എൽ.ഡി ക്ലർക്ക് പരീക്ഷയിൽ ആദ്യ റാങ്കുകളിലൊന്ന് നേടി പഞ്ചായത്തെന്ന അദ്ഭുത
ലോകത്തിലെത്തിയ ആദ്യനാളുകൾ ഒരു ഞെട്ടലോടെയാണ് ആലീസിന്നും ഓർക്കുന്നത്.
പലപ്പോഴും താൻ കാണുന്നതൊരു ദുസ്വപ്നം ആയിരിക്കണേ എന്നവൾ വല്ലാതെ പ്രാർത്ഥിച്ചിരുന്നതവളുടെ മനസിലുടെ മിന്നിമാഞ്ഞ് പോയി.
അന്നത്തെ ആ പകച്ചു പതുങ്ങി നിന്ന പെൺകുട്ടിയിൽ നിന്നും അക്കൌണ്ടൻറിൻറെ
കസേരയിലേക്കുളള യാത്ര കല്ലും മുള്ളും നിറഞ്ഞ കഠിനപാതയിലൂടെയായിരുന്നു.
ഇന്ന് കേരളത്തിൻറെ തെക്കേയറ്റത്ത് നിന്നും വടക്കേയറ്റത്തുള്ള പഞ്ചായത്തിലെ അക്കൌണ്ടൻറ് കസേരയിലേക്കുള്ള സുദീർഘമായ യാത്രയിൽ ആ ഓർമ്മകളിലേക്ക് പിൻതിരിഞ്ഞൊന്ന് യാത്ര ചെയ്യാൻ ആലീസാഗ്രഹിച്ചു.
എൽ.ഡി ക്ലർക്കായി പഞ്ചായത്തിലെത്തിയ നാൾ മുതൽ രസീതുബുക്കും ഹാൻഡ് ബുക്കും
കുടിവെള്ളവും ആറാർ നോട്ടീസുമൊക്കെയായി കയ്യിലൊതുങ്ങാത്ത
ഭാണ്ഡക്കെട്ടുമായുള്ള ഓട്ടം. ഓട്ടം കഴിഞ്ഞ് ഓഫീസിലെത്തുമ്പോ അതൊരു അദ്ഭുതലോകം പോലെയാണ് തോന്നിയത്.
തിരക്ക്കാരണം സ്വന്തം കാര്യങ്ങൾക്ക് സമയം കിട്ടാത്ത, മനസ്സു തുറന്നൊന്നു
ചിരീക്കാൻ കഴിയാത്ത, യന്ത്രങ്ങളെപ്പോലെ പ്രവർത്തിക്കുന്ന കുറേയാൾക്കാർ.
ക്ലർക്കെന്ന തസ്തിക പെട്ടെന്ന് പിരിവുജീവനക്കാരിയെന്നായപ്പോൾ ,
പിരിവുകാരുടെ യോഗം മേലധികാരികൾ വിളിച്ച് ചേർത്ത് വാക്കുകൾ കൊണ്ട്
വേദനിപ്പിച്ചപ്പോൾ, സാറൻമാർക്ക് ശമ്പളം വാങ്ങാൻ കാശില്ലാത്തോണ്ട്
രസീതുകുറ്റിയുമായി ഇറങ്ങിയതാണെന്ന് നാട്ടുകാർ പലരും കളിയാക്കിയപ്പോൾ, എൻറെ
തൊട്ടടുത്തുള്ള റാങ്കുകാരി വില്ലേജാഫീസിലിരുന്ന് നികുതീ രസീതെഴുതുമ്പോൾ
ഞാനീ വെയിൽ കൊണ്ട് പട്ടിയെപ്പേടിച്ചോടി വെറും പിരിവുകാരിയായപ്പോൾ,
ഇതെല്ലാമൊരു ദുസ്വപ്നമാണെന്ന് കരുതാനാണ് ഞാനാഗ്രഹിച്ചത്.
ഇവിടെ ജോലി ചെയ്യണമെങ്കിൽ പത്ത് തലയും ഇരുപത് കൈകളും വേണം.
ഉറക്കമൊഴിഞ്ഞിരുന്ന് പഠിച്ച രാത്രികളോർമ്മയിൽ മായാതെ നിന്നതിനാൽ ജോലി രാജി
വയ്ക്കുകയെന്ന ചിന്ത ഉപേക്ഷിച്ച് ഒഴുക്കിനനുസരിച്ച് നീന്താൻ തീരുമാനിച്ചു.
വാർഡുകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നികുതിപിരിവിനു പോകുമ്പോൾ ആദ്യമൊക്കെ വലിയ ഭയം തോന്നിയിരുന്നു. ഒരിക്കൽ ഒരു വീട്ടിൽ നികുതിപിരിക്കാൻ ചെന്നപ്പോൾ ഒറ്റക്കായിരുന്ന
വീട്ടുടമസ്ഥൻ കയറിപ്പിടിക്കാൻ ശ്രമിച്ചതും അവിടുന്നോടി രക്ഷപെട്ടതും
ഞെട്ടലോടെ മാത്രമേ ഓർക്കാൻ കഴിഞ്ഞിരുന്നുള്ളു.
പഞ്ചായത്തിന് നൂറു
ശതമാനം നികുതിപിരിവെന്ന നേട്ടം അഭിമാനപ്രശ്നമായതിനാൽ കല്ല്യാണത്തീയതി
മാർച്ചിൽ നിന്നും മാറ്റി വയ്ക്കേണ്ടി വന്നപ്പോൾ ഒട്ടും വിഷമം
തോന്നിയിരുന്നില്ല. ഓടി നടന്ന് നികുതി പിരിച്ചു. നൂറു ശതമാനം തികച്ചു. പക്ഷേ പിറ്റേവർഷത്തെ നികുതിപിരിവുകാലം ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളായി മാറി.
മാർച്ചിലെ കൊടും വേനലിൽ വയറ്റിലൊരു കുഞ്ഞുജീവനുമായി പിരിവിനിറങ്ങിയ ഒരുദിനം, നാലഞ്ച് രസീതുകളെഴുതി ക്കഴിഞ്ഞപ്പൊഴേക്കും ശരീരത്തിൻറെ ദുർബ്ബലാവസ്ഥ
കൊണ്ടോ, വെയിലിൻറെ കാഠിന്യം കൊണ്ടോ തളർന്ന് വീണുപോയ ഞാൻ തിരികെ
ഓഫീസിലെത്തി.
ആരുടെയും സഹതാപമൊന്നും ഞാനന്നുമിന്നും
പ്രതീക്ഷിച്ചിരുന്നില്ല പക്ഷേ എൻറെ നേരത്തെയുള്ള എൻട്രി ഇഷ്ടപ്പെടാത്ത
സൂപ്പർവൈസർ ഔട്ട്ഡോർ രജിസ്റ്റർ പരിശോധിച്ചിട്ടെന്നെ കലിപ്പിച്ചൊരു നോട്ടം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നല്ല സുഖമില്ലാത്തതിനാൽ പിരിവ് കുറവായിരുന്നു.
ഡോക്ടർ റെസ്റ്റെടുക്കാൻ ഉപദേശിച്ചുവെങ്കിലും പിരിവുകാർക്കും പ്ലാൻ
ക്ലാർക്കിനും ലീവ് അനുവദിക്കരുതെന്ന നിർദ്ദേശമുള്ളതിനാൽ വേറെ
മാർഗ്ഗമില്ലാരുന്നു.
"എൽ.ഡി ക്ലാർക്കിനിരിക്കാൻ ഓഫീസിൽ കസേര
കൊടുക്കേണ്ട, അവര് ഫുൾ ടൈം പിരിവുകാരനാണെന്ന്" ഒരു മേലധികാരി പിരിവുകാരുടെ
മീറ്റിംഗിൽ വച്ചു പറഞ്ഞതിനു ശേഷം ആ സീറ്റിലിരിക്കുമ്പോ എന്തോ അസ്വസ്ഥത
തോന്നിയിരുന്നതുകൊണ്ടും, പ്രതിദിന ടാർഗറ്റ് ഫിക്സ്
ചെയ്തിട്ടുള്ളതുകൊണ്ടുമാണ് വയ്യായ്കയെ അവഗണിച്ച് പിരിവിന് പോയത്.
പക്ഷേ എൻറെ വയ്യായ്കയുടെ കാര്യമൊക്കെ നിർദാക്ഷീണ്യം തള്ളപ്പെട്ടു. പിരിവ് കുറഞ്ഞതിൻറെ കാരണം ബോധിപ്പിക്കാനൊരു മെമ്മോ കിട്ടി.
"ഞങ്ങളൊക്കെ ഇതിനേക്കാൾ വലിയ പീഢനങ്ങളേറ്റു വാങ്ങിയതാ. അതുവച്ചു നോക്കുമ്പോൾ നിങ്ങൾക്കൊക്കെ സുഖമല്ലേ?"
ഇത് കേട്ടു ചെവി തഴമ്പിച്ചു. അവരനുഭവിച്ചതൊക്കെ നമ്മളെയും അനുഭവിപ്പിച്ചാൽ എന്തേലും ആശ്വാസം കിട്ടുമായിരിക്കാം.
എൽ.ഡി ക്ലർക്കിൽ നിന്നും യു.ഡി ക്ലർക്കിലേക്കുള്ള മാറ്റം എരിതീയിൽ നിന്നും വറചട്ടിയിലേക്കുള്ള വീഴ്ചയായിരുന്നു. ഫീൽഡ് ജോലി ഒഴിവായല്ലൊയെന്നാശ്വസിച്ച് ചെന്നപ്പോ കിട്ടിയത് പ്ലാൻ സീറ്റ്. എൽ.ഡി ആയിരുന്ന കാലത്ത് പ്ലാൻ ക്ലർക്കിനെ അസിസ്റ്റ് ചെയ്ത പരിചയവുമായി പുതിയ ദൌത്യം ഏറ്റെടുക്കാൻ നിർബന്ധിതയായി. രാപകൽ ഭേദമില്ലാതെ പണിയെടുത്ത് മികച്ച പ്ലാൻ ക്ലർക്കെന്ന പേര്
സമ്പാദിച്ചു. അതൊരു മുൾക്കിരീടമായിരുന്നുവെങ്കിലും ആ കിരീടം അഭിമാനത്തോടെ
തന്നെ ഞാൻ തലയിലണിഞ്ഞു.
പക്ഷേ വീട്ടിലെനിക്ക് ചാർത്തപ്പെട്ടുകിട്ടിയത് മറ്റു ചില അവാർഡുകളായിരുന്നു. കുടുംബത്തോട് സ്നേഹമില്ലാത്തവൾ, വർക്ഹോളിക് എന്നു തുടങ്ങി അവധി
ദിവസങ്ങളിലും അസമയത്തും ഓഫീസിൽ തങ്ങുന്നതിൻറെ പേരിൽ അപവാദങ്ങളും
കേൾക്കേണ്ടി വന്നു.
അപ്പോഴും ഉഴപ്പി നടക്കുന്ന ചില സഹപ്രവർത്തകർ
ഉപദേശിച്ചു, ഒരുപാട് ആത്മാർത്ഥത കാണിച്ചാൽ പണി കിട്ടിക്കൊണ്ടിരിക്കും.
നമുക്ക് സ്വന്തം കുടുംബം കഴിഞ്ഞേയുള്ളു ജോലി.
അത് കേൾക്കുമ്പോൾ തോന്നും നമുക്കൊന്നും കുടുംബത്തോട് സ്നേഹമില്ലാത്തോണ്ട് പഞ്ചായത്തിൽ വന്ന് തപസിരിക്കുവാണെന്ന്. അന്നം തരുന്ന ജോലിയോട് കുറച്ചുകൂടുതൽ ആത്മാർത്ഥത കാണിച്ചിരുന്നു. അതൊരു മോശം കാര്യമാണെന്ന് അന്നും ഇന്നും തോന്നി യിട്ടില്ല. കഴിഞ്ഞ കുറേ നാളുകളിലെ ദിനചര്യ ഇനി മാറുകയാണ്. ഭർത്താവിനെ ജോലിക്കയച്ച് മക്കളെമൊരുക്കി സ്കുളിലയച്ച ശേഷം
പഞ്ചായത്തിലേക്കുള്ള ഓട്ടത്തിനിടയിൽ പലപ്പോഴും പ്രാതൽ കഴിക്കാൻ
സമയമുണ്ടാകില്ല. ഓഫീസിലെത്തി പ്രഫോർമ്മകളും മീറ്റിംഗുകളും
കമ്മിറ്റിയുമൊക്കെയായി ആക്ടീവാകുമ്പോ വിശപ്പുപോലും മറന്നുപോകും.
സ്കൂളിലെ പി.റ്റി.എ മീറ്റിംഗിനു ചെല്ലാനോ കുറച്ച് കൂടുതൽ സമയം കുടുംബത്തോടൊപ്പം ചെലവിടാനോ നന്നേ ബുദ്ധിമുട്ടിയിരുന്നു. രാവിലെമുതലുള്ള ഓട്ടം കഴിഞ്ഞുള്ള ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങളിൽ പോലും ആക്ടും റൂളും കമ്മിറ്റിയും സുലേഖയും മാത്രമായിപ്പോയി. ഉറക്കത്തിൽ "വാലിഡേഷൻ ശരിയായില്ല, ഡി പി സി ക്ക് പോകണം അലോട്ട്മെൻറ് , ട്രഷറി" എന്നൊക്കെ വിളിച്ച് പറയുന്നത് കേട്ടാൽ ഭർത്താവ് മൈൻഡ് ചെയ്യാതെയായി.
ഇനി മുതൽ പുതിയ ദിനചര്യകൾ വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ നിന്നും
പഞ്ചായത്തിലേക്കും തിരിച്ചുമുള്ള യാത്രകൾ. രണ്ടാഴ്ചയിലൊരിക്കൽ നാട്ടിലേക്ക്
ഭർത്താവിനെയും മക്കളെയും കാണാനുള്ള യാത്രകൾ. സുലേഖയ്ക്ക് പകരം സാംഖ്യയുമായുള്ള ചങ്ങാത്തം.
സ്റ്റേഷനുകൾ അതിവേഗം പിന്നിട്ട് കുതിച്ചുപായുന്ന തീവണ്ടിയിൽ ചീത്ത
ഓർമ്മകളെയെല്ലാം പിന്നിലുപേക്ഷിച്ച് നല്ല ഓർമ്മകളുടെ സുഖാനുഭൂതിയുമായി
യാത്ര തുടർന്നു.
രഞ്ജിത് വെള്ളിമൺ
നല്ലെഴുത്ത്....പല അനുഭവങ്ങളും മനസ്സിലൂടെ ഒരു സ്പാർക്ക്....
ReplyDelete