കുരുക്ഷേത്രഭൂമിയിൽ പൊരുതി മരിച്ച അഭിമന്യു എനിക്കെന്നും ഒരു വേദനയായിരുന്നു. മരണത്തിലേക്ക് അറിഞ്ഞ് കൊണ്ട് നടന്ന് കയറിയ അഭിമന്യുവും ഘടോൽഘചനും കർണ്ണനുമൊക്കെ എന്നെ വിടാതെ പിൻതുടരുന്നുണ്ടായിരുന്നു.
മഹാഭാരതം സീരിയൽ കണ്ട് ഇടയ്ക്കെപ്പൊഴോ അറിയാതെ ഉറങ്ങിപ്പോയി.
മനസിലപ്പോഴും കൌരവരും പാണ്ഡവരുമൊക്കയായിരുന്നു. കുരുക്ഷേത്രഭൂമിയായിരുന്നു.
യുദ്ധഭൂമിയുടെ മദ്ധ്യത്തിൽ എന്ത് ചെയ്യുമെന്നറിയാതെ ഞാൻ നിൽക്കുകയാണ്.
കയ്യിലിരുന്ന സ്മാർട്ഫോണിലെ സെൽഫിക്യാമറ ഓണാക്കി ഞാൻ എൻറെ മുഖത്തേക്ക്
നോക്കി,
ഞാൻ കണ്ട മുഖം അർജുനൻറെയാണോ? അഭിമന്യുവിൻറെയാണോ? ഭീമൻറെയാണോ എന്ന് വ്യക്തമായില്ല
അതിനുത്തരം കണ്ടെത്താൻ എൻറെ കണ്ണുകൾ കൃഷ്ണനെത്തിരഞ്ഞു.
നാലു വശത്തുനിന്നും ആരൊക്കെയോ ആക്രമിക്കാൻ തയ്യാറായി വരുന്നുണ്ട്. ഞാൻ എൻറെ കൂട്ടാളികളെ തിരഞ്ഞു. അവരും എൻറെ അവസ്ഥയിൽ തന്നെയാണ്. പിന്നെ ആരോട് സഹായം ചോദിക്കാൻ..
അപ്പോഴേക്കും കൃഷ്ണൻ എവിടെ നിന്നോ ഓടിപ്പാഞ്ഞെത്തി, കയ്യിലൊരു തടിച്ച പുസ്തകവുമായി, യുദ്ധനിയമങ്ങളാണതെന്ന് ഭഗവാൻ പറഞ്ഞു. അമ്പെയ്യാൻ തയ്യാറായി നിന്ന എന്നെത്തടഞ്ഞുകൊണ്ട് ഭഗവാൻ നിയമം പറഞ്ഞു.
അമ്പെയ്യുന്നതിന് മുമ്പ് അമ്പ് കൊള്ളേണ്ട ആൾക്ക് നോട്ടീസ് കൊടുക്കണമെന്ന്,
അമ്പെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ സമയം കൊടുത്ത് അയാളുടെ
മറുപടി പരിശോധിച്ചശേഷം മാത്രം അമ്പെയ്യണോ വേണ്ടയോ എന്ന്
തീരുമാനിക്കാമെന്ന്.
ചുരുക്കിപ്പറഞ്ഞാൽ ആയുധം കയ്യിലുണ്ടായീട്ടും പ്രയോഗിക്കാനാകാത്ത അവസ്ഥ.
എൻറെ കൃഷ്ണാ... എന്നാൽപ്പിന്നെ യുദ്ധനിയമങ്ങൾ ഹൃദിസ്ഥമാക്കിയിട്ടാകാം യുദ്ധമെന്ന് കരുതി. പക്ഷേ അപ്പോൾ കേട്ടു സേനാനായകൻ ധൃഷ്ടധ്യുമ്നൻറെ വിളി..
രഞ്ജിത്തേ... നീയാ സ്റ്റോപ്പമെമ്മോ കൊടുത്തോ...
അതോ
അർജുനാ നീ ദ്രോണരേ എതിരിടൂ ....
ഇതിലേതാണ് ഞാൻ കേട്ടത്.. ആകെ കൺഫ്യൂഷനായീ....
അരികിലുണ്ടായിരുന്ന കൃഷ്ണനോട് പറഞ്ഞു.
"! ന ച ശക്നോമ്യവസ്ഥാതും
ഭ്രമതീവ ച മേ മനഃ !"
ഞാൻ ശക്തനാകുന്നില്ല എൻറെ മനസ് ഭ്രമിക്കുന്നതായും തോന്നുന്നു എന്ന് സാരം.
അപ്പോൾ കൃഷ്ണൻറെ മറുപടി..
"ക്ലൈബ്യം മാ സ്മ ഗമഃ പാർത്ഥ!
നൈതത്ത്വയ്യുപപദ്യതേ
ക്ഷുദ്രം ഹൃദയദൌർബല്യം
ത്യക്തോത്തിഷ്ട പരന്തപ!"
എന്നുവച്ചാൽ
ഈ ഭയം നിനക്ക് ചേരുന്നതല്ല അതിനാൽ നിസാരമായ മനശക്തിക്കുറവിനെ ത്യജിച്ചിട്ട് എഴുന്നേറ്റ് യുദ്ധസന്നദ്ധനാകു.
അപ്പോഴേക്കും എനിക്കുചുറ്റും ഒരു പദ്മവ്യൂഹം ചമയ്ക്കപ്പെട്ടു
കഴിഞ്ഞിരുന്നു. അറിയാവുന്ന അസ്ത്രങ്ങളും തന്ത്രങ്ങളുമായി ഞാൻ പോരാടി. കൈകൾ
കുഴഞ്ഞപ്പോൾ ഒരു സഹായത്തിനായി ചുറ്റും പരതിയപ്പോൾ മനസിലായി എൻറെ
കൂട്ടാളികളിൽ ചിലർ ഇതിനേക്കാൾ മോശമായ അവസ്ഥയിലാണെന്ന്. ചിലർ ആയുധം
പോലുമില്ലാതെ പോരാടുന്നു. ചിലർ മാരകമായി മുറിവേറ്റ് രകതമൊഴുകുന്ന
അവസ്ഥയിലും ധീരമായി പോരാടുന്നു.അങ്ങനെ ധീരമായി പോരാടി ദൌത്യം
അവസാനിപ്പിച്ച് അൽപം വിശ്രമിക്കാമെന്ന് കരുതുമ്പോൾ ഇതുമായൊന്നും
ബന്ധമില്ലാത്ത ആരൊക്കെയോ ഹെലിക്കോപ്റ്ററിൽ വന്ന് മുകളിലിരുന്ന്
നിയന്ത്രിക്കുന്നു.
എവിടെയൊക്കെയോ ഉള്ള ശത്രുക്കളെ ഞങ്ങളുടെ നേർക്ക് പറഞ്ഞ് വിടുന്നു.
ഇതിപ്പോ ഒരു ശീലമായതുകൊണ്ടും യുദ്ധമൊഴിഞ്ഞിട്ട് ശാന്തമായൊന്നുറങ്ങാൻ പോലും സമയമില്ലാത്തതിനാലും പരാതി പറയാറില്ല.
പക്ഷേ നമ്മൾ യുദ്ധം ചെയ്ത് രക്തം ചിന്തി വിജയം വരിക്കുമ്പോൾ
ഹെലികോപ്റ്ററിലുള്ളവർ മണ്ണിലിറങ്ങി നമുക്ക് കിട്ടേണ്ട പട്ടും വളയും
വാങ്ങിക്കൊണ്ട് പോകും. അപ്പോഴൊക്കെ മനസിൽ നോമ്പരം തോന്നും പക്ഷേ
അതൊക്കെ ചിന്തിച്ചിരിക്കാൻ ആർക്കാണ് നേരമുള്ളത് അപ്പോഴേക്കും ഉള്ള
മുറിവുകളിൽ മരുന്ന് വച്ച് അടുത്ത യുദ്ധത്തിനുള്ള തയ്യാറെടുപ്പിലായിരിക്കും.
യുദ്ധ ഭൂമിയിൽ പലപ്പോഴും ബുദ്ധിപൂർവ്വമായ നീക്കങ്ങൾ നടത്തി
വിജയമുറപ്പിക്കുന്ന ഘട്ടത്തിലാകും നമ്മുടെ ആയുധങ്ങൾ പണി തരുന്നത്. അമ്പിനു
മൂർച്ചയില്ല, വില്ലിനാണെങ്കിൽ എടുത്താൽ പൊങ്ങാത്ത ഭാരം, കുതിരക്ക്
വേഗതയില്ല, രഥത്തിന് ചക്രമില്ല. ആകെ പ്രശ്നമാണ്.
കുറ്റം
ആയുധങ്ങളുടേതാണേലും പഴി ഞങ്ങൾക്കാണ്. കുതിരക്ക് യുദ്ധഭൂമിയിലെ തിക്കിലും
തിരക്കിലും ഓടാനാവത്തതാണ് പ്രശ്നമെന്ന്, അതുകൊണ്ട് രാത്രിയിൽ യുദ്ധം
ചെയ്യുവാൻ ഉപദേശിച്ചു..
ആയുധമുണ്ടാക്കുന്നവരും കുതിരയെ
വിൽക്കുന്നവരുമൊന്നും ഈ യുദ്ധം കണ്ടിട്ടില്ലാത്തതാണ് പ്രശ്നമെന്ന്
യുധിഷ്ടിരനോ, ഭീമനോ പറയുന്നത് കേട്ടു.
പറഞ്ഞിട്ട് എന്ത് കാര്യം ധൃതരാഷ്ട്രമഹാരാജാവ് സഞ്ജയൻ പറയുന്നതല്ലേ കേൾക്കു.
എണ്ണത്തിൽ കുറവുളള സൈന്യവുമായി പോരാടി ചാവേറുകളാകാനാവും വിധി. ഇത്രയും യുദ്ധനിയമങ്ങളുണ്ടേലും നിയമം പാലിക്കാൻ പറയുന്ന കൃഷ്ണൻ തന്നെ
നിയമം തെറ്റിക്കാനും പറയുന്നതിലെ യുക്തി എനിക്കാദ്യം മനസിലായില്ല.
അഭിമന്യുവിൻറെ വീരമൃത്യുവിന് പകരമായി അടുത്ത സൂര്യാസ്തമയത്തിന് മുൻപ്
ജയദ്രഥനെ വധിക്കുമെന്ന ഈ അർജുനൻറെ ശപഥം നിറവേറ്റാൻ സുദർശനചക്രമുപയോഗിച്ച്
സൂര്യനെ കൃഷ്ണൻ മറച്ച് പിടിച്ചതെന്നായിരുന്നു ...
അതൊരു മാർച്ച് 31 ആയിരുന്നുവെന്ന് കൃഷ്ണൻ തന്നെയാണ് ഓർമ്മിപ്പിച്ചത്.
മാർഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന് പറഞ്ഞ് പലതും ചെയ്യാൻ
നിർബന്ധിതരാക്കുന്നതാരാണ്.
അവർ ശത്രുക്കളോ മിത്രങ്ങളോ, അതെന്തു
തന്നെയായാലും യുദ്ധത്തടവുകാരായി ഞങ്ങളെ പിടിച്ച് നിർത്തി കുറ്റവിചാരണ
ചെയ്യുമ്പോൾ ലക്ഷ്യമല്ല മാർഗ്ഗമാണ് പ്രധാനമെന്ന് അവർ സ്ഥാപിക്കുന്നു. ശിക്ഷ
വിധിക്കുന്നു.
ആയുധങ്ങളുടെ ശേഷിയില്ലായ്മയും, അംഗബലമില്ലാത്ത
സൈന്യവും, വിശ്രമമില്ലാത്ത യുദ്ധവും യോദ്ധാവിൻറെ മാനസിക സമ്മർദ്ദവുമോന്നും
ആരും കണക്കിലെടുക്കുന്നില്ല.
ഇന്നത്തെ യുദ്ധത്തിൽ
മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കണക്കും എയ്ത് വിട്ട അമ്പുകളുടെയും
അവയിൽ ലക്ഷ്യം ഭേദിച്ചവയുടെയും ഭേദിക്കാത്തവയുടെയും കണക്കുകളുമുൾപ്പെടെ
തയ്യാറാക്കേണ്ടതുണ്ട്. ഏത് കണക്ക് , ആരൊക്കെ, എപ്പോൾ ചോദിക്കുമെന്ന് പറയാൻ
പറ്റില്ല. ചോദിച്ചാലുടൻ നൽകിയില്ലെങ്കിലും പഴി കേൾക്കേണ്ടി വരും. കണക്കുകൾ
തയ്യാറാക്കിത്തീരുമ്പോഴേക്കും അടുത്ത പുലരിയായിക്കഴിഞ്ഞിരിക്കും.
ശിക്ഷകൾ ഇനിയും കാത്തിരിക്കുന്നുവെന്നറിഞ്ഞിട്ടും അടുത്ത പകലും യുദ്ധം ചെയ്യാൻ സന്നദ്ധരാവുകയാണ് ഞങ്ങൾ ....
എൻറെ ഗാണ്ഡീവം വല്ലാതെ ഒച്ചയുണ്ടാക്കുവാൻ തുടങ്ങിയപ്പോൾ ഞാനത് കൈയ്യെത്തിയെടുത്തു.
അയ്യോ ഇത് എൻറെ ഫോണല്ലേ... അപ്പോഴെല്ലാമൊരു സ്വപ്നമായിരുന്നോ. ഒരു ഭ്രാന്തൻ സ്വപ്നം......
രഞ്ജിത് വെള്ളിമൺ
No comments:
Post a Comment
Type your valuable comments here