അച്ഛൻ
പത്തുമാസം ചുമന്നതും,
നൊന്തുപെറ്റതുമമ്മയാണെങ്കിലും,
പേറ്റുമുറിയുടെ വരാന്തയിൽ
മൂകമുരുകി നിന്നൊരച്ഛൻറെ
വിങ്ങലാരെങ്കിലും കണ്ടുവോ ?
ആദ്യമായീ കയ്യിൽ കിടന്നു നീ
കൺമിഴിച്ചൊന്ന് നോക്കിയ നേരം
അറിയാതെയെൻ കൺനിറഞ്ഞത്
നീ കണ്ടിരുന്നുവോ ?
ഇന്നീ കതിർമണ്ഡപത്തിൽ
നിൻ കൈപിടിച്ചേൽപ്പിച്ച നേരമെൻ
കണ്ണിൽ നിറഞ്ഞോരശ്രുകണങ്ങൾ
എല്ലാവരും കണ്ടിരുന്നു.
ഈ കണ്ണീർക്കണങ്ങൾക്കിടയ്ക്കുള്ള കാലം
നീയെനിക്ക് രാജകുമാരിയായിരുന്നു
ഇനിയുള്ള കാലവും
മറ്റൊരു വീട്ടിലെ റാണിയായ്
നീ വാഴുവാനൊരാശ മാത്രം.
യാത്ര ചൊല്ലുവാനാവില്ല മകളേ
വാക്കുകൾ തൊണ്ടയ്ക്കുടക്കിടുന്നു
നാവും വരണ്ടുണങ്ങിടുന്നു.
രഞ്ജിത് വെള്ളിമൺ
Tags
കവിത
