July 11, 2020

COUNT DOWN (Novel) #6 & 7

അദ്ധ്യായം – 6


 ദക്ഷിണ കർണ്ണാടകത്തിലെ കുപ്രസിദ്ധനായ സ്വർണ്ണക്കള്ളക്കടത്തുകാരൻ  ശിവലാൽ ഷെട്ടിയെ കൊലപ്പെടുത്തിയ നിലയിൽ കാസർഗോഡ് കേരള അതിർത്തിക്ക് സമീപം ഹൈവേസൈഡിൽ കണ്ടെത്തി. അദ്ദേഹത്തിൻറെ ഫോർഡ് എൻഡവറിൽ വെടിയേറ്റ് മരിച്ച നിലയിലാണ് ശിവലാലിൻറെയും ഡ്രൈവർ സായിറാമിൻറെയും മൃതദേഹം കണ്ടെത്തിയത്.

 

ഡിജിപി വിളിച്ച പോലീസ് ഉന്നത തല യോഗത്തിന് പുറപ്പെടാനൊരുങ്ങിയിറങ്ങിയ ഉമാകല്ല്യാണി ഐ.പി.എസ്  ചാനലുകളിലെ ബ്രേക്കിംഗ് ന്യൂസ് കണ്ട് അൽപനേരം ടി വിക്ക് മുന്നിൽ നിന്നു. വാളെടുത്തവൻ വാളാൽ, എന്ന് പിറുപിറുത്തുകൊണ്ട് അൽപനേരത്തിന് ശേഷം ഉമ തൻറെ വണ്ടിയിൽ പോലീസ് ആസ്ഥാനത്തേക്ക് പോയി.

 

മേഖല ഡി.ഐ.ജി മാരും ജില്ലാ പോലീസ് മേധാവികളും യോഗത്തിന് കൃത്യ സമയത്ത് തന്നെ എത്തിയിരുന്നു. അവർക്ക് മുന്നിലേക്ക് ഡി.ജി.പി ഏറ്റവും പുതിയ ഇൻറലിജൻസ് റിപ്പോർട്ട് വച്ചു.

 

ഡി.വൈ.എസ്.പി രാജൻ ജോണിൻറെ മരണം മുതൽ ഇന്ന് കാലത്ത് തലപ്പാടിക്ക് സമീപത്ത് കൊല്ലപ്പെട്ട ശിവലാൽ ഷെട്ടിയുടെ മരണം വരെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതായിരുന്ന അതിൻറെ രത്നച്ചുരുക്കം.

 

“കേരളത്തിൽ വളരെ വലിയ നെറ്റ് വർക്കുള്ള ഗുണ്ടാ സംഖങ്ങളുമായി ഏതോ തീവ്രവാദ ഗ്രൂപ്പ് കൈകോർത്തിരിക്കുന്നു. അവരാണ് നിഖിലിനെപ്പലെയുള്ളവരെ പിന്നിൽ നിന്ന് സപ്പോർട്ട് ചെയ്ത് പോലീസുകാരെ തട്ടിക്കൊണ്ട് പോയി കൊന്ന് തള്ളിയത്. പിടിക്കപ്പെടുമെന്ന് ആയപ്പോൾ നിഖിലിനെയും കൊന്നു. അവരുടെ കടന്ന് വരവിൽ അമർഷം പൂണ്ടതിനാലാവണം ശിവലാലിനെ കൊലപ്പെടുത്തിയത്, കാരണം നിഖിലിനെ കൊലപ്പെടുത്തിയത് കർണ്ണാടകയിൽ വച്ചാണെന്നും ഒപ്പം ശിവലാലിൻറെ രണ്ട് വിശ്വസ്തരും കൊല്ലപ്പെട്ടിരുന്നുവെന്നും ഇൻറലിജൻസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച് അറിയാവുന്നത് കൊണ്ടാണ് ഡോ.അൻസിയയെ ശിവലാലിൻറെ ആൾക്കാർ തട്ടിക്കൊണ്ട് പോയത്. അതിനു മുന്നേ ഡോക്ടർ അൻസിയ കിരൺ മാത്യുവിനോട് ഇതേപ്പറ്റി പറഞ്ഞിരുന്നുവെന്ന് നമുക്ക് അനുമാനിക്കാം. അതുകൊണ്ട് തന്നെയാവണം കിരൺ മാംഗ്ലൂരിലേക്ക് പോയത്. അപ്പോൾ ഒന്നുകിൽ ശിവലാലിൻറെ ആൾക്കാരുടെയോ അതുമല്ലെങ്കിൽ നമുക്കിനിയും വ്യക്തമായി അറിയാത്ത ആ വലിയ ശത്രുവിൻറെ തടങ്കലിലോ ആവാം കിരൺ, ഒരു പക്ഷേ അവർ......”

 

ഡി ജി പി മുഴുവൻ പറഞ്ഞില്ല.

 

“ സർ കാണാതായ ശ്യാംമാധവിനെക്കുറിച്ചോ, കിരൺ മാത്യുവിനെക്കുറിച്ചോ, സതീഷ് ബോസിനെക്കുറിച്ചോ ഇതുവരെ യാതൊരു വിവരവും നമുക്കില്ല. സി.ഐ അൻവർ, പിന്നെ അജിത്ത്, മുകുന്ദൻ എന്നീ രണ്ട് പോലീസുകാരും, ഡോ.അൻസിയ റഹ്മാനും കാണാമറയത്ത് തന്നെയാണ്. ഒരു പക്ഷേ ജീവനോടെ ഉണ്ടാകാനുള്ള സാദ്ധ്യത പോലും ഇല്ല, കാരണം രാജൻ ജോണിൻറെയും കൂട്ടാളികളുടെയും അവസ്ഥ നമ്മൾ കണ്ടതാണല്ലോ, രണ്ട് പേരുടെ ശവം കിട്ടിയപ്പോൾ മറ്റ് രണ്ട് പേരുടെ കേസിൽ വെറും ചാരം മാത്രമാണ് കിട്ടിയത്. ഇനിയെത്ര പേർ...... നമുക്ക് പോലും സുരക്ഷിതത്വമില്ലാതാവുകയല്ലേ സാർ”

 

അത് പറയുമ്പോൾ ഉത്തരമേഖല ഡി.ഐ.ജി മുഹമ്മദ് ഇല്ല്യാസിൻറെ തൊണ്ടയിടറിയിരുന്നു.

 

“ശരിയാണ് സാർ.... ഈ സംഭവ വികാസങ്ങൾ പോലീസ് സേനയുടെ മൊത്തത്തിലുള്ള ആത്മവിശ്വാസത്തെ തകർത്തിട്ടുണ്ട്. ഏത് നിമിഷവും തൻറെ ഊഴമെത്താമെന്ന ഭയം എല്ലാവരെയും അലട്ടുന്നുണ്ട്. ശരിക്കും ഉറക്കം കെടുത്തുന്ന രാത്രികളാണ് പോയതും വരാനുള്ളതുമെല്ലാം”

 

തിരുവനന്തപുരം കമ്മീഷണറായ അനന്തഗോപൻ മുഹമ്മദ് ഇല്ല്യാസിനൊപ്പം തൻറെ ആശങ്ക പങ്ക് വച്ചു. എല്ലാവർക്കും പറയാനുള്ളത് ഇത്തരം കാര്യങ്ങൾ തന്നെയായിരുന്നു. എല്ലാം കേട്ട് കഴിഞ്ഞ ഡി.ജി.പി ഉമാ കല്ല്യാണിയുടെ നേരേ തിരിഞ്ഞു.

 

“മിസ് ഉമാ കല്ല്യാണി താൻ അന്വേഷണം  ഏറ്റെടുത്ത് കഴിഞ്ഞു. അറിയാമല്ലോ ഉത്തരവാദിത്തം വളരെ വലുതാണ്. തൻറെ മൂന്ന് മുൻഗാമികൾ അപ്രത്യക്ഷരായിക്കഴിഞ്ഞു. താൻ അതേക്കുറിച്ച് അന്വേഷിച്ച് സത്യാവസ്ഥ പുറത്ത് കൊണ്ടു വരുന്നത് വരെ സ്വയം സുരക്ഷിതയാകാനും ബാദ്ധ്യസ്ഥയാണ്. എന്താണ് ഉമയ്ക്ക് പറയാനുള്ളത്. “

 

എല്ലാവരും വളരെ പ്രതീക്ഷയോടെ ഉമയുടെ വാക്കുകൾക്കായി കാതോർത്തു.

 

“സർ എന്നെയോർത്ത് എനിക്ക് ഭയമില്ല. പിന്നെ അന്വേഷണം അത് തുടങ്ങിക്കഴിഞ്ഞു. പക്ഷേ അതൊരിക്കലും ഡി.വൈ.എസ്.പി രാജൻ ജോണിൻറെ മരണത്തിൽ നിന്നല്ലെന്ന് മാത്രം.  ഇന്ന് നടന്ന സംഭവങ്ങളിൽ നിന്ന് മുന്നിലേക്കും പിന്നിലേക്കും അന്വേഷിക്കുക എന്നതാണ് എൻറെ സ്ട്രാറ്റജി. ശിവലാലിൻറെ മരണവുമായി അതിന് ബന്ധമുണ്ട് അതെനിക്ക് ഉറപ്പാണ്. മാത്രമല്ല അയാളെപ്പോലൊരു അധോലോക രാജാവിനെ വളരെ നിസാരമായി കൊന്ന് റോഡിൽ തള്ളിയവർ നിസ്സാരക്കാരുമല്ല. കൃത്യമായ പ്ലാനിംഗിൽ കാര്യങ്ങൾ എക്സിക്യൂട്ട് ചെയ്യുന്ന ഒരു സംഘം തന്നെയവർക്കുണ്ട്. പോലീസുകാരുടെ തിരോധാനത്തിന് പിന്നിൽ ശിവലാൽ അല്ല, പക്ഷേ അവർ ആരായാലും ശിവലാലിൻറെയും ശത്രുവാണ്.”

 

“തനിക്കെങ്ങനെ അത് കൃത്യമായി പറയാൻ കഴിയും.” ഡി.ജി.പി തനിക്ക് തോന്നിയ സംശയം ചോദിച്ചു.

 

“ സർ ഇന്ന് ഓഫീസിലേക്ക് വരുന്ന വഴി എൻറെ ഒഫീഷ്യൽ ഫോണിൽ ഒരു കോൾ വന്നു. വൺ മിസ്റ്റർ ഷൺമുഖൻ, ഈ കൊല്ലപ്പെട്ട ശിവലാലിൻറെ ബോഡിഗാർഡും മനസാക്ഷി സൂക്ഷിപ്പുകാരനുമോക്കെയായ ക്രിമിനിൽ. ശിവലാലിൻറെ മരണത്തിന് എന്നോട് കണക്ക് ചോദിക്കും കരുതിയിരുന്നോളൂ അവസാന യാത്രക്കായി.... അതായിരുന്നു ഭീഷണി. ഞാനാണ് ശിവലാലിനെ കൊന്നതെന്നാണ് അയാൾ വിശ്വസിക്കുന്നത്”

 

ഉമ പറയുന്നത് കേട്ട് ഡി.ജി.പി ഉൾപ്പെടെയുള്ള പോലീസുകാർ അമ്പരന്നു.

 

“ താൻ കൊന്നെന്നോ? അതെങ്ങനെ ശരിയാവും? അയാൾ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത്? “

 

ഡി.ജി.പി ചോദിച്ച അതേ ചോദ്യങ്ങൾ എല്ലാവരുടെയും നാവിൻ തുമ്പിലുണ്ടായിരുന്നു.

 

“ആരോ സമർത്ഥമായി ആൾമാറാട്ടം നടത്തിയിരിക്കുന്നു. എൻറെ ഐഡൻറിറ്റി ഉപയോഗിച്ച് അവർ സമർത്ഥമായി ഒരു നാടകം കളിച്ചിരിക്കുന്നു.” ഇരച്ച് കയറിയ രോഷം ഉമയുടെ മുഖത്ത് അരുണിമ പടർത്തി.

 

“ആരാണവർ?, അങ്ങനെയൊരു നാടകം കളിച്ച് ശിവലാലിനെപ്പോലെയൊരാൾക്ക് കെണി വയ്ക്കാൻ കെല്പുള്ളവർ?”

 

ഇത്തവണ ചോദ്യം ഡി.ഐ.ജി മുഹമ്മദ് ഇല്ല്യാസിൻറെ വകയായിരുന്നു.

 

“രാവണൻ”       ഉമയുടെ നാവിൻ തുമ്പിൽ നിന്നും ആ പേരു വീണപ്പോൾ മറ്റുള്ളവർ ഒന്ന് നടുങ്ങി.

 

          “രാവണനോടൊപ്പം ചേർന്ന് പോലീസ് കളിച്ച കളിയാണ് ശിവലാലിൻറെ മരണമെന്നാണ് ഷൺമുഖൻ പറഞ്ഞത്. “ ഉമ പൂർത്തീകരിച്ചു.

 

“ആരാണ് രാവണൻ?”

 

“അറിയില്ല സാർ, പക്ഷേ എൻറെയൊരു അനുമാനം പറയാം. മുട്ടനാടുകളെ പലതും പറഞ്ഞ് കൂട്ടിയിടിപ്പിച്ച് ഒടുവിൽ തളർന്ന് വീഴുന്ന അവയുടെ ചോരകുടിക്കുന്ന ചെന്നായയുടെ കഥ കേട്ടിട്ടില്ലേ, ഇവിടെ ആ ചെന്നായയുടെ കുപ്പായത്തിനുള്ളിൽ ഇരിക്കുന്ന ആരോ ആണ് രാവണൻ, എൻറെ ഐഡൻറിറ്റി ഉപയോഗിച്ച് അവർ അയാളെ കൊന്നു, അതിന് പ്രതികാരം ചെയ്യാൻ സർവ്വ സന്നാഹവുമായി ഷൺമുഖനിറങ്ങും, ആ പോരിനിടയിൽ രാവണൻ കൂടുതൽ പോലീസുകാരെ നമുക്കിടയിൽ നിന്ന് റാഞ്ചിയെടുത്ത് കൊന്ന് തള്ളും. അതിലൂടെ അവരിവിടെ നടപ്പിലാക്കാനുദ്ദേശിക്കുന്ന നിഗൂഢ പദ്ധതികൾ അനായാസം സാദ്ധ്യമാക്കുകയും ചെയ്യും.”

 

           ഒരു നടുക്കത്തോടെയാണ് ഡിജിപി ക്ക് ഉമ കൊടുത്ത മറുപടി എല്ലാവരും കേട്ടിരുന്നത്.

 

          “പക്ഷേ ഉമാ.... ശിവലാൽ എന്ന രാജാവ് മരിച്ചുകഴിഞ്ഞ സ്ഥിതിക്ക് നായകനില്ലാത്ത അയാളുടെ സൈന്യം എന്ത് ചെയ്യാനാണ്. ?”

 

 തിരുവനന്തപുരം കമ്മീഷണർ അനന്തഗോപൻ ഉമയോടാണ് ചോദിച്ചതെങ്കിലും മറുപടി പറഞ്ഞത് കാസർഗോഡ് കമ്മീഷണർ ഹേമന്ദ് അഗർവാളാണ്.

 

“ശിവലാലിൻറെ ശക്തിയെന്നത് ഷൺമുഖനാണ്. ഈ ഷൺമുഖനില്ലെങ്കിൽ ശിവലാൽ വെറും വട്ടപ്പൂജ്യമാണ്. ശിവലാലിന് വേണ്ടി കൊല്ലാനും ചാകാനും നടന്ന ഷൺമുഖൻ വളരെ നൊട്ടോറിയസ്സാണ്. ക്രൂരതയുടെ പര്യായം, ദക്ഷിണേൻറ്യ മുഴുവൻ പരന്ന് കിടക്കുന്ന ഗുണ്ടാനെറ്റ് വർക്ക് ഉണ്ട് അയാളുടെ ആജ്ഞാനുവർത്തികളായി. നമ്മളോളം കരുത്തരായ ഫോഴ്സ്. രാഷ്ട്രീയ ഉന്നതരുമായുള്ള അവരുടെ ബന്ധങ്ങൾ അവരെ പലപ്പോഴും നമ്മേക്കാൾ കരുത്തരാക്കും. എനിക്ക് കൃത്യമായറിയാം ഷൺമുഖനെ വെറും വാക്ക് പറയുന്നവനല്ല അയാൾ, പറഞ്ഞത് അതേപടി ചെയ്ത് കാണിക്കുന്നവനാണ്. മിസ് ഉമ ശരിക്കും സൂക്ഷിക്കേണ്ടിയിരിക്കുന്നു.”

 

“ഇതിപ്പോ ശരിക്കും കൈവിട്ട് പോകുന്നൊരു കളിയാണല്ലോ, യഥാർത്ഥത്തിൽ നമുക്കാരെയാണ് നേരിടേണ്ടത്, ഷൺമുഖനെയോ? അതോ രാവണനെയോ?”

 

ഡി.ജി.പി ചിന്താധീനനായി.

 

പക്ഷേ ഉമ ഇതൊന്നും കേട്ട് അൽപം പോലും പതറിയില്ല.

 

“സാർ, ഇതൊരു പദ്മവ്യൂഹമാണ്. വളരെ കൃത്യമായ ആസൂത്രണത്തോടെ ചമച്ച് വച്ച പദ്മവ്യൂഹം. അതിനുള്ളിൽ നമ്മൾ പെട്ടുകഴിഞ്ഞിരിക്കുന്നു. ഇനി അതിനുള്ളിൽ നിന്നും ജീവനോടെ പുറത്തെത്തുക എന്നതിനോടൊപ്പം, നമ്മുടെ കൂട്ടത്തിലുള്ളവരെ കൊന്നു തള്ളിയവന്മാരെയൊക്കെ വെളിച്ചത്ത് കൊണ്ട് വരികയും വേണമെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.”

 

ഉമ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഡി.ജി.പി യുടെ ഫോൺ റിംഗ് ചെയ്തു. കോൾ അറ്റൻഡ് ചെയ്ത ഡി.ജി.പി യുടെ മുഖം വിവർണ്ണമായി, ഫോൺ വച്ച അദ്ദേഹം അൽപനേരത്തെ മൗനത്തിന് ശേഷമാണ് സംസാരിച്ചത്.

 

“ഹേമന്ദ് പറഞ്ഞത് പോലെ ഷൺമുഖൻ ശരിക്കും നൊട്ടോറിയസ് തന്നെയാണ്. അവർ തുടങ്ങിക്കഴിഞ്ഞു.  മഞ്ചേശ്വരം ഭാഗത്ത് വാഹന പരിശോധന നടത്തുകയായിരുന്ന നമ്മുടെ പോലീസ് സംഘത്തിന് നേരേ നിരവധി ആൾക്കാർ നോക്കി നിൽക്കേ ഷൺമുഖൻറെ നേതൃത്വത്തിൽ ഗുണ്ടാ സംഘം ആക്രമണം നടത്തി. പരിക്കേറ്റ് നാല് പോലീസൂകാർ ആശുപത്രിയിലാണ്.”

 

ആ മുറിയിൽ കുറച്ച് നേരത്തേക്ക് മൊട്ടുസൂചി വീണാൽ പോലും കേൾക്കാവുന്നത്ര നിശബ്ദത പരന്നു.

 

********************

 

“ഷൺമുഖാ ശിവലാലിനെ കൊന്ന് വഴിയരികിൽ തള്ളിയ കേരള പോലീസിനെ നീ വിലകുറച്ച് കാണരുത്. അങ്ങനെയൊരു എൻകൌണ്ടർ അവർ നടത്തിയിട്ടുണ്ടെങ്കിൽ അവർ അതിലും വലുതെന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ട്. നീ വെറുതേ അവരുടെ കെണിയിൽ തല കൊണ്ട് വച്ച് കൊടുക്കരുത്.”

 

കെ.ആർ.ജി യുടെ അനുനയവാക്കുകളൊന്നും ഷൺമുഖനിലെ തീയണക്കാൻ പര്യാപ്തമായിരുന്നില്ല. അയാൾ ശരിക്കും ശിവജഡയിൽ നിന്ന് വീണ വീരഭദ്രനെപ്പോലെ കൊലവിളിച്ച് സംഹാരമാടാൻ തയ്യാറായി നിൽക്കുകയായിരുന്നു. എല്ലാവർക്കും അറിയാവുന്ന പോലെ ഷൺമുഖൻറെ ബോസ് ആയിരുന്നില്ല ശിവലാൽ, ശിവലാലിനെ കൈപിടിച്ച് ഈ ഉയരത്തിൽ കയറ്റിയിരുത്തിയത് തന്നെ ഷൺമുഖനായിരുന്നു. എല്ലാവർക്കും മുന്നിൽ ആശ്രിതനായി നിൽക്കുമ്പോഴും ശിവലാൽ ഷെട്ടിയുടേതെന്ന പേരിൽ ലോകമറിയുന്ന സ്വത്തിൻറെ ഭൂരിഭാഗവും ഷൺമുഖൻറെ പേരിലായിരുന്നു. കാലാളിൻറെ വേഷത്തിൽ കാവലായി നിന്ന് ശരിക്കും ശിവലാലിനെ രാജാവിൻറെ വേഷം കെട്ടിയാടിച്ച ചക്രവർത്തിയാണ് ഷൺമുഖനെന്നത് അറിയാവുന്ന രണ്ടേ രണ്ട് പേർ മാത്രമേ ഉണ്ടായിരുന്നുള്ളു. അതിലൊന്ന് ശിവലാലിൻറെ അഡ്വക്കേറ്റ് ആനന്ദ് ഷേണായ്, പിന്നെയൊന്ന് ശിവലാലിൻറെ ഭാര്യ സംസാരശേഷിയില്ലാത്ത കനകവല്ലി. അവർ ഷൺമുഖൻറെ സ്വന്തം സഹോദരിയാണെന്നത് പോലും ഷേണായി വക്കീലിനും ഷൺമുഖനും ശിവലാലിനും മാത്രമറിയാവുന്ന രഹസ്യമായിരുന്നു.

 

          “നീ പറഞ്ഞിട്ടാണ് ആ രാവണനു പിന്നാലെ പോലീസ് പോകാതിരുന്നത്, ആ രേഖകളൊക്കെ ഞാൻ നശിപ്പിച്ചതും നിനക്ക് വേണ്ടിയാണ്. പക്ഷേ വലിയ വീരവാദം പറഞ്ഞിട്ട് പോയ നിനക്ക് ഇതുവരെ ആ രാവണനെ കണ്ട് പിടിക്കാൻ പറ്റിയില്ല. അതേ രാവണൻ തന്നെയാവില്ലേ നിൻറെ നാല് അനുചരന്മാരെ കൊന്ന് തള്ളിയിട്ട് ആ ഡോക്ടറെ കടത്തിക്കൊണ്ട് പോയത്”

 

          കെ.ആർ.ജി തൻറെ പരാജയമായി അതിനെ വ്യാഖ്യാനിച്ചത് ഷൺമുഖനിലെ കലിയിളക്കി. അയാൾ മേശമേൽ ആഞ്ഞിടിച്ചു. അതിലെ ഗ്ലാസ് പൊട്ടിച്ചിതറിയതോടൊപ്പം അയാളുടെ കയ്യിൽ ഗ്ലാസ് തറച്ച് കയറി ചോരയൊഴുകാൻ തുടങ്ങി. അനുചരന്മാരിലൊരാൾ ഓടിയടുത്തേക്ക് വന്നപ്പോൾ അവരോടെല്ലാം പുറത്ത് പോകാൻ അയാൾ ആംഗ്യം കാട്ടി. മുറിയിൽ കെ.ആർ.ജിയും ഷൺമുഖനും മാത്രമായി.

 

“രാവണൻ ആരായാലും അവൻറെ അവസാനത്തിൻറെ കൌണ്ട് ഡൌൺ ഈ ഷൺമുഖനിവിടെ തുടങ്ങിക്കഴിഞ്ഞു. പിന്നെ കേരള പോലീസ്........ ഉമ കല്ല്യാണി ഐ.പി.എസ്...... അവൾക്കും കൊടുക്കുന്നുണ്ട് ...... അവളുടെ നെഞ്ചിൽ നല്ല ചുവന്ന റോസാപ്പൂക്കൾ കൊണ്ടലങ്കരിച്ച ഒരു റീത്ത്...... കേരളത്തിൻറെ മണ്ണിലിറങ്ങി ഷൺമുഖനിതുവരെ വലിയ കളിയൊന്നും കളിച്ചിട്ടില്ല. ഇനി കേരള പോലീസ് പല കളികളും കാണും, വെറും കാഴ്ചക്കാരായി നിർത്തും അവരെ”

 

കൈയ്യിൽ തറച്ച് കയറിയ ഗ്ലാസ് കഷ്ണങ്ങളോരൊന്നും വലിച്ചൂരിയെടുത്ത് കൊണ്ട് അത് പറയുമ്പോൾ അയാളുടെ കയ്യിൽ നിന്നും ചോര തറയിലേക്ക് ഇറ്റ് വീഴുകയായിരുന്നു. അത് കണ്ട് കതകിന് പിന്നിൽ പുറത്തേക്ക് വന്ന കരച്ചിൽ സാരിയുടെ മുന്താണി കടിച്ച് പിടിച്ച് നിശബ്ദമാക്കി കനകവല്ലി നിൽപുണ്ടായിരുന്നു.

 

“ ഷൺമുഖാ നീ ഞാൻ പറയുന്നത് കേൾക്ക്, കേരള പോലീസിൽ എനിക്ക് നല്ല പരിചയമുള്ള ചില ഓഫീസേഴ്സ് ഉണ്ട്. അവരേട് ഞാൻ അന്വേഷിച്ചിരുന്നു. ശിവലാലിൻറെ മരണത്തിൽ പോലീസിന് പങ്കില്ലെന്നാണ് അവർ പറയുന്നത്.”

 

കെ.ആർ.ജി അത് പറയുമ്പോൾ ഷൺമുഖൻറെ കോപം ഇരട്ടിച്ചു. അയാൾ ശരിക്കും ഭ്രാന്തെടുത്ത പോലെ അലറുകയായിരുന്നു.

 

“ആ പീറപ്പോലീസുകാരി ഉമാ കല്ല്യാണി പറഞ്ഞ വാക്കുകളിപ്പോഴും എൻറെ കാതിലുണ്ട്.

 

       എൻറെ സർവ്വീസ് റിവോൾവറിലെ വെടിയുണ്ടകൾ നിനക്ക് നാളെ സമ്മാനമായി കൊടുത്തുവിടും ഞാൻ നിൻറെ ബോസിൻറെ തലയോട്ടിക്കുള്ളിലിട്ട്.

 

എന്നിട്ടും സാറ് പറയുന്നു പോലീസിന് ഇതിൽ പങ്കില്ലെന്ന്”

 

“ഷൺമുഖാ... അതാണ് ഞാൻ ആദ്യമേ പറഞ്ഞത് ഇത് ചെയ്തത് പോലീസാണെങ്കിൽ അവർ എന്തോ വലിയ പ്ലാനിംഗ് നടത്തുന്നുണ്ട്. അതെന്താണെന്ന് ഞാൻ കണ്ടുപിടിച്ച് തരാം... പക്ഷേ എനിക്കതിന് അൽപം സമയം താ. അല്ലാതെ വെറുതേ ചാടിക്കയറി നീ അവിവേകം കാണിക്കരുത്.”

 

“അങ്ങനെ മുന്നും പിന്നും നോക്കാതെ വരും വരായ്കകൾ നോക്കാതെ ഷൺമുഖൻ ചാടിയിറങ്ങയിതിൻറെ കൂലിയാണ് ഈ കാണുന്നതൊക്കെ. ഷൺമുഖൻറെ ഈ എടുത്ത് ചാട്ടങ്ങളിലൊന്നും മറ്റാരും വേവലാതിപ്പെടുന്നത് എനിക്കിഷ്ടവുമല്ല, സാറിനിപ്പോൾ പോകാം. സഹായം വേണ്ടപ്പോൾ ഞാൻ അങ്ങോട്ട് വിളിച്ചോളാം. സാറിപ്പോ പൊയ്ക്കോ.....”

 

ഇനി അവിടെ നിന്നിട്ടോ ഉപദേശിച്ചിട്ടോ പ്രയോജനമില്ലെന്ന് കെ.ആർ.ജി ക്ക് നല്ലത് പോലെ അറിയാം. അയാൾ പതിയെ പുറത്തേക്ക് പോയി. ഷൺമുഖൻ രക്തമൊഴുകുന്ന കൈയ്യുമായി അകത്തെ മുറിയിലേക്ക് കയറിയതും കനകവല്ലി ഓടിയടുത്ത് ചെന്ന് തൻറെ സാരിത്തലപ്പുകൊണ്ട് ആ മുറിവിലമർത്തിപ്പിടിച്ചു ചേർന്ന് നിന്നു. മറു കൈ കൊണ്ട് ഷൺമുഖനവരെ ചേർത്ത് പിടിച്ചു. അവർ കരയുകയായിരുന്നു.

 

“ഹേയ് കനകാ നീ കരയരുതെന്ന് ഞാൻ പറയില്ല. നീ കരയണം നിൻറെ കണ്ണിൽ നിന്ന് വീഴുന്ന ഓരോ തുള്ളി കണ്ണീരും ആസിഡ് കണക്കെ എൻറെ ഹൃദയത്തെ നീറിപ്പുകയ്ക്കണം എന്നാലെ പ്രതികാരം ചെയ്യുമ്പോൾ അത് ഏറ്റവും ക്രൂരവും ഭയാനകവുമാക്കാൻ എനിക്ക് കഴിയൂ.....”

 

ഷൺമുഖൻ കനകയുടെ കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണീര് തൻറെ കൈകൊണ്ട് തുടച്ചു.

 

“നിൻറെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് കളഞ്ഞ അവളുടെ ചോര കൊണ്ട് ഈ കൈ  കഴുകിയിട്ടേ ഞാനിനി നീ വിളമ്പുന്ന ഭക്ഷണം കഴിക്കാൻ ഈ വീട്ടിലേക്ക് വരൂ”

 

കനകയെ പിടിച്ചുമാറ്റിയ ശേഷം ഷൺമുഖൻ പുറത്തേക്ക് പോകാൻ തുടങ്ങിയപ്പോ അവർ അയാളെ സ്നേഹപൂർവ്വം തടഞ്ഞ് നിർത്തി. മേശയിൽ നിന്നും കുറച്ച് പഞ്ഞിയും തുണിയും എടുത്ത് മുറിവ് വച്ച് കെട്ടി. അതിന് ശേഷം ആശുപത്രിയിൽ പോയി മരുന്ന് വയ്ക്കണമെന്ന് ആംഗ്യഭാഷയിലൂടെ പറഞ്ഞു. ഷൺമുഖനവരെ ചേർത്ത് പിടിച്ച് നെറുകയിൽ ഉമ്മ നൽകിയ ശേഷം പിന്തിരിഞ്ഞ് നോക്കാതെ പുറത്തേക്കിറങ്ങി.

 

***************************

 

 

          കൊല്ലം അഷ്ടമുടിക്കായലിൻറെ മദ്ധ്യത്തിലുള്ള ചെറിയ ദ്വീപ്, ഇരമ്പിയാർത്ത് തീവണ്ടികൾ പോകുന്ന പാലത്തിനപ്പുറത്തേക്ക് സൂര്യൻ ചാഞ്ഞിറങ്ങുന്ന അസ്തമയവും ദൂരെ കിഴക്ക് കരയിൽ തെങ്ങിൻ തലപ്പുകൾക്ക് മീതെ സൂര്യൻ കയറിപ്പറ്റുന്ന ഉദയവും കാണാവുന്ന മനോഹരമായ പച്ചത്തുരുത്ത്. ഇപ്പോൾ ആ ദ്വീപ്  എബ്രഹാം വർക്കി എന്ന റിസോർട്ട് ഉടമ 20 വർഷത്തെ ലീസിനെടുത്തിരിക്കുകയാണ്. വൻകിട പദ്ധതികളുമായി ഇറങ്ങിത്തിരിട്ട വർക്കിക്ക് ഇപ്പോൾ കാലം അത്ര അനുകൂലമല്ല.

 

            ദ്വീപിൻറെ ഒത്ത നടുക്കായ വലിയൊരു കെട്ടിടവും തീരത്തോട് ചേർന്ന് ചെറിയ കോട്ടേജുകളുടെയും പണി ഏകദേശം പൂർത്തിയാകാറായപ്പോഴാണ് ചില പ്രകൃതി സ്നേഹികൾ  കോടതിയിൽ കേസ് കൊടുത്തത്. ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.  തല്കാലം നിർമ്മാണ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലയെങ്കിലും എബ്രഹാമിൻറെ സുഹൃത്തുക്കൾ ചിലരൊക്കെ അവധിയാഘോഷിക്കാൻ അവിടെ പതിവായെത്താറുണ്ട്. മുൻപ് സമീപത്തെ കരിയിലുള്ളവരൊക്കെ ചെറുവള്ളങ്ങളിലും മറ്റും ഇവിടെ വരാറുണ്ടായിരുന്നതാണെങ്കിലും ഇപ്പോൾ അതൊക്കെ എബ്രഹാം വിലക്കിയിരിക്കുകയാണ്. നാല് ഏക്കർ മാത്രം വിസ്തൃതിയുള്ള ആ ചെറു ദ്വീപിൻറെ കാവലിന് എബ്രഹാം നിയോഗിച്ചിരിക്കുന്നത് ഗ്രേറ്റ് ഡെയ്ൻ ഇനത്തിൽപ്പെട്ട ആറ് നായകളെയാണ്. അവയെപ്പേടിച്ച് ഒരാളും ഇപ്പോൾ ദ്വീപിൻറെ അടുത്തേക്ക് പോലും പോകില്ല.

 

                 ഒന്നു രണ്ട് ഷോർട്ട് ഫിലിമുകൾ ഷൂട്ട് ചെയ്യപ്പെട്ടിട്ടുള്ള ആ ദ്വീപിൽ അടുത്തായി ഒരു സിനിമ ഷൂട്ടിംഗ് തുടങ്ങുമെന്നൊരു റൂമർ കരയിൽ പടർന്നിട്ട് കുറച്ചായി. തികച്ചും പട്ടിക്കാടെന്ന് പറയാവുന്ന ഗ്രാമങ്ങളാണ് ചുറ്റോടു ചുറ്റുമുള്ള കായലിനക്കരെയുള്ള കരകൾ. തികച്ചും സാധാരണക്കാരും അതിവേഗതയിലോടുന്ന കംപ്യൂട്ടർ യുഗത്തിനൊപ്പമെത്താൻ വിമ്മിഷ്ടപ്പെട്ട് കിതയ്ക്കു്ന്ന ജനതയാണ് അവിടങ്ങിളിലെല്ലാമുള്ളത്.   കഥയെഴുതാനായി ഒരു സംഘമാണ് ഇപ്പോൾ ദ്വീപിൽ തമ്പടിച്ചിരിക്കുന്നതെന്നും അവർക്ക് സഞ്ചരിക്കാനായി ഒരു സ്പീഡ് ബോട്ട് എബ്രഹാം അറേഞ്ച് ചെയ്ത് കൊടുത്തിട്ടുണ്ടെന്നുമാണ് ഇപ്പോൾ കരയിൽ പ്രചരിക്കുന്ന പുതിയ കഥ.

 

          ദ്വീപിൻറെ നടുക്കുള്ള വില്ലയിലെ കായലിൻറെ മനോഹര കാഴ്ചകാണാനാവുന്ന തുറക്കാനാവാത്ത ഗ്ലാസ് ചുവരുകളുള്ള മുറിയിൽ തടവിലാക്കപ്പെട്ടവളെപ്പോലെ ഡോ.അൻസിയ ഇരിക്കുന്നുണ്ടായിരുന്നു. അതിനുപുറത്തെ വലിയ മുറിയിൽ ആ ചെറുസംഘം ഒത്ത് ചേർന്നിരുന്നു. അവർക്ക് പിന്നിൽ ഭിത്തിയിൽ ഏതോ കലാകാരൻ വരച്ച പത്ത് തലയുള്ള രാവണൻറെ ചുവർ ചിത്രമുണ്ടായിരുന്നു. ഒരു മേശക്കു ചുറ്റുമായി അവരേഴ് ചെറുപ്പക്കാരുണ്ടായിരുന്നു. എട്ടാമത് ഒരു കസേര ഒഴിഞ്ഞ് കിടന്നിരുന്നു.

 

            അവിടേക്ക് കൈയ്യിലൊരു ട്രേയിൽ ആവി പറക്കുന്ന എട്ട് കട്ടൻ ചായയുമായി അവൾ വന്നു, മണികർണ്ണിക. ശിവലാലിനെ നിസ്സാരമായി കൊന്നു തള്ളിയ അതേ പെണ്ണ്. ചായ ടേബിളിൽ വച്ച ശേഷം ഒഴിഞ്ഞ് കിടന്ന എട്ടാമത്തെ കസേരയിൽ അവളിരുന്നു. ഒരോരുത്തരായി ചായ ഗ്ലാസെടുത്തു. ആദ്യത്തെയാൾ അൻസിയയെ ഇന്നോവയിൽ നിന്നും വിളിച്ചിറക്കി ട്രാവലറിൽ കയറ്റിയ ചെറുപ്പക്കാരനായിരുന്നു. രണ്ടാമൻ ട്രാവലറിൻറെ ഡ്രൈവറായിരുന്ന ചെറുപ്പക്കാരൻ. മൂന്നാമൻ മണികർണ്ണികയക്കൊപ്പം ശിവലാലിൻറെ മരണത്തിന് ശേഷം വന്നയാൾ.

 

“ബോസ് പ്ലാനിംഗ് ഒക്കെ ചായ കുടിച്ചിട്ടാകാം,” അത് പറഞ്ഞിട്ട് മണികർണ്ണിക ഒരു ചായ എടുത്ത് നീട്ടിയപ്പോൾ നാലാമൻ അത് വാങ്ങി, മണികർണ്ണികയെ കൊണ്ട് പോകാൻ കാറിൽ വന്നയാൾ.

 

“ഇനി നിങ്ങളോട് പ്രത്യേകം പറയണോ, ആ തോക്കും മിനുക്കിയിരിക്കാതെ രണ്ടാളും ചായ കുടിക്കൂ....” അവളത് കളിയാക്കി ചിരിച്ചാണ് പറഞ്ഞത്. അവർ രണ്ട് പേരും അവരവരുടെ ചായ ഗ്ലാസ് എടുത്തു, ഷൺമുഖൻറെ ഗുണ്ടാ സംഘത്തിനെ കൊന്നുതള്ളിയ തോക്കേന്തിയ ആ കൈകളുടെ ഉടമസ്ഥർ. അവശേഷിച്ച ചെറുപ്പക്കാരൻ കൂടി ചായ ഗ്ലാസ് കൈയ്യിലെടുത്തു, ശിവലാലിനെ കടത്തിക്കൊണ്ട് പോയ കണ്ടെയ്നർ ലോറി ഓടിച്ച ചെറുപ്പക്കാരനായിരുന്നു അത്. എല്ലാവരും ചായ ചൂടാറ്റിക്കുടിച്ചു. അപ്പോൾ അഷ്ടമുടിക്കായലിന് മീതേ പേമാരി പെയ്യാനെന്ന കണക്കേ കാർമേഘങ്ങൾ ഉരുണ്ട് കൂടിയിരുന്നു.

 അദ്ധ്യായം - 7


ഉമാ കല്ല്യാണി ഐ.പി.എസ് ൻറെ ഓഫീസ്

 ഉമയെക്കൂടാതെ അവിടെയുള്ളത് ഡി.വൈ.എസ്.പി ഹരീഷ് രാമകൃഷ്ണൻ, സി.എ മനോജ് സെബാസ്റ്റ്യൻ, എസ്.ഐ മാരായ നന്ദന ശിവദാസ്, ഉണ്ണിക്കൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർമാരായ റഫീക്ക്, അഞ്ജന, ദീപിക എന്നിവരാണ്.  നിലവിൽ പോലീസുകാരുടെ തിരോധാനവും മരണവും അന്വേഷിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലുൾ ഉമയുടെ ആവശ്യപ്രകാരം ഉൾപ്പെടുത്തിയ അംഗങ്ങളാണിവരെല്ലാം. അവരുടെ ആദ്യ മീറ്റിംഗിനാണ് ഉമയുടെ ഓഫീസ് വേദിയാകുന്നത്.

 

“വെൽകം ഓൾ ഓഫ് യൂ ഫോർ ദ ഹണ്ട്. ശരിക്കും കാടിളക്കി മറിച്ചൊരു വേട്ടയ്ക്ക് തന്നെയാണ് നമ്മൾ ഇറങ്ങാൻ പോകുന്നത്. അവിടെ നമ്മളെ കാത്തിരിക്കുന്നത് അപകടങ്ങൾ മാത്രമായിരിക്കും, പക്ഷേ അവയൊക്കെ തരണം ചെയ്ത് നമ്മൾ വിജയിക്കണം. പലരും ഭയന്ന് പിന്മാറിയ കസേരയിലേക്കാണ് സ്വമനസ്സാലെ ഈ ഉമാ കല്ല്യാണി ഐ.പി.എസ് കയറിയിരുന്നത്. ഈ യുദ്ധത്തിൽ ജയിക്കേണ്ടത് എൻറെ വ്യക്തിപരമായ വാശി കൂടിയാണ്. എന്ത് കൊണ്ടാണ് നിങ്ങളോരോരുത്തരും ഈ സംഘത്തിൽ വന്നതെന്ന് അറിയാമല്ലോ അല്ലേ? ഈ അന്വേഷണ സംഘത്തിൽ വേണ്ടവരുടെ ലിസ്റ്റ് ഞാൻ ഡി.ജി.പി ക്ക് കൊടുത്തു. അതിലെ ഒരു പേരുപോലും വെട്ടിത്തിരുത്തിയില്ല അദ്ദേഹം. വിവിധ ഓഫീസുകളിൽ ജോലി ചെയ്തിരുന്ന നിങ്ങളോരോരുത്തരേയും ഇവിടെയെത്തിച്ചു തന്നു എൻറെ സൈന്യമായി.  നിങ്ങൾ ഏഴു പേരിലും പൊതുവായ ഒരു കാര്യമുണ്ട് , അത് എന്താണെന്ന് ആർക്കെങ്കിലും പറയാമോ ? ആ കാരണമാണ് നിങ്ങളെ ഇവിടെ എത്തിച്ചത്.”

 

ഉമ ഓരോരുത്തരുടെയും മുഖത്തേക്ക് നോട്ടമെറിഞ്ഞു. പക്ഷേ അവർ അന്യോന്യം നോക്കിയതല്ലാതെ ഒരു ഉത്തരം നൽകിയില്ല.

 

“നിങ്ങളിലെ ആ പൊതുവായ ഗുണം ഒന്നിനേയും ഭയമില്ല എന്നതു തന്നെയാണ്. ആഭ്യന്തരം ഭരിക്കുന്ന എൻറെ അമ്മാവൻറെ കണ്ണിലെ കരടാണ് നിങ്ങളിൽ ചിലരെങ്കിലും, അതിന് കാരണവും നിങ്ങളിലെ ഭയമില്ലായ്മയാണ്. ഇതു പോലൊരു യുദ്ധത്തിനിറങ്ങുമ്പോ കൂടെ ഉള്ളവർക്ക് ഭയം ബാധിച്ചാൽ അത് ടീമിനെ മൊത്തത്തിൽ ബാധിക്കും. നമ്മൾ നേരിടാൻ പോകുന്നത് മൂന്ന് ഐ.പി.എസ്സുകാരുൾപ്പെടെയുള്ള പോലീസുകാരുടെ തിരോധാനത്തിന് പിന്നിൽ പ്രവർത്തിച്ചവരെയാണ്. ഐ നീഡ് സച്ച് എ ബ്രേവ് ടീം ലൈക്ക് യൂ. സോ ലെറ്റ്സ് സ്റ്റാർട്ട് ദ ഹണ്ട്……., ഇനി നിങ്ങൾക്കെന്തെങ്കിലും പറയാനുണ്ടോ?”

 

ഉമ വീണ്ടും ഓരോരുത്തരെയായി നോക്കി. വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്നവരായതിനാലും അവരിൽ ഭൂരിപക്ഷം പേർക്കും മുൻപരിചയം പോലുമില്ലാത്തതിനാലും ഒരു ടീമെന്ന നിലയിൽ ഒരു യൂണിറ്റായി മാറാൻ അൽപം സമയമെടുക്കുമെന്ന് ഉമ മനസിലാക്കിയിരുന്നു. ഡി.വൈ.എസ്.പി ഹരീഷാണ് സംസാരിക്കാനായി ആദ്യം എണീറ്റത്.

 

“മാഡം പറഞ്ഞത് ശരിയാണ് ഒന്നിനേയും ഭയന്ന് പിന്മാറാതിരുന്നത് കൊണ്ട് തന്നെ സർവ്വീസിൽ അടിക്കടി സ്ഥാനചലനം കിട്ടുന്ന ഒരു ഉദ്യോഗസ്ഥനാണ് ഞാൻ, ഇക്കൂട്ടത്തിൽ എനിക്കറിയാവുന്ന ചിലരും അക്കാര്യത്തിൽ മോശമല്ല. ആ ഒരു കാരണമാണ് ഞങ്ങളെ ഒന്നിപ്പിച്ച് ഒരു ടീമുണ്ടാക്കിയതിന് പിന്നിൽ എന്നാണ് മാഡം പറഞ്ഞത്. നല്ലകാര്യമാണ്, നമ്മുടെ ചിന്തകൾക്കൊപ്പം അല്ലെങ്കിൽ അതിനേക്കാൾ മേലേ നിൽക്കുന്ന ഒരു സുപ്പീരിയർ ഓഫീസർക്കൊപ്പം ജോലി ചെയ്യാൻ കഴിയുന്നത് ഭാഗ്യമാണ്. ഇക്കാര്യത്തിൽ മാഡം ഞങ്ങളെ നിരാശപ്പെടുത്തില്ല എന്ന് തന്നെ വിശ്വസിക്കുന്നു. ഇനി കേസിനെക്കുറിച്ച് പറയാം.... ഈ കാണാതായതിൽ മരിച്ചു എന്ന് നമുക്കുറപ്പുള്ള നാല് പേരൊഴികെ ബാക്കിയുള്ള 6 പേർ, ശ്യാം മാധവ് ഐ.പി.എസ്, കിരൺ മാത്യു ഐ.പി.എസ്, സതീഷ് ബോസ് ഐ.പി.എസ്, സി.ഐ. അൻവർ റഹ്മാൻ, സിപിഒ മാരായ അജിത്ത്, മുകുന്ദൻ ഇവരിലും പൊതുവായി ചിലകാര്യങ്ങളുണ്ട്. മാഡം അക്കാര്യം മനസിലാക്കിയിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.”

 

ഉമയുടെ മറുപടിക്കായി ഹരീഷ് വെയിറ്റ് ചെയ്തു. പക്ഷേ അങ്ങനെയൊരു കാര്യം ഉമ ചിന്തിച്ചിട്ടില്ലായിരുന്നു. ഹരീഷ് പറഞ്ഞപ്പോൾ മാത്രമാണ് അതേക്കുറിച്ച് ഉമ ആലോചിച്ചത്.

 

“ഇല്ല ഹരീഷ് ഞാനങ്ങനെയൊന്ന് പരിശോധിച്ചിട്ടില്ല. എന്താണ് ഹരീഷ് ഉദ്ദ്യേശിക്കുന്നതെന്ന് പറയൂ”

 

“ മാഡം.... മുൻപ് മാഡം ഞങ്ങളെക്കുറിച്ച് പറഞ്ഞത് പോലെ തന്നെ ഒന്നിനേയും ഭയമില്ലാത്തവരാണ് അവരും, സ്വന്തം ജീവൻ പോലും മറന്ന് പോരാടുന്ന റിയൽ ഫൈറ്റേഴ്സായിരുന്നു അവർ. അവരിൽ ശ്യാം സാറും അൻവറും മാത്രമേ ഒന്നിച്ച് ജോലി ചെയ്തിട്ടുള്ളു. കിരൺ സാറും ശ്യാം സാറും നല്ല സുഹൃത്തുക്കളുമായിരുന്നു. അതിലപ്പുറം ഇവരെ തമ്മിൽ കണക്ട് ചെയ്യിക്കാനുതകുന്ന മറ്റൊന്നും ഉണ്ടെന്ന് എൻറെ അന്വേഷണത്തിൽ മനസിലായിട്ടില്ല.”

 

ഹരീഷ് പറഞ്ഞതിനോട് പൂർണ്ണമായി യോജിക്കുന്നില്ല എന്ന ഉമയുടെ മുഖത്ത് പ്രകടമായി ഭാവത്തിൽ നിന്ന് തന്നെ ബാക്കിയുള്ളവർക്ക് മനസിലായി.

 

“മിസ്റ്റർ ഹരീഷ്  അക്കൂട്ടത്തിൽ എനിക്ക് നേരിട്ടറിയാവുന്നത് ശ്യാമിനെയും കിരണിനേയുമാണ്. ഹരീഷ് പറഞ്ഞത് പോലെയുള്ള ദിവ്യത്വമൊന്നും ഞാനവരിൽ കണ്ടിട്ടില്ല. ദേ ആർ ഗുഡ് ഓഫീസേഴ്സ് നത്തിംഗ് മോർ....”

 

അത് പറയാൻ ഉമയെ പ്രേരിപ്പിച്ച മറ്റേന്തോ ഘടകങ്ങളുണ്ടെന്ന് അവിടെ കൂടിയിരുന്ന ചിലർക്കെങ്കിലും മനസിലായി, കാരണം ആ രണ്ട് ഉദ്യോഗസ്ഥർ എങ്ങനെയാണ് ജോലി ചെയ്തിരുന്നതെന്ന് അവർക്ക് കൃത്യമായ ബോദ്ധ്യമുണ്ടായിരുന്നു. പക്ഷേ ആരും ഒന്നും മിണ്ടിയില്ല.

 

“അതെന്തായാലും നമുക്ക് നോക്കാം. ഇപ്പോൾ നമ്മുടെ മുന്നിലുള്ളത് ഒരു ഇൻറലിജൻസ് റിപ്പോർട്ടും, ചില നിഗമനങ്ങളുമാണ്. നമ്മൾ പോലീസുകാരുടെ തിരോധാനത്തിൽ മാത്രം ശ്രദ്ധയൂന്നി അന്വേഷണം നടത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. പകരം നമ്മൾ അന്വേഷിക്കേണ്ടതെന്തൊക്കെയെന്നും നമ്മുടെ ഗെയിം പ്ലാൻ എന്തൊക്കെയാണെന്നും ഞാൻ ഇനി പറയാം.

 

കഴിഞ്ഞ ദിവസം നടന്ന ശിവലാൽ ഷെട്ടിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണം, നിഖിൽ രാമൻറെ മരണത്തെക്കുറിച്ചുള്ള സത്യാവസ്ഥ അറിയണം, അയാൾക്കൊപ്പം കൊല്ലപ്പെട്ടു എന്ന് ഇൻറലിജൻസുകാർ പറയുന്ന ശിവലാൽ ഷെട്ടിയുടെ അനുചരന്മാർ ആരൊക്കെയെന്നും അറിയണം, ഇനിയുള്ള ദിവസങ്ങളിലെ ഷൺമുഖൻറെ മുഴുവൻ നീക്കങ്ങളും ഒബ്സർവ് ചെയ്യണം, അയാളുടെ ടവർ ലൊക്കേഷൻ അപ്ഡേറ്റ് ചെയ്യുവാൻ സൈബർ സെല്ലിന് നിർദ്ദേശം കൊടുക്കണം, പിന്നെ കാണാതായ ആരുടെയെങ്കിലും മൊബൈൽ ഫോൺ സ്വിച്ചോണായാൽ അതിൻറെ കറൻറ് ലൊക്കേഷൻ സഹിതം ഉടനടി വിവരം നൽകാനും സൈബർ സെല്ലിന് നിർദ്ദേശം കൊടുക്കണം, സ്റ്റേറ്റിൽ ഏത് പോലീസ് സ്റ്റേഷൻ പരിധിയിലും അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തപ്പെട്ടാൽ അപ്പോൾ തന്നെ നമുക്ക് ഇൻറിമേഷൻ കിട്ടണം, സംസ്ഥാനത്തെ മുഴുവൻ പ്രധാന ഗുണ്ടാ നേതാക്കന്മാരുടെയും മൂവ്മെൻറ് വാച്ച് ചെയ്യാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും മെസ്സേജ് കൊടുക്കണം, കഴിഞ്ഞ ദിവസങ്ങളിൽ അസ്വാഭികമായ എന്തെങ്കിലും നീക്കങ്ങൾ അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെങ്കിൽ പ്രത്യേകിച്ചും . ദാറ്റ്സ് ഓൾ ഫോർ നൌ.”

                                                                                                   

****************************

 

             അസ്തമയ സൂര്യൻറെ പൊൻകിരണങ്ങൾ വീണു തിളങ്ങിയ സാഗരത്തിലെ തിരമാലകൾ ശിവലാൽ ഷെട്ടിയുടെ ചിതാഭസ്മം അടക്കം ചെയ്ത മൺകുടത്തെ ദൂരേക്ക് കൊണ്ടു പോകുന്നതും നോക്കി നിറകണ്ണുകൾ തുടയ്ക്കുകയായിരുന്നു ഷൺമുഖൻ. ശിവലാലിനെ രാമേശ്വരത്തെ അഗ്നി തീർത്ഥം ഏറ്റുവാങ്ങുന്നത് കണ്ട് നിന്ന ഷൺമുഖൻ അരമണിക്കൂറോളം അതേ നിൽപ് തുടർന്നു.

 

                        പിന്നെ പതിയെ തിരിഞ്ഞ് നടന്നു. വണ്ടി പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തെത്തി, പിന്നാലെ അയാളുടെ പത്ത് അനുചരന്മാരും. അവിടെ നിന്ന് കൊണ്ട് തന്നെ അയാൾ നനഞ്ഞ വസ്ത്രം മാറിയുടുത്തു.  അയാളുടെ ആജ്ഞകൾക്കായി ചെവിയോർത്ത് അനുചരന്മാർ ചുറ്റിനും നിൽക്കുകയായിരുന്നു.

 

          വേഷം മാറിക്കഴിഞ്ഞ അയാൾ ആ ഇന്നോവയുടെ ഡ്രൈവിംഗ് സീറ്റിൽ കയറി.  ഒപ്പം നാല് പേർ അതിൽ കയറി, ബാക്കിയുള്ളവർ പിന്നിലുള്ള മറ്റൊരു ഇന്നോവയിൽ കയറി. ഷൺമുഖൻറെ വണ്ടി ധനുഷ്കോടി ലക്ഷ്യമാക്കി കുതിച്ചു.

 

                   വണ്ടിയിൽ നിന്നും പുറത്തിറങ്ങിയ ഷൺമുഖൻ കടലിലേക്കിറങ്ങി അൽപം നടന്നു. എന്നിട്ട് തിരിഞ്ഞ് നിന്നു. എന്ത് വേണമെന്നറിയാതെ നിൽക്കുന്ന അനുയായികളെ നോക്കി പൊട്ടിച്ചിരിച്ചു.

 

“ഇതേതാണ് സ്ഥലമെന്ന് നിങ്ങൾക്കറിയാമോ?  ഇത് ധനുഷ്കോടി..... പണ്ട് രാവണനെ കീഴടക്കാൻ സാക്ഷാൽ ശ്രീരാമൻ വാനരസേനയേയും കൂട്ടി കടലിൽ ചിറകെട്ടി പോയത് ഇവിടെ നിന്നുമായിരുന്നു. രാവണനെ വധിച്ച് മടങ്ങി വന്നതും ഇവിടെയായിരുന്നു.”

 

ഷൺമുഖനെന്താണ് പറഞ്ഞ് വരുന്നതെന്ന് മനസിലാകാത്ത അനുയായികൾ മുഖാമുഖം നോക്കിയതല്ലാതെ ഒന്നും ചോദിച്ചില്ല. കുനിഞ്ഞ് കടൽവെള്ളത്തിൽ പുതഞ്ഞ് കിടന്ന ഒരു കല്ലെടുത്ത് കൈവെള്ളയിൽ വച്ച ശേഷം തിരിഞ്ഞ് നിന്ന് കൈകൾ പക്ഷി ചിറക് വിരിച്ചത് പോലെ ഇരുവശത്തേക്കും നീട്ടിപ്പിടിച്ച് മറുകര കാണാത്ത കടലിനെ നോക്കി ഷൺമുഖൻ പറഞ്ഞത് ശരിക്കും അലർച്ച പോലെയായിരുന്നു.

 

          “ഷൺമുഖനും ഇവിടെ തുടങ്ങുകയാണ് രാവണനിഗ്രഹത്തിനായുള്ള പടയോട്ടം. ആദ്യം ഉമാ കല്ല്യാണി ഐ.പി.എസ് പിന്നെ രാവണൻ.......  രാവണ നിഗ്രഹം കഴിഞ്ഞേ മംഗലാപുരത്തേക്ക് ഒരു മടക്കമുള്ളു......... നീ കരുതിയിരുന്നോ രാവണാ ഈ ഷൺമുഖൻ വരികയാണ്........”

 

*****************

“ഡോ.അൻസിയ ആദ്യം ഭക്ഷണം കഴിക്കില്ലെന്നൊക്കെ വാശിപിടിച്ചിരുന്നു, ഒരു തടങ്കലിൽ നിന്നും മറ്റൊരു തടങ്കലിലെത്തിയതിൻറെ ഷോക്കിലായിരുന്നു. പിന്നെ ഇവിടെ എന്നെ മാത്രമാണല്ലോ അവർ കണ്ടത്. ഞാനൊരു പെണ്ണായത് കൊണ്ടാവും പതിയെ എനിക്ക് മുന്നിൽ നിർബന്ധങ്ങളൊക്കെ വെടിഞ്ഞ് നല്ല കുട്ടിയായി. ഭക്ഷണമൊക്കെ കഴിച്ച് ആളിപ്പോ ഒന്ന് ഫ്രഷായി.”

 

മണി കർണ്ണിക പറഞ്ഞതിനോട് ആരും പ്രതികരിക്കുന്നില്ലെന്ന് കണ്ട് അവൾക്ക് ദേഷ്യം വന്നു.

 

“നിങ്ങളെല്ലാരുമിങ്ങനെ എപ്പോഴും ഗൗരവഭാവത്തിൽ ഇരിക്കാനാണോ പരിപാടി. എല്ലാവരും ഒന്ന് നന്നായി ശ്വാസം വിടുകയെങ്കിലും ചെയ്”

 

അത് പറഞ്ഞ് അവളൊന്ന് ചിരിച്ചു, എന്നിട്ടും ആർക്കും ഒരു കുലുക്കവുമില്ല.

 

“നിങ്ങളൊക്കെയെന്തിനാ ഇങ്ങനെ ചിന്താധീനരായിരിക്കുന്നത്. ശരിക്കും നമ്മൾ പ്ലാൻ ചെയ്ത പോലെ എല്ലാം നടക്കുന്നില്ലേ..... രാവണനെത്തേടി പോലീസും ഷൺമുഖനും രണ്ട് പക്ഷത്ത് അണി നിരന്ന് കഴിഞ്ഞു. അവർ തമ്മിലടിക്കട്ടെ അതിനിടയിൽ നമുക്ക് അനായാസം ലക്ഷ്യങ്ങൾ നേടിയെടുക്കാം. ശരിക്കും ഇപ്പോൾ ചിന്തിച്ച് വട്ടം ചുറ്റേണ്ടത് പോലീസും ഷൺമുഖനുമാണ്. അല്ലാതെ നമ്മളല്ല.”

 

മണികർണ്ണിക പറയുന്നതൊന്നിനും പ്രതികരണമില്ലാതായപ്പോൾ അവൾക്ക് നന്നായി ദേഷ്യം വന്നു..

 

“നിങ്ങൾക്കൊക്കെ ഇത്രയധികം ആധിയും പിരിമുറുക്കവുമാണെങ്കിൽ   ഒന്നും തുടരേണ്ടതില്ല. ദാ പിടിച്ചോ, ഈ മുഖം മൂടിയഴിച്ച് വച്ചിട്ട് സ്വന്തം കുപ്പായത്തിലേക്ക് മടങ്ങിക്കോളൂ. ആരും ഒന്നും അറിയില്ല.

 

നിഖിൽ രാമനൊപ്പം ശിവലാൽ ഷെട്ടിയുടെ കരുത്തരായ രണ്ട് പടയാളികളെയും പിന്നെ ഡോ.അൻസിയയെയും കൊണ്ട് വന്ന ഷൺമുഖൻറെ അനുചരന്മാരുടെയും ജീവനെടുത്ത ബുള്ളറ്റുകൾ ലക്ഷ്യം തെറ്റിക്കാതെ പായിച്ചത്  ഷാർപ്പ് ഷൂട്ടറായ ശ്യാം മാധവ് ഐ.പി.എസ് ആണെന്ന് ആരും അറിയില്ല. ഷൺമുഖൻറെ ഗുണ്ടാ ഗ്യാങ്ങിലെ രണ്ട് പേരേ ശ്യാമിനൊപ്പം നിന്ന് വെടിവച്ച് കൊന്നത്  കിരൺ മാത്യു.ഐ.പി.എസ് ആണെന്നും അറിയില്ല. അവരിരുവർക്കുമൊപ്പം വന്ന് അൻസിയയെ വിളിച്ചിറക്കി ടെമ്പോ ട്രാവലറിൽ കയറ്റി കടത്തിക്കൊണ്ട് വന്നത് കേരളപ്പോലീസിലെ യുവരക്തം സി.പി.ഒ അജിത്ത് അരവിന്ദാണെന്നും അൻസിയയെ ഇവിടേക്ക് കടത്തിക്കൊണ്ട് വന്ന ടെമ്പോ ട്രാവലറിൻറെ സാരഥി പ്രഗത്ഭനായ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് ജെറാൾഡ് സേവ്യറാണെന്നും ആരും അറിയാൻ പോകുന്നില്ല. ശിവലാലിനെ കൊന്നു തള്ളാനുള്ള നിയോഗം എന്നെ ഏൽപിച്ച് ആ കണ്ടെയ്നറിൻറെ മുന്നിലായുണ്ടായിരുന്നത് എ.സി.പി ശ്യാംമാധവിൻറെ വിശ്വസ്തനായ സി.ഐ അൻവറായിരന്നുവെന്നും, ആ കണ്ടെയ്നർ ലോറിയുടെ സാരഥ്യം ഏറ്റെടുത്ത് ശിവലാലിൻറെ ശവം സഹിതം അയാളുടെ കാർ കാസർഗോഡ് കൊണ്ട് തള്ളിയത് കേരള പോലീസിലെ മറ്റൊരു ചുണക്കുട്ടിയായ സിപിഒ മുകുന്ദനായിരുന്നുവെന്നും, പിന്നെ അന്ന് ശിവലാലിനെ തുരത്തിപ്പായിച്ച സ്കോർപ്പിയോയുടെ സ്റ്റിയറിംഗ് ഭംഗിയായി നിയന്ത്രിച്ച്, എല്ലാം കഴിഞ്ഞപ്പോൾ ഒരാൾക്കും പിടികൊടുക്കാതെ ഞങ്ങളെ ഇവിടെയെത്തിച്ചത് എസ്.പി സതീഷ് ബോസാണെന്നും ഞാനും ആരോടും പറയില്ല. ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ ഏതോ വലിയ ടെററിസ്റ്റ് ഗ്യാങ്ങിൻറെ പിടിയിൽ നിന്നും രക്ഷപെട്ടവരേപ്പോലെ നിങ്ങൾക്കെല്ലാം തിരിച്ച് പോകാം.   നിങ്ങൾക്കൊക്കെ പെട്ടെന്ന് എന്താണ് പറ്റിയത്, ഇതൊന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ടോ ?”

 

അവൾ പറയുന്നതൊക്കെ കേട്ടിരുന്ന ആ ചെറുപ്പക്കാർ മുഖാമുഖം നോക്കി. പിന്നെ  അൽപനേരം അവിടെ നിശബ്ദതതയായിരുന്നു. അൽപസമയം കഴിഞ്ഞ് അതിലൊരാൾ എണീറ്റ് മണികർണ്ണികയുടെ അരികിലേക്ക് വന്നു. മുഖത്തണിഞ്ഞിരുന്ന ലാറ്റക്സ് ഫെയ്സ്  മാസ്ക് അഴിച്ചുമാറ്റി. എസ്.പി സതീഷ് ബോസായിരുന്നു അത് . അയാൾ അവളുടെ തോളിൽ കൈ വച്ചു. അവൾ പെട്ടെന്ന് വെട്ടിത്തിരിഞ്ഞ് അയാളുടെ നെഞ്ചോട് ചേർന്ന് നിന്നു. അയാളവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു.

 

“കമോൺ ഗൈസ്...... ഇവൾ പറഞ്ഞത് ശരിയാണ്. നമ്മളല്ല തളർന്നിരിക്കേണ്ടത്, പോലീസും ഗുണ്ടാപ്പടയുമാണ്. കുറ്റബോധം തോന്നേണ്ട ആവശ്യമിവിടെയില്ല. ഒരു സുപ്രഭാതത്തിൽ തോന്നിയ ചിന്തയിൽ ഇറങ്ങിപ്പുറപ്പെട്ടവരല്ല നമ്മൾ വർഷങ്ങളായി പ്ലാൻ ചെയ്ത് വച്ചതാണ് എല്ലാം. അതിനിപ്പോഴാണ് അരങ്ങൊരുങ്ങിയതെന്ന് മാത്രം. നിഖിൽരാമൻ നമുക്ക് അതിനൊരുവസരം ഉണ്ടാക്കി തന്നു. ഡി.വൈ.എസ്.പി രാജൻ ജോണിൻറെ കോലപാതകവും പോലീസുകാരുടെ തിരോധാനവും നമ്മൾ ഫലപ്രദമായി വിനിയോഗിച്ചു. ദൈവം അല്ലെങ്കിൽ ചെകുത്താൻ വളരെ അപൂർവ്വമായി ഒരുക്കിത്തരുന്ന ഈ അവസരം വിനിയോഗിച്ചില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ ഒരിക്കലും നമ്മുടെ ലക്ഷ്യം നേടാൻ നമുക്ക് കഴിയുമായിരുന്നില്ല. സോ ഡോണ്ട് തിങ്ക് മോർ. ജസ്റ്റ് കോണസന്ട്രേറ്റ് ഓൺ ഔർ എയിം. നൗ ഇറ്റ്സ് റ്റൂ ക്ലോസ് ആൻഡ് ഈസി റ്റു അച്ചീവ്.”

 

      സതീഷിൻറെ വാക്കുകൾ ശരിക്കും അവരെയുണർത്തി. അവരാറ് പേരും എണീറ്റു വന്നു. മണി കർണ്ണിക സതീഷിനെ നെഞ്ചിൽ നിന്നും വിട്ടുമാറി നിന്നു.

 

“ശരിയാണ് സതീഷ് ...... ഉമാകല്ല്യാണി ഐ.പി.എസ്സോ, ഷൺമുഖനോ ചിന്തിച്ച് തുടങ്ങുന്നിടത്ത് നമ്മൾ നമ്മുടെ പദ്ധതി പൂർത്തികരിക്കണം. വെറുതേ പാഴാക്കുവാൻ സമയം മാത്രമാണില്ലാത്തതും. ഇനി നമുക്ക് വിശ്രമമില്ല. ഒരു നിമിഷം ഒന്ന് പതറിപ്പോയതിന് സോറി”

 

അയാൾ തൻറെ മാസ്ക് അഴിച്ചുമാറ്റി എ.സി.പി  ശ്യാം മാധവായിരുന്നു അത്. അതൊടെ ബാക്കി ആറുപേരും തങ്ങളുടെ മാസ്ക് അഴിച്ച് മാറ്റി. എസ്.പി കിരൺ മാത്യു. സി.ഐ അൻവർ, സിപിഒ മാരായ അജിത്ത്, മുകുന്ദൻ, ജേർണലിസ്റ്റ് ജെറാൾഡ് സേവ്യർ.

 

അവരേഴു പേരും സതീഷിൻറെ ചുറ്റിലുമായി നിന്നു.

 

“അപ്പോ തുടങ്ങുവല്ലേ നമ്മുടെ ഗെയിം, രാവണൻറെ അശ്വമേധം”

 

അത് പറഞ്ഞ് കൊണ്ട് മണി കർണ്ണിക തൻറെ വലത് കൈ നീട്ടിപ്പിടച്ചപ്പോൾ അതിന് മീതെ സതീഷും പിന്നാലെ ബാക്കി ആറ് പേരും കൈ വച്ചു.

 

    “ശ്യാമിനും കിരണിനും ഇത് അഭിമാനപ്പോരാട്ടം കൂടിയാണ് കാരണം മറുവശത്ത് ഉമകല്ല്യാണി ഐ.പി.എസ് ആണ്. തോറ്റുപോയാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല, അറിയാമല്ലോ അവളെ നന്നായി, പ്രത്യേകിച്ചും ശ്യാം മാധവ് ഐ.പി.എസ് ന്”

 

അത് പറഞ്ഞ് കളിയാക്കി സതീഷ് ചിരിച്ചപ്പോൾ ശ്യാം ഒഴികെയുള്ളവർ കൂടെ ചിരിച്ചു

 

*******************

 

           

 

          “മാഡം............ സുപ്രധാനമായ രണ്ട് കാര്യങ്ങളുണ്ട്”,

 

രാത്രി ഒരു മണിക്ക് തുടർച്ചയായി ഫോൺ ബെല്ലടിക്കുന്നത് കേട്ട് ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തിൽ ഫോണെടുത്തതാണ് ഉമ. ഡി.വൈ.എസ്.പി ഹരീഷിൻറെ കോളാണെന്ന് കണ്ടപ്പോൾ അത് എന്തോ പ്രധാനപ്പെട്ട സംഗതിയാണെന്ന് ഉമയ്ക്ക് തോന്നി. അതാണ് കോളെടുത്തത്.

 

“എന്താണ് ഹരീഷ്....... ഈ നട്ടപ്പാതിരായ്ക്ക് വിളിച്ചുണർത്താൻ മാത്രം പ്രധാനപ്പെട്ട സംഗതി?”

 

ഉറക്കച്ചടവിൽ ഉമ സംസാരിക്കുന്നത് കേട്ടപ്പോഴാണ് യഥാർത്ഥത്തിൽ  സമയത്തെക്കുറിച്ച് ഹരീഷ് ബോധവാനായത്. ചില പ്രധാന വിവരങ്ങൾ കണ്ടെത്തിയതിൻറെ ആവേശത്തിൽ ഹരീഷ് വിളിച്ചതാണ്. പക്ഷേ നേരം ഇത്രവൈകിയപ്പോൾ ഉമയെ വിളിച്ചുണർത്തേണ്ടിയിരുന്നില്ല എന്ന് അപ്പോഴാണ് ഹരീഷിന് തോന്നിയത്.

 

“എന്താണ് ഹരീഷ്? താനെന്താ ഒന്നും മിണ്ടാത്തത് ?

 

“സോറി മാഡം..... സമയത്തെക്കുറിച്ച് ഞാനത്ര ബോധവാനായിരുന്നില്ല. ഇന്നത്തെ മീറ്റിംഗ് കഴിഞ്ഞതു മുതൽ ഈ കേസിൻറെ പിന്നാലെയായിരുന്നു. അങ്ങനെ ചില പ്രധാന വിവരങ്ങൾ കിട്ടിയപ്പോൾ മറ്റൊന്നും ആലോചിക്കാതെ മാഡത്തിനെ വിളിക്കുകയായിരുന്നു, പക്ഷേ പിന്നീടാണ് സമയം ഇത്ര വൈകിയെന്ന് കണ്ടത്.... സോറി”

 

“എന്തായാലും എൻറെ ഉറക്കം കളഞ്ഞല്ലോ, ഇനി ക്ഷമ കൂടി നശിപ്പിക്കാതെ എന്താ സംഗതിയെന്ന് പറ”

 

ഉമയ്ക്ക് ആകാംക്ഷയേറിത്തുടങ്ങിയിരുന്നു.

 

“മാഡത്തിൻറെ ഇന്നലത്തെ മീറ്റിംഗിലെ ഇൻസ്ട്രക്ഷൻസ് പ്രകാരമുള്ള നിർദ്ദേശങ്ങൾ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും നൽകിയിരുന്നു. പിന്നെ ഞങ്ങളുടേതായ മാർഗ്ഗത്തിൽ അന്വേഷണവും തുടങ്ങി വച്ചിരുന്നു. ആ അന്വേഷണത്തിൽ ഒരു ഞെട്ടിക്കുന്ന വിവരം കിട്ടി. ശിവലാൽ ഷെട്ടി എറണാകുളത്ത് ഏതോ വലിയൊരു ബിസിനസ് ഡീലിന് അനുചരന്മാരാരുമില്ലാതെ ഡ്രൈവറെ മാത്രം കൂട്ടി എത്തിയിരുന്നു. അത് കഴിഞ്ഞ് മടങ്ങും വഴി കൊടുങ്ങല്ലൂരിനും വാടാനപ്പള്ളിക്കും ഇടയിൽ വച്ച് അയാളെ ആരോ കിഡ്നാപ്പ് ചെയ്യുകയായിരുന്നു. ബാസ്റ്റിൻ ജോൺ എന്ന് ഗൂണ്ടാ നേതാവിൻറെ നേതൃത്വത്തിൽ ആ രാത്രി ഹൈവേയും ഇടറോഡുകളും അരിച്ചുപെറുക്കി പരിശോധന നടത്തിയിരുന്നു ശിവലാലിനെ കണ്ടെത്താനായി. ഇതറിഞ്ഞപ്പോൾ തന്നെ സി.ഐ മനോജും ഒപ്പം റഫീക്കും അവിടേക്ക് പോയിരുന്നു. അവർ അതേ റൂട്ടിൽ യാത്ര ചെയ്തപ്പോൾ നൈറ്റ് കച്ചവടം നടത്തുന്ന ഒരു തട്ടുകടക്കാരനിൽ നിന്നും മറ്റൊരു വിവരം കിട്ടി. ആ രാത്രിയിൽ അതി വേഗതയിൽ പോകുന്ന രണ്ട് കാറുകൾ കണ്ടിരുന്നുവെന്ന്, അത് രണ്ടും വഴിയോരത്തെ ചെളിവെള്ളം തെറിപ്പിച്ച് അന്നത്തേക്ക് അയാൾ തയ്യാറാക്കി വച്ച ദോശമാവ് മുഴുവൻ നശിപ്പിച്ച് കളഞ്ഞുവത്രേ. അയാൾ പറഞ്ഞ അടയാളം വച്ച് നോക്കിയാൽ മുന്നിൽ പോയത് ശിവലാലിൻറെ ഫോർഡ് എൻഡവറായിരുന്നു. പിന്നിലൊരു കറുത്ത വണ്ടിയായിരുന്നു. അതേത് തരം വണ്ടിയാണെന്ന് അയാൾക്ക് പറഞ്ഞ് തരാനറിയില്ല, പക്ഷേ അതിൻറെ ബാക്ക് ഗ്ലാസിൽ രാവണൻ എന്ന് വലിയ അക്ഷരത്തിലെഴുതിയിട്ടുണ്ടായിരുന്നു.”

 

ഹരീഷ് പറഞ്ഞത് മുഴുവൻ നിശബ്ദമായി ഉമ കേട്ടിരുന്നു. തൻറെ മനസിലെ കണക്കുകൂട്ടലുകൾ ശരിയാണെന്ന് ഉമക്ക് ബോദ്ധ്യമായി. എല്ലാത്തിൻറെയും പിന്നിൽ രാവണൻ തന്നെയാണ്.

 

“മാഡം .... മറ്റൊന്ന് കൂടിയുണ്ട്...... ഷൺമുഖൻ മധുരയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതായി വിവരം കിട്ടിയിട്ടുണ്ട്. ഒപ്പം എന്തിനും പോന്ന അയാളുടെ കുറച്ച് അനുയായികളും. ഷൺമുഖനുമായി ബന്ധമുള്ള കേരളത്തിലെ ഗുണ്ടാ ഗ്യാങ്ങുകൾക്കും ഇത് സംബന്ധിച്ച അറിയിപ്പ് കിട്ടിയിട്ടുണ്ട്. ഷൺമുഖൻറെ ഫോണിൽ നിന്നുള്ള കോൾ ലിസ്റ്റ് പരിശോധിച്ചതിൽ കിട്ടിയ വിവരമാണ്. അയാളുടെ ഫോൺ ടാപ്പ് ചെയ്യാനുള്ള പെർമിഷൻ അടിയന്തിരമായി വാങ്ങണം. കാരണം അയാൾ വലിയ കളികളെന്തോ ആണ് പ്ലാൻ ചെയ്യുന്നത്.”

 

“ഷൺമുഖൻ വരട്ടെ ഇത് അവൻറെ മംഗലാപുരമല്ല എന്ന് നമുക്ക് മനസിലാക്കിച്ച് കൊടുക്കാം, അവൻ ഇന്നോളം കണ്ട പോലീസിനെപ്പോലെയല്ല ഉമകല്ല്യാണി ഐ.പി.എസ് എന്നും.”

 

അത് പറയുമ്പോഴേക്കും ഉമയുടെ ഉറക്കച്ചടവൊക്കെ മാറിയിരുന്നു.

 

“മാഡം... നമ്മൾ ശരിക്കും ആർക്ക് പിന്നാലെയാണ് പോകേണ്ടത്?  ഷൺമുഖന് പിന്നാലെയോ .... അതോ രാവണന് പിന്നാലെയോ?

 

ഹരീഷിൻറെ ചോദ്യത്തിനുള്ള ഉമയുടെ മറുപടി വളരെ വേഗത്തിലായിരുന്നു, ഒട്ടും ചിന്തിക്കാതെ തന്നെ

 

“ഹരീഷേ   ഷൺമുഖനെ തേടി നമ്മൾ പോകേണ്ട, അയാൾ നമ്മളെത്തേടിയിങ്ങ് വന്നോളും ..... നല്ലൊരു കെണി വച്ച് പിടിച്ചാൽ മാത്രം മതി....... പക്ഷേ രാവണൻ രാവണനെത്തേടി നമ്മൾ പോവുക തന്നെ വേണം.... അതിന് സേതുബന്ധനം നടത്തിയിട്ടാണെങ്കിലും.....”

 

ഉമ പോരാട്ടത്തിന് തയ്യാറായിക്കഴിഞ്ഞിരുന്നു......

 

തുടരും....

No comments:

Post a Comment

Type your valuable comments here