നീണ്ട തീവണ്ടി യാത്ര സമ്മാനിച്ച ക്ഷീണം അവനെ മയക്കത്തിലേക്ക് തള്ളിയിട്ടു. തീവണ്ടിയുടെ ഗ്ലാസ് ജനാല താഴ്ത്തിയിട്ട് ചാരിയിരുന്നുറങ്ങുകയാണ് . മൂക്കിലേക്ക് തുളഞ്ഞു കയറിയ മുല്ലപ്പൂ മണമാണ് അവനെ മയക്കത്തിൽ നിന്നുമുണർത്തിയത്. ഉറക്കച്ചടവിൽ കണ്ണുതിരുമ്മിയുണർന്ന അവൻ കണ്ടത് തന്‍റെയരികിൽ തന്നോട് ചേർന്നിരിക്കുന്ന സുന്ദരിയായ യുവതിയെയാണ്. കരിമഷിയെഴുതിയ കണ്ണുകൾ, ചായം പൂശാത്ത സുന്ദരമായ മുഖം. ആദ്യ ദർശനത്തിൽ തന്നെ ഏതൊരാണിനെയും ആകർഷിക്കുവാൻ തക്ക രൂപഭംഗിയുള്ളവൾ. പക്ഷേ അവളുടെ മുടിയിൽ മുല്ലപ്പൂ ചൂടിയിട്ടില്ലായിരുന്നു. പരിസരത്താരുടെയും തലയിലും മുല്ലപ്പൂവില്ല. പിന്നെ തനിക്കെവിടെ നിന്നാണ് ആ മുല്ലപ്പൂവാസന വന്നതെന്ന് അവൻ ചിന്തിച്ചു. എന്നാലപ്പോൾ അവനും മുല്ലപ്പൂ വാസന കിട്ടുന്നില്ലായിരുന്നു.
മുല്ലപ്പൂ വാസനയെ കുറിച്ച് കൂടുതൽ ചിന്തിക്കാത യാത്രയുടെ വിരസതയകറ്റാൻ തന്‍റെയരികിൽ ഈ സുന്ദരിയെ എത്തിച്ച ദൈവത്തിനവൻ നന്ദി പറഞ്ഞു. ആ പെൺകുട്ടിയുമായി ചങ്ങാത്തം സ്ഥാപിക്കാൻ അവൻ ആഗ്രഹിച്ചു. എന്നാലവൾ അവനെ തീരെ ശ്രദ്ധിക്കാതെ ഫോണിൽ നോക്കിയിരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൾ ഫോൺ ബാഗിനുള്ളിൽ വച്ചു , എന്നിട്ടൊരു പുസ്തകം കൈയ്യിലെടുത്തു. അവനാ പുസ്തകത്തിന്‍റെ തലക്കെട്ട് വായിച്ചു.
"പ്രണയം - പരിണയം, പിന്നെ പരിഭവങ്ങളും"
രചന - രൺജി കൃഷ്ണൻ
അവന്‍റെ ചുണ്ടിൽ ചെറുപുഞ്ചിരി വിടർന്നു .അവൾ ആ പുസ്തകത്തിന്‍റെ അവസാന ഭാഗമാണ് വായിക്കുന്നത്. അവൾ അത് വായിച്ചു തീരാനായി അവൻ കാത്തിരുന്നു. അവസാന പേജും വായിച്ചു കഴിഞ്ഞ അവൾ അത് തിരികെ ബാഗിൽ വയ്ക്കാൻ ഒരുങ്ങിയപ്പോൾ
ആ പുസ്തകത്തിനായി അവൻ കൈ നീട്ടി. അവൾ അൽപം മടിച്ചെങ്കിലും പുസ്തകം അവന്
നൽകി.
"എങ്ങനെയുണ്ട് ഈ പുസ്തകം"
പുസ്തകത്തിന്‍റെ താളുകൾ മറിച്ചു നോക്കുന്നതിനിടയിൽ അവനവളോട് ചോദിച്ചു.
" കഴിഞ്ഞ തവണ ഇതേ ട്രെയിനിൽ യാത്ര ചെയ്തപ്പോൾ ഒരാൾ വിൽക്കാൻ കൊണ്ടു വന്നതാ
ഈ പുസ്തകം. പേര് കണ്ടപ്പോൾ ഒരു രസം തോന്നി വാങ്ങിച്ചതാണ്. ഇപ്പോ വായിച്ചു
തീർത്തു. മനോഹരമായ പുസ്തകം. എനിക്കിഷ്ടപ്പെട്ടു."
ആ പുസ്തകത്തെക്കുറിച്ച് പറഞ്ഞപ്പോൾ അവൾ വേഗം വാചാലയായി .
എന്താ ഇയാളുടെ പേര്?
അവന്‍റെ ആ ചോദ്യത്തിന് അവളുടെ ഉത്തരം വേഗത്തിലെത്തി.
"ജാസ്മിൻ"
പുസ്തകത്തെക്കുറിച്ച് സംസാരിച്ച ആവേശത്തിൽ അയാളുടെ അപ്രതീക്ഷിത ചോദ്യത്തിൽ
സ്വന്തം പേര് പറഞ്ഞതിൽ പിന്നീട് അവൾക്കൽപം കുണ്ഠിതം തോന്നിയെന്ന് ആ
മുഖഭാവത്തിൽ നിന്നും മനസിലായി. അവൾ അൽപ നേരം നിശബ്ദയായിരുന്നു, അവനും. അവൻ വെറുതേ ആ പുസ്തകത്താളുകൾ മറിച്ചു നോക്കുകയായിരുന്നു. ഒടുവിൽ ആ നിശബ്ദത അവസാനിപ്പിച്ച അവൾ ചോദിച്ചു.
"ഇങ്ങളുടെ പേരെന്താ?"
അവൻ ഒന്നും മിണ്ടാതെ അവളെ നോക്കി പുഞ്ചിരിച്ചു. പിന്നീട് തന്‍റെ ബാഗിൽ നിന്നും ഒരു പുസ്തകം എടുത്ത് അവൾക്ക് നേരെ നീട്ടി. അവൾ ആ പുസ്തകത്തിന്റെ തലക്കെട്ട് വായിച്ചു.
" ഞാനും അവളും, ഞങ്ങളും "
രചന - രൺജി കൃ ഷണൻ
അവൾ ആ പുസ്തകത്തിന്‍റെ പിൻവശം നോക്കി. ആ പുസ്തകത്തെക്കുറിച്ച് ഒരു ചെറിയ വിവരണം അവിടെ അച്ചടിച്ചിരുന്നു.
"ഞാനും അവളും കണ്ടുമുട്ടി പരിചയപ്പെട്ട് , പ്രണയിച്ച്, പരിണയിച്ച് ഞങ്ങളായ കഥ."
അതിന്‍റെ അടിയിലായി കഥാകൃത്തിന്‍റെ കളർ ചിത്രവും പേരും...
"രൺജി കൃഷ്ണൻ "
ആ ചിത്രത്തിലേക്ക് നോക്കിയ അവൾക്ക് അൽപ നേരം ശ്വാസമെടുക്കാൻ പോലും കഴിഞ്ഞില്ല. തന്‍റെ അരികിൽ തന്നോട് ചേർന്നിരിക്കുന്നത് ആ കഥാകൃത്താണെന്ന സത്യം അവളെ ഞെട്ടിച്ച് കളഞ്ഞു. അവന്‍റെ മുഖത്ത് അപ്പോഴും അതേ ചിരി തന്നെ ആയിരുന്നു.
ആ യാത്രയിൽ രൺജി കൃഷ്ണനെന്ന കഥാകൃത്തും , ജാസ്മിൻ എന്ന എഞ്ചിനിയറിംഗ് വിദ്യാർത്ഥിയും തമ്മിൽ പുതിയൊരു സൗഹൃദം ഉടലെടുത്തു. ഒടുവിൽ തനിക്കിറങ്ങേണ്ട സ്റ്റേഷൻ എത്തിയപ്പോൾ , കഥാകൃത്ത് സമ്മാനിച്ച
പുസതകത്തിൽ തന്നെ അവന്‍റെ ഫോൺ നമ്പർ എഴുതി വാങ്ങി, അരികിലിരുന്ന് ഒരു
സെൽഫിയുമെടുത്ത ശേഷം തട്ടമിട്ട് യാത്ര ചൊല്ലി ഇറങ്ങി.അവളോടൊപ്പമായിരുന്നപ്പോൾ അതിവേഗതയിൽ ഓടിക്കൊണ്ടിരുന്ന ആ ട്രെയിൻ അവളിറങ്ങിയ ശേഷം ഇഴഞ്ഞ് നീങ്ങുന്നതായി അവന് തോന്നി. കുറേ ദിവസങ്ങൾക്ക് ശേഷം അവന്‍റെ വാട്സാപ്പിൽ പരിചിതമല്ലാത്ത നമ്പരിൽ നിന്നും ഒരു സന്ദേശമെത്തി.
" ഞാനും അവളും, ഞങ്ങളും വായിച്ചു. എന്‍റെ ഹൃദയത്തിൽ തട്ടി. ഇങ്ങള് ശരിക്കും
ആ കഥയിലെ നായകനെ പോലെ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ? ഉണ്ടാവും. അല്ലാതെ
അത്രയും തീവ്രമായി എഴുതാൻ കഴിയില്ലല്ലോ. ഞാനാരെയും പ്രണയിച്ചിട്ടില്ലായിരുന്നു, "
അവളുടെ പ്രൊഫൈൽ പിക്ചർ വിടർന്ന മുല്ലപ്പൂവായിരുന്നു. ആ യാത്രക്ക് ശേഷം അവളുടെ ഒരു കോൾ അല്ലെങ്കിൽ ഒരു മെസേജ് അവനും പ്രതീക്ഷിച്ചിരുന്നു. അവൻ അവളയച്ച മെസേജിലെ അവസാന വാചകത്തിന്റെ തുടർച്ചയാണ് അവളോട് ചോദിച്ചത്.
"ഞാനാരെയും പ്രണയിച്ചിട്ടില്ലായിരുന്നു "
"ഇത് ഭൂതകാലമാണല്ലോ. ഇതിന്റെ വർത്തമാനമെന്താണ്?"
"ഇത് ഭൂതകാലമാണല്ലോ. ഇതിന്റെ വർത്തമാനമെന്താണ്?"
അതിനുള്ള മറുപടി വന്നത് ഒരു ദിവസം കഴിഞ്ഞാണ്.
" വർത്തമാനത്തിൽ അവൾ പ്രണയിക്കുന്നു. ചുണ്ടിൽ കള്ളച്ചിരി ഒളിപ്പിച്ച ഒരു കഥാകാരനെ "
അതിന് മറുപടിയായി താൻ സമ്മാനിച്ച പുസ്തകത്തിലെ പേജ് നമ്പർ 21 വായിച്ചു നോക്കാൻ അവൻ മെസേജയച്ചു. അവൾ ആ പുസ്തകം കൈയ്യിലെടുത്തു. "ഞാനും അവളും, ഞങ്ങളും" ഇരുപത്തിയൊന്നാമത്തെ പേജ് നിവർത്തി വയ്ക്കുമ്പോൾ അവളുടെ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. അവൾ അത് വായിച്ചു.
" നമ്മൾ രൂപം കൊണ്ട് മനുഷ്യരാണെങ്കിലും, ജന്മം കൊണ്ട് രണ്ട് മതക്കാരാണ്. ഇവിടെ മതം മനുഷ്യനു മേലെയാണ്. കുജനും ബുധനും ശനിയുമൊക്കെ ചേർന്ന് എന്‍റെ ജീവിതത്തിൽ എന്താണ് നിർണയിച്ചിരിക്കുന്നത് എന്നെനിക്കറിയില്ല. എനിക്കും നിനക്കും മനസിൽ തോന്നിയ ഈ പ്രണയം ഇവിടുത്തെ സമൂഹം അംഗീകരിക്കില്ല. ഇത് ലൗ ജിഹാദിന്‍റെ കാലമാണ്. വീണ്ടു വിചാരമില്ലാതെ എടുത്ത് ചാടരുത്."
അത് വായിച്ചു കഴിഞ്ഞ അവൾ അവന് തിരികെ മെസേജ് അയച്ചു.
" പേജ് 23 "
ആ പുസ്തകത്തിന്റെ ഇരുപത്തിമൂന്നാമത്തെ പേജിൽ ഇപ്രകാരം എഴുതിയിരുന്നു.
" ഞാൻ കാണുന്നത് നിങ്ങളുടെ മതത്തെയല്ല. പ്രണയിക്കുന്നത് നിങ്ങളിലെ
മനുഷ്യനെയാണ്. എല്ലാ മതങ്ങളിലെയും ദൈവങ്ങൾ നന്മ ചെയ്യുന്നവരാണ്. തിന്മ
ചെയ്യുന്നത് ചെകുത്താന്മാരും. ചെകുത്താന്മാരുടെ മദത്തെ എനിക്ക് ഭയമില്ല.
നിങ്ങളുടെ പ്രാണന്‍റെ പാതിയാവാൻ എന്നെ അനുവദിക്കണം"
അവൻ അവൾക്ക് മറുപടി അയച്ചു
" ഇന്നു മുതൽ ഞാനില്ല. നീയില്ല. നമ്മൾ മാത്രം. എന്‍റെ ഹൃദയത്തിന്‍റെ വാതിൽ നിന്‍റെ പ്രണയത്തിനായി ഞാൻ
തുറന്നിടുന്നു. എന്‍റെ ജീവിതത്തിൽ മുല്ലപ്പൂവിന്‍റെ സുഗന്ധം നിറയ്ക്കൂ..."
അവിടെ ഒരു പ്രണയം തുടങ്ങുകയായിരുന്നു. ബീച്ചിലും പാർക്കിലും സിനിമ തീയേറ്ററിലും കറങ്ങി നടന്നായിരുന്നില്ല ആ പ്രണയം വളർന്നത്. കിട്ടിയ അവസരങ്ങളിൽ അവർ പരമാവധി തുറന്ന് സംസാരിച്ചു. ഇഷ്ടാനിഷ്ടങ്ങൾ പങ്കുവച്ചു, സ്വപ്നങ്ങൾ പങ്കുവച്ചു. പരസ്പരം തിരിച്ചറിഞ്ഞു. അവൾ അവനോടുള്ള അതിരറ്റ സ്നേഹം പ്രകടമാക്കാൻ തന്‍റെ നഗ്നഫോട്ടോയും,
വീഡിയോയും അവനു വാട്സാപ്പിലും സ്കൈപ്പിലുമൊന്നും അയച്ചു കൊടുത്തില്ല. അതൊന്നും അവൻ
ആവശ്യപ്പട്ടുമില്ല. തങ്ങളുടെ പ്രണയത്തിന്‍റെ സ്വാതന്ത്ര്യം സ്ഥാപിച്ചു കിട്ടാൻ അവർ ചുംബന സമരത്തിൽ പങ്കെടുത്തില്ല.
ഒടുവിൽ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചപ്പോൾ കുജനും ശനിയും എവിടെയാണെന്ന്
നോക്കിയില്ല, മതമേലാളന്മാരുടെ സമ്മതം ചോദിച്ചില്ല, മാതാപിതാക്കന്മാരുടെ
അനുഗ്രഹം മാത്രം ചോദിച്ചു. അവളുടെ ആങ്ങള വാളെടുത്തു, അവന്‍റെ അമ്മ
തൂങ്ങാൻ കയറെടുത്തു, അവന്‍റെ അച്ഛൻ അവനെ വീട്ടിൽ നിന്നറക്കി വിട്ടു. അവളുടെ
അച്ഛൻ അവളെ പൂട്ടിയിട്ടു. അവരുടെ പ്രണയം നാട്ടിൽ പ്രശ്നങ്ങൾ
സൃഷ്ടിച്ചു. കലാപമുണ്ടാകുമെന്ന് മത മേലാളന്മാർ വിധിയെഴുതി . സോഷ്യൽ
മീഡിയയിൽ വലിയ ഏറ്റുമുട്ടലുകൾ നടന്നു. ചാനലുകളിലെ അന്തി ചർച്ചകളിൽ അവർ
നിറഞ്ഞു നിന്നു.
എന്നാൽ എല്ലാ ബന്ധനങ്ങളെയും ഭേദിച്ച് ഒടുവിലൊരു നാൾ അവർ ഒന്നിച്ചു. ആ കൂടിച്ചേരലിൽ ദൈവങ്ങൾക്ക് യാതൊരു പരിഭവങ്ങളുമില്ലായിരുന്നു. അന്ന് ഭൂമി കറങ്ങാതെയിരുന്നില്ല. സൂര്യൻ ഉദിക്കാതെയിരുന്നില്ല. എല്ലാം പതിവുപോലെ തന്നെ നടന്നു. പുതിയൊരു വിഷയം കിട്ടിയപ്പോൾ സോഷ്യൽ മീഡിയയും ചാനലുകളും അവരെ ഉപേക്ഷിച്ചു.
അതൊന്നും ശ്രദ്ധിക്കാതെ അവർ പ്രണയിച്ചു കൊണ്ടേയിരുന്നു, വിവാഹ ശേഷവും. നോമ്പുകാലത്ത് അവളോടൊപ്പം അവനും നോമ്പു നോറ്റു . വിഷുവിന് അവരൊന്നിച്ചു കണിയൊരുക്കി , അവനോടൊപ്പം അവൾ അമ്പലത്തിൽ പോയി. ഒരു ദൈവങ്ങളും അവരോട് പിണങ്ങിയില്ല. ചെകുത്താന്മാരുടെ കണ്ണുരുട്ടലുകളെ അവർ അവഗണിച്ചു. തന്‍റെ ഉദരത്തിൽ വളരുന്ന കുഞ്ഞു ജീവന്‍റെ സ്പന്ദനം കേൾപ്പിക്കാൻ അവന്‍റെ തല തന്‍റെ വയറിൽ ചേർത്ത് വച്ച് അവൾ പറഞ്ഞു.
" പേജ് 214 "
അവിടെ മേശപ്പുറത്ത് ആ പുസ്തകം അപ്പോഴുമുണ്ടായിരുന്നു.
" ഞാനും അവളും, ഞങ്ങളും "
അതിന്‍റെ അവസാന പേജിൽ , പേജ് 214ൽ ഇങ്ങനെ എഴുതിയിരുന്നു.
" പ്രണയം ഒരു നിമിഷം കൊണ്ട് ഉണ്ടാകേണ്ടതല്ല, ഒരു ആവേശത്തിൽ തുടരേണ്ടതല്ല, ഒരു വാശിയിൽ അവസാനിപ്പിക്കേണ്ടതുമല്ല. അത് പരസ്പരം മനസിലാക്കി പതിയെ ആരംഭിച്ച് , പരസ്പരം പങ്ക് വച്ച് വളർന്ന്, രണ്ട് ആത്മാക്കൾ ഒന്നായി ചേരേണ്ട കർമ്മമാണ്. അവിടെ ഞാനും അവളും ഇല്ല. ഞങ്ങൾ മാത്രം."
രഞ്ജിത് വെള്ളിമണ്‍
true love story in a different style.......
ReplyDeletesuper...
ReplyDeletesuper...
ReplyDeletevery good
ReplyDelete