February 28, 2020

രക്താംഗിതൻ (Horror Novel) #2

 അദ്ധ്യായം - 2


 മരണം തന്നെ വിടാതെ പിന്തുടരുകയാണെന്ന് ജയരാമന് ഉറപ്പായി. ആ ജ്യോത്സ്യന്‍റെ വാക്കുകൾ സത്യമാവുകയാണ്. മരണം വേട്ട തുടരുകയാണ്.

കനലെരിയുന്ന കണ്ണുകളും ചോര കിനിയുന്ന നാവുകളും  തന്നെ ലക്ഷ്യമാക്കി നിൽക്കുകയാണെന്ന സത്യം ജയരാമന്‍റെ സർവ്വനാഡികളെയും തളർത്തി. ആ ചെന്നായക്കൂട്ടം ജയരാമന്‍റെ മാംസത്തിനായി പല്ലിറുമ്മി. ജയരാമൻ പതിയെ പിന്നിലേക്ക് ചുവടു വച്ചു. ചെന്നായകൾ ഒന്നാകെ കുതിച്ചു ചാടാനായി പിന്നിലേക്ക് പതുങ്ങി. സുരക്ഷിതമായ ഒരകലം തനിക്കും ചെന്നായകൾക്കും ഇടയിലുണ്ടെന്ന് തോന്നിയപ്പോൾ ജയരാമൻ സർവ്വശക്തിയും സമാഹരിച്ച് പിന്തിരിഞ്ഞോടി. വല്ലാത്തൊരു മുരൾച്ചയോടെ ചെന്നായക്കൂട്ടം പിന്നാലെയും .

ആ ക്രൂര മൃഗങ്ങളിൽ നിന്നും അധികനേരം രക്ഷ നേടാൻ തനിക്ക് കഴിയില്ലെന്നുറപ്പായിട്ടും ഭ്രാന്തമായ വേഗതയിൽ അയാളോടി. പക്ഷേ മുന്നിൽ മഞ്ഞിൻ പുതപ്പണിഞ്ഞ പാറക്കൂട്ടങ്ങൾ അയാളുടെ വഴി തടഞ്ഞു. താൻ ഒരു കെണിയിലകപ്പെട്ടിരിക്കുന്നു എന്ന് ജയരാമൻ തിരിച്ചറിഞ്ഞു. ഇരയെ വരുതിയിലാക്കിയ ആ ചെന്നായകൾ അയാൾക്ക് ചുറ്റും നിലയുറപ്പിച്ചു.

അടുത്ത ഏത് നിമിഷവും ആ ചെന്നായകൾ തന്‍റെ മാസം കടിച്ചു കീറാം, ജയരാമൻ പാറക്കെട്ടിൽ ചാരി കണ്ണുകളിറുക്കിയടച്ചു, അനിവാര്യമായ വിധിയെ നേരിടാൻ തയ്യാറെടുത്തു. അപ്പോഴും പഴകിപ്പൊളിഞ്ഞ് തുടങ്ങിയ ആ തടിപ്പെട്ടി ജയരാമന്‍റെ ജാക്കറ്റിനുള്ളിൽ ഉണ്ടായിരുന്നു.

ചെന്നായകളുടെ ശബ്ദം തന്‍റെ അരികിലെത്തിയപ്പോൾ ഞെട്ടിവിറച്ച് കണ്ണു തുറന്നു. അവ കൂട്ടത്തോടെ തന്നെ പിച്ചിച്ചീന്താൻ പോവുകയാണ്.

പക്ഷേ തൊട്ടടുത്ത നിമിഷം , ക്രൗര്യം മാത്രം നിറഞ്ഞു നിന്ന ചെന്നായകളുടെ കണ്ണിൽ ഭയം നിഴലിക്കുന്നതായി ജയരാമന് തോന്നി. വെറും തോന്നലായിരുന്നില്ല, ആ ചെന്നായക്കൂട്ടം പതിയെ പിറകിലേക്ക് ചുവടുവയ്ക്കുന്നുണ്ടായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അയാൾക്ക് മനസിലായില്ല. അടുത്ത നിമിഷം ചെന്നായ്ക്കളൊന്നടങ്കം പിന്തിരിഞ്ഞോടി.

വൂഷ് ...............

ജയരാമന്റെ തലക്കു മുകളിലൂടെ പാഞ്ഞ ഒരസ്ത്രം ചെന്നായകളൊന്നിന്‍റെ ശരീരത്തിൽ തുളഞ്ഞു കയറി. അതിന്‍റെ ചീറ്റിത്തെറിച്ച ചോര ആ മഞ്ഞിൽ ഒരു ചിത്രം വരച്ച പോലെ.....

ആ പാറക്കെട്ടിനു മുകളിൽ നിന്നും ഒരാൾ ജയരാമന്‍റെ മുന്നിലേക്ക് ചാടി.


നഗ്നമായ ശരീരത്തിൽ നിറയെ ഭസ്മം പൂശിയിരിക്കുന്നു. ജടപിടിച്ച മുടി, ഉറച്ച മസിലുകൾ, ആറടിക്കുമേൽ പൊക്കം. ശവം കത്തുമ്പോഴുള്ള മണം ജയരാമന്‍‌റെ മൂക്കിൽ തുളഞ്ഞു കയറി.....

"അഘോരി......."

ജയരാമന്‍റെ നാവ് അറിയതെ പറഞ്ഞു. ദേഹമാസകലം ചുടല ഭസ്മം പൂശിയ അതിമാനുഷനായ ഒരു അഘോരി ബാബയാണ് തന്‍റെ ജീവൻ രക്ഷിച്ചിരിക്കുന്നത്. ജയരാമൻ നന്ദി സൂചകമായി പുഞ്ചിരിച്ചു, പക്ഷേ ബാബയുടെ മുഖത്ത് വെറുപ്പു കലർന്ന പുഛമായിരുന്നു. ജയരാമനെ ഒന്നു തറപ്പിച്ചു നോക്കിയ ശേഷം ബാബ അമ്പേറ്റു പിടയുന്ന ചെന്നായക്കരികിലേക്ക് പോയി. അതിന്‍റെ ശരീരത്തിൽ തുളഞ്ഞ് കയറിയ അസ്ത്രം വലിച്ചൂരിയെടുത്തു. അടുത്ത നിമിഷത്തിൽ അതിന്‍റെ പിടച്ചിലവസാനിച്ചു. ബാബയുടെ കയ്യിലെ അമ്പിൽ നിന്നും ചോരയിറ്റ് വീഴുന്നുണ്ടായിരുന്നു.

ഒറ്റക്കൈ കൊണ്ട് ബാബ അനായാസം ആ വലിയ ചെന്നായയെ തൂക്കി തോളത്തിട്ടു, എന്നിട്ട് തിരിഞ്ഞ് ജയരാമന് അരികിലേക്ക് നടന്നു. എന്തുകൊണ്ടോ ജയരാമന്റെ ഹൃദയം പെരുമ്പറ പോലെ മുഴങ്ങാൻ തുടങ്ങി. ആ മഞ്ഞുമലയിലും അയാൾ വിയർക്കാൻ തുടങ്ങി. ബാബയുടെ നോട്ടം തന്റെ നെഞ്ചിലേക്കാണ്,...... അല്ല ജാക്കറ്റിനുള്ളിൽ താനൊളിപ്പിച്ച തടിപ്പെട്ടിയിലാണ് എന്ന് ജയരാമന് മനസിലായി. ഇതിനുള്ളിൽ വില പിടിച്ചതെന്തോ ഉണ്ടെന്ന് ജയരാമൻ ഉറപ്പിച്ചു. ഒരു കൈ നെഞ്ചിന് കുറുകേ പിടിച്ച് അത് കുറച്ചു കൂടി സുരക്ഷിതമാക്കി.

ബാബ തൊട്ടടുത്തെത്തി. അയാളുടെ ശരീരത്ത് പൂശിയിരുന്ന ചുടല ഭസ്മത്തിന്‍റെ ഗന്ധം ജയരാമന് അസഹ്യമായി തോന്നി.

അഘോരി ബാബയുടെ ഘനഗംഭീരമായ ശബ്ദം ആ പാറകളിൽ പ്രതിധ്വനികളുണ്ടാക്കി.

" നീ നെഞ്ചോട് ചേർത്തിരിക്കുന്നത് മരണമാണ് , നിന്‍റെ മാത്രം മരണമല്ല, നിന്നിലൂടെ ഒരു പാടു പേരുടെ മരണം. അതിവിടെ വച്ചിട്ട് മടങ്ങിപ്പോകു, നിനക്ക് നിന്‍റെ ജീവൻ തിരിച്ചു കിട്ടും."

"ഇല്ല, ഞാനിത് ഉപേക്ഷിക്കില്ല, ഇതെനിക്കുള്ളതാണ്, ദൈവം എനിക്കായി കരുതി വച്ചിരുന്നതാ." ജയരാമൻ മറുപടി പറഞ്ഞു.

അഘോരി ബാബ പൊട്ടിച്ചിരിച്ചു. ഭ്രാന്തൻമാരെപ്പോലെ, ചെന്നായയുടെ ചോര അയാളുടെ ചുമലിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

ചിരി നിർത്തി ബാബ ജയരാമന് നേരെ ചോര പുരണ്ട അസ്ത്രം ചൂണ്ടിപ്പറഞ്ഞു.
" നിന്റെ നെഞ്ചിൽ നീ ഒളിപ്പിച്ച ആ ശാപം പിടിച്ച പെട്ടി..... നീ കരുതും പോലെ അതിനെ നീ കണ്ടെത്തിയതല്ല, അത് നിന്നെ കണ്ടെത്തിയതാ..... "  ഹ ഹ ഹ .....ബാബ സംസാരിക്കുന്നതിനിടയിൽ അട്ടഹസിച്ച് ചിരിക്കുന്നുണ്ടായിരുന്നു. " വിഢീ.......... ദൈവമല്ല അത് അവനാണ്..... അവൻ കാത്തിരിക്കുകയായിരുന്ന, നിനക്കായി ആ നശിച്ച പെട്ടിയും കരുതി വച്ച്......, അതിൽ മരണമാണ്...... ആ പെട്ടി ഉപേക്ഷിച്ച് എത്രയും വേഗം രക്ഷപെടൂ "

ചില സിനിമകളിലൊക്കെ കാണിക്കാറുള്ളതുപോലെ ഈ പെട്ടിയിൽ യക്ഷിയേയോ ഭൂതത്തെയോ തളച്ചിട്ടിരിക്കുകയാണെന്ന് വിശ്വസിക്കാൻ താൻ വെറുമൊരു അന്ധവിശ്വാസിയല്ലെന്ന് ജയരാമൻ മനസിൽ ആവർത്തിച്ച് പറഞ്ഞു.

"ജീവൻ രക്ഷിച്ചതിന് നന്ദി, ആ സ്വാതന്ത്ര്യത്തിൽ എന്‍റെ വിവേകമളക്കാമെന്ന് കരുതരുത്. നിങ്ങൾ എനിക്ക് ബേസ് ക്യാംപിലേക്കുള്ള വഴി പറഞ്ഞു തരു " അൽപം ദേഷ്യത്തോടെയാണ് ജയരാമൻ ബാബയോട് സംസാരിച്ചത്.

ഭ്രാന്തമായ പൊട്ടിച്ചിരി തന്നെയായിരുന്നു അഘോരി ബാബയുടെ ആദ്യ മറുപടി. "നീ അവന്‍റെ നാവായി മാറിക്കഴിഞ്ഞിരിക്കുന്നു , ഇനി ആരു തെളിച്ചാലും, വെളിച്ചത്തിലേക്കുള്ള വഴി നീ കാണില്ല ".

ജയരാമന് എന്തെന്നില്ലാത്ത ദേഷ്യം വന്നു. "നിങ്ങൾ കുറേ നേരമയി ഉന്മാദിയെപ്പോലെ പെരുമാറുന്നു. ആരുടെ കാര്യമാണ് നിങ്ങൾ പറയുന്നത്? ഏതവൻ?"

അതിന് മറുപടി പറയാതെ തിരിഞ്ഞു നോക്കാതെ ബാബ മുന്നാട്ട് നടന്നു, അപ്പോഴും അയാളുടെ ചുമലിൽ ചെന്നായയുടെ ശവവും ഒരു കൈയ്യിൽ ചോര പുരണ്ട അമ്പും ഉണ്ടായിരുന്നു. അയാളുടെ കാലുകൾക്ക് ഭ്രാന്തമായ വേഗമായിരുന്നു. ജയരാമൻ ബാബക്ക് പിന്നാലെ ചെന്നു ,
" എനിക്ക് ഉത്തരം തന്നിട്ട് പോകൂ..., ആരാണവൻ?"

അഘോരിയുടെ ചിരി ഉച്ചത്തിലായി. ബാബ പെട്ടെന്ന് നിന്നു.

"രക്തം കൊണ്ടെഴുതിയതാണ് അവന്‍റെ കഥ, അത് തിരക്കിപ്പോകാതെ മടങ്ങിപ്പോകൂ..."

ജയരാമൻ ഒരു നിമിഷം നിന്നു . മുന്നിൽ തറയിൽ നിറയേ ചോരപ്പാടുകൾ . അൽപം മുൻപ് ബാബയുടെ അമ്പേറ്റ് ചെന്നായ പിടഞ്ഞൊടുങ്ങിയ സ്ഥലം , അവിടെ ചിതറിത്തെറിച്ച രക്തം മഞ്ഞിലെന്തോ എഴുതി വച്ചത് പോലെ, ജയരാമൻ ഒന്നു കൂടി സൂക്ഷിച്ച് നോക്കി . അതേ പരിചിതമായ മലയാള അക്ഷരങ്ങൾ തന്നെ,

" ....ര...ക്താം...ഗി...ത...ൻ..... "

രക്താംഗിതൻ , ആ പേര് ജയരാമന്റെ ചുണ്ടുകളിൽ നിന്ന് ഒരു മന്ത്രണമായി പുറത്തേക്ക് വന്ന നിമിഷം ബാബയുടെ പൊട്ടിച്ചിരി നിന്നു. ജയരാമൻ തലയുയർത്തി ബാബയെ നോക്കി.

ബാബ ചുമലിൽ കിടന്ന ചെന്നായയെ മഞ്ഞിൽ കിടത്തി നിവർന്ന് നിന്നു. ഒരിക്കൽ കൂടി പൊട്ടിച്ചിരിച്ചു.

"രക്താംഗിതൻ......, അവൻ മരണമാണ് "

അത്രയും പറഞ്ഞ് കൈയ്യിലിരുന്ന അമ്പ് ബാബ ജയരാമന് നേരേ വലിച്ചെറിഞ്ഞു. അസ്ത്രം തന്‍റെ നെഞ്ചിന് നേരേ പാഞ്ഞ് വരുന്നത് ഒരു നടുക്കത്തോടെ ജയരാമൻ കണ്ടു. അതേ നിമിഷത്തിൽ ജീവനറ്റ് കിടന്ന ചെന്നായ പിടത്തെണീറ്റ് ഓരിയിട്ട് ജയരാമന് നേർക്ക് കുതിച്ചു, വന്യമായ മുരൾച്ചയോടെ,.....  

തുടരും...

No comments:

Post a Comment

Type your valuable comments here