December 02, 2018

പ്രണയിനിക്കരികില്‍ (Short Story)

Pranayinikarikil



                  കഴിഞ്ഞ രണ്ട് ദിവസം ഞാനൊരു യാത്രയിലായിരുന്നു ഒറ്റക്ക്.    ഒരു പ്രണയിനിക്കരികിലേക്ക്.    ആരാണവൾ     എന്ന ചോദ്യം   സസ്പെൻസായി നിർത്തിക്കൊണ്ടൽപം ബോറൻ ഫ്ലാഷ്ബാക്ക് പറയാം.

        ക്ലർക്കിൽ നിന്നും സീനിയർ ക്ലർക്കിലേക്കുള്ള പ്രമോഷൻ കൊല്ലത്ത് നിന്നും പാലക്കാട്ടേക്കാണോ മലപ്പുറത്തേക്കാണോ എന്നാലോചിച്ച് ട്രെയിൻ സമയമൊക്കെ കാണാതെ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ വൈകുന്നേരം സൈറ്റിൽ പ്രമോഷൻ ഓർഡർ വന്നത്. എനിക്ക് അലോട്ട്മെൻറ് ഇടുക്കിയിലേക്ക്. അങ്ങനെയൊന്ന് തീരെ പ്രതീക്ഷിച്ചിട്ടില്ലാതിരുന്നതിനാൽ ആദ്യം മുഖത്ത് വന്ന രസം ആശ്ചര്യം ആയിരുന്നു. പ്രകൃതിഭംഗി ആസ്വദിക്കാൻ ഏറെ ഇഷ്ടമുണ്ടായിരുന്നതിനാലും തണുപ്പ് കാലത്തെ വല്ലാതെ പ്രണയിച്ചിരുന്നതിനാലും ഇടുക്കി എൻറെയൊരു സ്വപ്നഭൂമി ആയിരുന്നതിനാലും സസന്തോഷം അടുത്ത ദിവസം തന്നെ വച്ചുപിടിച്ചു ഇടുക്കിയിലേക്ക്.

        മുണ്ടക്കയം വരെയുള്ള മുഷിപ്പൻ യാത്രക്ക് ശേഷം കയറ്റം കയറിത്തുടങ്ങിയപ്പോൾ , തണുപ്പ് ഉള്ളിലേക്ക് കയറിത്തുടങ്ങിയപ്പോൾ ഞാൻ ശരിക്കും റീചാർജ് ചെയ്യപ്പെടുകയായിരുന്നു. ഹെയർപിൻ വളവുകൾ കയറി കുട്ടിക്കാനത്തെ തണുപ്പും മഞ്ഞും, ഏലപ്പാറയിലെ തെയിലത്തോട്ടങ്ങളും, പെരിയാറും ഒക്കെക്കണ്ട് കാഞ്ചിയാറെത്തിയപ്പോ മനസിനുള്ളിൽ ആരോ മന്ത്രിച്ചു. ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇടുക്കിയാണ്.

    അവിടെ കുറച്ചുനാൾ ജോലി ചെയ്ത് കഴിഞ്ഞപ്പോൾ, അതെന്‍റെ ജീവിതത്തിലെ പ്രിയപ്പെട്ട ഓഫീസായീ മാറി. പഞ്ചായത്തിന്‍റെ തികച്ചും ശാന്തമായ ഭാവം ഞാനവിടെ കണ്ടു. 

        കുന്നും മലകളും കാടും പുഴയുമൊക്കെ എന്നെ എന്നുമേറെ മോഹിപ്പിക്കുന്നവയാണ്. പഞ്ചായത്തിനുള്ളിലെ കാഴ്ചകൾ പോലും കണ്ടുതീർക്കാനായില്ല. ഇടുക്കിഡാം റിസർവോയറിനാൽ ചുറ്റപ്പെട്ട, അഞ്ചുരുളിയും, കോവിൽമലയും, രാജാവും, അയ്യപ്പൻകോവിലും, തൂക്കുപാലവും, ഏലക്കാടുകളുമൊക്കെ മനസിൽ നിന്ന് മറയില്ല.

        വ്യക്തിപരമായ ചിലകാരണങ്ങളാൽ അവിടെ നീന്നും മടങ്ങാനുള്ള തീരുമാനം ഏറെ ഹൃദയവേദനയോടെയാണ് കൈക്കൊണ്ടത്. യാത്ര പറഞ്ഞിറങ്ങുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞു.

    പിന്നീട് പല കാര്യങ്ങൾക്കായി പല തവണ അവിടെപ്പോകുമ്പോഴും മനസിൽ നിരാശയും കുറ്റബോധവുമായിരുന്നു. ആ സ്വപ്നഭൂമികയെ നഷ്ടപ്പെടുത്തിയതോർത്ത്. എന്നുമെന്‍റെ സ്വപ്നങ്ങളിൽ അവിടേക്കുള്ളൊരു മടക്കയാത്രയുണ്ടായിരുന്നു. ഞാൻ ഇടുക്കിയെ അത്രത്തോളം പ്രണയിക്കുകയായിരുന്നു.

    കഴിഞ്ഞ രണ്ടു ദിവസങ്ങൾ വീണ്ടും ഇടുക്കിയിൽ . അവിടേക്കുള്ള ഓരോ യാത്രയും വ്യത്യസ്തങ്ങളായ ഓരോ അനുഭവങ്ങളാണ്. ചന്നംപിന്നം പെയ്യുന്ന മഴയും മഞ്ഞിന്‍റെ മാർദ്ദവവുമായി അവളെനിക്ക് സ്വാഗതമോതി. ഇത്രനാളും എന്നെക്കാണാതിരുന്നതിന്‍റെ പരിഭവം കൊണ്ടവൾ കണ്ണീർ പൊഴിച്ചതാവാം.
മഞ്ഞിൻറെ നനുത്ത കൈകൾ കൊണ്ടവളെന്നെ ഗാഢമായി പുണർന്നു. യാത്ര കട്ടപ്പനയെത്താറായപ്പോഴേക്കും അവൾ പ്രസന്ന വദനയായി. അവളുടെ നിറഞ്ഞചിരി ഞാൻ കണ്ടു. 

            കട്ടപ്പനയിലൂടെ ആ സായാഹ്നത്തിൽ അവളോടൊപ്പം അൽപം മഴ നനഞ്ഞു നടന്നു. നഷ്ടപ്പെട്ടുപോയതെന്തൊക്കെയോ ഞാൻ തിരിച്ച് പിടിക്കുകയായിരുന്നു. ഒരു രാത്രിയിൽ അവളുടെ മാറിൽ തലചായ്ച്ചുറങ്ങി. ഇന്നലെ വൈകിട്ടവളോട് യാത്ര പറഞ്ഞിറങ്ങേണ്ടി വരും എന്ന വേദന രാവിലെ മുതൽ മനസിനെ അലട്ടുന്നുണ്ടായിരുന്നു. ഇനിയും വിരഹത്തിൻറെ നാളുകൾ. 

            ചെറുതോണിയിൽ നിന്നും തൊടുപുഴയിലേക്കുള്ള ബസിൽ കയറിയപ്പോൾ അവൾ വീണ്ടും മുഖം കറുപ്പിച്ചു. യാത്ര പറഞ്ഞിറങ്ങാനെനിക്കുമാവില്ലായിരുന്നു. അവൾ പതിയെകണ്ണീർ വാർക്കാൻ തുടങ്ങി. തണുപ്പിന്‍റെ നേർത്ത വിരലാലെന്നെ തലോടി. പിൻതിരിഞ്ഞവളുടെ മാറിലേക്ക് ചായാനാകാതെ ഞാൻ നിസഹായനായി. അവൾ പൊട്ടിക്കരഞ്ഞു. മേഖങ്ങൾ പോലിറങ്ങി വന്ന മഞ്ഞ് കാഴ്ചകളെ മറച്ചു. അവളെന്നെ ഗാഢമായൊരാലിംഗനതതിൽ കുടുക്കി. എനിക്കവളെ വിട്ട് പോരേണ്ടത് അനിവാര്യമായതിനാൽ അവളുടെ കരച്ചിലിനെ ക്രൂരമായി അവഗണിച്ച് ഞാനിറങ്ങി. അവളുടെ കൈകളയഞ്ഞുതുടങ്ങി. അവൾ തേങ്ങിക്കരഞ്ഞു.

      ഈ വിരഹവസാനിപ്പിച്ച് തിരികെ ചെല്ലാമെന്നവൾക്ക് ഞാൻ വാക്ക് കൊടുത്തപ്പോൾ മനസില്ലാ മനസോടെ മൌനമായി അവളെനിക്ക് യാത്രാമംഗളം നേർന്നു. 

ഞങ്ങൾ വീണ്ടും വിരഹത്തിന്‍റെ കനൽമെത്തയിലേക്ക് വീണുറങ്ങി..


                                               രഞ്ജിത് വെള്ളിമണ്‍

1 comment:

Type your valuable comments here