May 28, 2020

COUNT DOWN (Novel)

ഈ കഥയും കഥാപാത്രങ്ങളും സംഭവങ്ങളും തികച്ചും ഭാവനാസൃഷ്ടി മാത്രമാണ്. ഇതിന് ജീവിച്ചിരിക്കുന്നവരോ മരിച്ച് പോയവരോ ആയി യാതൊരു ബന്ധവുമില്ല. ആരെയും അപകീർത്തിപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുകയെന്നത് കഥാകൃത്തിൻറെ ലക്ഷ്യമല്ല. ഇത് അസ്വാദനത്തിന് വേണ്ടി മാത്രം എഴുതപ്പെട്ടിട്ടുള്ള സാഹിത്യ സൃഷ്ടിയാണ്.

************************************************************************

COUNT DOWN

(Crime thriller)

Count Down


അദ്ധ്യായം - 1


 

DySP രാജൻ ജോണിനെ കാണാതായിട്ട് 24 മണിക്കൂർ കഴിഞ്ഞിരിക്കുന്നു. പോലീസ് തിരുവനന്തപുരം സിറ്റി മുഴുവൻ അരിച്ചു പെറുക്കിയിട്ടും ഒരു തുമ്പും കിട്ടിയില്ല. ഒരു ഉന്നത ഉദ്യോഗസ്ഥൻ എന്നതിനേക്കാളുപരി ഭരണത്തലവന്മാർക്കും രാഷ്ട്രീയക്കാർക്കും പ്രിയങ്കരനാണ് രാജൻ ജോൺ. രാഷ്ട്രീയക്കാരും സമൂഹത്തിലെ ചില വമ്പന്മാരും പല Dirty Jobs നും നിയോഗിച്ചിരുന്ന DySP രാജൻ ജോണിന് ശത്രുക്കൾക്ക് ഒട്ടും ക്ഷാമമുണ്ടായിരുന്നില്ല. പക്ഷേ പട്ടാപ്പകൽ തിരുവനന്തപുരം സിറ്റിയിൽ ഓഫീസിന് മുന്നിൽ നിന്ന് അയാളെ തട്ടിക്കൊണ്ട് പോകാനും മാത്രം കരുത്തനായ ആ ശത്രുവിനെക്കുറിച്ച് ആർക്കും ഒരു പിടിയും കിട്ടിയില്ല.

 

     അതേ സമയം രാജൻ ജോണിന്റെ ബിനാമി പേരിലുള്ള കണ്ടെയ്നർ ലോറി നാഷണൽ ഹൈവേയിൽ കണ്ണൂർ അതിർത്തി പിന്നിട്ട് കാസർഗോഡ്‌ ജില്ലയിൽ പ്രവേശിച്ചിരുന്നു. അതിനുള്ളിൽ തലകീഴായി കെട്ടിത്തൂക്കിയ നിലയിൽ ശരീരത്തിലെ ഒരിഞ്ചുപോലും ബാക്കിയില്ലാതെ ഇടി കൊണ്ട് ചതഞ്ഞ നിലയിൽ രാജൻ ജോൺ.

 

അടുത്ത ദിവസത്തെ പത്രങ്ങളിലെ ചൂടൻ വാർത്ത ഇതായിരുന്നു.

 

" DySP രാജൻ ജോണിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട കണ്ടെയ്നർ ലോറിയിൽ കേരള കർണാടക അതിർത്തിയിൽ നിന്നും കണ്ടെത്തി."

 

            പോസ്റ്റ്മോർട്ടം ടേബിളിൽ ഡോ.അൻസിയ റഹ്മാന് ഇത്ര ഭീകരമായി കൊല്ലപ്പെട്ട ഒരു ശവശരീരം പരിശോധിക്കേണ്ടി വന്നത് ആദ്യമായിരുന്നു. ക്രൂരമായ മർദ്ദനത്തെത്തുടർന്ന് ശരീരത്തിലെ സർവ്വ അസ്ഥികൾക്കും ഒടിവോ പൊട്ടലോ ഉണ്ടായിട്ടുണ്ട്. ശരീരത്തിന്റെ ഏതാണ്ട് എല്ലാ ഭാഗവും ചതഞ്ഞ് രക്തം കട്ടപിടിച്ചതിനാൽ നല്ല നിറമുണ്ടായിരുന്ന സുമുഖനായിരുന്ന രാജൻ ജോണിന്റെ ശരീരം തിരിച്ചറിയാനാവാത്ത വിധം കരുവാളിച്ചിരുന്നു. ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കുമെല്ലാം വാരിയെല്ലുകൾ ഒടിഞ്ഞു നുറുങ്ങിക്കയറിയിരിക്കുന്നു. മണിക്കൂറുകൾ നീണ്ട മർദ്ദനത്തിനൊടുവിലാണ് മരണം സംഭവിച്ചിരിക്കുന്നത്. ഭാരമുള്ള ലോഹ ദണ്ഡുകളും തടിക്കഷ്ണങ്ങളുമൊക്കെയാണ് മർദ്ദിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഇത് ചെയ്തത് ആരാണെങ്കിലും അയാളുടെ ലക്ഷ്യം DySP രാജൻ ജോണിനെ പരമാവധി വേദനയറിയിച്ച് വളരെ സാവധാനത്തിൽ മരണത്തിലേക്ക് നയിക്കണമെന്നായിരുന്നു.

 

            പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഡോക്ടർ അൻസിയ തന്റെ നിഗമനങ്ങൾ അന്വേഷണച്ചുമതലയുള്ള ACP ശ്യാം മാധവിനോട് പങ്ക് വച്ചു. രാജൻ ജോണിനോട് അത്രയധികം പകയുള്ള ഒന്നിൽ കൂടുതൽ പേർ ചേർന്ന് നടത്തിയ ആസൂത്രിത കൊലപാതകമാണിതെന്ന സാധ്യതയിലേക്കാണ് ഫോറൻസിക് തെളിവുകളും വിരൽ ചൂണ്ടുന്നത്.

 

              കണ്ടെയ്നർ ലോറിയിൽ നിന്ന് ലഭിച്ച വിരലടയാളങ്ങളിൽ നിന്ന് ഈ കേസിന്റെ ആദ്യ തുമ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശ്യാം. അന്വേഷണ ചുമതല കൈപ്പറ്റി രാത്രി തന്നെ സ്വന്തം വണ്ടിയിൽ കാസർഗോഡ് എത്തിയതാണ്, ഡ്രൈവിംഗ് ആണ് ശ്യാമിന്റെ പ്രധാന ഹോബി, അതു കൊണ്ട് തന്നെ ഇത്തരം യാത്രകൾ അദ്ദേഹം ഏറെ ആസ്വദിച്ചിരുന്നു. നാളെ കഴിഞ്ഞ് തിരികെ തിരുവനന്തപുരത്ത് എത്തണം. ആഭ്യന്തര മന്ത്രി നേരിട്ട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനുള്ളിൽ വ്യക്തമായ ഒരു രൂപരേഖ ഉണ്ടാക്കാൻ കഴിയണം. ശ്യാംമാധവ് ഐ.പി.എസിന് അത് സാദ്ധ്യമാവുമെന്ന കമ്മീഷണറുടെ വിശ്വാസമാണ് ഈ അസൈൻമെന്റ്.

 

        കാസർഗോഡ് പോലീസ് ഇതിനോടകം നിർണായക തെളിവുകൾ ശേഖരിച്ചു കഴിഞ്ഞിരുന്നു. കണ്ടെയ്നറിൽ നിന്ന് ലഭിച്ച വിരലടയാളം 14 വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് ഒരു മാസം മുൻപ് പുറത്തിറങ്ങിയ നിഖിൽ രാമൻ എന്ന യുവാവിന്റേതാണെന്ന് പോലീസിന്റെ കമ്പ്യൂട്ടർ കണ്ടെത്തി.

 

         തന്റെ കുറ്റാന്വേഷണ പാടവം മുഴുവൻ പുറത്തെടുക്കാൻ പാകത്തിൽ ഉള്ള ഒരു കേസായിരിക്കും ഇതെന്ന പ്രതീക്ഷയിൽ കാസർഗോഡ് എത്തിയ ശ്യാമിന് നിരാശ തോന്നി. വളരെ നിസാരമായി വിരളടയാള വിദഗ്ധരും കംപ്യൂട്ടറും ചേർന്ന് പ്രതിയെ കണ്ടെത്തി.

ഐ.പി.എസ് തിരഞ്ഞെടുത്തത് തന്നെ ഷെർലക് ഹോംസിനോടുള്ള ആരാധന മൂത്താണ്. പക്ഷേ പരിശീലനം കഴിഞ്ഞ് പണി തുടങ്ങി രണ്ട് വർഷമായിട്ടും തലച്ചോറിനെ നന്നായി പ്രവർത്തിപ്പിക്കാൻ പാകത്തിൽ ഒരു കേസും കിട്ടിയിട്ടില്ല. അതൊക്കെ ശ്യാമിനെ നിരാശനാക്കിയിരുന്നു. പിന്നെ ഉള്ളത് നാട്ടിലെ ഗുണ്ടാവിളയാട്ടമാണ്, പക്ഷേ അവരെയൊന്നും ചെയ്യാൻ കഴിയില്ല. അവർക്കായി ശുപാർശ ചെയുന്നത് ഭരണസാരഥ്യം കൈയ്യാളുന്ന രാഷ്ടീയക്കാരും വമ്പൻ പണക്കാരുമൊക്കെയാണ്. പലപ്പോഴും തെളിവുകൾ ഉണ്ടായിട്ടും അത്തരക്കാർ നെഞ്ചും വിരിച്ച് മുന്നിൽ നിന്നും ഇറങ്ങിപ്പോകുന്നത് നിരാശയോടെ നോക്കി നിന്നിട്ടുമുണ്ട്. അതൊക്കെ ഈ പോലീസ് കുപ്പായത്തിനുള്ളിലെ ജീവിതത്തെ വെറുപ്പിച്ചും തുടങ്ങിയിരുന്നു.

 

        പക്ഷേ ഒന്നുണ്ട്, എത്ര വലിയ ഗുണ്ടയാണേലും കൈയിൽ കിട്ടിയാൽ തന്റെ അരിശം തീർത്ത് പെരുമാറിയാണ് ശ്യാം സായൂജ്യമടഞ്ഞിരുന്നത്. കസ്റ്റഡിയിലെടുത്ത പ്രതിയെ ഇറക്കാൻ പോലീസ് ജീപ്പിനെക്കാൾ മുന്നേ സ്റ്റേഷനിലെത്തുന്ന ജാമ്യക്കാർക്ക് ശ്യാമിന്റെ മുഷ്ടിയുടെ ബലം നന്നായി അറിഞ്ഞ പ്രതിയെ ആയിരിക്കും കിട്ടുക. ഈ ഒരു ശീലം നിരവധി ശത്രുക്കളെ സമ്പാദിച്ച് നൽകിയിരുന്നു. അതിലൊരു ശത്രു തന്ന സർട്ടിഫിക്കറ്റ് മുതുകിലൊരു വലിയ അടയാളമായി ഇപ്പോഴുമുണ്ട്. ബൈക്കിൽ പോയപ്പോൾ പിന്നാലെ വന്ന് വെട്ടിയതാണ്.

 

          നിഖിലിനായി പോലീസ് വലവിരിച്ചിരുന്നു. ഒരു കൊലപാതകക്കേസിൽ പ്രതിയായി ശിക്ഷിക്കപ്പെട്ടയാളാണ് നിഖിൽ. ആ കേസ് അന്വേഷിച്ചതും നിഖിലിന് ശിക്ഷ നേടിക്കൊടുത്തതും അന്ന് CI ആയിരുന്ന രാജൻ ജോണായിരുന്നു. നിഖിൽ നിരപരാധിയാണെന്നും മറ്റാർക്കോ വേണ്ടി രാജൻ ജോൺ അവനെ കുടുക്കിയതാണെന്ന്

പത്ര മാധ്യമങ്ങളടക്കം പറഞ്ഞിരുന്നതാണ്.

 

             DySP രാജൻ ജോണിന്റെ കൊലപാതകത്തെ സംബന്ധിച്ച മൂന്ന് പ്രധാന ചോദ്യങ്ങൾക്ക് പോലീസ് ഇതിനോടകം ഉത്തരം കണ്ടെത്തിക്കഴിഞ്ഞിരുന്നു.

 

കൊന്നതാര്? എന്തിന്? എങ്ങനെ?

 

      ഇനി ആ ഉത്തരങ്ങൾ പ്രതിയെ അറസ്റ്റ് ചെയ്ത് സ്ഥാപിച്ചെടുക്കുന്ന ചടങ്ങ് മാത്രമാണ് അവശേഷിക്കുന്നത്.

 

കൊന്നത് - നിഖിൽ രാമൻ

കാരണം - ചെയ്യാത്ത കുറ്റത്തിന് തന്നെ കുടുക്കിയ, സ്വപ്നങ്ങൾ തല്ലിക്കെടുത്തിയ പോലീസുകാരനോടുള്ള പക

എങ്ങിനെ - രണ്ട് പേരുടെ സഹായത്തോടെ തട്ടിക്കൊണ്ട് പോയി ഓടുന്ന കണ്ടെയ്നർ ലോറിയിൽ തല കീഴായി കെട്ടിത്തൂക്കിയിട്ട് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി.

 

        ഫോറൻസിക് തെളിവുകളും സാഹചര്യത്തെളിവുകളും ഇക്കാര്യങ്ങൾ സാധൂകരിക്കുന്നുമുണ്ട്, ഒപ്പം ചില സി.സി.റ്റി.വി ദൃശ്യങ്ങളും, ആ കണ്ടെയ്നർ ലോറി ഡ്രൈവറുടെ മൊഴിയും. അയാളെ മർദ്ദിച്ച് മരുന്ന് കുത്തിവച്ച് ബോധം കെടുത്തിയാണ് കൊലയാളി സംഘം വണ്ടി തട്ടിയെടുത്തത്. ആ മൂവർ സംഘത്തിൽ നിഖിൽ രാമൻ ഉണ്ടായിരുന്നുവെന്ന് ഡ്രൈവർ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

 

      കാര്യങ്ങളെല്ലാം വ്യക്തമാണ്, തെളിവുകളൊക്കെ ശക്തവുമാണ്. ചാനലുകളിലൊക്കെ നിഖിലിന്റെ ചിത്രം കാണിക്കുന്നുണ്ട്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ നിഖിൽ അറസ്റ്റിലാകും എന്നാണ് ഇക്കാര്യങ്ങൾ വിശദീകരിച്ച പ്രത സമ്മേളനത്തിൽ DGP അറിയിച്ചത്.

 

ശ്യാം കാസർകോടുള്ള ജോലികൾ പൂർത്തിയാക്കി തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും മുൻപ് രണ്ട് പ്രാധാനപ്പെട്ട മെസേജുകൾ എത്തി.

 

1)        ചില വിഘടനവാദി ഗ്രൂപ്പുകൾ കേരളത്തിലെ ഗുണ്ടാസംഘങ്ങളെ കൂട്ടിച്ചേർത്ത് നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള കോപ്പുകൂട്ടുന്നു, അവരുടെ പ്രധാന ടാർഗറ്റ് പോലീസുകാരും ഉന്നത ഉദ്യോഗസ്ഥരുമാണ് എന്ന ഇൻറലിജൻസ് റിപ്പോർട്ട്

    

2)      ഇമെയിലായി പോലീസ് ഹെഡ് ക്വാർട്ടേഴ്സിലെത്തിയ ഒരു ഭീഷണി.

 

 

അത് ഇപ്രകാരമായിരുന്നു.

"പോലീസുകാരെ ഇനി ഉറക്കം നിങ്ങൾക്ക് കിട്ടാക്കനിയാണ് , തുടങ്ങിയിട്ടേയുള്ളു ഞാൻ, കൗണ്ട് ഡൗൺ, DySP രാജൻ ജോൺ ഒരു താക്കീതാണ് . ഇനി നിങ്ങൾക്ക് തെളിവെടുപ്പിനായി ശവം പോലും കിട്ടില്ല"

 

           സ്വയം സൂക്ഷിക്കാൻ ഒരു അലർട്ട് മെസേജും എല്ലാ പോലീസുകാർക്കും മേൽത്തട്ടിൽ നിന്ന് ലഭിച്ചിരുന്നു. മുൻപും പല തവണ തീവ്രവാദ സംഘടനകളുടെ സാന്നിദ്ധ്യം വളരെ വ്യക്തമായി തിരിച്ചറിയപ്പെട്ടിട്ടുള്ള ഇന്നാട്ടിൽ ഇത്തരമൊരു പ്രവർത്തനം സാദ്ധ്യമാക്കുകയെന്നത് അവർക്ക് അനായാസമാണ്. അതു കൊണ്ട് കരുതിയിരിക്കണമെന്ന് കൃത്യമായി എല്ലാ പോലീസുകാർക്കും നിർദ്ദേശം നൽകി. വി.ഐ.പികളുടെ സുരക്ഷ ശക്തമാക്കി. പൊതുസ്ഥലങ്ങളിലെ കേടായ സി.സി.റ്റി.വി ക്യാമറകളൊക്കെ പ്രവർത്തനക്ഷമമാക്കി. നൈറ്റ് പട്രോളിംഗ് എല്ലായിടത്തും ശക്തമാക്കി.

 

         നിഖിൽ രാമൻ മാവോവാദി സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്ന് അന്ന് CI ആയിരുന്ന രാജൻ ജോണിന്റെ അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നുവെങ്കിലും, തെളിവുകൾ നിരത്തി കോടതിക്ക് മുന്നിൽ അത് സ്ഥാപിച്ചെടുക്കുന്നതിൽ അന്നദ്ദേഹം പരാജയപ്പെട്ടിരുന്നു. രാജൻ ജോണിന്റെ അന്നത്തെ റിപ്പോർട്ടായിരുന്നു ചാനലുകളിലെ പ്രൈം ടൈം ചർച്ച.

 

         ഇന്ന് ജയിലിൽ നിന്ന് ഇറങ്ങി ഒരു മാസം തികയും മുൻപ് തന്നെ അകത്താക്കിയ പോലീസ് ഉദ്യോഗസ്ഥനെ കൃത്യമായി ആസൂത്രണം ചെയ്ത് തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊല ചെയ്യണമെങ്കിൽ അതിന് ശക്തമായ പിൻബലം ഉണ്ടായിരിക്കണം. മാത്രമല്ല ആ കണ്ടെയ്നർ ലോറിയിൽ നിന്ന് നിഖിലിറേതല്ലാത്ത രണ്ട് വിരലടയാളങ്ങൾ കൂടി ലഭിച്ചിരുന്നു.

ഇൻറലിജൻസ് റിപ്പോർട്ടും ഭീഷണി മെയിലും രാജൻ ജോണിന്റെ മരണവും പരസ്പരം കണക്ട് ചെയ്താണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് ശ്യാമിന് ലഭിച്ച പുതിയ നിർദ്ദേശം.

 

കേസിൽ പുതിയ വഴിത്തിരിവായെത്തിയ ഇന്റലിജൻസ് റിപ്പോർട്ടും ഭീഷണിക്കത്തും രംഗം ചൂടുപിടിപ്പിക്കുമെന്ന ചിന്ത ശ്യാമിന് ഒരു പുത്തനുണർവ് നൽകി. അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിച്ചു.

 

തൊട്ടടുത്ത ദിവസത്തെ പത്രങ്ങൾ മറ്റൊരു ചൂടൻ വാർത്തയുമായാണ് എത്തിയത്.

 

DySP രാജൻ ജോൺ മർഡർ കേസ് അന്വേഷണ ചുമതലയുള്ള ശ്യാം മാധവ് IPS കേസ് സംബന്ധിച്ച രേഖകൾ കാസർഗോഡ് നിന്നും ശേഖരിച്ച് മടങ്ങിയ വഴി അപ്രത്യക്ഷനായിരിക്കുന്നു. ഉപേക്ഷിക്കപ്പെട്ട നിലയിൽ ശ്യാമിന്റെ സ്കോർപിയോ കോഴിക്കോട് ബീച്ചിന് സമീപം കണ്ടത്തി. കേസ് ഫയൽ വണ്ടിക്കുള്ളിൽ തന്നെയുണ്ടായിരുന്നു. പക്ഷേ ശ്യാമിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ശ്യാമിന്റെ മൊബൈൽ ഫോണും വണ്ടിക്കുള്ളിൽ തന്നെയുണ്ടായിരുന്നു. ഒരു ബലപ്രയോഗം നടന്ന ലക്ഷണമുണ്ട്. കാറിന്റെ മുൻ ഗ്ലാസിൽ പച്ച മുട്ട ഉണങ്ങിപ്പിടിച്ചിരിപ്പുണ്ടായിരുന്നു.

 

       റോഡരികിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു വണ്ടി. കാറിന്റെ മുൻ സീറ്റിൽ ഒരു കടലാസ് തുണ്ട് ഉണ്ടായിരുന്നു. അതിൽ ഇപ്രകാരം പ്രിൻറ് ചെയ്തിരുന്നു.

 

   " ഞങ്ങളിലേക്കുള്ള വഴിയിൽ നിറയെ മരണക്കെണികളാണ്. അവയൊക്കെ തരണം ചെയ്ത് ലക്ഷ്യത്തിലെത്താമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം ഇറങ്ങിത്തിരിക്കുക, DySP രാജൻ ജോണിന്റെ വിധി നിങ്ങൾക്കായും കാത്തിരിപ്പുണ്ട്. ഞങ്ങളെ തേടിപ്പുറപ്പെടും മുൻപ് ഒന്നന്വേഷിച്ച് നോക്കൂ, പോലീസ് ഡിപ്പാർട്ട്മെന്റിൽ ആരൊക്കെ ഇപ്പോൾ അപ്രത്യക്ഷമായിട്ടുണ്ടെന്ന്, എന്നും രാവിലെ ഒന്ന് തലയെണ്ണി നോക്കുന്നത് നല്ലതാണ്, എവിടേലും ആരുടെയെങ്കിലും കുറവുണ്ടോയെന്നറിയാൻ... count down begins... "

 

          നാല് ദിവസത്തെ ഇടവേളയിൽ കാണാതാകുന്ന ഉന്നതനായ രണ്ടാമത്തെ പോലീസ് ഉദ്യോഗസ്ഥനാണ് ശ്യാം. ആദ്യത്തെയാളിന്റെ മൃതദേഹം കിട്ടി. അതന്വേഷിച്ച് പോയ രണ്ടാമനെ കുറിച്ച് ഒരു വിവരവും ആർക്കും കിട്ടിയില്ല. പുതിയ ഭീഷണി വലിയൊരു തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. അവധിയിലും സസ്പെൻഷനിലുള്ളതും ഉൾപ്പെടെ മുഴുവൻ പോലീസുകാരുടെയും current status റിപ്പോർട്ട് ചെയ്യാൻ എല്ലാ സ്റ്റേഷനുകളിലേക്കും നിർദ്ദേശം പോയി.

 

        DySP രാജൻ ജോൺ അഴിമതിക്കാരനായ ഉദ്യോഗസ്ഥനായിരുന്നു, പക്ഷേ ACP ശ്യാംമാധവ് തികഞ്ഞ ആദർശ ധീരനാണ്. അതു കൊണ്ട് തന്നെ ഈ കൊലയാളികളുടെ victim selection നെ കുറിച്ച് ഒരു പൊതു ധാരണയിലെത്താൻ പോലീസിനായില്ല. അവരുടെ ഭീഷണിയിൽ നിന്ന് വ്യക്തമാകുന്നത് കൂടുതൽ പോലീസുകാർ അവരുടെ പിടിയിലുണ്ടെനതാണ്. അതാരൊക്കെയെന്ന് ഉടനടി കണ്ട് പിടിക്കേണ്ടതുണ്ട്.

 

          നിലവിലെ സാഹചര്യത്തിൽ അന്വേഷണച്ചുമതല SP കിരൺ മാത്യുവിനാണ് നൽകിയത്. കർക്കശക്കാരനും മികച്ച കുറ്റാന്വേഷകനും എന്നതിലുപരി കാണാതായ ACP ശ്യാംമാധവിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് കിരൺ. കിരൺ മാത്യുവിന്റെ നേതൃത്വത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മൂന്ന് തലത്തിലാണ് അന്വേഷണം തുടങ്ങിയത്. ഒന്ന് കാണാതായ ശ്യാമിനെ കണ്ടെത്തുക ഒപ്പം ഇതിന്റെയൊക്കെ സൂത്രധാരൻ എന്ന് കരുതുന്ന നിഖിൽ രാമനെയും .

രണ്ട് ശ്യാമിനെ കൂടാതെ മറ്റേതെങ്കിലും പോലീസുകാർ അവരുടെ കസ്റ്റഡിയിലുണ്ടോ, അത്തരത്തിൽ മിസ്സിംഗ് ആയ പോലീസുകാർ ആരൊക്കെയെന്ന് കണ്ടെത്തുക

 

മൂന്നാമതായി ഇൻറലിജൻസ് റിപ്പോർട്ടിൽ പറഞ്ഞ പോലെ എന്തെന്തിലും ഗൂഢാലോചന ഇതിന്റെയൊക്കെ പിന്നിലുണ്ടോ?

 

പോലീസ് എല്ലാ ജില്ലകളിലും അലെർട് ആണ്. എല്ലാ വാഹനങ്ങളും വിശദമായി പരിശോധിച്ചാണ് കടത്തി വിടുന്നത്. പ്രത്യേകിച്ചും കണ്ടെയ്നർ ലോറികൾ .

 

ഇതേ സമയം രാത്രി വൈകി ബേപ്പൂരിൽ നിന്നും പുറപ്പെട്ട മത്സ്യ ബന്ധന ബോട്ടിൽ തലകീഴായി കെട്ടിത്തൂക്കിയിരിക്കുന്ന ആ മനുഷ്യന്റെ വായിൽ നിന്നും ചോരയിറ്റു വീഴുന്നുണ്ടായിരുന്നു. മോണയിലേറ്റ ശക്തമായ ഇടിയെത്തുടർന്ന് ഇളകിയ പല്ലുകൾ നിലത്ത് ചോരയിൽ കുതിർന്ന് കിടക്കുന്നുണ്ടായിരുന്നു. ബോട്ട് തെക്ക് ദിശയിലേക്ക് കുതിക്കുകയായിരുന്നു.

 

തുടരും...

No comments:

Post a Comment

Type your valuable comments here