December 17, 2018

പെങ്ങള്‍ (Short Story)

 
Pengal

    ആത്മഹത്യാമുനമ്പിന്‍റെ വന്യമായ വിജനതയില്‍ കാറ്റിന്‍റെ ഇരമ്പത്തിനൊപ്പം അവന്‍റെ കാതില്‍ മുഴങ്ങിയത് മരണത്തിന്‍റെ കാലൊച്ചയായിരുന്നു. മൂന്ന് ചുവടിനപ്പുറത്തുള്ള മരണം അവനെ വല്ലാതെ കൊതിപ്പിച്ചു. അടുത്ത നിമിഷത്തില്‍ തന്‍റെ ആത്മാവ് ആ കാറ്റില്‍  അലിഞ്ഞ് ചേരുമെന്ന ചിന്ത അവന്‍റെ മനസിനെ വല്ലാത്തൊരു ഉന്മാദത്തിലെത്തിച്ചിരുന്നു. മൂന്ന് പേജുകളിലായി വിസ്തരിച്ചെഴുതിയ തന്‍റെ ആത്മഹത്യാക്കുറിപ്പ് പാന്‍റ്സിന്‍‌റെ പോക്കറ്റിലുണ്ടെന്ന് ഒരിക്കല്‍ കൂടി പരിശോധിച്ചുറപ്പ് വരുത്തി. കാരണം അതിലാണ് അവന്‍റെ മരണകാരണങ്ങളെ ഊഹാപോഹങ്ങളുടെ പുകമറക്കുള്ളിൽ തളച്ചിടാൻ അവനാഗ്രഹിച്ചിരുന്നില്ല. 

          ഇനി ഈ ലോകത്തില്‍ തനിക്ക് ചെയ്യാന്‍ ഒന്നും അവശേഷിക്കുന്നില്ല. തനിക്കും മരണത്തിനുമിടയിലെ അകലം അവന്‍ ഒരു ചുവടായി കുറച്ചു. അവസാന ചുവടിന് മുന്നേ താന്‍ പിന്നിട്ട് വന്ന ലോകത്തിലേക്ക് അവസാനമായി അവനൊന്ന് തിരിഞ്ഞ് നോക്കി. അല്‍പമകലെ മഞ്ഞിന്‍റെ നേര്‍ത്ത മറവില്‍ ഒരു സ്ത്രീരൂപം. അവര്‍ അപകടകരാമാംവിധം കൊക്കയുടെ വക്കില്‍ നില്‍ക്കുകയായിരുന്നു. ഒരു നേര്‍ത്ത കാറ്റുപോലും അവരെ ഒരുപക്ഷേ മരണത്തിലേക്ക് തള്ളിയിട്ടേക്കാം. പക്ഷേ അവരുടെ മുഖത്ത് ആശങ്കയൊട്ടും ഇല്ലായിരുന്നു. അവരുടെ മുഖത്ത് മരണത്തെ സ്വയംവരം ചെയ്യാനുള്ള നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു.

        അവര്‍ പക്ഷേ അവനെ  നോക്കി നില്‍ക്കുകയായിരുന്നു. മരണത്തിലേക്ക് ഒപ്പം കൂട്ടാനാണോ, മരണത്തില്‍ നിന്നും തന്നെത്തടയാനാണോ അവര്‍ കാത്തുനില്‍ക്കുന്നതെന്ന് അവനാദ്യം മനസിലായില്ല. പക്ഷേ ആ മുഖം തന്‍റെ ഓര്‍മ്മയുടെ ഇടനാഴികളിലെവിടെയോ മാറാലമൂടി കിടപ്പുണ്ടെന്ന് അവന് തോന്നി.  എന്നാല്‍ അതെവിടെയാണെന്ന് ഓര്‍ത്തെടുക്കുന്നതില്‍  അവന്‍ പരാജയപ്പെട്ടു. മുന്നോട്ട് വച്ച കാല്‍ അറിയാതെ അവന്‍ പിന്നിലേക്ക് വച്ചു. അവന്‍ യാന്ത്രികമായി അവള്‍ക്കരികിലേക്ക് നടന്നു ചെന്നു. ശരിക്കും പറഞ്ഞാല്‍ അവന്‍ കാറ്റിലൊഴുകി അവള്‍ക്കരികിലെത്തുകയായിരുന്നു. അവന്‍ അവളെ മരണത്തിന്‍റെ വക്കില്‍ നിന്നും പിന്നിലേക്ക് വലിച്ചുമാറ്റി. മഞ്ഞ് വീണ് നനഞ്ഞ പുല്ലിന്‍ മുകളില്‍ അവരിരുവരും വീണുരുണ്ടു.

         സുബോധത്തിലേക്ക് തിരികെയെത്താന്‍ ഇരുവരും അല്‍പം സമയമെടുത്തു. അവളുടെ കയ്യില്‍ എന്തോ ചുരുട്ടിപ്പിടിച്ചിട്ടുണ്ടായിരുന്നു. അവനത് പിടിച്ചുവാങ്ങി. അത് പാതി കീറിയ ഒരു ഫോട്ടോ ആയിരുന്നു.  വിവാഹവേഷത്തില്‍ നില്‍ക്കുന്ന അവള്‍ക്കരികിലുള്ള ആളിനെ കീറിമാറ്റിയിരിക്കുന്നു. അപ്പോഴും അവളുടെ മുഖത്ത് സങ്കടമോ നിരാശയോ ലവലേശം ഉണ്ടായിരുന്നില്ല. അവന് അവളെ കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് സര്‍ക്കസ് കൂടാരത്തില്‍ നിന്നും രക്ഷപെട്ട് പുറംലോകത്ത് സ്വതന്ത്രമാക്കപ്പെട്ട ഒരു പാവം പഞ്ചവര്‍ണ്ണ തത്തയെയായിരുന്നു.

    അവള്‍ക്ക് പറയാനുണ്ടായിരുന്നതും ഒരു സര്‍ക്കസ് കൂടാരത്തിലെ കൊടിയ പീഢനങ്ങളുടെ കഥയായിരുന്നു. അവളുടെ കഴുത്തില്‍  മഞ്ഞച്ചരട് കെട്ടിയ റിംഗ് മാസ്റ്റര്‍ ആജ്ഞകള്‍ നല്‍കിക്കൊണ്ടിരുന്നു. അതിജീവനത്തിനായുള്ള ആ അഭ്യാസങ്ങളില്‍ അവള്‍ അഗ്രഗണ്യയായിരുന്നു. ആ അഭ്യാസങ്ങള്‍ കണ്ട് കാഴ്ചക്കാര്‍ ആര്‍ത്ത് ചിരിച്ചു. റിംഗ് മാസ്റ്ററുടെ പീഢനങ്ങള്‍ നിരന്തരം അതിരുവിട്ടപ്പോഴും കാഴ്ചക്കാര്‍ വെറും കാഴ്ചക്കാരായി നിലകൊണ്ടു. അവര്‍ ആ പഞ്ചവര്‍ണ്ണക്കിളിയുടെ അഭ്യാസങ്ങളേക്കാള്‍ റിംഗ്മാസ്റ്ററുടെ കഴിവുകളില്‍ ആശ്ചര്യം രേഖപ്പെടുത്തി. ചിറക് കുഴഞ്ഞ് വീണ് പോയപ്പൊഴും ആരും ഒരിറ്റുവെള്ളവുമായി എത്തിയില്ല. നിരങ്ങി നീങ്ങി സ്വയം വെള്ളത്തിനടുത്തെത്തിയപ്പൊഴും കാണികള്‍ കയ്യടിച്ച് ചിരിച്ചു, കാരണം അതും അവര്‍ക്കൊരു അഭ്യാസമായി മാത്രം തോന്നി. അപ്പോഴൊന്നും ജീവിതം അവസാനിപ്പിക്കാന്‍ അവള്‍ തുനിഞ്ഞില്ല. ബന്ധനത്തില്‍ കിടന്ന് മരണം വരിക്കാന്‍ അവളാഗ്രഹിച്ചിരുന്നില്ല എന്നതായിരുന്നു വാസ്തവം. പക്ഷേ ഇന്നവള്‍ മോചിതയായിരിക്കുന്നു. റിംഗ് മാസ്റ്ററുടെ അധികാരങ്ങളുടെ ചാട്ടവാറും ചങ്ങലയും നീതിദേവത പിടിച്ചുവാങ്ങി, അവളെ എന്നേക്കുമായി സ്വതന്ത്രയാക്കി.

               ഇനിയും അഭ്യാസപ്രകടനങ്ങള്‍ തുടരാന്‍ ഇഷ്ടമില്ലാത്തതിനാല്‍ അവള്‍ തീരുമാനിച്ചു, ഒരവസാനം, എല്ലാ ബന്ധനങ്ങളില്‍ നിന്നും. പക്ഷേ വിധി അവളെ അവന് മുന്നില്‍ എത്തിച്ചു. അത്രവേഗം ഒരു മോചനം അവള്‍ക്ക് നല്‍കാന്‍ ദൈവങ്ങള്‍ക്കും ഇഷ്ടമില്ലാത്തതാകുമോ?  അവന്‍ അങ്ങനെയൊക്കെ ചിന്തിച്ചെങ്കിലും അവള്‍ ശരിക്കും മറ്റൊരു ലോകത്തെത്തിയ പോലെയായിരുന്നു. അവള്‍ പറഞ്ഞ കഥ കേട്ടപ്പോള്‍ അവന് സ്വയം അപഹാസ്യനായ പോലെ തോന്നി. കാരണം ജീവിതത്തില്‍ അവള്‍ നേരിട്ടതുമായി താരതമ്യം ചെയ്താല്‍ ആത്മഹത്യക്ക് താന്‍ കണ്ടെത്തിയ കാരണങ്ങള്‍ തികച്ചും ബാലിശങ്ങളായിരുന്നു.

          മരിക്കാനുള്ള മൂഡ് പോയി അവര്‍ മുഖത്തോട് മുഖം നോക്കിയിരുന്നു. അവനാഗ്രഹിച്ചത് തന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരു സഹോദരിയെയോ അമ്മയെയോ ഒക്കെയായിരുന്നു. കാരണം അനാഥത്വമായിരുന്നു അവന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന. അവളാഗ്രഹിച്ചത് തന്നോടൊപ്പം എന്തിനുമേതിനും കൂട്ടായി നില്‍ക്കുന്ന സഹോദരനെയായിരുന്നു. കാരണം ഒരു സഹോദരന്‍റെ കരുതലും, പിന്തുണയും സ്നേഹവുമുണ്ടായിരുന്നെങ്കില്‍ ആ സര്‍ക്കസ് കൂടാരത്തിലേക്ക് അവള്‍ക്ക് പോകേണ്ടി വരില്ലായിരുന്നു. അഥവാ പോയിരുന്നെങ്കില്‍  ചങ്ങലകളില്‍ ബന്ധിതയായി ആ ചാട്ടവാറടികള്‍ക്ക് അവനവളെ വിട്ടുകൊടുക്കില്ലായിരുന്നു.

          പരസ്പരം പറയാതെ തന്നെ ഇക്കാര്യങ്ങളൊക്കെ അവര്‍ക്കിടയില്‍ ആശയവിനിമയം ചെയ്യപ്പെടു. ഒരു സൈലന്‍റ് കമ്മ്യൂണിക്കേഷന്‍. അപ്പോഴവന് ആദ്യമായി തോന്നി,  അവളുടെ മുഖം തന്‍റെ ഓര്‍മ്മയുടെ ഇടനാഴികളില്‍ മാറാല മൂടി കിടന്നതല്ല മറിച്ച് അത് ഒരു മുജ്ജന്മ ബന്ധമാണെന്ന്.

             ആതത്മഹത്യാ മുനമ്പില്‍ നിന്നും അവന്‍റെ കൈപിടിച്ച് അവള്‍ തിരിഞ്ഞ് നടന്നു. ജീവിതത്തിലെ സങ്കടങ്ങളുടെയും വേദനകളുടെയും ഭാണ്ഡം ആ കുന്നിന്‍ മുകളില്‍ നിന്നും താഴേക്കെറിഞ്ഞിട്ട്. അവന്‍റെ കൈപിടിച്ച് നടക്കുമ്പോള്‍ റിംഗ് മാസ്റ്റര്‍ മുറിച്ച് കളഞ്ഞ അവളുടെ ചിറകുകള്‍ വേഗത്തില്‍ മുളച്ച് വന്നു, വാനിലേക്കുയര്‍ന്ന് പറക്കാനായി. അനന്തരം അവള്‍ അവനോടൊരു കഥ  പറഞ്ഞു, 

  ആരോഗ്യവും ആണത്തവുമുള്ള, ധീരന്മാരായ അഞ്ച് ഭര്‍തത്താക്കന്മാരുള്ള ദ്രൌപതി കൌരവസഭയില്‍ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട് മാനംകെടുന്ന അവസ്ഥയില്‍ , ചുറ്റുമുണ്ടായിരുന്ന പാണ്ഡവന്മാരും മഹാനായ ഭീഷ്മരും ദ്രോണരുമൊക്കെയും നിസഹായരായി കണ്ണടച്ചപ്പോള്‍ അവള്‍ സഹായത്തിന് വിളിച്ചത് കൃഷ്ണനെ ആയിരുന്നു. ദ്രൌപതിയുടെ മാനം കാക്കാന്‍ ഓടി വന്ന് ചേല നല്‍കിയത് ഭഗവാനല്ല, സഹോദരനായിരുന്നു. പിന്നീട് ദുര്‍വ്വാസാവ് മഹര്‍ഷിയുടെ ഉഗ്രകോപത്തില്‍ നിന്നും, ശാപത്തില്‍ നിന്നും ദ്രൌപതിയെ രക്ഷിക്കാന്‍ അക്ഷയ പാത്രത്തില്‍ അവശേഷിച്ച ചീരയിലക്കഷ്ണം കൊണ്ട് വിശപ്പടക്കിയതും ഭഗവാന്‍ കൃഷ്ണനല്ലായിരുന്നു, സഹോദരൻ കൃഷ്ണനായിരുന്നു.

            അവള്‍ പറഞ്ഞ ആ കഥ അവന്‍റെ മനസില്‍ പതിഞ്ഞു. ദൈവമാകാന്‍ എനിക്കുമാകില്ല. പക്ഷേ ഈ ചേച്ചിയുടെ സഹോദരനായി ഏത് ആപത്തിലും കുടെ നില്‍ക്കുന്ന സഹോദരനാകാന്‍ തനിക്കും കഴിയുമെന്നവന്‍ വാക്കുകൊടുത്തു. ആ ഉറപ്പില്‍ അവളിന്ന് പറക്കുന്നു, തളരാതെ, അവള്‍ക്കൊപ്പം കൂടിയപ്പോള്‍ അവനും പറക്കാന്‍ ശീലിച്ചു. അത് വരെ പറക്കാന്‍ ചിറകുണ്ടായിട്ടും ചെമ്പോത്തിനെപ്പോലെ തറയില്‍ ചികഞ്ഞ് നടക്കാനിഷ്ടപ്പെട്ടിരുന്ന അവന് അവള്‍ ധൈര്യം പകര്‍ന്നു. തനിക്കൊപ്പം പറക്കാനല്ല, തനിക്ക് മേലെ പറക്കാനാണ് അവള്‍ വാശി പിടിച്ചത്. അവള്‍ നല്‍കിയ ഊർജ്ജത്തില്‍ അവനിന്ന് പറക്കുന്നു, ഉയരങ്ങളിലേക്ക് . ഉയരത്തിലേക്ക് പോകുംതോറും അവള്‍ ഇനിയുമിനിയുമുയരെ എന്ന് പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു. അവനെ നക്ഷത്രങ്ങള്‍ക്കൊപ്പം ഇരുത്താനാണ് അവള്‍ ആഗ്രഹിക്കുന്നത്, അവളെ മഴവില്‍ക്കൊട്ടാരത്തില്‍ പരിചാരകര്‍ക്ക് നടുവില്‍ രാജ്ഞിയായി വാഴിക്കാന്‍ അവനും.

                പൊക്കിള്‍ക്കൊടിയുടെ ബന്ധമില്ലാതെ, ഒരേ ഗര്‍ഭപാത്രത്തിലെ താമസക്കാരാകാതെ  അവന്‍ അവള്‍ക്ക് അനുജനായി, അവന് പെങ്ങളും.

       അവരുടെ ലക്ഷ്യത്തിലേക്ക് അവരൊന്നിച്ച് പറന്നുയര്‍ന്നു. തങ്ങള്‍ക്ക് നേരെ വന്ന കഴുകന്മാരെ അവഗണിച്ച്, കല്ലേറുകളില്‍ തളരാതെ ചിറക് കുഴയാതെ പരസ്പരം താങ്ങായി, തുണയായി, ലക്ഷ്യം മാത്രം മുന്നില്‍ കണ്ട്.

                                     രഞ്ജിത് വെള്ളിമണ്‍         

No comments:

Post a Comment

Type your valuable comments here