December 02, 2018

ആത്മഹത്യാമുനമ്പ് (Short Story)


Athmahathyamunambu


            ആ കുന്നിൻ മുകളിൽ നിന്നും താഴെ അഗാധമായ കൊക്കയിലേക്ക് നോക്കി എത്രനേരം നിന്നുവെന്ന് അവനറിയില്ല. ആത്മഹത്യാമുനമ്പിന്‍റെ ഭയങ്കര സൌന്ദര്യം ആസ്വദിക്കാനെത്തിയ സഞ്ചാരികളുടെ ശബ്ദം അവൻ കേട്ടില്ല.

    അവൻ മരണത്തിന്‍റെ താളം ശ്രവിക്കുകയായിരുന്നു. മരണത്തിന്‍റെ വശ്യസൌന്ദര്യം നുകരുകയായിരുന്നു. അടുത്ത ഒരുനിമിഷത്തിൽ താൻ മുന്നുചുവടു മുന്നോട്ട് വയ്ക്കുമ്പോൾ, ഒരു പക്ഷിയെപ്പോലെ പറന്നിറങ്ങുമ്പോൾ വശ്യമായ ചിരിയുമായി മരണം കൂടെയുണ്ടാകും. ഒടുവിൽ പാറക്കെട്ടുകളിൽ തട്ടി ചിതറിത്തെറിക്കുമ്പോൾ അവൾ പൊട്ടിച്ചിരിക്കും.

   ഒരുപാടാലോചനകൾക്ക് ശേഷമായിരുന്നു അവൻ ആ വഴി തിരഞ്ഞെടുത്തത്. ട്രെയിനിനു മുന്നിൽ തലവയ്ക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. പക്ഷേ ഇരമ്പിയാർത്ത്, അലറിച്ചിരിച്ച് വരുന്ന മരണത്തെ സ്വീകരിക്കാനവന് മടി തോന്നി. മരണമവനെ കളിയാക്കി പൊട്ടിച്ചിരിച്ചു. ഭീരുവെന്ന് പരിഹസിച്ചു. അതവനിൽ വാശിയുണ്ടാക്കി. തന്നെ നോക്കി കളിയാക്കിച്ചിരിക്കുന്ന മരണത്തെ ഇറുകെപ്പുണരുന്നതിന് കരുക്കൾ നീക്കി
തൂങ്ങിമരണവും, വിഷം കഴിച്ചുള്ള മരണവും, പുഴയിൽ ചാടിയുള്ള മരണവും, കൈഞരമ്പ് മുറിച്ചുള്ള മരണവും പലപ്പോഴായി ആലോചിച്ചെങ്കിലും, ആ മരണം സമ്മാനിക്കുന്ന ദീർഘമായ വേദനയോർത്തവൻ പിന്മാറി.

   മരണമപ്പോഴെല്ലാം അവനെ പരിഹസിച്ച് പൊട്ടിച്ചിരിച്ചു. ഭയംകൊണ്ടായിരുന്നില്ല ആ പിന്മാറ്റം. ഈ ലോകത്തിൽ താനനുഭവിച്ച മാനസിക വേദനയിൽ നിന്നും മുക്തി കിട്ടാനായിരുന്നു മരണത്തെ പ്രണയിച്ചത്. വേദനകളവസാനിപ്പിക്കാൻ വേദനയില്ലാത്ത മരണം അവൻ ആഗ്രഹിച്ചതും അതിനാലാണ്.

     പക്ഷേ വേദനയില്ലാത്തൊരു മരണമില്ലെന്ന് അവൻ പതിയെ തിരിച്ചറിഞ്ഞു. വേദനയുടെ ദൈർഘ്യത്തിനും കാഠിന്യത്തിനും ഏറ്റക്കുറച്ചിലുണ്ടാകുമെന്നേയുള്ളു. ഒടുവിൽ ഈ കുന്നിൻ മുകളിൽ മേഘങ്ങളുടെ സമീപത്ത്, മഞ്ഞിൻറെ കുളിരിൽ തന്നെ മോഹിപ്പിച്ച് ഒളിച്ചുകളിച്ച മരണത്തെ താനിന്ന് ഒരു ഗാഢമായ ആലിംഗനത്തിൽ കീഴടക്കാൻ പോകുന്നു.

     അവനതിന്‍റെ ത്രില്ലിലായിരുന്നു. എന്നെ വേദനിപ്പിച്ചവർ, എന്നെ കരയിപ്പിച്ചവർ, എന്നെ പരിഹസിച്ചവർ എല്ലാം നാളത്തെ പത്രം കാണുമ്പോൾ ഞെട്ടും. ഞാനൊത്തിരി കൊതിച്ച സ്നേഹം തരാൻ പിശുക്ക് കാട്ടിയ പലരും എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയും. എന്നെ വാക്കുകൾ കൊണ്ട് വേദനീപ്പിച്ച പലരും നാളെ എന്‍റെ മഹത്വം ഉദ്ഘോഷിക്കും. എന്‍റെ ഏറ്റവും നല്ല ഫോട്ടോയുമായി ആദരാഞ്ജലികൾ ചുവരുകളിൽ നിറയും. അത് വെയിലും മഴയുമേറ്റ് കുറേക്കാലം അവിടെയുണ്ടാകും. ചിതയിലെരിഞ്ഞടങ്ങി ഞാൻ ഒരുപിടി ചാരമായ് മാറും. ആ ചാരത്തെ പവിത്രമായി സൂക്ഷിച്ച് സന്ധ്യക്ക് തിരി വച്ച് അടുത്ത കർക്കിടക വാവ് വരെ സൂക്ഷിക്കും. പിന്നെ തിരമാലകളാ ചാരത്തെ കടലിൽ ലയിപ്പിക്കുന്നതോടെ ഞാൻ പൂർണ്ണമായും ഇല്ലാതാകും എന്നെകുറിച്ചുള്ള ഓർമ്മകളും.

       അസ്ഥിയെ തണുപ്പിച്ച് പോയ മന്ദമാരുതൻ അവനെ ചിന്തകളിൽ നിന്നുമുണർത്തി. മൂന്നടി മാത്രം അകലത്തിൽ തന്നെ സ്വീകരിക്കാനായി കാത്തു നിന്ന മരണത്തിൻറെ നേർക്കവൻ കൈ നീട്ടീ. അവൻറെ കാലുകൾ ആ ലക്ഷ്യത്തിലെത്താൻ വെമ്പൽ കൊണ്ടു. മരണം അവനെ നോക്കി വശ്യമായി ചിരിച്ചു.

                                         രഞ്ജിത് വെള്ളിമണ്‍

No comments:

Post a Comment

Type your valuable comments here