December 08, 2018

എന്ന് സ്വന്തം കള്ളൻ (Short Story)

Ennu Swantham kallan
              കള്ളന്മാർ എന്നും  അവൾക്കൊരു ഹരമായിരുന്നു, അവളുടെ മനസിലെ സൂപ്പർ ഹീറോസ് കള്ളമാരായിരുന്നു. കള്ളന്മാരുടെ രാജകുമാരൻ റോബിൻഹുഡിൽ തുടങ്ങി , ഇങ്ങ് കായംകുളം കൊച്ചുണ്ണി വരെ അവളുടെ ആരാധനാ പുരുഷന്മാരായിരുന്നു. 
 

            വെല്ലുവിളിച്ച് നായികയുടെ അരഞ്ഞാണം മോഷ്ടിച്ച മീശ മാധവൻ അവൾക്ക് കുളിരുള്ള ഒരോർമ്മയായിരുന്നു. ആ സിനിമയ്ക്ക് ശേഷമാണ് അരഞ്ഞാണം ധരിക്കാൻ ആശ തോന്നിയതും, വാശിപിടിച്ചാശ സാധിച്ചതും. തന്‍റെ മുറിയിൽ ഒരു ദിവസം എത്താനിടയുള്ള മീശ മാധവനായി അവൾ കാത്തിരുന്നു. പൂപ്പാത്രം നിറയെ മയിൽപ്പീലികളുമായി. കാത്തിരിപ്പ് അനന്തമായി നീണ്ടതല്ലാതെ ഒരു കള്ളനും ആ വഴി വന്നില്ല.

         പോലീസിന് തലവേദന സൃഷ്ടിക്കുന്ന, ഏത് വലിയ മണിച്ചിത്രത്താഴും കുത്തിപ്പൊളിക്കുന്ന, രാവിരുട്ടിന്‍റെ കൂട്ടുകാരനായ ഒരു കള്ളന്‍റെ  ഭാര്യയാവുക എന്ന ഏറ്റവും വലിയ സ്വപ്നവും പേറി അവൾ ദിനങ്ങൾ തള്ളി നീക്കി.

          പത്രത്തിൽ ദിനവും നിരവധി മോഷണക്കഥകൾ വന്നെങ്കിലും അതിലൊന്നും താനോ ,തന്‍റെ വീടോ കഥാപാത്രങ്ങളാകാത്തതിൽ അവൾക്ക് കുണ്ഠിതം തോന്നി. അവളുടെ മനസ്സിലെ സൂപ്പർ ഹീറോയായ കള്ളന്  മീശമാധവനായ ദിലീപിന്‍റെയും, റോബിൻഹുഡായ പ്രിഥ്വിരാജിന്‍റെയും, തൊണ്ടിമുതലിലെ ഫഹദിന്‍റെയും, കൊച്ചുണ്ണിയായ നിവിൻ പോളിയുടെയും, ഇത്തിക്കര പക്കിയായ ലാലേട്ടന്‍റെയുമൊക്കെ മുഖഛായയാരുന്നു. എന്നാൽ പത്രത്താളുകളിലൊരിക്കലും അത്തരമൊരു മുഖം അച്ചടിച്ചു വരുന്നതവൾ കണ്ടില്ല, എല്ലാമൊരു മാതിരി അവലക്ഷണം  പിടിച്ചവന്മാർ.

            എങ്കിലും ഒരിക്കൽ ഒരുവൻ വരും എന്ന പ്രതീക്ഷ കൈവിടാതെ അവൾ കാത്തിരുന്നു. 

          പക്ഷേ അവളെ കെട്ടാൻ ഒടുവിലെത്തിയത് ഒരു ചോക്കലേറ്റ് ചെക്കനാരുന്നു. ബാംഗ്ലൂരിൽ സോഫ്റ്റ് വെയർ എഞ്ചിനിയറാണത്രേ. ഇനിയും വരാത്ത കള്ളനായി കാത്തിരുന്നിട്ടർത്ഥമില്ലെന്ന് തോന്നിയിട്ടാവാം, അവൾ  അവനു മുന്നിൽ ശിരസ് കുനിച്ചു.

          ആദ്യരാത്രിയിൽ അവന്‍റെ ചൂട് പറ്റി കിടക്കുമ്പോഴും തന്‍റെ അരയിലെ അരഞ്ഞാണത്തിൽ അവൾ തഴുകിക്കൊണ്ടിരുന്നു. അപ്പോഴും അവൾ പ്രതീക്ഷിച്ചുവോ? ഒരു മീശ മാധവനെ...

          എന്നാൽ കള്ളന്മാരെ ആരാധിച്ച തനിക്ക് കിട്ടിയ ഭർത്താവ് ഒരു പേടിത്തൊണ്ടനാണെന്ന് ആദ്യരാത്രിയില്‍ ഞെട്ടലോടെ അവള്‍ മനസിലാക്കി. അതിലവൾക്ക് ലജ്ജ തോന്നി. കള്ളന്മാരെ പേടിച്ച് അയാളുടെ നിർബന്ധപ്രകാരം അരഞ്ഞാണം വരെ അവൾക്കൂരി ലോക്കറിൽ വച്ച് കിടക്കേണ്ടി വന്നു.

            അതിനടുത്ത ദിവസത്തെ പത്രത്തിൽ ഒരു മോഷണ വാർത്ത വന്നു. 

"കല്യാണത്തട്ടിപ്പ് വീരൻ നവവധുവിന്‍റെ സ്വർണവും പണവുമായി മുങ്ങി."

        അവൾ ഒത്തിരി ആഗ്രഹിച്ചിരുന്ന പോലെ അവളും, അവളുടെ വീടും മോഷണ കഥയിലെ കാപാത്രങ്ങളായി . മഞ്ഞച്ചരടിൽ കോർത്ത താലിയിൽ പിടിച്ച്, കള്ളന്‍റെ തലയിൽ ഇടിത്തീ വീഴണേ എന്നു മാത്രം പ്രാർത്ഥിച്ച് അവളിരുന്നു,           കള്ളനെ പോലീസ് പിടിക്കുന്നതും കാത്ത്.......


                                       രഞ്ജിത് വെള്ളിമൺ

No comments:

Post a Comment

Type your valuable comments here