രണ്ട് വയസുള്ള തന്‍റെ പൊന്നോമന മകൾ ദേവുവിനെ ഒക്കത്തിരുത്തി ചോറുവാരി കൊടുത്തു കൊണ്ടിരിക്കുമ്പോഴാണ് ജാനകി ആ ശബ്ദം കേട്ടത്,"അമ്മാ തായേ "
ജാനകി കുഞ്ഞുമായി വീടിന്‍റെ സിറ്റൗട്ടിൽ എത്തിയപ്പോൾ കണ്ടത് ദേവുവിന്‍റെ
അതേ പ്രായം തോന്നിക്കുന്ന ഒരു കുട്ടിയെ ഒക്കത്തിരുത്തി മുഷിഞ്ഞ ഒരു സാരി
ധരിച്ച തമിഴത്തി സ്ത്രീയെയാണ്. കയ്യിലുള്ള നാണയം കിലുക്കി അവർ ദൈന്യഭാവത്തിൽ ജാനകിക്ക് നേരെ കൈകൂപ്പി. തന്‍റെ കയ്യിലുള്ള കുഞ്ഞിന്‍റെ വയറ്റിൽ തടവി ഒന്നും മിണ്ടാതെ അവർ കൈ നീട്ടി നിൽക്കുകയാണ്.
ജാനകിയുടെ ശ്രദ്ധ മുഴുവൻ ആ കുഞ്ഞിലായിരുന്നു. ദേവുവിന്‍റെ അതേ പ്രായം, വിശന്നൊട്ടിയ വയറും മെലിഞ്ഞ ശരീരവും, ജാനകിയുടെ
കൈയ്യിലെ ഭക്ഷണത്തെ ആ കുഞ്ഞ് കൊതിയോടെ നോക്കുന്നുണ്ടായിരുന്നു. ആ കുഞ്ഞ്
ജാനകിക്ക് നേരെ കൈ നീട്ടി. പിന്നീടത് വാവിട്ട് കരഞ്ഞു. പാവം വിശന്നിട്ടാവും , ജാനകിയുടെ ഉള്ളു പിടഞ്ഞു . കണ്ണ് നിറഞ്ഞു. കുഞ്ഞ് കരഞ്ഞ് നിലവിളിച്ച് ബഹളമുണ്ടാക്കിയിട്ടും ആ തമിഴത്തി സ്ത്രീക്ക് യാതൊരു ഭാവഭേദവും ഇല്ലായിരുന്നു. സ്വന്തം വിശപ്പടക്കാൻ, സ്വന്തം കുഞ്ഞിന്‍റെ വിശപ്പടക്കാൻ വേറെ
ഗതിയൊന്നുമില്ലാതെ , മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ടി വന്നതിന്‍റെ അപകർഷതാബോധം ആയിരിക്കും ആ സ്ത്രയെ ഇത്തരത്തിൽ ആക്കിയെടുത്തത് .
കുഞ്ഞിന്‍റെ നിലവിളിയുടെ ശബ്ദം ഉച്ചത്തിലായി. ഏറെ നേരം അത് കേട്ടുനിൽക്കാൻ
കഴിയാതിരുന്നതിനാൽ ജാനകി വീട്ടിനുള്ളിലേക്ക് പോയി ഒരു പത്ത് രൂപ
നോട്ടെടുത്തു, ഒപ്പം ആ കത്തിന് നൽകാനായി ദേവുവിനായി വാങ്ങിയ ഒരു പാക്കറ്റ്
ബിസ്കറ്റും കൈയ്യിലെടുത്തു. നോട്ട് തമിഴത്തിയുടെ കയ്യിൽ വച്ച്
കൊടുത്തിട്ട് ബിസ്കറ്റ് പാക്കറ്റ് ആ കുഞ്ഞിന്‍റെ കയ്യിൽ വച്ചു കൊടുത്തു. അത്
കയ്യിൽ കിട്ടിയതും സ്വിച്ചിട്ട പോലെ ആ കുഞ്ഞ് കരച്ചിൽ നിർത്തി. പിന്നെ
ആർത്തിയോടെ ആ പാക്കറ്റ് കടിച്ച് മുറിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
ജാനകിയുടെ കയ്യിലിരുന്ന ദേവു ആ കുഞ്ഞിന്‍റെ പരാക്രമം കൗതുകത്തോടെ നോക്കി. നോട്ട് കൈയ്യിൽ ചുരുട്ടിപ്പിടിച്ച് ആ തമിഴത്തി തിരികെ നടന്നു.
ഗേറ്റിനടുത്ത് എത്തിയ തമിഴത്തി ഒരിക്കൽ കൂടി തിരിഞ്ഞ് നോക്കി , ദൂരേക്ക്
നടന്ന് പോയി....
ആ പകൽ മുഴുവൻ ജാനകിയുടെ മനസിൽ ആ തമിഴത്തിയും കുഞ്ഞുമായിരുന്നു. അന്തിയുറങ്ങാൻ ഒരു കൂരയില്ലാതെ, വിശപ്പടക്കാൻ ഭക്ഷണമില്ലാതെ, നല്ല
വസ്ത്രമില്ലാതെ ഇങ്ങനെ തെരുവിൽ വളരാൻ വിധിക്കപ്പെട്ട ആ കുഞ്ഞിനെയോർത്ത്
ജാനകി സങ്കടപ്പെട്ടു. അവള്‍ക്ക് കുറച്ച് കൂടുതൽ പണം കൊടുക്കേണ്ടതായിരുന്നു. താൻ കൊടുത്ത പത്തു രൂപ കൊണ്ട് എന്താകാനാണ്. ജാനകിക്ക് കുറ്റബോധം തോന്നി.ഇനി ആ തമിഴത്തിയെയും കുഞ്ഞിനെയും കണ്ടാൽ കുറച്ച് കൂടുതൽ പണം
കൊടുക്കണമെന്നും, ആ കുഞ്ഞിന് ഉടുക്കാൻ ദേവുവിന്‍റെ ഒന്നു രണ്ട് ഉടുപ്പ്
നൽകണമെന്നും ജാനകി മനസ്സിലുറപ്പിച്ചു. പക്ഷേ അവര്‍ വന്നില്ല.
കുറച്ച് ദിവസങ്ങൾക്ക് ശേഷം
വീടിനു മുന്നിൽ കളിച്ചു കൊണ്ടിരുന്ന തന്‍റെ പൊന്നോമന മകൾ ദേവുവിനെ കാണാതായപ്പോൾ,
നെഞ്ച് തല്ലി വിലപിച്ച ജാനകി അറിഞ്ഞിരുന്നില്ല , മറ്റൊരു നാട്ടിൽ ഒരു
വീട്ടുമുറ്റത്ത് മുഷിഞ്ഞ വേഷം ധരിച്ച് ഭിക്ഷ യാചിച്ച് കൈ നീട്ടി നിൽക്കുന്ന
ആ തമിഴത്തി സ്ത്രീയുടെ ഒക്കത്ത് അപ്പോഴിരുന്ന് വാവിട്ട് കരയുന്നത് തന്‍റെ
ദേവു ആണെന്ന് .....
ആ തമിഴത്തി കൈ നീട്ടി കാത്ത് നിന്നു തന്‍റെ അടുത്ത ഇരയ്ക്കായി ...
രഞ്ജിത് വെള്ളിമൺ
No comments:
Post a Comment
Type your valuable comments here