July 07, 2021

ശരശയ്യയിൽ നിന്നും ...

Sarasayyayil Ninnum


             ഗംഗാദത്തൻ മരിച്ചു. പഞ്ചായത്ത് സെക്രട്ടറിയുടെ മരണവാർത്തയറിഞ്ഞ് അദ്ദേഹത്തിൻറെ വീട്ടിലേക്ക് അനുശോചന പ്രവാഹമായിരുന്നു. ആ അനുശോചനങ്ങളൊക്കെ കേട്ട് തെക്കേ മുറ്റത്തെ മാവിൻറെ ചില്ലയിൽ താടിക്ക് കൈയ്യും കൊടുത്തിരുന്ന സെക്രട്ടറിയുടെ ആത്മാവ് ആകെ ആശങ്കയിലായിരുന്നു, പോകേണ്ടി വരുന്നത് നരകത്തിലേക്കോ? സ്വർഗ്ഗത്തിലേക്കോ? യമകിങ്കരൻറെ വരവിനായി അദ്ദേഹം കാത്തിരുന്നു. ഏറെ നേരം കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ താഴെ ചിതയിലെ കനലുമണഞ്ഞ് ആൾക്കാരും പിരിഞ്ഞ് പോയി ശിരിക്കും ശ്മശാനമൂകതയായപ്പോഴാണ് കാലകിങ്കരൻ പോത്തുമായെത്തിയത്. ആ പോത്തിൻറെ കിതച്ചുകൊണ്ടുള്ള വരവ് കണ്ടപ്പോഴെ സെക്രട്ടറിക്ക് ഭയം തോന്നി. ആൾക്കാരെ കുത്തി നിറച്ച് കെ.എസ്.ആർ.ടി.സി ബസിനെപ്പോലെയാണ് അത് വരുന്നത്. അതിൻറെ വായിലൂടെ ഐസ്ക്രീം കണക്കെ പതയൊഴുകുകയാണ്. അന്തം വിട്ട് നിന്ന സെക്രട്ടറിയോട് കിങ്കരൻ കയറിക്കോളാൻ പറഞ്ഞു. കിട്ടിയ ഇത്തിരി ഗ്യാപ്പിൽ എങ്ങനെയോ കയറിപ്പറ്റി. പോത്ത് കിതച്ച് കൊണ്ട് യമലോകത്തേക്ക് യാത്രയായി.

               ഒരുവിധത്തിൽ യമലോകത്തിൻറെ കവാടത്തിലെത്തിയ സെക്രട്ടറിക്ക് അഭയാർത്ഥി ക്യാംപ് പോലെയാണ് തോന്നിയത്. ധാരാളം ആൾക്കാർ തിക്കും തിരക്കും കൂട്ടുന്നു. യമകിങ്കരൻ മാർ തിരക്ക് നിയന്ത്രിക്കാൻ വല്ലാതെ പാടു പെടുന്നു. ചിത്രഗുപ്തൻ വിയർത്ത് കുളിച്ച് തൻറെ കണക്ക് പുസ്തകവുമായി ഓടിപ്പാഞ്ഞ് നടക്കുന്നു. അയാൾ ഭ്രാന്തനെപ്പോലെ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. നടുവിലുള്ള ഉയർന്ന പീഠത്തിൽ കയറി നിന്ന് തിരക്ക് നിയന്ത്രിക്കാനുള്ള ചിത്രഗുപ്തൻറെ ശ്രമങ്ങളൊന്നും തന്നെ ഫലപ്രാപ്തിയിലെത്തുന്നുണ്ടായിരുന്നില്ല.

      നീയൊക്കെ വിവരമുള്ളവർ പറഞ്ഞതൊന്നും ചെവിക്കൊള്ളാതെ തിക്കം തിരക്കും കൂട്ടി കൊറോണയുടെ അണ്ണാക്കിൽ ചെന്ന് കയറിയത് കാരണമാ കാലൻറെ കണക്കിൽപ്പെടാത്ത കുറേയെണ്ണത്തിന് അകാലത്തിൽ ഇവിടേക്ക് ഇടിച്ച് കയറി വന്ന് ഇങ്ങനെ കാത്തു കിടക്കേണ്ടി വന്നത്, എന്നിട്ടും ആരും ഒരു പാഠവും പഠിക്കാത്തതെന്താ. ഇതിപ്പോ കൃത്യമായി വിചാരണ നടത്തി നരകത്തിലേക്കും സ്വർഗത്തിലേക്കും ആൾക്കാരെ ഞാനെങ്ങനെ അയക്കും, ഇനി ഈ ബഹളം കേട്ട് കാലനെങ്ങാനും വന്നാൽ എൻറെ കാര്യം പോക്കാണല്ലോ. എന്തൊരു നാശമാ ഇത്.

        ചിത്രഗുപ്തൻ ഭയന്നത് പോലെ സംഭവിച്ചു. ഈ കോലാഹലങ്ങളൊക്കെ കേട്ട് ഉറങ്ങാൻ കഴിയാത്തതിനാൽ കോപാക്രാന്തനായി കാലൻ ഇറങ്ങി വന്നു. ചിത്രഗുപ്തനെ കണക്കിന് ശകാരിച്ചു.

        ഇരുപത്തിനാല് മണിക്കൂറിനകം ഇവിടെയുള്ള മുഴുവൻ ആൾക്കാരെയും സ്വർഗ്ഗത്തിലോ നരകത്തിലോ എവിയെയാണെന്ന് വച്ചാൽ പറഞ്ഞ് വിട്ട് റിപ്പോർട്ട് എൻറെ മേശപ്പുറത്ത് വച്ചിരിക്കണം. അല്ലേൽ തന്നെയായിരിക്കും ഞാൻ തിളച്ച എണ്ണയിലിട്ട് പൊരിക്കാൻ പോകുന്നത്.താക്കിതും നൽകി കാലൻ പോയതും   തളർന്നവശനായി ചിത്രഗുപ്തൻ പീഠത്തിലിരുന്നു, കണ്ണുകൾ നിറഞ്ഞൊഴുകി.  സെക്രട്ടറി അൽപം ഭയത്തോടെയാണെങ്കിലും അദ്ദേഹത്തിനരികിലേക്ക് ചെന്നു.

          സാർ ഞാൻ ഗംഗാദത്തൻ, ഇന്ന് മരിച്ച് വന്നതാണ്. ഇവിടുത്തെ കാര്യങ്ങളൊന്നും എനിക്കറിയില്ല. ഞാനെങ്ങോട്ടാണ് പോകേണ്ടതെന്ന് പറയാമോ?” സെക്രട്ടറിയുടെ ചോദ്യം കേട്ട് ഇവനാരെടാ ഇതിനിടയിൽ എന്ന ഭാവത്തിൽ ചിത്രഗുപ്തൻ തലയുയർത്തി നോക്കി.

          ഇന്നലെയും മിനഞ്ഞാന്നും വന്നവരുടെ കാര്യത്തിൽ ഇവിടെ ഇതുവരെ തീരുമാനമായില്ല. അപ്പോഴാ ഇപ്പോ വന്നവൻ. നിങ്ങൾക്കൊന്നും എൻറെ തിരക്കും ബുദ്ധിമുട്ടും കാണാൻ കഴിയുന്നില്ലേ. അൽപം പോലും വിശ്രമമില്ലാതെ ഓടി നടന്ന് ഞാൻ തളർന്നു. സാധാരണ ഗതിയിലുള്ള മരണങ്ങളാണെങ്കിൽ ഞാൻ ഒരു വിധം എല്ലാം കൈകാര്യം ചെയ്തേനെ. ഇതിപ്പോ ആൾക്കാർ കോവിഡിൻറെ വായിൽ ചെന്ന് കയറി കാലം തെറ്റി കൂട്ടത്തോടെ വരുന്ന കാരണം എൻറെ മുഴുവൻ കണക്ക് കൂട്ടലുകളും തെറ്റി. ഇവിടെ ഞാനും ഈ കിങ്കരൻമാരും ചേർന്ന് എന്തൊക്കെ പണികളാണ് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയുമോ? മരണാനന്തരം ഇവിടെയെത്തുന്ന ഒരോരുത്തരുടെയും പ്രവർത്തിയിലെ ശരിതെറ്റുകൾ കൂട്ടിയും കുറച്ചും സ്വർഗത്തിലേക്ക് വിടണോ നരകത്തിലേക്ക് വിടണോ എന്ന് ആദ്യം തീരുമാനിക്കണം. ഇനി നരകത്തിലാണ് വിടുന്നതെങ്കിൽ തിളച്ച എണ്ണയിലിടണോ, പോത്തിനെ കൊണ്ട് ചവിട്ടിക്കണോ, തിളച്ച വെള്ളത്തിലിട്ട് പുഴുങ്ങണോ, മുതലക്കുളത്തിലെറിയണോ, അട്ടയ്ക്ക് തിന്നാൻ കൊടുക്കണോ എന്നിങ്ങനെ ശിക്ഷ തീരുമാനിക്കണം. അഥവാ സ്വർഗത്തിലേക്കാണെങ്കിൽ എന്തൊക്കെ സൗകര്യങ്ങളൊരുക്കണം, കിടക്കാൻ മേഘപ്പുതപ്പുള്ള കട്ടിൽ വേണോ, ഭക്ഷണത്തിന് സ്വർണ്ണത്തളിക വേണോ, സോമരസം എത്ര അളവിൽ നൽകണം, അപ്സരസ്സുകളുടെ നൃത്തം അനുവദിക്കണോ അങ്ങനെയുള്ളവ തീരുമാനിക്കണം. ഇതിനൊക്കെയനുസരിച്ച് ഓരോരുത്തരെയും അതാതിടങ്ങളിലേക്ക് വിടണം. പിന്നെ ഇതിനിടയിൽ തന്നെ പുതുതായി ഇവിടേക്ക് ഭൂമിയിൽ നിന്ന് കൊണ്ടുവരേണ്ടവരുടെ ലിസ്റ്റ് കിങ്കരൻമാർക്ക് നൽകണം, അങ്ങനെ അവർ കൊണ്ടു വരുന്നവരുടെ ഇടയിൽ ലിസ്റ്റിൽ പെടാത്തവരുണ്ടാകും, ഈ പറഞ്ഞപോലെ കോവിഡിന് തല വച്ചവർ, ബൈക്കിൽ ചീറിപ്പാഞ്ഞ് ലോറിക്കടിയിൽ കയറുന്നവർ, ട്രെയിന് തല വയ്ക്കുന്നവർ തുടങ്ങി പലവിധം, അപ്പോ പിന്നെ അങ്ങനെയുള്ളവരുടെ കണക്ക് പ്രത്യേകം ഉണ്ടാക്കണം. പിന്നെ ഇതൊക്കെ ഇനം തിരിച്ച് സ്വർഗത്തിലെയും നരകത്തിലെയും ചുമതലക്കാർക്ക് പട്ടിക നൽകണം, പിന്നെ കാലന് വിശദമായ റിപ്പോർട്ട് നൽകണം. എല്ലാം ചെയ്യാൻ ഞാനും ഈ കാണുന്ന അഞ്ചാറ് കിങ്കരൻമാരും. പറഞ്ഞ് തീർന്നതും ചിത്രഗുപ്തൻ വല്ലാതെ കിതയ്ക്കാൻ തുടങ്ങി.

           സാറിൻറെ ബുദ്ധിമുട്ടുകൾ എനിക്ക് മനസിലാകും, വിരോധമില്ലെങ്കിൽ ഞാൻ സാറിനെ സഹായിക്കാം. എന്തായാലും ഈ പറഞ്ഞതനുസരിച്ചാണേൽ എൻറെ നമ്പരെത്താൻ കുറച്ച് വൈകുമല്ലോ. അതു വരെ.....മടിച്ച് മടിച്ചാണ് ഗംഗാദത്തൻ അത്രയും  പറഞ്ഞത്. ചിത്രഗുപ്തൻ അൽപം ആശ്ചര്യത്തോടെ സെക്രട്ടറിയെ നോക്കി.

           വർഷങ്ങളുടെ പ്രവൃത്തി പരിചയമുള്ള ഞാനും ഈ കിങ്കരൻമാരും ഇവിടെ കിടന്ന് നക്ഷത്രമെണ്ണുന്നു, അവിടെ ഇന്ന് വന്ന താങ്കൾ എന്ത് ചെയ്യാനാണ്.? “

          ചിത്രഗുപ്തൻറെ ചോദ്യത്തിന് ഇതൊക്കെയെന്ത്, എന്നൊരു നിഗൂഢഭാവമാണ് ഗംഗാദത്തൻറെ മുഖത്ത് വിരിഞ്ഞത്.

     ഇവിടുത്തെ തിരക്കുകളിൽ അങ്ങ് വല്ലാതെ ക്ഷീണിച്ചിരിക്കുകയാണ്. അൽപം വിശ്രമം അങ്ങേയ്ക്കാവശ്യമാണ്. അനിവാര്യമായ ആ വിശ്രമവേളയിൽ ഞാൻ ഇവിടുത്തെ കാര്യങ്ങൾ കൈകാര്യം ചെയ്തുകൊള്ളാം. എന്നെ താങ്കൾക്ക് വിശ്വസിക്കാം.

      സെക്രട്ടറിയുടെ ആത്മവിശ്വാസത്തിൽ എന്തോ പ്രതീക്ഷ തോന്നിയ ചിത്രഗുപ്തൻ തൻറെ കണക്ക് പുസ്തകം സെക്രട്ടറിയുടെ കൈയ്യിൽ കൊടുത്തിട്ട്  വിശ്രമ മുറിയിലേക്ക് പോയി...

         ഉണർന്ന് സമയം നോക്കിയപ്പോഴാണ് താൻ കുറച്ചധികം നേരം ഉറങ്ങിപ്പോയതായി ചിത്രഗുപ്തന് മനസിലായത്. എല്ലാം ആകെ കുളമായികാണും. ഇന്ന് തിളച്ച എണ്ണയിൽ കിടക്കേണ്ട വരുമല്ലോ എന്ന് ചിന്തിച്ച് ആധി പിടിച്ച് ചിത്രഗുപ്തൻ യമപുരിയുടെ കവാടത്തിലേക്ക് പോയി. സാധാരണ വിശ്രമമുറിയിലിരുന്നാൽ പോലും അവിടുത്തെ ശബ്ദകോലാഹലങ്ങൾ കേൾക്കാറുള്ളതായിരുന്നു. ഇപ്പോൾ ബഹളം കേൾക്കാത്തതെന്തെന്ന് ചിത്രഗുപ്തൻ ആലോചിച്ചു. വാതിൽ തുറന്ന അവിടുത്തെ കാഴ്ച കണ്ട ചിത്രഗുപ്തൻ നടുങ്ങിപ്പോയി. അവിടമാകെ ശൂന്യമായിരിക്കുന്നു. മൂലക്കൊരു മരത്തണലിൽ കിങ്കരൻമാർ കുത്തിയിരുന്നു ചീട്ടുകളിക്കുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ ആകുലനായി ചിത്രഗുപ്തൻ സെക്രട്ടറിയുടെ അരികിലേക്ക് പാഞ്ഞ് ചെന്നു. ഗംഗാദത്തൻ എന്തൊക്കെയേ എഴുതിമറിക്കുകയായിരുന്നു.

        ഇവിടെയെന്താണ് സംഭവിച്ചത്? ഇവിടെയുണ്ടായിരുന്ന ആൾക്കാരൊക്കെ എവിടെപ്പോയി?” ചിത്രഗുപ്തൻറെ ആശങ്ക ചോദ്യമായി പുറത്തേക്ക് വന്നു.

       സാർ അവരെയൊക്കെ യഥാവിധി സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും അയച്ചിട്ടുണ്ട്. ദാ അതിൻറെ ലിസ്റ്റ് . സെക്രട്ടറി തനിക്ക് നേരെ നീട്ടിയ ലിസ്റ്റ് കണ്ട് ചിത്രഗുപ്തൻ പകച്ച് പോയി. മുഴുവൻ പേരുടെയും ആൺ പെൺ തിരിച്ചുള്ള കണക്കുകൾ , പ്രായം തിരിച്ചുള്ള പട്ടികകൾ, നരകത്തിൽ അയച്ചവരുടെ ശിക്ഷ കുറ്റങ്ങൾ തിരിച്ചും ശിക്ഷ തിരിച്ചുമുള്ള പട്ടികകൾ. നരകത്തിൽ ആത്മാക്കളെ വറുത്തുകോരാനുള്ള എണ്ണയുടെയും മുതലക്കുളത്തിലേ മുതലകൾക്കുള്ള ഭക്ഷണത്തിൻറെയും കാലികമാക്കിയ സ്റ്റോക്ക് രജിസ്റ്ററുകൾ. സോമരസത്തിൻറെയും വിതരണത്തിൻറെയും സ്റ്റോക്കിൻറെയും കണക്കുകളും അപ്സരസ്സുകളുടെ ഡ്യൂട്ടി ടൈം നിർണ്ണയിച്ച ഉത്തരവ് വരേയും തയ്യാറാക്കിയിരിക്കുന്നു. ഇതിനിടയിൽ തന്നെ ഭൂമിയിൽ നിന്ന് കൂട്ടിക്കൊണ്ട വരേണ്ടവരുടെ പട്ടിക നൽകി കിങ്കരൻമാരെ അയച്ചുവെന്ന് മാത്രമല്ല, പോത്തിനുള്ള ഭക്ഷണത്തിൻറെ സ്റ്റോക്ക് വരെ കൃത്യമാക്കിയിരിക്കുന്നു.

അൽപം മാറി നിന്ന് ചിത്രഗുപ്തൻ ഗംഗാദത്തനെ അടിമുടിയൊന്ന് നോക്കി. കിങ്കരൻമാർ ചീട്ടുകളി നിർത്തി അവർക്കരികിലേക്ക് വന്നിരുന്നു. അതിലൊരുവൻ മറ്റൊരുത്തനോട് ചെവിയിൽ അടക്കം പറയുന്നത് ഗംഗാദത്തനും കേട്ടു.

       ഈ സെക്രട്ടറി ഇന്നിവിടെ ചെയ്ത ജോലികളും തയ്യാറാക്കിയ റിപ്പോർട്ടുകളും കണ്ടിട്ട് എനിക്ക് തോന്നുന്നത് സാക്ഷാൽ യമധർമ്മൻ ഇദ്ദേഹത്തിന് ഇവിടെ ഏതെങ്കിലും ഉന്നത സ്ഥാനമാനങ്ങൾ നൽകുമെന്നാണ്. അത്രയ്ക്ക് പണികളല്ലേ ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ചെയ്ത് തീർത്തത്. നരകക്കുഴിയിലെ അട്ടകളുടെ എണ്ണം നരക പാലകൻ ചോദിച്ചപ്പോൾ നിമിഷങ്ങൾക്കകം അതിൻറെ വരെ കണക്ക് ഇദ്ദേഹം കൊടുത്തുവെന്നാണ് കേട്ടത്. അത് മാത്രമോ ഇവിടെ ഈ കോലാഹലങ്ങൾക്കിടയിൽ സ്വർഗ്ഗത്തിലെ സോമരസം വിതരണം ചെയ്യുന്നതിൻറെ ചുമതല കൂടി ഇദ്ദേഹം ചെയ്തുവെന്ന് പറഞ്ഞപ്പോൾ ഞാൻ അദ്ഭുതപ്പെട്ടുപോയി.അവരുടെ സംസാരത്തിൽ നിന്നും സെക്രട്ടറിയുടെ ശ്രദ്ധ തിരിച്ചത് ചിത്രഗുപ്തൻറെ ചോദ്യങ്ങളാണ്.

     ശരിക്കും നിങ്ങളാരാണ് ? കാലങ്ങളായി ഇവിടെ തലകുത്തി മറിയുന്ന ഞാൻ  വിചാരിച്ചിട്ട് ശരിയാക്കാൻ കഴിയാത്ത കാര്യം വളരെക്കുറച്ച് സമയം കൊണ്ട് തന്നെ താങ്കൾ ശരിയാക്കിയിരിക്കുന്നു. പ്രതിഭാസമാണ് താങ്കൾ. ശരിക്കും താങ്കൾ ഭൂമിയിലെന്ത് ചെയ്യുകയായിരുന്നു.? എങ്ങനെയാണ് ഇവിടെയെത്തിയത്?”

     ചിത്രഗുപ്തൻറെ അഭിനന്ദനവാക്കുകൾ ഗംഗാദത്തൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല. നല്ലവാക്കുകൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.

     ഞാനൊരു പഞ്ചായത്ത് സെക്രട്ടറിയായിരുന്നു. അങ്ങ് ഒരു ചൊല്ല് കേട്ടിട്ടില്ലേ, നിത്യാഭ്യാസി ആനയെ എടുക്കും. അത് ഞങ്ങളുടെ കാര്യത്തിലാകുമ്പോ നിത്യാഭ്യാസി തിമിംഗലത്തെ തലയിൽ ചുമന്ന് കൊണ്ട് കരകാട്ടമാടുമെന്നാക്കാം. അത്രമാത്രം. പിന്നെ തിരക്ക്, കഴിഞ്ഞ കുറേനാളായുള്ള തിരക്കിനിടയിൽ പ്രഷറിൻറെ ഗുളിക സ്ഥിരമായി മറന്നു. ഒടുവിൽ ഹൃദയം പണിമുടക്കി ഞാനിവിടെയെത്തി.

      കൂടുതൽ കേൾക്കണമെന്നുള്ള ചിത്രഗുപ്തൻറെ ആഗ്രഹത്തിന് ഭംഗം വരുത്തിക്കൊണ്ട് സാക്ഷാൽ യമധർമ്മനെത്തി. അപ്പോഴേക്കും അദ്ദേഹത്തിന് കൊടുക്കാനുള്ള റിപ്പോർട്ടുകൾ തയ്യാറാക്കി വച്ചിരുന്നത് സെക്രട്ടറി ചിത്രഗുപ്തന് കൈമാറി. അദ്ദേഹം അത് യമരാജന് നൽകി. പതിവിൽ നിന്ന് വിപരീതമായി വ്യക്തവും വിശദവുമായ റിപ്പോർട്ടുകൾ കണ്ട യമരാജന് ആശ്ചര്യം തോന്നിയെങ്കിലും അത് പുറമേ കാണിച്ചില്ല.

          ഇന്നത്തെ കാര്യങ്ങൾ എല്ലാം കഴിഞ്ഞോ ?”

          യമരാജൻറെ ചോദ്യം അവിടെ മുഴങ്ങി.

       എല്ലാം കഴിഞ്ഞു പ്രഭോ, എല്ലാവരെയും യഥാ സ്ഥാനങ്ങളിലെത്തിച്ചിട്ടുണ്ട്ചിത്രഗുപ്തൻ ഭവ്യതയോടെ മൊഴിഞ്ഞു.

       പിന്നെയെന്താണ് ഇവിടെയൊരാൾ നിൽക്കുന്നത്. അയാളുടെ വിചാരണ കഴിഞ്ഞില്ലേ?” യമരാജൻ ഗംഗദത്തനെ നോക്കിയാണ് അത് ചോദിച്ചത്.

        അത് പിന്നെ പ്രഭോ ഈയിടെയായി ഇവിടെ വല്ലാത്ത തിരക്കാണെന്നറിയാമല്ലോ? എല്ലാം കൂടി കൈകാര്യം ചെയ്യാനാവാത്ത സ്ഥിതിയിൽ നട്ടം തിരിയുകയായിരുന്നു ഞാൻ. അപ്പോഴാണ് ഇദ്ദേഹം വന്ന് എന്നെ സഹായിച്ചത്. അത് കൊണ്ട്  ഇന്ന് എല്ലാം വളരെ നേരത്തേ തന്നെ ഭംഗിയായി പൂർത്തിയാക്കാൻ സാധിച്ചു.

         അത് കൊണ്ട് ഇവിടുത്തെ നിയമങ്ങൾ മാറ്റണമെന്നാണോ ചിത്രഗുപ്തൻ പറയുന്നത്.?” ചിത്രഗുപ്തൻറെ സംസാരം തുടരാൻ അനുവദിക്കാതെ യമരാജൻ ഇടയ്ക്ക് കയറി.

          ക്ഷമിക്കണം പ്രഭോ, ഇദ്ദേഹത്തിൻറെ സേവനം മുൻനിർത്തി കുറച്ച് ദിവസം ഇവിടെ തുടരാൻ അനുവദിക്കണംപക്ഷേ കാലൻ ആ അപേക്ഷ ചെവിക്കൊണ്ടില്ല. വിചാരണ ഉടനടി നടത്താൻ ഉത്തരവിട്ടു.

മനസില്ലാ മനസ്സോടെ ചിത്രഗുപ്തൻ കണക്ക് പുസ്തകം തുറന്നു. ഗംഗാദത്തനെ മുന്നിലേക്ക് നീക്കി നിർത്തി.

       താങ്കൾക്കെതിരേയുള്ള കുറ്റങ്ങൾ വായിക്കുകയാണ്.

         ഓരോ കുറ്റങ്ങൾ വായിക്കുമ്പോഴും സെക്രട്ടറി തൻറെ കൃത്യമായ വാദങ്ങളും ന്യായങ്ങളും  നിരത്തിയെങ്കിലും അതെല്ലാം നിഷ്കരുണം തള്ളിപ്പോയി. കുറ്റങ്ങളിൽ ഭൂരിഭാഗവും തൻറെ ഉത്തരവാദിത്തിൽ പെടുന്നതോ, തൻറെ വീഴ്ചകളോ അല്ലായിരുന്നുവെന്ന് അദ്ദേഹം ആവർത്തിച്ച് പറഞ്ഞുവെങ്കിലും ആരുമത് ചെവിക്കൊണ്ടില്ല.

         നരകത്തിലേക്കുള്ള വാതിൽ തുറക്കപ്പെട്ടു. ഇത്രനാളും ചെയ്ത നല്ലകാര്യങ്ങളും കഠിനാധ്വാനവും മനപ്പൂർവ്വം മറന്ന് കളഞ്ഞിട്ടോ, കണ്ടില്ലെന്ന് നടിച്ചോ, യാതൊരു അനുകമ്പയും ദയയും ഒന്നുമില്ലാതെ  നിയമങ്ങളുടെ ഇഴകീറി പരിശോധിച്ച വിചാരണ നടത്തി തനിക്ക് ശിക്ഷ വിധിച്ച നീതിയെ ചോദ്യം ചെയ്യാനാവാതെ പതിവുപോലെ മൗനമവലംബിച്ച് നിർവ്വികാരനായി  ശരശയ്യയിൽ നിന്നും  എരിതീയിലേക്ക് ഗംഗാദത്തൻ...........

 

രഞ്ജിത് വെള്ളിമൺ

 

No comments:

Post a Comment

Type your valuable comments here