April 12, 2020

രക്താംഗിതൻ (Horror Novel) #9

അദ്ധ്യായം – 9

 

മുറ്റത്തൊരു ഓട്ടോറിക്ഷ വന്ന് നിൽക്കുന്ന ശബ്ദം കേട്ട് ജയരാമൻ പുറത്തേക്ക് വന്നു. പരിചയക്കാരായ രണ്ട് പേർ ചേർന്ന് കല്ല്യാണിയമ്മയെ താങ്ങിപ്പിടിച്ച് പുറത്തിറക്കിയത് കണ്ട് ജയരാമൻ ഓടിയടുത്തേക്ക് ചെന്നു. അവർ അമ്മയെ സിറ്റൌട്ടിലേക്കിരുത്തി. അമ്മ വല്ലാണ്ട് ഭയന്നിരിക്കുന്നു. ശരീരത്തിനൊക്കെ വല്ലാത്ത തളർച്ച പോലെ. ജയരാമൻ അമ്മയെ ചേർത്ത്പിടിച്ചിരുന്നു.

" എന്ത് പറ്റി അമ്മേ? എന്താ ഉണ്ടായേ?"

 

ജയരാമനെ അമ്മ വല്ലാണ്ട് ഇറുക്കിപ്പിടിച്ചിരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല.

 

"പേടിക്കാനൊന്നുമില്ല ജയേട്ടാ, അമ്മ ചെറുതായൊന്ന് ഭയന്നതാണ്. നമ്മുടെയാ മൈതാനത്തിനപ്പുറത്തെ വളവില്ലേ അവിടെ വച്ച് ഒരു കാക്കക്കൂട്ടം അമ്മയെ ആക്രമിക്കാനൊരുങ്ങി. എന്താ സംഭവമെന്നറീല്ല. അവറ്റകൾക്കെല്ലാം കൂടി ഭ്രാന്തിളകിയ പോലെ പാഞ്ഞ് വരികയായിരുന്നു. ഞങ്ങൾ അതുവഴി ഓട്ടോയിൽ വന്നപ്പോഴാ കണ്ടത്. എന്ത് വേണമെന്നറിയാതെ നിൽക്കുമ്പോഴാ ആ സ്വാമി വന്നത്. അങ്ങേര് വന്ന് എന്തോ ശബ്ദം ഉണ്ടാക്കിയതും കാക്കകളെല്ലാം പറന്നകന്നു. അമ്മക്കൊന്നും പറ്റിയില്ലെങ്കിലും വല്ലാണ്ട് ഭയന്ന് പോയി. അതിൻറെയൊരു ക്ഷീണമാ. ഒന്ന് റെസ്റ്റെടുക്കുമ്പോ മാറിക്കോളും" ഓട്ടോ ഡ്രൈവറുടെ വാക്കുകൾ ജയരാമനിൽ ഒരു നടുക്കമുണ്ടാക്കിയെങ്കിലും അമ്മയ്ക്ക് ആപത്തൊന്നും പറ്റിയില്ലല്ലോ എന്നാശ്വസിച്ച് ഓട്ടോക്കാരനും കൂട്ടുകകാർക്കും ജയരാമൻ നന്ദി പറഞ്ഞു.

നന്ദി പറയേണ്ടത് ഞങ്ങൾക്കല്ല, ആ സ്വാമിക്കാണ്. അദ്ദേഹമില്ലാരുന്നേൽ ഒരു പക്ഷേ ആ കാലൻ കാക്കകളെല്ലാം കൂടി അമ്മയെ....." ഓട്ടോ ഡ്രൈവർ പറഞ്ഞുമുഴുമിപ്പിച്ചില്ല.

 

" എതാണാ സ്വാമി.? എവിടെയുണ്ടദ്ദേഹം? അമ്മയുടെ ജീവൻ രക്ഷിച്ച ആളിനോട് നേരിൽ കണ്ട് നന്ദി പറയേണ്ടതുണ്ടെന്ന് ജയരാമന് തോന്നി.

 

" നമ്മുടെ അമ്പലത്തിനു മുന്നിലെ ആൽത്തറയിൽ ഇന്നലെ വന്ന് കൂടിയതാണ്, ദിവ്യനായ ഒരു സ്വാമി. ഹിമാലയത്തിൽ ധ്യാനത്തിലായിരുന്നത്രേ. ഇപ്പോൾ ഭാരതപര്യടനത്തിനിറങ്ങിയതാണെന്ന്. കുറച്ച് ദിവസം ഇവിടെയൊക്കെ ഉണ്ടാകുമെന്നും പറഞ്ഞിട്ടുണ്ട്. ഇതൊക്കെ അമ്പലക്കമ്മിറ്റി പ്രസിഡൻറ് പറഞ്ഞറിഞ്ഞതാ" ഓട്ടോയിലൊപ്പം വന്ന രാമകൃഷ്ണേട്ടനാണ് പറഞ്ഞത്.

 

ഹിമാലയം, സ്വാമി... ഇതൊക്കെ ജയരാമൻറെ മനസിൽ ചില സംശയങ്ങളുണർത്തി. ആ സ്വാമിയെ നേരിട്ട് കാണേണ്ടതുണ്ടെന്ന് ജയരാമനുറപ്പിച്ചു. തല്ക്കാലം അവരെ യാത്രയാക്കി ജയരാമൻ അമ്മയെ അകത്തെ മുറിയിലേക്ക് കൊണ്ട് പോയി കിടത്തി. അമ്മയ്ക്ക് കുടിക്കാനായി വെള്ളമെടുക്കാൻ പോയ ജയരാമൻറെ കയ്യിലെ പിടുത്തം അമ്മ വിട്ടില്ല. എന്താ അമ്മേ എന്ന ചോദ്യഭാവത്തിൽ ജയരാമൻ നോക്കിയപ്പോൾ അവിടെയിരിക്കാൻ അമ്മ ആവശ്യപ്പെട്ടു. ജയരാമൻ ബെഡിൽ അമ്മയ്ക്കരികിലായി ഇരുന്നു. "അമ്മ വല്ലാണ്ട് ഭയന്ന് പോയി അല്ലേ... സാരമില്ല അവിടെ വല്ല കാക്കക്കൂടോ മറ്റോ തറയിൽ വീഴുകയോ, കാക്ക അപകടം പറ്റി കിടക്കുകയോ ചെയ്തിരിക്കും, അതുകാരണമാ കാക്കകൾ അങ്ങനെ കൂട്ടമായി ആക്രമിക്കാൻ വന്നത്. അങ്ങനെ സാധാരണ സംഭവിക്കാറുണ്ടല്ലോ, നമ്മളുപദ്രവിക്കും എന്ന് ഭയന്നുള്ള പ്രതിരോധം. അത്രേയുള്ളു". മകൻറെ ഈ ആശ്വാസവാക്കുകളൊന്നും കല്ല്യാണിയമ്മയെ ആശ്വസിപ്പിച്ചില്ല.

 

"മോനേ......" അങ്ങനെ വിളിക്കുമ്പോൾ ആ അമ്മയുടെ തൊണ്ടയിടറി... "എല്ലാമൊരു ദുസ്സൂചനയാണ്. എന്തോ വലിയ ആപത്ത് വരുന്നതിൻറെ അടയാളമാണിതൊക്കെ. അന്ന് ആ ജ്യോൽസ്യൻ പറഞ്ഞ വാക്കുകൾ, മോനുണ്ടായ അപകടം, ഇന്ന് ആ സ്വാമിയും പ്രവചിച്ചത് മരണമാണ്, ഒടുവിൽ ആ കാലൻ കാക്കകളും. അതൊരു സാധാരണ സംഭവമല്ല മോനേ. മോൻ സൂക്ഷിക്കണം. എന്തൊക്കെയോ ശാപങ്ങളുണ്ട് നിൻറെ തലക്കുമുകളിൽ അതെന്താണെന്ന് കണ്ടെത്തണം. പരിഹാരമോ, പ്രായശ്ചിത്തമോ എന്താണെന്ന് വച്ചാലത് ചെയ്യണം. എനിക്കിനി നീ മാത്രമേയുള്ളു, നിനക്കെന്തേലും സംഭവിച്ചാൽ......." പൂർത്തിയാക്കാനാകാതെ കല്ല്യാണിയമ്മ പൊട്ടിക്കരഞ്ഞ് പോയി. ജയരാമൻ അമ്മയെ മാറോട് ചേർത്ത് ആശ്വസിപ്പിച്ചു.

 

അമ്മയെ ആശ്വസിപ്പിക്കുമ്പോഴും ജയരാമൻറെ ഉള്ളിലൊരു കടലിരമ്പുകയായിരുന്നു. മരണം പ്രവചിച്ച സ്വാമി, ഹിമാലയത്തിൽ നിന്നും വന്ന ദിവ്യൻ, അമ്മയെ കാലൻ കാക്കകളിൽ നിന്ന് രക്ഷിച്ച ആ സ്വാമി... അതയാൾ തന്നെ..... ജയരാമൻറെ കാതുകളിൽ എന്ന് അലഹബാദിലെ റെയിൽവേ ട്രാക്കിനരികിൽ നിരാശ്രയനായി നിൽക്കുമ്പോൾ കേട്ട ആ ഭ്രാന്തൻറെ ജല്പനങ്ങൾ മുഴങ്ങി..... " നിന്നെ ഞാൻ കൊല്ലില്ല, ഒന്നു ഭയപ്പെടുത്തിയതാണ്. ഒരിക്കൽ കൂടി മുന്നറിയിപ്പ് തരാൻ വന്നതാണ്".

 

അതേ, വീണ്ടും വീണ്ടും തനിക്ക് മുന്നറിയിപ്പുകൾ തരികയാണ്. ക്രൂരമായൊരു ഗെയിം കളിക്കുകയാണ് അയാൾ. ആരാണയാൾ അസാമാന്യ സിദ്ധിയുള്ളൊരു അഘോരിയോ..., അതോ വെറുമൊരു ഭ്രാന്തനോ...... പലവേഷത്തിൽ പലരൂപത്തിൽ തൻറെ മുന്നിലവതരിക്കുന്ന സാക്ഷാൽ രക്താംഗിതനോ? ഒന്നുറപ്പാണ്, അതാരായാലും അയാൾക്ക് വേണ്ടത് താൻ രക്താംഗിതൻറെ കഥയെഴുതണമെന്നത് തന്നെയാണ്, തൻറെ മനസിലെ ആശങ്കകൾ ആശങ്കകളായിത്തന്നെ നിലനിൽക്കണമെന്ന് അയാളാഗ്രഹിക്കുന്നു. എപ്പോഴും തന്നെ ഭയത്തിൻറെ നിഴലിൽ നിറുത്തുവാൻ അയാളാഗ്രഹിക്കുന്നു.

 

ഈ അവസ്ഥയിൽ പെണ്ണുകാണൽ മറ്റൊരു ദിവസത്തേക്ക് മാറ്റി വയക്കുന്നതാണുചിതം എന്ന് തോന്നിയ ജയരാമൻ അത് വിളിച്ചറിയിക്കാനായി ഫോൺ എടുത്ത സമയത്ത് തന്നെ ബ്രോക്കറുടെ കോൾ വന്നു. ജയരാമൻറെ ജാതകം അവരൊന്ന് വിശദമായി ഏതൊ വലിയ ജ്യോൽസ്യനെക്കൊണ്ട് നോക്കിച്ചപ്പോൾ ഈ ബന്ധം നടത്തരുതെന്ന് പറഞ്ഞുവത്രേ. നടത്തിയാൽ മകൾ വിധവയാകുമെന്ന് അറിഞ്ഞ പെൺകുട്ടിയുടെ രക്ഷിതാക്കൾ വിവാഹത്തിൽ നിന്ന് പിന്മാറിയെന്ന്.

 

തല്ക്കാലം ജയരാമനത് അമ്മയോട് പറഞ്ഞില്ല. അൽപ നേരം കൂടി അമ്മയ്ക്കരികിൽ ഇരുന്നു. അമ്മ ചെറുതായി മയങ്ങിക്കഴിഞ്ഞപ്പോൾ ജയരാമൻ തൻറെ എഴുത്തുമുറിയിലേക്ക് പോയി.

 

മുറിയിൽ ജയരാമൻറെ കണ്ണിലാദ്യം പെട്ടത് താൻ എഴുതി പൂർത്തിയാക്കി പ്രസിദ്ധീകരണത്തിന് തയ്യാറായിരിക്കുന്ന പുസ്തകമാണ്. " COUNT DOWN ". പലയിടത്ത് പല ആൾക്കാർ പല തരത്തിൽ തൻറെ മരണം പ്രവചിക്കുന്നു. അതൊക്കെ സത്യമാകുമോ? ശരിക്കും തൻറെ മരണത്തിൻറെ കൌണ്ട് ഡൌൺ തുടങ്ങിക്കഴിഞ്ഞുവോ?

 

മേശപ്പുറത്തിരുന്ന ആ പുസ്തകത്തിൻറെ പുറം ചട്ടയിലൊന്ന് തലോടി ഒരു നിമിഷം നിന്ന ജയരാമൻ രക്താംഗിതൻറെ ആദ്യ അദ്ധ്യായമെടുത്ത് ജനാലക്കരികിൽ തൻറെ ഈസി ചെയറിലിരുന്നു. ജനാലക്കപ്പുറത്ത് മഹാഗണിയുടെ ചില്ലയിലിരുന്ന കാലൻ കാക്ക ഉച്ചത്തിൽ കരഞ്ഞു. അതിൻറെ പ്രതിധ്വനിയെന്നോണം പലയിടങ്ങളിൽ നിന്ന് കാക്കകളുടെ കരച്ചിൽ കേട്ടു. ജയരാമന് ആ ശബ്ദം കേട്ടപ്പോൾ ദേഷ്യമാണ് തോന്നിയത്. അൽപം മുൻപ് തൻറെ അമ്മയെ ഭയപ്പെടുത്തിയവയാണെന്നുള്ള ചിന്തയായിരുന്നു ദേഷ്യത്തിന് കാരണം. ജയരാമൻ കൈയ്യോങ്ങി ആ കാക്കയെ ഓടിക്കാൻ ശ്രമിച്ചു. പക്ഷേ ആ കാക്ക ഇരുന്നിടത്ത് നിന്നും അനങ്ങിയില്ല. മാത്രമല്ല അത് ജയരാമനെ തുറിച്ച് നോക്കിയിരിക്കുകയായിരുന്നു. ജയരാമൻ ഒരു കഷ്ണം കടലാസ് ചുരുട്ടി അതിന് നേരെ എറിഞ്ഞു. പക്ഷേ അത് കാക്കയുടെ പുറത്ത് കൊള്ളാതെ തറയിൽ വീഴുകയാണ് ചെയ്തത്. കാക്ക തറയിലേക്ക് പറന്നിറങ്ങി ആ കടലാസ് കഷ്ണം ചുണ്ടിൽ കോർത്തെടുത്തു. അപ്പോഴേക്കും എവിടെ നിന്നൊക്കെയോ കുറേയധികം കാലൻ കാക്കകൾ പറന്നെത്തി, ആ പേപ്പറിനായി കൊത്തുകൂടി. അവയുടെ ശബ്ദം വല്ലാതെ അലോസരമുണ്ടാക്കിയപ്പോൾ ജയരാമൻ ജനാലയടച്ച് കർട്ടനിട്ടു.

 

കയ്യിലെ കടലാസിൽ ചുവന്ന മഷിയിൽ താനെഴുതിയ രക്താംഗിതനെന്ന വാക്കുകൾ മഷി പടർന്നൊഴുകി രക്തമിറ്റിയ പോലെ തോന്നിപ്പിച്ചു. ഈ കഥ താനെഴുതാതെ ഈ പ്രശ്നങ്ങളൊന്നും വിട്ടൊഴിഞ്ഞ് പോകില്ലെന്ന് ജയരാമന് ഉറച്ച ബോദ്ധ്യമായി. ഇനി എന്ത് സംഭവിച്ചാലും രക്താംഗിതൻറെ കഥ എഴുതണമെന്നുള്ള തീരുമാനത്തിൽ ഉറച്ച് നിൽക്കണം. ജയരാമൻ ഫോണെടുത്ത് ഡോക്ടർ റിഷിയെ വിളിച്ചു .

 

" റിഷീ എനിക്കൊരു കാര്യമറിയണം, ഒരു സുഹൃത്തായിട്ടല്ല, സൈക്യാട്രിസ്റ്റായി വേണം മറുപടി നൽകേണ്ടത്. വളരെ അത്യാവശ്യമാണ്", ഫോർമലായുള്ള സംഭാഷണങ്ങളൊന്നുമില്ലാതെ തന്നെ ജയരാമൻ കാര്യം പറഞ്ഞു. ജയരാമൻറെ പെരുമാറ്റത്തിൽ മുന്നേ തന്നെ അസ്വാഭാവികത തോന്നിയിരുന്നു റിഷി മറുത്തൊന്നും ചോദിക്കാതെ യെസ് പറഞ്ഞു.

 

എന്താ കാര്യം നീ പറഞ്ഞോളൂ"

 

"ഞാനൊരു കഥയെഴുതാൻ പോവുകയാണ്, രക്തം കൊണ്ടെഴുതേണ്ട കഥ, ശരിക്കും എൻറെ രക്തം പുരണ്ട കഥ. ഈ കഥ എഴുതരുതെന്ന് ഉള്ളിലിരുന്ന് ആരോ ശക്തമായി പറയുന്നു, പക്ഷേ ഹിമാലയ സാനുക്കളിലെ ആ നാഗസന്യാസി ശക്തമായ താക്കീത് നൽകി, എനിക്ക് വഴികാട്ടിയ കടലാസു കഷ്ണങ്ങളിലും ഉണ്ടായിരുന്നു താക്കീതുകളും വെല്ലുവിളികളും, അവൻറെ, രക്താംഗിതൻറെ കഥ വായിക്കുന്നവരെ ഒരോരുത്തരെയായി അവൻ കശാപ്പ് ചെയ്യും ഒടുവിൽ എഴുത്തുകാരനെയും. എന്നാൽ പിന്തിരിയാമെന്ന് കരുതുമ്പോൾ അതിന് സമ്മതിക്കാതെ ഭയപ്പെടുത്തി ഭീഷണിപ്പെടുത്തുന്നു. ആദ്യമൊരു അഘോരി, പിന്നെയൊരു ഭ്രാന്തൻ, ഇപ്പോ ഒരു സന്യാസി, മനുഷ്യർ മാത്രമല്ല ചെന്നായയും, പരുന്തും, കാക്കയും വരെ ഭയപ്പെടുത്തുന്നു. ജെസിയുടെ മരണം, നാഗസന്യാസിക്കുണ്ടായ അപകടം, ഇപ്പോൾ അമ്മയുടെ നേർക്കും.

എനിക്കറിയേണ്ടത് രണ്ട് കാര്യങ്ങളാണ് .

 

എന്തുകൊണ്ട് എനിക്കിങ്ങനെ സംഭവിക്കുന്നു?

ഒരു കഥ വായിക്കുന്നയാൾ മരണപ്പെടും എന്ന ഭീഷണിയുടെ അർത്ഥമെന്താണ് ?"

ഒരു കഥ പറയും പോലെ ജയരാമൻ പറഞ്ഞതൊക്കെയും ഡോക്ടർ റിഷി കേട്ടിരുന്നു. അൽപ നേരത്തെ മൗനത്തിന് ശേഷം റിഷി മറുപടി നൽകി.

 

"എടോ ജയരാമാ, നിങ്ങളെഴുത്തുകാരുടെ മനസിൽ ഒരു കഥാ തന്തു വീണു കഴിഞ്ഞാൽ പിന്നെ ശരിക്കും ഒരു തരം ഭ്രാന്തൻമാരാകും നിങ്ങൾ. അപ്പോൾ ഉണ്ടാകുന്ന ഇല്യൂഷനും, ഹാലൂസിനേഷനും ഒക്കെ ചേർന്നുണ്ടാക്കുന്ന ഒരു ഉന്മാദാവസ്ഥയാണിത്. തനിക്കിത് ആദ്യമല്ലല്ലോ. താൻ മനസിലിട്ട് അലക്കാതെ ആ കഥ ധൈര്യമായങ്ങട് എഴുതെടോ ചങ്ങാതി. അതോടെ എല്ലാ പ്രശ്നവും തീരും. പിന്നെ രണ്ടാമത്തെ ചോദ്യം , താൻ റെസ്യൂ സെരസ് എന്ന ഹംഗേറിയൻ പിയാനിസ്റ്റിനെ കുറിച്ച് കേട്ടിട്ടുണ്ടോ? അയാളൊരു കവിതയെഴുതി, "ഗ്ലൂമി സൺഡേ" എന്ന പേരിൽ പ്രസിദ്ധമായ , പ്രസിദ്ധം എന്നല്ല കുപ്രസിദ്ധം എന്ന് പറയുന്നതാണ് ഉചിതം. ആ കവിത കേട്ട ഒരു പാട് പേർ ആത്മഹത്യ ചെയ്തു. ഒടുവിൽ നിരവധി രാജ്യങ്ങളിലെ സർക്കാരുകൾക്ക് ആ ഗാനം റേഡിയോയിൽ സംപ്രേഷണം ചെയ്യുന്നത് നിരോധിക്കേണ്ടി വന്നുവെന്നത് ചരിത്രം. പിന്നെ ഇത്തരത്തിൽ ഉത്തരമില്ലാത്ത സമസ്യയായി മറ്റ് ചില കഥകളുമുണ്ട്.പലരെയും മരണത്തിലേക്ക് നയിച്ച കഥകൾ. നീ ഗൂഗിളിലൊന്ന് തപ്പി നോക്ക്.

 

എടോ ജയരാമാ.... ഒത്തിരിയങ്ങ് ചിന്തിച്ച് കാട് കയറാതെ നീ മനസിലുള്ള കഥയെഴുതൂ. മരിക്കേണ്ടവർ മരിക്കേണ്ട സമയത്ത് മരിക്കും, അതിപ്പോ നീ കഥ എഴുതിയില്ലേലും എന്നും. So go on man."

 

ഡോക്ടർ റിഷി ജയരാമന് ആത്മവിശ്വാസം പകർന്നു. എല്ലാം മൂളി കേട്ടു കഴിഞ്ഞ് ശരി പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ജയരാമൻ ഫോൺ കട്ട് ചെയ്തു.

 

ഗൂഗിളിൽ gloomy Sunday എന്ന വാക്ക് തിരയാനായി നൽകി, രക്താംഗിതൻറെ ആദ്യ അദ്ധ്യായം കയ്യിലെടുത്ത് വച്ചു. അപ്പോഴേക്കും ഗൂഗിൾ തപ്പിയെടുത്ത വിഷാദ മൂകമായ ഞായറാഴ്ചയുടെ കവിതയിലെ ഓരോ വരികളും മൊബൈൽ സ്ക്രീനിൽ തെളിഞ്ഞു. തൻറെ ഈസി ചെയറിൽ ചാരിക്കിടന്ന് ആ കവിത വായിച്ച് കഴിഞ്ഞ് ജയരാമൻ അൽപ നേരം മയങ്ങിപ്പോയി.

 

ജനാലയിൽ ആരോ മുട്ടിവിളിക്കുന്ന ശബ്ദം കേട്ടാണ് ജയരാമൻ മയക്കത്തിൽ നിന്നുമുണർന്നത്. എണീറ്റ് കർട്ടൻ മാറ്റി നോക്കിയപ്പോൾ അവിടെ ആരുമില്ല, പക്ഷേ ഒരുനിമിഷം മുൻപ് വരെ നൂറിലേറെ കാക്കകൾ കൊത്തുകൂടി ബഹളം വച്ച മുറ്റത്ത് ഒരു കാക്കയെപ്പോലും കാണാതിരുന്നത് ജയരാമനെ അദ്ഭുതപ്പെടുത്തി. ജയരാമൻ ജനാല തുറന്നിട്ടു. തൊട്ടടുത്ത നിമിഷം ഒരു കാലൻ കാക്ക പറന്ന് വന്ന് ജനാപ്പടിയിലിരുന്നു. അതിനെ ഓടിക്കാനായി ജയരാമൻ കൈവീശിയപ്പോൾ അത് തൻറെ ചിറകുകൾ വിടർത്തിക്കുടഞ്ഞു. അതിൻറെ ശരീരത്ത് നിന്നും പറന്ന പൊടി മുറിക്കകത്തേക്ക് കയറി. കാക്ക പറന്ന് വീണ്ടും മഹാഗണിയുടെ ചില്ലയിൽ പോയി ഇരുന്നു. അകത്തേക്ക് കയറിയ പൊടി തൻറെ കയ്യിലെ കടലാസുകളിൽ അടിഞ്ഞത് കണ്ട് ജയരാമൻ അത് പുറത്തേക്ക് തട്ടി. ജയരാമൻറെ മൂക്കിലേക്ക് ശവം കത്തിയ മണം തുളഞ്ഞ് കയറി.

 

തൻറെ കയ്യിലിരിക്കുന്ന കടലാസ് കഷ്ണങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്നത് ചുടലഭസ്മമാണെന്ന തരിച്ചറിവ് ജയരാമൻറെ തലച്ചോറിൽ ശക്തമായ പ്രകമ്പനമുണ്ടാക്കി. അപ്പോഴും ആ കാക്ക ജയരാമനെ തന്നെ തുറിച്ച് നോക്കിയിരിക്കുന്നുണ്ടായിരുന്നു. ജയരാമൻ തൻറെ കൈയ്യിലിരുന്ന കടലാസ് കീറി ചുരുട്ടിക്കൂട്ടി പുറത്തേക്കെറിഞ്ഞു. തൊട്ടടുത്ത നിമിഷം മഹാഗണിയിൽ നിന്നും പറന്നിറങ്ങിയ കാലൻ കാക്ക അത് കൊത്തിയെടുത്ത് വിഴുങ്ങി.

 

അപ്പോഴൊക്കെ ആ കാക്കയുടെ കൂർത്ത നോട്ടം ജയരാമന് നേർക്ക് തന്നെയായിരുന്നു. അൽപനെരം അങ്ങനെ നിന്ന ജയരാമൻ യാന്ത്രികമായി പേനയും പേപ്പറുമെടുത്ത് എഴുതാൻ തുടങ്ങി....

 

മരണത്തിൻറെ മണമുള്ള കഥ, മരണം കാത്തിരിക്കുന്നവർക്കായി, രക്താംഗിതൻറെ കഥ...

 

തുടരും...

No comments:

Post a Comment

Type your valuable comments here