജമാനൻറെ ശബ്ദം തിരിച്ചറിഞ്ഞു.

 

“സാർ... സാറെവിടെയാണ്? എന്താണ് സംഭവിച്ചത്?”

 

“ ഷൺമുഖാ ഇപ്പോ ഞാൻ സെയ്ഫാണ്. പക്ഷേ അരമണിക്കൂറിനുള്ളിൽ ആ മലയാളി ഡോക്ടറെ നിങ്ങൾ തിരികെ അവരുടെ ക്വോർട്ടേഴ്സിലെത്തിക്കണം, ഒരു പോറൽ പോലുമേൽപ്പിക്കാതെ. ഇല്ലെങ്കിൽ”

 

“സർ എവിടെയാണ്? ആരാണ് സാറിനെ”

 

ശിവലാൽ ആരുടെയോ കസ്റ്റഡിയിൽ ആണെന്ന് ഷൺമുഖന് മനസിലായി കഴിഞ്ഞിരുന്നു. പക്ഷേ കൂടുതൽ സംസാരിക്കാൻ ഷൺമുഖനെ അയാൾ അനുവദിച്ചില്ല.

 

“ഷൺമുഖാ നീ ഞാൻ പറഞ്ഞത് ചെയ്, അര മണിക്കൂർ.... അരമണിക്കൂറിനുള്ളിൽ ആ ഡോക്ടർ അവരുടെ ക്വോർട്ടേഴ്സിലെത്തിയിരിക്കണം”

 

അപ്പോഴേക്കും ഉമ ഫോൺ പിടിച്ച് വാങ്ങി.

 

“മോനേ ഷൺമുഖാ ...... അരമണിക്കൂറിനുള്ളിൽ നിനക്കതിന് കഴിഞ്ഞില്ലെങ്കിൽ പിന്നെ ഈ ഉമാ കല്ല്യാണി ഐ.പി.എസ് ൻറെ സർവ്വീസ് റിവോൾവറിലെ വെടിയുണ്ടകൾ നിനക്ക് നാളെ സമ്മാനമായി കൊടുത്തുവിടും ഞാൻ നിൻറെ ബോസിൻറെ തലയോട്ടിക്കുള്ളിലിട്ട്.”

 

ഉമ ഫോൺ കട്ട് ചെയ്തു. ശേഷം ആയാളെ തള്ളി തറയിലേക്കിട്ടു.

 

“അവിടെയിരുന്നോണം അടുത്ത അരമണിക്കൂർ, വേണമെങ്കിൽ ഭാഗവതമോ രാമായണമോ ചൊല്ലിക്കോളൂ മനസിൽ, മരണമെത്തുന്ന നേരത്ത് ഭഗവദ് ചിന്ത നല്ലതാണ്. “

 

ശിവലാൽ നിലത്തിരിക്കുന്നത് നോക്കി ഉമ വണ്ടിയിൽ ചാരി നിന്നു.

 

************

 

തൻറെ മുഖത്തിന് നേർക്ക് വന്ന ആ ചെറുപ്പക്കാരൻറെ ചുണ്ടുകളിൽ നിന്ന് രക്ഷപെടുവാൻ ഡോ.അൻസിയ സർവ്വ ശക്തിയുമെടുത്ത് കുതറി. അടുത്ത നിമിഷം അവൻറെ കരുത്തിനു മുന്നിൽ നിസ്സഹായയാ താൻ അവരുടെ കൈകളിൽ പിച്ചിച്ചീന്തപ്പെടും എന്ന ചിന്ത അൻസിയയെ ഭയപ്പെടുത്തി. പക്ഷേ ആ നിമിഷത്തിൽ അവൻറെ ഫോൺ ശബ്ദിച്ചു. ഫോൺ വിളിച്ചവനെ പ്രാകിക്കൊണ്ട് പോക്കറ്റിൽ നിന്നും അവൻ ഫോണെടുത്തു. സ്ക്രീനിൽ ഷൺമുഖൻറെ മുഖം കണ്ട അവൻ അൻസിയയെ വിട്ടിട്ട് ചാടിയെണീറ്റു.

 

“അവരെ അരമണിക്കൂരിനുള്ളിൽ തിരികെ അവരുടെ ക്വോർട്ടേഴ്സിൽ കൊണ്ടെത്തിക്കണം, ഒരു പോറൽ പോലുമേൽക്കാതെ. അതിന് കഴിഞ്ഞില്ലെങ്കിൽ......”

 

മുഴുവനും പറയാതെ തന്നെ ഷൺമുഖൻ കോൾ കട്ട് ചെയ്തു. ഷൺമുഖൻറെ ആജ്ഞകൾ നടപ്പിലാക്കാത്തവർക്ക് മരണത്തിൽ കുറഞ്ഞൊരു ശിക്ഷയില്ലെന്ന് അവനറിയാമായിരുന്നു. അവൻ തിടുക്കപ്പെട്ട് റൂമിന് പുറത്തേക്ക് പോയി തൊട്ട് പിന്നാലെ വണ്ട് സ്റ്റാർട്ട് ചെയ്ത ശബ്ദം കേട്ട് കൂടെയുള്ളവും ഇറങ്ങി ചെന്നു. ആദ്യം പുറത്ത് പോയവൻ അപ്പോഴേക്കും തിരികെ വന്ന് അൻസിയയുടെ കെട്ടുകളഴിച്ച് അവരെ പിടിച്ചെണീപ്പിച്ചു പുറത്തേക്ക് പിടിച്ചുകൊണ്ട് പോയി. അൻസിയയെ ഒരു ഇന്നോവയിലേക്ക് വലിച്ച് കയറ്റി, വണ്ടി കുതിച്ച് പാഞ്ഞു. ഒപ്പം അവന്മാർ രണ്ട് പേരെ കൂടാതെ ഡ്രൈവറും മറ്റൊരാളുമുണ്ടായിരുന്നു. ഹൈവേയിൽ കയറി വണ്ടി കേരള ബോർഡർ ലക്ഷ്യമാക്കി കുതിച്ചു.

 

അടുത്ത നിമിഷം തന്നെ പിച്ചിച്ചീന്തുമെന്ന് കരുതിയവൻ ഭയന്ന് വെപ്രാളപ്പെട്ടത് കണ്ട് അൻസിയക്ക് അതിശയം തോന്നി. തന്നെ എവിടേക്കാണ് കൊണ്ട് പോകുന്നതെന്ന് ചോദിച്ചപ്പോൾ, വീട്ടിൽ കൊണ്ടുവിടാനാണെന്ന അവരുടെ മറുപടി വിശ്വാസയോഗ്യമായി തോന്നിയില്ല അവൾക്ക്. വണ്ടി റോക്കറ്റ് കണക്കെ പായുകയാണ്, അതിനുള്ളിലിരിക്കാൻ അൻസിയക്ക് ഭയം തോന്നി. ഹൈവേ ഒഴിവാക്കി കേരള അതിർത്തി കടന്ന ഇന്നോവയ്ക്ക് പിന്നിലായി  ഒരു ബ്ലാക്ക് സ്കോർപിയോ പ്രത്യക്ഷപ്പെട്ടു. രണ്ട് വണ്ടികളും ചെമ്മൺപാതയിലൂടെ പൊടിപറത്തി അലറിപ്പാഞ്ഞു.

 

അഞ്ച് മിനിട്ടോളം നീണ്ട ചെയ്സിംഗിനൊടുവിൽ റോഡിന് കുറുകേ നിർത്തിയിട്ടിരിക്കുന്ന ട്രാവലറിനരികിൽ ഇന്നോവ ബ്രേക്കിട്ട് നിന്നു. അൽപം പിന്നിലായി സ്കോർപ്പിയോയും. അതിൻറെ ഹെഡ് ലൈറ്റുകളുടെ തീവ്രപ്രകാശം അണഞ്ഞിരുന്നില്ല.  പക്ഷേ ഇതിനോടകം ചെയ്സിംഗിനെക്കുറിച്ച് അവന്മാർ ഷൺമുഖനെ അറിയിച്ചിരുന്നു. ആരാണേലും കൊന്ന് കളഞ്ഞേക്കാനാണ് ഷൺമുഖൻ ആജ്ഞ കൊടുത്തത്. ഇന്നോവയുടെ പിന്നിലിരുന്ന രണ്ട് പേർ ഡോർ തുറന്ന് പുറത്തിറങ്ങി പിന്നാലെ വന്ന വണ്ടിക്ക് നേരെ തോക്ക് ചൂണ്ടി. പക്ഷേ തൊട്ടടുത്ത നിമിഷം നെഞ്ചിലൂടെ ഒരു ചൂട് കടന്ന് പോയത് അവരിരുവരും അറിഞ്ഞു. നെഞ്ചിൽ വച്ച കൈയ്യിൽ പൊടിഞ്ഞ ചോരയുടെ നനവ് എന്താണെന്ന് തിരിച്ചറിയും മുൻപ് നെറ്റി തുളച്ച് അടുത്ത ബുള്ളറ്റുകൾ കടന്ന് പോയിരുന്നു. കൂട്ടാളികൾ വീണത് കണ്ട് മുന്നിലിരുന്ന രണ്ട് പേർ ചാടിയിറങ്ങി. വണ്ടിയിൽ നിന്ന് പുറത്തിറങ്ങി എന്തെങ്കിലും ചെയ്യാൻ പോലും കഴിയുന്നതിന് മുൻപ് രണ്ട് പേരുടെയും തലയോട്ടിയിൽ ബുള്ളറ്റ് ദ്വാരമിട്ടു കഴിഞ്ഞിരുന്നു.

 

          സ്കോർപ്പിയോയുടെ ഹെഡ്ലൈറ്റ് അണഞ്ഞു.  ഭയന്ന് വിളറിപ്പോയ അൻസിയ പിന്നിലെ ഗ്ലാസിലൂടെ നോക്കിയപ്പോൾ കണ്ടത് സ്കോർപ്പിയോയുടെ മുൻസീറ്റിലെ ഇരുവശത്തെയും താഴ്തത്തി വച്ചിരിക്കുന്ന  ഡോർ ഗ്ലാസിലൂടെ പുറത്തേക്ക് ചൂണ്ടിപ്പിടിച്ചിരിക്കുന്ന തോക്കേന്തിയ രണ്ട് കൈകളായിരുന്നു. ആ സ്കോർപിയോയുടെ പിന്നിലെ ഡോർ തുറന്ന് ഒരു ചെറുപ്പക്കാരൻ പുറത്തേക്കിറങ്ങി. ആറടിയിലേറെ ഉയരമുള്ള ഉറച്ച ശരീരമുള്ള യുവാവ്. അയാൾ വന്ന്  അൻസിയയെ പുറത്തേക്ക് വിളിച്ചു, പക്ഷേ അവൾ പുറത്തേക്കിറങ്ങാൻ ഭയന്നു.

 

“അനുസരണക്കേട് കാട്ടാതെ പുറത്തേക്കിറങ്ങൂ മാഡം അൻസിയ റഹ്മാൻ. വേസ്റ്റാക്കാൻ സമയമില്ല.” അവൻറെ ചുണ്ടുകളിൽ ഗൂഢമായൊരു ചിരി ഒളിപ്പിച്ചിരുന്നു.

 

അൻസിയ പതിയെ പുറത്തേക്കിറങ്ങി. റോഡിന് കുറുകേ കിടന്ന ട്രാവലർ അപ്പോൾ സ്റ്റാർട്ടായി. അതിനടുത്തേക്ക് നടക്കാൻ അയാൾ ആംഗ്യം കാണിച്ചതനുസരിച്ച് അൻസിയ അങ്ങോട്ട് നടന്നു. അയാൾ ചെന്ന് അതിൻറെ വാതിൽ തുറന്നു, മടിച്ച് മടിച്ച് അൻസിയ അകത്ത് കയറിയതും, അയാൾ ഡോർ ലോക്ക് ചെയ്തു. അയാൾ  ട്രാവലറിൻറെ മുൻസീറ്റിൽ കയറി.

 

“ലെറ്റ്സ് ഗോ...”

 

അയാളുടെ നിർദ്ദേശം കിട്ടിയതും ട്രാവലറിൻറെ ഡ്രൈവിംഗ് സീറ്റിലിരുന്നയാൾ റിയർ വ്യൂ മിററിലേക്ക് നോക്കിയ ശേഷം ആക്സിലറേറ്ററിൽ കാലമർത്തി. ട്രാവലർ മുന്നിലേക്ക് പാഞ്ഞു. ട്രാവലർ പോയിക്കഴിഞ്ഞപ്പോൾ പിന്നിൽ വന്ന സ്കോർപ്പിയോ റിവേഴ്സ് എടുത്ത് അൽപ ദൂരം പോയ ശേഷം സൈഡിലേ ഇടവഴിയിലേക്ക് തിരിഞ്ഞ് ഓടിച്ച് പോയി. ആ വണ്ടിയുടെ പിന്നിൽ പത്ത് തലയുള്ള രാവണൻറെ ചിത്രമുണ്ടായിരുന്നു.

 

******

 

ഉമ കല്ല്യാണി തൻറെ വാച്ചിലേക്ക് നോക്കി, അത് കണ്ട ശിവലാലിൻറെ മുഖത്തേക്ക് ഭയം ഇരച്ച് കയറി. ഉമ ഫോണെടുത്ത് അയാൾക്ക് നേരെ എറിഞ്ഞുകൊടുത്തു.

 

“ഞാൻ അനുവദിച്ച സമയം കഴിയാൻ ഇനി 60 സെക്കൻറ് ഉണ്ട്. വിളിച്ച് ചോദിക്ക് ഷൺമുഖനെ, ഡോക്ടറെ സുരക്ഷിതമായി വീട്ടിലെത്തിച്ചോയെന്ന്. എനിക്ക് കേൾക്കേണ്ട ഉത്തരം യെസ് ഓർ നോ എന്ന് മാത്രമാണ്. മറക്കേണ്ട......”

 

തറയിൽ നിന്നും ഫോൺ ധൃതിയിൽ എടുത്ത് ശിവലാൽ ഡയൽ ചെയ്തു. ഷൺമുഖൻ കോൾ അറ്റൻഡ് ചെയ്തു.

 

“ഷൺമുഖാ എന്തായി? ഡോക്ടറെ വീട്ടിലെത്തിച്ചോ?”

 

മറുവശത്തെ ഷൺമുഖൻറെ മറുപടി കേട്ടി ശിവലാൽ തളർന്ന് പോയി, അയാളുടെ കൈയ്യിൽ നിന്ന് ഫോൺ വഴുതിപ്പോയി.

 

“എന്താണ് എനിക്കുള്ള ഉത്തരം ?”

 

ഉമ അയാൾക്കരികിലെത്തിക്കഴിഞ്ഞിരുന്നു. അവളുടെ തോക്ക് അയാളുടെ ശിരസ്സിന് നേരേയായിരുന്നു.

 

“അവരെ വീട്ടിലാക്കാനായി വന്നപ്പോൾ കേരള ബോർഡറിനിപ്പുറം വച്ച് മറ്റാരോ അവരെ കിഡ്നാപ്പ് ചെയ്തു.”

 

അടുത്ത നിമിഷം അവളുടെ കൈയ്യിലെ തോക്ക് തീതുപ്പി. ശിവലാലിൻറെ വലത് ഷോൾഡറിലൂടെയാണ് വെടിയുണ്ട കയറിപ്പോയത്, അയാൾ അലറിക്കരഞ്ഞു. അപ്പോഴും ഡിസ്കണക്ടയിട്ടില്ലാത്ത ഫോണിലൂടെ ഷൺമുഖനത് കേട്ട് നിസ്സഹായനായി നിൽക്കുകയായിരുന്നു. തറയിൽ വീണ് പിടഞ്ഞ അയാൾക്ക് നേരേ അവൾ വീണ്ടും നിറയൊഴിച്ചു, ഇത്തവണ അത് അയാളുടെ നെഞ്ചിൽ തറഞ്ഞ് കയറി. മൂന്നാമത്തെ വെടിയുണ്ട് തലയോട്ടി തകർത്തതോടെ ശിവലാലിൻറെ പിടച്ചിൽ അവസാനിച്ചു.

 

അവൾ തൻറെ ജീൻസിൻറെ പോക്കറ്റിൽ നിന്നും ഫോണെടുത്ത് നമ്പർ ഡയൽ ചെയ്തു. വണ്ടി നിന്നു ഡോർ തുറക്കപ്പെട്ടു. തറയിൽ വീണുകിടന്ന മറ്റേ ഫോൺ എടുത്ത് തൻറെ പോക്കറ്റിൽ നിക്ഷേപിച്ച ശേഷം അവൾ പുറത്തേക്ക് ചാടിയിറങ്ങി, പുറത്ത് ഒരു ചെറുപ്പക്കാരൻ നിൽപുണ്ടായിരുന്നു ഡോർ അടച്ച ശേഷം  അവർ ലോറി ഉപേക്ഷിച്ച് തിരികെ നടന്നു. അവർക്കരികിലേക്ക് ഒരു ബ്ലാക്ക് സ്കോർപിയോ വന്ന് ബ്രേക്ക് ചെയ്തു. ഡ്രൈവിംഗ് സീറ്റിലിരുന്ന ചെറുപ്പക്കാരൻ അവൾക്ക് നേരെ കൈനീട്ടി ഷേക്ക്ഹാൻഡ് നൽകി.

 

“വെൽഡൺ മണികർണ്ണിക......... വെൽഡൺ”

 

“താങ്ക് യൂ ബോസ്” ചിരിച്ച് കൊണ്ട് അയാളുടെ തോളത്ത് തട്ടി നന്ദി പറഞ്ഞ ശേഷം പിന്നിലെ ഡോർ തുറന്ന് അവൾ അകത്തേക്ക് കയറി. അപ്പോഴേക്കും അവൾക്കൊപ്പമുണ്ടായിരുന്ന ചെറുപ്പക്കാരൻ മുൻസീറ്റിൽ കയറിക്കഴിഞ്ഞിരുന്നു. കണ്ടെയ്നർ ലോറി ഹൈവേയിലൂടെ വടക്കോട്ട് യാത്ര തുടർന്നപ്പോൾ സ്കോർപ്പിയോ എറണാകുളം ലക്ഷ്യമാക്കി പാഞ്ഞു. ആ വണ്ടിയുടെ പിന്നിലെ ഗ്ലാസിൽ സൂക്ഷിച്ച് നോക്കിയാൽ മാത്രം ഒരു സ്റ്റിക്കർ ഇളക്കിക്കളഞ്ഞ അടയാളം കാണാമായിരുന്നു.

 

തുടരും...

No comments:

Post a Comment

Type your valuable comments here