February 28, 2020

രക്താംഗിതൻ (Horror Novel)

rakthangithan

 അദ്ധ്യായം - 1

ആ ഗുഹക്കുള്ളിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ശീതക്കാറ്റ് അസ്ഥികളെ മരവിപ്പിച്ചു.


ജയരാമൻ അപ്പോഴും നെഞ്ചോട് ചേർത്ത് ആ പഴകിപ്പൊളിഞ്ഞ് തുടങ്ങിയ തടിപ്പെട്ടി പിടിച്ചിട്ടുണ്ടായിരുന്നു. അയാൾ ചുറ്റും പരതി, കണ്ണെത്തുന്ന ദൂരത്തെങ്ങും ആരുമില്ല.

 

ജയരാമൻറെ നെറ്റി വേദനിക്കുന്നുണ്ടായിരുന്നു. വീഴ്ചയിൽ കരിങ്കല്ലിൽ ഇടിച്ചതാണ്. തൊട്ടു നോക്കിയപ്പോൾ കയ്യിൽ ചോരയുടെ നനവ് പടർന്നു .

കഴിഞ്ഞ കുറച്ച് മണിക്കൂറുകളിൽ തനിക്കെന്താണ് സംഭവിച്ചത്? ജയരാമൻ ഓർത്തെടുക്കാൻ ശ്രമിച്ചു.

 ***

 

ഇന്നൊരു ശാപം പിടിച്ച ദിവസമായിരുന്നു. ഒരാവേശത്തിൽ ഇറങ്ങിപ്പുറപ്പെട്ടതായിരുന്നു ഈ ഹിമാലയൻ യാത്ര, സാഹസികത ഇഷ്ടപ്പെടുന്ന കുറച്ചു കൂട്ടുകാർക്കൊപ്പം തീരെ സാഹസികനല്ലാത്ത ഞാനെന്തിന് പുറപ്പെട്ടുവെന്ന് ചോദിച്ചാൽ, എന്റെയൊരു ഭ്രാന്ത് എന്ന് മാത്രമാവും ഉത്തരം. വായനക്കാരെ ഭാവനാ ലോകത്ത് അതിരുകളില്ലാതെ നടത്തുന്ന ഒരു നോവലിസ്റ്റിന്റെ പുതിയ കഥ തേടിയുള്ള യാത്ര എന്ന് വേണമെങ്കിൽ പറയാം. കുറേക്കാലമായി ആഗ്രഹിക്കുന്നു സ്ഥിരം ഫോർമുലകൾ ഉപേക്ഷിച്ച് വ്യത്യസ്തമായ എന്തെങ്കിലും എഴുതണമെന്ന് . അതിനു വേണ്ടിക്കൂടിയാണ് ഈ യാത്ര.

 

പക്ഷേ അവരോടൊപ്പമുള്ള ഈ ട്രക്കിംഗ്, ദുർഘട പാതകളിലൂടെയുള്ള കയറ്റങ്ങൾ, മഞ്ഞിലൂടെയുള്ള സ്ലെഡ്ജിംഗ് ഒക്കെ എന്നെ വല്ലാതെ ഭയപ്പെടുത്തി. 

 

ഇന്ന് അപ്രതീക്ഷിതമായാണ് കാലാവസ്ഥ മാറിയത്. അതിശക്തമായ കാറ്റും പിന്നാലെ മഞ്ഞുവീഴ്ചയും, മഞ്ഞിലൂടെയുള്ള ആ തെന്നിമറിച്ചിലിന്‍റെ വേഗവും ദിശയുമൊക്കെ മാറി. പെട്ടെന്നാണ് മഞ്ഞിന്‍റെ മറവിലൂടെ ഒരു വലിയ രൂപം എന്‍റെ നേർക്ക് പാഞ്ഞ് വന്നത്. മനുഷ്യനെപ്പോലെ ആദ്യം തോന്നി, പിന്നെയത് വലിയൊരു ആൾക്കുരങ്ങിനെയോ, കരടിയെയോ പോലെ തോന്നിപ്പിച്ചു. " യതി! " കെട്ടുകഥയെന്ന് ഞാൻ വിശ്വസിച്ചിരുന്ന ഭീമാകാരനായ മഞ്ഞു മനുഷ്യൻ.

 

 അതിഭീകരമായ ഭയം എന്‍റെ ശബ്ദത്തെ പുറത്തേക്കു വരുന്നത് വിലക്കി. നിലവിളിച്ചു കൊണ്ട് ഓടി . തിരിഞ്ഞു നോക്കാൻ ഭയമായിരുന്നു. എന്‍റെ പിന്നാലെയുള്ള ആ സത്വത്തിന്‍റെ കരങ്ങൾ അടുത്ത നിമിഷം എന്‍റെ ചുമലിൽ പതിക്കുമെന്ന് ഞാൻ ഭയന്നു. പക്ഷേ മനുഷ്യസഹജമായ സംശയം എന്നെ തിരിഞ്ഞു നോക്കാൻ നിർബന്ധിതനാക്കി .

"അയ്യോ........ "


അപ്പോഴാദ്യമായി നിലവിളി ശബ്ദം എന്‍റെ തൊണ്ടയ്ക്ക് പുറത്തേക്ക് വന്നു. എനിക്ക് ചുറ്റും ഭൂമി അതിവേഗതയിൽ കറങ്ങുകയായിരുന്നു. തലയിൽ കൂടം കൊണ്ടാരോ അടിച്ചു, എന്‍റെ കാഴ്ച മറഞ്ഞു.


 കാൽ വഴുതി ആഴങ്ങളിലേക്ക് വീഴുകയായിരുന്നു ഞാൻ. ജീവിതം ഇവിടെ അവസാനിച്ചു എന്നുറപ്പിച്ചതാണ്. പക്ഷേ വന്നു വീണത് വെള്ളത്തിലാണ് , ഈ കൊടും മഞ്ഞിൽ ആ വെള്ളത്തിന് ചൂടുണ്ടായിരുന്നത് എന്നെ അദ്ഭുതപ്പെടുത്തി. ഭയവും ക്ഷീണവും സമ്മാനിച്ച മരവിപ്പിൽ കുറച്ചധികം നേരം ആ വെള്ളത്തിൽ കിടന്നു. 


ശരിക്കും ഞാൻ വെള്ളത്തിൽ കിടന്ന് മയങ്ങിപ്പോയിരുന്നു. പോക്കറ്റിൽ നിന്നു തെറിച്ചു പോയ ഫോണിലെ നോട്ടിഫിക്കേഷൻ ടോണാണ് ഉണർത്തിയത്. കരയക്കു കയറി ഫോണെടുത്തു നോക്കി.

 

 കുറച്ചു നാൾ മുൻപ് അമ്മയുടെ നിർബന്ധപ്രകാരം ഒരു ജ്യോത്സ്യനെ കാണാൻ പോയിരുന്നു. എന്‍റെ കല്യാണം നടക്കാത്തതും കാലക്കേടും ഒക്കെ അമ്മയ്ക്കൊരു തീരാവേദനയായിരുന്നു. അമ്മയുടെ ഒരാശ്വാസമായിരുന്നു ഈ ജ്യോത്സ്യൻമാരെ ഇടക്കിടെ സന്ദർശിക്കലും, അവരുടെ ഉപദേശപ്രകാരും പൂജകളും അമ്പലവുമായുള്ള അലച്ചിലും. അന്ന് പക്ഷേ ശരിക്കും ആ ജോത്സ്യന്‍റെ മുഖമടച്ച് ഒരടി കൊടുക്കാനാണ് തോന്നിയത്, അമ്മയുടെ കരച്ചിൽ കണ്ടപ്പോൾ . അയാളുടെ ഒടുക്കത്തെ ഒരു പ്രവചനം.


 സത്യത്തിൽ അയാൾ ഒന്നും പറഞ്ഞില്ല. ജനനത്തീയതിയും സമയവും പറഞ്ഞപ്പോൾ കുറേ കൂട്ടലും കിഴിക്കലും നടത്തി നോക്കി ഒറ്റപ്പറച്ചിൽ, "ഇയാളുടെ ഭാവിയും വർത്തമാനവും ഞാൻ പറയില്ല". അമ്മ ഒത്തിരി നിർബന്ധിച്ചപ്പോൾ അയാൾ മറ്റൊന്നു കൂടി പറഞ്ഞു. " അടുത്ത ശിവരാത്രി ദിവസം ഈ സമയത്തിനപ്പുറം ഇയാൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ മാത്രം ഇയാളുടെ ഭാവി ഞാനെഴുതാം"


 പോരേ പൂരം , അമ്മ നെഞ്ചത്തടിച്ച് നിലവിളിയായി. അപ്പോ വായിൽത്തോന്നിയ തെറിയെല്ലാം വിളിച്ചിട്ടാ അവിടുന്നിറങ്ങിപ്പോന്നത്. അന്ന് മൊബൈലിൽ സെറ്റ് ചെയതതാ ഈ നോട്ടിഫിക്കേഷൻ.


 അതേ ഇന്ന് ശിവരാത്രിയാണ് . സമയം 4.30 ആ ജ്യോത്സ്യൻ പറഞ്ഞ സമയം .


മൊബൈലിന്‍റെ ഫ്ലാഷിൽ ചുറ്റും പരതി. ഒരു ഗുഹയ്ക്കുള്ളിലാണ് ഞാനകപ്പെട്ടിരിക്കുന്നത് . മൂക്കിലേക്ക് ചുടുചോരയുടെ ഗന്ധം അടിച്ചു കയറുന്ന പോലെ എനിക്ക് തോന്നി


 ഞാൻ മുന്നിൽ കണ്ട ഇടുങ്ങിയ വഴിയിലേക്ക് നടന്നു. മുന്നിലേക്ക് പോകും തോറും വഴി സഞ്ചാരം തടസപ്പെടുത്തുന്ന വിധം ഇടുങ്ങി വന്നു. അവിടെ തറയിൽ ധാരാളം രുദ്രാക്ഷമണികൾ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. 


 നേരെ നടക്കാൻ പറ്റാത്തതിനാൽ ഞാൻ ചരിഞ്ഞ് പതിയെ നടന്നു. പെട്ടെന്ന് വല്ലാത്തൊരു ശബ്ദം , ഭൂമി കുലുങ്ങുന്ന പോലെ. എന്‍റെ മുന്നിലും പിന്നിലും ഇടുങ്ങിയ ആ കരിങ്കൽ ഭിത്തികൾ അനങ്ങിയ പോലെ, അതെന്നെ ഇരുവശത്ത് നിന്നും ഞെരുക്കാൻ തുടങ്ങി. ഞാനെന്‍റെ മരണം മുന്നിൽ കണ്ടു. കരിങ്കൽച്ചുവരുകൾക്കിടയിൽ അസ്ഥികൾ പൊടിഞ്ഞ് ചതഞ്ഞരഞ്ഞ ഭീകര മരണം. ഞാൻ കൈകളും ശരീരവും ഉപയോഗിച്ച് പാറകളെ തള്ളിപ്പിടിച്ച് ഒരടി നിരങ്ങി നീങ്ങി. അവിടെ നിന്നാണ് കരിങ്കൽ ചുവരിലെ വിടവിൽ ഒളിപ്പിച്ച പോലെ വച്ചിരുന്ന ഈ തടിപ്പെട്ടി എനിക്ക് കിട്ടിയത്. നിധി വല്ലതുമാകുമെന്ന പ്രതീക്ഷയിൽ അതെടുത്തു. പക്ഷേ പെട്ടെന്ന് കാൽ വഴുതി അൽപം താഴേക്ക് വീണു പോയി. കണ്ണിലടിച്ചു കയറിയ പ്രകാശം എന്‍റെ നടുക്കമകറ്റി. മുകളിൽ എവിടെ നിന്നാണ് ഞാൻ വീണതെന്ന് എത്ര നോക്കിയിട്ടും മനസിലായില്ല.

 ***


ജയരാമൻ കൂട്ടുകാരെ പേരെടുത്ത് വിളിച്ചു. സ്വന്തം ശബ്ദത്തിന്‍റെ പ്രതിധ്വനിയല്ലാതെ മറ്റൊന്നും കേട്ടില്ല. അയാൾ ആ പെട്ടി തന്‍റെ ജാക്കറ്റിനുള്ളിലാക്കി, മറ്റാരും അത് കാണരുത് എന്നയാൾ ആഗ്രഹിച്ചു. 


 പെട്ടെന്ന് തന്‍റെ പിന്നിൽ അസാധാരണമായ എന്തോ ചലനങ്ങൾ ജയരാമന് അനുഭവപ്പെട്ടു. ഒരു പെരുപ്പ് നട്ടെല്ലിൽ പടരുന്നത് അയാളറിഞ്ഞു. തിരിഞ്ഞ് നോക്കിയ ജയരാമൻ ആ കാഴ്ച കണ്ട് വിളറി വെളുത്ത് സ്തബ്ധനായി നിന്നു പോയി....


 ആ നിമിഷം ആ ജോത്സ്യന്‍റെ വാക്കുകൾ അശരീരി പോലെ മുഴങ്ങുന്നുണ്ടായിരുന്നുവോ ?...


തുടരും........

No comments:

Post a Comment

Type your valuable comments here