ബാലി

 

bali



ബാലി

പിന്നിൽ നിന്നമ്പെയ്തെൻ ഹൃദയം പിളർന്ന രാമാ

പറയൂ നീ, പടുമരണമെന്തിന്ന് ബാലിക്കു നൽകി നീ

പൊരുതിപ്പരാജിതനായൊരെന്നനുജനായ്

ചതിയെന്തിനായ് ചെയ്തു ദശരഥനന്ദനാ?

 

ജാനകിയെത്തേടി  ലങ്കയിൽ പോകുവാൻ

രാക്ഷസരാജനെയെതിരിടുവാൻ

സുഗ്രീവസന്ധിയ്ക്ക് വേണ്ടിയാണോ?

 

അല്ലയോ രാമാ നിനക്കറിയാത്തതോ ?

രാവണരാജനെ വാലിൽ ചുരുട്ടിയിട്ടാഴിയേഴും

താണ്ടിയ ബാലിതൻ ചരിതങ്ങൾ

 

അല്ലയോ രാമാ നീ സന്ധി ചെയ്തില്ലല്ലോ?

വാനരരാജൻ ഈ ബാലിയോടൊപ്പമേ

എങ്കിലാ ലങ്കയെ മൊത്തമായ് നിന്നുടെ

മുന്നിലായ് കൊണ്ടങ്ങ് വച്ചേനെയീ കപി

ബാലിതൻ പോർവിളി കേൾക്കുന്ന മാത്രയിൽ

ലങ്കാധിപതിയായ രാവണരാക്ഷസൻ

പേടിച്ചണഞ്ഞേനെ രാമപാദത്തിലായ്

 

എന്തിനായ് രാമ നീ ചെയ്തു കൊടുംചതി ?

മായാവിയസുരനോടടരാടിയോരെന്നെ

കെണിയിൽപ്പെടുത്തിക്കടന്നോരനുജനായ്

 

എന്തിനായ് രാമ നീ ചെയ്തു കൊടുംചതി?

 

വരലബ്ധിയറിയുന്ന രാമനും ഭയമോ?

ബാലിക്കുമുന്നിൽ വന്നടരാടുവാനായ്?

വീരനാം പോരാളിയായൊടുങ്ങീടുവാൻ

അവസരമൊട്ടുമേ തന്നില്ല രാമ നീ

രാമനോടെതിരിട്ട് വീരസ്വർഗം പൂകാൻ

യോഗ്യതയില്ലയോ വാനരൻ ബാലിക്ക്?

എന്തിനായ് രാമാ ചെയ്തൂ കൊടും ചതി ?

കാണാമറയത്ത് കള്ളനായ് നിന്നു നീ ?

 

കിഷ്കിന്ധാധിപൻ വാനരൻ ബാലിക്ക്

മോക്ഷത്തിലേക്കുള്ള മാർഗമിതാവുമോ ?

ശ്രീരാമബാണമീ നെഞ്ച് നീറ്റുമ്പോഴും

കരയില്ല ദേവേന്ദ്രതനയനാം ബാലി

 

എങ്കിലോ രാമ നിൻ മിഴികൾ നിറഞ്ഞതാ

കുറ്റബോധത്തിന്റെ കൂരമ്പതേറ്റിട്ടോ?

കുറ്റബോധത്തിന്റെ കൂരമ്പതേറ്റിട്ടോ?

 

രഞ്ജിത് വെള്ളിമൺ

Post a Comment

Type your valuable comments here