കേട്ടവരെല്ലാം ഊറിച്ചിരിച്ചു, ചിലർ പൊട്ടിച്ചിരിച്ചു. ശശിക്കും പ്രണയം!
" നോക്കിക്കോ ശശിയെ ശശിയാക്കി അവൾ പോകും. "
നാട്ടിലെ മൈൽക്കുറ്റികൾ പോലും അങ്ങനെ പറഞ്ഞിരുന്നത്രേ.
അങ്ങനെ എല്ലാവരും കരുതുന്നതിന് അന്ന്യായമായ രണ്ട് കാരണങ്ങളും ഉണ്ടായിരുന്നുതാനും.
ഒന്ന് - ശശിയാണ് പ്രണയിക്കുന്നത്.
രണ്ട് - കുപ്രസിദ്ധ തേപ്പിസ്റ്റ് അമ്പിളിയെയാണ് ശശി പ്രേമിക്കുന്നത്.
അമ്പിളിയുടെ ആറാമത്തെ ഇരയായിരുന്നു പ്രണയത്തിൽ കടിഞ്ഞൂൽക്കാരനായ ശശി. അതു കൊണ്ട് തന്നെ ശശിയെ അമ്പിളി തേച്ചിട്ട് പോകുന്ന ആ ദിനത്തിനായി എല്ലാവരും കാത്തിരുന്നു. എണ്ണയിൽ മായം ഉള്ളോണ്ടാവും ആരും കണ്ണിലൊഴിച്ചില്ലെന്ന് മാത്രം.
പക്ഷേ അവരെയെല്ലാം നിരാശരാക്കി ശശിയുടെ പ്രണയം പൂത്തുലഞ്ഞു. സിനിമ തീയറ്ററിലും, ബീച്ചിലും ഷോപ്പിംഗ് മാളുകളിലുമൊക്കെ കറങ്ങി നടന്ന് അമ്പിളി ശശിയെ പ്രണയിച്ചു കൊണ്ടിരുന്നു. ശശി ഡെബിറ്റ് കാർഡ് മാറ്റി ക്രഡിറ്റ് കാർഡ് വാങ്ങി. അമ്പിളി ഒരിക്കലും ഒറ്റക്കായിരുന്നില്ല ഒപ്പം ഉപഗ്രഹം പോലെ കൂട്ടുകാരോ അനിയത്തിയോ ഉണ്ടാകുമായിരുന്നു. അവരെയും തീറ്റിപ്പോറ്റേണ്ട ബാദ്ധ്യത ശശിക്കുണ്ടായിരുന്നു. ഓണത്തിനും വിഷുവിനും പിറന്നാളിനു മൊക്കെ പുത്തനടുപ്പും പലഹാരങ്ങളുമായി അമ്പിളിയുടെ വീട്ടിൽ പോകാൻ നിർബന്ധിതനാക്കപ്പെട്ടു. അമ്പിളിക്ക് മാത്രമല്ല , അനിയത്തിക്കും അമ്മക്കും.
അന്നാട്ടിലെ അങ്ങേയറ്റത്തെ അവിശ്വാസികൾ വരെ വിശ്വസിച്ച് തുടങ്ങി അമ്പിളി ഇനി അമ്പിളി ശശി ആകുമെന്ന് . അങ്ങനെയായിരുന്നു ശശിയുടെ പ്രണയം. വിശ്വാസങ്ങളെ തിരുത്താന്‍ വെമ്പല്‍ കൊള്ളുന്ന കാലവുമാണല്ലോ ഇത്.
പക്ഷേ തന്‍റെ തേപ്പിന്‍റെ റെക്കോർഡ് വിട്ടുകളയാൻ അമ്പിളി തയ്യാറല്ലായിരുന്നു. തേപ്പുകാരുടെ സ്ഥിരം ഡയലോഗ് അമ്പിളി ശശിയോട് മൊഴിഞ്ഞു.
"ഞാൻ എന്‍റെ ജ്യേഷ്ഠനെപ്പോലെയാണ് കരുതിയത്. എന്നെ ഒരു അനിയത്തിയായേ കരുതാവു "
അത് പറയുമ്പോൾ അമ്പിളി ഉള്ളിൽ ചിരിക്കുകയായിരുന്നു, ഒരു പുഛച്ചിരി. പക്ഷേ അത് കേട്ട മാത്രയിൽ ശശി പൊട്ടിച്ചിരിച്ചു. പൂക്കുറ്റി കണക്കെ എട്ടു നിലയിൽ പൊട്ടിച്ചിരിച്ചു. ശശിക്ക് വട്ടായോ? അമ്പിളി അന്തം വിട്ട് നിന്നു.
പക്ഷേ അല്‍പം പോലും അന്തംവിടാതെ ശശി തന്‍റെ കഥയിലെ ഫ്ലാഷ് ബാക്കിലേക്ക് ഊളിയിട്ടു . അമ്പിളിയോട് ഇഷ്ടമാണെന്ന് പറയുന്നതിന് മുൻപ് ശശിയോട് കൂട്ടുകാരൻ ഒരു വാതു വച്ചിരുന്നു.
"എല്ലാവരെയും തേക്കുന്ന അമ്പിളിയെ തേച്ചാൽ ഇരുപത്തയ്യായിരം രൂപ ശശിക്ക്
കിട്ടും, തിരിച്ചായാൽ ശശി തല പാതി മൊട്ടയടിച്ച് പാതി മീശയുമെടുക്കണം."
ശശിയുടെ പൊട്ടിച്ചിരി ഒരു പതിഞ്ഞ കള്ളച്ചിരിയായി പരിണമിച്ചു. പെട്ടെന്നുണ്ടായ ഷോക്കിൽ ശശിയുടെ സമനില തെറ്റിയെന്ന് അമ്പിളി ഉറപ്പിച്ചു.
"ഞാൻ നിന്നെ പ്രേമിച്ചെന്ന് ആരു പറഞ്ഞു, ഞാൻ അഭിനയിക്കുകയായിരുന്നു, നിന്നെ എനിക്കിഷ്ടമേയല്ല. ഇതൊരു ബെറ്റായിരുന്നു. ഞാൻ നിന്നെയാണ് യഥാർത്ഥത്തിൽ തേച്ചത്."
അത് പറഞ്ഞപ്പോള്‍, ശശി ചമ്മൽ മറക്കാൻ വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് അമ്പിളിയും ശശിയുടെ കൂട്ടുകാരനും പ്രഖ്യാപിച്ചു. ശശി ശശിയായി എന്ന് അന്നാട്ടിലെ കാറ്റ് പറഞ്ഞ് പരത്തി.
"ശശി നാടു വിട്ടു പോയി !!! "
ആ വാർത്ത കേട്ടാണ് പിറ്റേന്ന് ഗ്രാമം ഉണർന്നത്. ശശി അപമാന ഭാരത്താൽ ആത്മഹത്യ ചെയ്തിരിക്കാമെന്ന് പലരും വിധിയെഴുതി. നാട്ടിലെ സർവ്വ കിണറ്റിലും കുളങ്ങളിലും റെയിൽവേ ട്രാക്കിലും ശശിയെത്തിരഞ്ഞു. ഇതിനൊക്കെ കാരണക്കാരിയായ അമ്പിളിയുടെ വീടിനു മുന്നിൽ പന്തൽ കെട്ടി സമരത്തിനായി #Justice for Sasi # ബോർഡുമായി സാമൂഹിക പ്രവർത്തകരെത്തി . സമരം ചെയ്യാനെത്തിയവർ കണ്ടത് കയ്യിലൊരു കത്തുമായി ചത്ത കണക്ക് നിൽക്കുന്ന അമ്പിളിയെയാണ്. അവർ കത്ത് വാങ്ങി. അതിലെ കാക്ക ചികഞ്ഞത് പോലുള്ള അക്ഷരങ്ങൾക്കിടയിൽ നിന്നും ഇപ്രകാരം വായിച്ചെടുത്തു.
" പ്രിയപ്പെട്ട അമ്പിളിക്ക് ശശി എഴുതുന്നത്,
അമ്പിളി എന്നോട് പറഞ്ഞത് അനിയത്തിയെപ്പോലെ കരുതണം എന്നാണ്, അതെനിക്ക് പറ്റില്ല. ഞാൻ അങ്ങനെയല്ല അമ്പിളിയെ ഇത്രകാലവും സ്നേഹിച്ചത്. എന്‍റെ ഹൃദയത്തിന്‍റെ ഉള്ളറയിലായിരുന്നു ആ സ്ഥാനം. പക്ഷേ അമ്പിളി ഒറ്റ നിമിഷം കൊണ്ട് എന്നെ ജ്യേഷ്ഠനാക്കി . അത് എനിക്ക് ഉൾക്കൊള്ളാനാകുന്നില്ല. അതു കൊണ്ട് ഞാൻ പോവുകയാണ്. എല്ലാരും കളിയാക്കിയിരിക്കുന്ന ശശിയായി ഞാനിനി ഉണ്ടാകില്ല. എന്‍റെ പ്രണയം മരിക്കില്ല.
ഞാൻ ഇത്രകാലവും ഹൃദയം കൊടുത്ത് പ്രണയിച്ചത് നിന്‍റെ അനിയത്തി സൂര്യയെയായിരുന്നു. അവളെയും കൊണ്ട് ഞാൻ പോകുന്നു. ഹണിമൂൺ കഴിഞ്ഞ് തിരികെ വരും. അമ്പിളി ഈ അനിയനെയും അനിയത്തിയേയും കാത്തിരിക്കണം. ഇനി മുതൽ നീ എനിക്ക് അമ്പിളിയല്ല, ചേട്ടത്തിയാണ്, ചേട്ടത്തി. സൂര്യയെ ഞാൻ ശശിയാക്കുകയാണ് , സൂര്യ ശശി.
അവസാനമായി ഒരു കാര്യം കൂടി , അമ്പിളിയെ ശശി എന്നും വിളിക്കാറുണ്ട്,
സസ്നേഹം
അനിയൻ ശശി, സൂര്യ ശശി. ഒപ്പ് .
രഞ്ജിത് വെള്ളിമൺ
😁😁 നർമ്മവും വാഴങ്ങും 🌹
ReplyDeleteനർമ്മവും വഴങ്ങും 🌹🌹
ReplyDelete