മേൽപ്പാലം (Short Story)

melpalam
      ഏറെ നാളായുള്ള വാദപ്രതിവാദ ങ്ങൾക്കും തർക്കത്തിനും ശേഷം കഴിഞ്ഞ ദിവസമാണ് അയാൾ ഇത് തീരുമാനിച്ചത്.

 തനിക്കൊപ്പം കിടക്ക പങ്കിടുമ്പോഴും ഭാര്യയുടെ മനസ് മറ്റൊരാളിനൊപ്പമാണെന്ന സംശയം ഒരു തീക്കനലായി മനസിൽ വീണത് ഒരു മാസം മുൻപാണ്, യാദൃശ്ചികമായി കേട്ട ഭാര്യയുടെ ഫോൺ സംഭാഷണമാണ് അങ്ങനെയൊരു ജാരനെ സംബന്ധിച്ച ആദ്യ സൂചന നൽകിയത് . അതേക്കുറിച്ച് ചോദിച്ചപ്പോഴുള്ള അവളുടെ പരുങ്ങലും, സംസാരത്തിലെ തപ്പിത്തടയലും ആ സംശയത്തെ ദൃഢമാക്കി. വഞ്ചിക്കപ്പെട്ടുവെന്ന ചിന്ത അയാളുടെ മനസിനെ കീറി മുറിച്ചു.

 അതേ ചൊല്ലിയുള്ള ചോദ്യങ്ങൾ തർക്കങ്ങളായി, തർക്കങ്ങൾ കയ്യാങ്കളിയായി, പൊട്ടിക്കരച്ചിലും ഒച്ചപ്പാടുകളും ഗൃഹാന്തരീക്ഷത്തെ സദാ കലുഷിതമാക്കിക്കൊണ്ടിരുന്നു. ഇനിയും വഞ്ചകിയായ ഒരു ഭാര്യയെ കൂടെപ്പൊറുപ്പിക്കാനാവില്ലെന്ന് അയാൾ തീരുമാനിച്ചുറപ്പിച്ചു. ഭാര്യയെ അവളുടെ വീട്ടിൽ കൊണ്ടാക്കാനാണ് അയാൾ ജനശതാബ്ദിയിൽ രണ്ട് ടിക്കറ്റും ബുക്ക് ചെയ്ത് അതിരാവിലെ അവളുമായി ഇറങ്ങിയത്.

  ട്രെയിൻ കുതിച്ച് പായുകയാണ്. തനിക്കരികിൽ അപരിചതനെപ്പോലെയിരിക്കുന്ന ഭർത്താവിനെ അവളും മൈൻഡ് ചെയ്തില്ല. പിന്നിലേക്കോടി മറയുന്ന ജനാലയിലെ പുറം കാഴ്ചകളിലായിരുന്നു അവൾ ദൃഷ്ടിയൂന്നിയിരുന്നതെങ്കിലും , മനസ് മറ്റൊരിടത്തായിരുന്നു. 

               ഒരു സാധാരണ വീട്ടമ്മയായിരുന്ന തൻറെ  ജീവിതം എത്ര വേഗമാണ് മാറി മറിഞ്ഞത്. കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും അത്ര സന്തുഷ്ടമൊന്നുമല്ലായിരുന്നു ദാമ്പത്യ ജീവിതം. ഒരു അഡ്ജസ്റ്റ്മെൻറിൽ അങ്ങ് കഴിഞ്ഞു കൂടി പോവുകയായിരുന്നു. അല്ല എല്ലാവരുടെയും ജീവിതം ഒരു അഡ്ജസ്റ്റ്മെൻറാണല്ലോ. എന്നാൽ എല്ലാം മാറ്റിമറിച്ച്, ജീവിതം തകർത്തത്, അവിചാരിതമായി കടന്ന് വന്ന ഒരതിഥി ആയിരുന്നു. ഭർത്താവിന് ഏതോ സമ്മാന കൂപ്പണിൻറെ ലക്കി ഡ്രോയിൽ ലഭിച്ച സമാർട്ട് ഫോൺ .

    എന്ത് സ്നേഹത്തോടെയാണ് അദ്ദേഹം അതെനിക്ക് സമ്മാനിച്ചത്. വാട്സ്ആപ്പിലും ഫെയ്സ് ബുക്കിലും ഉടൻ തന്നെ അക്കൗണ്ട് എടുത്തു. സ്കൂളിലെയും കോളേജിലെയും നാട്ടിലെയും കുടുംബത്തിലെയും നിരവധി അനവധി ഗ്രൂപ്പുകളിൽ ആഡ് ചെയ്യപ്പെട്ടു. ഫോണിൽ മെസേജുകൾ നിറഞ്ഞു. തൻറെ സൗഹൃദക്കൂട്ടങ്ങളും ബന്ധങ്ങളും കണ്ടമ്പരന്ന ഭർത്താവ് ആദ്യ കാലങ്ങളിൽ നോട്ടിഫിക്കേഷൻ ടോൺ കേൾക്കുമ്പോൾ അഭിമാനത്തോടെ ഫോൺ എടുത്ത് എനിക്ക് കൊണ്ട് തരുമായിരുന്നു. എന്നാൽ പിന്നീടെപ്പോഴോ അദ്ദേഹത്തിന് ആ ശബ്ദം കേട്ടാൽ കലിയിളകുവാൻ തുടങ്ങി. രാവേറെ നീളുന്ന സൌഹൃദക്കൂട്ടങ്ങളിലെ ചാറ്റിംഗുകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ തനിക്കും കഴിഞ്ഞില്ല, അത് ഭർത്താവിനെ അസ്വസ്ഥനാക്കുന്നുവെന്നറിഞ്ഞിട്ടും.

              താൻ അദ്ദേഹത്തെ വഞ്ചിക്കുകയാണെന്നും, അർദ്ധരാത്രിയിൽ ഏതോ കാമുകനുമായി ചാറ്റ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ പൊട്ടിത്തെറിക്കുകയാണുണ്ടായത്. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് പൊട്ടിത്തെറി പതിവ് സംഭവമായി മാറി. കൂടുതലും പൊട്ടിത്തെറിച്ചത് അദ്ദേഹമായിരുന്നുവെന്ന് മാത്രം. ആ പൊട്ടിത്തെറിയിൽ അടുക്കളയിലെ പാത്രങ്ങളും ഇലക്ട്രിക്ക് ഉപകരണങ്ങളുമൊക്കെ തകരാറിലാവുകയും ചെയ്തു. പലതും എറിഞ്ഞുടച്ചപ്പോഴും ഞാൻ ഫോൺ ഭദ്രമായി സൂക്ഷിച്ചിരുന്നു.  ആവർത്തിച്ചുള്ള അദ്ദേഹത്തിൻറെ കുറ്റപ്പെടുത്തലുകൾ അസഹനീയമായപ്പോഴല്ലേ ഞാൻ  ഒരാശ്വാസമെന്ന നിലയിൽ ഫെയ്സ്ബുക്കിലെ ചിലരുമായി ചങ്ങാത്തം കൂടിയത്. അതൊരു തെറ്റാണോ? എൻറെ സ്നേഹവും നിഷ്കളങ്കതയും തിരിച്ചറിഞ്ഞ ഒരാൾ, എൻറെ ദുഖങ്ങളിൽ ആശ്വസിപ്പിച്ചും, സുഖങ്ങളിൽ ആനന്ദിച്ചും ഒപ്പം കൂടി. ആ ചങ്ങാത്തം പതിയെ പ്രണയമായത് എപ്പോഴാണെന്ന് അറിയില്ല. മറ്റാരെക്കാളും എന്തിനേക്കാളും എനിക്ക് സ്നേഹിക്കാവുന്ന ആശ്രയിക്കാവുന്ന ഒരാളാണ് അദ്ദേഹമെന്ന ചിന്ത മനസിന് വല്ലാത്തൊരു ആത്മവിശ്വാസം പകർന്ന് തന്നു. ഞാനെന്തിന് മൂക്കത്ത് ദേഷ്യവുമായി നടക്കുന്ന, എനിക്ക് വലിയ വിലകല്പിക്കാത്ത ഈ ഭർത്താവിൻറെ അടിമയായി ഈ ജീവിതം മുഴുവൻ തള്ളി നീക്കണം. പകരം എൻറെ പ്രാണപ്രിയൻറെയൊപ്പം പോയി ജീവിതം അടിച്ചുപൊളിച്ചൂടെ. ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത, ഫോണിലൂടെ മാത്രം പരിചയമുള്ള അദ്ദേഹം ഇന്ന് വരും. ഞങ്ങൾ നേരിൽ കാണും, അദ്ദേഹം ഇന്നെന്നെ കൂട്ടിക്കൊണ്ടുപോകും. ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തുമ്പോൾ, ഞാൻ സ്വതന്ത്രയാകും ഈ ഭർത്താവിൽ നിന്നും.

              അവൾ ദീർഘനിശ്വാസമെടുത്തു. അരികിലിരിക്കുന്ന ഭർത്താവിനറിയാമായിരുന്നു, തൻറെ ഭാര്യ പുറം കാഴ്ചകൾ കാണുകയല്ല, പകൽക്കിനാവ് കാണുകയാണെന്ന്. ആ കിനാവിലെ നായകൻ ആ ജാരനാണെന്ന ചിന്ത അയാളുടെ ദേഷ്യം ആളിക്കത്തിച്ചു. അയാൾ അവളോട് കയർത്ത് സംസാരിച്ചു. . ശബ്ദം കുറച്ചാണ് അയാളവളോട് തട്ടിക്കയറിയതെങ്കിലും, അത് മറ്റ് യാത്രക്കാർ ശ്രദ്ധിക്കുവാൻ തുടങ്ങി. ഭർത്താവ് പതിയെ എണീറ്റ് ട്രെയിനിൻറെ വാതിൽക്കൽ പോയി നിന്നു. തുടക്കം മുതൽ അവരെ ശ്രദ്ധിച്ചിരുന്ന അപരിചിതനായ ഒരു ചെറുപ്പക്കാരൻ ഭർത്താവിൻറെ അരികിലേക്ക് ചെന്നു.   വഴക്കടിക്കാൻ ഇത് നിങ്ങടെ വീടൊന്നുമല്ല ട്രെയിനാണ് എന്നയാൾ പറയാതെ പറഞ്ഞതായി ഭർത്താവിന് തോന്നി. കുറച്ച് നേരം ആരുമൊന്നും മിണ്ടിയില്ല. പിന്നീട് ആ നിശബ്ദത ഭേദിച്ചത് ഭർത്താവ് തന്നെയായിരുന്നു. ഭർത്താവ് ആ ചെറുപ്പക്കാരനെ പരിചയപ്പെട്ടു.

          സംസാരിച്ച് തുടങ്ങിയപ്പോൾ, ആ ചെറുപ്പക്കാരന് തോന്നിയത്, സ്മാർട്ട് ഫോണും തകരുന്ന ദാമ്പത്യവും എന്ന വിഷയത്തിൽ ഭർത്താവ് ക്ലാസ് എടുക്കുകയാണെന്നാണ്. എന്ത് വിഷയം സംസാരിച്ചാലും കറങ്ങിത്തിരിഞ്ഞ് ഈ സബ്ജക്റ്റിൽ എത്തുമായിരുന്നു. അയാളഉടെ ഉള്ളിൽ വേദനിക്കുന്ന ഒരു ഭർത്താവുണ്ടെന്ന് ആ ചെറുപ്പക്കാരന് തിരിച്ചറിഞ്ഞു. തൻറെ തകർന്ന ജീവിത കഥ ആരോടെങ്കിലുമൊക്കെ പറയുമ്പോൾ ആ ഭർത്താവിനും തെല്ലൊരാശ്വാസം കിട്ടുമായിരുന്നു. അങ്ങനെ ഭർത്താവ് തൻറെ വിഷമങ്ങൾ ആ ചെറുപ്പക്കാരനുമായി പങ്കുവച്ചു.

                     തനിക്ക് ഭാര്യയേക്കാള്‍ അൽപം വിദ്യാഭ്യാസം കുറവായിരുന്നു എന്നതൊഴിച്ചാൽ മറ്റൊരു കുറവുമില്ല. ഭാര്യയെ പൊന്നുപോലെ ഇക്കാലമത്രയും നോക്കി. അവൾക്ക് വേണ്ടതെല്ലാം വാങ്ങിക്കൊടുത്തു. മദ്യപിക്കാതെ പുകവലിക്കാതെ ജോലി ചെയ്ത് കിട്ടുന്ന കാശെല്ലാം കുടുംബത്തിനായി സമ്പാദിച്ചു. ഒരു നല്ല വീട് വച്ചു. അങ്ങനെ സുഖസുന്ദരാമായ ജീവിതം. അതിനിടയിലേക്ക് ഫോൺ വില്ലനായി കടന്നു വന്നു. അതിന് ശേഷം ഭാര്യക്ക് തൻറെ കാര്യങ്ങൾ നോക്കാൻ സമയമില്ല, സദാസമയവും ഫോണിലാണ്. അർദ്ധരാത്രിയിൽ പുതപ്പിനടിയിൽ തെളിയുന്ന മൊബൈലിൻറെ വെളിച്ചം ആരും കാണില്ലെന്നാ അവളുടെ വിചാരം. ഏതൊ ഒരുത്തനുമായി അവള് ശൃങ്കരിക്കുകയാണെന്ന് എനിക്കുറപ്പായിരുന്നു. അത് ഞാൻ കൈയ്യോടെ പിടിച്ചു. എന്നെ വഞ്ചിച്ച അവളെ ഇനി കൂടെ നിർത്താനെനിക്കാവില്ല. അവൾക്കിപ്പോഴതിന് താല്പര്യവുമില്ല. അത് കൊണ്ട് ഞങ്ങൾ പിരിയുകയാണ്. ഞാനവളെ അവളുടെ വീട്ടിൽ കൊണ്ടാക്കുകയാണ്. അതിനാണീ യാത്ര.

                 ഭർത്താവിൻറെ കഥ മുഴുവനും കേട്ട ചെറുപ്പക്കാരൻ അല്പനേരം മൌനമായിരുന്നു. അതിന് ശേഷം അയാൾ ചോദിച്ചു.
"നിങ്ങളുടെ ഭാര്യക്ക് അങ്ങനെയൊരു കാമുകനുണ്ടെന്നും, അയാളെ അവർ നിങ്ങളേക്കാളേറെ സ്നേഹിക്കുന്നുണ്ടെന്നും ഉള്ളത് നിങ്ങളുടെ വെറും സംശയമാണോ, അതോ വാസ്തവമാണോ?"

" നൂറ് ശതമാനം സത്യമാണത്. അതെനിക്ക് ബോദ്ധ്യപ്പെട്ടതുമാണ്. അവന് വേണ്ടി മരിക്കാൻ വരെ അവളൊരുക്കമാണ്. ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത അയാൾക്കിന് എന്ത് കുറ്റവും കുറവും ഉണ്ടെങ്കിൽ പോലും അവൾ സ്വീകരിക്കുവാൻ തയ്യാറായി നിൽക്കുവാണ്. " ഭർത്താവിൻറെ അത്ര വേഗത്തിലുള്ള മറുപടി അയാൾ പ്രതീക്ഷിച്ചിരുന്നില്ല. 

നിങ്ങളുടെ ഭാര്യ ഇങ്ങനെ മറ്റൊരുവനെ നെഞ്ചിൽ കൊണ്ടു നടക്കുകയാണെന്നറിഞ്ഞാൽ നിങ്ങളെന്ത് ചെയ്യും. എല്ലാം മറന്നും പൊറുത്തും അവളെ കൂടെ നിർത്തുമോ? അതോ ഉപേക്ഷിക്കുമോ?
ഭർത്താവ് അയാൾക്ക് നേരേ ചോദ്യമെയ്തു.

"ഞാൻ വിവാഹിതനല്ല. വിവാഹം കഴിക്കണമെന്നുണ്ട്. ഇനി ഞാൻ വിവാഹം കഴിക്കുന്ന പെണ്ണ് ഇങ്ങനെ മറ്റൊരുവൻറെ കൂടെ പോകാൻ റെഡിയായി നിന്നാൽ , പുകഞ്ഞ കൊള്ളി പുറത്ത്, എന്നങ്ങ് കരുതും. അവളെ ഡൈവേഴ്സ് ചെയ്തിട്ട് അന്തസ്സായി വെറെ പെണ്ണിനെ കെട്ടി സുഖമായി ജീവിക്കും, അത്ര തന്നെ."

ചെറുപ്പക്കാരൻറെ ആ മറുപടി ഭർത്താവിന് വലിയ ആശ്വാസം നൽകി. കാരണം ഭാര്യയെ ഉപേക്ഷിക്കാനുള്ള തീരുമാനം പറഞ്ഞപ്പോൾ എല്ലാവരും കുറ്റപ്പെടുത്തുകയാണുണ്ടായത്. വീട്ടുകാരും, കൂട്ടുകാരും, നാട്ടുകാരുമെല്ലാം. ആദ്യമായാണ് ഒരാൾ സപ്പോർട്ട് ചെയ്യുന്നത്. ഭർത്താവിന് ആ ചെറുപ്പക്കാരനോട് വല്ലാത്തൊരിഷ്ടം തോന്നി. 

നിങ്ങൾ വിവാഹം ചെയ്യാൻ തീരുമാനിച്ച സ്ഥിതിക്ക് അവളെക്കുറിച്ച് ശരിക്ക് അന്വേഷിക്കുന്നത് നല്ലതാ. എനിക്ക് പറ്റിയ പോലെ അൻിയന് പറ്റരുത്. അവളുടെ സ്വഭാവത്തെക്കുറിച്ച് നമുക്ക് വിശ്വസിക്കാൻ കൊള്ളാവുന്നവരോട് അന്വേഷിക്കണം. എല്ലാം കൊണ്ടും ഒ.കെ ആണെന്ന് ഉറപ്പാക്കിയിട്ടേ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റാവൂ.
ഭർത്താവ് അയാളെ ഉപദേശിക്കാൻ തുടങ്ങി.


"ഞങ്ങൾ തമ്മിൽ കുറേ നാളായുള്ള പരിചയമാണ്. പരസ്പരം തുറന്ന് സംസാരിക്കുകയും ഹൃദയം പങ്ക് വയ്ക്കുകയും ചെയ്തു. ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചും കഴിഞ്ഞു. പിന്നെ ചേട്ടൻ പറഞ്ഞത് പോലെ ഒരന്വേഷണം. അതും ഞാൻ നടത്തി, ഏറ്റവും വിശ്വസിക്കാവുന്ന വിവരങ്ങളാണ് അന്വേഷണത്തിലും കിട്ടിയത്. അത് പോരെ ചേട്ടാ..." ചെറുപ്പക്കാരൻ സ്വന്തം വിവാഹക്കാര്യം തീരുമാനിച്ചുറപ്പിച്ചിരിക്കുന്നുവെന്ന് മനസിലാക്കിയ ഭർത്താവ് അയാൾക്ക് വിവാഹാശംസകൾ നേർന്നു.


ട്രെയിൻ ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. അവിടെയാണ് അവർക്കിറങ്ങേണ്ടിയിരുന്നത്. ഭാര്യയെ പാലക്കാട്ടേക്കുള്ള ട്രെയിനിൽ കയറ്റിവിട്ടിട്ട് നേരേ മംഗലാപുരത്തിന് ട്രെയിൻ പിടിക്കണം. ഒരു മൂകാംബികാ .യാത്ര. മനസിനൊരാശ്വാസത്തിന്. അതായിരുന്നു ഭർത്താവിൻറെ പ്ലാൻ.

ഭാര്യയുടെ പ്ലാൻ മറ്റൊന്നായിരുന്നു. തൻറെ പ്രിയകാമുകൻ റെയിൽവേ സ്റ്റേഷനിൽ കാത്ത് നിൽപ്പുണ്ടാകും. ഭർത്താവ് തന്നെ ട്രെയിനിൽ കയറ്റി പോയിക്കഴിഞ്ഞാൽ അയാൾ വരും, അയാൾക്കൊപ്പം നേരേ കോയമ്പത്തൂരിലേക്ക് പോവുക. സ്വര്യമായി പുതിയൊരു ജീവിതം തുടങ്ങുക.

ട്രെയിൻ നിർത്തി ഭർത്താവ് പുറത്തേക്കിറങ്ങി. യാത്ര പറയാനായി ആ ചെറുപ്പക്കാരനെ തിരഞ്ഞുവെങ്കിലും തിരക്കിനിടയിൽ അയാളെ കണ്ടില്ല. ഒത്തിരി കാര്യങ്ങൾ പരസ്പരം സംസാരിച്ചുവെങ്കിലും ആ ചെറുപ്പക്കാരനെങ്ങോട്ട് പോവുകയാണെന്ന് ചോദിച്ചില്ല എന്ന് ഭർത്താവ് അപ്പോഴാണ് ഓർത്തത്. അയാൾ ഭാര്യയെ പാലക്കാട്ടേക്കുള്ള ട്രെയിനിൽ കയറ്റിയിരുത്തി. അവസാനമായി ഒരു ഗുഡ്ബൈ പറഞ്ഞ് തിരിഞ്ഞ് നോക്കാതെ നടന്നു. 

മനസ് അയാളോട് തിരിഞ്ഞ് നോക്കാൻ പറയുന്നുണ്ടായിരുന്നു. പക്ഷേ തിരിഞ്ഞ് നോക്കിയാൽ തൻറെ കണ്ണിലെ കണ്ണുനീർത്തുള്ളികൾ ഭാര്യ കാണുമെന്നും അത് തൻറെ പുരുഷത്വത്തിന് ക്ഷീണമാകുമെന്നും അയാൾ വിശ്വസിച്ചു. വല്ലാത്ത പൊടിശല്യം എന്ന ആത്മഗതത്തോടെ ഭാര്യ തൻറെ കണ്ണുതുടച്ചു.മംഗലാപുരത്തേക്കുള്ള ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ അയാൾ മുൻപ് പരിചയപ്പെട്ട ചെറുപ്പക്കാരനെ പ്ലാറ്റ്ഫോമിലൊക്കെ കണ്ണുകൊണ്ടു തിരയുന്നുണ്ടായിരുന്നു. എന്നാൽ മേൽപ്പാലത്തിലൂടെ, താൻ അല്പം മുൻപ് ഉപേക്ഷിച്ചുപോന്ന ഭാര്യയുടെ കൈപിടിച്ച്, ആ ചെറുപ്പക്കാരൻ നടന്നു പോകുന്നത് അയാൾ കണ്ടില്ല.

ട്രെയിൻ ഉച്ചത്തിൽ കൂകിവിളിച്ച് സ്റ്റേഷനിൽ നിന്നും അകലേക്ക് പാഞ്ഞു.


രഞ്ജിത് വെള്ളിമൺ

Renjith Vellimon

1 Comments

Type your valuable comments here

  1. Inganokke thanneyanu ipol ellayidathum nadakkunnathu...alle....������������������������������

    ReplyDelete
Previous Post Next Post