അസ്ഥി മരവിക്കുന്ന തണുപ്പിൽ, വെള്ളത്തിൽ പൊന്തിക്കിടന്ന പലകയിൽ ഇറുകെപ്പിടിച്ച് കിടന്ന റോസിന്‍റെ കൈയ്യിൽ നിന്നും ജാക്ക് വഴുതിപ്പോന്ന ടൈറ്റാനിക്കിലെ രംഗം കണ്ണീരോടെ യാണ് കണ്ടതെങ്കിലും അതെനിക്കേറെ പ്രിയപ്പെട്ട സിനിമ ആയിരുന്നു. ഇങ്ങ് മലയാളത്തിലേക്ക് വന്നാൽ ഒരു കട്ടിലിൽ ജീവഛവം ആയി കിടക്കുന്ന ലാലേട്ടനും, ഭ്രാന്താശുപത്രിയിലെ 36 നം. സ്വന്തമാക്കിയ കാർത്തികയും ചേർന്ന് ക്ലൈമാക്സിൽ കരയിപ്പിച്ച താളവട്ടവും.
ഞാനും എട്ടനും തമ്മിൽ ആകെ പിണങ്ങുന്നത് എന്‍റെ ഈ ട്രാജടി സിനിമ പ്രിയത്തെച്ചൊല്ലി ആയിരുന്നല്ലോ. അതിലെ പ്രണയത്തിന്‍റെ തീവ്രത കൊണ്ടല്ലേ ക്ലൈമാക്സിൽ നമ്മുടെ മനസിന് വിങ്ങലുണ്ടായതും, കണ്ണ് നനഞ്ഞതും , അതുകൊണ്ടായിരുന്നു ആ സിനിമകൾ ഞാൻ ഇഷ്ടപ്പെട്ടതും.
ഇങ്ങനെയൊക്കെ പറയുമ്പോഴായിരുന്നു ഏട്ടൻ പറയുന്നത്, എനിക്കൽപം വട്ടുണ്ടെന്ന്? അല്ലാതെ ഈ വാട്സാപ്പ് യുഗത്തിൽ കുത്തിയിരുന്ന് ഡയറി എഴുതുമോ? ഇൻലൻഡിൽ പ്രേമലേഖനം എഴുതുമോ? എന്‍റെ എല്ലാ വട്ടുകളും ഏട്ടൻ സാധിച്ചു തന്നിരുന്നതു കൊണ്ടല്ലേ ഞാൻ ഇങ്ങനെ എപ്പഴും ഓരോന്ന് ചെയ്തോണ്ടിരുന്നതും.
അവിടെ മരം കോച്ചുന്ന തണുപ്പിൽ ഏട്ടൻ ഒറ്റക്കാണല്ലോ എന്നോർക്കുമ്പോ എനിക്കിവിടെ സമാധാനമായി ഉറങ്ങാൻ കഴിയുമായിരുന്നില്ല. അപകടം പതിയിരിക്കുന്ന ചുറ്റുപാടുകളെപ്പറ്റി വേവലാതിപ്പെടുമ്പോൾ, ഒരു പട്ടാളക്കാരന്‍റെ ഭാര്യ ഇങ്ങനെ തൊട്ടാവാടിയാകരുതെന്ന് ഏട്ടൻ കളിയാക്കിയിരുന്നില്ലേ?
പക്ഷേ എന്നെ ഉപദേശിച്ച ഏട്ടന്‍റെ ധൈര്യം ഞാൻ കണ്ടതാ, പ്രസവത്തിന് ലേബർ റൂമിൽ കയറ്റുമ്പോ എന്നെക്കാൾ വേദന എട്ടനായിരുന്നില്ലേ? ആരും കാണാതെ കണ്ണ് തുടക്കുന്നത് ഞാൻ കണ്ടില്ലായിരുന്നു എന്ന് കരുതിയോ? ലേബർ റൂമിൽ ഞാൻ വേദന കൊണ്ട് നിലവിളിക്കുമ്പോൾ , തൊട്ടപ്പുറത്ത് ഏട്ടൻ ഡോക്ടറോട് കയർക്കുന്നത് ഞാൻ കേട്ടിരുന്നു, അവളെ ഇങ്ങനെ വേദനിപ്പിക്കാതെ സിസേറിയൻ ചെയ്യാൻ പറഞ്ഞാരുന്നല്ലോ വഴക്കുണ്ടാക്കിയത്. ഏട്ടന്‍റെ വെപ്രാളത്തെക്കുറിച്ച് പറഞ്ഞ് കളിയാക്കി, നഴ്സുമാർ ആ വേദനക്കിടയിലും എന്നെ ചിരിപ്പിച്ചു.
പിന്നെ നമ്മുടെ മോൾ, അവൾ കുഞ്ഞിക്കാലിൽ പിച്ചവച്ച് നടന്ന് തുടങ്ങിയ കാലത്ത് ഒന്ന് വീണാൽ ഏട്ടൻ എന്തു മാത്രം സങ്കടപ്പെട്ടിരുന്നു. അവൾക്കൊന്ന് പനി വന്നാൽ വേവലാതിപ്പെട്ട് എത്ര തവണ വിളിക്കുമായിരുന്നു. നാട്ടിലാണേൽ പിന്നെ ഉറക്കമൊഴിച്ച് കാവലിരുപ്പാരുന്നല്ലോ. അവളുടെ കുഞ്ഞിപ്പിണക്കങ്ങൾ പോലും ഏട്ടനെ നൊമ്പരപ്പെടുത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇത്രയും ലോലഹൃദയനായ ഏട്ടനെങ്ങനെ പട്ടാളത്തിൽ ജോലി ചെയ്യുന്നു എന്ന് നമ്മുടെ വീട്ടുകാർ പോലും അതിശയപ്പെടുന്നതും ഞാൻ കേട്ടിട്ടുണ്ട്.
സ്കൂളിൽ പഠിച്ചപ്പോൾ തോന്നിയ ഒരു പൊട്ട പ്രേമം, പട്ടാളത്തിൽ ജോലി കിട്ടിയപ്പോൾ ഏട്ടന് വേണമെങ്കിൽ പ്രാരാബ്ധക്കാരിയായ ഈ പൊട്ടിപ്പെണ്ണിനെ വിട്ടിട്ട് നല്ല സ്ത്രീധനമൊക്കെ വാങ്ങി കെട്ടാമായിരുന്നു. പക്ഷേ എല്ലാരും എതിർത്തിട്ടും എട്ടൻ എന്നെ കൂടെക്കൂട്ടി. അതുകൊണ്ടെന്താ അവധി കഴിഞ്ഞ് ഏട്ടൻ പോയാൽ പിന്നെ ഞാൻ അടർക്കളത്തിൽ ആയുധമില്ലാതെ ഒറ്റപ്പെട്ട അഭിമന്യുവിനെ പോലെ ആയിരുന്നല്ലോ . നാത്തൂൻ പോരും അമ്മായിയമ്മപ്പോരും..., വെറും കൈയ്യോടെ കയറി വന്നവളല്ലേ? ഞാൻ പരാതി പറയാതിരുന്നിട്ടും എട്ടൻ അതൊക്കെ അറിഞ്ഞിരുന്നു, എന്നെ ആശ്വസിപ്പിച്ചിരുന്നു. അതു കൊണ്ടല്ലേ ആ സങ്കടക്കടലൊക്കെ ഞാൻ തരണം ചെയ്തത്. . പ്രണയം നിറച്ച ഏട്ടന്‍റെ ഓരോ ഫോൺ വിളികളും എത് വേദനയെയും മായ്ക്കുന്നതായിരുന്നു.
വിരഹം പ്രണയത്തിന്‍റെ ആഴം കൂട്ടുമെന്ന് പറഞ്ഞ് ഏട്ടന്‍റെ അവധികൾക്കിടയിലെ ഗ്യാപ്പിൽ ഞാൻ സ്വയം ആശ്വസിച്ചിരുന്നു. ഏട്ടന്‍റെ സാമീപ്യം കിട്ടാൻ വേണ്ടി ഏട്ടൻ ഇട്ട ഷർട്ട് കഴുകാതെ ഞാൻ കുറേ നാൾ സൂക്ഷിക്കുമായിരുന്നു. പക്ഷേ ജോലി സ്ഥലത്ത് ക്വോർട്ടേഴ്സ് ശരിയാക്കി ഏട്ടൻ എന്നെ കൊണ്ട് പോയത് വിരഹതാപം കൂട്ടി പ്രണയമഴ പെയ്യിക്കാമെന്ന സിദ്ധാന്തത്തിൽ വിശ്വാസമില്ലാത്തോണ്ടായിരുന്നില്ലേ?
ശരിക്കും നമ്മൾ പ്രണയിച്ചത് ആ കാലഘട്ടത്തിലായിരുന്നോ? ഏട്ടനും, ഞാനും, നമ്മുടെ മോളും മാത്രമുള്ള ലോകം. ഹിമാലയത്തിന്‍റെ തണുപ്പിൽ അനുരാഗത്തേൻ മഴ പെയ്ത കാലം. മറക്കാനാവാത്ത മധുര സ്മരണകൾ സമ്മാനിച്ച കലം. ഏട്ടന്‍റെ കൈ പിടിച്ച് മഞ്ഞിൽ ഓടിക്കളിക്കുമ്പോ ഞാൻ വീണ്ടും എട്ടാം ക്ലാസിലെ ആ പൊട്ടിപ്പെണ്ണാവുകയായിരുന്നു. നമ്മുടെ ജീവിതത്തിലെ വസന്തകാലം............
അവിടെ പട്ടാള ക്യാംപിൽ യൂണിഫോമിൽ നിൽക്കുമ്പോൾ എനിക്ക് ആ ലോലഹൃദയനായ എട്ടനെ കാണാനേ കഴിഞ്ഞിരുന്നില്ല. അവിടെ നെഞ്ച് വിരിച്ച് നിന്ന് ഉറച്ച ശബ്ദത്തോടെ കമാൻഡ് ചെയ്യുന്ന, മാർച്ച് ചെയ്യുന്ന മേജർ സിദ്ദാർത്ഥിനെയാണ് കണ്ടത്. അതിർത്തിയിൽ നിരവധി ഭീകരരെ കൊന്നൊടുക്കിയ കഥയൊന്നും എന്നോട് പോലും എന്‍റെ സിദ്ദുവേട്ടൻ പറഞ്ഞിരുന്നില്ലല്ലോ, ഇവിടെ പലരും പറഞ്ഞ് ഞാൻ അറിഞ്ഞു ഇന്ത്യൻ ആർമിയിലെ സിംഹക്കുട്ടിയായ ഈ മേജറിനെപ്പറ്റി. അതൊക്കെ കേട്ടപ്പോ എന്‍റെ സന്തോഷം, അഭിമാനം അതൊന്നും വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ എനിക്കിന്നുമറിയില്ല. അതൊരു വല്ലാത്ത അനുഭൂതിയായിരുന്നു, ആത്മാഭിമാനമായിരുന്നു. പിറന്ന നാടിന്‍റെ ധീരനായ കാവൽ പടയാളിയാണ് എന്‍റെ ഏട്ടനെന്ന യാഥാർത്ഥ്യം എന്നിൽ രോമഹർഷമുണ്ടാക്കി. അതു കൊണ്ട് തന്നെയായിരിക്കും ഇപ്പോ എന്‍റെ ഏട്ടൻ ഏറെ ആഗ്രഹിച്ച് പണിത നമ്മുടെ വീടിന്‍റെ തെക്കേപ്പുറത്ത് ചിത കത്തിയെരിയുമ്പോഴും എന്‍റെ കണ്ണീരൊഴുകാത്തത്. ഇന്നലെ എന്‍റെ ഏട്ടന്‍റെ , അല്ല മേജർ സിദ്ദാർത്ഥിന്‍റെ ചിതറിത്തെറിച്ച ശരീരം കാശ്മീരിൽ നിന്നും കൊണ്ട് വന്ന് ദേശീയ പതാകയിൽ പൊതിഞ്ഞ് ഈ മുറ്റത്ത് കിടത്തിയപ്പോഴും ഞാൻ കരത്തിരുന്നില്ല.
ഒരായുസിലെ സ്നേഹം കുറച്ച് വർഷങ്ങൾ കൊണ്ട് തന്നെ ഏട്ടൻ തന്നത് ഇങ്ങനെ യാത്ര പറയാതെ പിരിഞ്ഞ് പോകാനായിരുന്നോ? മരിച്ചാൽ സ്വർഗം കിട്ടുമെന്ന് വിശ്വസിച്ച ചെകുത്താന്‍റെ സന്തതിയായ ചാവേർ, ജീവിതം കൊണ്ടെനിക്ക് സ്വർഗം കാട്ടിത്തന്ന ഏട്ടനെയും കൊണ്ടുപോയി. എന്നെത്തനിച്ചാക്കി....
പക്ഷേ ഞാനൊരിക്കലും കരയില്ല, ചിതറിത്തെറിച്ച ഏട്ടന്‍റെ ജീവന് പകരം ചോദിക്കാൻ ഭാരതത്തിന്‍റെ ചുണക്കുട്ടികളുണ്ട്. അവരത് ചെയ്യും, എന്‍റെ ഏട്ടന്, ഏട്ടനെപ്പോലെ ജീവൻ ഹോമിച്ച ഒരു പാട് പേർക്ക് അങ്ങിനെ വേണം ബലിതർപ്പണം ചെയ്യാൻ...
നമ്മുടെ മോളോട് വലുതാകുമ്പോ ആരാകണമെന്ന് ടീച്ചർ ചോദിച്ചപ്പോൾ അവൾ പറഞ്ഞത് എന്താണെന്നറിയാമോ? അത് പറയാൻ ഞാൻ ഏട്ടന്‍റെ വിളി കാത്തിരുന്നപ്പോഴാണല്ലോ എന്‍റെ എട്ടൻ....
"അവൾ വലുതാകുമ്പോ പൈലറ്റ് ആകുമെന്ന്, വെറും പൈലറ്റ് അല്ല യുദ്ധവിമാനം പറത്തുന്ന പൈലറ്റ്, എന്നിട്ട് അച്ഛൻ താഴെ നിന്ന് യുദ്ധം ചെയുമ്പോൾ അവൾ ആകാശത്ത് നിന്ന് അച്ഛനൊപ്പം യുദ്ധം ചെയ്യുമെന്ന് "
ഏട്ടനല്ലേ അവൾക്ക് കളിക്കാൻ വിമാനങ്ങൾ വാങ്ങിക്കൊടുത്തത് , കഴിഞ്ഞ തവണ വെക്കേഷന് അവളെ കൊണ്ട് പോയി മിറാഷും, മിഗും ഒക്കെ കാണിച്ചു കൊടുത്തത്. ഏട്ടൻ വാങ്ങിക്കൊടുത്ത ടോയ് വിമാനങ്ങളിലൊക്കെ അവൾ മിറാഷ്, മിറാഷ് എന്ന് സ്കെച്ച് വച്ച് എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. അതാണത്രേ അവളുടെ ഫേവറിറ്റ്. അവള്‍ മിറാഷ് ആണ് പറത്താന്‍ പോകുന്നതെന്ന് ....... അവളുടെ കുഞ്ഞ് മനസിലെ ആഗ്രഹം അണയാത്ത കനലായി ഞാൻ ഊതിക്കത്തിക്കും. അവളെ അച്ഛന്‍റെ മകളായി വളർത്തും ഞാൻ .....
എനിക്കുറപ്പുണ്ട് അങ്ങകലെ നീലാകാശത്ത് എന്നെ നോക്കി കണ്ണു ചിമ്മുന്ന ആ കുഞ്ഞ് നക്ഷത്രം ഏട്ടനാണെന്ന് . എന്‍റെ മനസ്സിലെ ഈ ചിന്തകളൊക്കെ ഏട്ടൻ കേൾക്കുന്നുണ്ടെന്ന് . ഏട്ടനെന്നും എന്‍റെയൊപ്പമുണ്ടെന്ന് . നമ്മുടെ മകളുടെ സ്വപ്നങ്ങള്‍ക്കൊപ്പമുണ്ടെന്ന്.....
*****************
മേജർ സിദ്ദാർത്ഥിന്‍റെ പ്രിയ പത്നിയുടെ ഈ ഡയറിക്കുറിപ്പുകൾ ഏതോ സ്വപ്നത്തിൽ ഞാൻ വായിക്കുമ്പോൾ, ആ വെളുപ്പാൻ കാലത്ത് ഭാരതത്തിന്റെ മിറാഷ് , ശത്രുവിന്‍റെ പാളയത്തിൽ ചെന്ന്, ശത്രുവിന്‍റെ മേൽ സുദർശനമെയ്യുകയായിരുന്നു.
ആ 12 മിറാഷുകളിലൊന്നിൽ അവളുണ്ടായിരുന്നുവോ?
രഞ്ജിത് വെള്ളിമൺ
ശരിയായിരിക്കും ആ മിറാഷിൽ അവളുണ്ടായിരുന്നിരിക്കും
ReplyDelete