ഞാന്‍ ആ സുപ്രഭാതത്തിൽ വളരെ പെട്ടെന്നൊരു തീരുമാനമെടുത്തു, ആത്മകഥയെഴുതണം.
കഴിഞ്ഞ ആറു മാസമായുള്ള ജയിൽവാസം എനിക്ക്
മടുപ്പുളവാക്കിത്തുടങ്ങിയിരുന്നു. വിവിധ കേസുകളിലായി നാലു വർഷത്തെ
ശിക്ഷയിലെ ചെറിയൊരുഭാഗം മാത്രമേ പിന്നിട്ടിട്ടുള്ളു. ഇനിയും പിന്നിടാനുള്ള
വലിയൊരു കാലഘട്ടത്തിലെ വിരസതയകറ്റാൻ എന്‍റെ ആത്മകഥയെഴുത്തിനാകുമെന്ന് ഞാന്‍
കണക്കുകൂട്ടി. വളരെ അപൂർവ്വമായി മാത്രം പിഴച്ചിട്ടുള്ള എന്‍റെ
കണക്കുകൂട്ടലുകളിൽ എനിക്ക് വല്ലാത്ത അഭിമാനമുണ്ടായിരുന്നു. കണക്കുകൂട്ടൽ
പിഴച്ചിരുന്നുവെങ്കിൽ കൊലപാതകം, ബലാൽസംഗം, അഴിമതി ഉൾപ്പെടെയുള്ള
കേസുകൾക്കെല്ലാം കൂടി ശിക്ഷിക്കപ്പെട്ട് ആജീവനാന്തം ജയിലിലായേനെ. ഇതിപ്പോ തീരെച്ചെറിയ വകുപ്പുകൾ ചുമത്തിയല്ലേ ശിക്ഷിച്ചിരിക്കുന്നത്.
ഒരു രാഷ്ട്രീയക്കാരനെന്ന നിലയിൽ ഈ ശിക്ഷയൊരു ശിക്ഷയേയല്ല. പുറത്തിറങ്ങുമ്പോൾ
അഗ്നിശുദ്ധ വരുത്തിയെത്തിയ ഈ നേതാവിന്‍റെ വാക്ചാതുരിക്ക് മുന്നിൽ വലിയ വലിയ
ആൾക്കൂട്ടങ്ങളുണ്ടാകും. സാധാരണ ജനം എല്ലാം വളരെപ്പെട്ടെന്ന് മറക്കും
പിന്നെയുള്ളത് ചാനലുകളിലെ അന്തിചർച്ചകളാണ്. അവർക്ക് വേണ്ടത് വാർത്തകൾ
മാത്രമാണ്, സത്യത്തിനും നന്മക്കുമൊന്നും അവിടെ പ്രസക്തിയില്ല. പുതിയൊരു വാർത്ത കിട്ടുമ്പോൾ നിലവിലുള്ളവ ബോധപൂർവ്വം വിസ്മരിക്കപ്പെടും.
അത്തരത്തിൽ എന്‍റെ ആത്മകഥയും കുറേനാൾ ചർച്ച ചെയ്യപ്പെടും. ഞാൻ മഹത്വവൽക്കരിക്കപ്പെടും അല്ലെങ്കിൽ മഹത്വവൽക്കരിക്കപ്പെടുത്തും. അതിനായി എനിക്ക് ആദ്യം വേണ്ടത് ഒരു എഴുത്തുകാരനെയാണ്. ഞാൻ
പറഞ്ഞ് കൊടുക്കുന്ന എൻറെ ജീവിതകഥ കേട്ട് മനോഹരമായി അതെഴുതിയെടുക്കാനും, അതിൽ
എന്നെ മഹാനാക്കാനുള്ള പൊടിക്കൈകൾ എഴുതിച്ചേർക്കാനും കെൽപ്പുള്ളയൊരാളെ. പിന്നെയൊരു എഡിറ്ററെ കണ്ടെത്തണം. എഴുതിതയ്യാറാക്കുന്നത് പരിശോധിച്ച് തന്‍റെ ഇമേജിനെ മോശമായി ബാധിക്കാനിടയുള്ളതൊക്കെ ഒഴിവാക്കി വായനാസുഖം പകരുന്ന
തരത്തിലേക്ക്, ശത്രുക്കളുടെ കെണിയിലകപ്പെട്ട് ജയിലഴിക്കുള്ളിലായിപ്പോയ
സത്യസന്ധനും, ജനസേവനം ജീവിത വ്രതമാക്കിയവനുമായവനെന്ന് ഈ എന്നെ മാർക്കറ്റ്
ചെയ്യത്തക്ക തരത്തിലേക്ക് എന്‍റെ ആത്മകഥയെ മാറ്റിമറിക്കാൻ കഴിവുള്ള എഡിറ്റർ.
ഇരുവരെയും വളരെ വേഗത്തിൽ കണ്ടെത്താൻ എനിക്ക് കഴിഞ്ഞു. ജയിലഴികൾക്കുള്ളിൽ നിന്നും ഞാൻ ആ എഴുത്തുകാരന് എന്‍റെ ജീവിതം
പറഞ്ഞുകൊടുത്തു. കേട്ടതൊക്കെയും ഹൃദിസ്ഥമാക്കി അയാൾ തന്‍റെ കർത്തവ്യ
നിർവ്വഹണത്തിനായി പോയി. ഞാന്‍ ജയലഴികള്‍ക്കുള്ളില്‍ ഓര്‍മ്മകളയവിറക്കി.
കുട്ടിക്കാലത്ത് സ്കൂളിൽ ഫീസടക്കാൻ കാശില്ലാതിരുന്നതിനാൽ പലചരക്ക് കടയിൽ
പാർട് ടൈം ജോലി ചെയ്ത് കാശ് സമ്പാദിച്ച് ഫീസടച്ചത് എഴുത്തുകാരനോട് പറഞ്ഞിരുന്നു,
പക്ഷേ ആ കടയിലെ പണപ്പെട്ടി മോഷ്ടിച്ചുകൊണ്ട് നാടു വിട്ടത് ഞാനയാളോട്
പറഞ്ഞില്ല. എന്തിനും ഏതിനും ഇടനിലക്കാരനായി നിന്ന് നിരവധിപ്പേർക്ക്
ജോലി സമ്പാദിച്ച് നൽകിയത് പറഞ്ഞുവെങ്കിലും അതിലുമേറെപ്പേരുടെ
കാശുവെട്ടിച്ച് മുങ്ങിയത് പറയാതെ മുക്കി. പീഡനത്തിനിരയായി മരിച്ച
പെൺകുട്ടിക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല
നിരാഹാരമനുഷ്ടിക്കാൻ തയ്യാറായി ഇറങ്ങിയതും ഏഴു ദിവസത്തെ നിരാഹാരത്തിനൊടുവിൽ
പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കിയതും വിശദമായിത്തന്നെ
പറഞ്ഞുകൊടുത്തുവെങ്കിലും, ചിലതൊക്കെ അവിടെയും മറച്ചുപിടിച്ചു. ആ
പെൺകുട്ടി ഒരു ശുപാർശയുടെ കാര്യത്തിനായി എന്നെ വന്നു കണ്ടതും, പിന്നീടവളെ
കെണിയിലകപ്പെടുത്തി മാനം കവർന്നെടുത്തതും, പിന്നെ ഭീഷണിപ്പെടുത്തി തൻറെ
രാഷ്ട്രീയ നേട്ടത്തിനായി പലർക്ക് കാഴ്ചവച്ചതും , ഒടുവിൽ രഹസ്യങ്ങൾ
പരസ്യമാകാതിരിക്കാൻ കൊന്ന് ട്രെയിനിനു മുന്നിൽ തള്ളിയതും ആത്മകഥയിൽ പറയാതെ
ബോധപൂർവ്വം വിട്ടുകളഞ്ഞു. പിന്നീട് വളർച്ചയുടെ പടവുകൾ ഒന്നൊന്നായി
വിവരിച്ചപ്പോൾ വളർച്ചയുടെ പടവുകളിൽ വിലങ്ങ് തടിയായി നിന്ന പലരെയും
നിർദാക്ഷിണ്യം കൊന്നു തള്ളിയതും വിട്ടുകളഞ്ഞു.
ഏറെ കോളിളക്കം
സൃഷ്ടിച്ച പ്രണയവും ഒളിച്ചോട്ടവും വിവാഹവും റൊമാന്‍റിക്കായി അവതരിപ്പിച്ചപ്പോൾ,
അവളുടെ കുടുംബത്തിന്‍റെ ആസ്തിയും, അവളുടെ അച്ഛന്‍റെ രാഷ്ട്രീയ ഔന്നിത്യവും, അതിൽ
നിന്നും ഞാൻ നേടാൻ പോകുന്ന സ്ഥാനമാനങ്ങളും, പ്രതാപവും, പണവുമൊക്കെ കൃത്യമായി
കണക്ക് കൂട്ടി പ്രണയം നടിച്ചവളുടെ പിന്നാലെ കൂടി, ഒടുവിൽ അവളുടെ സ്നേഹം
സമ്പാദിച്ച് വിവാഹം ചെയ്ത് താൻ നേടിയതാണീ സൌഭാഗ്യങ്ങളേറെയുമെന്നത്
മറച്ചുവയ്ക്കേണ്ട രഹസ്യങ്ങളായിരുന്നു. അങ്ങനെ ചിത്രങ്ങളോരോന്നും
മനസിൽ തെളിഞ്ഞപ്പോഴാണ് ഞാനൊരു സത്യം തിരിച്ചറിഞ്ഞത്. പരസ്യങ്ങളേക്കാളേറെ
രഹസ്യങ്ങളുള്ള എന്‍റെ മനസിലെ രഹസ്യങ്ങൾ ചോരാതിരിക്കാൻ നല്ലൊരു താഴിട്ടു
പൂട്ടണം.
ഞാൻ പറഞ്ഞതും, എഴുത്തുകാരന്‍റെ ഭാവനയും, എഡിറ്ററുടെ കരവിരുതും
കൊണ്ട് പൂർത്തീകരിക്കപ്പെട്ട എന്‍റെ ആത്മകഥ വായിച്ച ഞാന്‍ തന്നെ ഞെട്ടി. ഞാനിത്ര വലിയ മഹാനാണെന്ന് പൊതുജനത്തെ അറിയിക്കാൻ അല്പം വൈകിയതോർത്ത് ഞാന്‍ ശരിക്കും
കുണ്ഠിതപ്പെട്ടു. വിപണിയിൽ ബെസ്റ്റ്സെല്ലറായി ആ ആത്മകഥ വിറ്റഴിഞ്ഞപ്പോൾ, ഞാന്‍ കണക്കുകൂട്ടുകയായിരുന്നു, തന്ത്രങ്ങള്‍ മെനയുകയായിരുന്നു, ജയിലഴികൾക്ക് പുറത്തെത്തുന്ന നാളെകൾക്ക് വേണ്ടി.
രഞ്ജിത് വെള്ളിമൺ
No comments:
Post a Comment
Type your valuable comments here