December 08, 2018

മീ റ്റൂ... (Short story)

Mee too

              ചാനലുകളിലും പത്രങ്ങളിലും നിറയേ മീറ്റൂ വാർത്തകളാണ്. എത്ര പേരാണ് മീറ്റൂ അമ്പേറ്റ് താഴെ വീണത്. വാർത്തകൾ അവനെയും അസ്വസ്ഥനാക്കി... ഈയിടെയായി പതിവിലുമേറെ സമയം ട്വിറ്ററിലും ഫെയ്സ്ബുക്കിലുമവൻ ചെലവഴിച്ചു. ആരെങ്കിലും എവിടെയെങ്കിലും തന്‍റെ പേര് പറയുന്നുവോ എന്ന് ആധി പിടിച്ച് നോക്കിയിരുന്നു.

      സ്കൂളിൽ പഠിച്ച കാലത്തെ പ്രണയം ...

ഒരു പോപ്പിൻസ് വാങ്ങിക്കൊടുത്തതിന് പ്രതിഫലമായി കവിളിൽ ഒരുമ്മ ചോദിച്ച് വാങ്ങിയത് അവൾ മറന്ന് കാണണമേ എന്ന് മനമുരുകി പ്രാർത്ഥിച്ചു.

കോളേജ് കാലത്തെ പ്രണയം...

സിനിമ തീയറ്ററിലെ ഇരുളിൽ എന്‍റെ കൈകളുടെ കുസൃതികൾ അവളും ആസ്വദിച്ചിരുന്നു. അവൾ അതിന്‍റെ പേരിൽ ഒന്നും ചെയ്യില്ലെന്ന് വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും കഴിയുന്നില്ല. വേറൊരു പുളിങ്കൊമ്പ് കിട്ടിയപ്പോൾ അവൾ സ്വയം ചാടിപ്പോയതായിരുന്നല്ലോ. 

 എന്നാൽ മിസ് കോളിലൂടെ പരിചയപ്പെട്ട ആ കൊച്ചിനോട് തോന്നിയ പ്രണയമോ?

മാംസനിബദ്ധമായ ആ അനുരാഗം...
അനിർവചനീയമായ അനുഭൂതികൾ...
അതീവ രഹസ്യമായ സംഗമങ്ങൾ...

വാട്സാപ്പിലൂടെയും മെസഞ്ചറിലൂടെയും പങ്ക് വച്ച സ്വകാര്യതകൾ....
ഒന്നും വേണ്ടിയിരുന്നില്ല...

തലയിലാകും എന്ന് തോന്നിയപ്പോൾ തന്ത്രപരമായി ഒഴിവാക്കി ...
അവൾ ചതിക്കും...
മീ റ്റു വിൽ അവളെന്നെ കുടുക്കും. ആ ചിന്തയായിരുന്നു അവനെ ഏറെ അസ്വസ്ഥനാക്കിയത്.

"എന്താ ചേട്ടാ ഒത്തിരി നേരമായല്ലോ ലാപ്പ്ടോപ്പിൽ നോക്കിയിരിക്കുന്നു. എന്നെ മൈൻഡ് ചെയുന്നേയില്ലല്ലോ"

       അവളുടെ ചോദ്യം അവനെ തൽക്കാലം ചിന്തയിൽ നിന്നുണർത്തി. അസ്വസ്ഥതകൾക്കും അശാന്തിക്കും തൽക്കാലം വിട നൽകി അവൻ അവളോടൊപ്പം ഒരു പുതപ്പിനടിയിൽ സ്നേഹം പങ്ക് വച്ചു. ഇടക്കിടെ ബെല്ലടിച്ച് അസ്വസ്ഥത ഉണ്ടാക്കിയ ഫോണിനെ അയാൾ നിശബ്ദനാക്കി . 


" I am in meeting , will call you after some time" എന്ന മെസേജ് ഓട്ടോമാറ്റിക്കായി ഫോണിൽ നിന്ന് പൊയ്ക്കൊണ്ടിരുന്നു.


       സ്നേഹം പങ്കിട്ടു കഴിഞ്ഞ് അവൻ അവളുടെ നെറുകയിൽ ചുംബിച്ച് യാത്ര പറഞ്ഞു. അവളുടെ മുഖത്ത് ഒരു ഭയമോ ആശങ്കയോ ഉണ്ടായിരുന്നു.


" നീ പേടിക്കേണ്ട പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്. നിന്‍റെ ഭർത്താവിനോ, എന്‍റെ ഭാര്യക്കോ പോലും ചോദ്യം ചെയ്യാനാവില്ല. നീ ധൈര്യമായിരിക്ക് , വേണ്ടി വന്നാൽ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ നമുക്ക് പോലീസ് സഹായം അഭ്യർത്ഥിക്കാം. തരാതിരിക്കാൻ വകുപ്പില്ല."


         അവളുടെ തോളിൽ തട്ടി അവൻ യാത്രയായി. ഇന്ന് പതിവിലുമേറെത്തവണ ഭാര്യ വിളിച്ചിരുന്നു, ഒത്തിരി മെസേജുകള്‍ എപ്പോ എത്തുമെന്ന് ചോദിച്ച് . ഒരു മീറ്റിംഗിലാണ് ലേറ്റ് ആകുമെന്ന് പറഞ്ഞുവെങ്കിലും അവൾ ഇടക്കിടെ അന്വേഷിക്കുന്നുണ്ട് , എന്താ വരാൻ താമസിക്കുന്നതെന്ന്. ഒരു പ്രത്യേക കാരണമില്ലാതെ അവള്‍ അങ്ങനെ അന്വേഷിക്കാറില്ലാത്തതാണ്.  അപ്പോള്‍ ഇന്നത്തെ ദിവസത്തിന് എന്തോ പ്രത്യേകതയുണ്ട്. 


അവളുടെ ജന്മദിനമാണോ?
അതോ വിവാഹ വാർഷികമാണോ? 


ആ തീയതികളൊന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല. രണ്ടായാലും ഒരു സാരി വാങ്ങി കയ്യിൽ കരുതി. അവളുടെ മുന്നിൽ കൊച്ചാകേണ്ടല്ലോ. അവൾക്ക് സസ്പെൻസ് നൽകാൻ മുന്നറിയിപ്പില്ലാതെ കയറിച്ചെന്നു.


  ബെഡ് റൂമിൽ ഭാര്യക്കൊപ്പം തന്‍റെ കാമുകിയുടെ ഭർത്താവ് . അവളുടെ മുഖത്ത് അന്ധാളിപ്പ്, അയാളുടെ മുഖത്ത് ചമ്മൽ, 


അവന്‍റെ മുഖത്ത് എന്തെന്നറിയാത്ത ഭാവമായിരുന്നു....


അവന്‍റെ ചുണ്ടിൽ നിന്ന് അത്ര മാത്രമേ പുറത്ത് വന്നള്ളു...


                  You too...


അവൾ മനസിൽ പറഞ്ഞു കാണും


                      Me too...


                             രഞ്ജിത് വെള്ളിമൺ

No comments:

Post a Comment

Type your valuable comments here