എൻറെ ആദ്യ കഥ - കുരുക്ഷേത്രം
കുരുക്ഷേത്രഭൂമിയിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കവേ പൊടുന്നനേ സഞ്ജയൻ നിശബ്ദനായി. ധൃതരാഷ്ട്രർ പലതവണ കുലുക്കിവിളിച്ചിട്ടും സഞ്ജയന് അനക്കമില്ല.
ദൈവമേ യുദ്ധത്തിൻറെ കാഠിന്യം താങ്ങാനാവാതെ സഞ്ജയൻറെ ഹൃദയം തകർന്നുവോ!
ഉച്ചത്തിൽ വിളിച്ചുനോക്കി.
"സഞ്ജയാ........"
ആരോ ചുമലിൽ ശക്തിയായി കുലുക്കി വിളിച്ചപ്പോൾ ഞാനുണർന്നു. അപ്പോഴാണ് ഞാൻ ധൃതരാഷ്ട്രർ അല്ലെന്നും ഇത് കുരുക്ഷേത്രമല്ല പഞ്ചായത്താഫീസാണെന്നും മനസിലായത്.
ചുറ്റിനുമുള്ളത് വാളും പരിചയുമല്ല ഫോം 6 ആണ്. ഡേറ്റാ എൻട്രി
ചെയ്യുകയായിരുന്നു. പതിവിലേറെ നീണ്ട സോഫ്റ്റ് വെയറിൻറെ കറക്കം
കണ്ടിരുന്നറിയാതെ മയങ്ങിപ്പോയതായിരുന്നു.
ഡിഡിപി മുതൽ ജെ എസ്
വരെയുള്ളവർ സഞ്ചയയുടെ പേരിൽ മീറ്റിങ്ങുകൾ വിളിച്ച് പീഡിപ്പിച്ചപ്പോഴും
ചുറ്റികയും ആണികളുംടേപ്പും പേനയും ബുക്കുമൊക്കെയിയി നാട്ടിൽ അലഞ്ഞ്
നടന്നപ്പോഴും മനസിന് ശക്തി പകർന്ന ഒരു സ്വപ്നമുണ്ടിയിരുന്നു. ഹാൻഡ്ബുക്കെഴുതാതെ ഡിമാൻറ് രജിസ്റ്റർ പോസ്റ്റ് ചെയ്യാതെ ലാപ്ടോപ്പുമായി
കളകഷൻ ക്യാംപിനു പോകുന്നതും ആൾക്കാർ ഓൺലൈനായി ടാക്സ് അടക്കുന്നതും.
അങ്ങനെ ഒടുവിലൊരുന്നാൾ ഡേറ്റാ എൻട്രി തീർന്നപ്പോൾ ദാ വരുന്നു ഇരുട്ടടി പോലെ ആ വാർത്ത നികുതി പരിഷ്കരണത്തിൽ വീണ്ടും ഭേദഗതി.
പഞ്ചായത്തിലെ പകുതിയിലേറെ വീടുകളുടെയും നികുതി ഗോവിന്ദ. നികുതി ഒഴിവായിക്കിട്ടിയവർ എന്നെ നോക്കി കൊഞ്ഞണം കുത്തും പോലെ തോന്നി.
എന്തൊക്കെയായിരുന്നൂ ബഹളം പാവം പവനായിയൊക്കെ നമ്മളേക്കാൾ ഭാഗ്യവാൻമാർ.
വീണ്ടും തോളത്ത് ഭാണ്ടവും പേറി ഊരു തെണ്ടാൻ ഉത്തരവ് കിട്ടി. ഒരിക്കലും തീരാത്ത വിവരശേഖരണത്തിനായി.
പരിഷ്കരിച്ചിട്ടും പരിഷ്കരിച്ചിട്ടും എങ്ങുമെത്താത്ത പരിഷ്കരണത്തിനായി.
അപ്പൊഴാണ് എനിക്കാ സംശയം തോന്നിയത് നമ്മൾ പതിച്ച നമ്പർ 2011-16 അല്ലെ അപ്പൊ അടുത്ത നമ്പർ പതിക്കാൻ സമയമായി.
അറിയാതെ ഉറക്കം മിഴികളെ തഴുകിയപ്പോൾ തെളിഞ്ഞ് വന്നത് പടക്കളത്തിൽ പൊരുതാനറച്ച് നിൽക്കുന്ന അർജുനനാണ് .
" ശരി തെറ്റുകൾ നീ തരം തിരിക്കേണ്ട ന്യായവും അന്യായവും നീ നോക്കേണ്ടതില്ല .... യുദ്ധം ചെയ്യുക ..... രണഭൂമിയിലേക്കിറങ്ങുക..... നിന്നിൽ നിക്ഷിപ്തമായ കർമ്മം പൂർത്തീകരിക്കുക....."
അത് ഭഗവാൻറെ വചനമായിരുന്നില്ല.
ഡിഡിപിയുടെ കോൺഫറൻസ് കഴിഞ്ഞ് വന്ന സെക്രട്ടറി ആയിരുന്നു.
അങ്ങനെ ഒരിക്കലുമവസാനിക്കാത്ത യുദ്ധത്തിന് കച്ചമുറുക്കി ഞാനുമിറങ്ങി........
രഞ്ജിത് വെള്ളിമൺ