പഞ്ചായത്ത് കാവ്യം

Panchayat kavyam

 
ഒരു പഞ്ചായത്ത് കാവ്യം

വട്ടംകറങ്ങുന്ന സീറ്റേലിരുന്നിട്ട്
ഫയലൊന്ന് നോക്കും കിനാവന്നു കണ്ടു ഞാൻ
ഏറെ നാൾ മോഹം ചുമന്നങ്ങൊരു ദിനം
പഞ്ചായത്തിലെ ക്ലാർക്കായി മാറി ഞാൻ

സ്വപ്നങ്ങളൊക്കെയും സത്യമായ് മാറ്റുവാൻ
കുപ്പായോം തയ്പ്പിച്ച് ഓഫീസിലെത്തി
വട്ടം കറങ്ങുന്ന സീറ്റേലിരുന്നപ്പൊൾ
നട്ടം തിരിക്കുന്ന പ്രശ്നങ്ങൾ കണ്ടു ഞാൻ
നട്ടംതിരിക്കുന്ന പ്രശ്നങ്ങൾ കാരണം
വട്ട് പിടിക്കുന്ന ജീവിയെ കണ്ടു ഞാൻ

അധോ:ഗുമസ്തൻറെ കുപ്പായമൂരീട്ട്
പിരിവുകാരൻറെ
കുപ്പായം തന്നവർ

ഇരുപുറം തെളിയുന്ന കാർബൺ രസീതുമായ്
തെണ്ടിനടന്നു ഞാൻ നാട്ടിലെമ്പാടും.
വായിട്ടലച്ചന്ന് നേടിയെടുത്തൊരു
കാശുമായ് ചെന്നുഞാൻ വാടിത്തളർന്നങ്ങ്.

ടാർഗറ്റ് തികയാതെയെന്തിനു വന്നെന്ന്
മേധാവി ചോദിച്ചു, കാരുണ്യമില്ലാതെ
ഞെട്ടിത്തരിച്ച ഞാൻ പൊട്ടിക്കരഞ്ഞില്ല
കട്ടപ്പൊകയായീ ജന്മമെന്നോ മോർത്തിട്ട്

പലവട്ടം ചെന്നിട്ടും നികുതി നൽകാത്തോർക്ക്
ആറാർ നോട്ടീസ് കൊടുത്തിങ്ങ് പോന്നു ഞാൻ
വർഷാന്ത്യമായപ്പോൾ മേധാവി ചൊല്ലി
നൂറ് ശതമാനം നികുതീം പിരിക്കുവാൻ
കാശ് നൽകാത്തോരെ ജപ്തി ചെയ്യാമെന്ന്
പറഞ്ഞിട്ടതെന്തോ മേധാവി കേട്ടില്ല

കയ്യിലെ കാശിട്ടാ നികുതിയടച്ച്
ശതമാനം തികച്ചോളാൻ മേധാവിയോതി
വെയിലേറ്റ് മഴയേറ്റ് മണ്ടി നടന്ന ഞാൻ
കയ്യിലെ കാശുപോയ് ശശിയായി മാറി

ഊരുചുറ്റൽ കഴിഞ്ഞാപ്പീസിലെത്തി ഞാൻ
കണ്ടതെല്ലാം"സു"സുന്ദരിമാരെ.
അപേക്ഷ വാങ്ങുവാൻ സുന്ദരി സൂചിക
കാശു വാങ്ങുന്നത് സുന്ദരി സാംഖ്യയാ
സൃഷ്ടിസ്ഥിതി സംഹാരസുന്ദരി സേവന
ശമ്പളം തരുന്നതോ സ്ഥാപന സുന്ദരി
പ്ലാനിംഗ് സുന്ദരി സുലേഖപ്പെണ്ണാണ്
കെട്ടിടം പണിനോക്കാൻ സുഗമയുണ്ടേലും
നികുതിയീടാക്കുന്നോൾ സഞ്ചയയാണല്ലൊ
സചിത്രേംസുഭദ്രേം സകർമ്മയും പോലുള്ള
"സു" സുന്ദരിമാർ ഏഴെട്ട് പേരുണ്ട്
സുന്ദരിമാരെല്ലാം ചേർന്നങ്ങ് ചെയ്യുന്ന
ജോലികൾക്കെന്തോ പൂർണ്ണതയില്ല പോൽ

മേലാവിൽ നൽകേണ്ട റിപ്പോട്ട് പലതുമീ
സുന്ദരിമാർക്കൊട്ട് നൽകാനുമാവില്ല
ഇത്തിരിനേരം കൊണ്ടൊത്തിരി ചെയ്യുവാൻ
മേലാവിൽ നിന്ന് ഇണ്ടാസ് വന്നിടും

"സു"സുന്ദരിമാരപ്പോ വട്ടം കറങ്ങി 
കൊഞ്ഞണം കുത്തലും ഞങ്ങൾക്കു പരിചിതം
മാജിക്കറിയാത്ത ഞങ്ങളാം ജീവികൾ 
മായാജാലങ്ങൾ പലതപ്പോൾ കാട്ടുന്നു

കറങ്ങുന്ന "സു"സുന്ദരിയെ രാത്രിയിൽ കിട്ടുമ്പോ
കാര്യം നടത്തുവാനുപദേശം കിട്ടും
സൂര്യനും സാക്ഷി ചന്ദ്രനും സാക്ഷി
ജോലി ചെയ്തിട്ടൊട്ട് തീരുന്നുമില്ല

കുറ്റപ്പെടുത്തലും തട്ടിക്കളിക്കലും
കഷ്ടപ്പാടൊക്കെയും ശീലമായ്മാറുന്നു
രാപകലില്ലാതെ പണിയെത്ര ചെയ്തിട്ടും 
പഴിയൊട്ടും കുറവീല്ലീ ഭാഗ്യമില്ലാത്തോർക്ക്

പട്ടും വളയും തന്നില്ല യെങ്കിലും 
കുത്തിനോവിക്കാതെ വിട്ടിടൂ ഞങ്ങളെ.
വീട്ടിലും നാട്ടിലുമന്യരായ് തീരുന്നു
ബന്ധങ്ങളൊക്കെയും ദുർബലമാകുന്നു.

പലവിധ സമ്മർദ്ദം നേരിടാനാകാതെ
മരണം വരിക്കുന്ന സോദരരേറെയാ.
ഡിപ്രഷൻ കൊണ്ടും ബ്ലഡ് പ്രഷർ കൊണ്ടും
വലയുന്ന സോദരരേറെയുണ്ടിവിടെ.

വിധിയെപ്പഴിച്ചിട്ടും വിഷമം പറഞ്ഞിട്ടും
ആശ്വാസം കണ്ടെത്തും നമ്മളെല്ലാവരും
നല്ലൊരു നാളേക്കായി
നമ്മുടെ നന്മക്കായ്
കാത്തിരിപ്പാണുഞാൻ പ്രാർത്ഥനയോടെന്നും.

രഞ്ജിത് വെള്ളിമൺ

No comments:

Post a Comment

Type your valuable comments here