അത്ര ഉയരത്തിൽ നിന്നും അവന്‍റെ കൈ പിടിച്ച് താഴേക്ക് ചാടുമ്പോൾ എന്‍റെ കൈകാലുകൾ വിറച്ചില്ല. മനസ് പതറിയില്ല. പരസ്പരം പ്രണയിച്ച് തുടങ്ങിയപ്പോൾ തീരുമാനിച്ചതാണ്, ഇനി മുതൽ പരസ്പരം
തുണയായി എന്നുമുണ്ടാകുമെന്ന്. ജീവിക്കാനാണെങ്കിലും ഒരുമിച്ച്
മരിക്കാനാണെങ്കിലും ഒരുമിച്ച്.
താഴേക്ക് പതിക്കും തോറും ശരീരത്തിന്
ഭാരമില്ലാതെയായി ഒരു നേർത്ത പഞ്ഞിക്കെട്ടുപോലെ ഒഴുകുകയാണെന്ന് എനിക്ക്
തോന്നി. അപ്പോഴും അവന്‍റെ കൈകൾ എന്‍റെ കൈയ്യിൽ ഇറുകെ
പിടിച്ചിട്ടുണ്ടായിരുന്നു.
ഞാനോർമ്മകിളിലേക്കൂളിയിട്ടു...
ഓർത്ത് വയ്ക്കാൻ നല്ലതൊന്നുമില്ലാത്ത ജീവിതമായിരുന്നു, ഉള്ള ഓർമ്മകൾ
എപ്പോഴും വേട്ടയാടിക്കൊണ്ടുമിരുന്നു. ദുഃസ്വപ്നങ്ങൾ കണ്ട് ഞെട്ടിയുണർന്ന്
ഉറക്കം നഷ്ടപ്പെട്ട രാവുകൾ...
ആ ജീവിതത്തിലെ ദുരിതപർവ്വം ഇന്നവസാനിക്കുകയാണ് ...
ഒരു നിമിഷത്തിന്‍റെ ആവേശത്തിൽ പ്രണയിച്ചതായിരുന്നില്ല അവൻ, വരും
വരായ്കകളെക്കുറിച്ച് പരസ്പരം ചർച്ച ചെയ്ത്, വളരെയധികം സമയമെടുത്താണ് എന്നെ
അവൻ സമ്മതിപ്പിച്ചത് . പ്രണയം ഞങ്ങൾക്കൊരിക്കലും സുഖകരമായ അനുഭൂതിയായിരുന്നില്ല. തുറിച്ചു നോട്ടങ്ങളും , കുറ്റപ്പെടുത്തലുകളും, ഒറ്റപ്പെടുത്തലും...
ഇന്ന് ഇങ്ങനെയൊരു തീരുമാനമെടുക്കും വരെ മനസ് പതറാതെ ഞങ്ങൾ പിടിച്ചു നിന്നതാണ് ...
ഒരു രാത്രയിൽ കുറേ ചെറുപ്പക്കാർക്ക് കഞ്ചാവിന്‍റെ ലഹരിയിൽ തോന്നിയ നേരമ്പോക്കിൽ എനിക്ക് നഷ്ടപ്പെട്ടത് വിലപ്പെട്ടതെല്ലാമായിരുന്നു.
കുറേ ദിവസം ഹാഷ് ടാഗും, ചാനലിലെ അന്തിച്ചർച്ചക്കാരും എനിക്ക് വേണ്ടി അലമുറയിട്ടു. അത് കഴിഞ്ഞ് അവരൊക്കെ അടുത്ത ബ്രേക്കിംഗ് ന്യൂസ് തേടിപ്പോയി. ആ രാത്രിയിൽ അവന്മാരിൽ നിന്നും ഏറ്റു വാങ്ങേണ്ടി വന്നതിനേക്കാൾ കൂടുതൽ
വേദനയും അപമാനവും പിന്നീട് അനുഭവിക്കേണ്ടി വന്നത് എന്നെ ശരിക്കും തകർത്ത് കളഞ്ഞു. ഡിപ്രഷന്‍റെ പടുകുഴിയിൽ നിന്നും രക്ഷക്കായി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച
എനിക്ക് മുന്നിലേക്ക് പഴയ കളിക്കൂട്ടുകാരനായ അവൻ
പ്രത്യക്ഷപ്പെടുകയായിരുന്നു.
ഒഴിവാക്കാൻ ഞാന്‍ ആവും വിധം ശ്രമിച്ചെങ്കിലും അവൻ അടുത്തു കൊണ്ടേയിരുന്നു. അവന് വട്ടാണെന്ന് പലരും പറഞ്ഞു. കളിയാക്കലും കുറ്റപ്പെടുത്തലുകളും അവനെയും
ഒറ്റപ്പെടുത്തി . പക്ഷേ അവൻ പിന്മാറാൻ തയ്യാറായിരുന്നില്ല. ഒടുവില്‍ എന്നെ സമ്മതിപ്പിച്ചു , വിവാഹത്തിന്...
പക്ഷേ അവിടെയും അവൻ എനിക്കായി അദ്ഭുതം കാത്തു വച്ചിരുന്നു..
.
ആ അദ്ഭുതം ഇന്ന് സാക്ഷാത്കരിക്കപ്പെടുകയാണ്.
" സ്കൈ ഡൈവിംഗിൽ ഒരു പിടി റെക്കോർഡുകൾ സ്വന്തമായുള്ള അവൻ ആകാശത്ത് വച്ച് എന്‍റെ കഴുത്തിൽ താലിചാർത്തി . സുര്യനെ സാക്ഷിയാക്കി, ലോകത്തിനെ മുഴുവൻ സാക്ഷിയാക്കി, ആകാശത്തോളം ഉയർന്ന സ്വപ്നം സഫലമാക്കി ഒന്നായി പറന്ന് ഞങ്ങള്‍ മണ്ണിലിറങ്ങി."
രഞ്ജിത് വെള്ളിമൺ
👌
ReplyDelete👌
ReplyDelete