വേനൽ
അകലെ
മലയിലൊരുനേർത്ത വരയായ്
ഒടുങ്ങാനൊരുങ്ങുന്ന നീർച്ചോലയും,
താഴെ
പാതാളവാതിലോളം ആഴത്തിൽ
നനവിൻ്റെ ശേഷിപ്പതില്ലാത്ത കിണറും,
മലമേൽ
വാടിക്കരിഞ്ഞഗ്നിയെ പുൽകുവാനായ്
കാത്തുകിടക്കുന്ന പുൽത്തകിടിയും,
നീയിതെല്ലാം
കണ്ടിട്ടുമെന്തേ പിന്നെയും പിന്നെയും
അഗ്നിശരമെയ്ത് പൊട്ടിച്ചിരിക്കുന്നു?
ആദിത്യനോടായിരം വട്ടമീ
ചോദ്യം ചോദിച്ചുത്തരം തേടി ഞാൻ
" ശിക്ഷയാണിത്,
എൻ പ്രണയിനി ധരണിയുടെ
അരുമയാം മക്കൾ,
നിങ്ങൾ അവളോട് ചെയ്ത
അപരാധങ്ങളുടെ ശിക്ഷ "
ഉരുകിയൊലിക്കുന്നൊരെൻ മേനി നോക്കിയരുണൻ
അട്ടഹസിച്ചു കൊണ്ടുത്തരം നൽകി
പ്രാചീന ലോകത്ത്
വെങ്കലക്കാളയുടെ ഉള്ളിലടച്ചിട്ട്
അതിൻ ചോട്ടിൽ തീയിട്ട്
ചിത്രവധം ചെയ്തിതിരുന്നത്രേ മനുഷ്യനെ !
വാനിൽ
കലിതുള്ളി കൊലവിളിയോടെ
തിളയ്ക്കുന്ന സൂര്യനും,
താഴെ
കാടിനെത്തിന്നിട്ട് ദാഹം ശമിക്കാതെ
ആളിപ്പടരുന്നഗ്നിയും ചേരുമ്പോൾ
ഞാൻ
അഭയമില്ലാതെ,
തണലു തേടി,
തണുപ്പു തേടി,
അലയുകയാണ്.
അവസാനമെങ്ങനെന്നറിയാതെ
അറിയാതെ....
രഞ്ജിത് വെള്ളിമൺ
