December 02, 2018

മത്സ്യകന്യക (Short Story)

 
Malsyakanyaka

 
   രാവിലെ വീട്ടിലങ്ങനെ വെറുതേയിരുന്നപ്പോൾ ഒരു തോന്നൽ, അൽപം പ്രകൃതിഭംഗി ആസ്വദിക്കാം. നേരെ തൊട്ട് താഴെയുള്ള കായൽത്തീരത്തേക്കിറങ്ങി. അഷ്ടമുടക്കായലിനാൽ 95 ശതമാനവും ചുറ്റപ്പെട്ട ഞങ്ങളുടെ നാട് ശാന്ത സുന്ദരമാണ്. കായൽത്തീരത്ത് വെറുതേയിരുന്നപ്പോ പിന്നെയുമൊരു തോന്നൽ കായലിലിറങ്ങി കുറച്ച് കക്കയോ,കല്ലുമ്മേക്കായയോ പെറുക്കിയെടുത്താലോ? 
ആവാം. പ്രകൃതി നമുക്കായി ഒരുക്കിയ രുചികരമായ ഭക്ഷണമല്ലേ. രണ്ടാമതൊന്നാലോചിക്കാതെ കായലിലേക്കിറങ്ങി. കുറച്ചുള്ളിലേക്ക് നെഞ്ചൊപ്പം വെള്ളത്തിലേക്കിറങ്ങി. ഞങ്ങൾ സാധാരണ രണ്ട് കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ് കായലിലിറങ്ങുന്നത്. ഒന്ന് കക്ക പെറുക്കാൻ . രണ്ട് വെറുതേ വെള്ളത്തിൽ കിടന്ന് അര്‍മ്മാദിക്കാന്‍.

അതല്ലാതെ ഈ ഉപ്പുവെള്ളത്തിലിറങ്ങി കുളിച്ചിട്ട് കാര്യമില്ലല്ലോ.

  അങ്ങനെ വെള്ളത്തിൽ മുങ്ങിയും പൊങ്ങിയും കക്ക പെറുക്കുന്നതിനിടയിൽ ആരോ പിന്നിലൂടെ എന്നെ കെട്ടിപ്പിടിച്ചതായി തോന്നി. തോന്നലായിരിക്കുമെന്ന് കരുതി. പക്ഷേ ഗാഢമായൊരാലിംഗനത്തിൻറെ കുളിർ ഉള്ളിലേക്ക് കയറിയപ്പോൾ ഞാനറിഞ്ഞു അതൊരു തോന്നലായിരുന്നില്ലെന്ന് . എന്‍റെ പിന്നിലതാ സുന്ദരിയായ ഒരു മൽസ്യകന്യക. അവളുടെ സൌന്ദര്യത്തിന് മുന്നിൽ ഞാൻ സ്തബ്ധനായി നിന്നു. എൻറെ വാക്കുകൾ തൊണ്ടയിലുടക്കി. അവളൊന്നും മിണ്ടാതെ എന്നെ അതിശയത്തോടെ നോക്കി നിൽക്കുകയാണ്. പാവം എന്‍റെ സൌന്ദര്യത്തിൽ ലയിച്ച് പോയതായിരിക്കും. അവളുടെ കൈ എൻറെ നേർക്ക് നീട്ടി. ആ വശ്യമായ പുഞ്ചിരിയല്ലാതെ ചുറ്റുമുള്ള മറ്റൊന്നും ഞാൻ കണ്ടില്ല, കാണാൻ ഞാനാഗ്രഹിച്ചില്ല എന്നതാണ് സത്യം.

   എൻറെ കൈകളിൽ മൃദുവായി പിടിച്ച് അവൾ മുന്നോട്ട് നീങ്ങി. അനുസരണയുള്ള കുട്ടിയായി ഞാനവളോടൊപ്പം നീങ്ങി. കായലിന്‍റെ ആഴങ്ങളിലേക്കവളെന്നെ കൊണ്ട് പോയി. ആ യാത്രയിൽ നിറയെ ഞാൻ കിനാവുകാണുകയായിരുന്നു. അവളുടെ ലോകവും അവിടുത്തെ സ്വർഗ്ഗീയ സുഖങ്ങളും, അവളോടൊത്തുള്ള സുഖകരമായ നിമിഷങ്ങളും. 

               എൻറെ മനസിൽ പ്രണയം നിറഞ്ഞൊഴുകി. മാലാഖ മൽസ്യങ്ങൾ ഞങ്ങൾക്ക് ചുറ്റും നൃത്തം വയ്ച്ചു. പവിഴപ്പുറ്റുകൾക്കിടയിലൂടെ അവളെന്നെയും കൊണ്ട് നീന്തി. അവളുടെ അർദ്ധനഗ്നമേനിയുടെ സൌന്ദര്യം ആസ്വദിച്ച് സാവധാനം തുഴയുന്ന അവളുടെ വാലിൻറെ ചലനത്തിനൊപ്പം വളഞ്ഞ് പുളഞ്ഞ് ഞാനും പിന്നാലെ ചെന്നു.
        ഞാനോർക്കുകയായിരുന്നു ഞങ്ങൾക്കുണ്ടാകുന്ന മക്കൾ എന്നെപ്പോലെയായിരിക്കുമോ!!!!!!?
അതോ അവളെപ്പോലെയായിരിക്കുമോ!!!!!!!?

ആ.... ആർക്കറിയാം...

        അപ്പോഴേക്കും അവളെന്നെയും കൊണ്ട് ഒരു വലിയ ചിപ്പിക്കുള്ളിലേക്ക് കയറി. ഞങ്ങൾ കയറിയതും ചിപ്പി അടഞ്ഞു. ആ ചിപ്പിക്കുള്ളിലെ മഞ്ഞുപോലുള്ള മെത്തയിലേക്കവളെന്നെ ക്ഷണിച്ചു. ഞാനിരുന്നപ്പോൾ അവളരികിലായ് വന്ന് ചേർന്നിരുന്നു. കൊച്ചുകുട്ടിയെയെന്ന പോലെ എന്‍റെ മുഖം അവൾ മാറോട് ചേർത്തു. എൻറെ ഹൃദയതാളം അപ്പോഴൊരു പെരുമ്പറപോലെ എന്‍റെ കാതിൽ മുഴങ്ങി.

"എന്നിൽ നിന്നും എന്താണ് വേണ്ടത്. ഏതാഗ്രഹവും ഞാൻ സാധിച്ച് തരാം. "

അവളുടെ ആ ഓഫർ കേട്ട മാത്രയിൽത്തന്നെ ഞാനൊരു വരം ചോദിച്ചു.

"ഇന്നാട്ടിലെ പ്രശ്നങ്ങളൊക്കെയൊന്ന് തീർത്ത് തരുമോ?"

         അത് കേട്ടതും അവളുച്ചത്തിൽ പൊട്ടിച്ചിരിച്ചു. ആ ചിരി നിർത്താതെ തുടർന്നപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി. അവളെന്നെ കളിയാക്കിച്ചിരിച്ചതാണ്. 

       ഇനിയെന്താണ് ചോദിക്കുകയെന്നാലോചിച്ച ഉത്കണ്ഠാകുലനായ എന്നെ അവളുടെ അധരങ്ങൾ സ്വാഗതം ചെയ്യുന്ന പോലെ തോന്നി. അവളുടെ മിഴിക്കോണുകളിലെ നാണം എന്നെക്കൊതിപ്പിച്ചു. ഞാനവളുടെ ചുണ്ടിലേക്ക് എൻറെ ചുണ്ടടുപ്പിച്ചു. അവളുടെ കണ്ണുകളെ നേരിടാനാവാതെ ഞാൻ കണ്ണുകളടച്ചു. അതുവരെ മിണ്ടാതിരുന്ന അവളുടെ ശബ്ദംഅപ്പോൾ ഞാനാദ്യമായി കേട്ടു. 

" യാത്രിയോം കൃപയാ ധ്യാൻ ദീജിയേ. ഗാഡി നമ്പർ ഏക് ദോ ഛെ ദോ ഛെ ന്യൂഡൽഹി സെ തിരുവനന്തപുരം തക് ജാനെ വാലി കേരള എക്സ്പ്രസ് കായംകുളം ജംഗ്ഷൻ പ്ലാറ്റ്ഫോം നമ്പർ ചാർ പർ ആ രഹീ ഹേ."

       എൻറെ കാതുകളെ എനിക്ക് വിശ്വസിക്കാനായില്ല. ഞാൻ കണ്ണു തുറന്ന് നോക്കി. അതെ ഇത് കായംകുളം റെയിൽവെ സ്റ്റേഷനാണ്. ഇത്ര നേരവും എന്നെ മോഹിപ്പിച്ച ആ അതിസുന്ദരിയായ മൽസ്യ കന്യകയിവിടെയില്ല. കടുത്തപനി കാരണം പ്ലാറ്റ്ഫോമിലിരുന്ന് മയങ്ങിപ്പോയതാ. എല്ലാം സ്വപ്നമായിരുന്നു. എന്നാലും ഉച്ചക്ക് വരേണ്ടിയിരുന്ന ഈ നാശം പിടിച്ച ട്രെയിൻ അഞ്ചര മണിക്കൂർ വൈകി ഈ നേരത്ത് വരാതിരുന്നെങ്കിൽ....

 എന്തൊക്കെയായേനെ!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!😉


                                                         രഞ്ജിത് വെള്ളിമൺ

1 comment:

Type your valuable comments here