അവൾക്ക് വലിയ സ്വപ്നങ്ങളും പ്രതീക്ഷകളുമൊന്നുമില്ലായിരുന്നു. തീരെച്ചെറിയ ആഗ്രഹങ്ങളുള്ള, രക്ഷിതാക്കളുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും
ശിരസാ വഹിക്കുന്ന അച്ചടക്കമുള്ള മിടുക്കി പെൺകുട്ടിയായിരൂന്നു അവൾ. പഠിക്കാനേറെ മിടുക്കിയിയിട്ടും രക്ഷിതാക്കൾക്ക് അധികം
പണമില്ലാത്തതുകൊണ്ടും, പെൺകുട്ടിയെ പഠിപ്പിക്കുന്നത് അധികച്ചെലവും
അനാവശ്യവുമാണെന്നൊരു ധാരണ അവർക്കുണ്ടായിരുന്നോണ്ടും ഉപരിപഠനമോഹങ്ങൾ
വേഗത്തിലവസാനിച്ചു.
അതിലവൾക്ക് വിഷമമുണ്ടായിരുന്നെങ്കിലും ആരോടും
പരാതി പറഞ്ഞില്ല. മുതിർന്നവരുടെ വാക്കും നെല്ലിക്കയും ഒരു പോലെയാണെന്ന്
സ്കൂളിൽ ടീച്ചർമാർ പഠിപ്പിച്ചതവളുടെ വിശ്വാസമായിരുന്നു.
കാണാൻ
സുന്ദരിയായിരുന്നതിനാൽ നിരവധി പ്രേമാഭ്യർത്ഥനകൾ അവളെത്തേടി വന്നിരുന്നു.
പക്ഷേ അവയെല്ലാം നിഷ്കരുണം അവൾ തളളിക്കളഞ്ഞു. അതിനവൾക്കൊരു
കാരണമുണ്ടായിരുന്നു. താൻ തീരെ ചെറുപ്പമാണ്. ലോകപരിചയം കുറവാണ്.
നല്ലതും ചീത്തയും തിരിച്ചറിയാൻ തനിക്കാവില്ല. ചതിയിൽപ്പെടാനെളുപ്പം.
അതുകൊണ്ട് പ്രണയം വേണ്ട. തനിക്കായി തന്‍റെ രക്ഷിതാക്കൾ അനുയോജ്യമായ സമയത്ത്
യോഗ്യനായ ഒരാളെ കണ്ടെത്തും. അതായിരിക്കും തന്‍റെ സ്വർഗ്ഗം. ആ
വിശ്വാസമവൾക്കുണ്ടായിരുന്നു.
കാലം അവളിലെ കുട്ടിത്തം മായ്ച്ചുകളയും മുൻപ് ഉത്തരവാദിത്തപ്പെട്ടവർ അവൾക്കായൊരു ചെക്കനെ കണ്ടെത്തി. പൊരുത്തങ്ങളെല്ലാമൊത്തവൻ.
പെണ്ണുകാണലിലെ സ്ഥിരം ചടങ്ങായ ചായയും പലഹാരങ്ങളും
നൽകാനവർക്കുമുന്നിലെത്തിയപ്പോൾ ഒരു നോട്ടം മാത്രം. മിന്നായം പോലെ ആ മുഖമവൾ
കണ്ടു. സുന്ദരനല്ല, ഇരുണ്ട നിറമാണ്. പ്രായമൽപം കൂടുതലുണ്ട്. വിവാഹമുറപ്പിച്ച് പൂമുഖത്ത് ചർച്ച നടക്കുമ്പോൾ എല്ലാം കേട്ടുകൊണ്ട്
അടുക്കളവാതിലിനിപ്പുറം അവൾ നിൽപുണ്ടായിരുന്നു. അവളുടെ സമ്മതത്തിന് അവിടെ
പ്രസക്തി ഉണ്ടായിരുന്നില്ല.
തന്‍റെ സ്വപ്നങ്ങളിലുള്ള
ആളല്ലായിരുന്നുവെങ്കിലും അവൾക്ക് ആരോടും പരാതിയില്ലായുന്നു. തന്‍റെ
രക്ഷിതാക്കൾ കണ്ടെത്തിയ ആൾ തീർത്തും യോഗ്യനായിരിക്കുമെന്ന് അവൾ വിശ്വസിച്ചു. പിന്നെ പുരുഷന്‍റെ സൌന്ദര്യം ശരീരത്തിലല്ല മനസിലാണെന്ന് അമ്മയും അമ്മൂമ്മയും ചേച്ചിമാരും പറയുന്നതവൾ കേട്ടിട്ടുമുണ്ടായിരുന്നു. മനസിലെ സൌന്ദര്യം മോഹിച്ച് മണവാട്ടിയായണിഞ്ഞൊരുങ്ങി ഇത്രകാലവും
ഓടിക്കളിച്ച വീടിനോടും രക്ഷിതാക്കളോടും വിടചൊല്ലി ഭർത്താവിന്‍റെ കൈപിടിച്ച് അവളിറങ്ങി.
ഭർത്തൃവീട്ടിലെത്തിയപ്പോൾ തന്നെ പലരും
അദ്ഭുതത്തോടെ നോക്കുന്നതവൾ കണ്ടു. അവന്‍റെ ഭാഗ്യമാണ് ഇത്രയും സുന്ദരിയായ
പെണ്ണിനെകിട്ടിയതെന്ന്. അത് കേട്ടപ്പോ അവൾക്കും അൽപം അഹങ്കാരം തോന്നിയിരുന്നു. അവൾ ആ കല്ല്യാണവീട്ടിലെ തിരക്കിനിടയിൽ തന്‍റെ പതിയെത്തിരഞ്ഞു. പുറത്തെന്തോ
വഴക്കും ബഹളവും കേട്ടപ്പോൾ അവളവിടേക്ക് എത്തിനോക്കി. തന്‍റെ ഭർത്താവ് ആരുമായോ
വഴക്കുണ്ടാക്കുകയാണ്. അപ്പോഴയാളുടെ മുഖത്തുണ്ടായിരുന്ന രൌദ്രഭാവം അവളെ
ഭയചകിതയാക്കി.
അവളുടെ അമ്പരപ്പ് കണ്ടിട്ടാവണം അമ്മായിയമ്മ അരികിലെത്തി ആശ്വസിപ്പിച്ചു. മോൾ പേടിക്കണ്ടാ ഇത്തിരി ദേഷ്യവും മുൻശുണ്ഠിയുമുണ്ടെന്നേയുള്ളു. അവൻ
പാവമാ, സ്നേഹമുള്ളവനാ. ഇനി മോളു വേണം അവന്‍റെ ഈ ദേഷ്യമൊക്കെ മാറ്റിയെടുക്കാൻ.
സ്നേഹം കൊണ്ട് എന്തും നേടിയെടുക്കാം, ഏത് കഠിനഹൃദയന്‍റെയും മനസലിയിക്കാനാകുമെന്ന് മുത്തശ്ശി പറഞ്ഞത് അവൾക്ക് വിശ്വാസമായിരുന്നു. പിറ്റേ പ്രഭാതത്തിൽ അവൾക്കൊരു കാര്യം ബോദ്ധ്യപ്പെട്ടു. വിവാഹമെന്നത് ഒരു പെൺകുട്ടിയെ റേപ്പ് ചെയ്യാൻ അവളുടെ രക്ഷിതാക്കൾ ഒരു
പുരുഷനു നൽകുന്ന ലൈസൻസാണ്. ഒരു കോടതിയും ശിക്ഷ വിധിക്കാത്ത ബലാൽസംഘം. സ്നേഹം അത് അർഹതയുള്ളവർക്ക് നൽകുമ്പോഴാണ് അതിന് മഹത്വമുണ്ടാകുന്നത്. സ്നേഹം കൊണ്ട് എല്ലാവരേയും കീഴ്പ്പെടുത്താനാവില്ല.
എല്ലാം വിധി എന്നുറച്ച് ജീവിതം തള്ളി നീക്കാനവൾ തീരുമാനിച്ചു. പക്ഷേ അവൾക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. കോപത്തിൽ ദുർവ്വാസാവ്
മഹർഷിയെപ്പോലും തോൽപ്പിക്കുന്ന തന്‍റെ പതിക്കു മുന്നിൽ അവൾ എല്ലാം സഹിച്ച്
കഴിഞ്ഞു കൂടി . വിഷമങ്ങൾ അമ്മയോടും അച്ഛനോടും സഹോദരങ്ങളോടും പറഞ്ഞപ്പോൾ അവരെല്ലാം ചേർന്ന് നല്ല പോലെ ഉപദേശിച്ചു. ജീവിതം സുഖദുഖസമ്മിശ്രമാണ്. തുടക്കമായോണ്ട് നിനക്ക് മനപ്രയാസം
തോന്നുന്നതാ, എല്ലാം ശരിയാകും. അവൻ നന്നാകും. നിന്നെയവന്
ഇഷ്ടക്കേടൊന്നുമില്ല. അവന് സ്നേഹമുണ്ട് പക്ഷേ അത് പ്രകടിപ്പിക്കാൻ
അറിയില്ല. അത് നീ മാറ്റിയെടുക്കണം. അതൊരു ഭാര്യയുടെ ധർമ്മമാണ്.
പിന്നീടവൾ ഒന്ന് തീരുമാനിച്ചു. ഇനി ആരോടും ഒന്നിനും പരാതി പറയാനില്ല. എന്‍റെ വിഷമങ്ങൾ ഞാൻ മാത്രം അറിഞ്ഞാൽ മതി.പിന്നെയവൾ അയാളോടൊപ്പം താമസിച്ചത് സ്നേഹം മാത്രം കൊണ്ടായിരുന്നില്ല മറിച്ച് അതൊരു അഡ്ജസ്റ്റ്മെന്‍റായിരുന്നു. എങ്ങനെയെങ്കിലും നീ അഡ്ജസ്റ്റ് ചെയ്യു എന്നാണ് ഏറ്റവും പ്രിയപ്പെട്ടവർ പോലും ഉപദേശിച്ചതും.
വിവാഹമോചനം കടുത്ത അപരാധവും കുടുംബത്തിന്‍റെ അന്തസിന് കോട്ടം വരുത്തുന്നതുമാകയാൽ കുറേ വർഷങ്ങൾ ആ ജീവിതം അവൾ എങ്ങനെയൊക്കെയോ ജീവിച്ച് തീർത്തു. പത്ത് വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാനുള്ള തീരുമാനം അവൾ വളരെ പെട്ടെന്നായിരുന്നില്ല എടുത്തത്. ഏറെ നാളത്തെ അവജ്ഞയും കൊടിയ പീഡനങ്ങളും സഹിച്ച് മടുത്തപ്പോൾ ഒരുപാടാലോചിച്ച് എടുത്ത തീരുമാനമായിരുന്നു. ആ തീരുമാനത്തിന്‍റെ പേരിൽ എല്ലാവരും സംഘം ചേർന്നാക്രമിച്ചപ്പോൾ അവൾക്ക് വേദനയല്ല തോന്നിയത് വല്ലാത്ത നിസംഗതയായിരുന്നു.
ഒടുവിൽ പുരോഹിതൻ കൂട്ടിച്ചേർത്ത ബന്ധത്തെ കോടതി വേർപെടുത്തി. അവൾ അഹങ്കാരിയാണെന്ന് പലരും പറഞ്ഞു. കുടുംബത്തിൽ എല്ലാവരും അവളെ ഒറ്റപ്പെടുത്തി. അവളുടെ ഭർത്താവിന്‍റെ ക്രൂരമായ
ശാരീരിക പീഡനങ്ങൾ നേരിൽ കണ്ടിട്ടുള്ള അമ്മ പോലും മരുമകനെ
ന്യായീകരിച്ചപ്പോൾ എല്ലാ തെറ്റുകളും അവളുടേത് മാത്രമായി. ഭർത്താവിന്‍റെ ശാരീരികവും മാനസികവുമായ പീഡനങ്ങളേക്കാൾ ഭയാനകവും
വേദനാജനകവുമാണ് സ്വന്തം വീടിനുള്ളിലെ അവഗണനയും കുത്തുവാക്കുകളുമെന്ന്
അവൾക്ക് ബോധ്യപ്പെട്ടു.
ആ ഒറ്റപ്പെടലിൽ അവൾക്ക് കൂട്ടായെത്തിയത് പഴയ ഒരു സഹപാഠിയായിരുന്നു. ആദ്യമായും അവസാനമായും അവൾക്ക് ഒരു പ്രണയോപഹാരം സമർപ്പിച്ചവൻ. ഒരു വാലന്‍റൈൻ ദിനത്തിൽ ചുവന്ന റോസാപുഷ്പം തനിക്ക് തന്നതിന്‍റെ പേരിൽ തന്‍റെ
അച്ഛന്‍റെയും അമ്മാവൻമാരുടെയും തല്ലു വാങ്ങി നാട്ടുകാർക്ക് മുന്നിൽ
പരിഹാസ്യനായവൻ. പിന്നീടൊരിക്കൽ വിവാഹാലോചനയുമായി തന്‍റെ
വീട്ടിലെത്തിയപ്പോൾ കുടുംബ മഹിമയും ജാതക ചേർച്ചയും ഇല്ലാതിരുന്നതിനാൽ
പരാജിതനെപ്പോലെ മടങ്ങേണ്ടി വന്നവൻ. തനിക്കൊരു വിവാഹ ജീവിതം വേണ്ടെന്ന് തീരുമാനിച്ചവൻ. ഇന്ന് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു നിരാലംബയായി നിൽക്കുമ്പോൾ അവൾക്ക് നേരേ അവൻ തന്‍റെ കരങ്ങൾ നീട്ടി.
എല്ലാവരും എതിർക്കും. മാനത്തുള്ള ചൊവ്വയും ശനിയും ശുക്രനുമെല്ലാമെതിർക്കും
എന്നുറപ്പുണ്ടായിട്ടും അവൾ തീരുമാനിച്ചു അവനോടൊത്ത് ജീവിക്കാൻ . അപ്പോഴെല്ലാവരും ഒറ്റക്കെട്ടായി പറഞ്ഞു അവൾ പഴയ കാമുകനോടൊത്ത് കഴിയാൻ ഭർത്താവിനെ ഉപേക്ഷിച്ചതാണെന്ന്. അവളുടെ ജീവിതത്തിൽ ഇനി എന്ത് സംഭവിച്ചാലും ആരും തിരിഞ്ഞു നോക്കില്ലെന്ന് രക്ഷിതാക്കൾ ശപഥം ചെയ്തു. അതിനു മറുപടിയായി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവന്‍റെ കൈ പിടിച്ച് അവൾ ആ പടിയിറങ്ങി.
ജീവിതത്തിൽ പോയ പത്തു വർഷങ്ങളിൽ താൻ പ്രശ്നങ്ങളുടെ നടുവിൽ പെട്ടുഴറുമ്പോൾ
നിങ്ങൾ മുഖം തിരിച്ച് നടന്നതെന്തേ എന്നവൾ ആരോടും ചോദിച്ചില്ല.
No comments:
Post a Comment
Type your valuable comments here