ബസിൽ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. തോളത്ത് ഭാരമേറിയ സ്കൂൾ ബാഗും ചുമന്നുള്ള ആ നിൽപ് തന്നെ ഹിമക്ക് അസഹനീയമായിരുന്നു. അതോടൊപ്പം അടിവയറ്റിൽ ഉളുക്കിപ്പിടിച്ചതു പോലെയുള്ള ഭീകര വേദനയും , അവൾ വല്ലാതെ തളർന്നിരുന്നു.
വീണുപോകുമെന്ന ഭയത്തിൽ കൂട്ടുകാരിയുടെ കൈകളിൽ മുറുകെപ്പിടിച്ച് തോളിൽ ചാരിനിന്നു. ഒന്നിരിക്കാൻ കഴിഞ്ഞാൽ വലിയ ആശ്വാസമായിരുന്നു, പക്ഷേ ഇരിക്കുന്ന ചേച്ചിമാരോട് ചോദിക്കാൻ ഒരു മടി. അൽപം മുൻപ് കൈക്കുഞ്ഞുമായി ഒരു ചേച്ചി കയറിയപ്പോൾ, സീറ്റിലിരുന്ന ചിലർക്ക് പെട്ടെന്ന് മയക്കം ബാധിച്ചതും, ചിലർ പെട്ടെന്ന് പുറം കാഴ്ചകളിലേക്ക് മാത്രം ദൃഷ്ടിയൂന്നിയിരിപ്പായതും കണ്ടതാണ്. ഒടുവിൽ കണ്ടക്ടർ ബഹളം വച്ചു. ആരും എണീറ്റില്ല. പിന്നെ "അമ്മയും കുഞ്ഞും " സീറ്റിലിരുന്ന ഒരു ചേച്ചി ആ കുഞ്ഞിനെ വാങ്ങിപ്പിടിച്ചു. ആ കുഞ്ഞിന്‍റെ വാശി പിടിച്ചുള്ള കരച്ചിലൊന്നും ആരുടെയും മനസലിയിച്ചില്ല. അപ്പോഴാണ് സ്കൂൾ വിദ്യാർത്ഥിയായ ഞാൻ സീറ്റ് ചോദിക്കുന്നത്. വെറുതേ എന്തിനാ തെറി കേൾക്കുന്നത്.
നല്ല ക്ഷീണമുണ്ട്, അമ്മ പറഞ്ഞതാണ്, വയ്യെങ്കിൽ ഇന്ന് സകൂളിൽ പോകേണ്ടെന്ന്. പക്ഷേ ഇന്ന് കണക്ക് ടെസ്റ്റ് പേപ്പറുണ്ട്, ചെല്ലാതിരുന്നാൽ നാളെ മാഷിന്‍റെ കയ്യിൽ നിന്നും നല്ല തല്ല് കിട്ടും, എന്ത് എക്സ്ക്യൂസ് പറഞ്ഞിട്ടും കാര്യവുമില്ല , അതൊക്കെ കള്ളത്തരമാണെന്നേ പറയൂ. അതു കൊണ്ടാണ് വേദനയെ അവഗണിച്ചും ഇറങ്ങിയത്.
അടിവയറ്റിലെ വേദന അവളെ നിവർന്ന് നിൽക്കാൻ അശക്തയാക്കി. വേദന കടിച്ചമർത്തി , ഹിമ കണ്ണുകൾ ഇറുക്കിയടച്ചു നിന്നു. റോഡിലെ ഗട്ടറുകളെ അവൾ ശപിച്ചു. ഇടക്കൊന്നു കണ്ണു തുറന്നപ്പോൾ തൊട്ടു പിന്നിലെ സീറ്റിലിരിക്കുന്ന ചെക്കൻ തന്നെ നോക്കിയിരിക്കുന്നത് കണ്ടു. തന്‍റെ ചുറ്റുപാടുകളിൽ നിന്നും തന്നിലേക്ക് വന്ന് തറക്കുന്ന നോട്ടങ്ങളെ ഹിമ അങ്ങേയറ്റം വെറുത്തിരുന്നു. പലരും കണ്ണുകൾ കൊണ്ട് പെണ്ണിനെ വിവസ്ത്രയാക്കി ബലാൽസംഗം ചെയ്യുകയാണെന്നാണ് ഹിമയുടെ നിരീക്ഷണം.
ഹിമ ഇടക്ക് ഒളികണ്ണിട്ട് നോക്കിയപ്പോഴും അവൻ തന്നെ നോക്കുന്നത് കണ്ടു. " ഛെ നാണമില്ലാത്തവൻ ", മനസിൽ കുറേ ശാപവാക്കുകളാണ് വന്നത്. തന്‍റെ ബാഗിന്‍റെ പകുതി ഭാരം കൂടി താങ്ങി ക്ഷീണിച്ചതിനാലാവും കൂട്ടുകാരി പിന്നിലെ ആ സീറ്റിലിരിക്കുന്നവരോട് കണ്ണുകൊണ്ട് സഹായമഭ്യർത്ഥിച്ചത്, അത് ഹിമ കണ്ടിരുന്നില്ല. തന്നിലേക്ക് നോട്ടമെറിഞ്ഞിരുന്ന ആ പയ്യൻ ബാഗുകൾക്കായി വളരെ വേഗം തന്നെ കൈ നീട്ടി. ബാഗു നൽകാനാഞ്ഞപ്പോൾ കൂട്ടുകാരിയോട് അവൻ എന്തോ ചോദിക്കുന്നത് ഹിമ കണ്ടു. പിന്നാലെ അവൻ സീറ്റിൽ നിന്നും എണീറ്റു തന്നു. കൂട്ടുകാരി ഹിമയെ അവിടെയിരുത്തി. ഹിമക്ക് അത് വലിയ ആശ്വാസമായിരുന്നു. അൽപം കഴിഞ്ഞപ്പോൾ ആ സീറ്റിലെ രണ്ടാമത്തെ പുരുഷനും എണീറ്റു. കൂട്ടുകാരി ആദ്യം എണീറ്റു തന്ന ചെക്കനോട് ഇരുന്നോളാൻ പറഞ്ഞുവെങ്കിലും അവനത് സ്നേഹപൂർവ്വം നിരസിച്ചു. കൂട്ടുകാരി അരികിലിരുന്നപ്പോൾ ഹിമ ചോദിച്ചു, എന്തു പറഞ്ഞപ്പോഴാ ആ ചെക്കൻ സീറ്റ് തന്നതെന്ന്.
"ഇല്ലെടീ ഞാനൊന്നും ചോദിച്ചില്ല, ആ ചെക്കൻ എന്നോട് ഇങ്ങോട്ട് പറഞ്ഞതാ, കൂട്ടുകാരിക്ക് എന്തോ വയ്യായ്ക ഉണ്ടെന്ന് തോന്നുന്നു. നിന്ന് മറിഞ്ഞ് വീഴേണ്ടാ . ഞാൻ എണീറ്റു തരാം, ഇവിടെ ഇരുന്നോളാൻ പറ". ഇത് കൂട്ടുകാരി പറഞ്ഞറിഞ്ഞപ്പോൾ അവൾക്ക് ചെറിയ കുറ്റബോധം തോന്നി. ഹിമ ആ ചെക്കന് നന്ദി സൂചകമായി ഒരു പുഞ്ചിരി സമ്മാനിക്കാമെന്ന് കരുതി തിരിഞ്ഞ് നോക്കി. പക്ഷേ അവൻ പുറത്തെ കാഴ്ചകളിൽ ദൃഷ്ടിയൂന്നി നിൽക്കുകയായിരുന്നു. തന്‍റെ സ്റ്റോപ്പിൽ ഇറങ്ങും മുൻപ് പല തവണ ഹിമ തിരിഞ്ഞ് അയാളെ നോക്കി എങ്കിലും അവന്‍റെ ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ അവൾ തന്‍റെ സ്റ്റോപ്പിലിറങ്ങി.
എല്ലാവരെയും ഒരേ കണ്ണിലൂടെ കാണുന്നത് വിഢിത്തമാണെന്ന് ഹിമക്ക് അന്ന് ബോദ്ധ്യപ്പെട്ടു. തന്‍റെ യൂണിഫോമിന്‍റെ പിൻവശം നീറ്റാണെന്ന് പിന്തിരിഞ്ഞ് നോക്കി ഉറപ്പ് വരുത്തിയപ്പോഴാണ് അവൾ കണ്ടത്, ആ ചെക്കൻ ബസിറങ്ങി സ്റ്റോപ്പിൽ ആരെയോ കാത്ത് നിൽക്കുന്നു. ഒരു നന്ദി വാക്ക് പറയണമെന്ന് അവളുടെ ഉപബോധമനസ് പറയാൻ കാരണം, കുറച്ച് സമയത്തേക്കെങ്കിലും അവനെ തെറ്റിദ്ധരിച്ചതിലുള്ള കുറ്റബോധമാവാം. ഹിമ തിരിഞ്ഞ് അവനരികിലേക്ക് നടന്ന് ചെന്നു. അവൻ അവൾ വരുന്നത് കണ്ടു. "Thanks " അവൾ പറഞ്ഞു.
" ഇയാൾക്ക് വയ്യെന്ന് തോന്നിയപ്പോൾ ഇരിക്കണോ എന്ന് ചോദിക്കാനാണ് തന്നെ നോക്കിയത്, പക്ഷേ തന്‍റെ ദഹിപ്പിക്കുന്ന നോട്ടം എന്നെ ഭയപ്പെടുത്തി. തോണ്ടി വിളിച്ച് പരിഹാസ്യനാകുമോ എന്ന ഭയവും. വയ്യെങ്കിൽ ആരോടെങ്കിലും സീറ്റ് ചോദിക്കാമായിരുന്നില്ലേ " മറുചോദ്യമാണവൻ മറുപടിയായി ചോദിച്ചത്.
എനിക്ക് പീരീഡ്സ് ആണ്, ഭയങ്കര വയറ് വേദനയും ക്ഷീണവുമാണ്, അതു കൊണ്ട് സീറ്റ് തരുമോ എന്ന് ചോദിക്കണമായിരുന്നോ ?
എന്തോ ഒരു ആവേശത്തിൽ ചോദിച്ചു പോയി എങ്കിലും പിന്നീടവൾക്ക് ജാള്യത തോന്നി , അവൾ ആ ചെറുപ്പക്കാരനോട് സോറി പറഞ്ഞു.
പക്ഷേ അവന് യാതൊരു ഭാവവ്യത്യാസവുമില്ലായിരുന്നു.
ഈ ഒരു സാഹചര്യത്തിൽ " വയ്യ " എന്ന് ഒരു പെൺകുട്ടി പറഞ്ഞാൽ, ഇതൊക്കെ സ്വയം മനസ്സിലാക്കാൻ പ്രാപ്തിയുള്ളവരാണ് എല്ലാവരും, വിവരങ്ങൾ വിരൽ തുമ്പിലുണ്ട്. പിന്നെ പറയുന്നതിന് നിങ്ങൾ അറച്ച് നിൽക്കേണ്ടതുമില്ല. കാരണം അതൊരു മോശം കാര്യമൊന്നുമല്ലല്ലോ, അതൊരു ബയോളജിക്കൽ പ്രോസസ് ആണ്.
അവൾ ഒന്നും പറയാതെ അവന്‍റെ വാക്കുകൾ കേട്ടു നിന്നു, അവൻ തുടർന്നു.
എന്‍റെ കുഞ്ഞുന്നാളില്‍, ഈ സ്മാർട്ട് ഫോണില്ലാതിരുന്ന കാലത്ത്, ടിവിയിൽ സ്റ്റേഫ്രീയുടെയും വിസ്പറിന്‍റെയും പരസ്യം വരുമ്പോൾ ഇതെന്ത് കുന്തമാ എന്നറിയാതെ അന്തം വിട്ടിരുന്നിട്ടുണ്ട്. ആ ദിവസങ്ങളിലെ ബുദ്ധിമുട്ട് എന്ന് പരസ്യം പറയുമ്പോൾ, ഏതാണ് ആ ദിവസങ്ങൾ എന്നറിയില്ലായിരുന്നു, സംശയം ചോദിച്ചപ്പോൾ അത് പിള്ളേര് അറിയേണ്ട കാര്യമല്ലെന്ന് പറഞ്ഞു, ബയോളജി ക്ലാസിൽ റീ പ്രൊഡക്ഷൻ എന്ന ചാപ്റ്റർ ഫാസ്റ്റ് ഫോർവേഡ് അടിച്ച് അവ്യക്തമായി എന്തോ പഠിപ്പിച്ച ടീച്ചർ മനസിൽ നിറച്ചതും സംശയങ്ങളായിരുന്നു. ദൂരീകരിക്കപ്പെടാത്ത സംശയങ്ങളും ആകാംക്ഷയും നമ്മളെ ചിലപ്പോൾ തെറ്റായി വഴിക്കായിരിക്കും നടത്തുന്നത്. ഇതൊക്കെ ആരോട് പറയാന്‍ അല്ലേ..?
പക്ഷേ ഇന്ന് കാലം മാറി, ഇത് എല്ലാവർക്കും എല്ലാമറിയാവുന്ന കാലമാണ് . സർവ്വവിജ്ഞാനകോശം നമ്മുടെ കൈവെള്ളയിലെ കുഞ്ഞ് ചതുരപ്പെട്ടിക്കുള്ളിലുണ്ട്.
പിന്നെ ഏതൊരു പെണ്ണും കുട്ടിയുടെ അവസ്ഥയിലൂടെ 28 ദിവസത്തിലൊരിക്കൽ കടന്ന് പോകുന്നവരാണ്, അവർക്ക് ഇയാളെ മനസിലാകും. ഏതൊരാണിനും അമ്മയോ, പെങ്ങളോ ഭാര്യയോ കാമുകിയോ അല്ലെങ്കിൽ ഒരു സ്ത്രീ സുഹൃത്തോ ഉണ്ടാകും, ആ ആണിനും മനസിലാകും ഇയാളെ .
ഇയാളുടെ നിൽപും ഭാവവും കണ്ടപ്പോൾ എനിക്കിന്ന് തോന്നി , ആ ദിവസങ്ങളുടെ വേദനയും ബുദ്ധിമുട്ടുകളും ആവാം ഇയാളെ അലട്ടുന്നത് എന്ന് . പക്ഷേ ഞാനായിട്ട് സീറ്റൊഴിഞ്ഞ് തന്നാലുള്ള പ്രതികരണം എന്താവുമെന്ന ആശങ്കയായിരുന്നു മനസിൽ , ആ ആശങ്കക്ക് കാരണവുമുണ്ട്. നിങ്ങൾക്ക് നേരെ തെറ്റായ സ്പർശവും നോട്ടവും ബസിനുള്ളിൽ ഉണ്ടായാലും നിങ്ങൾ പ്രതികരിക്കാതിരിക്കുന്നത് കാണാറുണ്ട്. അത് നിങ്ങളുടെ ഭയമാണ് എന്നെനിക്കറിയാം പക്ഷേ അത് ചെയ്യുന്നവർ അതിനെ പ്രോത്സാഹനമായി കാണും. അവിടെ നിങ്ങൾ പ്രതികരിച്ചാൽ ഒപ്പം നിൽക്കാൻ ആളുണ്ടാകും. എന്നെപ്പോലെയൊരാൾ അതിൽ കയറി പ്രതികരിക്കുകയും നിങ്ങൾ ഒന്നുമറിയാത്തത് പോലെ നിൽക്കുകയും ചെയ്താൽ ഞങ്ങൾ തല്ലുകൊള്ളും. അപ്പോൾ കണ്ടാലും മിണ്ടാതിരിക്കും, നിങ്ങൾക്കില്ലാത്ത എന്ത് ബുദ്ധിമുട്ടാണ് ഞങ്ങൾക്കെന്ന് കരുതി, അല്ലെങ്കിൽ നിങ്ങളും അതിഷ്ടപ്പെടുന്നുവെന്ന് കരുതി . ഇതാണ് എപ്പോഴും സംഭവിക്കാറുള്ളത്.
അവളുടെ ചിന്തകൾ അപ്പോൾ ഭൂതകാലത്തെ ചില ദുരനുഭവങ്ങളിലൂടെ കയറിയിറങ്ങി വന്നു. അവൻ പറഞ്ഞതിലും ചില ശരികളുണ്ടെന്ന് ഹിമക്ക് തോന്നി.
ഹിമ അങ്ങനെ ചിന്തിച്ച് നിൽക്കെ ഒരു സ്ത്രീ, ആക്ടീവ അവനരികിൽ കൊണ്ടു നിർത്തി. അവൻ അതിനു പിന്നിൽ കയറി.
ഇതെന്‍റെ ചേച്ചിയാണ്. ഞങ്ങൾ പോകട്ടെ , നമുക്ക് വീണ്ടും കാണാം. എന്ന് പറഞ്ഞ് അവൻ യാത്ര ചൊല്ലി. ചേച്ചി ഒരു പുഞ്ചിരി അവൾക്ക് സമ്മാനിച്ച് വണ്ടി ഓടിച്ച് പോയി.
കൂട്ടുകാരി കൈപിടിച്ച് വലിച്ചപ്പോഴാണ് ഹിമ സ്വപ്നത്തിലെന്ന പോലെ പിന്നാലെ സ്കൂൾ ഗേറ്റിലേക്ക് നടന്നത്. അന്ന് ക്ലാസ് മുറിയിൽ അവൾ കൂട്ടുകാരികളോട് സംസാരിച്ചതും ഇതേപ്പറ്റിയായിരുന്നു. അന്ന് വൈകിട്ട് മെഡിക്കൽ സ്റ്റോറിൽ ചെന്ന് ചമ്മലും മടിയുമില്ലാതെ അവൾ ചോദിച്ചു വാങ്ങി
"ചേട്ടാ ഒരു സ്റ്റേഫ്രീ " ....
രഞ്ജിത് വെള്ളിമൺ
Well said
ReplyDeleteWell said
ReplyDelete