വര്‍ത്തമാനം (Short Story)

 
varthamanam
  അയാൾക്ക് പാരമ്പര്യമായി കിട്ടിയതായിരുന്നു ആ ഇരുപതുസെന്‍റ് സ്ഥലം. നിറയേ മരങ്ങളും പച്ചപ്പുമുള്ള ആ സ്ഥലം കുട്ടിക്കാലത്ത് അയാൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ആ പറമ്പിലെ തേൻ കിനിയുന്ന മാമ്പഴവും, ചക്കയും ,ചെന്തെങ്ങിലെ കരിക്കും എന്നുമൊരു നൊസ്റ്റാൾജിയയായിരുന്നു. ഗൾഫ് നാടുകളിലെ മണലാരണ്യത്തിൽ ചോര നീരാക്കി പണം സമ്പാദിക്കുമ്പോൾ അയാളുടെ മനസിലൊരു സ്വപ്നമുണ്ടായിരുന്നു. തന്‍റെ പറമ്പിലൊരു കൊച്ചു വീട്.


          വർഷങ്ങൾ നീണ്ട പ്രവാസം അയാളെ സമ്പന്നനാക്കി. അതിനിടയിൽ വിവാഹം കഴിഞ്ഞു, മക്കളായി. നാട്ടിലെ പഴയ ഓടുമേഞ്ഞ കുടുംബ വീടും അതിലെ പരിമിതമായ സൌകര്യങ്ങളും തന്‍റെ സമ്പന്ന ജീവിതവുമായി പൊരുത്തപ്പെടില്ലെന്ന് തോന്നിയപ്പോൾ പറമ്പിൽ ഒരു വീട് വയ്ക്കാൻ തീരുമാനിച്ചു. കരാറെടുത്ത കോൺട്രാക്ടറുടെയും വാസ്തുശാസ്ത്ര വിദഗ്ധരുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും, ചൈനീസ് ഫെങ്ഷ്യുയിക്കാരുടെയും വരെ ഉപദേശങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ച് നിർമ്മാണം തകൃതിയായി നടന്നു.

         പറമ്പിലെ മാവിന്‍റെയും പ്ലാവിന്‍റെയും തെങ്ങിന്‍റെയും കടയ്ക്കൽ കോടാലി വച്ചപ്പോൾ എന്തുകൊണ്ടോ അയാൾക്ക് വേദന തോന്നിയില്ല. ചക്കയും മാങ്ങയുമൊക്കെ കയ്യിലെ കാശു കൊടുത്താൽ എത്ര വേണമെങ്കിലും വാങ്ങാമല്ലോ. പിന്നെ പിസയും ബർഗറും കെ എഫ് സിയും കോളയുമൊക്കെ സ്റ്റാറ്റസിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. ഫാസ്റ്റ് ഫുഡ് സംസ്കാരം ജീവിതശൈലിയായി. മാങ്ങയും ചക്കയും കരിക്കുമൊക്കെ ഔട്ട് ഓഫ് ഫാഷനും. ചുരുങ്ങിയ നാളുകൾ കൊണ്ട് അയാളുടെ ഇരുപതുസെന്‍റെൽ തലയെടുപ്പുള്ള ഒരു വീടുയർന്നു. കൊട്ടാരസദൃശ്യം എന്ന് നാട്ടുകാർ പറയുന്നതിൽ അയാൾക്കഭിമാനം തോന്നി. 

         പുതിയവീട് ഉയർന്നപ്പോൾ ആ പറമ്പിലെ പച്ചപ്പ് അപ്രത്രക്ഷമായിരുന്നു. അയാൾക്കതിൽ നിരാശ തോന്നിയില്ല. മരങ്ങളുടെ തണലിനും തണുപ്പിനും പകരം എ.സി സ്ഥാപിച്ചു. മുറ്റത്ത് തറയോട് പാകി ഭംഗിയാക്കി. കൂറ്റനൊരു മതിലും റിമോട്ട് കൺട്രോൾ ഗേറ്റും സ്ഥാപിച്ചു. കുടുംബവീട്ടിൽ സമൃദ്ധമായി പാൽ ചുരത്തുന്ന നല്ല നാടൻ പശുവുണ്ടായിരുന്നു. ആ സ്മരണക്കാണോ എന്തോ,അയാൾ രണ്ട് മുന്തിയ ഇനം നായകളെ വാങ്ങി എന്നിട്ട് ഗേറ്റിന് പുറത്തൊരു ബോർഡും തൂക്കി പട്ടിയുണ്ട് സൂക്ഷിക്കുക. 

        ഭക്ഷണം കഴിക്കാൻ ഹോട്ടലുകൾ നക്ഷത്രമെണ്ണി തിരഞ്ഞെടുക്കാൻ അയാൾ ശീലിച്ചു. കത്തിയും മുള്ളുമില്ലാതെ ഭക്ഷണം കഴിക്കുന്നതൊരു കുറച്ചിലായി അയാൾക്ക് തോന്നി. നാട്ടിലെ പഴയ സൌഹൃദങ്ങൾക്ക് പകരം മുന്തിയ ക്ലബ്ബുകളിൽ അംഗത്വം നേടി. തന്‍റെ വീടിന്‍റെ സുഖലോലുപത സൌകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ അയാളൽപം പോലും പിശുക്ക്  കാട്ടിയില്ല.

      കാലം കടന്നുപോയി. കുറച്ചുകാലത്തെ ആ വീട്ടിലെ താമസം കൊണ്ടയാൾക്ക് ഒരു കാര്യം ബോദ്ധ്യപ്പെട്ടു. ആ പഴയ വീട്ടിലെ ജനാല തുറന്നിട്ടുള്ള സുഖകരമായ ഉറക്കംതനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. നൊസ്റ്റാൾജിയ കാരണം വാങ്ങി ഫ്രിഡ്ജിൽ നിറച്ച മാങ്ങക്ക് ആ പഴയ  മാമ്പഴത്തിൻറെ രുചി കിട്ടുന്നുണ്ടായിരുന്നില്ല. കോളക്കൊരിക്കലും  കരിക്കിനും സംഭാരത്തിനും പകരമാകാൻ കഴിഞ്ഞില്ലയെന്ന് അയാൾ തിരിച്ചറിഞ്ഞു.

           പതിയെ ഭക്ഷണമേശയിൽ മരുന്നുകൾ വിരുന്നെത്താൻ തുടങ്ങി. വിരുന്നുകാർ പതിയെ സന്തത സഹചാരികളായി. മുന്തിയ ഹോട്ടലുകളിലെ നിത്യ സന്ദർശകനായ അയാൾ മുന്തിയ ആശുപത്രികൾ നിരന്തരം സന്ദർശിക്കാൻ നിർബന്ധിതനായി. മരുന്നുകൾ ഭക്ഷണത്തിന് നിയന്ത്രണങ്ങളേർപ്പെടുത്തി.കൃത്രിമമായി സൃഷ്ടിച്ചെടുത്ത സൌകര്യങ്ങൾ ഒന്നിനും പകരമാകില്ലല്ലോ. മരണത്തിലേക്കുള്ള പാസ് അര്‍ബുദത്തിന്‍റെ രൂപത്തിൽ അയാളെത്തേടിയെത്തി.

       പണം കൊടുത്ത് നേടിയെടുത്ത സൌകര്യങ്ങൾക്കൊപ്പം പണം കൊടുത്ത് വാങ്ങിയ മഹാരോഗവുമായി അയാൾ യാത്രയായി. 
 
        പക്ഷേ അയാൾക്ക് ചിതയൊരുക്കാനൊരു മാവു പോലും ആ പറമ്പിൽ മിച്ചമില്ലായിരുന്നു.

                            രഞ്ജിത് വെള്ളിമൺ

Renjith Vellimon

Post a Comment

Type your valuable comments here

Previous Post Next Post