December 08, 2018

സുന്ദരിയും! സുന്ദരനും ? (Short story)

sundariyum sundaranum
        എന്നും അവൻ യാത്ര ചെയ്യുന്ന ബസിൽ ഒരു ദിവസം ആ സുന്ദരി കയറി. ആദ്യ ദർശനത്തിൽ തന്നെ അവളുടെ കണ്ണിലെ കാന്തമണികൾ അവന്‍റെ ഹൃദയത്തെ ആകർഷണവലയത്തിലാക്കി.

 പിന്നീടങ്ങോട്ട് ആ സുന്ദരി ബസിലെ സ്ഥിരം യാത്രക്കാരിയായി മാറി. അതുവരെ ബസിൽ കയറിയാലുടൻ വിൻഡോ ഷട്ടർ അടച്ച് സുഖമായി ഉറങ്ങിയിരുന്ന അവൻ ഉണർന്നിരിക്കാൻ തുടങ്ങി. സുന്ദരി ബസിൽ കയറുന്നതും ഇറങ്ങുന്നതും കാണുവാനായി ഷട്ടർ തുറന്ന് തന്നെ വയ്ക്കാൻ തുടങ്ങി. എങ്ങനെയെങ്കിലും സുന്ദരിയുടെ ശ്രദ്ധ തന്നിലേക്ക് ആകർഷിക്കുന്നതനെക്കുറിച്ച് അവൻ ഗഹനമായി ചിന്തിച്ചു.

       സുഹൃത്തുക്കൾ തന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ അവന്‍റെ മനസിൽ മിന്നിത്തെളിഞ്ഞു. കൂട്ടുകാരുടെ ഇടയിലെ ഗ്ലാമർ താരമായിട്ടും, പഠിപ്പിൽ ഒന്നാമൻ ആയിട്ടും താനിന്നേ വരെ പ്രണയക്കുരുക്കിൽ വീഴാതിരുന്നതിൽ, പല പെൺകുട്ടികളും പ്രണയത്തോടെ തന്നെ സമീപിച്ചപ്പോൾ നിർദാക്ഷിണ്യം അവരെ നിരസിച്ചതിൽ, എല്ലാം അവന്മാർക്ക് തന്നോട് അസൂയയായിരുന്നു.

             ഇപ്പോഴാദ്യമായി അവന് ഒരു പെൺകുട്ടിയോട് പ്രണയം തോന്നി ത്തുടങ്ങിയിരിക്കുന്നു. സുന്ദരിയുടെ ശ്രദ്ധയെ  തന്നിലേക്കാകർഷിക്കാൻ അനായാസം കഴിയുമെന്ന് അവന് വിശ്വാസമുണ്ടായിരുന്നു.ഏറെ പണിപ്പെടാതെ തന്നെ സുന്ദരി അവനെ നോക്കി മൃദുമന്ദഹാസം ചൊരിഞ്ഞു. അതൊരു കുളിർമഴയായി അവന്‍റെ ഹൃദയത്തിൽ ചെയ്തിറങ്ങിയപ്പോൾ ആ മീനച്ചൂടിലും അവന്‍റെ ശരീരം തണുത്ത് വിറച്ചു. ആ മന്ദഹാസം പിന്നീട് പതിവായി. അവൻ ആ സുന്ദരിക്ക് നേരെയും തന്റെ പുഞ്ചിരി സമ്മാനിച്ചു. അവർ പിന്നീട് കണ്ണുകൾ കൊണ്ട് കഥ പറയുവാൻ തുടങ്ങി. ഇത്ര വേഗത്തിൽ ആ സുന്ദരിയെ വളച്ചെടുക്കാൻ കഴിഞ്ഞതോർത്ത് അവന് ആത്മാഭിമാനം തോന്നി. അവൻ സ്വപ്നങ്ങൾ നെയ്തു .

             സുന്ദരിയുടെ വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചുമൊക്കെ അന്വേഷിച്ചറിഞ്ഞു. വീട്ടിൽ തന്‍റെ മനസിലെ ഇഷ്ടം അറിയിച്ചു. ഒടുവിലൊരു ദിനം പെണ്ണുകാണൽ ചടങ്ങിനായി ബന്ധുമിത്രാദികളുമായി അവൻ സുന്ദരിയുടെ വീട്ടിലേക്ക് പോയി. അന്നവൻ പതിവിലും അധികം ഒരുങ്ങിയാണ് ഇറങ്ങിയത്. അവന്‍റെ മനസ്സിൽ പെരുമ്പറ മുഴങ്ങുകയായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി കണ്ണുകൾ കൊണ്ട് സംസാരിക്കുന്നതല്ലാതെ നേരിട്ട് മിണ്ടിയിട്ടില്ല. ആദ്യമായാണ് അവളുടെ കിളിനാദം കേൾക്കാൻ പോകുന്നത്. അവള്‍ക്കിത് വലിയൊരു സര്‍പ്രൈസ് ആയിരിക്കും.

          അവന്‍റെ വാഹനം സുന്ദരിയുടെ വീട്ടിലെത്തി. വീടിന്‍റെ പൂമുഖത്ത് തന്നെ സുന്ദരിയുടെ അഛനും അമ്മയും ചില ബന്ധുക്കളും അയൽക്കാരും ഉണ്ടായിരുന്നു. അവർക്ക് മുന്നിലേക്ക് നെഞ്ചും വിരിച്ചവൻ ഉറങ്ങിച്ചെന്നു. അവരുടെയൊക്കെ മുഖഭാവം കണ്ടപ്പോൾ അവനെന്തോ പന്തികേട് തോന്നി. അതിന്‍റെ കാരണം അവൻ അന്വേഷിച്ചു. കാരണമറിഞ്ഞ അവൻ ഷോക്കടിച്ച പോലെ മരവിച്ചു നിന്നു പോയി.

"സുന്ദരി ഒളിച്ചോടിപ്പോയി. ആ ബസിലെ കിളിയോടൊപ്പം...."

   സുന്ദരിക്കും തനിക്കുമിടയിൽ ഫുഡ് ബോർഡിൽ തലമുടി വളർത്തി ചുണ്ടിനടിയിൽ പാന്‍പരാഗും തിരുകി, മുടിയില്‍ പലവര്‍ണ്ണത്തിലുള്ള ചായം പൂശിയ, മുഴുവന്‍ തുളകളുള്ള , ഇപ്പോ ഊരിപ്പോകും എന്ന പ്രതീതിയുണര്‍ത്തുന്ന ജീന്‍സുമിട്ട്,  കാണുന്ന പെമ്പിള്ളേരെ മുഴുവൻ കമന്‍റടിക്കുന്ന ഒരു കോലം കെട്ടിയ പയ്യൻ...... കിളി....

             അവർക്കിടയിൽ പ്രവഹിച്ച പ്രണയ തരംഗങ്ങൾ അനധികൃതമായി പിടിച്ചെടുത്ത് പ്രക്ഷേപണം ചെയ്ത ട്രാൻസിസ്റ്റർ ആണ് താനെന്ന തിരിച്ചറിവ് അവനെ എല്ലാവരും പറയും പോലെ ശശിയാക്കി ...

സുന്ദരി പോയി അവളുടെ സുന്ദരനെയും കൊണ്ട്....

അന്ന് കണ്ണാടിക്ക് മുന്നിൽ നിന്ന് അവൻ ഏറെ നേരം ചിന്തിച്ചു ....

യഥാർത്ഥത്തിൽ എന്താണ് സൗന്ദര്യം....?

ഈ സുന്ദരിമാരുടെ കാഴ്ചപ്പാടിൽ ആരാണ് സുന്ദരൻ.......?


                                  രഞ്ജിത് വെള്ളിമൺ

No comments:

Post a Comment

Type your valuable comments here