" ഭഗവാനേ നല്ലപോലെ മഴ പെയ്യണേ...എന്‍റെ വാഴയൊക്കെ മഴകൊണ്ട് തഴച്ച് വളരണേ.... "
           ദൈവം ആ പ്രാർത്ഥന കേട്ടു . അപ്പോള്‍ തന്നെ മഴ മേഘങ്ങളോട് ആജ്ഞാപിച്ചു. 
" ഉടൻ തന്നെ രാമന്‍റെ തോട്ടത്തിൽ മഴ പെയ്യിക്കു..."
           അപ്പോഴാണ് കൃഷ്ണന്‍റെ  പ്രാർത്ഥന ദൈവത്തിന്‍റെ ചെവിയിൽ എത്തിയത്...
            രാമന്‍റെ അയൽക്കാരനാണ് കൃഷ്ണൻ. കൃഷ്ണന്‍റെ മകളുടെ കല്യാണമാണ്. മഴ പെയ്യാതിരിക്കാൻ വേണ്ടിയാണ് നേർച്ചയിട്ട് പ്രാർത്ഥിക്കുന്നത്. അപ്പോഴേക്കും മഴ മേഘങ്ങൾ തങ്ങളുടെ പണി ആരംഭിക്കുന്നതിന് മുന്നോടിയായി ഇടിയും മിന്നലുമായി ശബ്ദ കോലാഹലങ്ങൾ ഉണ്ടാക്കിത്തുടങ്ങിയിരുന്നു...
             രാമൻ ആഹ്ളാദ ചിത്തനായി മാനം നോക്കിയിരുന്നപ്പോൾ കൃഷ്ണൻ ഈർഷ്യയോടെ മാനത്തേക്ക് നോക്കി ഇപ്രകാരം മൊഴിഞ്ഞു...
        " ദൈവമേ എന്‍റെ നേർച്ച വേസ്റ്റായോ? ഞാൻ കത്തിച്ച് കളഞ്ഞ എണ്ണയും തിരിയും കർപ്പൂരവും സമർപ്പിച്ച കാണിക്കയും നഷ്ടം... എന്നാലുമെന്നോട് ഇത് വേണ്ടായിരുന്നു.  ഭഗവാനേ......."
              ഒടുവിലത്തെ ഭഗവാനേ എന്നുള്ള വിളിയിൽ അൽപം ഭീഷണിയുടെ സ്വരമില്ലേ എന്ന് ദൈവം സംശയിച്ചു....  ചിലപ്പോ വെറുതേ തോന്നുന്നതാകാം എന്ന് ആശ്വാസം കൊണ്ട് മഴ മേഘങ്ങളെ ദൈവം അടിയന്തിരമായി തിരികെ വിളിച്ചു. കിട്ടിയ ക്വട്ടേഷൻ പൂർത്തിയാക്കാനാകാത്ത നിരാശയിൽ മഴ മേഘങ്ങൾ മനസില്ലാ മനസോടെ തിരികെ വന്നു. മാനം തെളിഞ്ഞു. 
അതുവരെ തെളിച്ചമുണ്ടായിരുന്ന രാമന്‍റെ മുഖം ഇരുണ്ടു. 
        "ഭഗവാനേ എന്‍റെ നേർച്ച കുറഞ്ഞ് പോയതുകൊണ്ടാണല്ലേ വെറുതേ മഴ മേഘങ്ങളെ കാണിച്ച് കൊതിപ്പിച്ചിട്ട് കടന്ന് കളഞ്ഞത്. എന്താ ഭഗവാനേ ഞങ്ങളെപ്പോലുള്ള പാവങ്ങൾക്കും ജീവിക്കണ്ടേ. എന്‍റെ കഴിവിനനുസരിച്ചുള്ള ഞാന്‍ നേര്‍ച്ചയല്ലേ ഞാന്‍ നേർന്നത്.  എന്നിട്ടും ? "
    
 രാമന്‍റെ കുറ്റപ്പെടുത്തൽ കേട്ടിട്ട് ദൈവത്തിന് ആകെ നാണക്കേട് തോന്നി. ഈ 
മനുഷ്യർ തന്നെ ഒരു കച്ചവടക്കാരനായാണല്ലോ കാണുന്നത്.  കൂടുതൽ കാശ് 
തരുന്നവർക്ക് ഉൽപ്പന്നങ്ങൾ കൊടുക്കുന്ന കച്ചവടക്കാരൻ. ആര്‍ക്കും ഒന്നിലും സംതൃപ്തിയില്ല. എത്ര കിട്ടിയിട്ടും എന്നും മനുഷ്യന് പരാതി മാത്രം. എല്ലാവരും എപ്പോഴും ദൈവത്തിന് മുന്നില്‍ ആവശ്യങ്ങളുടെ ഭണ്ഡാരക്കെട്ടഴിച്ചിട്ടിട്ട് , ദൈവത്തെ കുറ്റം പറയുന്നു.
        ഭൂമിയിലെ ഈ അവസ്ഥയിൽ അസ്വസ്ഥനായ ദൈവം ഭൂമിയിലേക്ക് ഒരു ചെറുപര്യടനം നടത്തി നിലവിലെ സാഹചര്യങ്ങളൊക്കെ ഒന്ന് മനസിലാക്കി വരാമെന്ന് തീരുമാനിച്ചു. ഒട്ടും വൈകാതെ തന്നെ യാത്ര പുറപ്പെുകയും ചെയ്തു.
        ഭൂമിയിലെത്തിയ ദൈവം കണ്ടത് തന്‍റേതെന്ന പേരില്‍ പല രൂപത്തില്‍ നിരവധി ആരാധനാലയങ്ങൾ നാട്ടിലെമ്പാടും തല ഉയർത്തി 
നിൽക്കുന്നു. പക്ഷേ ഓരോ സ്ഥലത്തും തന്നെ പല പേരിൽ വിളിക്കുന്ന മനുഷ്യർ പല 
രീതിയിൽ തന്നെ ആരാധിക്കുന്നത് കണ്ടു. പ്രാർത്ഥനയിലും  നാമജപങ്ങളിലും
 സംപ്രീതനായി അനുഗ്രഹം ചൊരിയുന്നയാളാണ് താനെന്ന് എല്ലാവർക്കും അറിയാം. 
പക്ഷേ ആരാധനാലയങ്ങളിലെ ചുവരുകളിൽ ദൈവത്തിന്‍റെ വിവിധ സേവനങ്ങൾക്ക് റേറ്റ് 
എഴുതി വച്ചിരിക്കുന്നു. എനിക്ക് വേണ്ടിയെന്ന പേരിൽ പണം സ്വരൂപിക്കാൻ 
ഭണ്ഡാരപ്പെട്ടികൾ സ്ഥാപിച്ചിരിക്കുന്നു. എനിക്ക് ഈ പണമൊന്നും 
ആവശ്യമില്ലയെന്ന് ഇവർക്കെല്ലാം അറിയാം എന്നിട്ടും...? ഇതൊക്കെ കണ്ടിട്ട് ദൈവം അന്തം വിട്ടുനിന്നു. ഈ മനുഷ്യരെന്താ ഇങ്ങനെ ? ദൈവം ചിന്താകുലനായി...
            
എന്നെക്കുറിച്ച് കഥകൾ എഴുതി ഉണ്ടാക്കിയത് മനുഷ്യർ, വിശുദ്ധ ഗ്രന്ഥങ്ങൾ 
രചിച്ചത് മനുഷ്യർ, ആരാധന രീതികളും പ്രാത്ഥനകളും നിശ്ചയിച്ചത് മനുഷ്യർ, 
എന്നെ വിവിധ രൂപത്തിലും ഭാവത്തിലും വരച്ചത് മനുഷ്യർ, എനിക്ക് പല പേരുകൾ 
നൽകിയത് മനുഷ്യർ. 
എന്നിട്ടോ അതേ മനുഷ്യർ തന്നെ എന്‍റെ പേര് പറഞ്ഞ് 
ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നു.
           തന്‍റെ പേര് പറഞ്ഞ് രക്തം ചിന്തുന്ന 
മനുഷ്യരെയോർത്ത് ദൈവത്തിന് ലജ്ജ തോന്നി. തന്‍റെ പേര് പറഞ്ഞ് 
പിരിക്കുന്ന പണത്തിനെ ചൊല്ലി തർക്കം, ആരാധന ക്രമങ്ങളെച്ചൊല്ലി തർക്കം, 
ദർശനത്തിനെച്ചൊല്ലി തർക്കം, ആരാധനാലയങ്ങൾ തകർക്കുന്നു, നിർമ്മിക്കുന്നു. മനസമാധാനത്തിനും ശാന്തിക്കും സന്തോഷത്തിനും വേണ്ടി മനുഷ്യർ ഉണ്ടാക്കിയ 
ആരാധനാലയങ്ങളും ദൈവങ്ങളും അവർക്ക് അശാന്തിയും പ്രശ്നങ്ങളും സൃഷ്ടിക്കുന്നു.
          ദൈവം എല്ലാം കണ്ടും കേട്ടും ആ കെ മനസമാധാനക്കേടിലായി ... എന്ത് വേണമെന്നറിയാതെ നിൽക്കുമ്പോഴാണ് ഒരാൾ വന്ന് പറഞ്ഞത് താങ്കളുടെ എല്ലാ
 പ്രശ്നങ്ങളും പരിഹരിക്കാൻ പവിത്രമായ ഒരു മോതിരം നൽകാമെന്ന്. അദ്ഭുത 
സിദ്ധിയുള്ള മോതിരമാണത്രേ...  
        അപ്പോഴാണ് മറ്റൊരാൾ വന്ന് ദൈവത്തിനെ 
കൂട്ടിക്കൊണ്ട് പോയത്. ദൈവം ചെന്ന് പെട്ടത് മറ്റൊരു ദൈവത്തിന്‍റെ മുന്നിൽ. ആ
 സ്വയം പ്രഖ്യാപിത ദൈവത്തിനു മുന്നിൽ ഒറിജിനൽ ദൈവം അമ്പരന്ന് നിന്നു. 
          എല്ലാം കണ്ടും കേട്ടും നടന്ന ദൈവത്തിന് ഒന്ന് മനസിലായി ഈ  മനുഷ്യരൊക്കെ തനി മണ്ടൻമാർ ആണ്.  ഇവരെ രക്ഷിക്കാൻ  തന്നെക്കൊണ്ടാകില്ല.      ഉറങ്ങുന്നവരെ ഉണർത്താം പക്ഷേ ഉറക്കം നടിക്കുന്നവരെ എന്ത് ചെയ്യാൻ.....?
ദൈവം തലയില്‍ കൈവച്ചുപോയി
" എന്‍റെ ദൈവമേ ......... " 
അത് പറഞ്ഞ് കഴിഞ്ഞാണ് ദൈവം ഓര്‍ത്തത് . അല്ല ഞാനാരെയാ ഈ വിളിക്കുന്നത് . ഞാനാണല്ലോ ദൈവം.
      പക്ഷേ അപ്പോഴും ഭൂമിയിലെ ആള്‍ദൈവം ഭക്തരുടെ പ്രശ്നങ്ങളെ നിസ്സാരമായി പൂജയും മോതിരവും പൂവും മാലയും ചവിട്ടും തൊഴിയുമൊക്കെയായി പരിഹരിക്കുന്നുണ്ടായിരുന്നു. 
രഞ്ജിത് വെള്ളിമൺ
Tags
Short Story

Strong sattire.....
ReplyDeleteEnte daivame
ReplyDelete