"സുലേഖയും നിങ്ങളും തമ്മിൽ എന്താ ബന്ധം എനിക്കിപ്പൊ അറിയണം"
ഭാര്യയുടെ ഉച്ചത്തിലുള്ള ആക്രോശം കേട്ടാണ് പാവം സെക്രട്ടറി ഉറക്കമുണർന്നത്.
എന്നും കണികണ്ടുണരുന്ന നൻമയിതാ ഭദ്രകാളിയെപ്പോലെ ഉറഞ്ഞുതുള്ളുന്നു.
"കുറച്ച് ദിവസമായി ഞാൻ കേൾക്കുന്നു ഈ സുലഖയുടെ കാര്യം. ഫണ്ടില്ല,
സ്പീഡില്ല, കണക്ഷൻ കിട്ടുന്നില്ല. ഇപ്പൊ ഉറക്കത്തിൽപ്പോലും സുലേഖയെന്ന്
പറയാൻ തുടങ്ങി. എനിക്കിന്നറിയണം അവളാരാണെന്ന്. രാവിലെ ബാഗും തൂക്കി
വീട്ടിൽ നിന്നിറങ്ങിയാൽ തിരിച്ചെത്തുന്നത് നട്ടപ്പാതിരായാക്കാ. എന്താ
നിങ്ങൾക്ക് മാത്രം ഇത്ര ജോലി. ആർ.ടി.ഒ ഓഫീസിൽ ജോലിയുള്ള ജോസഫ് സാറ് 6
മണിക്ക് മുന്നേ വീട്ടിലെത്തും. കൃഷി ഓഫീസർ സുഗുണൻ സാറും എത്തും ആ സമയത്ത്.
നിങ്ങൾക്ക് മാത്രം എന്താ ഇത്ര പണി. അപ്പോ ജോലിയല്ല പ്രശ്നം സുലേഖയും സുഭദ്രയുമൊക്കെയാണ്. ഇന്നെനിക്ക് രണ്ടിലൊന്ന് അറിയണം ആരാ അവളുമാര്. നിങ്ങൾക്കെന്താ അവരുമായി ബന്ധം. നട്ടപ്പാതിര വരെ പണി അതും പോരാഞ്ഞ് അവധി ദിവസവും ഒരു ഓഫീസിൽ പോക്ക്."
ഭാര്യയുടെ രോഷം സുനാമിപോലെ ഇരമ്പിയാർത്ത് വരികയാണ്. ഇന്നിത്തിരി സമയം പോയാലും വേണ്ടില്ല . ഐ.കെ.എം സോഫ്ററ് വെയറുകളെക്കുറിച്ച്
ഇവൾക്കൊരു ക്ലാസ് എടുത്തിട്ട്തന്നെ കാര്യം സെക്രട്ടറി തീരുമാനിച്ചു.
ആ നിമിഷത്തിൽത്തന്നെ സെക്രട്ടറിയുടെ ഫോൺ ചിലച്ചു.
"ആ സുലേഖയായിരിക്കും അതിരാവിലെ. ഭാര്യ എരിതീയിൽ എണ്ണയൊഴിച്ച് ആളിക്കത്തിച്ചുകൊണ്ടിരുന്നു."
സെക്രട്ടറിക്കും ദേഷ്യം വന്നു തുടങ്ങിയിരുന്നു.
"എടീ ഇത് എൻറെ ഓഫീസിലെ പ്ലാൻ ക്ലർക്കാ. നിനക്ക് വിശ്വാസമില്ലേ ഞാൻ ലൌഡ് സ്പീക്കറിലിടാം."
സെക്രട്ടറി കാൾ അറ്റൻറ് ചെയ്ത് സ്പീക്കർ ഫോണിലിട്ടു.
മറു തലക്കൽ പ്ലാൻ ക്ളർക്ക് ആവേശത്തിലായിരുന്നു. ഒറ്റ ശ്വസത്തിലാണ് അയാൾ പറഞ്ഞ് തീർത്തത്.
" സാറെ സുലേഖയുടെ പ്രശ്നമെല്ലാം പരിഹരിച്ചു. ഫണ്ടെല്ലാം ഞാൻ ഓക്കെ
ആക്കിയിട്ടുണ്ട്. നമുക്ക് നാളെത്തന്നെ ഡി പി സിയിൽ പോകാം."
അപ്പോഴേക്കും
റെയ്ഞ്ച് പോയി കോൾ കട്ടായി. ഒരു കൊടുങ്കാറ്റ് പോലെ അത്രയും പറഞ്ഞാ പ്ലാൻ ക്ലർക്ക് പിന്നെ വിളിച്ചതുമില്ല. പേമാരി പിന്നാലെ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു.
" ഓഹോ അവളേം കൊണ്ട് ഡി.റ്റി.പി.സി ഹോട്ടലിൽ പോകുന്നവരെയായി കാര്യങ്ങൾ . അതും
പോരാഞ്ഞിട്ട് ഇതൊക്കെ പ്ലാൻ ചെയ്ത് കൊടുക്കാൻ ഒരു ക്ലർക്കും. കൊല്ലും ഞാൻ
എല്ലാത്തിനേം."
കലിതുള്ളിയ ഭാര്യ കയ്യിൽകിട്ടിയ ചിരവയെടുത്ത് ആ പാവം സെക്രട്ടറിയുടെ തലയ്ക്കൊരടി വച്ചു കൊടുത്തു.
വെട്ടിവിയർത്ത് ഉറക്കത്തിൽ നിന്നും ചാടിയെണീറ്റ സെക്രട്ടറി റൂമിലെ
ലൈറ്റിട്ടു. സമയം പുലർച്ചെ 4.30. അരികിൽ ഭാര്യ സുഖമായുറങ്ങുന്നു .
കണ്ടതെല്ലാം വെറും സ്വപ്നമായിരുന്നു.
രാത്രി വൈകി ഉറങ്ങാൻ
കിടക്കുന്നത് വരെ കൂട്ടലും കഴിക്കലുമൊക്കെയായിരുന്നു. നടപ്പുവർഷം നൂറ്
ശതമാനം പദ്ധതി ചിലവ് കൈവരിക്കണം, അടുത്ത വർഷത്തെ പദ്ധതിക്ക് അംഗീകാരം
വാങ്ങണം, നൂറ് ശതമാനം നികുതി പിരിക്കണം , എല്ലാം കൂടി ദിവസത്തിൽ 24
മണിക്കൂർ പോരാത്ത അവസ്ഥ. അതു കൊണ്ട് തന്നെ ബെഡ് റൂം പോലും പലപ്പോഴും
ഓഫീസാകുന്നു. അവധി ദിവസങ്ങളിൽ പോലും ഭാര്യയും മക്കളുമൊക്കെയായി
മനസമാധാനത്തോടെ ഒരു യാത്ര പോലും പോകാൻ പറ്റാത്ത അവസ്ഥ. ഇത്രയുമൊക്കെ
ആയിട്ടും യാതൊരു പരിഭവങ്ങളുമില്ലാതെ എന്നെ സ്നേഹിക്കുക മാത്രം ചെയ്യുന്ന
ഭാര്യ ചിരവിയടുത്തടിച്ചതായി സ്വപ്നം കണ്ടതോർത്ത് സെക്രട്ടറിക്ക് കുണ്ഠിതം
തോന്നി. സ്ഥിരമായി അർദ്ധരാത്രയിലും , ചിലപ്പോൾ , പുലർച്ചയുമൊക്കെ
വീട്ടിൽ ചെന്ന് കയറുന്ന പ്ലാൻ ക്ലർക്കിനെതിരേ അയാളുടെ ഭാര്യ ഡിവോഴ്സ്
നോട്ടീസയച്ചത്രേ. ഹോ അത്രയ്ക്കൊന്നുമില്ലല്ലോ ഈ സ്വപ്നം. ചിന്തകൾക്ക് വിട നൽകി അരികിൽ ഉറങ്ങുന്ന ഭാര്യയുടെ തലയിണക്കരികിൽ ഇരുന്ന
ലാപ്ടോപ്പെടുത്ത് സെക്രട്ടറി സുലേഖയുടെയും സഞ്ചയയുടെയും ലോകത്തേക്കിറങ്ങി.
രഞ്ജിത് വെള്ളിമൺ
Real സ്റ്റോറി
ReplyDelete