August 08, 2021

COUNT DOWN (Novel) #14

അദ്ധ്യായം 14

 

       തൻറെ ചുറ്റിനുമുള്ളവരുടെ ആകാംക്ഷ മനസിലാക്കിയ ഹരീഷ് തനിക്കറിയാവുന്നൊരു പഴയ കഥ പറഞ്ഞു.

      "ഇരുപത്തിനാല് വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ പ്രസിദ്ധമായ ഒരു ബാല മാസിക സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു സംസ്ഥാനതല ക്വിസ് മത്സരം നടത്തി. വിജയികളാകുന്ന പത്ത് പേർക്ക് 5 ദിവസത്തെ ടൂർ പാക്കേജായിരുന്നു സമ്മാനം. അതിരപ്പള്ളി, വാഴച്ചാൽ, ഊട്ടി, മൈസൂർ, ഹംപി ഇതൊക്കെയായിരുന്നു ആ പാക്കേജിലെ പ്രധാന സ്ഥലങ്ങൾ. വളരെ മികച്ച നിലവാരത്തിലുള്ള മത്സരമായിരുന്നു. യു.പി , ഹൈ സ്കൂൾ വിഭാഗത്തിൽ വെവ്വേറെ മത്സരമായിരുന്നു. രണ്ട് വിഭാഗങ്ങളിൽ നിന്നും ആദ്യ 5 സ്ഥാനത്തെത്തുന്നവർക്കായിരുന്നു സമ്മാനം. അങ്ങനെ വിജയികളായ 10 കൂട്ടികളേയും കൂട്ടി ആ മാസികയുടെ ഉടമയും ബിസിനസ്സുകാരനുമായ കല്ല്യാണ കൃഷ്ണനും ഭാര്യയും മാസികയിലെ ചില സ്റ്റാഫുകളും ഉൾപ്പെട്ട സംഘം യാത്ര തിരിച്ചു. വിജയികളായ പത്ത് പേരിൽ ഒരാൾ കല്ല്യാണ കൃഷ്ണൻറെ രണ്ടാമത്തെ മകൾ രമ്യ ആയിരുന്നു. രമ്യയെക്കൂടാതെ ഒൻപതാം ക്ലാസുകാരിയായ സഞ്ജന മാത്രമായിരുന്നു കൂട്ടത്തിലെ പെൺസാന്നിദ്ധ്യം"

 

  കേരളത്തിനകത്തും പുറത്തുമായി വ്യത്യസ്തങ്ങളായ വിവിധ ബിസിനസ്സുകളുള്ള കല്ല്യാണകൃഷ്ണന് ഈ മാസിക പിതൃസ്വത്തായി കിട്ടിയ ഒരേയൊരു സമ്പാദ്യമായിരുന്നു. സമർത്ഥനായ കല്ല്യാണകൃഷ്ണൻ തൻറെ കഠിനാധ്വാനം കൊണ്ട് പലതും വെട്ടിപ്പിടിച്ചപ്പോഴും സാമ്പത്തികമായി നഷ്ടത്തിലായിരുന്ന മാസികയെ കൈവിട്ടില്ല. അച്ഛനോടുള്ള ആദര സൂചകമായി വളരെ മികച്ച നിലയിൽ തന്നെ ആ മാസികയുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപൊവുകയായിരുന്നു. കല്ല്യാണകൃഷ്ണൻറെ വളർച്ചയിൽ അസൂയപൂണ്ട ശത്രുക്കളും ആവോളമുണ്ടായിരുന്നു. പക്ഷേ ദിനകരൻ പാറക്കുന്നേൽ എന്ന രാഷ്ട്രീയക്കാരനായ ഭാര്യാസഹോദരൻറെ സഹായത്താൽ പല ശത്രുക്കളേയും അനായാസം ഒതുക്കാൻ കല്ല്യാണ കൃഷ്ണന് കഴിഞ്ഞിരുന്നു. ശരിക്കും ബിസിനസ്സ് വല്ലാത്ത മാനസിക സമ്മർദ്ദം നൽകുമ്പോഴാണ് അദ്ദേഹം മാസികയുടെ ഓഫീസിലേക്ക് പോകുന്നത്. കുട്ടികളുടെ ആ ലോകത്ത് അദ്ദേഹം വല്ലാത്തൊരു മനസ്സമാധാനം കണ്ടെത്തിയിരുന്നു. ഇപ്പോഴത്തെ യാത്രയും അത്തരത്തിലൊന്ന് തന്നെയായിരുന്നു.

 

കൊച്ചുകുട്ടികൾ ശരിക്കും ത്രില്ലടിച്ചിരിക്കുകയായിരുന്നു. അവർക്കൊപ്പം കളിചിരികളുമായി കല്ല്യാണകൃഷ്ണനും കുടുംബവും.  യാത്രയുടെ മൂന്നാംദിനം ഊട്ടിയിൽ നിന്നും മൈസൂരിലേക്കുള്ള യാത്രാ മദ്ധ്യേ കാനനഭംഗി ആസ്വദിക്കാനായി അവർ ഇറങ്ങി. റോഡിൽ നിന്ന് അൽപം ഉള്ളിലായി കണ്ട ഒരു മാൻകൂട്ടമാണ് അവരെ അവിടെ ഇറങ്ങാൻ  പ്രേരിപ്പിച്ചത്. ചെറിയൊരു തടാകക്കരയിൽ നിലയുറപ്പിച്ച മാൻകൂട്ടത്തിനടുത്തേക്ക് കുട്ടികളിൽ ചിലർ പോയി. അവിടെ അവരെ നിയന്ത്രിക്കാൻ ശരിക്കും മുതിർന്നവർ പാടുപെട്ടു. ഊട്ടിയിൽ നിന്നുള്ള യാത്രയിൽ വല്ലാണ്ട് ഛർദ്ദിച്ച് തളർന്ന് പോയ സഞ്ജന വണ്ടിയിൽ തന്നെയിരുന്നു. അവൾക്ക് കൂട്ടായി രമ്യയും. ബാക്കിയുള്ളവർ തടാകക്കരയിലായിരുന്നു. കുറച്ച് നേരം ഇരുന്നപ്പോൾ ആശ്വാസം തോന്നിയ സഞ്ജന രമ്യയേയും കൂട്ടി പുറത്തേക്കിറങ്ങി. അവർ റോഡരികിൽ നിന്നു. കൂട്ടുകാർക്കൊപ്പം ചേരാൻ രമ്യയോട് സഞ്ജന പറഞ്ഞെങ്കിലും അവളെ വിട്ടുപൊകാൻ രമ്യ തയ്യാറായില്ല. അവർക്കരികിലേക്ക് കൂട്ടത്തിലെ കുറുമ്പൻ ചെക്കൻ ഓടി വന്നു. അവൻറെ കയ്യിൽ രമ്യയ്ക്ക് കൊടുക്കാനായി തടാകത്തിൽ നിന്നും പിഴുതെടുത്ത മനോഹരമായ ഒരു ആമ്പൽ പൂവുണ്ടായിരുന്നു. അവനത് രമ്യക്ക് നേരേ നീട്ടി, അവളത് സ്നേഹപൂർവ്വം വാങ്ങി താങ്ക്സ് പറഞ്ഞു. അപ്പോഴൊരു കണ്ടെയ്നർ ലോറി അവർക്കരികിൽ വന്ന് ബ്രേക്ക് ചെയ്തു. അതിൽ നിന്നും ചാടിയിറങ്ങിയ രണ്ട് പേർ സഞ്ജനയേയും രമ്യയേയും പിടിച്ച് കണ്ടെയിനറിനകത്തേക്ക് തള്ളി. അവരുടെ നിലവിളി കേട്ട് തടാകക്കരയിൽ നിന്നും മറ്റുള്ളവർ അവിടേക്ക് പാഞ്ഞു. പക്ഷേ അവരുടെ നീക്കങ്ങൾ വേഗത്തിലായിരുന്നു. തടസ്സം പിടിക്കാൻ നിന്ന ആ പത്ത് വയസ്സുകാരൻ പയ്യനെയും അവർ കണ്ടെയിനറിനുള്ളിലേക്ക് തള്ളി. മറ്റുള്ളവർ ഓടിയെത്തിയപ്പോഴേക്കും വണ്ടി സ്റ്റാർട്ട് ചെയ്ത് പോയിക്കഴിഞ്ഞിരുന്നു. എല്ലാവരും വളരെ വേഗത്തിൽ അവരുടെ വണ്ടിയിൽ ചാടിക്കയറി കണ്ടെയിനറിന് പിന്നാലെ കുതിക്കാൻ തുടങ്ങിയപ്പോൾ ഒരു ഒമ്നി വാൻ അവർക്ക് മാർഗ്ഗ തടസ്സം സൃഷ്ടിച്ച് മുന്നിൽ വന്ന് നിന്നു.

 

 5 കോടി രൂപ അതായിരുന്നു അവരുടെ ഡിമാൻഡ്. അത് നൽകിയില്ലെങ്കിൽ ആ രണ്ട് പെൺകുട്ടികളെയും കൊല്ലും. ശരിക്കും കല്ല്യാണ കൃഷ്ണൻറെ മക്കളാണെന്ന് കരുതിയായിരുന്നു അവർ ആ രണ്ട് പെൺകുട്ടികളെ തട്ടിയെടുത്തത്. അവരുടെ ഭീഷണിക്ക് വഴങ്ങുകയല്ലാതെ മറ്റ് മാർഗ്ഗമില്ലായിരുന്നു കല്ല്യാണ കൃഷ്ണന്. സ്വന്തം മകളും മറ്റൊരു പെൺകുട്ടിയുൾപ്പെടെ മൂന്ന് കുട്ടികളും അവരുടെ കസ്റ്റഡിയിലാണ്. തൻറെ ഉത്തരവാദിത്തത്തിൽ മാതാപിതാക്കൾ അയച്ച രണ്ട് കുട്ടികൾ. അവരുടെ ജീവൻ രക്ഷിക്കാൻ മറ്റ് മാർഗ്ഗങ്ങളില്ലായിരുന്നു. പോലീസിനെ അറിയിക്കുന്നതും ആപത്താണല്ലോ. അവരെ അനുസരിക്കുവാൻ കല്ല്യാണകൃഷ്ണൻ തീരുമാനിച്ചു.

 

 അവരുടെ വണ്ടിയുടെ നിയന്ത്രണം ആ ഗുണ്ടകൾ ഏറ്റെടുത്തു. അവർ അവരെ ഒരു അഞ്ജാത കേന്ദ്രത്തിലേക്ക് കൊണ്ടു പോയി. അവിടെ വച്ച് അവരാവശ്യപ്പെട്ട പണം കല്ല്യാണകൃഷ്ണൻ വരുത്തിച്ച് നൽകി. എന്നാലവർ വാക്ക് പാലിച്ചില്ല, കല്ല്യാണകൃഷ്ണൻറെ അവസാനമായിരുന്നു ശത്രുക്കൾക്കാവശ്യം.  പണം നൽകിയ കല്ല്യാണ കൃഷ്ണൻ അവർ തട്ടിയെടുത്ത മൂന്ന് കുട്ടികളെ തിരികെ ആവശ്യപ്പെട്ടു. സംഘത്തലവൻ ജനാല തുറന്ന് പുറത്ത് പാർക്ക് ചെയ്തിരിക്കുന്ന കണ്ടെയിനർ കാട്ടിക്കൊടുത്തു, ഒപ്പമൊരു കൊലച്ചിരിയും. കല്ല്യാണ കൃഷ്ണൻറെ മനസ് അപകടം മണത്തു. പക്ഷേ എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപേ അയാളുടെ തോക്കിൻ കുഴലിൻറെ തണുപ്പ് തൻറെ നെറ്റിയിൽ കല്ല്യാണകൃഷ്ണനറിഞ്ഞു.

 

കാര്യങ്ങളറിഞ്ഞ് ദിനകരൻ ഇടപെട്ട് അവിടെ പോലീസ് എത്തുമ്പോഴേക്കും അവർക്ക് കാണാനായത് വെടിയേറ്റ് മരിച്ച് കിടക്കുന്ന കല്ല്യാണ കൃഷ്ണനെയും ഭാര്യയെയും ആണ്. ഓടി രക്ഷപെട്ട ഗുണ്ടകളിലൊരാളെപ്പോലും പിടികൂടുവാൻ പോലീസിന് കഴിഞ്ഞില്ല. അവർക്ക് പോലീസിലുള്ള സഹായികൾ തന്നെ യഥാസമയം വിവരം ചോർത്തിക്കൊടുത്തിരുന്നു. പല മുറികളിലായി അടച്ചിട്ടിരുന്ന മറ്റുള്ളവരെ പോലീസ് രക്ഷിച്ചു. പക്ഷേ കൂട്ടത്തിലുണ്ടായിരുന്ന ഏഴ് കൂട്ടികളും വല്ലാത്ത ഷോക്കിലായിപ്പോയിരുന്നു. അവരിൽ നിന്ന് തന്നെയാണ് അവിടെ നടന്ന കാര്യങ്ങൾ പോലീസ് മനസിലാക്കിയതും. ഒരു ജനാലക്കപ്പുറം അവർ എല്ലാം കണ്ട് കൊണ്ട് നിൽക്കുകയായിരുന്നു. കല്ല്യാണ കൃഷ്ണനെ ഒറ്റ വെടിക്ക് കൊന്ന ശേഷം അവർ അയാളുടെ ഭാര്യയേയും സംഘത്തിലുണ്ടായിരുന്ന ഒരു വനിതാജീവനക്കാരിയേയും ക്രൂരമായി റേപ്പ് ചെയ്താണ് കൊന്നത്. കാണാതായ മറ്റ് മൂന്ന് കുട്ടികളെത്തേടി കണ്ടെയിനർ തുറന്ന പോലീസ് കണ്ടത്, പിച്ചിച്ചീന്തി വികൃതമാക്കിയ രണ്ട് പെൺകുട്ടികളുടെ ശവശരീരവും അബോധാവസ്ഥയിൽ മരണത്തോട് മല്ലടിച്ച് കിടക്കുന്ന ഒരാൺകുട്ടിയേയുമായിരുന്നു.

 

ദിനകരൻ പാറക്കുന്നേലിൻറെ രാഷ്ട്രീയ സ്വാധീനത്തിൽ ആ മരണങ്ങളെല്ലാം അപകടമരണങ്ങളായി.  ആരെയും പിടികൂടിയുമില്ല, ശിക്ഷിച്ചുമില്ല. കാരണം ശത്രുക്കൾ കരുത്തരായിരുന്നു.  സ്വന്തം മകളുടെ മരണത്തിലെ സത്യം പുറത്ത് പറയാൻ സഞ്ജനയുടെ മാതാപിതാക്കളും ശ്രമിച്ചില്ല. മരണത്തിനപ്പുറം അവരുടെ ക്രൂരമായ മരണം ആഘോഷമാക്കാൻ മാദ്ധ്യമങ്ങൾക്ക് അവസരം നൽകുന്നതിനോട് അവർക്ക് യോജിപ്പില്ലായിരുന്നു. അങ്ങനെ ഒടുവിലത് വെറുമൊരു അപകടമരണമാക്കി ഒതുക്കിത്തീർത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളടക്കമുള്ളവ അതിൻപ്രകാരം തിരുത്തപ്പെട്ടു.”

 

ഹരീഷ് പറഞ്ഞ് നിർത്തി. എല്ലാവരും അത് ശ്വാസമടക്കിപ്പിടിച്ചാണ് കേട്ടിരുന്നത്. അതുകൊണ്ട് തന്നെ പെട്ടെന്ന് ഹരീഷ് പറഞ്ഞ് നിർത്തിയപ്പോൾ അവരുടെ മുഖത്ത് നിരവധി ചോദ്യങ്ങളുയർന്നു. അത് മനസിലാക്കിയ ഹരീഷിൻറെ മുഖത്ത് നിഗൂഢമായൊരു ചിരി വിടർന്നു.

 

“നിങ്ങളുടെ മനസിൽ ആദ്യം തോന്നിയ സംശയം കല്ല്യാണകൃഷ്ണൻറെ കുടുംബത്തെക്കുറിച്ചല്ലേ? … അതേ നമ്മുടെ ടീം ലീഡർ ഉമകല്ല്യാണി ഐ.പി.എസ് ൻറെ അച്ഛനാണ് ഞാൻ പറഞ്ഞ കഥയിലെ കല്ല്യാണകൃഷ്ണൻ.”

 

അത് കേട്ടതിൻറെ ആശ്ചര്യം അവരുടെ മുഖത്ത് നിന്നും മാറും മുൻപേ ഹരീഷ് മറ്റൊരു കഥ പറഞ്ഞു.

 

“ കുറച്ച് വർഷങ്ങൾക്ക് മുൻപ് എൻറെ മേലധികാരിയായി ഒരു എ.സി.പി ചാർജ്ജെടുത്തു. പുതുമോടി മാറാത്ത ഒരു കൊച്ചുപയ്യൻ, പക്ഷേ കുറച്ച് ദിവസം കൊണ്ട് തന്നെ അദ്ദേഹമെന്നെ ഞെട്ടിച്ചു. പലരും തൊടാൻ മടിച്ച കൊച്ചിയിലെ ക്വട്ടേഷൻ സാഘാംഗങ്ങളെ തൂക്കിയെടുത്തു ഇടിച്ച് ഇഞ്ചപ്പരുവമാക്കി. ഞങ്ങളുടെയൊക്കെ നിരന്തരമായ ഉപദേശങ്ങളെയും ഭയപ്പെടുത്തലുകളെയുമൊന്നും അദ്ദേഹം വകവച്ചില്ല. പുള്ളിക്ക് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു, ഗുണ്ടകൾ എന്നൊരു വർഗ്ഗത്തെ തന്നെ ഇല്ലാതാക്കണം. പിന്നീട് കിട്ടിയ അടുപ്പത്തിൽ ഞാൻ അദ്ദേഹത്തിനൊരു കഥ പറഞ്ഞുകൊടുത്തു. പുരാണത്തിലെ രക്തബീജനെന്ന അസുരൻറെ കഥ. ഒരോ തുള്ളിച്ചോരയിൽ നിന്നും ആയിരവും പതിനായിരവുമായി അവതാരമെടുക്കാൻ കഴിയുന്ന രക്തബീജൻറെ കഥ. അതുപോലെയാണിവിടുത്തെ ഗുണ്ടാപ്പടയും....

എന്നോട് അന്ന് അദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ല. പക്ഷേ പിന്നീട് പതിയേ അഗ്രസീവായ അദ്ദേഹത്തിൻറെ സ്വഭാവത്തിന് കുറച്ച് മാറ്റം വന്നിരുന്നു. ആ പോലീസ് ഓഫീസറുടെ പേര് ശ്യാംമാധവ് എന്നായിരുന്നു. ആരെയും വകവെക്കാത്ത തൻറെ പരുക്കൻ സ്വഭാവം കാരണം പല തവണ വകുപ്പ് തല നടപടികൾ നേരിടേണ്ടി വന്ന ശ്യാംമാധവ് ഐ.പി.എസ്. പക്ഷേ ഇപ്പോൾ എനിക്ക് കാണാൻ കഴിയുന്നുണ്ട് അദ്ദേഹത്തിൻറെ മനസിൽ അലയടിച്ചിരുന്ന വലിയൊരു സമുദ്രത്തെ. കുഞ്ഞ് പ്രായത്തിൽ കൺമുന്നിൽ രണ്ട് പെൺകുട്ടികൾ അലറിക്കരഞ്ഞ് അവസാനിക്കുന്നത് കണ്ട് പേടിച്ച് കരഞ്ഞ ഒരു ബാലൻറെ വിലാപം എൻറെ കാതുകളിൽ മുഴങ്ങുന്നുണ്ട്.”

 

“അപ്പോ രാവണൻ ?”

 

ഉണ്ണിക്കൃഷ്ണൻറെ സംശയം കേട്ട് മറുപടി കൊടുത്തത് സി.ഐ.മനോജ് സെബാസ്റ്റ്യനായിരുന്നു.

 

“ രാവണൻ എന്നത് ഒരു സംഘമാണെന്നത് വ്യക്തമാണല്ലോ, അത് പത്ത് പേരടങ്ങുന്ന സംഘമാണെന്ന് നമ്മൾ അനുമാനിക്കുന്നു. ഹരീഷ് സാർ പറഞ്ഞ കഥയുടെ തുടർച്ച ഞാൻ പറയാം.

 

ഉമ മാഡത്തിൻറെ കുടുംബത്തിന് സംഭവിച്ച ദുരന്തം അറിഞ്ഞ് അവരുടെ ഫ്ലാഷ് ബാക്ക് ചികഞ്ഞ് പോയപ്പോഴാണ് ഈ കഥകൾ അറിയാൻ കഴിഞ്ഞത്. അന്നത്തെ ആ യാത്രയിൽ ഉമ മാഡത്തിന് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ അന്ന് തൻറെ കുടുംബത്തിന് എന്താണ് സംഭവിച്ചതെന്ന് പിന്നീടവർ അറിഞ്ഞിട്ടുണ്ടാകുമല്ലോ. അതുകൊണ്ട് തന്നെ ഈ രാവണ സംഘത്തിന് ഉമ മാഡവുമായും ബന്ധമുണ്ടാകാം.

 ഇപ്പോഴതുമായി മാഡത്തെ കണക്ട് ചെയ്യാൻ തക്ക തെളിവുകളൊന്നും നമുക്ക് കിട്ടിയിട്ടില്ല, പക്ഷേ അങ്ങനെയൊന്നുണ്ടെന്ന് വിശ്വസിക്കാൻ നമ്മൾ നിർബന്ധിതരാകുന്നു. അന്നത്തെ ആ കഥയിലെ അവശേഷിച്ച കുട്ടികളെ തേടിയുള്ള അന്വേഷണത്തിലാണ് ഈ തിരോധാനത്തിന് പിന്നിലെ നിഗൂഢതകൾ കണ്ടെത്താൻ കഴിഞ്ഞത്. ആ എട്ട് കുട്ടികളിൽ 4 പേരെ തിരിച്ചറിഞ്ഞ് കഴിഞ്ഞു. ആ നാല് പേരും സ്റ്റേറ്റ് പോലീസിലെ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നവരാണ്. അൺഫോർച്ച്യുണേറ്റ്ലി അവർ നാലുപേരും ഇപ്പോൾ മിസ്സിംഗാണ്. നമ്മൾ അന്വേഷിക്കുന്നത് ആ മിസ്സിംഗ് കേസാണ്. നാലിൽ മൂന്ന് പേർ ഐ.പി.എസ്സുകാർ. എസ്.പി സതീഷ് ബോസ്, എസ് പി കിരൺ മാത്യു, എ.സി.പി ശ്യാംമാധവ്. ഒരാൾ സി.പി.ഒ മുകുന്ദൻ”

 

“അപ്പോ ബാക്കി നാലുപേർ ? അന്നത്തെ കഥയിലെ വില്ലന്മാരാണോ ഇപ്പോ ഈ കൊല്ലപ്പെട്ടവർ ? അങ്ങനെയെങ്കിൽ സി ഐ അൻവറും മറ്റുള്ളവരും അവരോടൊപ്പമെങ്ങനെ വന്നു?” റഫീക്ക് ചോദ്യങ്ങൾ തുടരേ ചോദിക്കുന്നത് കേട്ട് ഹരീഷ് പുഞ്ചിരിച്ചു. റഫീക്കേ നിഗൂഢമായ കുരുക്കുകൾ മുഴുവനും നമുക്ക് അഴിച്ചെടുക്കാം. ഇനി അതിനാണ് നമ്മൾ ശ്രമിക്കേണ്ടത്. പിന്നെ മറ്റൊന്ന് കൂടി , ഇപ്പോൾ കിഡ്നാപ്പ് ചെയ്യപ്പെട്ടു എന്ന് പറയുന്ന ആ പത്രക്കാരൻ ജെറാൾഡ് സേവ്യറിനും ഞാൻ പറഞ്ഞ കല്ല്യാണകൃഷ്ണൻറെ കഥയുമായി ഒരു ബന്ധമുണ്ട്. ജെറാൾഡ് സേവ്യറിൻറെ സഹോദരിയായിരുന്നു അന്ന് ക്രൂരമായി കൊലചെയ്യപ്പെട്ട സഞ്ജന.

 

                                                                    തുടരും .................

No comments:

Post a Comment

Type your valuable comments here