October 02, 2019

ആവർത്തനം (Short Story)

 
avarthanam
 എരിയുന്ന പൊരിവെയിലിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ ആ യുവമിഥുനങ്ങൾ വലിയ കാലൻ കുട നിവർത്തി വെച്ചു. കടപ്പുറത്തെ മണൽപ്പുറത്തെ അനേകം കുടകളിൽ ഒന്നിന്‌ കീഴിൽ മൈഥിലിയും ലങ്കേഷും സുരക്ഷിതരായിരുന്നു. 

          സ്കൂളിൽ കയറാതെ ക്ലാസ്സ് കട്ട് ചെയ്ത് അവൾ അവനോടൊപ്പം ഭാവി ജീവിത സ്വപ്നങ്ങൾ നെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം പാർക്കിലും, അതിനുമുമ്പത്തെ ദിവസം പബ്ലിക് ലൈബ്രറിയിലും ആയിരുന്നു അവർ സ്വപ്നങ്ങൾ നെയ്തത്. ഉച്ചവെയിലിൽ സൗകര്യപ്രദമായി, സ്വകാര്യമായി സ്വപ്നങ്ങൾ നെയ്യാൻ പറ്റിയ സ്ഥലം കടൽത്തീരം ആണെന്ന് ലങ്കേഷാണ് അവളോട് പറഞ്ഞത്. ഒരു കുടക്കീഴിൽ അവൻറെ കൈകളുടെ കുസൃതികളിൽ ഇക്കിളിപ്പെട്ടിരിക്കുമ്പോൾ അത് സത്യമാണെന്ന്  മൈഥിലിക്കും ബോധ്യപ്പെട്ടു.

             പക്ഷേ ഇതിനെക്കാൾ സൗകര്യപ്രദമായി സ്വപ്നങ്ങളും പ്രണയവും പങ്കു വെക്കാൻ പറ്റിയ മറ്റൊരു സ്ഥലമുണ്ടെന്ന് ലങ്കേഷ് അവളോട് പറഞ്ഞിരുന്നു. ആൾതാമസമില്ലാതെ അടഞ്ഞുകിടക്കുന്ന കൂട്ടുകാരന്റെ വീട് ആണ് സ്ഥലം. അവിടേക്ക് ചെല്ലുവാൻ ലങ്കേഷ് കുറേ ദിവസങ്ങളായി വാശി പിടിക്കാൻ തുടങ്ങിയിട്ട്. എന്തായാലും തന്നെ വിവാഹം ചെയ്യാൻ പോകുന്ന ആളിന്റെ ഒരു ആഗ്രഹം അല്ലേ, ഒടുവിൽ മൈഥിലി സമ്മതിച്ചു.  ഇല്ലാത്ത സ്പെഷ്യൽ ക്ലാസിന്‍റെ പേരുപറഞ്ഞ് വീട്ടിൽനിന്നിറങ്ങി. പറഞ്ഞ സ്ഥലത്ത് തന്നെ എന്നെ ലങ്കേഷ് ബൈക്കിൽ കാത്തുനിൽപ്പുണ്ടായിരുന്നു. ബൈക്കിന്‍റെ പിന്നിൽ കയറിയ മൈഥിലി, റോഡിലെ പൊടി ശല്യം കാരണമാകണം ഷോൾ കൊണ്ട് മുഖം അപ്പാടെ മൂടിക്കെട്ടിയത്. വണ്ടിയിൽ നിന്നും മറിഞ്ഞു വീഴാതിരിക്കാൻ അവൾ ലങ്കേഷിനെ മുറുകെ കെട്ടിപ്പിടിച്ച് ഇരുന്നു.

              അരമണിക്കൂർ കൊണ്ട് അവർ ലക്ഷ്യത്തിലെത്തി. റബർ തോട്ടത്തിന് നടുവിൽ ഒറ്റപ്പെട്ട ഒരു വീട്. ശാന്തസുന്ദരമായ അന്തരീക്ഷം. ഒരാളെയും പേടിക്കാതെ, ഒരാളുടെയും തുറിച്ചുനോട്ടങ്ങൾ ഇല്ലാതെ, മനസ്സ് തുറന്ന് പ്രണയം പങ്കിടാൻ, സ്വപ്നങ്ങൾ നെയ്തെടുക്കാൻ പറ്റിയ സ്ഥലം. ഒറ്റനോട്ടത്തിൽ മൈഥിലിയുടെ മനസ്സിൽ തോന്നിയത് അതാണ്.

 ലങ്കേഷിന്‍റെ  കൈപിടിച്ച് വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ, വലതുകാൽ വച്ച് കയറാൻ മൈഥിലി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അപ്പോൾ അവളുടെ മനസ്സിൽ കതിർമണ്ഡപത്തിലെ നാദസ്വരക്കച്ചേരി മുഴങ്ങി. തങ്ങളുടെ സ്വർഗ്ഗത്തിലേക്ക് കട്ടുറുമ്പുകൾ ഒന്നും കയറി വരാതിരിക്കുവാൻ ലങ്കേഷ് കതകുകളും, ജനാലകളും അടച്ചു കുറ്റിയിട്ടു. അവളുടെ സുരക്ഷയെ കരുതി മാത്രമായിരിക്കണം, ലങ്കേഷ് മുറികളിൽ ഒക്കെ ക്യാമറകൾ സെറ്റ് ചെയ്ത് വെച്ചിരുന്നത്. ബാത്റൂമിൽ പോലും ക്യാമറ വച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ടായിരുന്നു. തങ്ങളുടെ സ്വപ്നങ്ങളുടെ പടവുകൾക്ക് മുകളിലേക്ക്, മൈഥിലിയുടെ കൈപിടിച്ച് ഒറ്റയ്ക്ക് കയറുവാൻ ആവതില്ലാത്തതുകൊണ്ടാകാം, ലങ്കേഷ് തന്‍റെ ചില അടുത്ത കൂട്ടുകാരെ കൂടി രഹസ്യമായി അവിടേക്ക് വിളിച്ചുവരുത്തിയതും.....

                                                                      ***********

           ആറ്റിൽ പൊങ്ങിയ, ദുർഗന്ധം വമിക്കുന്ന, പെൺകുട്ടിയുടെ ശവത്തിന് രണ്ടു ദിവസത്തിലധികം പഴക്കമുണ്ടായിരുന്നു. പൂർണ നഗ്നമായ ദേഹം മുഴുവൻ മുറിപ്പാടുകൾ ആയിരുന്നു.  അടയാളങ്ങളിൽ നിന്നും, അത് ഒരാഴ്ച മുമ്പ് കാണാതായ കൂലിപ്പണിക്കാരൻ ദാമോദരന്‍റെയും, സുമതിയുടെയും മകൾ പ്ലസ് ടു വിദ്യാർഥിനി മൈഥിലിയുടെ ശവശരീരമാണെന്ന് പോലീസ് കണ്ടെത്തി.

             പുഴുവരിക്കാൻ തുടങ്ങിയ ഏകമകളുടെ ശവശരീരത്തിന് മുന്നിൽ പൊട്ടിക്കരയുന്ന അച്ഛന്റെ ചിത്രം പിറ്റേ ദിവസത്തെ പത്രങ്ങളിൽ മുൻപേജിൽ സ്ഥാനം പിടിച്ചു,  ഒരു അടിക്കുറിപ്പോടെ,

"സ്വപ്നങ്ങൾ നഷ്ടപ്പെട്ട അച്ഛന്‍റെ രോദനം"

ഞ്ജിത് വെള്ളിമൺ

3 comments:

  1. Orupad ishtam priyapetta ranjuvanna

    ReplyDelete
  2. Super story ... ഇന്നത്തെ കാലഘട്ടത്തിന് ആവശ്യമായ ഒരു കഥാതന്തു. വല്ലാത്ത നൊമ്പരം ഉണർത്തിയ കഥാപാത്രം മൈഥിലി ...

    ReplyDelete

Type your valuable comments here