പലരും പല വഴികളിൽ നിന്നും പല സമയത്ത് വന്നു ചേർന്നു, പൊരിവെയിലിൽ അവർ വിശ്രമിച്ചു. തീവെയിലിൽ കിടക്കാനിഷ്ടമുണ്ടായിട്ടല്ല, സ്വയം ചിന്തിച്ച് പ്രവർത്തിക്കാനുള്ള കഴിവില്ലായ്മ കൊണ്ട്, യജമാനന്‍റെ ഇഷ്ടപ്രകാരം അവിടെ കിടന്നതാണെല്ലാവരും. ഉള്ളിലെ ചൂടൊന്ന് കുറഞ്ഞപ്പോൾ അവർ പരസ്പരം പരിചയപ്പെട്ടു, കൊച്ചുവർത്തമാനങ്ങൾ പറഞ്ഞു.
"നിന്‍റെ മോന്തയെന്താ ചളുങ്ങിയിരിക്കുന്നത്?" ആക്ടീവ ഡിസയറിനോട് ചോദിച്ചു.
" ഒന്നും പറയണ്ടാ , എന്‍റെ സാരഥി ഇന്നലെ രണ്ട് പെഗ്ഗുമടിച്ച് എന്നെയൊന്ന് ഓടിച്ചതാ. വഴിയരികിലെ പോസ്റ്റിൽ അങ്ങേരെന്നെ നിർബന്ധപൂർവ്വം ചുംബിപ്പിച്ചു." ഡിസയർ തന്‍റെ ഷെയ്പ് പോയ മോന്ത കൊണ്ട് അത്രയും പറഞ്ഞു.
" അതൊക്കെ എന്‍റെ സാരഥി, എത്ര സ്പീഡിൽ പോയാലെന്താ, അന്യായ കൺട്രോളാണ്." അടുത്തിരുന്ന പൾസർ നെഞ്ചും വിരിച്ച് പറഞ്ഞു.
അത് കേട്ട ടിപ്പറിന് കലി വന്നു." നീ ഇന്ന് എന്‍റെ കീഴിലൂടെ 120 കിലോമീറ്ററിൽ ഓവർടേക്ക് ചെയ്തപ്പോൾ, എന്‍റെ സാരഥി ഒന്ന് ബ്രേക്കിൽ ചവിട്ടിയോണ്ടാണ് നീ എതിരേ വന്ന സൂപ്പർഫാസ്റ്റിന്‍റെ കീഴിൽ കയറി തവിട് പൊടി ആകാതിരുന്നത് , അത് എന്‍റെ ഔദാര്യം." പൾസറിന് മറുപടി ഇല്ലായിരുന്നു.
പൾസറിന്‍റെ ചമ്മിയ മോന്ത കണ്ട് ഡ്യൂക്ക് പൊട്ടിപ്പൊട്ടിച്ചിരിച്ചു. അത് പൾസറിന് സഹിച്ചില്ല. " നീ ചിരിക്കണ്ടാ, നിന്‍റെ മേലെ കയറിയിരിക്കുന്ന പിള്ളേർക്കൊരു വിചാരമുണ്ട്, അവന്മാർ റെയ്സിംഗ് ട്രാക്കിലാണെന്ന്, ആ പാച്ചിലിനിടയിൽ എത്ര ജീവൻ പൊലിഞ്ഞു, " അതോടെ ഡ്യൂക്ക് നിശബ്ദനായി.
ആക്ടീവയ്ക്കുമുണ്ടായിരുന്നു പറയാൻ പരിവേദനങ്ങൾ, " ചില ചെത്ത് പിള്ളേരും, ചേച്ചിമാരും എന്‍റെ മേലേ കേറിയിരുന്ന് 60 ലും 80 ലും പായുമ്പോൾ എനിക്കാണ് ആധി. അത്യാവശ്യത്തിന് അവർ ബ്രേക്ക് ചെയ്താൽ, ഞാനെത്ര കടിച്ച് പിടിച്ചാലും നില്ക്കാൻ പാടാണെന്ന് എനിക്കല്ലേ അറിയൂ . എന്‍റെ പെയിൻറും പോകും ബോഡിയും പൊളിയും, സാരഥിയുടെ കാര്യം..?..!"
"നമ്മുടെ കാര്യം പോട്ടെ, നമ്മൾ വേദനയൊന്നുമില്ലാത്ത ലോഹ നിർമ്മിതിയല്ലേ, പക്ഷേ സാരഥിമാർ അങ്ങനെയല്ലല്ലോ, പോലീസിനെ കാണുമ്പോൾ ഹെൽമെറ്റ് വക്കും, 100 രൂപ ലാഭിക്കാൻ . പക്ഷേ 100 രൂപയുടെ വിലയെങ്കിലും സ്വന്തം തലക്ക് കൊടുക്കാൻ മടിയാണ്. ഹെൽമെറ്റില്ലാതെ തലയോട്ടി പൊട്ടി തലച്ചോർ റോഡിൽ പോയാലും വേണ്ടില്ല, ഹെൽമെറ്റ് വച്ച് ഹെയർ സ്റ്റൈൽ മേശമാക്കാൻ മടിയാണ്. തലക്ക് ഒരു ഓളം കിട്ടാൻ വെള്ളമടിക്കും, ഓളത്തിൽ ബാലൻസ് കിട്ടില്ലെന്ന് അറിഞ്ഞിട്ടും, വെള്ളപ്പുറത്ത് വണ്ടിയെടുത്ത് കുണ്ടാമണ്ടിയുണ്ടാക്കും, ബോധവും വിവേകവും ഉള്ള മനുഷ്യൻ " ലേശം പുഛത്തോടെയാണ് നാനോ അത് പറഞ്ഞത്.
അത് കേട്ട് ഓട്ടോ അൽപം രസിച്ചങ്ങ് ചിരിച്ചു. "എന്‍റെ സാരഥിമാർക്ക് ഒരു കുഴപ്പമുണ്ട്. വണ്ടി ഓടിക്കുന്നത് റോഡിലാണെന്ന് ചിലപ്പോ അങ്ങ് മറന്ന് പോകും. പോകുന്ന പോക്കിൽ യൂ ടേൺ തിരിയുക, ഇടഞ്ഞുടെ പോകുന്ന വണ്ടി ഒറ്റയടിക്ക് വലത്താക്കുക ഇതൊക്കെയാണ് അവരുടെ ഹോബി . "
"പലപ്പോഴും അപകടങ്ങൾ ഉണ്ടാകാതെ നമ്മുടെ സാരഥിമാർ രക്ഷപെടുന്നത് എതിരേ വരുന്നവരുടെയൊ, ഒപ്പം വരുന്നവരുടെയോ ഔദാര്യം കൊണ്ട് മാത്രമാണ്. ലക്കും ലഗാനുമില്ലാതെ ഓവർടേക്ക് ചെയ്യുമ്പോഴും, ട്രാഫിക്ക് ജാമിൽ കുത്തിക്കയറ്റുമ്പോഴും അപകടമുണ്ടാകാതിരിക്കുന്നത് സാരഥിയുടെ മിടുക്ക് കൊണ്ടല്ല, മറ്റ് സാരഥിമാർ വണ്ടി സൈഡാക്കാനും, ബ്രേക്ക് ചെയ്യാനും മഹാമനസ്കത കാണിക്കുന്നതിനാലാണ്, അവരുടെ ഔദാര്യം കൊണ്ടുമാത്രമാണ്. " ബ്രേക്ക് ഡൗണായി അപ്പോ വഴിയിൽ വീണ കെ.എസ്.ആർ.റ്റി.സി ബസ്സിന്‍റെ വാക്കുകളായിരുന്നു അത്. ബസ്സിന്‍റെ വാക്കുകൾ ശരിയാണെന്ന് മറ്റുള്ളവർക്ക് തങ്ങളുടെ അനുഭവത്തിൽ നിന്നും ബോദ്ധ്യമുള്ളതായിരുന്നു.
സാരഥിമാരുടെ കൈയ്യിലിരുപ്പ് കൊണ്ടാണെങ്കിലും , സ്ഥിരം ചളുക്ക് കിട്ടുന്നതിൽ സ്കൂട്ടർ മുതൽ ടിപ്പർ വരെ എല്ലാവർക്കും അമർഷവും വിഷമവും ഉണ്ടായിരുന്നു. പക്ഷേ തങ്ങൾ മാത്രം വിചാരിച്ചാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നവർക്കറിയാമായിരുന്നു. അവർ വെറുതേ ആ പാർക്കിംഗ് ഗ്രൗണ്ടിലെ പൊരിവെയിലിൽ മണ്ട പൊള്ളിച്ചു. എന്നും ആരുടെയെങ്കിലുമൊക്കെ ഔദാര്യം കൊണ്ട് അപകടമുണ്ടാതെ വീട്ടിലെത്താൻ പ്രാർത്ഥിക്കാം എന്നവർ സമാശ്വസിച്ചു.
കുറേ നേരത്തെ ചർച്ചയിൽ നിന്നും അവരൊരു നിഗമനത്തിലെത്തി.
ഈ സാരഥിമാർക്കൊന്നും ധൈര്യമില്ല, മനസ്സാന്നിദ്ധ്യമില്ല. ഒരു വണ്ടി അതിന്‍റെ മാക്സിമം സ്പീഡിൽ ഓടിക്കാൻ ആര് വിചാരിച്ചാലും പറ്റും, അതിന് ആക്സിലേറ്റർ ഒന്ന് ആഞ്ഞ് ചവിട്ടിയാൽ, അല്ലേൽ ഒന്ന് പിടിച്ച് തിരിച്ചാൽ മതി. റോഡിൽ പോകുന്ന ഏത് വണ്ടിയേയും ഓവർറ്റേക്ക് ചെയ്യാനും പറ്റും. പക്ഷേ ഒരു വണ്ടി പതിയെ ഓടിക്കണമെങ്കിൽ ആ സാരഥിക്ക് നല്ല മനസാന്നിദ്ധ്യം വേണം. മുമ്പിൽ നീണ്ട് നിവർന്ന് കിടക്കുന്ന നല്ല റോഡ് കാണുമ്പോൾ മനസ് ഭ്രമിച്ച് ആക്സിലേറ്ററിനെ ചവിട്ടാതെ, ഒരാൾ ഓവർറ്റേക്ക് ചെയ്ത് പോകുമ്പോൾ, അയാൾ തന്നെ തോൽപ്പിച്ചു എന്ന ചിന്തയിൽ അതിവേഗം പാഞ്ഞ് അവർക്ക് മുന്നിൽ കയറാൻ തോന്നാതെ, പരമാവധി ലേറ്റ് ആയി ഇറങ്ങി ലേറ്റ് ആകാതെ ലക്ഷ്യത്തിലെത്താൻ ശ്രമിക്കാതെ, നേരത്തെ ഇറങ്ങാനുമൊക്കെ നല്ല മനസാന്നിദ്ധ്യം വേണം. ട്രാഫിക്കിൽ തോന്നിയ പോലെ കുത്തിക്കയറ്റി മുന്നിൽ നമ്മളെയെത്തിക്കാൻ ശ്രമിക്കാതെ സിഗ്നൽ പാലിച്ച്, നിയമം ലംഘിക്കാതെ, അൽപ നിമിഷം കാത്ത് കിടന്ന് പോകണമെങ്കിലും വേണം ക്ഷമയും മനസാന്നിദ്ധ്യവും .
"ഓവർറ്റേക്ക് ചെയ്ത് പായുന്നവർക്കും, റോഡിൽ റെയ്സിംഗ് നടത്തുന്നവർക്കും കാലന്‍റെ അടുത്തെത്താനുള്ള തിരക്കുണ്ടാവും, അതിന് നിങ്ങളെന്തിനാ കൂട്ട് പോകുന്നത് ? അതാ ഞങ്ങൾക്ക് മനസിലാകാത്തത്. ?!
നാണമാകില്ലേ നിങ്ങൾക്ക് , ഇങ്ങനെ വല്ലവരുടെയും ഔദാര്യം കൊണ്ട് രക്ഷപെടാൻ?
ഞങ്ങൾ വെല്ലുവിളിക്കുകയാണ് നിങ്ങളിൽ എത്ര സാരഥിമാർക്ക് കഴിയും മനസാന്നിദ്ധ്യത്തോടെ, മനസ് ഭ്രമിക്കാതെ സാവകാശത്തിൽ വണ്ടിയോടിക്കുവാൻ? Take it as a challenge. നോക്കട്ടെ എത്ര പേർ ജയിക്കുമെന്ന് ? ധൈര്യമുണ്ടോ ഈ വെല്ലുവിളി ഏറ്റെടുക്കാൻ?
രഞ്ജിത് വെള്ളിമൺ
Yes .well said
ReplyDelete