December 07, 2018

തെരുവുനായയുടെ ആത്മഗതങ്ങൾ (Short Story)


Theruvunayayude athmagathangal

        ഞാൻ കഴിഞ്ഞ കുറേക്കാലമായി ഇവിടെ ജീവിക്കുന്നു, നിങ്ങളുടെ കല്ലേറുകൊണ്ടും ശാപവചനങ്ങൾ കേട്ടും. ഇന്ന് നിങ്ങൾ മനുഷ്യരുടെ ഏറ്റവും വലിയ ശത്രു ഞാനും എന്‍റെ വർഗ്ഗവുമാണല്ലൊ. എന്‍റെ വർഗ്ഗത്തിന്‍റെ ഇന്നത്തെ ഈ അവസ്ഥയിൽ എനിക്കതിയായ ദുഖമുണ്ട്. മനുഷ്യകുലം ഉണ്ടായ കാലം മുതൽ ഞാനും കൂടെയുണ്ടായിരുന്നു. വിശ്വസ്തനായ കാവൽക്കാരനായി. നിന്‍റെ എച്ചിൽ അന്നമാക്കി പരാതികളും പരിഭവങ്ങളുമില്ലാതെ സ്നേഹപൂർവ്വം വാലാട്ടി ഞാൻ നിന്നോടൊപ്പം ഉണ്ടായിരുന്നു.

       നിന്‍റെ വർഗ്ഗത്തെ നീ നിറത്തിന്‍റെ അടിസ്ഥാനത്തിലും, ഭാഷയുടെ അടിസ്ഥാനത്തിലും, മതത്തിന്‍റെ അടിസാഥാനത്തിലും, രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തിലുമൊക്കെ പലതായി തരം തിരിച്ചു. പിന്നെ ആ വേർതിരിവ് നീയെന്‍റെ വർഗ്ഗത്തിലും നടപ്പിലാക്കി. അൽസേഷ്യനും ലാബ്രഡോറും പൊമറേനിയനും പഗ്ഗുമൊക്കെ നിന്‍റെ സ്വീകരണമുറിയിലും ബെഡ്റൂമിലും സ്വാതന്ത്ര്യത്തോടെ വിഹരിക്കുമ്പോൾ തെരുവ്നായയെന്ന് മുദ്ര ചാർത്തപ്പെട്ട ഞങ്ങൾ നിന്‍റെ ശത്രുനിരയിലായിരിക്കുന്നു.

               പട്ടുമെത്തയും പാക്കറ്റ്ഫുഡും ഒന്നും ഇല്ലാതെ തന്നെ നിന്‍റെ വർഗ്ഗത്തിന്‍റെ അടിമകളായി കാവൽക്കാരായിരുന്നിട്ടും എന്നെയെന്തിന് നീ ശത്രുവാക്കി?
എനിക്കെതിരേ നീയൊരുപക്ഷേ വലിയൊരു കുറ്റപത്രം തന്നെ തയ്യാറാക്കുമെന്നെനിക്കറിയാം. പക്ഷേ അതിന് മുൻപ് നീ ഞാൻ പറയുന്നതൊന്ന് കേൾക്കൂ.

             കുറേക്കാലം മുൻപ് വരെ ഞങ്ങള്‍ക്ക് ലഭിച്ചിരുന്ന ഭക്ഷണം നിന്‍റെ ഭക്ഷണാവശിഷ്ടങ്ങളായ പരിമിതമായ സാധനങ്ങളായിരുന്നു. പക്ഷേ ഇപ്പോ ഭക്ഷണം വിശപ്പടക്കാനുള്ള മാർഗ്ഗം എന്നതിനപ്പുറം സ്റ്റാറ്റസിന്‍റെ ഭാഗം കൂടിയായപ്പോൾ, വീട്ടിലെ ഭക്ഷണത്തേക്കാൾ നല്ലത്, രുചിയും മണവും നിറവുമെല്ലാം കൃത്രിമമായി ചേർത്ത് നിനക്ക് മുന്നിൽ നിരത്തപ്പെടുന്ന ഹോട്ടൽ ഭക്ഷണത്തിനാണെന്ന് നീ ചിന്തിച്ച് തുടങ്ങിയപ്പോൾ നിന്‍റെ വർഗ്ഗത്തിന്‍റെ നാശം കണ്ടുതുടങ്ങി. രോഗങ്ങൾ മഹാമാരിയായി പെയ്തിറങ്ങുമ്പോഴും ഒന്നും തിരിച്ചറിയാതെ, തിരിച്ചറിഞ്ഞിട്ടും മാറാൻ ശ്രമിക്കാതെ നീയീ പുതിയ ശീലങ്ങൾ മുറുകെപ്പിടിക്കുന്നു. ആവശ്യത്തിലുമധികമായി നീ വാങ്ങിക്കൂട്ടുന്ന ഭക്ഷണം തെരുവിലേക്ക് വലിച്ചെറിയുന്നു. അതിനാൽ തന്നെ ഞങ്ങൾക്ക് യഥേഷ്ടം ഭക്ഷണം കിട്ടിത്തുടങ്ങി, ഞങ്ങളുടെ വംശവും അഭിവൃദ്ധിപ്പെട്ടു. ഞങ്ങൾ എണ്ണത്തിൽ പെരുകി. സ്ഥിരമായി നോൺവെജ് കഴിച്ച് അതൊരു ശീലമായി മാറിയപ്പോൾ പിന്നെ അത് കിട്ടാൻ മൃഗസഹജമായ വേട്ടയാടൽ ഞങ്ങളാരംഭിച്ചു. പിന്നെ നിങ്ങൾ മനുഷ്യരുടെ ഇടയിലുള്ള പോലെ തലതെറിച്ചവൻമാർ ഞങ്ങളുടെ കൂട്ടത്തിലുമുണ്ട്. അവന്മാർ നിങ്ങൾ മനുഷ്യരെ ഓടിച്ചിട്ട് കടിക്കുന്നതിന് എന്‍റെ വർഗത്തിനെ മുഴുവനായി വേട്ടയാടുന്നത് ശരിയാണോ?
നിങ്ങൾ മനുഷ്യരുടെ ഇടയിലുമില്ലേ ഇത്തരം പ്രശ്നക്കാർ. സാധുമൃഗങ്ങളെ നിർദയം കൊല്ലുന്നവർ, മനുഷ്യനെക്കൊല്ലുന്നവർ, മോഷ്ടിക്കുന്നവർ, ബലാൽസംഗം ചെയ്യുന്നവർ, അഴിമതി കാട്ടുന്നവർ, അങ്ങനെ നിങ്ങളുണ്ടാക്കിയ നിയമങ്ങൾ ലംഘിച്ച് കിരാതമായി പെരുമാറുന്നവരെയെല്ലാം നിങ്ങൾ കൂട്ടത്തോടെ കൊന്നൊടുക്കുകയാണോ ചെയ്യാറുള്ളത് ?   അല്ല...
പകരം അവരെ കുറേക്കാലം സർക്കാർ ചിലവിൽ തീറ്റിപ്പോറ്റുന്നു. കുറച്ച് കാലം ബന്ധനസ്ഥരായി കിടക്കേണ്ടി വരുന്നുവെന്നതുമാത്രമാണ് അവരുടെ ശിക്ഷ. പിന്നെ അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന അദ്ഭുതപ്രതിഭാസമാണല്ലോ വധശിക്ഷ. ഒരാളെക്കൊന്നവനായാലും ഒൻപതുപേരെക്കൊന്നവനായാലും മരണശിക്ഷ നൽകരുതെന്നും അത് പ്രാകൃതമാണെന്നും നിങ്ങളിൽ ചിലർ തന്നെ വാദിക്കുന്നുമുണ്ട്. 

            ബുദ്ധിയും വീവേകവുമൊക്കെയുള്ള നിങ്ങൾ കാട്ടുന്ന അക്രമവുമായി താരതമ്യപ്പെടുത്തുമ്പോൾ ഞങ്ങൾ ഇപ്പോൾ ഉണ്ടാക്കുന്നു എന്ന് നിങ്ങളവകാശപ്പെടുന്ന പ്രശ്നങ്ങൾ അത്രയും ഭീകരമാണോ? 

      തെരുവിൽ അഡ്രസില്ലാതെ അലയുന്ന ഞങ്ങളെ കുറ്റവാളികളായ മനുഷ്യരെ പാർപ്പിക്കും പോലെ ജയിലുകളുണ്ടാക്കി തടവിലിട്ടാൽ നിങ്ങൾക്ക് രണ്ടുണ്ട് മെച്ചം. ഞങ്ങളിൽ നിന്നുള്ള അക്രമത്തിൽ നിന്നും നിങ്ങൾക്ക് മോചനം കിട്ടും. പിന്നെ വേസ്റ്റുകൾ റോഡുവക്കിൽ തള്ളി നാടിനെ മാലിന്യക്കൂമ്പാരമാക്കാതെ അതൊക്കെ പായ്ക്ക് ചെയ്ത് ഞങ്ങള്‍ക്ക് ജയിലിൽ ഭക്ഷണമായിത്തരാം. അങ്ങനെ ജയിലിൽ പാർപ്പിക്കുമ്പോൾ ആൺനായകളെയും പെൺനായകളെയും പ്രത്യേകം ജയിലുകളിലാക്കിയാൽ യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഞങ്ങളെക്കൊണ്ടുള്ള ശല്യം മാത്രമല്ല എന്‍റെ വംശത്തെ തന്നെ നിങ്ങൾക്കില്ലാതാക്കാം. ഞങ്ങളുടെ പേരിൽ നിങ്ങൾ കാട്ടിക്കൂട്ടുന്ന കോലാഹലങ്ങളും ചെലവാക്കുന്ന കാശും എന്തിനായിരുന്നുവെന്ന് നാളെ നിരാശയോടെ ചിന്തിക്കേണ്ടി വരരുത്. 

             ഈ ഭൂമുഖത്തെ നിരവധിയായ ജീവി വർഗ്ഗങ്ങൾക്കും ഈ ഭൂമിയുടെ മേൽ തുല്യ അവകാശമിണുളളത്. അതിൽ മനുഷ്യനായ നിനക്ക് മാത്രമായാരാണ് ഇളവുകളും ആനുകൂല്യങ്ങളും അനുവദിച്ച് നൽകിയത്? എല്ലാം നീ സ്വയം കൽപ്പിച്ചെടുത്തതല്ലേ? നീ നേടി വച്ചത് മറ്റൊരുവൻ കൈക്കലാക്കിയാൽ നീയവനെ നേരിടില്ലേ?  അങ്ങനെ പലതും നേടിയെടുക്കാൻ നിന്‍റെ വർഗ്ഗം വലിയ യുദ്ധങ്ങൾ നടത്തിയിട്ടില്ലേ? ഇപ്പൊഴും നീ യുദ്ധം ചെയ്യുന്നില്ലേ? അതിൽ കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമെല്ലാം തന്നെ കുറ്റക്കാരായിരുന്നോ? അതിൽ കൂടുതലും നിരപരാധികൾ അല്ലായിരുന്നോ?

       ഇത്രയൊക്കെ ചെയ്തുകൂട്ടിയ നിന്‍റെ വർഗ്ഗം എന്തുകൊണ്ട് ഞങ്ങൾ കാട്ടുന്ന ചെറിയ അക്രമങ്ങളെ പർവ്വതീകരിക്കുന്നു.?  നീ മാലീന്യം തെരുവിലേക്ക് വലിച്ചെറിയാതിരുന്നാൽ തന്നെ ഞങ്ങളെക്കൊണ്ടുള്ള പ്രശ്നങ്ങളിൽ പകുതിയും നിനക്ക് കുറക്കാം.  ഇന്നീ ഭൂമിയിൽ നീയാണ് രാജാവ് . നിനക്ക് തീരുമാനിക്കാം . ഞങ്ങളെക്കൊല്ലാനോ, തടവിലിടാനോ, അല്ലെങ്കിൽ മറ്റെന്തിനും.  പക്ഷേ അതിനുമുൻപ് നീയൊന്നോർക്കണം നീയും ഞാനും, നീ ചവിട്ടിയരക്കുന്ന ഉറുമ്പുകളും പുല്‍നാമ്പുകളുമെല്ലാം  ഈ ഭൂമിയുടെ അവകാശികളാണ് . ഭൂമിയിൽ സ്വതന്ത്രരായി ജീവിക്കാൻ അവകാശമുള്ളവർ. നിനക്കുള്ള എല്ലാ അവകാശങ്ങളുമുള്ളവര്‍....

ഇതൊക്കെയാരോട് പറയാന്‍ ? ആര് കേള്‍ക്കാന്‍ ?

                                     രഞ്ജിത് വെള്ളിമൺ

No comments:

Post a Comment

Type your valuable comments here