December 06, 2018

പ്രണയം (Short Story)

 
Pranayam

   പ്രക്ഷുബ്ധമായ കടൽക്കരയിൽ ഇരിക്കുമ്പോൾ എന്‍റെയും ജയദേവിന്‍റെയും മനസുകളും പ്രക്ഷുബ്ധമായിരുന്നു. നാളെ കോളേജിലെ അവസാന ദിവസമാണ്. ഇനി നിത്യേനയുള്ള കണ്ടുമുട്ടലുകൾ ഇല്ല. ഡോക്ടറാകാൻ ആഗ്രഹിച്ച ജയദേവിനും ഐ.പി.എസ്സുകാരി ആവാൻ ആഗ്രഹിച്ച ഈ നിരുപമയ്ക്കും ഇനി സഞ്ചരിക്കേണ്ടത് രണ്ട് വഴികളിലൂടെയാണ്. ഇനി ഉള്ളിൽ കനലെരിയുന്ന വിരഹത്തിന്‍റെ നാളുകളാണ്. ആ വേദനിപ്പിക്കുന്ന യാഥാർത്ഥ്യം എന്‍റെ മുന്നിലെ മണൽത്തരികളെ കണ്ണീരിൽ കുതിർത്തു. മണലിൽ പതിഞ്ഞ ജയദേവിന്‍റെ കൈപ്പത്തിക്ക് മുകളിൽ ഞാൻ എന്‍റെ കൈ ചേർത്ത് വച്ചിരുന്നു. അഞ്ച് വർഷമാകുന്നു ഞങ്ങൾ പ്രണയിക്കുവാൻ തുടങ്ങിയിട്ട്. ‌പ്രീഡിഗ്രി ഫസ്റ്റ് ഇയറിന് പഠിക്കാൻ ചെന്ന് ഒരു ആഴ്ച തികയും മുന്നേ സദാസമയവും എന്‍റെ പിന്നിൽ ചുറ്റിത്തിരിയുന്ന ജയദേവിനെ ചീത്ത പറയേണ്ടി വന്നു. ആളൊരു ശല്യക്കാരനായ വായിനോക്കി അല്ലായിരുന്നു. മോശമായി നോക്കുകയോ കമന്‍റടിക്കുകയോ ഒന്നുമില്ല. ഒരു ഉപഗ്രഹം കണക്കേ സദാസമയവും എന്‍റെ ചുറ്റുവട്ടത്ത് കാണും. ലക്ഷ്യം എന്നെ വളച്ചെടുക്കൽ തന്നെയാണെന്ന് ബോദ്ധ്യപ്പെട്ടത് കൊണ്ടാണ് ചീത്ത പറയേണ്ടി വന്നത്.

      പക്ഷേ അതൊന്നും ജയദേവിനെ തന്‍റെ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിച്ചില്ല.  ‌ ഒടുവിൽ എനിക്ക് തോൽക്കേണ്ടി വന്നു. ദൂരദർശൻ ചാനലിൽ വെള്ളിയാഴ്ച വരുന്ന ചിത്ര ഗീതത്തിലും, ചിത്രഹാറിലും, സ്മൃതി ലയത്തിലുമൊക്കെ കണ്ടാസ്വദിച്ച പ്രണയത്തിന്‍റെ ലഹരി ഞാനുമറിഞ്ഞു. ‌ ആദ്യമൊക്കെ ഭയമായിരുന്നു; മിണ്ടാൻ. ഒളിച്ചും പാത്തുമൊക്കെയാണ് സംസാരിച്ചിരുന്നത് . ആദ്യമായി ജയദേവ് ഒരു കത്ത് തരാൻ വന്നപ്പോൾ പേടി കൊണ്ട് വാങ്ങിയില്ല. ഒരാഴ്ച പിറകേ നടന്ന് നിർബന്ധിച്ചപ്പോഴാ കത്ത് വാങ്ങിയത്. അതും കൊണ്ട് വീട്ടിൽ ചെല്ലുമ്പോൾ അരയിൽ ബെൽറ്റ് ബോംബ് കെട്ടിയ പോലെയായിരുന്നു. എന്‍റെ ഹൃദയമിടിപ്പിന്‍റെ ശബ്ദം കേട്ട് അച്ഛനെങ്ങാനും കള്ളത്തരം കണ്ടു പിടിക്കുമെന്ന് ഞാൻ ഭയന്നിരുന്നു.
ഒടുവിൽ ആരും കാണാതെ അത് വായിച്ചു . അതിലെ കവിത പോലെ മനോഹരമായ വരികൾ എന്നെ പ്രണയത്തിന്‍റെ മായികലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയി. അവിചാരിതമായി അമ്മ മുറിയിലേക്ക് കടന്ന് വന്നപ്പോൾ ആ പ്രണയകാവ്യം വായിലിട്ട് വെള്ളം തൊടാതെ വിഴുങ്ങേണ്ടിയും വന്നു.


വീട്ടിലുള്ള ആരിലും സംശയം ജനിപ്പിക്കാതെ നാല് വർഷത്തിലേറെക്കാലം ഈ പ്രണയം കാത്ത് സൂക്ഷിക്കാൻ തനിക്ക് കഴിഞ്ഞു.
ഇനിയെന്ത്?
 
ഞാൻ ജയദേവിന്‍റെ കണ്ണുകളിലേക്ക് നോക്കി. അവന്‍റെയും കണ്ണുകൾ നിറഞ്ഞിരുന്നു.അവൻ തന്‍റെ കൈവിരലുകളാൽ എന്‍റെ കണ്ണുകൾ തുടച്ചു. അന്നാദ്യമായി അവന്‍റെ കൈവിരൽ തുമ്പിൽ ഞാൻ ചുംബിച്ചു. അവൻ പല തവണ കെഞ്ചി ചോദിച്ചിട്ടും കൊടുക്കാതിരുന്നത്. അവനെനിക്ക് ധൈര്യം പകർന്നു.

 "നമ്മൾ പഠിക്കണം, നമ്മുടെ ലക്ഷ്യം നേടണം. വിരഹത്തിന്‍റെ തീക്കനലിൽ വീണു വെന്തുരുകില്ല നമ്മൾ, എത്രയകലെ പോയാലും നമ്മുടെ മനസുകൾ അകലില്ല. ഡോക്ടർ ജയദേവ് ആയി ഞാൻ വരും , നിരുപമ IPS ന്‍റെ കഴുത്തിൽ താലി ചാർത്താൻ . "

             ഇത് പറയുമ്പോൾ അവന്‍റെ കണ്ണുകളിൽ കണ്ട ആത്മവിശ്വാസം എന്നിലേക്കും പകർന്ന് തന്നു. അന്ന് പിരിയാൻ നേരം സ്വന്തം പാസ്പോർട് സൈസ് ഫോട്ടോകൾ പരസ്പരം കൈമാറി. അതും അവൻ പല തവണ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്നതായിരുന്നു. പിന്നെ പരീക്ഷകളുടെയും പരീക്ഷണങ്ങളുടെയും കാലമായിരുന്നു. 

         പെട്ടെന്ന് ശബ്ദിച്ച ടെലഫോൺ എന്നെ ചിന്തകളിൽ നിന്നും ഉണർത്തി.
ഞാനെന്‍റെ ഓഫീസിനുള്ളിൽ ആണെന്ന കാര്യം മറന്നു പോയിരുന്നു. പ്രമാദമായ ഒരു കേസിന്‍റെ പിന്നാലെയുള്ള ഓട്ടം ഇന്നലത്തെ ഉറക്കത്തെ പൂർണമായും അപഹരിച്ചതിന്‍റെ ക്ഷീണം കൊണ്ട് മയങ്ങി പോയതായിരുന്നു. മേശപ്പുറത്തിരുന്ന എന്‍റെ നെയിംബോർഡ് എന്നെ കുസൃതിയോടെ നോക്കുന്നതായി തോന്നി.

          " നിരുപമ ജയദേവ് IPS "

  എന്‍റെ മേശപ്പുറത്തിരുന്ന ഫയലും ലാപ് ടോപ്പിൽ pause ചെയ്തു വച്ചിരുന്ന വീഡിയോയും മനസ്സിലൊരു നൊമ്പരമായിക്കഴിഞ്ഞിരുന്നു. 

    പതിനാറുകാരിയായ ആ സുന്ദരിക്കുട്ടിയുടെ കണ്ണുകളിൽ നിറയെ പ്രണയമായിരുന്നുവോ?
ഫയലിലെ താളുകൾ ഒരിക്കൽ കൂടി മറിച്ചു നോക്കി. അതുമൊരു പ്രണയകഥ ആയിരുന്നു. കാവ്യയുടെ പ്രണയം. ആ കഥ അവളെന്നോട് പറയുന്നതായി തോന്നി.

        " ആധുനിക കാലം "

           " ഞാൻ നഗരത്തിലെ പ്രശസ്തമായ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. പഠിക്കാൻ മിടുക്കി. കാണാൻ സുന്ദരിയാണെന്നാണ് ചെക്കൻമാർ പറയുന്നത് . അതു കൊണ്ടാണല്ലോ എന്‍റെ ചുറ്റും ഒരു പൂവാലപ്പട തന്നെയുണ്ടായിരുന്നത്. അതിലെനിക്കൽപം അഹങ്കാരവുമുണ്ടായിരുന്നു. ആ പൂവാലപ്പടയ്ക്കിടയിൽ നിന്നുമാണ് ഞാനെന്‍റെ ഹൃദയേശ്വരനെ തിരഞ്ഞെടുത്തത്;  നിവിൻ.

        ഡ്യൂക്കിൽ പൊടിപറത്തിപ്പാഞ്ഞ് വരുന്നത് കണ്ടാണോ? മുടിയിൽ ചുവപ്പും ഗ്രേയും കളറുകളടിച്ച് വഴിയരുകിൽ വിൽക്കാൻ വച്ചിരിക്കുന്ന കോഴിക്കുഞ്ഞിനെ പോലെ cute ആയതു കൊണ്ടാണോ നിവിനെ ഞാൻ സ്നേഹിച്ചു തുടങ്ങിയതെന്ന് അറിയില്ല. ചുംബന സമരത്തിന്‍റെയും മാറുതുറക്കൽ സമരത്തിന്‍റെയും കാലഘട്ടത്തിലെ പെൺകുട്ടിയായതു കൊണ്ടാകണം, ഞാൻ നല്ല ധൈര്യശാലിയായിരുന്നു. അവന്‍റെ പിന്നിൽ ഡ്യൂക്കിൽ പാഞ്ഞ് നടക്കുന്നതിൽ ഞാൻ വല്ലാണ്ട് ത്രില്ലടിച്ചിരുന്നു. അൽപ നേരം പോലും പിരിഞ്ഞിരിക്കാനാവാത്ത വിധം ഞങ്ങളടുത്തത് വളരെ വേഗമായിരുന്നു.

        വൈകുന്നേരം സ്കൂളിൽ നിന്നു പോയാൽ പിറ്റേന്ന് കാലത്ത് സ്കൂളിൽ എത്തുന്നത് വരെയുള്ള വിരഹം പോലും ഞങ്ങൾക്ക് സഹിക്കാൻ പറ്റാതെയായി. ആ വിരഹ വേദന ഒഴിവാക്കാൻ നിവിൻ എനിക്കൊരു പുതിയ സ്മാർട് ഫോൺ വാങ്ങിത്തന്നു. ഇത്ര വില കൂടിയ സമ്മാനം വാങ്ങിത്തന്ന കാമുകനെയോർത്ത് അഭിമാനം തോന്നിയ എനിക്ക് ഇപ്പോഴും Nokia 1115 ഫോണും കൊണ്ട് നടക്കുന്ന അച്ഛനെയോർത്ത് പുച്ഛം തോന്നി.

       ഫോണും, ഫോണില്‍ വാട്സാപ്പും, ഫെയ്സ്ബുക്കും, സ്കൈപ്പും ഒക്കെ കിട്ടിയതോടെ ഞങ്ങളുടെ രാത്രികൾ പകലുകളായി. പഠനത്തിൽ കൂടുതൽ ഏകാഗ്രത കിട്ടാൻ മുറിയടച്ചിരുന്നു പഠിക്കുന്ന മകളെയോർത്ത് എന്‍റെ അമ്മയ്ക്ക് അഭിമാനം തോന്നി. പക്ഷേ അടച്ചിട്ട മുറിക്കുള്ളിൽ പ്രണയം പൂത്തുലയുകയായിരുന്നെന്ന് Old gen ആയ അമ്മയറിഞ്ഞില്ല. 

    പ്രണയത്തിന്‍റെ വേഗം അക്ഷരങ്ങളിലൂടെ പങ്ക് വയ്ക്കാനാകാതെ വന്നതോട് കൂടി ഞങ്ങൾ വീഡിയോ ചാറ്റിലേക്ക് കടന്നു.  അർദ്ധരാത്രക്കപ്പുറത്തേക്ക് പ്രണയസല്ലാപം നീണ്ടു. പ്രണയാർദ്രമായ ദിനങ്ങൾ ഒന്നൊന്നായി കടന്നു പോയി. ഒരിക്കലും പിരിയാനാകാത്ത വിധം ഞങ്ങളടുത്തു. നട്ടുച്ചയിൽ ചുട്ടുപൊള്ളുന്ന ബീച്ചിലെ മണ്ണിൽപ്പരപ്പിൽ ഒരു കുടയുടെ തണലിൽ സ്വപ്നങ്ങൾ നെയ്യുമ്പോൾ അവന്‍റെ കൈകൾ എന്‍റെ ശരീരത്തിൽ കാണിച്ച കുസൃതികൾ ഇക്കിളിപ്പെടുത്തിയതല്ലാതെ തെല്ലും അലോസരപ്പെടുത്തിയില്ല. ന്യൂജൻ പ്രണയം അങ്ങനെയൊക്കെയാണെന്ന് ഞാൻ മനസിലാക്കിയിരുന്നു. ഉറങ്ങുമ്പോഴും ഉണരുമ്പോഴും ഉണ്ണുമ്പോഴും എല്ലാം നിവിൻ എന്നോടൊപ്പമുണ്ടാകണമെന്ന് ആഗ്രഹിച്ചു. അതു കൊണ്ട് തന്നെ ഞാൻ കുളിക്കുന്നതെന്ന് കാണണമെന്നവൻ ആഗ്രഹം പറഞ്ഞപ്പോൾ മടിയേതുമില്ലാതെ ഞാൻ കുളിക്കുന്നത് ഷൂട്ട് ചെയ്ത് നിവിനയച്ച് കൊടുത്തു. എന്നായാലും ഞാൻ അവനുള്ളതല്ലേ?

      അവനെന്നെ പലതും പഠിപ്പിച്ചു. എന്‍റെ സ്വകാര്യതകൾ മുഴുവൻ വീഡിയോ ചാറ്റിലൂടെ നിവിനുമായി പങ്ക് വച്ചു. പക്ഷേ എല്ലാം തകിടം മറിഞ്ഞത് വളരെ വേഗത്തിലായിരുന്നു. നിവിന് മറ്റൊരു പെൺകുട്ടിയുമായി എന്നെക്കാളേറെ അടുപ്പമുണ്ടെന്ന് , പ്രണയമുണ്ടെന്ന് വേദനയോടെ ഞാൻ തിരിച്ചറിഞ്ഞു. അതെനിക്കൊരു വലിയ ഷോക്കായിരുന്നു. ഇത് ന്യൂജൻ പ്രണയമാണ്, ഒരു പെണ്ണിനെ മാത്രം പ്രണയിക്കുന്നത് out of fashion ആണെന്ന അവന്‍റെ മറുപടിക്കപ്പുറം എനിക്കൊന്നും ചോദിക്കാന്‍ ഉണ്ടായിരുന്നില്ല, പറയാനും . ദേഷ്യവും സങ്കടവും കൊണ്ട് ഫോൺ തറയിലെറിഞ്ഞുടക്കണമെന്ന് തോന്നിയെങ്കിലും പിന്നീടത് വേണ്ടെന്ന് വച്ചു.

         എന്നെ കളഞ്ഞിട്ട് അവന് വേറെ പെണ്ണിനെ പ്രണയിക്കാമെങ്കിൽ എന്തുകൊണ്ട്  എനിക്കായിക്കൂടാ. ഞാനൊന്നു Yes പറഞ്ഞാൽ ചെക്കൻമാർ പിന്നാലെ നടക്കും. എന്നൊക്കെ ചിന്തിച്ച് സ്വയം ആശ്വസിച്ചെങ്കിലും ഉള്ളിൽ വല്ലാതെ നോവുന്നുണ്ടായിരുന്നു. പ്രണയതാപത്തിന്‍റെ വിയർപ്പിൽ എന്നും കുതിർന്നിരുന്ന ബെഡ്ഷീറ്റും തലയിണയും അന്നാദ്യമായി എന്‍റെ കണ്ണീരിൽ കുതിർന്നു.

    എല്ലാം മറന്ന് സകൂളിൽ ചെന്ന എന്നെ നോക്കി ചില ആൺകുട്ടികളും, നാട്ടിലെ ചേട്ടന്മാരും അർത്ഥം വച്ച് ചിരിക്കുന്നതിന്‍റെ കാരണം എനിക്ക് മനസിലായത് ഒരാഴ്ചക്കിപ്പുറം അഛൻ മുറ്റത്തെ പ്ലാവിൽ ജീവനറ്റ്  തൂങ്ങിനിൽക്കുന്നത് കണ്ടപ്പോഴായിരുന്നു.

       ഫോണുകളിൽ നിന്നും ഫോണുകളിലേക്ക് പാഞ്ഞ് നടക്കുന്ന എന്‍റെ ചൂടൻ വീഡിയോകള്‍ കണ്ട് ചങ്ക് തകർന്നാണ് അച്ഛൻ ആത്മഹത്യ ചെയ്തതെന്ന് ഞാൻ തിരിച്ചറിഞ്ഞു..... "
*********************************


         എന്‍റെ കൈ തട്ടി ലാപ് ടോപ്പിലെ വീഡിയോ Play ആയി. അതിൽ കാവ്യ ആയിരുന്നു. കാമറ ഓൺ ചെയ്ത് വച്ച ഫോണിനു മുന്നിൽ നിന്നും താനേറെ വിശ്വസിക്കുന്ന കാമുകന് വേണ്ടി അവൾ തുണിയുരിഞ്ഞു , പിന്നെയവൾ....... 

         മുഴുവൻ കണ്ടിരിക്കാൻ എനിക്കായില്ല. ഒന്നല്ല ഇത്തരത്തിൽ പത്തിലേറെ വീഡിയോകളായിരുന്നു വാട്സാപ്പിലൂടെയും വിവിധ Porn വെബ്സൈറ്റുകളിലൂടെയും പ്രചരിച്ചത്. 

ഒടുവിലവളും ചൂളംവിളിച്ചെത്തിയ തീവണ്ടിക്കുമുന്നില്‍ ......


ഞാനിതിൽ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? ശിക്ഷിക്കേണ്ടത്?

ആ പെൺകുട്ടിയെ പ്രണയിച്ച് വഞ്ചിച്ച നിവിനെയോ? 

      ദിവസവും ഇത്തരത്തിൽ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും പിന്നെയും സ്വന്തം സ്വകാര്യതയിലേക്ക് ക്യാമറ തുറന്ന് വച്ച് കാമുകന് പ്രണയ സമ്മാനം കൊടുക്കുന്ന കാവ്യമാരെയോ?

കാലം ഒരുപാട് മാറിയിരിക്കുന്നു, പ്രണയവും.


                              രഞ്ജിത് വെള്ളിമണ്‍

No comments:

Post a Comment

Type your valuable comments here