വയറു നിറഞ്ഞുള്ള ഭോജനം കഴിഞ്ഞ് ഒന്നു മയങ്ങുകയായിരുന്നു സിംഹ രാജൻ. പുറത്തൊരു ബഹളം കേട്ടുണർന്നതിന്‍റെ അസ്വാരസ്യം ഒരു ഗർജനത്തിലൂടെ പ്രകടിപ്പിച്ചു കൊണ്ട് സിംഹരാജൻ ഗുഹക്ക് പുറത്തേക്ക് ഇറങ്ങി വന്നു.
അവിടെ അതാ ഒരു ചെന്നായ പേട മാനിനെ ഓടിച്ചിട്ട് കടിക്കുന്നു. പേടമാൻ ഓടി വന്ന് സിംഹ രാജന്‍റെ പിന്നിൽ അഭയം തേടി. പക്ഷേ സിംഹരാജൻ ആ വിഷയത്തിൽ ഇടപെടാൻ തയ്യാറായില്ല.
" വിശന്നാൽ ഇര തേടി പിടിച്ച് തിന്നുന്നത് കാട്ടിലെ നിയമമാണ്. ആ ചെന്നായ നിന്നെ കീഴ്പ്പെടുത്തുവാൻ പ്രാപ്തനാണെങ്കിൽ നിന്നെ ഭക്ഷിക്കാൻ അവനവകാശമുണ്ട്. "
സിംഹരാജൻ കാട്ടുനീതി പറഞ്ഞു.
പേടമാൻ കരഞ്ഞുകൊണ്ട് സിംഹ രാജന്‍റെ ദയക്കായി യാചിച്ചു.
"ഈ ചെന്നായ വിശന്നിട്ടല്ല എന്നെ ഉപദ്രവിക്കുന്നത്. അങ്ങെന്നെ രക്ഷിക്കണം... "
"എന്‍റെ ഗുഹയുടെ മുന്നിൽ ഞാൻ ഭംഗിയായി നട്ട് വളർത്തിയിരുന്ന ചെടികൾ ഈ മാൻ തിന്നു. ഞാനിവനെ കൊല്ലും." ചെന്നായ രോഷം കൊണ്ടു. അവനൊപ്പം വേറെ കുറെ ചെന്നായ്ക്കളുമെത്തി. ആ പേടമാനിന്‍റെ രക്തത്തിനും മാംസത്തിനുമായി അവർ മുരണ്ടു. വിശപ്പില്ലാതിരുന്നിട്ടും .
മുന്നോട്ടാഞ്ഞ് വന്ന ചെന്നായയെ സിംഹരാജൻ തൊഴിച്ചകറ്റി. സിംഹ രാജൻ പേട മാനിനെ തന്‍റെ സംരക്ഷണ വലയത്തിലൊതുക്കി, ആ ചെന്നായ്ക്കളോട് പറഞ്ഞു,
"നിങ്ങൾ ചെന്നായ്ക്കൾ ഇങ്ങനെ മനുഷ്യത്വപരമായി പെരുമാറരുത്. നമ്മൾ മൃഗങ്ങളാണ്, ഭക്ഷണത്തിന് വേണ്ടിയല്ലാതെ ഒരു ജീവിയെയും ഉപദ്രവിക്കാത്തവർ, കൊല്ലാത്തവർ, ഒരു പുൽക്കൊടിയെപ്പോലും അനാവശ്യമായി നശിപ്പിക്കാത്തവർ . നമ്മുടെ ഈ മൃഗീയതയാണ് മനുഷ്യരിൽ നിന്നും നമ്മെ ശ്രേഷ്ഠരാക്കുന്നത്.അതാണ് കാടിന്‍റെ നീതി, കാടിന്‍റെ നിയമം. അതല്ലാതെ സഹജീവിയെ തല്ലിക്കൊന്നും, വെട്ടിക്കൊന്നും , ആക്രമിച്ചും പകപോകുന്ന, ആനന്ദിക്കുന്ന മനുഷ്യന്‍റെ സ്വഭാവം ഇവിടെ കാണിക്കരുത്.മൃഗങ്ങൾ സ്വസ്ഥരായി , സന്തോഷത്തോടെ ജീവിക്കുന്ന ഇവിടെ മനുഷ്യത്വം കാണിച്ചാൽ അതിന്‍റെ ശിക്ഷ നിങ്ങൾക്ക് കിട്ടിയിരിക്കും"
തങ്ങളുടെ തെറ്റ് മനസിലാക്കിയ ചെന്നായ്ക്കൾ ആ പേടമാനോടും സിംഹരാജനോടും ക്ഷമയാചിച്ച് തങ്ങളുടെ ഗുഹയിലേക്ക് മടങ്ങി. പേടമാൻ സിംഹരാജനോട് നന്ദി പ്രകടിപ്പിച്ച് പുല്ല് തിന്നാൻ പോയി. അന്ന് തന്നെ സിംഹ രാജൻ ഒരു രാജശാസനം പുറപ്പെടുവിച്ചു.
"🦁ഇത് കാടാണ്. നമ്മൾ മൃഗങ്ങളും. ഇവിടെ എല്ലാവരും മൃഗീയമായി പെരുമാറണം. അതാണ് പ്രകൃതിയുടെയും നിയമം. അതല്ലാതെ സ്വയം ബുദ്ധിമാന്മാരെന്നും, വിവേകശാലികളെന്നും അവകാശപ്പെടുന്ന മനുഷ്യരുടെ ക്രൂരത നിറത്ത മനുഷ്യത്വം ഇവിടെ പ്രകടിപ്പിക്കരുത്🦁 "
രഞ്ജിത് വെള്ളിമൺ
Tags
Short Story