ഗംഗയുടെ തീരത്തെ കൽമണ്ഡപത്തിൽ രഘുരാമൻ ഈ ഇരുപ്പ് തുടങ്ങിയിട്ട് കുറച്ചധികം മണിക്കൂറുകളായിരിക്കുന്നു . സൂര്യൻ ചന്ദ്രന് വഴിമാറിക്കൊടുത്തു കഴിഞ്ഞു. നേരമിത്രയായിട്ടും വിശപ്പും ദാഹവും അലട്ടുന്നുണ്ടായിരുന്നില്ല. അല്ലെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അങ്ങനെയാണ്, ഈ യാത്ര തുടങ്ങിയത് മുതൽ വിശപ്പും ദാഹവും രാമന് അന്യമായിത്തീർന്നിരുന്നു.
"ഇനി ഒരു മടങ്ങിവരവില്ല, അന്വേഷിച്ചിറങ്ങരുത് " എന്ന് മാത്രം എഴുതി മുഖം നോക്കുന്ന കണ്ണാടിയിൽ ഒട്ടിച്ചു വച്ചാണിറങ്ങിയത്. ഒരു ആവേശത്തിൽ ചാടിക്കയറി എടുത്ത തീരുമാനമായിരുന്നില്ല അത് , ശരിക്കും ചിന്തിച്ചുറപ്പിച്ചെടുത്തതായിരുന്നു. ക്ഷമയുടെ നെല്ലിപ്പലക കണ്ട് കഴിഞ്ഞിരുന്നു. ആവർത്തിച്ചാവർത്തിച്ചുള്ള താക്കീതുകൾ , ക്ഷമാപണങ്ങൾ . ഇനിയും തുടരാൻ കഴിയില്ലായിരുന്നു. ഒത്തുതീര്‍പ്പുകള്‍ മടുത്തു, തല്ലി കീഴ്പ്പെടുത്താൻ താല്പര്യവുമില്ല. പിന്നെയുള്ളത് പരാജയം സമ്മതിച്ചുള്ള കീഴടങ്ങലാണ്. പരാജിതനായുള്ള പലായനമാണ് .
ഒരു പ്രണയ വിവാഹത്തിന്‍റെ ദുരന്തപൂർണമായ പര്യവസാനം.
എന്താണ് പ്രശ്നം എന്ന് ചോദിച്ചാൽ പറയാനുള്ള കാരണങ്ങളൊക്കെ മറ്റുള്ളവർക്ക് തീരെ ലളിതമാണ് എന്നതാണ് രാമനെയേറെ മാനസിക സംഘർഷത്തിലാക്കിയത്. തന്നിഷ്ടപ്രകാരം അന്യജാതിക്കാരിയെ കൂടെ കൂട്ടിയതല്ലേ , അനുഭവിച്ചോ എന്ന് കുടുംബക്കാര്‍. ശരിയാണ്, തീരുമാനം രാമന്‍റേത് മാത്രമായിരുന്നല്ലോ, അപ്പോഴതിന്‍റെ ഗുണദോഷസമ്മിശ്രങ്ങൾ താൻ തന്നെ അനുഭവിക്കണമല്ലോ . കൃഷ്ണനും ക്രിസ്തുവും രാമന്‍റെ പ്രശ്നത്തിന് നേരേ മുഖം തിരിച്ചു കളഞ്ഞു.
ആരോടും പരാതിയില്ല, പരിഭവവുമില്ല, ഇനിയുള്ള നാളുകൾ തനിച്ചാണ് . ഇനിയെത്ര ദൂരം പോകുമെന്നോ, എങ്ങനെ പോകുമെന്നോ അറിയില്ല. ഏതെങ്കിലും ലക്ഷ്യസ്ഥാനം മനസിൽ കുറിച്ചല്ല ഇറങ്ങിയതും. കാലുകളേക്കാൾ വേഗത്തിൽ തളരുന്ന മനസാണ് ഇപ്പോൾ രാമന്‍റെ ഏറ്റവും വലിയ ദൗർബല്യം.
സമ്പാദിച്ചതൊന്നും എടുക്കാതെയാണിറങ്ങിയത്, ഉടുത്തിരുന്ന വേഷത്തിൽ. കയ്യിലാകെ ഉണ്ടായിരുന്നത് ഉടുപ്പി വരെയുള്ള ട്രെയിൻ റിസർവേഷൻ ടിക്കറ്റായിരുന്നു. വളരെ മുൻപ് തീരുമാനിച്ചൊരു മൂകാംബിക യാത്രക്കായി ബുക്ക് ചെയ്തത്. മൂകാംബിക ദർശനവും കഴിഞ്ഞ്, പേഴ്സിൽ അവശേഷിച്ച ചില്ലറത്തുട്ടുകൾ ഭണ്ഡാരത്തിൽ നിക്ഷേപിച്ച്, രാമനെന്ന വ്യക്തിയുടെ തിരിച്ചറിയൽ രേഖകൾ എല്ലാമടങ്ങിയ പേഴ്സ് സൗപർണികയ്ക്ക് സമ്മാനിച്ച് യാത്ര തുടങ്ങി. എന്തിനെന്നറിയാതെ... ഒന്നു മാത്രം പേഴ്സിൽ നിന്നുമെടുത്ത് യാന്ത്രികമായി പോക്കറ്റിൽ സൂക്ഷിച്ചു.
ഇപ്പോഴെത്ര ദിവസങ്ങൾ കഴിഞ്ഞുവെന്നറിയില്ല, ഇന്നേതാണ് തീയതിയെന്നറിയില്ല. വിശക്കുമ്പോൾ ഭിക്ഷ യാചിച്ച് അന്നം കണ്ടെത്താൻ ഇതൊന്നും അറിയേണ്ടതില്ലല്ലോ. ദാഹമകറ്റാൻ പുഴയിലും, തോട്ടിലും പൈപ്പിലും വെള്ളമുണ്ടല്ലോ. ഒരിക്കലും താടി വളർത്താൻ ഇഷ്ടമില്ലാതിരുന്ന രാമന്‍റെ താടിയിപ്പോൾ പൊക്കിളിനെ മറയ്ക്കുന്നു.
അപ്പോഴും അരയിൽ ചെറിയൊരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ആ ഫോട്ടൊയുണ്ടായിരുന്നു. സൌപര്‍ണ്ണികയിലുപേക്ഷിച്ച പേഴ്സില്‍ നിന്നും എടുത്ത് സൂക്ഷിച്ച ഒരേയൊരു സംഗതി. വേണ്ട , തന്‍റെ ഭൂതകാലം അടയാളപ്പെടുത്തുന്ന ഒന്നുമിനി വേണ്ട. ആ ഓർമ്മകളെയും ഗംഗ ഏറ്റു വാങ്ങട്ടെ .
പതിയെ കൽപടവുകളിറങ്ങി, ഗംഗയിലേക്ക്. അരയിൽ തിരുകിയ പ്ലാസ്റ്റിക് പൊതിയിൽ നിന്നും ആ ഫോട്ടോ കയ്യിലെടുത്തു. അതിലേക്കൊന്ന് നോക്കുക പോലും ചെയ്യാതെ ഗംഗയുടെ ഒഴുക്കിലേക്ക് വിട്ടു കൊടുത്തു. നദിയിലൊന്നു മുങ്ങി നിവർന്നത് ആ ഓർമ്മകളെ കൂടെ നിമഞ്ജനം ചെയ്യാനാണോ, നിയന്ത്രിക്കാനാവാതെ കൺതടങ്ങൾ കവിഞ്ഞ് പോയ സങ്കടത്തെ മറയ്ക്കാനാണോ എന്ന് പറയാനറിയില്ല.
പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അവളെ ആദ്യമായി കണ്ടത് . എട്ടാം ക്ലാസുകാരിയായെത്തിയ തിളങ്ങുന കുസൃതിക്കണ്ണുകളുള്ള, കൈയിൽ മൈലാഞ്ചിയണിഞ്ഞ മൊഞ്ചത്തിക്കുട്ടി. അഞ്ച് വർഷങ്ങൾക്ക് ശേഷം ആ കുസൃതിക്കണ്ണുകൾ കോളേജിന്‍റെ ഇടനാഴിയിൽ രാമൻ കണ്ടു. കലോൽസവത്തിന്‍റെ നാളുകളിൽ അവളാദ്യമായി ഒരാവശ്യവുമായി അരികെ വന്നു . മറ്റൊന്നുമല്ല അവൾക്ക് രാമനോട് കുറച്ച് സംസാരിക്കണം.
തിരക്കിൽ നിന്നും മാറി വാകമരച്ചോട്ടിൽ രാമനവൾക്കായി കാത്തു നിന്നു.
അവൾക്ക് രാമനോട് പ്രണയമായിരുന്നുവെന്ന്, ഇന്നും ഇന്നലെയും തുടങ്ങിയതല്ല, എട്ടാം ക്ലാസിലെത്തി ആദ്യമായി കണ്ടനാൾ മുതൽ. താനവളോട് മിണ്ടണമെന്നും, അരികിൽ ചെല്ലണമെന്നുമൊക്കെ ഒത്തിരി ആഗ്രഹിച്ചിരുന്നുവത്രേ. തന്‍റെ ശ്രദ്ധയാകർഷിക്കാനുള്ള അവളുടെ ശ്രമങ്ങളെയൊന്നും താൻ ഗൗനിക്കാതിരുന്നതിൽ മനം നൊന്ത് ഒത്തിരി കണ്ണീരൊഴുക്കിയെന്ന് കേട്ടപ്പോള്‍ രാമന് അതിശയം തോന്നി. അവളെപ്പോലൊരു മൊഞ്ചത്തിക്കുട്ടിയെ ആരായാലും ആഗ്രഹിക്കും, പക്ഷേ താനിതൊന്നും തിരിച്ചറിഞ്ഞില്ലല്ലോ. അന്നാദ്യമായി വൺവേ ട്രാക്കിലോടിയിരുന്ന ആ പ്രണയം എക്സ്പ്രസ് വേയിലൂടെ ഇരുവശത്തേക്കും ചീറിപ്പായാൻ തുടങ്ങി. കാമ്പസിലെ കാറ്റിലും, വെയിലിലും, മഴയിലും പ്രണയം നിറഞ്ഞുനിന്നു.
പക്ഷേ സന്തോഷത്തിന്‍റെ ദിനങ്ങൾക്ക് ആയുസധികമില്ലായിരുന്നു. അവരെ വേർതിരിച്ചിരുന്ന മതം മദം പൂണ്ടു. ആ മദപ്പാടിൽ പ്രണയം ചവിട്ടിമെതിക്കപ്പെട്ടു. അവൾ പതിനെട്ട് തികഞ്ഞ നാളിൽ മറ്റൊരുവന്‍റെ ഭാര്യയായി. കണ്ണീരിൽ കുതിർന്ന തലയിണ മാത്രം രാമന്‍റെ വേദനക്ക് സാക്ഷിയായി.
ഓർമ്മകളെ കാലം മറച്ചു. മറ്റൊരു പ്രണയം വിവാഹത്തിലവസാനിച്ചു. രണ്ട് മക്കളും ഭാര്യയുമായി ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ നെട്ടോട്ടമോടിയ കാലത്ത് ബാഗ്ലൂര്‍ സിറ്റിയിലെ തിരക്കിനിടയില്‍ വീണ്ടും ആ കുസൃതിക്കണ്ണുകൾ ഞാൻ കണ്ടു. അവയ്ക്കൽപം തിളക്കം കുറഞ്ഞിരുന്നു. അവൾക്ക് പറയാനുണ്ടായിരുന്നത് നിറമില്ലാത്ത ദാമ്പത്യ ജീവിത കഥകളായിരുന്നു. എനിക്ക് പൊരുത്തക്കേടുകളുടെ ദാമ്പത്യ കഥകളും.
നിത്യേനയുള്ള കണ്ടുമുട്ടൽ ഔദ്യോഗിക ജീവിതത്തിലെ അനിവാര്യതയായപ്പോൾ മനസ് കലാലയ മുറ്റത്തെ വാകമരച്ചോട്ടിലെത്തി. രണ്ട് കുടുംബങ്ങളുടെ ഭാരം ഞങ്ങളെ ആദ്യ മൽപം അകലത്തിൽ നിർത്തി. പക്ഷേ അവളുടെ വേദനകൾ ശമിപ്പിക്കാൻ എന്‍റെ കരവലയത്തിലെ തണുപ്പ് അനിവാര്യമായി മാറി. അതിനുമപ്പുറത്തേക്കുള്ള പ്രലോഭനങ്ങളെ ഇരുവരും പണിപ്പെട്ട് നിയന്ത്രിച്ചു. ബംഗലൂരുവിന്‍റെ ഉദ്യാനങ്ങളില്‍ അവരുടെ പ്രണയം വീണ്ടും പൂവിട്ടു.
രാമന്‍റെ കണ്ണുകൾക്ക് വല്ലാത്തൊരു ആകർഷണീയത ഉണ്ടെന്ന് പറഞ്ഞ ഒരേയൊരാൾ അവളായിരുന്നു. രാമനേറെ പ്രിയപ്പെട്ട കൂട്ടുകാരി... ശരിക്കും അവർ പ്രണയം ആലോഷിക്കുകയായിരുന്നു. നഷ്ടസ്വപ്നങ്ങൾ തിരിച്ച് പിടിക്കുകയായിരുന്നു.
അവരുടെ സന്തോഷങ്ങളിലേക്ക് ചുറ്റുമുള്ളവർ സംശയദൃഷ്ടിയോടെ എത്തി നോക്കാൻ തുടങ്ങിയപ്പോൾ, അതിലെ ആപത്ത് അവളെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു. പക്ഷേ അവൾ അതിനോട് വളരെ അബ്നോർമൽ ആയാണ് പ്രതികരിച്ചത്. അവൾക്ക് തന്നെ ഒഴിവാക്കാനാവില്ലായിരുന്നു. തങ്ങളുടെ പ്രണയത്തെ ചവിട്ടിമെതിച്ച മദം ജീവിതമപ്പാടെ കശക്കിയെറിയുമെന്ന ഭയം രാമനെ വേട്ടയാടി. അവളെയോർത്തായിരുന്നു രാമന്‍റെ ആധിയത്രയും. വിവാഹമോചനം അനായാസമായ അവളുടെ മതവും , ഇനിയവളെ സ്വീകരിക്കാന്‍ തനിക്ക് കഴിയില്ലെന്ന തിരിച്ചറിവും രാമന്‍റെ രാത്രികളെ നിദ്രാവിഹീനങ്ങളാക്കി.
അവളെ ആപത്തില്‍ നിന്നും രക്ഷിക്കാൻ ഒറ്റ വഴിയേ രാമന്‍റെ മുന്നില്‍ ഉണ്ടായിരുന്നുള്ളു. തന്നെ അവളിൽ നിന്നും അകറ്റുക, തന്‍റെയും അവളുടെയും കുടുംബത്തിനു വേണ്ടി. രാമന്‍റെ ആസൂത്രണം കുറ്റമറ്റതായിരുന്നു. അവൾക്കിഷ്ടമില്ലാത്തത് മാത്രം ചെയ്ത് രാമനവളുടെ വെറുപ്പ് സമ്പാദിച്ചു. പതിയെ പതിയെ അവൾ അകന്നു പോയി, അകലേക്ക് ...... നിർബന്ധപൂർവ്വം രാമന്‍റെ കൈയ്യിൽ നിന്നും വാങ്ങിയ ഫോട്ടൊയും വലിച്ചെറിഞ്ഞ് .
നേടിയതൊന്നും നിലനിര്‍ത്താന്‍ രാമന് കഴിഞ്ഞില്ല. ആഗ്രഹിച്ചതൊന്നും സ്വന്തമാക്കാനും രാമനായില്ല. കുറേയേറെ നഷ്ട സ്വപ്നങ്ങള്‍.
പളുങ്ക് പാത്രം പോലെ സംരക്ഷിച്ച തന്‍റെ ദാമ്പത്യം ദിവസങ്ങൾക്ക് മുന്നേ ഉപേക്ഷിച്ചു. ഇന്ന് ഗംഗയിൽ കുറച്ചോർമ്മകളും. നെറുകയിൽ നിന്നും ഒഴുകിയിറങ്ങിയ ഗംഗാജലത്തിൽ കണ്ണീരുപ്പു കലർന്നു.....
ഇനിയെന്ത് ?
ഇനിയൊന്നുമില്ല , ഒന്നും നേടാനുമില്ല........ രാമന്‍ മുന്നിലേക്ക് നടന്നു... ഗംഗയുടെ ആഴങ്ങളിലേക്ക്, മോക്ഷം തേടി, അജ്ഞാതനായി .......
രഞ്ജിത് വെള്ളിമൺ
Tags
Short Story