July 06, 2021

ശിക്ഷ (Short Story)

Siksha
    വർഷങ്ങൾക്കിപ്പുറം ഇന്ന് തിരക്കേറിയ സിനിമാ തീയേറ്ററിൽ വച്ച് അവളെ കണ്ടപ്പോൾ അരവിന്ദൻറെ ഉള്ള് പിടഞ്ഞുപോയി. അത് പക്ഷേ നഷ്ടബോധം കൊണ്ടാണോ എന്നറിയില്ലായിരുന്നു. വിരൽ തുമ്പിൽ ഒരു കൂഞ്ഞിക്കയ്യും പിടിച്ച്  ഭർത്താവിനൊപ്പം ടിക്കറ്റ് കൗണ്ടറിലേക്ക് അവൾ അപ്രതീക്ഷിതമായി കടന്നു വരികയായിരുന്നു. നന്നേ തിരക്കുണ്ടായിരുന്ന കൗണ്ടറിൽ ഏറെ മുന്നിലായിരുന്ന അരവിന്ദൻറെ അരികിലേക്ക് വന്ന് രണ്ട് ടിക്കറ്റെടുത്ത് തരുമോ എന്ന അവളുടെ ഭർത്താവിൻറെ ചോദ്യം കേട്ടായിരുന്നു അവൻ തിരിഞ്ഞ് നോക്കിയത്. ആ ഒരു നിമിഷം അവൻറെ കണ്ണുകൾ അവളുടെ കണ്ണുകളിൽ കുരുങ്ങി. ഹൃദയത്തിൽ ഒരു ഇടിമിന്നൽ മുഴങ്ങി. വാക്കുകൾ തൊണ്ടയിലുടക്കിയപ്പോൾ ഒരു ചെറുതലയനക്കത്തിലൂടെ അരവിന്ദൻ സമ്മതം അറിയിച്ചു. അയാൾ പണം കൊടുത്തു.. ടിക്കറ്റെടുത്ത് കൊടുത്തപ്പോൾ ഒരു നന്ദിയും പറഞ്ഞ് അവർ അകത്തേക്ക് പോയി. അരവിന്ദൻറെ കാലുകൾ പക്ഷേ ഭൂമിയിലുറച്ച് പോയിരുന്നു.

              വർഷങ്ങൾക്ക് മുൻപ് പതിവുപോലെ രാത്രിയുടെ തോഴനായ അരവിന്ദൻ പണിക്കിറങ്ങി. അന്യൻ വിയർത്തുണ്ടാക്കുന്നത് സമർത്ഥമായി കൈക്കലാക്കി സുഖലോലുപതയിൽ ജീവിക്കുവാൻ കൊതിച്ച തൻറെ യൗവ്വനം. ഒരിക്കലും പിടിക്കപ്പെടാതിരുന്നതിൻറെ ആത്മവിശ്വാസം അയാളെ വല്ലാത്തൊരു ഉന്മാദാവസ്ഥയിലെത്തിച്ചിരുന്നു. അന്ന് രാത്രി കണ്ടെത്തിയത് സാമാന്യം ഭേദപ്പെട്ട ഒരു വീടായിരുന്നു. പഴയതെങ്കിലും പ്രൗഢിയുള്ള ആ വീടിൻറെ ഓടിളക്കി അകത്ത് കയറി. ആദ്യം പുറത്തേക്കുള്ള വാതിലുകളുടെ കൊളുത്തുകൾ നീക്കി വച്ച് രക്ഷാമാർഗ്ഗമൊരുക്കി. ഗൃഹനാഥൻറെ മുറിയിലെ അലമാര പൂവ് പറിക്കുന്ന ലാഘവത്തേടെ തുറന്ന് കിട്ടിയ കുറച്ച് പണവും കുറച്ചധികം സ്വർണ്ണവും ബാഗിനുള്ളിലാക്കി. മാർജ്ജാരപാദനായി പുറത്തിറങ്ങി. വീടിന് പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് അടുത്ത മുറിയിലെന്തോ ചെറിയ ഒച്ച കേട്ടത്. അടച്ചിട്ടിരുന്ന വാതിലിനുള്ളിലെ അടക്കിപ്പിടിച്ച ശബ്ദങ്ങൾ അയാളിൽ കൗതുകമുണർത്തി. പക്ഷേ ഉള്ളിലെ കാഴ്ച മറച്ച് വാതിൽ പഴുതില്ലാത്ത വാതിൽ വിലങ്ങ് തടിയായി നിന്നു. അപ്പോൾ തോന്നിയ ജിജ്ഞാസയും ആവേശവും അയാളെ വീണ്ടും ഓടിന് മുകളിൽ കയറ്റി. ഒച്ചയുണ്ടാക്കാതെ ഓട് ചെറുതായി മാറ്റിയ വിടവിലൂടെ ആ മുറിയിലെ ദൃശ്യങ്ങൾ അയാൾക്ക് മുന്നിൽ അനാവൃതമായി.

            അവിടെ കണ്ട കാഴ്ച അയാളെ ഞെട്ടിച്ചുകളഞ്ഞു. ഒരു പ്രണയസല്ലാപത്തിൻറെ ഇങ്ങേയറ്റത്ത് കാമുകന് മുന്നിലേക്ക് തുറന്ന് വച്ച മൊബൈൽ ഫോൺ കാമറയിലൂടെ തൻറേതെല്ലാം പങ്ക് വയ്ക്കുന്ന പെൺകുട്ടി. ആദ്യം ഉണ്ടായ ഷോക്കിൽ നിന്ന് മുക്തനായപ്പോൾ അയാളിലെ ഉള്ളിലെ സൂത്രശാലിയുണർന്നു. മൊബൈൽ ഫോണിൽ ആ ദൃശ്യങ്ങൾ അയാൾ ഒപ്പി എടുക്കാൻ തുടങ്ങി. തനിക്കു മുന്നിൽ തുറന്നിരിക്കുന്ന മറ്റൊരു കാമറ കണ്ണ് കാണാതെ അവൾ തൻറെ പ്രേമസല്ലാപം തുടർന്നു. ആ കാഴ്ച അവിടെ ഉപേക്ഷിച്ചു പോരാൻ മനസ്സു വന്നില്ലെങ്കിലും ഉദയ സൂര്യൻറെ വരവിനെ ഭയന്ന അയാൾ പതിയെ താഴെയിറങ്ങി തൻറെ താവളത്തിലേക്ക് നടന്നു.

             റൂമിൽ പോയി കുറേയേറെ തവണ ആ വീഡിയോ ഫോണിൽ കണ്ട് കഴിഞ്ഞ അരവിന്ദൻറെയുള്ളിൽ അതുവരെ തോന്നിയിട്ടില്ലാത്ത ചില വികാരങ്ങൾ നിറഞ്ഞ് കവിയാൻ തുടങ്ങി. അയാളുടെ മനസ്സ് കുടില തന്ത്രങ്ങൾ മെനഞ്ഞു. അടുത്ത ദിവസം അയാൾ ആ പെൺകുട്ടിയെ പിൻതുടർന്നു. തഞ്ചത്തിനൊത്ത് കിട്ടിയപ്പോൾ താൻ കണ്ട കാഴ്ചകളെപ്പറ്റി അവളോട് പറഞ്ഞു. എല്ലാം നിഷേധിച്ച് ഒഴിഞ്ഞ് മാറാൻ തുടങ്ങിയ അവൾക്ക് ചുറ്റും ആ കാമറ ദൃശ്യങ്ങൾ ഇരുമ്പ് വേലി തീർത്തു. അവൾ പൊട്ടിക്കരഞ്ഞു. ഒരു ഒത്തു തീർപ്പിന് അരവിന്ദൻ തയ്യാറായിരുന്നു. ആ വീഡിയോ ഡെലീറ്റ് ചെയ്യുന്നതിന് പകരമായി അവളെയാണ് അരവിന്ദൻ ആവശ്യപ്പെട്ടത്. പക്ഷേ ആ പെൺകുട്ടി അതിന് തയ്യാറല്ലായിരുന്നു. താൻ ഒരു പ്രണയത്തിലാണ്, ജീവനെക്കാളേറെ സ്നേഹിക്കുന്ന കാമുകൻറെ നിർബന്ധത്തിനുമുന്നിൽ തനിക്കങ്ങനെ ചെയ്യേണ്ടി വന്നതാണ്. ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും അവനോടൊപ്പം മതിയെന്നവൾ ഉറപ്പിച്ചിരുന്നു. ആ നിലപാട് പ്രതീക്ഷിച്ച് തന്നെയാണ് അരവിന്ദൻ അതാവശ്യപ്പെട്ടതും. തൻറെ വഴിക്ക് വന്നില്ലെങ്കിൽ ആ വീഡിയോ ലോകം മുഴുവൻ കാണുമെന്ന ഭീഷണി മുഴക്കി അവൾക്ക് ചിന്തിക്കാൻ ഒരു ദിവസത്തെ സമയവും നൽകി അരവിന്ദൻ പോയി. പക്ഷേ ഒറ്റ ദിവസം കൊണ്ട് ഒരു അനുകൂല മറുപടി അരവിന്ദൻ പ്രതീക്ഷിച്ചിരുന്നില്ല, മാത്രവുമല്ല അവളെ കൂടുതൽ സമ്മർദ്ദത്തിലാക്കുവാനും അയാൾ തീരുമാനിച്ചു. അതിൻറെ ഭാഗമായി പിന്നീട് കുറച്ച് ദിവസത്തേക്ക് അവൾക്ക് മുന്നിലേക്ക് അയാൾ പോയതേയില്ല.

              കുറച്ച് ദിവസങ്ങൾക്കിപ്പുറം ഒരു രാത്രി തൻറെ ചില കൂട്ടുകാരുമായി ഒത്തുകൂടിയപ്പോൾ അവരാണ് ഫോണിലെത്തിയ പുതിയൊരു ചൂടൻ വീഡിയോ അരവിന്ദന് കാണിച്ച് കൊടുത്തത്. ആ വീഡിയോയിലെ പെൺകുട്ടിയെ ഒറ്റ നോട്ടത്തിൽ അരവിന്ദൻ തിരിച്ചറിഞ്ഞു.

           ചതി അരവിന്ദൻറെ മനസ്സ് പിറുപിറുത്തു.  അന്ന് രാത്രി താൻ കണ്ട ദൃശ്യങ്ങൾ അതിനേക്കാൾ വ്യക്തമായ മറ്റൊരു ആങ്കിളിൽ തനിക്ക് മുന്നിൽ കണ്ട അരവിന്ദന് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. ആ രംഗങ്ങൾ ആഘോഷമാക്കിയ സുഹൃത്തുക്കൾ പറഞ്ഞ കമൻറുകളൊന്നും അരവിന്ദൻ കേട്ടില്ല. അയാൾ അവിടെ നിന്നുമിറങ്ങി, യാന്ത്രികമായി നടക്കുകയായിരുന്നു. ആ നടപ്പ് അവസാനിച്ചത് അവളുടെ വീടിന് മുന്നിലായിരുന്നു. അകത്ത് അടക്കിപ്പിടിച്ച കരച്ചിലുകൾ കേൾക്കാമായിരുന്നു. മുറ്റത്ത് കുറച്ചാളുകൾ കൂടി നിൽപ്പുണ്ടായിരുന്നു. വീടിൻറെ തെക്കുവശത്തായി ഇരുട്ടിൽ തിളങ്ങുന്ന കനലുകൾ അയാളെ വല്ലാതെ ഭയപ്പെടുത്തി. ഇടയ്ക്ക് പതിയെ വീശിയ കാറ്റിൽ കനലുകളിൽ നിന്നും തീജ്വാലകൾ ഉയർന്നപ്പോൾ ആ വെളിച്ചത്തിൽ അടുത്തൊരു ചെറിയ മരത്തിൽ കെട്ടിവച്ചിരിക്കുന്ന പുഷ്പചക്രങ്ങൾ അരവിന്ദൻ കണ്ടു. അടുത്തടുത്തായി എരിയുന്ന രണ്ട് ചിതകൾ.

           മകളുണ്ടാക്കിയ ഈ അപമാനം സഹിച്ച് ആ അച്ഛനുമമ്മയും എങ്ങനെ ഈ നാട്ടിൽ ജീവിക്കും. അതാവും ഈ കടും കൈ ചെയ്യൻ അവരെ പ്രേരിപ്പിച്ചത്. കഷ്ടമായിപ്പോയി..... ഇതൊക്കെ കാട്ടിക്കൂട്ടി വയ്ക്കുന്ന പിള്ളേർക്കിതേപ്പറ്റി വല്ല ചിന്തയുമുണ്ടോ. ആവർത്തിക്കപ്പെടുന്ന കെണികളിൽ പോയി തല വച്ചു കൊടുക്കുവല്ലേ.... ഒരോ ദിവസവും പുതിയ പുതിയ കഥകൾ.... എത്ര കണ്ടാലും കേട്ടാലും ആരും പഠിക്കില്ല....... അതിരിക്കട്ടെ നിങ്ങളാരെങ്കിലും ആ വീഡിയോ കണ്ടോ?  ഉണ്ടെങ്കിൽ നമ്മുടെ ഗ്രൂപ്പിൽ കൂടി ഒന്ന് ഷെയറ് ചെയ്യണേ..... .....

         ആ വീട്ടിൽ നിന്നും ഇറങ്ങി അരികിലൂടെ നടന്ന് പോയവരുടെ സംസാരം അരവിന്ദൻ മറഞ്ഞ് നിന്നാണ് കേട്ടത്. പതിയെ മുറ്റത്തെ ചെറിയ ആൾക്കൂട്ടം പിരിഞ്ഞ് പോയി. അരവിന്ദൻ ഇരുളിൽ കാത്ത് നിന്നു. ഒറ്റപ്പെട്ടുപോയ അവൾക്കൊരു ജീവിതം കൊടുക്കാൻ തനിക്കാവുമെന്ന് അയാൾ വിശ്വസിച്ചു. ആ നാണക്കേടുകളിൽ നിന്നും അവളെ രക്ഷിക്കാൻ അല്ലാതെയാരും വരില്ലല്ലോ .

         വീട്ടിലെ വിളക്കുകൾ അണഞ്ഞതിന് ശേഷം മുൻപൊരിക്കൽ കയറിയ അതേ വഴിയിലൂടെ അരവിന്ദൻ അവളുടെ മുറിക്ക് മുകളിലെത്തി. പതിയെ ഒരു ഓട് നീക്കിയ അരവിന്ദൻ താഴെയുള്ള കാഴ്ച കണ്ട് നടുങ്ങി. മുറിയിൽ മേശപ്പുറത്ത് ഒരു കടലാസ് കഷ്ണത്തിന് മുകളിൽ കുറേയധികം ഗുളികകൾ, ആ കടലാസിൽ എന്തോ എഴുതിയിട്ടുണ്ട്. . ഒരു ഭ്രാന്തിയെപ്പോലെ മുടിയഴിച്ചിട്ട് ജനാലക്കമ്പിയിൽ പിടിച്ച് നിൽക്കുന്ന ആ പെൺകുട്ടി പെട്ടെന്ന് വന്ന് ആ ഗുളികകൾ വാരി തൻറെ വായിലേക്കിട്ട് ജഗ്ഗിലെ വെള്ളം കുടിച്ചു. അത്രയും ഗുളികകൾ ഒന്നിച്ച് വിഴുങ്ങാൻ അവൾ നന്നേ പാടു പെടുന്നുണ്ടായിരുന്നു.  അരവിന്ദൻ രണ്ടാമതൊന്നാലോചിക്കാതെ ഓടിളക്കി താഴേക്ക് ചാടി. നടുങ്ങിപ്പോയ ആ പെൺകുട്ടി അരവിന്ദനെ തിരിച്ചറിഞ്ഞതും അയാളുടെ ഷർട്ടിന് കുത്തിപ്പിടിച്ച്  അലറാൻ ശ്രമിച്ചു. പക്ഷേ അപ്പോഴവളുടെ ശബ്ദം പുറത്തേക്ക് വന്നില്ല.

           കുട്ടീ ഞാനല്ല അത് ചെയ്തത്. നിൻറെ കാമുകൻ തന്നെ നിന്നെ ചതിച്ചതാണ്.

          അരവിന്ദൻ പറഞ്ഞതൊന്നും അംഗീകരിക്കാൻ അവൾ തയ്യാറായിരുന്നില്ല. എൻറെ ജീവിതം തകർത്ത ദുഷ്ടാ നിന്നെ ഞാൻ വെറുതേ വിടില്ല. നീ കാരണം എൻറെ അച്ഛനുമമ്മയും പോയി, നീ കാരണം എന്നെ ജീവനെക്കാളേറെ സ്നേഹിച്ച കാമുകൻ ഉപേക്ഷിച്ചു പോയി എനിക്കിനി ആരുമില്ല.അവൾ ഭ്രാന്തമായി പുമ്പുകയായിരുന്നു.

         കുട്ടീ ഞാൻ പറയുന്നത് മനസിലാക്കു, ഞാനല്ല അത് ചെയ്തത്. എന്നെ വിശ്വസിക്കു.

       അരവിന്ദന് ചെവി കൊടുക്കാൻ അവൾ തയ്യാറല്ലായിരുന്നു. മരിക്കുന്നതിന് മുൻപ് ദൈവമാ നിന്നെ എൻറെയടുത്തെത്തിച്ചത്. നിന്നെ ഞാൻ വെറുതേ വിടില്ലആത്രയും പറഞ്ഞവൾ ഉറക്കെ നിലവിളിച്ചു. ഇത്തവണ ആ ശബ്ദം രാത്രിയുടെ നിശബ്ദതയിൽ നന്നായി മുഴങ്ങി. അവളുടെ പിടി തൻറെ കഴുത്തിൽ അമരുന്നതും നീട്ടിവളർത്തിയ നഖങ്ങൾ തൻറെ കഴുത്തിൽ ചോരയുടെ നനവ് പടർത്തുന്നതും അരവിന്ദനറിഞ്ഞു. അപ്പോഴവൾക്ക് വല്ലാത്ത കരുത്തായിരുന്നു. കുതറിയോടാനുള്ള അരവിന്ദൻറെ ശ്രമം മുറ്റത്ത് ആരുടെയൊക്കെയോ കൈകളിൽ അവസാനിച്ചു. ആ നിലവിളിയിൽ കുറച്ചധികം ആൾക്കാർ ഓടികൂടിയിരുന്നു.

          ഇയാളാണ് എന്നെ ഭീഷണിപ്പെടുത്തി അന്ന് ആ വീഡിയോ ഷൂട്ട് ചെയ്യിച്ചത്. ഇയാളാണ് എല്ലാത്തിനും കാരണം. ഇയാളിപ്പോൾ എന്നെയും കൊല്ലാൻ വന്നതാ. എന്നെയും കൊല്ലാൻ വന്നതാ.... ദുഷ്ടനാണിയാൾ ഞങ്ങളുടെ കുടുംബം തകർത്ത ദുഷ്ടൻ

          അവൾ വിളിച്ച് പറഞ്ഞത് കേട്ട് അരവിന്ദൻ നടുങ്ങി. അത്രയും പറഞ്ഞ് ആ പെൺകുട്ടി തളർന്ന് വീണു. ആരൊക്കെയോ ചേർന്ന് അവളെ താങ്ങിയെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടു പോയി. അതോടെ അവിടെ നിന്ന മുഴുവൻ ആൾക്കാരുടെയും നോട്ടം തന്നിലേക്കായത് അരവിന്ദൻ അറിഞ്ഞു. കേട്ടറിഞ്ഞ് കൂടുതൽ പേരെത്തുന്നുണ്ടായിരുന്നു.

          ശരീരത്തിലെ ഒരോ അണുവിലും കുത്തിനോവിക്കുന്ന വേദനയുമായി അരവിന്ദൻ കണ്ണ് തുറന്നത് 3 ദിവസത്തിനു ശേഷമായിരുന്നു. ആശുപത്രിക്കിടക്കയിലായിരുന്നു അയാളപ്പോൾ, കാവലിന് പോലീസുകാരും.

       പിന്നെ അന്വേഷണത്തിൻറെയും വിചാരണയുടെയും കാലം. ഒടുവിൽ 5 വർഷത്തെ ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും ആരോഗ്യം ക്ഷയിച്ചിരുന്നു. രൂപം തന്നെ വല്ലാതെ മാറിപ്പോയിരുന്നു. നാട്ടുകാരുടെ തല്ലിൻറെ ഗുണം. അതിൽ സഹതാപം തോന്നിയിരുന്നത് കൊണ്ടാകും പോലീസുകാരുടെ വക തല്ല് കുറഞ്ഞ് പോയതെന്ന് അരവിന്ദന് തോന്നിയിട്ടുണ്ട്. കിഡ്നിയും കരളുമൊക്കെ പോക്കാണെന്നാണ് ജയിലിൽ വച്ച് പരിശോധിച്ച ഡോക്ടറും പറഞ്ഞത്. സ്വന്തവും ബന്ധവുമെന്ന് പറയാൻ ആരുമില്ലാത്ത അരവിന്ദൻ  മറ്റൊരു നാട്ടിലേക്ക് ചേക്കേറി. ഒരു ഹോട്ടലിൽ സപ്ലൈയറും പാത്രം കഴുകലുമൊക്കെയായി ജീവിച്ചു പോകുന്നു. ആകാശത്തിലെ പറവകളെപ്പോലെ വിതയ്ക്കാനും കൊയ്യാനും നില്ക്കാതെ അന്നന്നത്തെ അന്നത്തിനായി ജീവിക്കുന്നതിനിടയിലെ കൊച്ചു കൊച്ചു സന്തോഷങ്ങളാണ് ഈ സെക്കൻറ് ഷോ. എല്ലാ വെള്ളിയാഴ്ചകളിലും സെക്കൻറ് ഷോയ്ക്ക് അരവിന്ദൻ കയറിയിരിക്കും.

         പക്ഷേ  ഇന്ന് അരവിന്ദന് സിനിമയ്ക്ക് കയറാൻ തോന്നിയില്ല. അയാൾ ആ പെണ്ണും ഭർത്താവും അകത്തേക്ക് പോകുന്നത് നോക്കി നിന്നു. അവൾ ഇടയ്ക്കിടെ തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു. ഈ മുഖം അവളുടെ ഓർമ്മകളിൽ തിരയുകയാവാം. സിനിമ കഴിയുന്നത് വരെ അരവിന്ദൻ കാത്തിരുന്നു.

            ജയിലിൽ കിടക്കുമ്പോഴും ആ പെൺകുട്ടിയെക്കുറിച്ച് അറിയാനുള്ള ആഗ്രഹം അരവിന്ദൻറെ മനസിലുണ്ടായിരുന്നു. അവൾ മരണത്തിലേക്ക് പോകുമോ എന്നയാൾ ഭയന്നിരുന്നു. പക്ഷേ സുമനസ്സുകളായ ആരൊക്കെയോ അവളുടെ വിദ്യാഭ്യാസവും മറ്റ് ചിലവുകളും ഏറ്റെടുത്തതായും നല്ലോരു തുക അവളുടെ ഭാവി സുരക്ഷിതമാക്കാനായി ബാങ്കിൽ നിക്ഷേപിച്ചതായും അങ്ങനെ കുറേപ്പെരുടെ സ്നേഹത്തണലിൽ അവൾ സസുഖം കഴിയുന്നതായും അറിഞ്ഞു.  പിന്നെയറിഞ്ഞത് അവളുടെ വിവാഹം  കഴിഞ്ഞ വാർത്തയായിരുന്നു. വലിയ അപമാനം നേരിട്ടിട്ടും ആ പെണ്ണിനെ കെട്ടാൻ  സന്നദ്ധനായ അവളുടെ കാമുകൻറെ ത്യാഗത്തെ നാട്ടാരെല്ലാം വാഴ്ത്തിപ്പാടിയത്രേ. സോഷ്യൽ മീഡിയ കാമുകൻറെ സ്നേഹത്തെ പ്രശംസകൾ കൊണ്ട് പോതിയുകയായിരുന്നത്രേ. പിന്നീടൊരിക്കലും അവളെക്കുറിച്ച് അരവിന്ദൻ ഒന്നും തിരക്കിയില്ല.

          സിനിമ കഴിഞ്ഞ്  പുറത്തിറങ്ങി വരുന്ന ആൾക്കാർക്കിടയിൽ അവളുടെ മുഖം അരവിന്ദൻ തിരഞ്ഞു. ചിരിച്ച് സംസാരിച്ചുകൊണ്ട് അയാളുടെ കൈപിടിച്ച് അവളൊരു കാറിന് അരികിലേക്ക് നീങ്ങി. കാറിൽ കയറാൻ തുടങ്ങിയപ്പോഴാണ് അയാളുടെ ചുമലിൽ ചാഞ്ഞ് കിടന്ന കുട്ടി ഉണർന്ന് കരയാൻ തുടങ്ങിയത്. അവനെ മൂത്രമൊഴിപ്പിക്കാനായി അയാൾ ബാത്ത് റൂമിലേക്ക് കൊണ്ടുപോയി. കാറിനരികിൽ അവൾ ഒറ്റയ്ക്കായപ്പോൾ അരവിന്ദൻ അവൾക്കരികിലേക്ക് ചെന്നു.

          തൻറെയരികിൽ തുറിച്ച് നോക്കി നിൽക്കുന്ന ആ കണ്ണുകൾ അപ്പോൾ അവൾ തിരിച്ചറിഞ്ഞു. അവളുടെ കാലുകൾ ഭൂമിയിലുറച്ച് പോയി. അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞു. പരിഹാസം കലർന്ന ചിരിയോടെ അരവിന്ദൻ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.

                ഞാൻ കള്ളനായിരുന്നു. പക്ഷേ ചതിയനല്ലായിരുന്നു.

      അവൾ ചുറ്റിനും നോക്കി, അരവിന്ദൻ ആക്രമിച്ചേക്കുമെന്ന് അവൾ ഭയന്നു. തൻറെ ഭർത്താവ് വേഗം വരണേ എന്നവൾ പ്രാർത്ഥിച്ചു.

          നീയെന്താ ഒന്നും മിണ്ടാത്തത് ? “

           അവൾ പ്രതിമ കണക്കേ നിൽക്കുകയായിരുന്നു. കുഞ്ഞിനെയും കൊണ്ട് നടന്നു വരുന്ന ഭർത്താവിനെ കണ്ടതും അവൾ കരഞ്ഞു കൊണ്ട് അയാൾക്കരികിലേക്ക് ഓടി. ഭർത്താവിന് എന്താണ് നടന്നതെന്ന് മനസിലായില്ല. അരവിന്ദൻറെ നേർക്ക് അയാൾ കൈ ചൂണ്ടി, ഏങ്ങലടിച്ച് കരഞ്ഞു. അയാൾ കുട്ടിയെ അവളെ ഏൽപ്പിച്ച് അരവിന്ദൻറെ അടുത്തേക്ക് പാഞ്ഞെത്തി.

         ആരാ നീ ? എന്താ നീയവളെ ചെയ്തേ?”

        ഒരു പൊട്ടിച്ചിരിയായിരുന്നു അരവിന്ദൻറെ ആദ്യ പ്രതികരണം. തീയറ്ററിൽ നിന്നും ആൾക്കാർ ഏറെക്കുറേ പോയിക്കഴിഞ്ഞിരുന്നു.

           ഞാനവളെ ഒന്നും ചെയ്തില്ല. ചെയ്തതെല്ലാം നീയല്ലേ ..... ഞാൻ അരവിന്ദൻ. അവളെ ഭീഷണിപ്പെടുത്തി  അവളുടെ നഗ്ന വീഡിയോ പകർത്തി ഇൻറർനെറ്റിലൂടെ ലോകത്തെ മുഴുവൻ കാണിച്ച കള്ളൻ. അതിനുള്ള വിചാരണയും ശിക്ഷയും കഴിഞ്ഞു പുറത്തിറങ്ങിയവൻ

       അയാൾ അരവിന്ദന് മുന്നിൽ നിന്നു പരുങ്ങി. അയാൾക്കരികിലേക്ക് അവളും വന്നു. അരവിന്ദൻ അയാളുടെ ഷർട്ടിന് കുത്തിപ്പിടിച്ച് രണ്ട് ചെകിട്ടത്തും അഞ്ഞടിച്ചു. പിന്നെ പിടിവിട്ട് തിരിഞ്ഞ് നടന്നു. അൽപം നടന്ന ശേഷം  തിരിഞ്ഞ് നിന്ന് അരവിന്ദൻ അവളോടായി പറഞ്ഞു.

             എന്തിനാണ് തല്ല് വാങ്ങിയതെന്ന് നിൻറെ ഭർത്താവിനോട് ചോദിക്കണം. അതിനുള്ള ഉത്തരം അവൻ നിനക്ക് പറഞ്ഞ് തന്നില്ലെങ്കിൽ ഒരിക്കൽ കൂടി ഞാൻ വരും...... അത് തല്ലാനായിരിക്കില്ല.

                     ഒരു താക്കിതായി പറഞ്ഞുകൊണ്ട് അരവിന്ദൻ ഇരുളിലേക്ക് നടന്നകന്നു.........

 

രഞ്ജിത് വെള്ളിമൺ

4 comments:

  1. പരിചിതമായവിഷയത്തെ കൈയടക്കത്തോടെ അവതരിപ്പിച്ചു നന്നായിട്ടുണ്ട് ������

    ReplyDelete
  2. Avalku ennitum oru koosal illallo....👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    ReplyDelete
  3. നന്നായിട്ടുണ്ട്

    ReplyDelete

Type your valuable comments here