നിൻ ഈറൻ മുടിത്തുമ്പിലിറ്റുന്ന ജലകണമന്നെൻറെ നെഞ്ചിൽ
തണുപ്പായ് പടർന്നതിന്നോർമ്മകളെ ഓമനിച്ചിന്നും മധുവിധു നാളിൽ
കുടുങ്ങിയെൻ മനസൊരു നൂലില്ലാ പട്ടമായലയുന്നതും
കാണുന്നുവോ നീ അകലെ മാനത്തെ താരകമേ
സ്നേഹിച്ച് മതിവരും മുൻപേ മരണത്തിൻ കൂടെ അകലേ മാഞ്ഞതല്ലേ
എൻ ജീവശ്വാസമായ് കൂടെക്കഴിഞ്ഞവൾ മരണ വൈറസിൻറെ
പിടിയിൽ പിടഞ്ഞിറ്റു ശ്വാസത്തിനായി കേണു കരയുമ്പോൾ
നിസഹായതയുടെ ചങ്ങലക്കുടുക്കുകൾക്കുള്ളിൽ തളർന്നങ്ങു
വീണു പോയീ ഞാൻ മാപ്പു തരൂ
പ്രിയേ നീ മാപ്പു തരൂ
മരവിച്ചു പോയ നിൻ നെറുകയിലന്ത്യമായൊരു
ചൂടു ചുംബനം നൽകാൻ കഴിയാതെ
നിയമം നിയന്ത്രണ രേഖ വരച്ചിട്ടു.
ഒന്നിച്ചു നാം നെയ്ത കനവുകളൊക്കെയും
കത്തിയമർന്നാ ചിതയിൽ ചാരമായ്
ഈ കെട്ട കാലം കവർന്നെടുത്തെല്ലാ
സ്വപ്നങ്ങളും സ്വർഗങ്ങളും
ഈ കെട്ട കാലം കവർന്നെടുത്തെല്ലാ
സ്വപ്നങ്ങളും സ്വർഗങ്ങളും
രഞ്ജിത് വെള്ളിമൺ