ഒരു
ട്രെയിനിംഗിൽ പങ്കെടുക്കുന്നതിനായാണ് അന്ന് ഞാൻ കൊല്ലത്ത് നിന്നും കേരള
എക്സ്പ്രസിൽ കയറിയത്. സ്ലീപ്പർ ടിക്കറ്റെടുത്ത് ഒരു സൈഡ് സീറ്റിന്‍റെ അപ്പർ
ബർത്തിൽ കയറിക്കിടന്നുമിരുന്നും എറണാകുളം സൌത്തിലെത്തി. ഞാനിരിക്കുന്ന സീറ്റിനു താഴെ പാലക്കാട് സ്വദേശികളായ രണ്ട് ചേട്ടൻമാരും പർദയണിഞ്ഞ കുറച്ച് സ്ത്രീകളും കുട്ടികളുമായിരുന്നു. ട്രെയിൻ സൌത്തിൽ നിർത്തിയപ്പോൾ ഒരു പെൺകുട്ടിയും ഒരു പയ്യനും കയറി വന്ന്
അവിടെയുണ്ടായിരുന്ന ഇത്തിരി സ്ഥലത്ത് അഡ്ജസ്റ്റ് ചെയ്തിരുന്നു.ഇരുവർക്കും
പ്രായം 18 ൽ താഴെയാണ്. അവരുടെ അടക്കിപ്പിടിച്ച സംസാരവും പെൺകുട്ടിയുടെ
നാണത്തിൽ കുതിർന്ന ചിരിയും കണ്ടപ്പോൾ അവർ കാമുകീകാമുകൻമാരാകുമെന്ന
നിഗമനത്തിൽ ഞാനെത്തിച്ചേർന്നു. അന്നും ഇന്നും പ്രണയം മനസിൽ നീറഞ്ഞ്
നീൽക്കുന്നത് കൊണ്ട് ചിലപ്പോൾ എനിക്കങ്ങനെ തോന്നിയതുമായിരിക്കാം.
മഞ്ഞപ്പിത്തമുള്ളവന് എല്ലാം മഞ്ഞയാണല്ലോ. എന്‍റെ നിഗമനം തെറ്റാണെങ്കിൽ നിർവ്യാജം ഖേദം രേഖപ്പെടുത്താൻ ഞാൻ സന്നദ്ധനാണ്.
തോന്നലാണേലും അല്ലേലും നമുക്ക് കാര്യത്തിലേക്ക് വരാം. ഉദ്ദ്യേശം ഇരുപത്തഞ്ച് മിനിട്ടിന് ശേഷം ട്രെയിൻ പുറപ്പെടാൻ ഹോൺ മുഴക്കിയപ്പോൾ ആ പയ്യൻ പെൺകുട്ടിയോട് യാത്ര പറഞ്ഞ് പോയി. ട്രെയിൻ പുറപ്പെട്ടു. അപ്പോഴാണ് ആ പെൺകുട്ടി തന്‍റെ പരിസരത്ത് ഇരിക്കുന്നവരെയൊക്കെ കണ്ടത്. അതുവരെ അവർ പ്രണയാർദ്രമായ ലോകത്തായിരുന്നല്ലോ.അടുത്ത നിമിഷത്തിലാണ് ഈ കഥയിലെ വില്ലൻ അവിടേക്ക് കടന്ന് വന്നത്. സാക്ഷാൽ റ്റി.റ്റി.ഇ. എല്ലാവരും ടിക്കറ്റ് പരിശോധനക്ക് നൽകി. ഏറ്റവും ഒടുവിലാണ് ആ പെൺകുട്ടീയുടെ ടിക്കറ്റ് പരീശോധിച്ചത്. അത് വരെ അവാര്‍ഡ് സിനിമയിലെ നായകനെപ്പോലെയായിരുന്ന റ്റി.റ്റി.ഇ പൊടുന്നനെ ഷാജി കൈലാസ് ചിത്രത്തിലെ നായകനായി മാറി.
" കുട്ടീ ഇത് ജനറൽ കംപാർട്ട്മെന്‍റെിൽ കയറാനുള്ള ടിക്കറ്റാണെന്നറിയില്ലേ. ഇതുമായി സ്ലീപ്പർ ക്ലാസിൽ കയറിയതെന്തിനാണ്? "
പെൺകുട്ടി അൽപം ഭയന്നിട്ടുണ്ടെങ്കിലും മറുപടി പറഞ്ഞു.
" സാർ ഞാൻ ടിക്കറ്റെടുത്ത് ഓടി വന്നപ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. അതിനാൽ പെട്ടെന്നിങ്ങോട്ട് ഓടിക്കയറിയതാ."
അവളുടെ ആ മറുപടി കേട്ടു ഞാൻ ഞെട്ടി. അവിടിരുന്ന എല്ലാരും ഞെട്ടി. എത്ര ഈസിയായി അവൾ കള്ളം പറഞ്ഞു. യാതൊരു ഭാവഭേദവുമില്ലാതെ. എല്ലാവരുടെയും ശ്രദ്ധ ടി.ടി.ഇ യുടെ മുഖത്തേക്ക്.
ടി.ടി അവളുടെ കള്ളത്തരം കണ്ട് പിടിക്കുമോ?
കണ്ട് പിടിച്ചാൽ ആ പെൺകുട്ടിക്ക് പിഴചുമത്തുമോ?
പിഴ ചുമത്തിയാൽ അതടക്കാൻ അവളുടെ കൈയ്യിൽ കാശുണ്ടാകുമോ?
അടുത്ത നിമിഷം ടിടിഇ രോഷാകുലനായി.
" കള്ളത്തരം പറഞ്ഞ് രക്ഷപെടാമെന്ന് കരുതണ്ടാ, ഇത് നിങ്ങളുടെ സ്ഥിരം പരിപാടിയാ. പിഴയടചച്ചിട്ട് പോയാല്‍ മതി"
ടിടിഇ 500 രൂ പിഴ വിധിച്ച് രസീത് ബുക്ക് കൈയ്യിലെടുത്തു. അപ്പോഴാദ്യമായി അവളുടെ കണ്ണ് നിറഞ്ഞത് ഞാൻ കണ്ടു. അവൾക്കങ്ങനെ തന്നെ വേണമെന്ന ഭാവമായിരിക്കും അടുത്തിരിക്കുന്ന ചേച്ചിമാരുടെ
മുഖത്ത്. പർദക്കിടയിലൂടെ കാണുന്ന കണ്ണുകളിലെ ഭാവം അങ്ങനെയാവാനേ തരമുള്ളൂ. താഴെയിരുന്ന ചേട്ടൻമാർ ഇതൊന്നും ശ്രദ്ധിക്കാതെ നാട്ടിലെ ഉൽസവം നടത്തുന്ന കാര്യമാണ് ചർച്ച ചെയ്യുന്നത്. ആ പെൺകുട്ടി കൈയ്യിൽ കാശില്ലെന്ന് പറഞ്ഞു. അപ്പോ ടിടിഇ യുടെ അരിശം കൂടി.
എങ്കിൽ ഐഡി കാർഡ് എടുക്കു. കാശ് കോടതിയിൽ അടച്ചാൽ മതി. ടിടിഇ അവൾക്ക് അടുത്ത ഓഫർ കൊടുത്തു.
കൈയ്യിൽ തിരിച്ചറിയൽ കാർഡൊന്നുമില്ലെന്ന അവളുടെ മറുപട ടിടിഇയെപ്പോലെ ഞാനും വിശ്വസിച്ചില്ല. ടിടിഇ യുടെ മുഖം കോപം കൊണ്ട് ചുവന്നു. കണ്ണുകളിൽ നിന്നും അഗ്നി പറന്നു. ആ തീ കൊണ്ട് പൊള്ളാതിരിക്കാനാവും അവൾ കണ്ണുകളടച്ചു, കണ്ണീര്‍ പൊഴിച്ചു. അപ്പോഴാ കണ്ണുകളിൽ
നിന്നുമുതിർന്ന നീർകണങ്ങൾ എന്നെ വേദനിപ്പിച്ചു. പക്ഷേ ടിടിഇ ക്ക് ഒരു
കുലുക്കവുമില്ല.
" നീയൊക്കെ പഠിച്ച കള്ളികളാണ്. തുടക്കം മുതൽ നീ
പറയുന്നതെല്ലാം കള്ളമാണ്. കാർഡില്ലെങ്കിൽ വേണ്ട ഞാൻ ആർ.പി.എഫ് നെ
വിളിക്കാം. അടുത്ത സ്റ്റേഷനീൽ അവർ വന്ന് കൊണ്ട് പൊയ്ക്കൊള്ളും."
ടിടിഇ ഫോൺ കൈയ്യിലെടുത്തു. അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി. അവളെ ആർ.പി.എഫ് കൊണ്ട് പോകുന്ന കാഴ്ചയോർത്തപ്പോൾ എനിക്ക് സങ്കടം തോന്നി. ടിടിഇ ക്കും സങ്കടം തോന്നിയിട്ടുണ്ടാകും കാരണം പിഴ 250 ആയി കുറയ്ക്കാൻ അദ്ദേഹം തയ്യാറായി. പക്ഷേ കൈയ്യിൽ കാശില്ലെന്ന മറുപടി അവളാവർത്തിച്ചു. ടിടിഇ വീണ്ടും കലിപ്പിലായി. അവൾക്ക് കാശ് കൊടുത്ത് സഹായിക്കണമെന്നെനിക്ക് തോന്നി. പക്ഷേ അവൾ പറയുന്നത് കള്ളമാണോ സത്യമാണോ എന്ന് കൃത്യമായി മനസിലാകാത്തതിനാലും, അവളുടെ സൌന്ദര്യത്തിൽ ആകൃഷ്ടനായി ഞാൻ സഹായിച്ചതാണെന്ന് മറ്റുള്ളവർ കരുതുമെന്ന് ഒരു ചമ്മല്‍ തോന്നിയതിനാലും ആ ഉദ്യമത്തിൽ നിന്നും ഞാൻ പിന്മിറി.
ടിടിഇ ഫോൺ എടുത്ത് ആർ.പി.എഫിനെ വിളിക്കുകയാണ്. അതിനിടയിലും അദ്ദേഹമവളെ വഴക്ക് പറയുന്നുണ്ട്. അവള്‍ കള്ളം പറഞ്ഞതാണെന്ന് ആവര്‍ത്തിക്കുന്നുണ്ട്. പക്ഷേ അത് കള്ളമാണെന്ന് ടി.ടി.ഇ എങ്ങനെയറിഞ്ഞു എന്ന് ആലോചിക്കുകയായിരുന്നു ഞാനും മറ്റുള്ളവരും. അവളുടെ കണ്ണുകളിലെ ദൈന്യത എന്‍റെ കൈകളെ പാന്‍റ്സിന്‍റെ പോക്കറ്റിലെ പേഴ്സിലെത്തിച്ചു. അപ്പോഴുണ്ട് അതുവരെ ഇതൊന്നും ശ്രദ്ധിക്കാതെ എനിക്ക് കീഴെ ഇരുന്ന
ചേട്ടൻമാരിലൊരാൾ പോക്കറ്റിൽ നിന്നും കാശെടുത്ത് അവൾക്ക് നേരെ നീട്ടി. അപ്പോഴെനിക്ക് തോന്നിയത് സന്തോഷമാണോ സന്താപമാണോയെന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ല.
അവള്‍ ആ കാശ് വാങ്ങി ടിടിഇ ക്ക് നേരെ നീട്ടി. പക്ഷേ ടിടിഇ കാശ് വാങ്ങിയില്ല. പകരം ഇത്രയും പറഞ്ഞിട്ട് സ്ലോ മോഷനിലൊരു പോക്ക്,
" കോച്ചേ നിങ്ങൾ ചെറുപ്പക്കാര്‍ ഇങ്ങനെ കള്ളംപറഞ്ഞ് ശീലിക്കരുത്. രാജ്യത്തിന്‍റെ ഭാവി നിങ്ങളുടെ
കൈകളിലാണ്. നല്ല ഒരു സമൂഹത്തിന്‍റെ ഭാഗമാകാൻ ശ്രമിക്കൂ. കള്ളം പറഞ്ഞതുകൊണ്ടാ
ഞാനിത്രേം ബുദ്ധിമുട്ടിച്ചത്. മേലിൽ കള്ളത്തരം പറയരുത്."
എല്ലാവരുടെയും മനസില്‍ ആ ചോദ്യം അലയടിച്ചെങ്കിലും ആരും അത് ചോദിച്ചില്ല.
അവള്‍ പറഞ്ഞത് കള്ളമാണെന്ന് എങ്ങനെ ടിടിഇ കണ്ടെത്തി ?
എന്നാല്‍ ഞങ്ങളുടെ മനസ് വായിച്ചിട്ടാകണം ചോദിക്കാത്ത് ആ ചോദ്യത്തിന് ടിടിഇ ഉത്തരം പറഞ്ഞു.
അവളുടെ ടിക്കറ്റ് തിരികെ കൊടുത്തിട്ടാണ് ടിടിഇ ആ രഹസ്യം പറഞ്ഞത്,
" ഈ ടിക്കറ്റ് ട്രെയിൻ വരുന്നതിനും അരമണിക്കൂർ മുന്നേ എടുത്തതാണ്. എടുത്ത സമയം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടാണ് നീ പറഞ്ഞത് ട്രെയിന്‍ വന്നപ്പോ ഓടി വന്ന് കയറിയതാണെന്ന്. .. Dont repeat ."
സേതുരാമയ്യര്‍ സി.ബി.ഐ യെ പോലെ ക്ലൈമാക്സില്‍ സസ്പെന്‍സ് വെളിപ്പെടുത്തിയിട്ടുള്ള ടിടിഇ യുടെ ആ പോക്ക് കണ്ടപ്പോൾ ശരിക്കും ഒന്ന് കൈയടിക്കാൻ തോന്നിപ്പോയി.
ആ പെൺകുട്ടി കാശ് തിരികെ ആ ചേട്ടന് കൊടുത്ത് തലകുനിച്ചിരുന്നു. കള്ളം പറഞ്ഞതിലുള്ള കുറ്റബോധം കൊണ്ടാണോ, ഞങ്ങളുടെ മുന്നിൽ കുറ്റവിചാരണ ചെയ്യപ്പെട്ടതുകോണ്ടാണോ എന്തോ?
അത് അവള്‍ക്ക് മാത്രമറിയാം .
രഞ്ജിത് വെള്ളിമണ്‍
No comments:
Post a Comment
Type your valuable comments here