അവളും(നും) ഞാനും (Short Story)

avalum njaanum

       റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഇടിഞ്ഞു പൊളിഞ്ഞ് കാട് കയറിയ പഴയ കെട്ടിടത്തിനു പിന്നിൽ നിന്നും അവൾ വെളിച്ചത്തേക്ക് വന്നു. അഴിഞ്ഞിഴഞ്ഞ സാരി നേരെയുടുക്കുന്നതിനായി കൈയ്യിൽ ചുരുട്ടിപ്പിടിച്ച നോട്ടുകൾ ബ്ലൗസിനുള്ളിലേക്ക്  തിരുകി വച്ചു. സാരി നേരെയാക്കി അവൾ പ്ലാറ്റ്ഫോമിലെ പൈപ്പിൽ നിന്നും വെള്ളമെടുത്ത് മുഖവും കഴുത്തും കഴുകി. പല തവണ കാർക്കിച്ചു തുപ്പി. അപ്പോൾ ആ ഇരുളിൽ നിന്നും ഒരു കാർ സ്റ്റാർട്ടായി ഓടിച്ചു പോയി....

      അവൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. അൽപ നേരം അവിടെ സിമൻറ് ബഞ്ചിലിരുന്ന അവൾ അതിലേ വന്ന ചായക്കാരന്‍റെ കയ്യിൽ നിന്നും വാങ്ങിയ ചായ ചൂടൂതിയാറ്റി കുടിക്കുന്നതിനിടയിലാണ് എന്നെ കണ്ടത്. തിരക്കിൽ നിന്ന് ഒഴിഞ്ഞ് മാറി പ്ലാറ്റ് ഫോമിലെ വിജനമായ ഭാഗത്തിരുന്ന എന്നെയവൾ പ്രതീക്ഷയോടെ നോക്കി. അവളുടെ കണ്ണുകളിലപ്പോൾ അൽപം മുൻപ് കണ്ട ക്ഷീണമില്ലായിരുന്നു, പകരം കാമം കത്തുകയായിരുന്നു.

     അവൾ എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. ഞാനും ദൃഷ്ടി മാറ്റിയില്ല. അവൾ ബ്ലൗസിനുള്ളിൽ നിന്നും പണമെടുത്ത് ഞാൻ കാൺകെ എണ്ണി നോക്കി . അൻപതിന്‍റെ അഞ്ച് നോട്ടുകൾ . വയറിൽ നിന്നും സാരിത്തലപ്പ് മാറ്റി അവൾ അരയിൽ തിരുകിയ പേഴ്സ് എടുത്ത് പണം അതിൽ വച്ചു. പക്ഷേ എനിക്ക് മുന്നിൽ അനാവൃതമായ വയർ അവൾ മറച്ചില്ല. 

എനിക്ക് പോകേണ്ട ട്രെയിൻ വന്നു പോയി. പക്ഷേ ഞാൻ കയറില്ല. പ്ലാറ്റ് ഫോം കൂടുതൽ വിജനമായി. അവൾ പതിയെ എന്‍റെയരികിൽ വന്നിരുന്നു. ഞാൻ അകലേക്ക് പോകുന്ന തീവണ്ടിയെ നോക്കിയിരുന്നു. അവളുടെ കരതലം എന്‍റെ ശരീരത്തിലൂടെ ഇഴയാൻ തുടങ്ങി. പതിയെ അവൾ ചുണ്ടുകൾ എന്‍റെ ചെവിയോട് ചേർത്തു.


"സാറ് വാ.... നമുക്കിവിടെ സെയ്ഫായ സ്ഥലമുണ്ട്. " അവൾ മൊഴിഞ്ഞു.

എന്താ നിന്‍റെ പേര്?


മറുപടിയായി അവൾ കുലുങ്ങിച്ചിരിച്ചു. "ഞാൻ മായ'' എന്നിട്ടവൾ ഉറക്കെച്ചിരിച്ചു. " മായ എന്നാൽ യാഥാർത്ഥ്യമല്ലാത്തത്. അതേ..... ഒരു പെണ്ണിന്‍റെ മനസുമായി ആൺ ശരീരത്തിൽ ജീവിക്കാനിഷ്ടമില്ലാത്തവൾ... മായ "

എന്‍റെ മുഖത്തെ നിസംഗഭാവം അവളെ തെല്ലൊന്നമ്പരപ്പിച്ചു. അവൾ തുടർന്നു.

" കസ്റ്റമറെ വഞ്ചിക്കുന്നത് ഇഷ്ടമില്ലാത്തോണ്ടാ ഉള്ള സത്യം ആദ്യമേ പറഞ്ഞത്. സാറ് വാ.... "




അവളെന്‍റെ കൈ പിടിച്ച് വലിച്ചു. ഞാൻ അനങ്ങിയില്ല. അവളത് പ്രതീക്ഷിച്ചില്ല. എങ്കിലും കടക്കണ്ണിൽ ഒളിപ്പിച്ച കള്ളച്ചിരിയോടെ അവൾ ശ്രമം തുടർന്നു. പക്ഷേ അപ്പോൾ ഞാനൽപം ബലം പ്രയോഗിച്ചു. അവളെന്‍റെ മാറത്തേക്ക് വീണു.


"സാറേ ഇവിടെ വേണ്ട ക്യാമറയൊക്കെയുണ്ട്. പോലീസ് പിടിക്കും. സാറ് നാറും, സാറ് എന്‍റെ കൂടെ വാ" 

അവൾ എണീറ്റ് മുന്നിൽ നടന്നു. പക്ഷേ ഞാനവളെ ബലമായി പിടിച്ച് അരികിലിരുത്തി.

"നിനക്കൊരു ദിവസം എന്ത് വരുമാനമുണ്ട്, ഈ മാംസ വ്യാപാരത്തിൽ " ഞാൻ ചോദിച്ചു

"സാറെന്താ വരുമാന സർട്ടിഫിക്കറ്റ് തരാൻ വന്നതാണോ? സാറിന് താങ്ങാൻ പറ്റുന്ന റേറ്റേയുള്ളൂ.. " അവൾ കളിയാക്കിച്ചിരിച്ചു.

"ചിലർ ആവശ്യം കഴിഞ്ഞാൽ തല്ലിയോടിക്കും, കൈയ്യിലുള്ളത് കൂടി പിടിച്ച് പറിക്കും, ആരോടും പരാതിപ്പെടാനുമാവില്ല" അത് പറയുമ്പോൾ ഉതിർന്ന് വന്ന കണ്ണീർമണികളെ ഞാൻ കാണും മുൻപ് തുടച്ച് കളയാനൊരു വിഫലശ്രമം നടത്തി, അവൾ ചിരിച്ചു.
 
" നീ പോരുന്നോ എന്‍റെ കൂടെ?" എന്‍റെ ആ ചോദ്യത്തിനുള്ള അവളുടെ മറുപടി നിർത്താതെയുള്ള പൊട്ടിച്ചിരിയായിരുന്നു. അവളെന്‍റെ അരികിൽ നിന്നും എണീറ്റ് അൽപമകലെ മാറി നിന്ന് ചിരിയടക്കാൻ പാടു പെടുന്നുണ്ടായിരുന്നു. ഞാൻ എണീറ്റ് അവൾക്കരികിൽ ചെന്ന് ആ ചുമലിൽ പിടിച്ചു. അവളെന്‍റെ നേർക്ക് തിരിഞ്ഞപ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.


" ഇത് സിനിമയല്ല സാറേ, ജീവിതമാണ് . സാറിനെന്നോട് തോന്നിയ സഹതാപമാണ് ഈ ചോദ്യം ചോദിപ്പിച്ചത്. ആർക്കും വേണ്ടാത്ത കോമാളിക്കൂട്ടത്തിലൊരാളാണ് ഞാൻ. സാറിന് തോന്നിയ സഹതാപം ഇവിടെ ആർക്കും തോന്നാറില്ല. കുത്തിനോവിക്കുന്ന കണ്ണുകളും നാവുകളുമാണ് ചുറ്റും ഞാൻ കണ്ടിട്ടുള്ളത്. സാറിനെ പോലൊരു മാന്യൻ എന്നോടിവിടെ നിന്ന് സംസാരിക്കുന്നത് പോലും സാദാചാരവിരുദ്ധമാണ്. സാറ് പൊയ്ക്കോ "

കണ്ണ് തുടച്ച് അത്രയും പറഞ്ഞവൾ പിൻതിരിഞ്ഞ് നടന്നു.

ഞാൻ പിന്നാലെ ചെന്ന് അവളുടെ വഴിമുടക്കി നിന്നു.
 

" നീയാരാണെന്നറിഞ്ഞ് കൊണ്ട്, നിന്‍റെ പരിമിതികൾ അറിഞ്ഞു കൊണ്ടാണ് ഞാൻ നിന്നെ ക്ഷണിച്ചത് , നല്ലൊരു ജീവിതത്തിലേക്ക്, നീയെന്‍റെ കൂടെ വന്നേ മതിയാകു... സമൂഹത്തിന്‍റെ അഴുക്കുചാലിൽ കിടക്കേണ്ടവളല്ല നീ... നീയും ഈ ഭൂമിയുടെ അവകാശിയാണ് "


എന്‍റെ ഉറച്ച വാക്കുകൾക്ക് മുന്നിൽ അവൾ പതറി...

"സാർ ആരാണ്?"
 

മറുപടിയായി ഞാൻ പുതുതായി നേടിയെടുത്ത ആധാർ കാർഡ് അവളെ കാണിച്ചു.


Name  : Bhadra
sex       : Transgender


" നമ്മെപ്പോലെയുള്ള കുറേയധികം പേർ ചേർന്ന് രൂപം നൽകിയ ഒരു സ്ഥാപനമുണ്ട്. ഉപയോഗ ശൂന്യമായ വസ്തുക്കളിൽ നിന്നും കരകൗശല വസ്തുക്കളും, ഫാൻസി സാധനങ്ങളും ഉണ്ടാക്കി വിൽക്കുന്ന ഒരു സ്വയം തൊഴിൽ യൂണിറ്റ്, അവിടേക്ക് ഞാൻ നിന്നെ കൂട്ടിക്കൊണ്ട് പോകും.  അവിടേക്ക് മാത്രമല്ല ഈ പെൺശരീരത്തിൽ ജീവിക്കുന്ന ആണിന് കൂട്ടായി എന്‍റെ ജീവിതത്തിലേക്കും "



അവൾ എന്‍റെ കഥ ചോദിച്ചില്ല, കാരണം ഞങ്ങൾക്കെല്ലാം പറയാനുള്ള കഥകളെല്ലാം സമാനമാണ്. സ്വന്തം ശരീരവും മനസും മുന്നിൽ നീണ്ട് കിടക്കുന്ന തീവണ്ടി പാളം പോലെ ഒരിക്കലും ചേരാത്ത രണ്ടറ്റങ്ങളിലായതിനാൽ താളം തെറ്റിയ കൗമാരവും യൗവ്വനവും. പരിഹാസശരങ്ങളെയ്യുന്ന നാട്ടുകാർ, അവർക്ക് മുന്നിൽ അപഹാസ്യരാവുന്ന വീട്ടുകാർ. ഒടുവിൽ വീട്ടുകാർക്ക് അപമാനമായി, ഭാരമായി സ്വയം പലായനം ചെയ്യേണ്ടി വന്നവർ, തുറിച്ചു നോട്ടങ്ങളും, തൊട്ട് നോട്ടങ്ങളും അറപ്പും വെറുപ്പും സമ്മാനിച്ച പൊതു ഇടങ്ങൾ, ഒറ്റപ്പെടുത്തലിന്‍റെ വേദന.  എല്ലാം ഞങ്ങളുടെ അനുഭവസാക്ഷ്യങ്ങൾ.


ഒന്നും വിശദീകരിക്കാൻ നിൽക്കാതെ അവളുടെ  കൈ പിടിച്ച് ഞാൻ മുന്നിൽ നടന്നു, എതിർപ്പേതുമില്ലാതെ അവൾ പിന്നാലെയും .....


രഞ്ജിത് വെള്ളിമൺ


Renjith Vellimon

Post a Comment

Type your valuable comments here

Previous Post Next Post